വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ അനീതിക്ക്‌ ഇരയാകുമ്പോൾ . . .

നിങ്ങൾ അനീതിക്ക്‌ ഇരയാകുമ്പോൾ . . .

നിങ്ങൾ അനീതിക്ക്‌ ഇരയാകുമ്പോൾ . . .

ഏതെങ്കിലും തരത്തിലുള്ള അനീതിക്ക്‌ ഇരയാകാത്തവരായി ആരുണ്ട്‌? ചില അനീതികൾ നമ്മുടെ ഭാവനാസൃഷ്ടി മാത്രമായിരിക്കാം; എന്നാൽ മറ്റു ചിലത്‌ തികച്ചും യഥാർഥവും.

അനീതി സഹിക്കേണ്ടിവരുന്നത്‌ നമ്മെ മാനസികമായി വേദനിപ്പിക്കാനും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ഹാനികരമായി ബാധിക്കാനും ഇടയുണ്ട്‌. അത്തരം സാഹചര്യം നേരെയായി കാണാൻ നാം അതിയായി ആഗ്രഹിച്ചേക്കാം. എന്തുകൊണ്ട്‌? ‘വ്യാജമില്ലാത്തവനായ’ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം മനുഷ്യരിൽ ശക്തമായ നീതിബോധം ഉൾനട്ടിട്ടുണ്ട്‌ എന്നതാണ്‌ ഒരു കാരണം. (ആവർത്തനപുസ്‌തകം 32:4; ഉല്‌പത്തി 1:26) എന്നിരുന്നാലും, നീതി ലഭിക്കുന്നില്ലെന്നു തോന്നുന്ന സ്ഥിതിവിശേഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. ജ്ഞാനിയായ ഒരു വ്യക്തി ഇങ്ങനെ പറയുകയുണ്ടായി: “പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്‌ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.” (സഭാപ്രസംഗി 4:1) അങ്ങനെയെങ്കിൽ, അനീതിയെ നമുക്ക്‌ എങ്ങനെ നേരിടാം?

എന്താണ്‌ അനീതി?

നീതിയുടെ നിലവാരങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥയോ പ്രവൃത്തിയോ ആണ്‌ അനീതി. മനുഷ്യർക്കുള്ള നീതിയുടെ മാനദണ്ഡം എന്താണ്‌? നീതിയും അനീതിയും എന്തെന്ന വ്യവസ്ഥകൾ നിർണയിക്കുന്നതിനുള്ള അവകാശം നീതിനിഷ്‌ഠനും മാറ്റമില്ലാത്തവനുമായ യഹോവയ്‌ക്കുള്ളതാണ്‌. അവന്റെ വീക്ഷണത്തിൽ, ‘ജീവന്റെ ചട്ടങ്ങളെ അനുസരിക്കുക’ എന്നതിൽ ഉൾപ്പെടുന്ന ഒരു സംഗതി “നീതികേടു ഒന്നും ചെയ്യാ”തിരിക്കുന്നതാണ്‌. (യെഹെസ്‌കേൽ 33:15) അതുകൊണ്ടാണ്‌, ആദ്യമനുഷ്യനെ സൃഷ്ടിച്ചപ്പോൾ യഹോവ മനസ്സാക്ഷി—ശരിയും തെറ്റും തിരിച്ചറിയാൻ അവനെ സഹായിക്കത്തക്കവിധത്തിലുള്ള ഒരു ഉൾവിളി—അവനിൽ ഉൾനട്ടത്‌. (റോമർ 2:14, 15) അതിനുപുറമേ, യഹോവ തന്റെ വചനമായ ബൈബിളിൽ നീതിയും അനീതിയും സംബന്ധിച്ച്‌ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്‌.

