വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സഹിഷ്‌ണുതയും ആശ്വാസവും” ദൈവത്തിൽനിന്ന്‌

“സഹിഷ്‌ണുതയും ആശ്വാസവും” ദൈവത്തിൽനിന്ന്‌

“സഹിഷ്‌ണുതയും ആശ്വാസവും” ദൈവത്തിൽനിന്ന്‌

ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ ബൈബിളെഴുത്തുകാരനായ പൗലൊസ്‌ യഹോവയെക്കുറിച്ച്‌ “സഹിഷ്‌ണുതയും ആശ്വാസവും നൽകുന്ന ദൈവം” എന്നു പറഞ്ഞു. (റോമർ 15:​6, വിശുദ്ധ സത്യവേദ പുസ്‌തകം, മോഡേൺ മലയാളം വേർഷൻ) കാലംമാറുന്നതിനനുസരിച്ച്‌ മാറുന്ന വ്യക്തിയല്ല യഹോവ എന്ന്‌ ബൈബിൾ ഉറപ്പുതരുന്നു. ആ സ്ഥിതിക്ക്‌ ഇന്ന്‌ അവനെ സേവിക്കുന്നവർക്കും അവൻ ആശ്വാസമേകുമെന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാം. (യാക്കോബ്‌ 1:17) വ്യത്യസ്‌ത വിധങ്ങളിലാണ്‌ യഹോവ ആശ്വാസം പകരുന്നതെന്ന്‌ ബൈബിൾ പറയുന്നു. ഏതാണ്‌ അവയിൽ ചിലത്‌? സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുന്നവർക്ക്‌ അവൻ ശക്തി നൽകുന്നു. ഇനി, സഹവിശ്വാസികൾക്ക്‌ ആശ്വാസമേകാൻ അവൻ സത്യക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നു. അതും കൂടാതെ, മക്കളുടെ നഷ്ടത്തിൽ മനംനൊന്തു കഴിയുന്നവർക്ക്‌ വിശേഷാൽ ശക്തിപകരുന്ന ആശ്വാസപ്രദമായ വിവരണങ്ങൾ അവൻ തന്റെ വചനമായ ബൈബിളിലൂടെ നൽകുന്നുമുണ്ട്‌. ആശ്വാസത്തിന്റെ ഈ മൂന്ന്‌ ഉറവുകളെക്കുറിച്ച്‌ നമുക്ക്‌ ഓരോന്നായി പരിചിന്തിക്കാം.

“യഹോവ കേട്ടു”

നമ്മുടെ സ്രഷ്ടാവായ യഹോവയെക്കുറിച്ച്‌ ദാവീദ്‌ രാജാവ്‌ ഇപ്രകാരം എഴുതി: “ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.” (സങ്കീർത്തനം 62:8) ദാവീദിന്‌ യഹോവയിൽ ഇത്രമാത്രം ആശ്രയം തോന്നാൻ കാരണമെന്തായിരുന്നു? അവൻ എഴുതി: “ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.” (സങ്കീർത്തനം 34:6) കഷ്ടങ്ങൾ ഉണ്ടായപ്പോഴൊക്കെ ദാവീദ്‌ സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചു. അപ്പോഴൊക്കെയും യഹോവ അവനെ സഹായിക്കുകയും ചെയ്‌തു. ദൈവം തന്റെ തുണയ്‌ക്കെത്തുമെന്നും സഹിച്ചുനിൽക്കാൻ തന്നെ സഹായിക്കുമെന്നും സ്വാനുഭവത്തിലൂടെ അവൻ മനസ്സിലാക്കി.

തീവ്രവേദനയിലായിരിക്കുന്ന നിങ്ങൾക്കും യഹോവ എന്നും ഒരു തുണയായിരിക്കും, അവൻ ദാവീദിനെ തുണച്ചതുപോലെതന്നെ. സഹായം ലഭിക്കുമെന്ന പൂർണബോധ്യത്തോടെ നിങ്ങൾക്ക്‌ ‘പ്രാർഥന കേൾക്കുന്നവനെ’ സമീപിക്കാവുന്നതാണ്‌. (സങ്കീർത്തനം 65:2) കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച വില്യം പറയുന്നു: “അവനില്ലാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ലെന്ന്‌ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌. ആ സമയങ്ങളിലൊക്കെ ആശ്വാസത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചു, അപ്പോഴെല്ലാം ആവശ്യമായ ശക്തിയും ധൈര്യവും അവൻ നൽകുകയും ചെയ്‌തു.” തീർച്ചയായും, വിശ്വാസത്തോടെ യഹോവയോടു പ്രാർഥിക്കുന്നെങ്കിൽ അവൻ നിങ്ങളെയും സഹായിക്കും. യഹോവ തന്റെ ദാസന്മാരോട്‌, “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.”​—⁠യെശയ്യാവു 41:⁠13.

