വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിനന്ദിക്കാനുള്ള അവസരങ്ങൾ പാഴാക്കരുത്‌!

അഭിനന്ദിക്കാനുള്ള അവസരങ്ങൾ പാഴാക്കരുത്‌!

അഭിനന്ദിക്കാനുള്ള അവസരങ്ങൾ പാഴാക്കരുത്‌!

‘എന്റെ തൊഴിലുടമ വളരെ വിരളമായേ എന്നെ അഭിനന്ദിക്കാറുള്ളൂ’ എന്ന്‌ ആരെങ്കിലും പരാതിപ്പെടുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ? ആകട്ടെ, അതേ പരാതി നിങ്ങൾക്കുമുണ്ടോ? ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആണു നിങ്ങളെങ്കിൽ മാതാപിതാക്കന്മാരെയും ഗുരുക്കന്മാരെയും സംബന്ധിച്ചു നിങ്ങൾക്കു പറയാനുള്ളത്‌ അതുതന്നെയാണോ?

ന്യായമായ പരാതികളായിരിക്കാം അതിൽ ചിലത്‌. എന്നാൽ, തൊഴിലുടമ അഭിനന്ദിക്കാത്തതിനെക്കാൾ അയാൾ തങ്ങളോടു വ്യക്തിപരമായ താത്‌പര്യം കാണിക്കാത്തതാണ്‌ അങ്ങനെ പരാതിപ്പെടുന്ന തൊഴിലാളികളെ കൂടുതൽ അലട്ടുന്നതെന്ന്‌ ഒരു ജർമൻ ഗവേഷകൻ പറയുന്നു. എന്തായിരുന്നാലും നിശ്ചയമായും എന്തിന്റെയോ അഭാവമുണ്ട്‌. അതേ, സംതൃപ്‌തിദായകമായ ബന്ധങ്ങൾക്ക്‌ ഊടുംപാവും നെയ്യാൻ അഭിനന്ദനവും വ്യക്തിപരമായ താത്‌പര്യവും കൂടിയേ തീരൂ.

ആരാധനയുടെ കാര്യത്തിലും ഇതു സത്യമാണ്‌. പരസ്‌പരം സ്‌നേഹിക്കുകയും അഭിനന്ദിക്കുകയും വ്യക്തിപരമായ താത്‌പര്യമെടുക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷമായിരിക്കണം ക്രിസ്‌തീയ സഭയിൽ. ബൈബിളിലെ മാർഗനിർദേശങ്ങൾ പിൻപറ്റുന്നതിലൂടെയാണ്‌ സഭാംഗങ്ങൾ അത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും നിലനിറുത്തുകയും ചെയ്യുന്നത്‌. നമ്മുടെ സഭ എത്രമാത്രം സ്‌നേഹനിർഭരമാണെങ്കിലും ശരി, പുരോഗമിക്കാനുള്ള മണ്ഡലങ്ങൾ എല്ലായ്‌പോഴും ഉണ്ടായിരിക്കും. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട്‌ അഭിനന്ദിക്കുന്നതിൽ നല്ല മാതൃകവെച്ച മൂന്നുപേരെക്കുറിച്ചു നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം. ക്രിസ്‌തീയ പൂർവ കാലത്തെ ദൈവദാസനായിരുന്ന എലീഹൂ, അപ്പൊസ്‌തലനായ പൗലൊസ്‌, യേശുക്രിസ്‌തു എന്നിവരാണവർ.