അനീതിക്ക്‌ ഇരയായെന്ന്‌ നമുക്കു തോന്നുന്നുവെങ്കിലെന്ത്‌? ശരിക്കും അനീതി നടന്നിട്ടുണ്ടോയെന്നു നാം വസ്‌തുനിഷ്‌ഠമായി ചിന്തിക്കുന്നതു നന്നായിരിക്കും. ഉദാഹരണമായി, എബ്രായ പ്രവാചകനായ യോനയുടെ സാഹചര്യം പരിചിന്തിക്കുക. ആഗതമായിരുന്ന വിപത്തിനെക്കുറിച്ചു നീനെവേക്കാർക്കു മുന്നറിയിപ്പു നൽകാൻ യഹോവ അവനെ നിയുക്തനാക്കി. നിയമനം ഏറ്റെടുക്കാതെ ആദ്യം യോന ഒഴിഞ്ഞുമാറുകയാണുണ്ടായത്‌. എങ്കിലും, പിന്നീട്‌ അവൻ നിനെവേയിൽ ചെന്ന്‌ ആസന്നമായ നാശത്തെക്കുറിച്ച്‌ മുന്നറിയിപ്പു നൽകി. അവരുടെ അനുകൂല പ്രതികരണം നിമിത്തം യഹോവ നഗരത്തെ നിലനിറുത്തുകയും അതിലെ നിവാസികളെ സംരക്ഷിക്കുകയും ചെയ്‌തു. യോനയ്‌ക്ക്‌ എന്താണു തോന്നിയത്‌? “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.” (യോനാ 4:1) യഹോവയുടെ പക്ഷത്തെ കടുത്ത അനീതിയായിട്ടാണ്‌ അവൻ അതിനെ കണ്ടത്‌.

ഹൃദയം വായിക്കാൻ പ്രാപ്‌തനായ, “നീതിയും ന്യായവും ഇഷ്ടപ്പെടുന്ന” യഹോവയുടെ ഭാഗത്തു യാതൊരു തെറ്റുമില്ലായിരുന്നു എന്നു വ്യക്തമാണ്‌. (സങ്കീർത്തനം 33:5) തന്റെ പരിപൂർണ നീതിക്കു നിരക്കുംവിധത്തിൽ യഹോവ തീരുമാനിക്കുകയായിരുന്നു എന്ന്‌ മനസ്സിലാക്കേണ്ടിവന്നു യോനയ്‌ക്ക്‌. അനീതിക്ക്‌ ഇരയായതായി നമുക്ക്‌ തോന്നുന്നെങ്കിൽ നാം സ്വയം ഇങ്ങനെ ചോദിക്കണം: ‘യഹോവ സാഹചര്യത്തെ വ്യത്യസ്‌തമായിട്ടാണോ വീക്ഷിക്കുന്നത്‌?’

അനീതിക്കു മുമ്പിൽ

അനീതി സഹിക്കേണ്ടിവന്ന അനേകരെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്‌. പ്രയാസകരമായ അത്തരം സാഹചര്യങ്ങളെ അവർ നേരിട്ടതെങ്ങനെയെന്നു പരിശോധിക്കുകവഴി നമുക്കു വളരെയധികം പഠിക്കാനാകും. യോസേഫിന്റെ കാര്യമെടുക്കുക. അസൂയാലുക്കളായ സഹോദരന്മാർ അവനെ ഈജിപ്‌തിലേക്കു വിറ്റുകളഞ്ഞു. ഈജിപ്‌തിലായിരിക്കെ യജമാനന്റെ ഭാര്യ അവനെ വശീകരിക്കാൻ ശ്രമിച്ചു. എന്നാൽ അതു വിലപ്പോകില്ല എന്നുകണ്ട അവൾ അസാന്മാർഗികമായി അവൻ തന്നോടു പെരുമാറിയെന്ന കുറ്റംചുമത്തി. ഫലമോ? യോസേഫ്‌ ജയിലിലായി. എങ്കിലും തന്നെ ബന്ധിച്ച ആ ഇരുമ്പു ചങ്ങലകളെക്കാളും ശക്തമായിരുന്നു അവന്റെ വിശ്വാസം. ആ അനീതിയുടെ ഫലമായി യഹോവയുമായുള്ള അവന്റെ ബന്ധത്തിനു മങ്ങലേൽക്കുകയോ യഹോവയിലുള്ള അവന്റെ ആശ്രയത്തിന്‌ ഉലച്ചിൽ തട്ടുകയോ ചെയ്‌തില്ല.—ഉല്‌പത്തി 37:18-28; 39:4-20; സങ്കീർത്തനം 105:17-19.