ആത്മാർഥ സുഹൃത്തുക്കളിൽനിന്നുള്ള പിന്തുണ

മിക്കപ്പോഴും, ദുഃഖാർത്തരായ മാതാപിതാക്കൾ ഒന്നു തനിച്ചിരുന്നു കരയാനും തന്റെ മകനെ അല്ലെങ്കിൽ മകളെക്കുറിച്ചുള്ള ഓർമകൾ അയവിറക്കാനും ആഗ്രഹിച്ചേക്കും. എന്നിരുന്നാലും ദീർഘകാലത്തേക്ക്‌ എല്ലാവരിൽനിന്നും അകന്നുകഴിയുന്നത്‌ നന്നായിരിക്കില്ല. സദൃശവാക്യങ്ങൾ 18:1 പറയുന്നതുപോലെ “കൂട്ടംവിട്ടു നടക്കുന്നവൻ” തനിക്കുതന്നെ ദോഷം വരുത്തിവെച്ചേക്കാം. അതുകൊണ്ട്‌ തീവ്രദുഃഖത്തിലായിരിക്കുന്നവർ മറ്റുള്ളവരിൽനിന്ന്‌ തങ്ങളെത്തന്നെ ഒറ്റപ്പെടുത്തുന്നതിന്റെ കെണിയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

വിരഹവേദന അനുഭവിക്കുന്നവർക്ക്‌ ആശ്വാസത്തിന്റെ ഒരു ഉറവായിത്തീരാൻ ദൈവഭയമുള്ള സുഹൃത്തുക്കൾക്കാകും. സദൃശവാക്യങ്ങൾ 17:17 പറയുന്നു: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” മുൻലേഖനത്തിൽ പരാമർശിച്ച ലൂസിക്കും ഉറ്റമിത്രങ്ങൾ ആശ്വാസത്തിന്റെ വലിയൊരു ഉറവായിരുന്നു. സഭയിലെ തന്റെ സുഹൃത്തുക്കളെക്കുറിച്ച്‌ അവർ പറയുന്നു: “അവരുടെ സന്ദർശനംതന്നെ ഞങ്ങൾക്ക്‌ വലിയൊരു അനുഗ്രഹമായിരുന്നു, പലപ്പോഴും അവർ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിൽപ്പോലും. ഞാൻ തനിച്ചായിരുന്നപ്പോഴൊക്കെ ഒരു കൂട്ടുകാരി എന്നെ കാണാൻ വന്നിരുന്നു. കാരണം ഞാൻ ഒറ്റയ്‌ക്കിരുന്നാൽ ഏതുനേരവും കരച്ചിലായിരിക്കുമെന്ന്‌ അവൾക്കറിയാമായിരുന്നു. മിക്കപ്പോഴും അവളും എന്റെ കൂടെ കരഞ്ഞു. മറ്റൊരു കൂട്ടുകാരിയാണെങ്കിൽ ദിവസവും ഫോൺവിളിച്ച്‌ എന്നെ ആശ്വസിപ്പിച്ചു. ഇനി ചിലരാകട്ടെ, ഞങ്ങളെ ആഹാരത്തിനായി അവരുടെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. അവർ ഇപ്പോഴും അങ്ങനെ ചെയ്യുന്നുണ്ട്‌.”

ഒരു കുഞ്ഞിന്റെ മരണം ഉളവാക്കുന്ന തീവ്രവേദന അത്ര പെട്ടെന്നൊന്നും മാറില്ലെങ്കിലും പ്രാർഥനയ്‌ക്കും ക്രിസ്‌തീയ സുഹൃത്തുക്കളുമായുള്ള സഹവാസത്തിനും യഥാർഥ ആശ്വാസം പകരാനാകും. ഇത്തരത്തിൽ ദുഃഖം അനുഭവിക്കുന്ന പല ക്രിസ്‌തീയ മാതാപിതാക്കൾക്കും യഹോവ തങ്ങളോടൊപ്പം ഉള്ളതായി അനുഭവപ്പെടുന്നു. തീർച്ചയായും യഹോവ “മനംതകർന്നവരെ . . . സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.”​—⁠സങ്കീർത്തനം 147:⁠3.

