വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നമ്മുടെ ഉപദേശത്തിനായിട്ട്‌ എഴുതിയിരിക്കുന്നു’

‘നമ്മുടെ ഉപദേശത്തിനായിട്ട്‌ എഴുതിയിരിക്കുന്നു’

‘നമ്മുടെ ഉപദേശത്തിനായിട്ട്‌ എഴുതിയിരിക്കുന്നു’

“പുസ്‌തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല.” (സഭാപ്രസംഗി 12:12) പുസ്‌തകങ്ങളുടെ ബാഹുല്യം പ്രളയം സൃഷ്ടിക്കുന്ന ഇക്കാലത്ത്‌ മേൽപ്പറഞ്ഞ വാക്കുകൾ സത്യമായിത്തീരുന്നു, അത്‌ എഴുതപ്പെട്ട കാലത്തേതുപോലെതന്നെ. എന്തു വിവരങ്ങളാണ്‌ വായിക്കാൻ പറ്റിയതെന്ന്‌ ഒരു വായനക്കാരൻ എങ്ങനെ തീരുമാനിക്കും?

ഇഷ്ടപ്പെട്ട ഒരു പുസ്‌തകം വായിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടിവരുമ്പോൾ പല വായനക്കാരും അതിന്റെ എഴുത്തുകാരനെക്കുറിച്ച്‌ അറിയാൻ ആഗ്രഹിക്കും. എഴുത്തുകാരന്റെ ജന്മനാട്‌, വിദ്യാഭ്യാസ യോഗ്യതകൾ, അദ്ദേഹത്തിന്റെ മറ്റു കൃതികൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദിക്കുന്ന ഒരു ചെറിയ ഖണ്ഡിക ഉൾപ്പെടുത്താൻ പ്രസാധകർ ശ്രദ്ധിക്കാറുണ്ട്‌. എഴുത്തുകാരനെക്കുറിച്ചുള്ള ഈ വിശദാംശങ്ങൾ പ്രസക്തമാണ്‌. ആദ്യ നൂറ്റാണ്ടുകളിലെ എഴുത്തുകാരികൾ, വായനക്കാർ പുസ്‌തകത്തെ വിലകുറച്ചു കാണാതിരിക്കാൻ പലപ്പോഴും പുരുഷന്മാരുടെ പേര്‌ ഉപയോഗിച്ച്‌ എഴുതിയിരുന്നു എന്ന വസ്‌തുത അതാണു കാണിക്കുന്നത്‌.

സങ്കടകരമെന്നു പറയട്ടെ, കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചതുപോലെ, എബ്രായ തിരുവെഴുത്തുകളിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദൈവം ശത്രുക്കളെ നിഷ്‌കരുണം നശിപ്പിക്കുന്ന ഒരു ക്രൂരനാണെന്നു പറഞ്ഞ്‌ ചിലർ ആ ഭാഗം തിരസ്‌കരിക്കുന്നു. * ബൈബിളിന്റെ ഗ്രന്ഥകർത്താവിനെക്കുറിച്ച്‌ എബ്രായ തിരുവെഴുത്തുകളും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളും എന്താണു പറയുന്നതെന്ന്‌ നമുക്കു നോക്കാം.

ഗ്രന്ഥകാരനെക്കുറിച്ച്‌ അൽപ്പം

ദൈവം ഇസ്രായേൽ ജനതയോട്‌ ഇപ്രകാരം പറഞ്ഞതായി എബ്രായ തിരുവെഴുത്തുകളിൽ നാം കാണുന്നു: “യഹോവയായ ഞാൻ മാറാത്തവൻ.” (മലാഖി 3:6) ഏതാണ്ട്‌ 500 വർഷങ്ങൾക്കുശേഷം ബൈബിൾ എഴുത്തുകാരനായ യാക്കോബ്‌ ദൈവത്തെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾക്കുതുല്യം അവിടുന്നു മാറിപ്പോകുന്നവനല്ല.” (യാക്കോബ്‌ 1:17, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അങ്ങനെയെങ്കിൽ, എബ്രായ തിരുവെഴുത്തുകളിലെ ദൈവവും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ദൈവവും രണ്ടും രണ്ടാണെന്ന്‌ ചിലർക്കു തോന്നുന്നത്‌ എന്തുകൊണ്ടാണ്‌?

ബൈബിളിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ പ്രതിഫലിച്ചു കാണുന്നത്‌ ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വ്യത്യസ്‌ത വശങ്ങളാണ്‌ എന്നതാണ്‌ ഉത്തരം. എന്തിന്‌, ഉല്‌പത്തിയെന്ന ഒരൊറ്റ പുസ്‌തകത്തിൽ മാത്രം ‘ഹൃദയത്തിൽ ദുഃഖം തോന്നുന്ന’വനായും ‘സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥ’നായും “സർവ്വഭൂമിക്കും ന്യായാധിപതി”യായും ദൈവത്തെ വർണിച്ചിട്ടുണ്ട്‌. (ഉല്‌പത്തി 6:6; 14:22, 23; 18:25) ഒരേ ദൈവത്തെക്കുറിച്ചുള്ളതാണോ ഈ വർണനകളെല്ലാം? തീർച്ചയായും അതേ.

ഒരു കോടതിയിലെ ജഡ്‌ജിയുടെ കാര്യം ദൃഷ്ടാന്തമായെടുക്കുക. കുറ്റവാളികൾ അദ്ദേഹത്തെ അറിയുന്നത്‌ നിയമത്തിന്റെ കരുത്തുറ്റ കാവൽക്കാരൻ എന്ന നിലയ്‌ക്കായിരിക്കും. കുട്ടികൾക്ക്‌ സ്‌നേഹനിധിയായ, നന്മയുടെ നിറകുടമായ ഒരച്ഛനാണ്‌ അദ്ദേഹം. എന്നാൽ ചങ്ങാതിമാർക്ക്‌ അദ്ദേഹം, മനസ്സിൽ നർമം കാത്തുസൂക്ഷിക്കുന്ന നല്ലൊരു സുഹൃത്താണ്‌. ജഡ്‌ജിയും അച്ഛനും സുഹൃത്തും എല്ലാം ഒരാൾതന്നെ. ഓരോ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വ്യത്യസ്‌ത വശങ്ങൾ പ്രതിഫലിച്ചുകാണുന്നു എന്നു മാത്രം.

സമാനമായി, എബ്രായ തിരുവെഴുത്തുകൾ യഹോവയെ “കരുണയും കൃപയുമുള്ള . . . ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ള” ദൈവമായി വർണിച്ചിരിക്കുന്നു. എങ്കിലും യഹോവ ‘കുറ്റമുള്ളവനെ വെറുതെ വിടില്ലെന്നു’ നാം കാണുന്നു. (പുറപ്പാടു 34:6, 7) ദൈവനാമത്തിന്റെ അർഥത്തെ പ്രതിഫലിപ്പിക്കുന്നവയാണ്‌ ആ രണ്ടു വശങ്ങളും. “യഹോവ” എന്നതിന്റെ അക്ഷരാർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌. തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കാൻ ദൈവം എന്തെല്ലാം ആയിത്തീരണമോ അതെല്ലാം ആയിത്തീരുന്നു എന്നർഥം. (പുറപ്പാടു 3:13-15) അപ്പോഴും ദൈവത്തിന്‌ ഒരു മാറ്റവുമില്ല. യേശു പറഞ്ഞു: “നമ്മുടെ ദൈവമായ കർത്താവു [“യഹോവ,” NW] ഏക കർത്താവു [“യഹോവ,” NW].”—മർക്കൊസ്‌ 12:29.

എബ്രായ തിരുവെഴുത്തുകൾ നീങ്ങിപ്പോയോ?

പുതിയ ഗവേഷണഫലങ്ങൾ വെളിച്ചം കാണുകയോ ജനങ്ങളുടെ അഭിപ്രായത്തിന്‌ മാറ്റംവരുകയോ ഒക്കെ ചെയ്യുമ്പോൾ പാഠപുസ്‌തകങ്ങൾ മാറി പുതിയവ വരുന്നതു സാധാരണമാണ്‌. ആ വിധത്തിൽ എബ്രായ തിരുവെഴുത്തുകൾക്കു പകരം വന്നതാണോ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ? അല്ല.