ബുദ്ധിയുപദേശം—മര്യാദയോടെയും ആദരവോടെയും

സാധ്യതയനുസരിച്ച്‌, അബ്രഹാമിന്റെ അകന്ന ഒരു ബന്ധുവായിരുന്നു എലീഹൂ. യഹോവയുമായുള്ള ബന്ധം സംബന്ധിച്ച്‌ ഒരു സന്തുലിത വീക്ഷണം നേടാൻ ഇയ്യോബിനെ സഹായിച്ച അദ്ദേഹം, മര്യാദയും ആദരവും ഉണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു. സംസാരിക്കാനുള്ള തന്റെ ഊഴത്തിനായി അദ്ദേഹം ക്ഷമയോടെ കാത്തുനിന്നു. കൂടാതെ, കുറ്റം മാത്രം കണ്ടെത്താൻ ശ്രമിച്ച ഇയ്യോബിന്റെ വ്യാജ സുഹൃത്തുക്കളിൽനിന്നു വിഭിന്നമായി എലീഹൂ ഇയ്യോബിനു ബുദ്ധിയുപദേശം നൽകുക മാത്രമല്ല നേരായ ജീവിതഗതിയെ പ്രതി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. ആ വ്യാജ സുഹൃത്തുക്കളിൽനിന്നും വ്യത്യസ്‌തമായി ഇയ്യോബിനെ പേരുപയോഗിച്ച്‌ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം ഊഷ്‌മളതയും ഒരു സുഹൃത്തെന്ന നിലയിലുള്ള വ്യക്തിപരമായ താത്‌പര്യവും കാണിച്ചു. വിനീതമായി അദ്ദേഹം ഇങ്ങനെ അഭ്യർഥിച്ചു: “എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.” ആദരപൂർവം ഇയ്യോബിന്റെ സ്ഥാനത്തു തന്നെ സങ്കൽപ്പിച്ചുകൊണ്ട്‌ എലീഹൂ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.” തുടർന്ന്‌ ഇയ്യോബിനെ അഭിനന്ദിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്‌പര്യം.”—ഇയ്യോബ്‌ 33:1, 6, 32.

മറ്റുള്ളവരോടു മര്യാദയോടെയും ആദരവോടെയും ഇടപെടുന്നത്‌ ഒരർഥത്തിൽ അവരെ അഭിനന്ദിക്കുന്നതുപോലെയാണ്‌. ഫലത്തിൽ, നാം അവർക്ക്‌ പിൻവരുന്ന സന്ദേശമാണു നൽകുന്നത്‌: ‘നിങ്ങൾ എന്റെ ശ്രദ്ധയും ആദരവും അർഹിക്കുന്നു.’ അങ്ങനെ അവരോടുള്ള സ്‌നേഹവും വ്യക്തിപരമായ താത്‌പര്യവും നാം കാണിക്കുന്നു.

വിനയവും മര്യാദയും ഉണ്ടായിരിക്കുന്നതിൽ നല്ല നടപ്പു സംബന്ധിച്ച ചിട്ടവട്ടങ്ങൾ പിൻപറ്റുന്നതിലധികം ഉൾപ്പെടുന്നു. നാം കാണിക്കുന്ന വിനയവും മര്യാദയും ആത്മാർഥവും ഹൃദയംഗമവും ആയിരുന്നാൽ മാത്രമേ മറ്റുള്ളവരുടെ ഹൃദയത്തിൽ നമുക്ക്‌ ഇടം ലഭിക്കുകയുള്ളൂ. അതു യഥാർഥ താത്‌പര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതിഫലനമായിരിക്കണം.

നയം പ്രകടമാക്കാൻ—അഭിനന്ദനം

മറ്റുള്ളവരെ അഭിനന്ദിക്കുന്നത്‌ നയം പ്രകടമാക്കാനുള്ള ഒരു മാർഗമാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ കാണിച്ചുതന്നു. ഉദാഹരണത്തിന്‌, രണ്ടാം മിഷനറി പര്യടനത്തിൽ അഥേനയിലുള്ളവരോട്‌ പ്രസംഗിക്കവേ ചില ഗ്രീക്കു തത്ത്വചിന്തകരുടെ മുമ്പാകെ പൗലൊസ്‌ ക്രിസ്‌ത്യാനിത്വത്തിനുവേണ്ടി വാദിച്ചു. പ്രയാസകരമായ ആ സാഹചര്യത്തെ നയപൂർവം അദ്ദേഹം കൈകാര്യം ചെയ്‌തത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. “എപ്പിക്കൂര്യരും സ്‌തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റുചിലരും പറഞ്ഞു.” (പ്രവൃത്തികൾ 17:18) അത്തരം അഭിപ്രായ പ്രകടനങ്ങൾ കേട്ടിട്ടും ആത്മസംയമം കൈവെടിയാതെ പൗലൊസ്‌ ഇവ്വിധം പ്രതിവചിച്ചു: “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.” അവരുടെ വിഗ്രഹാരാധനയെ കുറ്റംവിധിക്കുന്നതിനു പകരം അവരുടെ മതനിഷ്‌ഠയെ അദ്ദേഹം പ്രശംസിച്ചു.—പ്രവൃത്തികൾ 17:22.

