വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്താൽ പ്രചോദിതമായ ധൈര്യം

സ്‌നേഹത്താൽ പ്രചോദിതമായ ധൈര്യം

സ്‌നേഹത്താൽ പ്രചോദിതമായ ധൈര്യം

“ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്‌.”​—⁠2 തിമൊഥെയൊസ്‌ 1:⁠7.

1, 2. (എ) സ്‌നേഹം ഒരു വ്യക്തിയെ എന്തിനു പ്രേരിപ്പിച്ചേക്കാം? (ബി) യേശുവിന്റെ ധൈര്യം അസാധാരണമായിരുന്നത്‌ എന്തുകൊണ്ട്‌?

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുള്ള ഒരു പട്ടണത്തിനടുത്തായി ഒരു നവദമ്പതികൾ സ്‌കൂബാ ഡൈവിങ്ങിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇരുവരും വെള്ളത്തിനടിയിൽനിന്നു മുകളിലേക്കു വന്നുകൊണ്ടിരിക്കേ, ജലോപരിതലത്തിലെത്തുന്നതിനു തൊട്ടുമുമ്പ്‌ ഒരു ഭീമൻ സ്രാവ്‌ സ്‌ത്രീയുടെനേരെ പാഞ്ഞുവന്നു. പെട്ടെന്ന്‌ സാഹസികമായ ഒരു വിധത്തിൽ, അവരെ തള്ളിമാറ്റിക്കൊണ്ട്‌ ഭർത്താവ്‌ ആ മത്സ്യത്തിനു സ്വയം ഇരയായിത്തീർന്നു. “എന്നെ രക്ഷിക്കാൻ അദ്ദേഹം ജീവൻ ത്യജിച്ചു,” വിധവയായിത്തീർന്ന ആ സ്‌ത്രീ മരണാനന്തര ചടങ്ങിൽ പറഞ്ഞു.

2 അസാധാരണ ധൈര്യം പ്രകടിപ്പിക്കാൻ സ്‌നേഹത്തിനു മനുഷ്യരെ പ്രേരിപ്പിക്കാൻ കഴിയുമെന്നതിനു സംശയമില്ല. “സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല” എന്ന്‌ യേശുക്രിസ്‌തുവും പറയുകയുണ്ടായി. (യോഹന്നാൻ 15:​13, 14) ആ വാക്കുകൾ ഉച്ചരിച്ച്‌ 24 മണിക്കൂറിനുള്ളിൽ അവൻ തന്റെ ജീവൻ ബലി നൽകി—⁠കേവലം ഒരാൾക്കല്ല, മുഴു മനുഷ്യവർഗത്തിനുംവേണ്ടി. (മത്തായി 20:28) തന്നെയുമല്ല, ഒരു പ്രത്യേക സാഹചര്യത്തിൽ കൈവന്ന ക്ഷണികമായ ധൈര്യമല്ല ജീവൻ ബലിയർപ്പിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്‌. പരിഹാസത്തിനും ദുഷ്‌പെരുമാറ്റത്തിനും അന്യായമായ കുറ്റംവിധിക്കലിനും ദണ്ഡനസ്‌തംഭത്തിലെ മരണത്തിനും താൻ വിധേയനാകുമെന്ന്‌ നേരത്തേതന്നെ അവന്‌ അറിയാമായിരുന്നു. ആ സന്ദർഭം നേരിടാൻ ശിഷ്യന്മാരെ ഒരുക്കുകപോലും ചെയ്‌തുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കയ്യിൽ ഏല്‌പിക്കപ്പെടും; അവർ അവനെ മരണത്തിന്നു വിധിച്ചു ജാതികൾക്കു ഏല്‌പിക്കും. അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും . . . ചെയ്യും.”​—⁠മർക്കൊസ്‌ 10:33, 34.

3. യേശുവിനു ശക്തമായ ധൈര്യം പകർന്നത്‌ എന്തായിരുന്നു?

3 യേശുവിന്‌ അസാധാരണമായ ധൈര്യം പകർന്നത്‌ എന്തായിരുന്നു? വിശ്വാസവും ദൈവഭയവും ഒരു വലിയ പങ്കുവഹിച്ചുവെന്നതു ശരിതന്നെ. (എബ്രായർ 5:7; 12:2) എന്നാൽ ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്‌നേഹമായിരുന്നു അവന്റെ ധൈര്യത്തിന്റെ മൂലകാരണം. (1 യോഹന്നാൻ 3:16) വിശ്വാസത്തിനും ദൈവഭയത്തിനും പുറമേ അത്തരത്തിലുള്ള സ്‌നേഹവും നട്ടുവളർത്തുന്നുവെങ്കിൽ ക്രിസ്‌തുവിന്റേതുപോലുള്ള ധൈര്യം പ്രകടിപ്പിക്കാൻ നമുക്കും കഴിയും. (എഫെസ്യർ 5:2) അങ്ങനെയുള്ള സ്‌നേഹം വളർത്തിയെടുക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? അതിനായി നാം ആ സ്‌നേഹത്തിന്റെ ഉറവിടം തിരിച്ചറിയേണ്ടതുണ്ട്‌.

