വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്രഷ്ടാവിൽനിന്ന്‌ ഒരു ശാശ്വത സമ്മാനം

സ്രഷ്ടാവിൽനിന്ന്‌ ഒരു ശാശ്വത സമ്മാനം

സ്രഷ്ടാവിൽനിന്ന്‌ ഒരു ശാശ്വത സമ്മാനം

ഒരു ഗ്രഹത്തിൽ ജീവൻ നിലനിറുത്തുന്നതിന്‌ അനിവാര്യമാണെന്നു ശാസ്‌ത്രജ്ഞന്മാർ പറയുന്ന ഘടകങ്ങൾ നേരിട്ടോ അല്ലാതെയോ ബൈബിളിന്റെ ഒന്നാമത്തെ അധ്യായത്തിൽ പരാമർശിച്ചിരിക്കുന്നതായി കാണുന്നതു നിങ്ങളെ വിസ്‌മയിപ്പിക്കുന്നുവോ? ഇവ ഏതെല്ലാമാണ്‌?

ജീവജാലങ്ങൾ പരിപുഷ്ടിപ്പെടുന്നതിനും സസ്യങ്ങൾ തഴച്ചുവളരുന്നതിനും ജലം ആവശ്യമാണ്‌. ഉല്‌പത്തി 1:​2-ൽ ഈ ജലസമൃദ്ധിയെപ്പറ്റി പരാമർശിച്ചിരിക്കുന്നു. ഒരു ഗ്രഹത്തിൽ ശരിയായ ഊഷ്‌മാവ്‌ ഉണ്ടെങ്കിലേ ജലം ദ്രാവകാവസ്ഥയിൽ തുടരുകയുള്ളൂ. ഇതിന്റെ അർഥം ആ ഗ്രഹം അതിന്റെ സൂര്യനിൽനിന്നു ശരിയായ അകലത്തിൽ ആയിരിക്കണം എന്നാണ്‌. സൂര്യനെക്കുറിച്ചും അതു ഭൂമിമേൽ ചെലുത്തുന്ന പ്രഭാവത്തെക്കുറിച്ചും ഉല്‌പത്തി വിവരണത്തിൽ പലയിടങ്ങളിൽ കാണാൻ കഴിയും.

മനുഷ്യവാസ യോഗ്യമായിരിക്കുന്നതിന്‌ ഒരു ഗ്രഹത്തിന്‌ പ്രത്യേക അനുപാതത്തിൽ വാതകങ്ങൾ കൂടിക്കലർന്ന അന്തരീക്ഷം അനുപേക്ഷണീയമാണ്‌. ഈ ജീവത്‌പ്രധാന ഘടകത്തെക്കുറിച്ച്‌ ഉല്‌പത്തി 1:​6-8 പരാമർശിക്കുന്നു. ഉല്‌പത്തി 1:​11, 12-ൽ സസ്യങ്ങളുടെ വളർച്ചയെക്കുറിച്ചു വിവരിച്ചിരിക്കുന്നു. ഇത്‌ ഓക്‌സിജൻ സമൃദ്ധമായി ലഭിക്കുന്നതിന്‌ ഇടയാക്കിയിരിക്കുന്നു. നാനാതരം ജന്തുക്കൾ പെറ്റുപെരുകണമെങ്കിൽ സസ്യജാലങ്ങൾ തഴച്ചുവളരുന്ന കരപ്രദേശം അഥവാ ഉണങ്ങിയ നിലം ആവശ്യമാണ്‌. ഉല്‌പത്തി 1:​9-12-ൽ ഇതേക്കുറിച്ചുള്ള പരാമർശം കാണാൻ സാധിക്കും. അവസാനമായി, അനുയോജ്യമായ കാലാവസ്ഥ ലഭിക്കുന്നതിന്‌ ഒരു ഗ്രഹത്തിനു കൃത്യമായ ചെരിവുണ്ടായിരിക്കുകയും അത്‌ നിലനിറുത്തുകയും ചെയ്യേണ്ടതുണ്ട്‌. ഭൂമിയുടെ കാര്യത്തിൽ ഇത്‌ ഒരു പരിധിവരെ ചന്ദ്രന്റെ ഗുരുത്വാകർഷണം മൂലമാണു സാധ്യമാകുന്നത്‌. ഈ ഉപഗ്രഹത്തെക്കുറിച്ചും അതുകൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ചും ഉല്‌പത്തി 1:​14, 16 വിശദീകരിക്കുന്നു.