തന്റെ ശുശ്രൂഷയെയും ശിഷ്യന്മാരുടെ എഴുത്തുകളെയും കുറിച്ചുള്ള രേഖ എബ്രായ തിരുവെഴുത്തുകളുടെ സ്ഥാനം കൈയടക്കണമെന്ന്‌ യേശു ഉദ്ദേശിച്ചിരുന്നെങ്കിൽ ഉറപ്പായും അവൻ അതു പറയുമായിരുന്നു. എന്നിരുന്നാലും, സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ്‌ യേശു ചെയ്‌തതിനെക്കുറിച്ച്‌ ലൂക്കൊസിന്റെ വിവരണം ഇപ്രകാരം പറയുന്നു: “[എബ്രായ തിരുവെഴുത്തുകളിൽ] മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു [അവൻ] അവർക്കു [രണ്ടു ശിഷ്യന്മാർക്ക്‌] വ്യാഖ്യാനിച്ചുകൊടുത്തു.” പിന്നീട്‌ യേശു വിശ്വസ്‌തരായ തന്റെ അപ്പൊസ്‌തലന്മാർക്കും മറ്റുള്ളവർക്കും പ്രത്യക്ഷപ്പെടുകയുണ്ടായി. വിവരണം തുടരുന്നു: “അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്‌തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നേ എന്നു പറഞ്ഞു.” (ലൂക്കൊസ്‌ 24:27, 44) എബ്രായ തിരുവെഴുത്തുകൾ കാലഹരണപ്പെട്ടിരുന്നെങ്കിൽ തന്റെ ഭൗമിക ശുശ്രൂഷ അവസാനിക്കാറായ ആ സമയത്തും അവൻ അതിൽനിന്ന്‌ ഉദ്ധരിക്കുമായിരുന്നോ?

ക്രിസ്‌തീയ സഭ രൂപംകൊണ്ടതിനുശേഷവും യേശുവിന്റെ അനുഗാമികൾ എബ്രായ തിരുവെഴുത്തുകളുടെ ഉപയോഗം നിറുത്തിയില്ല; നിവൃത്തിയേറാനുള്ള പ്രവചനങ്ങളും മൂല്യവത്തായ പാഠങ്ങൾ പഠിപ്പിച്ച മോശൈക ന്യായപ്രമാണത്തിലെ തത്ത്വങ്ങളും വിശ്വസ്‌തരായിരിക്കാൻ ക്രിസ്‌ത്യാനികളെ പ്രചോദിപ്പിക്കുന്ന പുരാതന ദൈവദാസരുടെ നല്ല മാതൃകകളും വിശേഷവത്‌കരിക്കാൻ അവർ അത്‌ ഉപയോഗിച്ചുപോന്നു. (പ്രവൃത്തികൾ 2:16-21; 1 കൊരിന്ത്യർ 9:9, 10; എബ്രായർ 11:1–12:1) ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനമുള്ളതും ആകുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. * (2 തിമൊഥെയൊസ്‌ 3:16, 17) എബ്രായ തിരുവെഴുത്തുകൾ ഇന്ന്‌ പ്രയോജനപ്രദമായിരിക്കുന്നത്‌ എങ്ങനെയാണ്‌?