“സ്‌നേഹം ദൈവത്തിൽനിന്നു വരുന്നു”

4. യഹോവ സ്‌നേഹത്തിന്റെ ഉറവിടമാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

4 യഹോവ സ്‌നേഹത്തിന്റെ ഉറവിടവും മകുടോദാഹരണവുമാണ്‌. യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ, നാം അന്യോന്യം സ്‌നേഹിക്ക; സ്‌നേഹം ദൈവത്തിൽനിന്നു വരുന്നു. സ്‌നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു. സ്‌നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:7, 8) സൂക്ഷ്‌മമായ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ യഹോവയോട്‌ അടുത്തുചെല്ലുകയും ആ പരിജ്ഞാനത്തിനു ചേർച്ചയിൽ ഹൃദയംഗമമായ അനുസരണം പ്രകടമാക്കുകയും ചെയ്യുമ്പോൾ മാത്രമേ ദൈവിക സ്‌നേഹം വളർത്തിയെടുക്കാൻ ഒരു വ്യക്തിക്കു കഴിയൂ.​—⁠ഫിലിപ്പിയർ 1:9; യാക്കോബ്‌ 4:8; 1 യോഹന്നാൻ 5:⁠3.

5, 6. ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം വളർത്തിയെടുക്കാൻ ആദിമ ക്രിസ്‌ത്യാനികളെ സഹായിച്ചത്‌ എന്തായിരുന്നു?

5 വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാരുമൊത്ത്‌ അവസാനമായി നടത്തിയ പ്രാർഥനയിൽ, ദൈവത്തെ അറിയുന്നതും സ്‌നേഹത്തിൽ വർധിച്ചുവരുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നീ എന്നെ സ്‌നേഹിക്കുന്ന സ്‌നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹന്നാൻ 17:26) ദൈവത്തിന്റെ നാമം പ്രതിനിധാനം ചെയ്യുന്ന അതിമഹത്തായ ഗുണങ്ങൾ വാക്കാലും പ്രവൃത്തിയാലും കാണിച്ചുകൊടുത്തുകൊണ്ട്‌ തനിക്കും പിതാവിനുമിടയിലുള്ളതരം സ്‌നേഹം വളർത്തിയെടുക്കാൻ യേശു തന്റെ ശിഷ്യന്മാരെ സഹായിച്ചു. അതുകൊണ്ടാണ്‌ “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന്‌ അവനു പറയാൻ കഴിഞ്ഞത്‌.​—⁠യോഹന്നാൻ 14:9, 10; 17:⁠8.

6 ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം ദൈവാത്മാവിന്റെ ഒരു ഫലമാണ്‌. (ഗലാത്യർ 5:22) വാഗ്‌ദത്തം ചെയ്യപ്പെട്ടിരുന്ന പരിശുദ്ധാത്മാവ്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ആദിമ ക്രിസ്‌ത്യാനികൾക്കു ലഭിച്ചപ്പോൾ, യേശു പഠിപ്പിച്ചിരുന്ന അനേകം കാര്യങ്ങൾ അവരുടെ ഓർമയിലേക്കു വന്നതിനു പുറമേ തിരുവെഴുത്തുകളുടെ അർഥം അവർ കൂടുതൽ മെച്ചമായി ഗ്രഹിക്കുകയും ചെയ്‌തു. വ്യക്തമായും, ആഴമായ ഈ ഉൾക്കാഴ്‌ച ദൈവത്തോടുള്ള അവരുടെ സ്‌നേഹം ശക്തമാക്കി. (യോഹന്നാൻ 14:26; 15:26) അത്‌ എന്തു ഫലം ഉളവാക്കി? ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും അവർ തീക്ഷ്‌ണതയോടെ സധൈര്യം സുവാർത്ത പ്രസംഗിച്ചു.​—⁠പ്രവൃത്തികൾ 5:28, 29.

ധൈര്യവും സ്‌നേഹവും പ്രവൃത്തിപഥത്തിൽ

7. ഒന്നിച്ചുള്ള മിഷനറിയാത്രയിൽ പൗലൊസിനും ബർന്നബാസിനും എന്തെല്ലാം സഹിക്കേണ്ടിവന്നു?