അനീതി സഹിക്കേണ്ടിവന്ന മറ്റൊരു കഥാപ്രാത്രമാണ്‌ നാബോത്ത്‌. യിസ്രായേലിലെ ആഹാബ്‌ രാജാവിന്റെ പത്‌നിയായ ഈസേബെലിന്റെ വഞ്ചനയ്‌ക്ക്‌ അദ്ദേഹം ഇരയായിത്തീർന്നു. കൊട്ടാരത്തിനു സമീപത്തുണ്ടായിരുന്ന നാബോത്തിന്റെ അവകാശഭൂമിമേൽ രാജാവ്‌ നോട്ടമിട്ടു. ഒരു യിസ്രായേല്യൻ തന്റെ പൈതൃകാവകാശം സ്ഥിരമായി വിറ്റുകളയാൻ പാടില്ലായിരുന്നു. (ലേവ്യപുസ്‌തകം 25:23) അതുകൊണ്ട്‌ നിലം വിലയ്‌ക്കെടുത്തുകൊള്ളാമെന്നു രാജാവ്‌ പറഞ്ഞപ്പോൾ നാബോത്ത്‌ അതു സമ്മതിച്ചില്ല. അപ്പോൾ ദൈവത്തിനും രാജാവിനുമെതിരെ അപകീർത്തിപരമായി നാബോത്ത്‌ പെരുമാറിയെന്ന ആരോപണം ഉന്നയിക്കാൻ രാജാവിന്റെ ദുഷ്ടയായ ഭാര്യ കള്ളസാക്ഷികളെ ചട്ടംകെട്ടി. ഫലമോ? നാബോത്തും അവന്റെ പുത്രന്മാരും വധിക്കപ്പെട്ടു. കൊല്ലാനായി ജനങ്ങൾ കല്ലെടുത്തപ്പോഴത്തെ നാബോത്തിന്റെ മനോവികാരം നിങ്ങൾക്കു സങ്കൽപ്പിക്കാനാകുന്നുണ്ടോ?—1 രാജാക്കന്മാർ 21:1-14; 2 രാജാക്കന്മാർ 9:26.

എന്നാൽ യേശുക്രിസ്‌തു അനുഭവിക്കേണ്ടിവന്ന അനീതിയുടെ മുമ്പിൽ മേൽപ്പറഞ്ഞവയൊക്കെ അപ്രസക്തമായിത്തീരുന്നു. അവനു മരണശിക്ഷ നേടിക്കൊടുക്കുന്നതിൽ വ്യാജാരോപണങ്ങളും നിയമവിരുദ്ധമായ വിചാരണയും ഒരു പങ്കുവഹിച്ചു. തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങൾക്കായി നിലകൊള്ളാൻ വിധിനിർവഹണ ചുമതലയുണ്ടായിരുന്ന റോമൻ ഗവർണർക്ക്‌ ഉശിരില്ലായിരുന്നു. (യോഹന്നാൻ 18:38-40) അതേ, സാത്താൻ വരുത്തിവെച്ചിട്ടുള്ളതിലേക്കും അങ്ങേയറ്റം ദാരുണമായ അനീതിക്ക്‌ ഇരയായത്‌ ക്രിസ്‌തുയേശുവാണ്‌!

അനീതിക്കുനേരെ യഹോവയ്‌ക്ക്‌ ഒരു നിസ്സംഗതാ മനോഭാവമാണെന്നാണോ ഈ ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നത്‌? ഒരിക്കലുമല്ല! യഹോവ ആ സംഭവങ്ങളെ കേവലം ഒരു മാനുഷിക കാഴ്‌ചപ്പാടിലല്ല വീക്ഷിച്ചത്‌. (യെശയ്യാവു 55:8, 9) അടിമത്തത്തിലായതു നിമിത്തം യോസേഫിനു തന്റെ കുടുംബത്തെ സംരക്ഷിക്കാനായി. അവന്റെ കുടുംബത്തെ വലച്ച കടുത്ത ക്ഷാമം ആഞ്ഞടിക്കുന്നതിനുമുമ്പ്‌ അവൻ ഈജിപ്‌തിലെ ഭക്ഷ്യമേൽവിചാരകനായി. ചിന്തിക്കുക, യഹോവ ആ അനീതി അനുവദിച്ചില്ലായിരുന്നെങ്കിൽ യോസേഫ്‌ ജയിലിൽ ആകുമായിരുന്നില്ല. അവിടെവെച്ചാണ്‌ സഹതടവുകാരായ രണ്ടുപേരുടെ സ്വപ്‌നങ്ങളുടെ പൊരുൾ അവൻ വിശദീകരിക്കുന്നതും പിന്നീട്‌ അവരിലൊരാൾതന്നെ അത്‌ ഫറവോനോടു പറയുന്നതും അങ്ങനെ, യോസേഫ്‌ ഭക്ഷ്യമേൽവിചാരകനായി നിയമിക്കപ്പെടുന്നതുമെല്ലാം.—ഉല്‌പത്തി 40:1; 41:9-14; 45:4-8.