അനുദിന ജീവിതത്തിൽ വഴികാട്ടി

ഇന്നത്തെ വർഗീയ മുൻവിധികളുടെ കാര്യംതന്നെ എടുക്കുക. ഒരു പൂർവ യൂറോപ്യൻ നഗരത്തിൽനിന്നുള്ള 21-കാരനായ ഒരു എത്യോപ്യൻ പറയുന്നതു കേൾക്കുക. “ഞങ്ങൾക്ക്‌ എവിടെയെങ്കിലും പോകണമെങ്കിൽ സംഘം ചേർന്നു പോകണം. ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ ആക്രമിക്കപ്പെടാൻ സാധ്യത കുറവാണ്‌.” അദ്ദേഹം തുടരുന്നു: “വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങാൻ പറ്റില്ല, സബ്‌വേയിൽ പ്രത്യേകിച്ച്‌. ഞങ്ങളെ കാണുമ്പോൾ ഞങ്ങളുടെ നിറമാണ്‌ ആളുകൾ ശ്രദ്ധിക്കുന്നത്‌.” ഈ വർണ വിവേചനത്തെക്കുറിച്ച്‌ എബ്രായ തിരുവെഴുത്തുകൾ എന്തെങ്കിലും പറയുന്നുണ്ടോ?

പുരാതന ഇസ്രായേല്യരോടു ദൈവം ഇങ്ങനെ പറഞ്ഞു: “പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.” (ലേവ്യപുസ്‌തകം 19:33, 34) അതേ, പുരാതന ഇസ്രായേലിലെ ആ നിയമം കുടിയേറിപ്പാർക്കുന്നവരോട്‌ അഥവാ “പരദേശി”കളോട്‌ പരിഗണന കാണിക്കാൻ അനുശാസിച്ചു. എബ്രായ തിരുവെഴുത്തുകളിൽ ആ നിയമം ഇന്നും കാണാം. ആ നിയമത്തിൽ അന്തർലീനമായിരിക്കുന്ന തത്ത്വങ്ങൾക്ക്‌ ഇന്നത്തെ വർഗീയ മുൻവിധികൾ പിഴുതെറിയാനാകും എന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

പണപരമായ കാര്യങ്ങളിൽ വിശദമായ ഉപദേശം നൽകുന്നില്ലെങ്കിലും പണം ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച്‌ എബ്രായ തിരുവെഴുത്തുകൾ പ്രായോഗിക നിർദേശങ്ങൾ നൽകുകതന്നെ ചെയ്യുന്നു. ഉദാഹരണത്തിന്‌, “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്ന്‌ സദൃശവാക്യങ്ങൾ 22:7 പറയുന്നു. യാതൊരു ചിന്തയുമില്ലാതെ കടം വാങ്ങിക്കൂട്ടുന്നത്‌ സാമ്പത്തിക പരാധീനതയിലേക്കു വലിച്ചിഴയ്‌ക്കും എന്നതിനോട്‌ പല സാമ്പത്തിക ഉപദേഷ്ടാക്കളും യോജിക്കും.

മാത്രമല്ല, ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായ പണത്തിനു പിന്നാലെയുള്ള നെട്ടോട്ടത്തെക്കുറിച്ച്‌ മാനവ ചരിത്രത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ശലോമോൻ രാജാവ്‌ വിവരിക്കുകയുണ്ടായി. അദ്ദേഹം എഴുതി: “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്‌തിവരുന്നില്ല. അതും മായ അത്രേ.” (സഭാപ്രസംഗി 5:10) എത്ര ജ്ഞാനവത്തായ മുന്നറിയിപ്പ്‌!

ഭാവി സംബന്ധിച്ച പ്രത്യാശ

മുഴുബൈബിളിനും ഒരൊറ്റ പ്രമേയമാണ്‌ ഉള്ളത്‌: യേശുക്രിസ്‌തുവിന്റെ കീഴിലുള്ള ദൈവരാജ്യം. ദൈവത്തിന്റെ പരമാധികാരം സംസ്ഥാപിക്കാനും അവന്റെ നാമം വിശുദ്ധീകരിക്കാനുമുള്ള സരണിയാണത്‌.—ദാനീയേൽ 2:44; വെളിപ്പാടു 11:15.