ആശ്വാസമേകുന്ന ബൈബിൾ വിവരണങ്ങൾ

പ്രാർഥനയ്‌ക്കും പ്രോത്സാഹജനകമായ സഹവാസത്തിനും പുറമേ ആശ്വാസത്തിന്റെ മറ്റൊരു സ്രോതസ്സാണ്‌ ദൈവത്തിന്റെ എഴുതപ്പെട്ട വചനം. അതിൽ, മരിച്ചവരെ ജീവനിലേക്കു തിരികെകൊണ്ടുവന്നുകൊണ്ട്‌ ദുഃഖാർത്തരായ മാതാപിതാക്കളുടെ വേദന ശമിപ്പിക്കാനുള്ള ഉത്‌കടമായ ആഗ്രഹവും കഴിവും യേശുവിനുണ്ടെന്ന്‌ പറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള ആശ്വാസദായകമായ രണ്ടു വിവരണങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

ഒരു ശവസംസ്‌കാരത്തിനായി പോകുന്ന കുറെ ആളുകളെ നയീൻ പട്ടണത്തിൽവെച്ച്‌ യേശു കണ്ടുമുട്ടി. അതേക്കുറിച്ച്‌ ലൂക്കൊസ്‌ 7-ാം അധ്യായത്തിൽ നാം വായിക്കുന്നു. ഒരു വിധവയുടെ ഏക മകനായിരുന്നു മരിച്ചത്‌. 13-ാം വാക്യം പറയുന്നു: “അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു.”

മകന്റെ മരണത്തിൽ ദുഃഖിച്ചു കരയുന്ന ഒരു അമ്മയോട്‌ കരയേണ്ട എന്നു പറയാൻ സാധാരണ ആരും മുതിരില്ല. എന്നാൽ എന്തുകൊണ്ടായിരിക്കും യേശു അങ്ങനെ പറഞ്ഞത്‌? കാരണം, ആ അമ്മയുടെ ദുഃഖം പെട്ടെന്നുതന്നെ ഇല്ലാതാകുമെന്ന്‌ അവനറിയാമായിരുന്നു. വിവരണം തുടരുന്നു: ‘യേശു അടുത്തു ചെന്നു മഞ്ചം തൊട്ടു, ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ എഴുന്നേൽക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്ന്‌ അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏൽപ്പിച്ചുകൊടുത്തു.’ (ലൂക്കൊസ്‌ 7:​13-15) ആ നിമിഷം അവന്റെ അമ്മ വീണ്ടും വിതുമ്പിക്കരഞ്ഞിരിക്കണം, പക്ഷേ ഇപ്പോൾ സന്തോഷംകൊണ്ടാണെന്നു മാത്രം.

ഇനി മറ്റൊരു സന്ദർഭം. മാരകമായ രോഗം ബാധിച്ച തന്റെ 12 വയസ്സുകാരി മകളെ സൗഖ്യമാക്കണമെന്ന അപേക്ഷയുമായി യായീറൊസ്‌ എന്നൊരാൾ യേശുവിന്റെ അടുക്കൽ വന്നു. എന്നാൽ അൽപ്പം കഴിഞ്ഞപ്പോൾ മകൾ മരിച്ചുപോയി എന്ന വാർത്തയുമായി ഒരാൾ എത്തി. അതറിഞ്ഞ യായീറൊസിന്റെ ഹൃദയവേദന ഒന്നാലോചിച്ചു നോക്കൂ. എന്നാൽ യേശു അവനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്‌ക.” തുടർന്ന്‌ അവന്റെ വീട്ടിലെത്തിയ യേശു കുട്ടി കിടക്കുന്നിടത്തേക്കു ചെന്നിട്ട്‌ അവളുടെ കൈക്കു പിടിച്ച്‌ പറഞ്ഞു: “ബാലേ, എഴുന്നേല്‌ക്ക എന്നു നിന്നോടു കല്‌പിക്കുന്നു.” “ബാല ഉടനെ എഴുന്നേറ്റു നടന്നു.” അതുകണ്ട അവളുടെ മാതാപിതാക്കൾ “അത്യന്തം വിസ്‌മയിച്ചു.” സന്തോഷാധിക്യത്താൽ യായീറൊസും ഭാര്യയും അവളെ വാരിപ്പുണർന്നു. തങ്ങൾ സ്വപ്‌നംകാണുകയാണോ എന്നുപോലും അവർക്കു തോന്നിപ്പോയി.​—⁠മർക്കൊസ്‌ 5:22-24, 35-43.