പൗലൊസ്‌ കാപട്യത്തോടെ പ്രവർത്തിക്കുകയായിരുന്നോ? അല്ലായിരുന്നു. മറ്റുള്ളവരെ വിധിക്കാൻ താനാരുമല്ലെന്നും താനും ഒരിക്കൽ സത്യം സബന്ധിച്ച്‌ അജ്ഞനായിരുന്നെന്നും ഉള്ള കാര്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. മറ്റുള്ളവരെ വിധിക്കുക എന്നതല്ലായിരുന്നു അദ്ദേഹത്തിന്റെ നിയമനം; മറിച്ച്‌ ദിവ്യ സന്ദേശം അറിയിക്കുക എന്നതായിരുന്നു. സ്വന്തം അനുഭവത്തിൽനിന്ന്‌ അദ്ദേഹം പിൻവരുന്ന ഈ വസ്‌തുത തിരിച്ചറിഞ്ഞിരുന്നു: വ്യാജമതത്തിന്റെ ആത്മാർഥരായ ചില വക്താക്കൾ കാലാന്തരത്തിൽ സത്യമതത്തിന്റെ ഉറച്ച പിന്തുണക്കാരായിത്തീരുന്നു. ഇന്നത്തെ യഹോവയുടെ സാക്ഷികളിൽ പലരും സമാനമായി ഈ വസ്‌തുത തിരിച്ചറിഞ്ഞിട്ടുണ്ട്‌.

പൗലൊസിന്റെ വിജയപ്രദമായ സമീപനം മികച്ച ഫലം ഉളവാക്കി. “ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരിസ്‌ എന്നു പേരുള്ളോരു സ്‌ത്രീയും മറ്റുചിലരും ഉണ്ടായിരുന്നു.” (പ്രവൃത്തികൾ 17:34) സൂക്ഷ്‌മ പരിജ്ഞാനം ഇല്ലായിരുന്ന അഥേനക്കാരെ കുറ്റം വിധിക്കുന്നതിനു പകരം ആത്മാർഥമായ അവരുടെ വിശ്വാസത്തെപ്രതി—അതു തെറ്റായിരുന്നെങ്കിൽപ്പോലും—അവരെ അഭിനന്ദിച്ച പൗലൊസ്‌ എത്ര ബുദ്ധിപരമായിട്ടാണു പ്രവർത്തിച്ചത്‌! തെറ്റായ വിവരങ്ങളാൽ വഴിതെറ്റിക്കപ്പെട്ടിരിക്കുന്ന ആളുകൾ പലപ്പോഴും സഹൃദയത്തിന്‌ ഉടമകളാണ്‌.

ഹെരോദാവ്‌ അഗ്രിപ്പാ രണ്ടാമൻ രാജാവിന്റെ മുമ്പാകെ സംസാരിക്കുമ്പോഴും പൗലൊസ്‌ നയപരമായ സമീപനം കൈക്കൊണ്ടു. ഹെരോദാവ്‌ തന്റെ സഹോദരിയായ ബെർന്നീക്കയുമായി അവിഹിതബന്ധം പുലർത്തിയിരുന്നതു ‘നാട്ടിലെല്ലാം പാട്ടായിരുന്നു.’ ദൈവവചനം അതു ശക്തമായി കുറ്റം വിധിക്കുകയും ചെയ്‌തിരുന്നു. എങ്കിലും വിമർശിക്കുന്ന വിധത്തിൽ യാതൊന്നും പൗലൊസ്‌ പറഞ്ഞില്ല. പകരം ഹെരോദാവിനെ അഭിനന്ദിക്കുന്നതിനുള്ള തക്കതായ ഒരു കാരണം അദ്ദേഹം കണ്ടെത്തി. “അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെമേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു, വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു.”—പ്രവൃത്തികൾ 26:1-3.

മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ സമാനമായ വിധത്തിൽ നയപരമായ ഒരു സമീപനം കൈക്കൊള്ളുന്നത്‌ എത്ര ജ്ഞാനമാണ്‌! ഒരു അയൽവാസിയെയോ സഹപാഠിയെയോ സഹജോലിക്കാരനെയോ അഭിനന്ദിക്കുന്നതു സമാധാനപരമായ ബന്ധങ്ങൾ ഉന്നമിപ്പിക്കുന്നതിനും സഭ്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഇടയാക്കും. അർഹമായ അഭിനന്ദനം നൽകിക്കൊണ്ടു ഹൃദയം കവരുകവഴി, തെറ്റായ ന്യായവാദങ്ങളുടെയും പ്രവൃത്തികളുടെയും സ്ഥാനത്ത്‌ സൂക്ഷ്‌മപരിജ്ഞാനത്തിൽ അധിഷ്‌ഠിതമായവ പ്രതിഷ്‌ഠിക്കുന്നതിന്‌ ആത്മാർഥരായവരെ സ്വാധീനിക്കാൻ ചിലപ്പോഴെങ്കിലും നമുക്കു സാധിച്ചേക്കും.

യേശു—അഭിനന്ദിക്കുന്നതിൽ തികവുറ്റ മാതൃക

മറ്റുള്ളവരെ യേശു അഭിനന്ദിച്ചു. ഉദാഹരണമായി, തന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം ദിവ്യ മാർഗനിർദേശപ്രകാരം യേശു അപ്പൊസ്‌തലനായ യോഹന്നാൻ മുഖാന്തരം ഏഷ്യാമൈനറിലെ ഏഴു സഭകളോടു സംസാരിക്കുകയുണ്ടായി. അഭിനന്ദനം അർഹിക്കുന്ന സഭകളെ അവൻ അഭിനന്ദിച്ചു. എഫെസൊസ്‌, പെർഗ്ഗമൊസ്‌, തുയഥൈര എന്നീ സഭകളെ അവൻ ഇപ്രകാരം അഭിനന്ദിച്ചു: ‘ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്‌നവും സഹിഷ്‌ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അറിയുന്നു’; “നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു.  . . നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല”; “ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്‌നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്‌ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.” ശക്തമായ ബുദ്ധിയുപദേശം ആവശ്യമായിരുന്ന സർദ്ദിസ്‌ സഭയിൽപ്പോലും അഭിനന്ദനാർഹരായ വ്യക്തികളെ യേശു ശ്രദ്ധിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദ്ദിസിൽ നിനക്കുണ്ടു. അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും.” (വെളിപ്പാടു 2:2, 13, 19; 3:4, 5) എന്തു നല്ല മാതൃക!

നമുക്കും യേശുവിന്റെ മാതൃക പിൻപറ്റാം. എങ്ങനെ? ഏതാനും ചിലരുടെ വീഴ്‌ചയ്‌ക്കു നാം ഒരിക്കലും മുഴുകൂട്ടത്തെയും കുറ്റപ്പെടുത്തരുത്‌, അതുപോലെതന്നെ ഉചിതമായ വിധത്തിൽ അഭിനന്ദിക്കാതെ ഒരിക്കലും ആവശ്യമായ ബുദ്ധിയുപദേശം നൽകരുത്‌. എന്നിരുന്നാലും, ബുദ്ധിയുപദേശം നൽകേണ്ടിവരുന്ന സന്ദർഭങ്ങളിൽ മാത്രമാണു നാം അഭിനന്ദിക്കുന്നത്‌ എങ്കിൽ നമ്മുടെ അഭിനന്ദനത്തിന്‌ ഉദ്ദേശിച്ച ഫലം ലഭിച്ചെന്നു വരില്ല. അഭിനന്ദിക്കുന്നതിൽ പിശുക്കു കാണിക്കരുത്‌! അങ്ങനെയാകുമ്പോൾ ബുദ്ധിയുപദേശം ആവശ്യമായ മറ്റവസരങ്ങളിൽ അതു സ്വീകരിക്കുന്നതിനു ആളുകൾ കൂടുതൽ മനസ്സൊരുക്കം കാണിക്കും.