എബ്രായ തിരുവെഴുത്തുകൾ ദൈവരാജ്യത്തിൻ കീഴിലെ ജീവിതത്തിന്റെ വിശദാംശങ്ങളെക്കുറിച്ച്‌ നമ്മെ പഠിപ്പിക്കുന്നു. അത്‌ നമുക്ക്‌ ആശ്വാസം പകരുന്നു; ആ ആശ്വാസത്തിന്റെ ഉറവായ യഹോവയാം ദൈവത്തിലേക്ക്‌ നമ്മെ അടുപ്പിക്കുന്നു. ഉദാഹരണത്തിന്‌ അവിടെ മനുഷ്യരും മൃഗങ്ങളും ഐക്യത്തിലായിരിക്കുമെന്ന്‌ പ്രവാചകനായ യെശയ്യാവ്‌ മുൻകൂട്ടിപ്പറഞ്ഞു: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും.” (യെശയ്യാവു 11:6-8) എത്ര സുന്ദരമായ പ്രത്യാശ!

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത വർഗീയ, വംശീയ മുൻവിധികൾക്കോ മാരകമായ രോഗങ്ങൾക്കോ സാമ്പത്തിക പ്രശ്‌നങ്ങൾക്കോ ഇരയായിരിക്കുന്നവരെ സംബന്ധിച്ചെന്ത്‌? ക്രിസ്‌തുവിനെക്കുറിച്ച്‌ എബ്രായ തിരുവെഴുത്തുകൾ പ്രാവചനികമായി ഇപ്രകാരം പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.” (സങ്കീർത്തനം 72:12, 13) ആ വാഗ്‌ദാനങ്ങൾ പ്രയോജനപ്രദമാണ്‌; കാരണം അവയിൽ വിശ്വസിക്കുന്നവർക്ക്‌ പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടെ ഭാവിയിലേക്കു നോക്കാനാകും.—എബ്രായർ 11:6.

അപ്പൊസ്‌തലനായ പൗലൊസ്‌, “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു” എന്നു പറയാൻ പ്രേരിതനായതിൽ അതിശയിക്കാനില്ല. (റോമർ 15:4) അതേ, എബ്രായ തിരുവെഴുത്തുകൾ ഇപ്പോഴും ദൈവവചനത്തിന്റെ, അതായത്‌ ബൈബിളിന്റെ, ഭാഗംതന്നെയാണ്‌. അതിന്നും പ്രസക്തമാണ്‌. മുഴുബൈബിളും എന്തു പഠിപ്പിക്കുന്നു എന്നു മനസ്സിലാക്കാനും അങ്ങനെ അതിന്റെ ഗ്രന്ഥകാരനായ യഹോവയാം ദൈവത്തോട്‌ അടുക്കാനും നിങ്ങൾ സകല ശ്രമവും ചെയ്യും എന്നുതന്നെയാണ്‌ ഞങ്ങളുടെ പ്രതീക്ഷ.—സങ്കീർത്തനം 119:111, 112.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഈ ലേഖനത്തിൽ എബ്രായ തിരുവെഴുത്തുകൾ എന്നു പറയുമ്പോൾ ഞങ്ങൾ ഉദ്ദേശിക്കുന്നത്‌ പഴയനിയമത്തെയാണ്‌. (6-ാം പേജിലെ “പഴയനിയമമോ അതോ എബ്രായ തിരുവെഴുത്തുകളോ?” എന്ന ചതുരം കാണുക.) അതുപോലെതന്നെ, യഹോവയുടെ സാക്ഷികൾ പുതിയനിയമത്തെ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ എന്നാണു സാധാരണ വിളിക്കുന്നത്‌.

^ ഖ. 13 ഇന്ന്‌ മൂല്യവത്തായ അനേകം തത്ത്വങ്ങൾ എബ്രായ തിരുവെഴുത്തുകളിൽ അടങ്ങിയിട്ടുണ്ട്‌. പക്ഷേ ഒന്നുണ്ട്‌, ദൈവം മോശെ മുഖാന്തരം ഇസ്രായേൽ ജനതയ്‌ക്കു കൊടുത്ത നിയമത്തിൻ കീഴിലല്ല ക്രിസ്‌ത്യാനികൾ.

[6-ാം പേജിലെ ചതുരം]

പഴയനിയമമോ അതോ എബ്രായ തിരുവെഴുത്തുകളോ?