കുട്ടികളുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശദമായ ഇത്തരം ബൈബിൾ വിവരണങ്ങൾ, ദുഃഖാർത്തരായ മാതാപിതാക്കൾക്ക്‌ എന്തു പ്രതീക്ഷിക്കാമെന്നു കാണിച്ചുതരുന്നു. യേശു പറഞ്ഞു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) തന്റെ മകനായ യേശു, മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരണം എന്നുള്ളത്‌ യഹോവയുടെ ഉദ്ദേശ്യമാണ്‌. മരണമടഞ്ഞ കോടിക്കണക്കിനു കുട്ടികളോട്‌ യേശു, ‘എഴുന്നേല്‌ക്ക എന്നു കല്‌പിക്കുമ്പോൾ’ അവരതു കേട്ട്‌ ജീവനിലേക്കു വരും. അവരുടെ കളിയും ചിരിയുമെല്ലാം നിങ്ങൾക്കു വീണ്ടും കാണാനാകും. വീണ്ടും അവരോടൊന്നിച്ചുള്ള സന്തോഷഭരിതമായ ആ ജീവിതത്തെക്കുറിച്ച്‌ ഒന്നാലോചിച്ചു നോക്കൂ!

നിങ്ങൾക്ക്‌ ഒരു മകനെയോ മകളെയോ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോ? എങ്കിൽ, പുനരുത്ഥാനത്തിലൂടെ നിങ്ങളുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റാൻ യഹോവയ്‌ക്കു സാധിക്കും എന്നറിയുക. മഹത്തായ ഈ പ്രത്യാശയിൽനിന്നു പ്രയോജനം നേടുന്നതിന്‌ സങ്കീർത്തനക്കാരന്റെ പിൻവരുന്ന ഉദ്‌ബോധനത്തിനു ചെവികൊടുക്കേണ്ടതുണ്ട്‌. അവൻ പറഞ്ഞു: “യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. . . . അവൻ ചെയ്‌ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും . . . ഓർത്തു കൊൾവിൻ.” (സങ്കീർത്തനം 105:​4-6) അതേ, സത്യദൈവമായ യഹോവയെ സേവിച്ച്‌ അവനു സ്വീകാര്യമായ വിധത്തിൽ നിങ്ങൾ അവനെ ആരാധിക്കേണ്ടതുണ്ട്‌.

‘യഹോവയെ തിരയുന്നതിനാൽ’ ഇപ്പോൾപ്പോലും നിങ്ങൾക്ക്‌ എന്തെല്ലാം പ്രയോജനങ്ങളുണ്ട്‌? പ്രാർഥനയിലൂടെ ലഭിക്കുന്ന ശക്തി, യഥാർഥ ക്രിസ്‌തീയ സഹകാരികളുടെ സ്‌നേഹത്തിൽനിന്നും കരുതലിൽനിന്നുമുള്ള ആശ്വാസം, ദൈവവചനത്തിന്റെ പഠനത്തിലൂടെ ലഭിക്കുന്ന പ്രോത്സാഹനം എന്നിവ അവയിൽ ചിലതാണ്‌. അതിലുപരിയായി, നിങ്ങളുടെയും മരണത്തിൽ നിങ്ങൾക്കു നഷ്ടപ്പെട്ട കുട്ടിയുടെയും നിത്യപ്രയോജനത്തിനായി ആസന്നഭാവിയിൽത്തന്നെ യഹോവ “അത്ഭുതങ്ങളും അടയാളങ്ങളും” ചെയ്യുന്നതും നിങ്ങൾ കാണും.

[5-ാം പേജിലെ ചതുരം]

“ആ സ്‌ത്രീയെ ഒന്നു കൂട്ടിക്കൊണ്ടു വരൂ”

നൈജീരിയയിൽനിന്നുള്ള ഒരു ദമ്പതികളാണ്‌ ബിന്റുവും കെഹിന്റെയും. യഹോവയുടെ സാക്ഷികളായ അവർക്ക്‌ ഒരു കാറപകടത്തിൽ രണ്ടു മക്കളെ നഷ്ടപ്പെട്ടു. ഈ തീരാദുഃഖത്തിന്റെ വേദന തിന്നുള്ള ജീവിതമായിരുന്നു പിന്നീടവർക്ക്‌. എന്നിരുന്നാലും യഹോവയിലുള്ള ആശ്രയം പിടിച്ചുനിൽക്കാൻ അവരെ സഹായിച്ചിരിക്കുന്നു. അതുപോലെ ബൈബിളിലെ പ്രത്യാശാദൂത്‌ അയൽക്കാരുമായി പങ്കുവെക്കുന്നതിൽ അവർ ഇന്നും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

