വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പഴയനിയമം” ഇന്നും പ്രസക്തമോ?

“പഴയനിയമം” ഇന്നും പ്രസക്തമോ?

“പഴയനിയമം” ഇന്നും പ്രസക്തമോ?

ഫ്രഞ്ചുകാരനായ ഒരു ഡോക്ടർ 1786-ൽ ട്രേറ്റേ ഡാനാറ്റോമി ഏ ഫിസ്യോലോഷി (ശരീരഘടനാശാസ്‌ത്രത്തെയും ശരീരധർമശാസ്‌ത്രത്തെയും സംബന്ധിച്ച്‌ ഒരു അപഗ്രഥനം) എന്ന പേരിൽ ഒരു പുസ്‌തകമിറക്കി. നാഡീഘടനാശാസ്‌ത്രത്തെ കുറിച്ചു പ്രതിപാദിക്കുന്ന അക്കാലത്തെ പുസ്‌തകങ്ങളിൽ ഏറ്റവും കൃത്യതയുള്ളതായിട്ടാണ്‌ അതിനെ കണക്കാക്കുന്നത്‌. ലഭ്യമായിരിക്കുന്ന അപൂർവം കോപ്പികളിലൊന്ന്‌ ഈ അടുത്തകാലത്തു വിറ്റഴിക്കപ്പെട്ടത്‌ 27,000-ത്തിലധികം ഡോളറിനാണ്‌! എന്നിരുന്നാലും ഒരു രോഗിയും ആ ഗ്രന്ഥത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈദ്യശാസ്‌ത്ര ഗവേഷണങ്ങളെ ആശ്രയിക്കുന്ന ഒരു ഡോക്ടറെ വിശ്വസിക്കാൻ ഇടയില്ല. ആ പുസ്‌തകത്തിന്റെ ചരിത്രപരമോ സാഹിത്യപരമോ ആയ മൂല്യംകൊണ്ട്‌ ഇന്നത്തെ ഒരു രോഗിക്ക്‌ യാതൊരു പ്രയോജനവുമില്ല.

ബൈബിളിലെ പഴയനിയമം എന്നു വിളിക്കപ്പെടുന്ന ഭാഗത്തെക്കുറിച്ച്‌ പലർക്കും തോന്നുന്നത്‌ ഇതുതന്നെയാണ്‌. അതിൽ അടങ്ങിയിരിക്കുന്ന ഇസ്രായേലിന്റെ ചരിത്രവും മനോഹരകാവ്യങ്ങളും മൂല്യമുള്ളതാണെന്ന്‌ അവർ തലകുലുക്കി സമ്മതിക്കും. അപ്പോഴും 2,400-ലധികം വർഷം പഴക്കമുള്ള അതിലെ നിർദേശങ്ങൾ പിൻപറ്റുന്നതു ബുദ്ധിയാണോയെന്ന്‌ സംശയിക്കുന്നു അവർ. ഇന്നിപ്പോൾ കാലം മാറിയിരിക്കുന്നു, ശാസ്‌ത്രവിജ്ഞാനം, വ്യവസായം, എന്തിന്‌ കുടുംബജീവിതം പോലും ബൈബിൾ എഴുതിയ കാലത്തേതുപോലെയല്ല. ക്രിസ്‌ത്യാനിത്വം ഇന്ന്‌ (ഇംഗ്ലീഷ്‌) എന്ന പത്രികയുടെ എഡിറ്ററായിരുന്ന ഫിലിപ്‌ യാൻസി യേശു വായിച്ച ബൈബിൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഇങ്ങനെ എഴുതി: “[പഴയനിയമത്തിന്റെ] എല്ലാ ഭാഗങ്ങളും യുക്തിക്കു നിരക്കുന്നതല്ല, ഇനി യുക്തിസഹമായിട്ടുള്ള ഭാഗങ്ങളുടെ കാര്യത്തിലാണെങ്കിൽ അവ ഇന്നത്തെ വായനക്കാർക്ക്‌ ഇഷ്ടപ്പെട്ടെന്നും വരില്ല. ഇതുപോലുള്ള ചില കാരണങ്ങൾ നിമിത്തം ബൈബിളിന്റെ നാലിൽ മൂന്നു ഭാഗം വരുന്ന പഴയനിയമം ആളുകൾ വായിക്കാറില്ല.” ഈ ചിന്താധാര ഒട്ടും പുതിയതല്ല.

പൊതുയുഗം ഏകദേശം 100-ൽ അപ്പൊസ്‌തലനായ യോഹന്നാൻ മരിച്ച്‌ 50-ൽ താഴെ വർഷങ്ങൾ കഴിഞ്ഞ്‌ മാർസിയൻ എന്ന ഒരു ധനികൻ, ക്രിസ്‌ത്യാനികൾ പഴയനിയമം തള്ളിക്കളയേണ്ടതാണെന്ന്‌ പരസ്യമായി പഠിപ്പിച്ചു. “കൊള്ളക്കാർക്കും ഇസ്രായേലിന്റെ രാജാവായിരുന്ന ദാവീദിനെപ്പോലുള്ള തീവ്രവാദികൾക്കും ഒത്താശ ചെയ്‌തുകൊടുത്തിരുന്ന ‘തനിപ്രാകൃതനാ’യിരുന്നു പഴയനിയമത്തിലെ ‘ദൈവം.’ നേരെമറിച്ച്‌, ക്രിസ്‌തു തികച്ചും വ്യത്യസ്‌തനും ഉന്നതനുമായ ഒരു ദൈവമായിരുന്നു” എന്ന്‌ മാർസിയൻ വാദിച്ചിരുന്നതായി റോബിൻ ലേൻ ഫോക്‌സ്‌ എന്ന ഇംഗ്ലീഷ്‌ ചരിത്രകാരൻ പറയുന്നു. അദ്ദേഹം തുടരുന്നു: “പിന്നീട്‌ ‘മാർസിയോണിസം’ എന്ന പേരിൽ അറിയപ്പെട്ട ഈ വിശ്വാസങ്ങൾക്ക്‌ തുടർന്നും പിന്തുണക്കാരുണ്ടായി. കിഴക്കുള്ള സിറിയക്‌ സംസാരിക്കുന്നവർക്കിടയിൽ വിശേഷിച്ച്‌. നാലാം നൂറ്റാണ്ടിന്റെ നല്ലൊരു ഭാഗം പിന്നിടുന്നതുവരെ ഈ സ്ഥിതിവിശേഷം തുടർന്നു.” ഈ ആശയത്തിന്റെ വക്താക്കൾ ഇന്നുമുണ്ട്‌. ഫലമോ? ഫിലിപ്‌ യാൻസി പറയുന്നതനുസരിച്ച്‌ 1,600-ലധികം വർഷങ്ങൾക്കുശേഷവും “പഴയനിയമത്തെ സംബന്ധിച്ച ക്രിസ്‌ത്യാനികളുടെ അറിവ്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആധുനിക സമൂഹത്തിൽനിന്നാണെങ്കിൽ അത്‌ അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നുതന്നെ പറയാം.”

പഴയനിയമം നീങ്ങിപ്പോയോ? പഴയനിയമത്തിലെ “സൈന്യങ്ങളുടെ യഹോവ”യും പുതിയനിയമത്തിലെ “സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവ”വും എങ്ങനെ ഒത്തുപോകും? (യെശയ്യാവു 13:13; 2 കൊരിന്ത്യർ 13:11) പഴയനിയമം ഇന്നു നിങ്ങൾക്കു പ്രയോജനം ചെയ്യുമോ?