നാബോത്തിന്റെ കാര്യമോ? ഇവിടെയും, കാര്യങ്ങൾ യഹോവയുടെ കണ്ണിലൂടെ കാണാൻ ശ്രമിക്കുക. നാബോത്തിന്റെ മൃതദേഹം നിലത്തു കിടന്നപ്പോൾപ്പോലും മരിച്ചവരെ ഉയിർപ്പിക്കാൻ പ്രാപ്‌തനായ യഹോവയ്‌ക്ക്‌ അവൻ ജീവനോടിരിക്കുന്നതുപോലെ ആയിരുന്നു. (1 രാജാക്കന്മാർ 21:19; ലൂക്കൊസ്‌ 20:37, 38) യഹോവ ജീവനിലേക്കു തിരികെ വിളിക്കുവോളം നാബോത്ത്‌ കാത്തിരിക്കണം. ആ കാത്തിരിപ്പ്‌, പക്ഷേ ക്ഷണികമാണെന്നു പറയാം; കാരണം മരിച്ചവർ ഒന്നും അറിയുന്നില്ല. (സഭാപ്രസംഗി 9:5) മാത്രമല്ല, ആഹാബിനെയും അവന്റെ കുടുംബത്തെയും ന്യായം വിധിച്ചുകൊണ്ടു യഹോവ നാബോത്തിനുവേണ്ടി പ്രതികാരവും ചെയ്‌തു.—2 രാജാക്കന്മാർ 9:21, 24, 26, 35, 36; 10:1-11; യോഹന്നാൻ 5:28, 29.

ഇനി, യേശുവിന്റെ കാര്യമെടുക്കുക. അവൻ മരിച്ചെങ്കിലും ദൈവം അവനെ ഉയിർപ്പിച്ചു; ഒപ്പം “എല്ലാ വാഴ്‌ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും . . . സകല നാമത്തിന്നും” മേലായ സ്ഥാനം നൽകി ഉയർത്തുകയും ചെയ്‌തു. (എഫെസ്യർ 1:20, 21) ക്രിസ്‌തുയേശുവിന്റെമേൽ സാത്താൻ അനീതി വരുത്തിവെച്ചെങ്കിലും തന്റെ പുത്രനു പ്രതിഫലം നൽകുന്നതിൽനിന്നു യഹോവയെ തടയാൻ അതിനു കഴിഞ്ഞില്ല. നിയമവിരുദ്ധമായ അറസ്റ്റ്‌ തടഞ്ഞുകൊണ്ട്‌ യഹോവയ്‌ക്ക്‌ ആ അനീതി ഉടനടി നിഷ്‌ഫലമാക്കാൻ കഴിയുമെന്ന കാര്യത്തിൽ യേശുവിനു പൂർണബോധ്യം ഉണ്ടായിരുന്നു, ദൈവേഷ്ടം അതായിരുന്നെങ്കിൽ. എന്നാൽ, തിരുവെഴുത്തുകൾ നിവർത്തിക്കുന്നതിനും അനീതി തിരുത്തുന്നതിനും യഹോവയ്‌ക്ക്‌ ഒരു നിശ്ചിത സമയമുണ്ടെന്നും ക്രിസ്‌തുവിന്‌ അറിയാമായിരുന്നു.

നീതിമാന്മാരുടെ ജീവിതം സാത്താനും അവന്റെ കൂട്ടാളികളും അനീതിയാൽ ദുസ്സഹമാക്കിയിട്ടുണ്ട്‌ എന്നതു ശരിയാണ്‌. എന്നിരുന്നാലും, കാലക്രമത്തിൽ യഹോവ പ്രശ്‌നം പരിഹരിച്ച്‌ അതിന്റെ ഭവിഷ്യത്തുകൾ എന്നേക്കുമായി ഇല്ലാതാക്കിയിട്ടുണ്ട്‌; ഇനിയും പരിഹരിച്ചിട്ടില്ലാത്ത അനീതികളുടെ കാര്യത്തിൽ ഭാവിയിൽ അവൻ അങ്ങനെ ചെയ്യും. അതുകൊണ്ട്‌, ഒരു അനീതി പരിഹരിച്ചുകാണാൻ നാം യഹോവയ്‌ക്കായി കാത്തിരിക്കണം.—ആവർത്തനപുസ്‌തകം 25:16; റോമർ 12:17-19.