7 “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്‌,” പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (2 തിമൊഥെയൊസ്‌ 1:7) സ്വന്തം അനുഭവത്തിൽനിന്നാണ്‌ പൗലൊസ്‌ ഇതു പറഞ്ഞത്‌. ബർന്നബാസുമൊത്തുള്ള അവന്റെ മിഷനറിയാത്രയിൽ അവർക്ക്‌ എന്തെല്ലാമാണു സഹിക്കേണ്ടിവന്നതെന്നു നോക്കുക. അന്ത്യൊക്ക്യ, ഇക്കോന്യ, ലുസ്‌ത്ര എന്നിവ ഉൾപ്പെടെയുള്ള പല പട്ടണങ്ങളിലും പ്രസംഗിച്ചപ്പോൾ, അവിടെനിന്നെല്ലാം ചിലർ വിശ്വാസികളായിത്തീർന്നെങ്കിലും മറ്റുള്ളവർ കൊടിയ ശത്രുക്കളായി മാറി. (പ്രവൃത്തികൾ 13:2, 14, 45, 50; 14:1, 5) ലുസ്‌ത്രയിൽ ആയിരിക്കേ, ക്ഷുഭിതരായ ജനക്കൂട്ടം പൗലൊസിനെ കല്ലെറിയുകയും മരിച്ചെന്നു കരുതി ഉപേക്ഷിച്ചിട്ടുപോകുകയും ചെയ്‌തു! “എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനില്‌ക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി.”​—⁠പ്രവൃത്തികൾ 14:6, 19, 20.

8. പൗലൊസും ബർന്നബാസും പ്രകടമാക്കിയ ധൈര്യം ആളുകളോടുള്ള അവരുടെ ആഴമായ സ്‌നേഹം പ്രതിഫലിപ്പിച്ചത്‌ എങ്ങനെ?

8 പൗലൊസിനെ കൊല്ലാൻ നടത്തിയ ഈ ശ്രമം പ്രസംഗപ്രവർത്തനം നിറുത്തിക്കളയാൻ അവനെയും ബർന്നബാസിനെയും പ്രേരിപ്പിച്ചോ? മറിച്ചാണു സംഭവിച്ചത്‌! ദെർബ്ബയിൽ “പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു.” എന്തിന്‌? വിശ്വാസത്തിൽ ശക്തരായി നിലകൊള്ളാൻ പുതിയ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കാൻ. “നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു,” അവർ അവരെ ഓർമിപ്പിച്ചു. ക്രിസ്‌തുവിന്റെ ‘കുഞ്ഞാടുകളോടുള്ള’ ആഴമായ സ്‌നേഹമായിരുന്നു അവരുടെ ധൈര്യത്തിന്റെ അടിസ്ഥാനം എന്നതു വ്യക്തമാണ്‌. (പ്രവൃത്തികൾ 14:21-23; യോഹന്നാൻ 21:15-17) പുതുതായി രൂപംകൊണ്ട ഓരോ സഭയിലും മൂപ്പന്മാരെ നിയമിച്ചശേഷം അവരിരുവരും “പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്‌പിക്കയും ചെയ്‌തു.”

9. എഫെസൊസിൽനിന്നെത്തിയ മൂപ്പന്മാർ പൗലൊസിന്റെ സ്‌നേഹത്തോടു പ്രതികരിച്ചത്‌ എങ്ങനെ?

9 പൗലൊസിന്റെ ധൈര്യവും അവന്‌ ആളുകളോടുണ്ടായിരുന്ന താത്‌പര്യവും വളരെ ശ്രദ്ധേയമായിരുന്നു. അതു നിമിത്തം ആദിമ ക്രിസ്‌ത്യാനികളിൽ അനേകരും അവനെ അത്യന്തം സ്‌നേഹിച്ചു. എഫെസൊസിൽനിന്നെത്തിയ​—⁠അവിടെ പൗലൊസ്‌ മൂന്നുവർഷം ചെലവഴിക്കുകയും വളരെ എതിർപ്പുകൾ നേരിടുകയും ചെയ്‌തിരുന്നു​—⁠മൂപ്പന്മാരുമൊത്തു നടന്ന യോഗത്തിൽ എന്താണു സംഭവിച്ചതെന്നു നോക്കുക. (പ്രവൃത്തികൾ 20:17-31) അവരെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ പ്രോത്സാഹിപ്പിച്ചശേഷം, അവൻ അവരോടൊപ്പം മുട്ടുകുത്തി പ്രാർഥിച്ചു. അപ്പോൾ “എല്ലാവരും വളരെ കരഞ്ഞു. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞവാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൌലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” പുറപ്പെടേണ്ട സമയമായപ്പോൾ പൗലൊസിനും സഹയാത്രികർക്കും മൂപ്പന്മാരിൽനിന്നു തങ്ങളെത്തന്നെ ബലമായി വേർപെടുത്തേണ്ടതായിപ്പോലുംവന്നു, അവർ തങ്ങളെ വിട്ടുപോകുന്നത്‌ ആ മൂപ്പന്മാർക്കു സഹിക്കാൻ കഴിയുമായിരുന്നില്ല. ആ സഹോദരന്മാർ പൗലൊസിനെ എത്രയധികം സ്‌നേഹിച്ചിരുന്നു!​—⁠പ്രവൃത്തികൾ 20:36–21:⁠1.

10. യഹോവയുടെ ആധുനികകാല സാക്ഷികൾ ധൈര്യസമേതം ക്രിസ്‌തീയ സ്‌നേഹം പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ?