കെഹിന്റെയുടെയും ബിന്റുവിന്റെയും പ്രശാന്തതയും മനക്കരുത്തും മറ്റുള്ളവർ ശ്രദ്ധിക്കാതിരുന്നില്ല. ഒരുദിവസം ബിന്റുവിന്റെ ഒരു കൂട്ടുകാരിയോട്‌ യൂക്കോളി എന്നൊരു സ്‌ത്രീ പറഞ്ഞു: “രണ്ടു മക്കളെ നഷ്ടപ്പെട്ടിട്ടും ബൈബിളും പ്രസംഗിച്ചു നടക്കുന്ന ആ സ്‌ത്രീയെ ഒന്നു കൂട്ടിക്കൊണ്ടു വരൂ. അവർക്ക്‌ എങ്ങനെയിതു സഹിക്കാനാകുന്നുവെന്ന്‌ എനിക്കറിയണം.” ബിന്റു ആ സ്‌ത്രീയെ കാണാൻ ചെന്നപ്പോൾ അവർ പറഞ്ഞു: “നിങ്ങളുടെ കുട്ടികളുടെ ജീവനെടുത്ത ആ ദൈവത്തെക്കുറിച്ച്‌ നിങ്ങൾ എന്തിനാണ്‌ ഇങ്ങനെ പ്രസംഗിക്കുന്നത്‌. ദൈവം എന്റെ മോളെ എന്നെടുത്തോ അന്നു തീർന്നു ദൈവത്തിലുള്ള എന്റെ വിശ്വാസമൊക്കെ.” അപ്പോൾ ബിന്റു, ആളുകൾ മരിക്കുന്നതിന്റെ കാരണവും മരിച്ചവർ പുനരുത്ഥാനത്തിൽ തിരികെ വരുമെന്ന്‌ ഉറച്ചു വിശ്വസിക്കാവുന്നത്‌ എന്തുകൊണ്ടെന്നും ബൈബിളിൽനിന്ന്‌ അവർക്കു വിശദീകരിച്ചുകൊടുത്തു.​—⁠പ്രവൃത്തികൾ 24:15; റോമർ 5:⁠12.

അതേത്തുടർന്ന്‌ ശ്രീമതി യൂക്കോളി പറഞ്ഞു: “ആളുകളുടെ മരണത്തിനു കാരണക്കാരൻ ദൈവമാണെന്നാണ്‌ ഞാനിതുവരെ വിശ്വസിച്ചിരുന്നത്‌. എന്നാൽ ഇപ്പോൾ എനിക്കു സത്യാവസ്ഥ മനസ്സിലായി.” ദൈവത്തിന്റെ വാഗ്‌ദാനങ്ങളെക്കുറിച്ചു കൂടുതലായി അറിയുന്നതിന്‌ അവർ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തീരുമാനിച്ചു.

[6-ാം പേജിലെ ചതുരം]

‘സഹായിക്കണമെന്നുണ്ട്‌, പക്ഷേ എങ്ങനെയെന്നറിയില്ല’

ഒരു കുട്ടിയുടെ മരണത്തിൽ മാതാപിതാക്കളും കൂടെപ്പിറപ്പുകളും തീവ്രവേദന അനുഭവിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ സുഹൃത്തുക്കൾ കുഴങ്ങിയേക്കാം. സഹായിക്കാൻ ആഗ്രഹമുണ്ട്‌, പക്ഷേ അരുതാത്തത്‌ എന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്‌ത്‌ വേദന ഇരട്ടിപ്പിക്കുമോ എന്നൊരു ഭയം. അത്തരത്തിൽ ചിന്തിക്കുന്നവർക്കായി ഇതാ ചില നിർദേശങ്ങൾ:

❖ എന്താണു പറയേണ്ടത്‌, ചെയ്യേണ്ടത്‌ എന്നൊന്നും അറിയില്ല എന്ന കാരണത്താൽ മാത്രം മാറിനിൽക്കരുത്‌. നിങ്ങളുടെ സാന്നിധ്യംതന്നെ അവർക്കു ശക്തി പകരും. എന്തു പറയണമെന്ന്‌ അറിയാതെ കുഴങ്ങുകയാണോ നിങ്ങൾ? അടുത്തിരുന്ന്‌ കരങ്ങൾ ഗ്രസിച്ചുകൊണ്ടോ തോളത്തു കൈയിട്ടുകൊണ്ടോ “വിഷമമുണ്ട്‌” എന്നു പറയുന്നതുപോലും മതിയാകും പലപ്പോഴും. നിങ്ങൾ കരയുന്നത്‌ അവരുടെ സങ്കടം വർധിപ്പിച്ചേക്കുമെന്നു കരുതുന്നുണ്ടോ? എങ്കിൽ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.” (റോമർ 12:15) നിങ്ങളുടെ കരച്ചിൽ, നിങ്ങളും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നതിന്റെ തെളിവാണ്‌. അത്‌ എത്ര ആശ്വാസദായകമാണെന്നോ!

❖ മുൻകൈ എടുക്കുക. വീട്ടുകാർക്കുവേണ്ടി എന്തെങ്കിലും ആഹാരം ഉണ്ടാക്കാനാകുമോ? കുന്നുകൂടിക്കിടക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കാനാകുമോ? അവർക്കുവേണ്ടി പുറത്തുപോയി ചെയ്യേണ്ടതായ എന്തെങ്കിലും ഉണ്ടോ? “എന്താവശ്യമുണ്ടെങ്കിലും പറയാൻ മടിക്കരുത്‌” എന്നു പറയുന്നത്‌ ഒഴിവാക്കണം. കാരണം എത്രതന്നെ ആത്മാർഥതയോടെയാണ്‌ അതു പറയുന്നതെങ്കിൽപ്പോലും, സഹായിക്കാൻ സമയമില്ലാത്തവിധം നിങ്ങൾ തിരക്കിലാണെന്ന ധാരണയായിരിക്കും അതുളവാക്കുന്നത്‌. അതുകൊണ്ട്‌ “ഇപ്പോൾ എന്താണു ചെയ്യാനുള്ളത്‌?” എന്നു ചോദിക്കുക. എന്നിട്ട്‌ അവർ പറയുന്നതു ചെയ്യുക. എന്നാൽ വീടിന്റെയോ അവരുടെതന്നെയോ സ്വകാര്യതയിൽ കൈകടത്താതിരിക്കാൻ ശ്രദ്ധിക്കണം.

❖ “നിങ്ങളുടെ ദുഃഖം എനിക്കു മനസ്സിലാകുന്നുണ്ട്‌” എന്നു പറയരുത്‌. കാരണം പ്രിയപ്പെട്ടവരുടെ മരണത്തോടുള്ള ഓരോരുത്തരുടെയും പ്രതികരണം വ്യത്യസ്‌തമായിരിക്കും. നിങ്ങൾക്ക്‌ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽപ്പോലും അവരുടെ ദുഃഖത്തിന്റെ തീവ്രത നിങ്ങൾക്കു പൂർണമായി മനസ്സിലാകണമെന്നില്ല.

❖ എല്ലാം ഏതാണ്ട്‌ പഴയപടിയാകാൻ കുറെക്കാലം പിടിക്കും. ദുഃഖാർത്തർക്ക്‌ ആദ്യത്തെ ഏതാനും ദിവസങ്ങളിലെ സഹായം മാത്രം പോരാ, ആഴ്‌ചകളോളമോ മാസങ്ങളോളമോപോലും അവർക്കതു വേണ്ടിവരും. അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ സാധ്യമാകുന്നിടത്തോളം അവരെ സഹായിക്കുക. *

[അടിക്കുറിപ്പ്‌]

^ ഖ. 29 ദുഃഖാർത്തരായ മാതാപിതാക്കളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ . . . എന്ന ലഘുപത്രികയുടെ 20-4 പേജുകളിലെ “മറ്റുള്ളവർക്ക്‌ എങ്ങനെ സഹായിക്കാനാകും?” എന്ന അധ്യായം കാണുക.

[7-ാം പേജിലെ ചിത്രങ്ങൾ]

കുട്ടികളെ തിരികെ ജീവനിലേക്കു കൊണ്ടുവരാനുള്ള പ്രാപ്‌തിയും ആഗ്രഹവും യേശുവിനുണ്ടെന്ന്‌ ബൈബിൾ വിവരണങ്ങൾ വ്യക്തമാക്കുന്നു