ആധുനിക ശാസ്‌ത്രത്തിന്റെ പിന്തുണയില്ലാതെ പുരാതന എഴുത്തുകാരനായ മോശയ്‌ക്ക്‌ മേൽപ്പറഞ്ഞ വസ്‌തുതകൾ മനസ്സിലാക്കാനായത്‌ എങ്ങനെയാണ്‌? തന്റെ സമകാലികരെക്കാൾ ഒരു പടികൂടെ കടന്നു ചിന്തിച്ചതുകൊണ്ടാണോ മോശയ്‌ക്ക്‌ ഇതിന്റെയൊക്കെ പ്രാധാന്യം ഗ്രഹിക്കാനായത്‌? ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിനാൽ അവൻ നിശ്വസ്‌തനാക്കപ്പെട്ടു എന്നതാണ്‌ അതിന്റെ ഉത്തരം. ഉല്‌പത്തി വിവരണത്തിന്റെ ശാസ്‌ത്രീയ കൃത്യത നോക്കുമ്പോൾ ഇതു ശ്രദ്ധേയമാണ്‌.

നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തിൽ കാണുന്ന അത്ഭുതങ്ങൾക്കു പിന്നിൽ ഒരു ഉദ്ദേശ്യമുണ്ടെന്നു ബൈബിൾ ഉറപ്പിച്ചു പറയുന്നു. “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു” എന്ന്‌ സങ്കീർത്തനം 115:16 വിവരിക്കുന്നു. മറ്റൊരു സങ്കീർത്തനം അനുസരിച്ച്‌, “അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.” (സങ്കീർത്തനം 104:5) ഈ പ്രപഞ്ചവും നമ്മുടെ മനോഹര ഗ്രഹവും രൂപകൽപ്പന ചെയ്‌തു നിർമിച്ചത്‌ ഒരു സ്രഷ്ടാവ്‌ ആണെങ്കിൽ തീർച്ചയായും അവന്‌ ഇവയെയെല്ലാം പരിപാലിക്കാനും സാധിക്കും എന്നു വിശ്വസിക്കുന്നതു തികച്ചും ന്യായമാണ്‌. ഇതിനർഥം “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന മഹത്തായ വാഗ്‌ദാനത്തിന്റെ നിവൃത്തിക്കായി ഉറച്ച ബോധ്യത്തോടെ നിങ്ങൾക്കു കാത്തിരിക്കാനാകും എന്നാണ്‌. (സങ്കീർത്തനം 37:29) ദൈവം “വ്യർത്ഥമായിട്ടല്ല . . . അതിനെ [ഭൂമിയെ] നിർമ്മിച്ചതു” പിന്നെയോ അവന്റെ കൈവേലകളെ വിലമതിക്കുന്ന മനുഷ്യർക്ക്‌ എന്നേക്കും ‘പാർക്കുവാനത്രേ.’​—⁠യെശയ്യാവു 45:⁠18.

ദൈവത്തെക്കുറിച്ചും അനുസരണയുള്ള മനുഷ്യർക്കു നിത്യജീവൻ പ്രദാനം ചെയ്യുകയെന്ന ദൈവോദ്ദേശ്യത്തെക്കുറിച്ചും പഠിപ്പിക്കുന്നതിനുവേണ്ടിയാണ്‌ യേശു ഭൂമിയിൽ വന്നതെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (യോഹന്നാൻ 3:16) “ഭൂമിയെ നശിപ്പിക്കുന്നവരെ” ദൈവം പെട്ടെന്നുതന്നെ “നശിപ്പി”ക്കുമെന്നും അതേസമയം സകല രാഷ്‌ട്രങ്ങളിൽനിന്നും രക്ഷയ്‌ക്കായുള്ള ദൈവത്തിന്റെ കരുതൽ സ്വീകരിക്കുന്ന സമാധാന പ്രിയരായ മനുഷ്യർ അതിജീവിക്കുമെന്നും നമുക്ക്‌ ഉറപ്പുനൽകപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 7:​9, 14; 11:18) ദൈവത്തിന്റെ സൃഷ്ടിയിലെ അത്ഭുതങ്ങൾ ഒന്നൊന്നായി അനാവരണം ചെയ്യുകയും അതെല്ലാം നിത്യമായി ആസ്വദിക്കുകയും ചെയ്യുമ്പോൾ ജീവിതം എത്ര ധന്യമായിരിക്കും.​—⁠സഭാപ്രസംഗി 3:11; റോമർ 8:⁠21.

[8-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

NASA photo