10 യഹോവയുടെ ആട്ടിൻകൂട്ടത്തോടുള്ള സ്‌നേഹം നിമിത്തം അസാധാരണമായ ധൈര്യം പ്രകടമാക്കുന്ന ഇന്നത്തെ സഞ്ചാര മേൽവിചാരകന്മാരെയും സഭാമൂപ്പന്മാരെയും മറ്റനേകരെയും നാം ആഴമായി സ്‌നേഹിക്കുന്നു. പ്രസംഗപ്രവർത്തനം നിരോധിക്കപ്പെട്ടിരിക്കുന്നതോ ആഭ്യന്തരയുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നതോ ആയ രാജ്യങ്ങളിൽ സഞ്ചാര മേൽവിചാരകന്മാരും ഭാര്യമാരും ജീവൻ പണയപ്പെടുത്തിയും അറസ്റ്റുചെയ്യപ്പെടാനുള്ള സാധ്യതയിന്മധ്യേയും സഭകൾ സന്ദർശിച്ചിരിക്കുന്നു. സമാനമായി, സഹസാക്ഷികളെ ഒറ്റിക്കൊടുക്കുകയോ തങ്ങൾക്ക്‌ ആത്മീയ ആഹാരം ലഭിക്കുന്നത്‌ എവിടെനിന്നാണെന്നു വെളിപ്പെടുത്തുകയോ ചെയ്യാത്തതിന്റെ പേരിൽ അനേകം സാക്ഷികളും നിർദയരായ ഭരണാധികാരികളുടെയും അവരുടെ ആജ്ഞാനുവർത്തികളുടെയും കയ്യാൽ ഏറെ കഷ്ടങ്ങൾ സഹിച്ചിട്ടുണ്ട്‌. സുവാർത്താപ്രസംഗമോ ക്രിസ്‌തീയ യോഗങ്ങളിൽ സഹവിശ്വാസികളോടൊപ്പം കൂടിവരുന്നതോ നിറുത്താൻ വിസമ്മതിച്ചതിനാൽ മറ്റ്‌ ആയിരങ്ങൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുംപോലും ചെയ്‌തിരിക്കുന്നു. (പ്രവൃത്തികൾ 5:28, 29; എബ്രായർ 10:24, 25) ധൈര്യശാലികളായ അത്തരം സഹോദരീസഹോദരന്മാരുടെ വിശ്വാസവും സ്‌നേഹവും നമുക്ക്‌ അനുകരിക്കാം!​—⁠1 തെസ്സലൊനീക്യർ 1:⁠6.

സ്‌നേഹം തണുത്തുപോകാതെ സൂക്ഷിക്കുക

11. യഹോവയുടെ ദാസർക്കെതിരെ സാത്താൻ ഏതു വിധങ്ങളിൽ ഒരു ആത്മീയ പോരാട്ടം നടത്തുന്നു, ഇതിനോടുള്ള ബന്ധത്തിൽ നാം എന്തു ചെയ്യണം?

11 സാത്താനെ ഭൂമിയിലേക്കു തള്ളിയിട്ടപ്പോൾ യഹോവയുടെ ദാസന്മാരുടെമേൽ കോപം അഴിച്ചുവിടാൻ അവൻ നിശ്ചയിച്ചുറച്ചിരുന്നു. “ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരു”മാണ്‌ അവർ എന്നതായിരുന്നു അതിനു കാരണം. (വെളിപ്പാടു 12:9, 17) പിശാചിന്റെ തന്ത്രങ്ങളിലൊന്നാണു പീഡനം. എന്നാൽ ഇതു മിക്കപ്പോഴും വിപരീതഫലം ഉളവാക്കുന്നു; ദൈവജനത്തിടയിലുള്ള സ്‌നേഹവും ഐക്യവും കൂടുതൽ ശക്തമായിത്തീരുന്നുവെന്നു മാത്രമല്ല, അവരിലനേകരും പൂർവാധികം തീക്ഷ്‌ണതയുള്ളവരായിത്തീരാൻ അത്‌ ഇടയാക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പാപപൂർണമായ ചായ്‌വുകൾ ചൂഷണം ചെയ്യുകയെന്നതാണു സാത്താന്റെ മറ്റൊരു തന്ത്രം. ഈ ചതിയിൽ വീഴാതിരിക്കാൻ വ്യത്യസ്‌ത തരത്തിലുള്ള ഒരു ധൈര്യം നമുക്കാവശ്യമാണ്‌, കാരണം ഇതൊരു ആന്തരിക പോരാട്ടമാണ്‌​—⁠“കപടവും വിഷമവുമുള്ള” ഹൃദയത്തിന്റെ അനുചിതമായ അഭിലാഷങ്ങൾക്കെതിരെയുള്ള ഒരു പോരാട്ടം.​—⁠യിരെമ്യാവു 17:9; യാക്കോബ്‌ 1:14, 15.

12. ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം ദുർബലമാക്കാൻ “ലോകത്തിന്റെ ആത്മാവിനെ” സാത്താൻ ഉപയോഗിക്കുന്നത്‌ എങ്ങനെ?

12 സാത്താന്റെ ആവനാഴിയിലുള്ള ശക്തമായ മറ്റൊരു ആയുധമാണ്‌ ‘ലോകത്തിന്റെ ആത്മാവ്‌.’ ദൈവാത്മാവിനു കടകവിരുദ്ധമായി വർത്തിക്കുന്നതും ഈ ലോകത്തെ ഭരിക്കുന്നതുമായ ഒരു ദുഃസ്വാധീനമാണ്‌ ഇത്‌. (1 കൊരിന്ത്യർ 2:12) ഈ ആത്മാവ്‌ ‘കണ്മോഹത്തെ’​—⁠അത്യാഗ്രഹത്തെയും ഭൗതികത്വത്തെയും​—⁠ഊട്ടിവളർത്തുന്നു. (1 യോഹന്നാൻ 2:16; 1 തിമൊഥെയൊസ്‌ 6:9, 10) ഭൗതിക വസ്‌തുവകകളും പണവും ഉണ്ടായിരിക്കുന്നത്‌ അതിൽത്തന്നെ തെറ്റൊന്നുമല്ലെങ്കിലും അതിനോടുള്ള നമ്മുടെ പ്രിയം ദൈവത്തോടുള്ള സ്‌നേഹത്തെ കവച്ചുവെക്കുന്നുവെങ്കിൽ സാത്താൻ നമ്മെ കീഴ്‌പെടുത്തുകയായിരിക്കും ചെയ്യുന്നത്‌. ലോകത്തിന്റെ ആത്മാവ്‌ കുടിലവും നിരന്തരം സമ്മർദം ചെലുത്തുന്നതും പാപപൂർണമായ ജഡത്തെ മോഹിപ്പിക്കുന്നതും വായുപോലെ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നതുമാണ്‌. അതിന്റെ ‘അധികാരത്തിന്റെ,’ അഥവാ ശക്തിയുടെ രഹസ്യം ഇതൊക്കെയാണ്‌. ഈ ആത്മാവ്‌ നിങ്ങളുടെ ഹൃദയത്തെ ദുഷിപ്പിക്കാൻ അനുവദിക്കരുത്‌!​—⁠എഫെസ്യർ 2:2, 3; സദൃശവാക്യങ്ങൾ 4:23.

13. ധാർമികശുദ്ധി നിലനിറുത്താനുള്ള നമ്മുടെ ധൈര്യം പരിശോധിക്കപ്പെട്ടേക്കാവുന്നത്‌ എങ്ങനെ?

13 ധാർമികശുദ്ധി നിലനിറുത്താനുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രമേ ലോകത്തിന്റെ ഈ ദുഷിച്ച ആത്മാവിനെ ചെറുത്തുനിൽക്കാനും തള്ളിക്കളയാനും നമുക്കു കഴിയൂ. ഉദാഹരണത്തിന്‌ അധാർമികരംഗങ്ങളോ ചിത്രങ്ങളോ പ്രത്യക്ഷപ്പെടുമ്പോൾ തീയേറ്ററിൽനിന്ന്‌ ഇറങ്ങിപ്പോകാനോ കമ്പ്യൂട്ടറോ ടെലിവിഷനോ ഓഫ്‌ ചെയ്യാനോ ധൈര്യം ആവശ്യമാണ്‌. സമപ്രായക്കാരുടെ മോശമായ സ്വാധീനം ചെറുത്തുനിൽക്കാനും ചീത്ത സഹവാസങ്ങൾ ഒഴിവാക്കാനും അത്‌ ആവശ്യമാണ്‌. സമാനമായി സഹപാഠികൾ, സഹപ്രവർത്തകർ, അയൽക്കാർ, ബന്ധുക്കൾ എന്നിങ്ങനെയുള്ളവരുടെ പരിഹാസത്തിന്മധ്യേയും ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും ഉയർത്തിപ്പിടിക്കാൻ ധൈര്യം കൂടിയേ തീരൂ.​—⁠1 കൊരിന്ത്യർ 15:33; 1 യോഹന്നാൻ 5:19.

14. ലോകത്തിന്റെ ആത്മാവ്‌ നമ്മെ ബാധിച്ചിട്ടുണ്ടെങ്കിൽ നാം എന്തു ചെയ്യണം?