യഹോവ അനീതി അനുവദിച്ചേക്കാവുന്നതിന്റെ കാരണം

ഒരു പ്രത്യേക സാഹചര്യം യഹോവ നേരെയാക്കാത്തതിനു കാരണങ്ങൾ ഉണ്ടായിരുന്നേക്കാം. നമ്മുടെ ക്രിസ്‌തീയ പരിശീലനത്തിന്റെ ഭാഗമായി അനീതിക്കു വിധേയരാകാൻ അവൻ നമ്മെ അനുവദിച്ചെന്നു വരാം. ‘ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുന്നില്ല’ എന്നതു തീർച്ചയാണ്‌. (യാക്കോബ്‌ 1:13) എങ്കിലും, തന്റെ ഇടപെടൽ കൂടാതെ ചില സാഹചര്യം സംജാതമാകുന്നതിന്‌ യഹോവ ഇടയാക്കിയേക്കാം. അപ്പോൾപ്പോലും അത്തരം പരിശീലനത്തോട്‌ അനുകൂലമായി പ്രതികരിക്കുന്നവരെ പുലർത്താൻ അവനാകും. ബൈബിൾ നമുക്ക്‌ പിൻവരുംവിധം ഉറപ്പുനൽകുന്നു: “എന്നാൽ അല്‌പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ . . . സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.”—1 പത്രൊസ്‌ 5:10.

മാത്രമല്ല, ഒരു പ്രത്യേക അനീതിക്ക്‌ യഹോവ അനുമതി നൽകുമ്പോൾ കുറ്റം ചെയ്‌തവർക്കു പശ്ചാത്തപിക്കുന്നതിനുള്ള അവസരം അതു പ്രദാനം ചെയ്‌തേക്കാം. യേശു വധിക്കപ്പെട്ട്‌ ഏതാനും ആഴ്‌ചകൾക്കുശേഷം പത്രൊസിന്റെ ഉദ്‌ബോധനം കേട്ട ചില യഹൂദന്മാരുടെ “ഹൃദയത്തിൽ കുത്തുകൊണ്ടു.” അവർ ഹൃദയപൂർവം ദൈവവചനം കൈക്കൊള്ളുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 2:36-42.

അനീതി പ്രവർത്തിക്കുന്ന എല്ലാവരും പശ്ചാത്തപിക്കുകയില്ല എന്നതു ശരിയാണ്‌. കുറെക്കൂടെ കടുത്ത അനീതി പ്രവർത്തിക്കുന്നതിലേക്ക്‌ അതു ചിലരെ നയിച്ചേക്കാം. പക്ഷേ, “കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചു പോകും,” സദൃശവാക്യങ്ങൾ 29:1 പറയുന്നു. അനുചിതമായ പ്രവൃത്തികളിൽ തുടരുന്നവർക്കെതിരെ യഹോവ ഒടുവിൽ നടപടിയെടുക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും എന്നതിനു രണ്ടുപക്ഷമില്ല.—സഭാപ്രസംഗി 8:11-13.

അനീതിയുടെ തിക്താനുഭവത്തിൽനിന്നു കരകയറാൻ എത്രത്തോളം സമയം എടുത്താലും നമ്മെ പഴയ അവസ്ഥയിലേക്കു കൊണ്ടുവരേണ്ടത്‌ എങ്ങനെയെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം എന്നതിനു സംശയംവേണ്ട. ഈ ദുഷ്ടവ്യവസ്ഥിതിയിൽ നാം അനുഭവിച്ചേക്കാവുന്ന ഏതൊരു അനീതിയുടെയും ഫലം ഇല്ലാതാക്കാൻ അവൻ തയ്യാറെടുത്തിരിക്കുകയുമാണ്‌. തന്നെയുമല്ല, ആത്യന്തികമായി എന്തു പ്രതിഫലം നൽകുമെന്നു യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌, “നീതി വസിക്കുന്ന” പുതിയ ഭൂമിയിലെ നിത്യജീവൻ.—2 പത്രൊസ്‌ 3:13.

[16, 17 പേജുകളിലെ ചിത്രം]

കടുത്ത അനീതിക്ക്‌ ഇരയായ നാബോത്തിന്‌ എന്തു തോന്നിയിരിക്കാം?