സത്യവേദപുസ്‌തകത്തിൽ 2 കൊരിന്ത്യർ 3:14-ൽ “പഴയനിയമം” എന്ന പ്രയോഗം കാണാനാകും. “നിയമം” എന്നതിന്‌ അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഡൈതിക്കെ എന്നതാണ്‌. എന്നാൽ ഓശാന ബൈബിൾ പോലുള്ള ചില ആധുനിക ഭാഷാന്തരങ്ങൾ ഡൈതിക്കെ എന്നതിനെ “നിയമം” എന്നല്ല മറിച്ച്‌ “ഉടമ്പടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. കാരണം?

നിഘണ്ടുനിർമാതാവായ എഡ്വർഡ്‌ റോബിൻസൺ ഇങ്ങനെ പ്രസ്‌താവിച്ചു: “പുരാതന ഉടമ്പടി അടങ്ങിയിരിക്കുന്നത്‌ മോശെയുടെ പുസ്‌തകങ്ങളിൽ ആയതിനാൽ [ഡൈതിക്കെ], ഉടമ്പടിയുടെ പുസ്‌തകത്തെ, മോശയുടെ എഴുത്തുകളെ, അതായത്‌ നിയമത്തെ കുറിക്കുന്നു.” 2 കൊരിന്ത്യർ 3:14-ൽ അപ്പൊസ്‌തലനായ പൗലൊസ്‌ മോശെയുടെ ന്യായപ്രമാണത്തെയാണ്‌ പരാമർശിച്ചത്‌. അത്‌ ക്രിസ്‌തീയ പൂർവ-തിരുവെഴുത്തുകളുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.

അതുകൊണ്ട്‌ വിശുദ്ധ ബൈബിളിന്റെ ആദ്യത്തെ 39 പുസ്‌തകങ്ങൾക്ക്‌ ഏതു പേരാണ്‌ ഏറ്റവും യോജിക്കുന്നത്‌? ബൈബിളിന്റെ ഈ ഭാഗം പഴഞ്ചനോ കാലഹരണപ്പെട്ടതോ ആണെന്ന്‌ യേശുക്രിസ്‌തുവോ അനുയായികളോ പറഞ്ഞില്ല; മറിച്ച്‌ ‘തിരുവെഴുത്തുകൾ’ എന്നും ‘വിശുദ്ധരേഖകൾ’ എന്നുമാണ്‌ അവർ അതിനെ വിളിച്ചത്‌. (മത്തായി 21:42; റോമർ 1:1, 2) ആയതിനാൽ ഈ ദിവ്യ അരുളപ്പാടുകൾക്കു ചേർച്ചയിൽ യഹോവയുടെ സാക്ഷികൾ പഴയനിയമത്തെ എബ്രായ തിരുവെഴുത്തുകൾ എന്നാണു വിളിക്കുന്നത്‌; കാരണം ആ ഭാഗം ആദ്യം എഴുതപ്പെട്ടത്‌ മുഖ്യമായും എബ്രായയിലാണ്‌. സമാനമായി, പുതിയനിയമം എന്നു പറയപ്പെടുന്ന ഭാഗത്തെ അവർ വിളിക്കുന്നത്‌ ഗ്രീക്കു തിരുവെഴുത്തുകൾ എന്നാണ്‌; ആ ഭാഗം എഴുതാൻ ദൈവം നിയോഗിച്ചവർ ഗ്രീക്കു ഭാഷ ഉപയോഗിച്ചു എന്നതാണു കാരണം.

[4-ാം പേജിലെ ചിത്രങ്ങൾ]

ഒരു വ്യക്തിക്ക്‌ നല്ലൊരു ജഡ്‌ജിയും സ്‌നേഹനിധിയായ ഒരച്ഛനും സുഹൃത്തും ആയിരിക്കാനാകും

[5-ാം പേജിലെ ചിത്രം]

യേശു ശുശ്രൂഷയിലുടനീളം എബ്രായ തിരുവെഴുത്തുകൾ ഉപയോഗിച്ചു

[7-ാം പേജിലെ ചിത്രങ്ങൾ]

ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഏതു ബൈബിൾ തത്ത്വങ്ങൾ ഒരു വ്യക്തിയെ സഹായിച്ചേക്കാം?