14 അതുകൊണ്ട്‌ ദൈവത്തോടും നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരോടുമുള്ള സ്‌നേഹം നാം ശക്തമാക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! ലോകത്തിന്റെ ആത്മാവ്‌ ഏതെങ്കിലും വിധത്തിൽ നിങ്ങളെ ബാധിച്ചിട്ടുണ്ടോയെന്നറിയാൻ നിങ്ങളുടെ ലക്ഷ്യങ്ങളും ജീവിതരീതിയും പരിശോധിച്ചുനോക്കുക. അൽപ്പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അതു പിഴുതുകളയാനും അകറ്റിനിറുത്താനുമുള്ള ധൈര്യത്തിനായി യഹോവയോടു പ്രാർഥിക്കുക. ആത്മാർഥമായ അത്തരം അപേക്ഷകൾ യഹോവ ഒരിക്കലും അവഗണിക്കുകയില്ല. (സങ്കീർത്തനം 51:17) തന്നെയുമല്ല, അവന്റെ ആത്മാവ്‌ ലോകത്തിന്റെ ആത്മാവിനെ അപേക്ഷിച്ച്‌ അത്യന്തം ശക്തമാണ്‌.​—⁠1 യോഹന്നാൻ 4:⁠4.

വ്യക്തിപരമായ ക്ലേശങ്ങൾ ധൈര്യപൂർവം നേരിടുക

15, 16. വ്യക്തിപരമായ വിഷമതകൾ സഹിച്ചുനിൽക്കാൻ ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം നമ്മെ എങ്ങനെ സഹായിക്കും? ഉദാഹരണം നൽകുക.

15 യഹോവയുടെ ദാസർക്കു നേരിടേണ്ടിവരുന്ന മറ്റു വെല്ലുവിളികളാണ്‌ അപൂർണതയുടെ ഫലങ്ങൾ. വാർധക്യം, രോഗം, വൈകല്യം, വിഷാദം, എന്നുവേണ്ട പല പ്രശ്‌നങ്ങളും അതിൽ ഉൾപ്പെടുന്നു. (റോമർ 8:22) അത്തരം ക്ലേശങ്ങൾ സഹിച്ചുനിൽക്കാൻ ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം നമ്മെ സഹായിക്കും. സാംബിയയിലെ ഒരു ക്രിസ്‌തീയ കുടുംബത്തിൽ വളർന്ന നാമാങ്കോൾവായുടെ ദൃഷ്ടാന്തം നോക്കുക. രണ്ടു വയസ്സുള്ളപ്പോൾ ശരീരത്തിനു വൈകല്യം സംഭവിച്ച അവർ ഇങ്ങനെ പറയുന്നു: “മറ്റുള്ളവർ എന്റെ രൂപം കണ്ട്‌ ഞെട്ടിപ്പോകുമെന്ന ചിന്ത എന്നിൽ അപകർഷബോധം ഉളവാക്കി. എന്നാൽ മറ്റൊരു വിധത്തിൽ കാര്യങ്ങൾ വീക്ഷിക്കാൻ എന്റെ ആത്മീയ സഹോദരന്മാർ എന്നെ സഹായിച്ചു. തത്‌ഫലമായി അപകർഷബോധം കീഴടക്കാൻ എനിക്കു കഴിഞ്ഞു, പിന്നീടു ഞാൻ സ്‌നാപനമേൽക്കുകയും ചെയ്‌തു.”

16 നാമാങ്കോൾവാ സഞ്ചരിക്കുന്നതു വീൽച്ചെയറിലാണെങ്കിലും മണലും ചെളിയുമുള്ള റോഡുകളിൽ മിക്കപ്പോഴും അവർക്കു മുട്ടിലിഴയേണ്ടിവരുന്നു. എന്നിട്ടും ഓരോ വർഷവും ചുരുങ്ങിയത്‌ രണ്ടു മാസമെങ്കിലും അവർ സഹായ പയനിയറിങ്‌ ചെയ്യുന്നു. വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കേ, നാമാങ്കോൾവായെ കണ്ട ഒരു സ്‌ത്രീ കരഞ്ഞുപോയി. എന്തായിരുന്നു കാരണം? നമ്മുടെ സഹോദരിയുടെ വിശ്വാസവും ധൈര്യവും അവരെ അത്രയ്‌ക്കും സ്‌പർശിച്ചു! നാമാങ്കോൾവായോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്നവരിൽ അഞ്ചു പേർ സ്‌നാപനമേറ്റു, അവരിലൊരാൾ ഇപ്പോൾ മൂപ്പനായി സേവിക്കുന്നു. ഈ സഹോദരിയുടെ പ്രവർത്തനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണിത്‌. “മിക്കപ്പോഴും എന്റെ കാലിന്‌ അസഹ്യമായ വേദന ഉണ്ടാകുമെങ്കിലും അതെന്റെ വേലയ്‌ക്കു തടസ്സമാകാൻ ഞാൻ അനുവദിക്കുന്നില്ല,” അവർ പറയുന്നു. ശരീരം ബലഹീനമെങ്കിലും തീക്ഷ്‌ണതയോടെ ശുശ്രൂഷയിൽ ഏർപ്പെടുന്ന, ലോകമെങ്ങുമുള്ള അനേകം സാക്ഷികളിൽ ഒരാൾ മാത്രമാണ്‌ ഈ സഹോദരി; ദൈവത്തോടും അയൽക്കാരോടുമുള്ള സ്‌നേഹമാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്‌. അങ്ങനെയുള്ള എല്ലാവരും യഹോവയുടെ കണ്ണുകളിൽ എത്ര പ്രിയരാണ്‌!​—⁠ഹഗ്ഗായി 2:⁠7.