ഉചിതമായ അഭിനന്ദനമേകുന്ന മൂപ്പന്മാർ

യഹോവയുടെ സാക്ഷികളുടെ യൂറോപ്പിലെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്ന കൊർനേലിയ 1970-കളിൽ നടന്ന ഒരു സംഭവം ഓർക്കുന്നു. അന്ന്‌ ഒരു സഞ്ചാര മേൽവിചാരകൻ സഹോദരിയോടു വ്യക്തിപരമായ പഠനത്തെയും മാസികകളുടെ വായനയെയും കുറിച്ചു ചോദിച്ചു. “എനിക്കു വല്ലാത്ത നാണക്കേടു തോന്നി,” സഹോദരി പറയുന്നു. എങ്കിലും മാസികകൾ മുഴുവനായി വായിച്ചു തീർക്കാൻ തനിക്കാകുന്നില്ലെന്ന്‌ അവർ സമ്മതിച്ചു. “എന്നെ ബുദ്ധിയുപദേശിക്കുന്നതിനു പകരം പറ്റുന്നത്ര വായിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞ്‌ അദ്ദേഹം എന്നെ അഭിനന്ദിക്കുകയാണുണ്ടായത്‌. അതിൽ അത്യധികം പ്രോത്സാഹിതയായ ഞാൻ തുടർന്നുവന്ന ഓരോ ലേഖനവും വായിക്കാൻ ദൃഢചിത്തയായിരുന്നു,” കൊർനേലിയ കൂട്ടിച്ചേർത്തു.

യൂറോപ്പിലെ ഒരു ബ്രാഞ്ചിൽ സേവിക്കുന്ന റേ തന്റെ പയനിയർ സേവനത്തിന്റെ ആദ്യ ദിവസം ഓർമിക്കുന്നു. ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും നിരവധി സഭാ ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്ന അധ്യക്ഷ മേൽവിചാരകൻ അന്നേ ദിവസം രാജ്യഹാളിൽ വന്നയുടനെ നേരെ റേയുടെ അടുക്കൽ വന്ന്‌ ഇങ്ങനെ ചോദിച്ചു: ‘പയനിയർ സേവനത്തിലെ ആദ്യ ദിവസം എങ്ങനെയിരുന്നു?’ ആ മൂപ്പൻ കാണിച്ച കരുതൽ 60-ഓളം വർഷങ്ങൾക്കു ശേഷം ഇന്നും റേയുടെ മനസ്സിൽ മായാതെ നിൽക്കുന്നു.

