വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയത തേടി . . .

ആത്മീയത തേടി . . .

ആത്മീയത തേടി . . .

തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:3, NW) ആ പ്രസ്‌താവനയോടു നിങ്ങൾ യോജിക്കാനിടയുണ്ട്‌. ജീവിതത്തിൽ ആത്മീയതയ്‌ക്കുള്ള സ്ഥാനം തിരിച്ചറിയുന്നവരാണ്‌ എല്ലാ ദേശങ്ങളിലുമുള്ളവർ. അതു കണ്ടെത്തുന്നതാണ്‌ സന്തുഷ്ടിയുടെ താക്കോലെന്ന്‌ അവർ കരുതുന്നു. എന്നാൽ “ആത്മീയത” എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌?

“മതമൂല്യങ്ങളോടുള്ള സംവേദകത്വം അല്ലെങ്കിൽ മമത” എന്നും “ആത്മീയരായിരിക്കുന്ന അവസ്ഥ” എന്നും ആണ്‌ ഒരു നിഘണ്ടു ആത്മീയതയെ നിർവചിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ “ആത്മീയത,” “ആത്മീയരായിരിക്കുന്ന അവസ്ഥ,” “ആത്മീയ മനസ്‌കത” എന്നീ പദങ്ങൾ ഒരേ അർഥത്തിലാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഇതു മെച്ചമായി മനസ്സിലാക്കാൻ ഒരു താരതമ്യം ശ്രദ്ധിക്കൂ: ബിസിനസ്സിന്‌ അതിയായ മൂല്യം കൽപ്പിക്കുകയും അതിൽ വൈദഗ്‌ധ്യം പ്രകടമാക്കുകയും ചെയ്യുന്ന ഒരുവനെ കച്ചവടമനസ്‌കൻ എന്നു പറയുന്നു. അതേപോലെ ആത്മീയമോ മതപരമോ ആയ കാര്യങ്ങൾക്ക്‌ അതിയായ മൂല്യംകൽപ്പിക്കുന്ന ഒരാളെ ആത്മീയമനസ്‌കൻ എന്നു വിളിക്കുന്നു.

എന്നാൽ യഥാർഥ ആത്മീയത എങ്ങനെ നേടിയെടുക്കാം? ആത്മീയതയിലേക്കുള്ള മാർഗം തങ്ങൾക്കറിയാമെന്ന്‌ ഏതാണ്ട്‌ എല്ലാ മതങ്ങളുംതന്നെ അവകാശപ്പെടുന്നു. എന്നാൽ അവ നൽകുന്ന മാർഗനിർദേശങ്ങൾ ഏതാണ്ട്‌ അവയുടെ എണ്ണത്തോളം വരും. ആത്മീയ ഉണർവു പകരുന്ന ഒരു യോഗത്തിൽ സംബന്ധിച്ചാൽ രക്ഷിക്കപ്പെടുമെന്നു പ്രൊട്ടസ്റ്റന്റുകാരൻ അവകാശപ്പെടുമ്പോൾ കുർബാനയിലൂടെ ദൈവവുമായി ഒരു ഉറ്റബന്ധം സ്ഥാപിക്കാമെന്ന്‌ ഒരു കത്തോലിക്കാവിശ്വാസി കരുതുന്നു. ധ്യാനത്തിലൂടെ പ്രബുദ്ധത നേടാൻ ഒരു ബുദ്ധമതവിശ്വാസി യത്‌നിക്കുമ്പോൾ, ആത്മപരിത്യാഗത്തിലൂടെ പുനർജന്മചക്രത്തിൽനിന്നു മോക്ഷം നേടാൻ ഒരു ഹൈന്ദവൻ ശ്രമിക്കുന്നു. ഇവയെല്ലാം, കുറഞ്ഞപക്ഷം ഇവയിൽ ഒന്നെങ്കിലും, യഥാർഥ ആത്മീയതയിലേക്കു നയിക്കുന്നുണ്ടോ?

ഇല്ല എന്നാണു പലരുടെയും പക്ഷം. “ബാധ്യതകളില്ലാത്ത വിശ്വാസം,” അതാണ്‌ അവരുടെ അഭിപ്രായത്തിൽ ആത്മീയത. അതായത്‌ യാതൊരു മതത്തിന്റെയും ഭാഗമായിരിക്കാതെയുള്ള ദൈവവിശ്വാസം. മറ്റുചിലരുടെ അഭിപ്രായത്തിൽ ആത്മീയത മതപരമായ ഒരു അനുഭൂതിയല്ല, മറിച്ച്‌ ആന്തരിക സമാധാനത്തിനും ജീവിതസാഫല്യത്തിനും വേണ്ടിയുള്ള വാഞ്‌ഛയാണ്‌. ആത്മീയത തേടുന്നവർക്ക്‌ ഒരു മതത്തിന്റെയും ആവശ്യമില്ലെന്നും പകരം സ്വന്തം ഹൃദയത്തിന്റെ ഉള്ളറകളിലേക്കും വികാരവിചാരങ്ങളിലേക്കും നോക്കുകയേവേണ്ടൂ എന്നും അവർ വാദിക്കുന്നു. ഒരു എഴുത്തുകാരൻ പറയുന്നു: “യഥാർഥ ആത്മീയത ഒരുവന്റെ ഉള്ളിന്റെയുള്ളിൽ കുടികൊള്ളുന്നു. ചുറ്റുമുള്ള ആളുകളോടും ലോകത്തോടും നിങ്ങൾ സ്‌നേഹം പ്രകടമാക്കുകയും ഒത്തുപോകുകയും ഇടപെടുകയും ചെയ്യുന്ന രീതിയാണത്‌. ഏതെങ്കിലും സഭയിൽ അംഗമാകുന്നതുകൊണ്ടോ ഏതെങ്കിലും മതവിശ്വാസം വെച്ചുപുലർത്തുന്നതുകൊണ്ടോ അതു കണ്ടെത്താനാകില്ല.”

അജഗജാന്തരമുള്ള വീക്ഷണങ്ങളാണ്‌ ആത്മീയതയെക്കുറിച്ചു പലർക്കുമുള്ളതെന്നു വ്യക്തം. ആത്മീയതയിലേക്കു നയിക്കുന്നതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിനു പുസ്‌തകങ്ങളാണുള്ളത്‌. എന്നാൽ അവ മിക്കപ്പോഴും വായനക്കാരെ നിരാശയിലേക്കും ആശയക്കുഴപ്പത്തിലേക്കും തള്ളിവിടുന്നു. എന്നിരുന്നാലും ആത്മീയ കാര്യങ്ങൾ സംബന്ധിച്ച ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ ഒരു പുസ്‌തകമുണ്ട്‌. ദൈവനിശ്വസ്‌തയിൽ രചിക്കപ്പെട്ടതിന്റെ തെളിവുകളടങ്ങിയ ഒരു ഗ്രന്ഥമാണത്‌. (2 തിമൊഥെയൊസ്‌ 3:16) ആത്മീയതയുടെ അർഥത്തെയും മൂല്യത്തെയും കുറിച്ച്‌ ബൈബിൾ എന്ന ആ ഗ്രന്ഥം എന്താണു പറയുന്നതെന്നു നമുക്കു നോക്കാം.