17, 18. രോഗവും മറ്റു ക്ലേശങ്ങളും സഹിച്ചുനിൽക്കാൻ അനേകരെയും എന്തു സഹായിക്കുന്നു? ചില പ്രാദേശിക ദൃഷ്ടാന്തങ്ങൾ പറയുക.

17 നിരുത്സാഹത്തിനും വിഷാദത്തിനുംപോലും ഇടയാക്കുന്ന മറ്റൊരു ഘടകമാണ്‌ മാറാരോഗങ്ങൾ. ഒരു സഭാമൂപ്പൻ ഇങ്ങനെ പറയുന്നു: “ഞാൻ സംബന്ധിക്കുന്ന പുസ്‌തകധ്യയനക്കൂട്ടത്തിൽ പ്രമേഹവും വൃക്കത്തകരാറുമുള്ള ഒരു സഹോദരിയുണ്ട്‌. മറ്റൊരാൾ കാൻസർ രോഗിയാണ്‌. വേറെ രണ്ടു സഹോദരിമാർ സന്ധിവാതത്താൽ കഷ്ടപ്പെടുന്നു. ലൂപസും ഫൈബ്രോമൈയാൾജിയയും പിടികൂടിയിരിക്കുന്ന മറ്റൊരു സഹോദരിയുമുണ്ട്‌. ചിലപ്പോഴെല്ലാം അവർക്കു വല്ലാത്ത നിരുത്സാഹം തോന്നും. എങ്കിലും തീർത്തും സുഖമില്ലാത്തപ്പോഴോ ആശുപത്രിയിൽ കിടക്കുമ്പോഴോ മാത്രമാണ്‌ അവർ യോഗങ്ങൾ മുടക്കുന്നത്‌. അവരെല്ലാവരും വയൽസേവനത്തിൽ ക്രമമുള്ളവരാണ്‌. അവരെ കാണുമ്പോഴെല്ലാം, ‘ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു’ എന്നു പറഞ്ഞ പൗലൊസിനെയാണ്‌ എനിക്ക്‌ ഓർമ വരുന്നത്‌. അവരുടെ സ്‌നേഹവും ധൈര്യവും എന്നെ അതിശയിപ്പിക്കുന്നു. ജീവിതത്തെ കൂടുതൽ യാഥാർഥ്യബോധത്തോടെ വീക്ഷിക്കാനും യഥാർഥത്തിൽ പ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ സാഹചര്യം ഇടയാക്കുന്നെന്നുവേണം കരുതാൻ.”​—⁠2 കൊരിന്ത്യർ 12:10.

18 രോഗമോ വാർധക്യസഹജമായ ബുദ്ധിമുട്ടുകളോ മറ്റെന്തെങ്കിലും പ്രശ്‌നമോ ആയി നിങ്ങൾ മല്ലിടുകയാണെങ്കിൽ നിരുത്സാഹത്തിൽ ആണ്ടുപോകാതിരിക്കാനുള്ള സഹായത്തിനായി ദൈവത്തോട്‌ ‘ഇടവിടാതെ പ്രാർത്ഥിക്കുക.’ (1 തെസ്സലൊനീക്യർ 5:14, 17) നിസ്സംശയമായും നിങ്ങൾ വൈകാരികമായ ഏറ്റിറക്കങ്ങൾ അനുഭവിക്കുന്നുണ്ടായിരിക്കാം. എങ്കിലും ആത്മീയ കാര്യങ്ങളിലും​—⁠പ്രത്യേകിച്ച്‌ അമൂല്യമായ നമ്മുടെ രാജ്യപ്രത്യാശയിലും​—⁠പ്രോത്സാഹജനകമായ മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “വയൽശുശ്രൂഷയാണ്‌ എന്റെ ഔഷധം.” മറ്റുള്ളവരോടു സുവാർത്ത പ്രസംഗിക്കുന്നത്‌ ശുഭാപ്‌തിവിശ്വാസം നിലനിറുത്താൻ ആ സഹോദരിയെ സഹായിക്കുന്നു.