മേൽപ്രസ്‌താവിച്ച രണ്ട്‌ അനുഭവങ്ങളും കാണിക്കുന്നതുപോലെ, ആത്മാർഥതയും സ്‌നേഹവും തുളുമ്പുന്ന അഭിനന്ദനങ്ങൾക്ക്‌—കേവലം പൊള്ളയായ വാക്കുകളോ കഴമ്പില്ലാത്ത മുഖസ്‌തുതിയോ അല്ല—വിസ്‌മയാവഹമായ ഫലങ്ങൾ ഉളവാക്കാൻ സാധിക്കും. ക്രിസ്‌തീയ സഭയിൽ സഹവിശ്വാസികളെ അഭിനന്ദിക്കുന്നതിനു നമുക്കു ധാരാളം കാരണങ്ങളുണ്ട്‌. ഉദാഹരണത്തിന്‌, യഹോവയെ സേവിക്കാനുള്ള ആഗ്രഹം, നന്നായി തയ്യാർ ചെയ്‌ത്‌ പറയുന്ന ഉത്തരങ്ങൾ, പ്രസംഗങ്ങളോ പ്രകടനങ്ങളോ അഭിമുഖങ്ങളോ നടത്തുന്നതിൽ വരുത്തിയ അഭിവൃദ്ധി, പ്രസംഗ-പഠിപ്പിക്കൽ വേലയിലെ തീക്ഷ്‌ണത, രാജ്യതാത്‌പര്യങ്ങൾക്കും ആത്മീയ ലക്ഷ്യങ്ങൾക്കും മുൻഗണന കൊടുക്കുന്നതിനുള്ള ശ്രമം എന്നിവയ്‌ക്കെല്ലാം നമുക്ക്‌ അവരെ അഭിനന്ദിക്കാൻ കഴിയും. നാം മറ്റുള്ളവരെ അഭിനന്ദിക്കുമ്പോൾ നമുക്കു മഹത്തായ അനുഗ്രഹങ്ങൾ ലഭിക്കുന്നു. അതു നമ്മെ സന്തുഷ്ടരാക്കുന്നു; മാത്രമല്ല കാര്യങ്ങൾ ക്രിയാത്മകമായി വീക്ഷിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 20:35.

നല്ല പ്രവർത്തനങ്ങളുടെ പേരിൽ സഭയെ അഭിനന്ദിക്കാൻ മൂപ്പന്മാർ സദാ സന്നദ്ധരാണ്‌. അതേസമയം ബുദ്ധിയുപദേശം ആവശ്യമുള്ളപ്പോൾ അവർ അതു സ്‌നേഹപുരസ്സരം നൽകുകയും ചെയ്യുന്നു. എന്നാൽ പൂർണതയിൽ കുറഞ്ഞ എന്തും ഗുരുതരമായ വീഴ്‌ചയായി കാണത്തക്കവിധം അവർ പൂർണത പ്രതീക്ഷിക്കുകയില്ല.

സഭാമൂപ്പന്മാർ, മര്യാദയും സ്‌നേഹദയയും ആദരവും പ്രകടമാക്കിയ എലീഹൂവിന്റെയും നയപരമായ സമീപനം കൈക്കൊണ്ട പൗലൊസിന്റെയും സ്‌നേഹപൂർവകമായ കരുതൽ പ്രകടമാക്കിയ യേശുവിന്റെയും മാതൃകകൾ പകർത്തുമ്പോൾ സഹോദരങ്ങൾക്ക്‌ അവർ യഥാർഥ പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കും. അഭിനന്ദനം, കൂടുതൽ ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്നു മാത്രമല്ല സന്തോഷകരമായ നല്ല ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്യും. സ്‌നാപനത്തോട്‌ അനുബന്ധിച്ച്‌, തന്റെ സ്വർഗീയ പിതാവിൽനിന്ന്‌ “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന അഭിനന്ദനവാക്കുകൾ കേട്ടപ്പോൾ യേശുവിന്‌ എത്രമാത്രം സന്തോഷം തോന്നിയിരിക്കണം. (മർക്കൊസ്‌ 1:11) ആത്മാർഥമായ, അർഥവത്തായ അഭിനന്ദനങ്ങളാൽ നമുക്കും നമ്മുടെ സഹോദരങ്ങൾക്ക്‌ ആനന്ദം പകരാം.

[15-ാം പേജിലെ ചിത്രങ്ങൾ]

പൗലൊസിന്റെ നയപരമായ സമീപനം സത്‌ഫലങ്ങൾ ഉളവാക്കി, നമ്മുടേതിനും അതേ ഫലംതന്നെ ലഭിക്കും

[16-ാം പേജിലെ ചിത്രം]

ഊഷ്‌മളവും ആത്മാർഥവുമായ അഭിനന്ദനം വിസ്‌മയാവഹമായ ഫലങ്ങൾ ഉളവാക്കും