തെറ്റു ചെയ്‌തിട്ടുള്ളവർ യഹോവയിലേക്കു മടങ്ങിവരാൻ സ്‌നേഹം സഹായിക്കുന്നു

19, 20. (എ) യഹോവയിലേക്കു മടങ്ങിവരാൻ ആവശ്യമായ ധൈര്യം സംഭരിക്കാൻ പാപത്തിൽ വീണുപോയിട്ടുള്ളവരെ എന്തു സഹായിച്ചേക്കാം? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

19 ആത്മീയമായി ദുർബലരായിത്തീരുകയോ പാപത്തിൽ വീണുപോകുകയോ ചെയ്‌തിട്ടുള്ള അനേകരും യഹോവയിലേക്കു മടങ്ങിവരുന്നതു പ്രയാസമുള്ള ഒരു കാര്യമായി വീക്ഷിക്കുന്നു. എന്നാൽ അവർ യഥാർഥത്തിൽ അനുതപിക്കുകയും ദൈവത്തോടുള്ള സ്‌നേഹം പുനർജ്വലിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്കതിനുള്ള ധൈര്യം ലഭിക്കും. ഐക്യനാടുകളിൽ താമസിക്കുന്ന മാരിയോയുടെ കാര്യമെടുക്കുക. * ക്രിസ്‌തീയ സഭ വിട്ടുപോകുകയും മദ്യത്തിനും മയക്കുമരുന്നിനും അടിമയായിത്തീരുകയും ചെയ്‌ത അദ്ദേഹം 20 വർഷത്തിനുശേഷം ജയിലിലായി. അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ ഭാവിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കാനും വീണ്ടും ബൈബിൾ വായിക്കാനും തുടങ്ങി. ക്രമേണ, യഹോവയുടെ ഗുണങ്ങൾ​—⁠പ്രത്യേകിച്ച്‌ കരുണ​—⁠അനുഭവിച്ചറിയാൻ എനിക്കു കഴിഞ്ഞു; അവന്റെ കരുണയ്‌ക്കായി മിക്കപ്പോഴും ഞാൻ പ്രാർഥിച്ചിരുന്നു. ജയിൽമോചിതനായശേഷം ഞാൻ പഴയ സുഹൃത്തുക്കളെയെല്ലാം ഉപേക്ഷിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ഒടുവിൽ പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്‌തു. ജഡത്തിൽ വിതച്ചതിന്റെ ഫലമായി ഇന്നു ഞാൻ പല ശാരീരിക പ്രശ്‌നങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. എങ്കിലും ഇന്നെനിക്കു മഹത്തായ ഒരു പ്രത്യാശയുണ്ട്‌. യഹോവയുടെ അനുകമ്പയും ക്ഷമയും അളവറ്റതാണ്‌, നന്ദി പറയാൻ എനിക്കു വാക്കുകളില്ല.”​—⁠സങ്കീർത്തനം 103:9-13; സങ്കീർത്തനം 130:3, 4; ഗലാത്യർ 6:7, 8.

20 മാരിയയുടേതിനു സമാനമായ സാഹചര്യത്തിലായിരിക്കുന്നവർക്ക്‌, യഹോവയിങ്കലേക്കു മടങ്ങിവരാൻ കഠിനമായി ശ്രമിക്കേണ്ടതുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ബൈബിൾ പഠനം, പ്രാർഥന, ധ്യാനം എന്നിവയിലൂടെ പുനർജ്വലിപ്പിക്കപ്പെടുന്ന സ്‌നേഹം ആവശ്യമായ ധൈര്യവും നിശ്ചയദാർഢ്യവും ഉള്ളവരായിരിക്കാൻ അവരെ സഹായിക്കും. രാജ്യപ്രത്യാശയും മാരിയയെ ബലപ്പെടുത്തി. നിശ്ചയമായും, ജീവിതം ധന്യമാക്കുന്നതിൽ സ്‌നേഹം, വിശ്വാസം, ദൈവഭയം എന്നിവയോടൊപ്പം പ്രത്യാശയും സുപ്രധാനമായ പങ്കുവഹിക്കുന്നു. അടുത്ത ലേഖനത്തിൽ, അമൂല്യമായ ഈ ആത്മീയ നിധിയെക്കുറിച്ച്‌ നമുക്ക്‌ അടുത്തു പരിചിന്തിക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 19 പേരിനു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• അസാധാരണമായ ധൈര്യം പ്രകടമാക്കാൻ സ്‌നേഹം യേശുവിനെ സഹായിച്ചത്‌ എങ്ങനെ?

• സഹോദരങ്ങളോടുള്ള സ്‌നേഹം പൗലൊസിനും ബർന്നബാസിനും അസാമാന്യ ധൈര്യം പകർന്നത്‌ എങ്ങനെ?

• ക്രിസ്‌തീയ സ്‌നേഹം ചോർത്തിക്കളയാൻ സാത്താൻ ഏതു വിധങ്ങളിൽ ശ്രമിക്കുന്നു?

• യഹോവയോടുള്ള സ്‌നേഹം ഏതെല്ലാം പരിശോധനകൾ സഹിച്ചുനിൽക്കാൻ ആവശ്യമായ ധൈര്യം പ്രദാനം ചെയ്യുന്നു?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

ആളുകളോടുള്ള സ്‌നേഹം പ്രസംഗപ്രവർത്തനത്തിൽ പിടിച്ചുനിൽക്കാൻ പൗലൊസിനു ധൈര്യം പകർന്നു

[24-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ ധൈര്യം ആവശ്യമാണ്‌

[24-ാം പേജിലെ ചിത്രം]

നാമാങ്കോൾവാ സുറ്റുറ്റു