വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേട്ടക്കാരന്റെ കെണികളിൽനിന്നു വിടുതൽ

വേട്ടക്കാരന്റെ കെണികളിൽനിന്നു വിടുതൽ

വേട്ടക്കാരന്റെ കെണികളിൽനിന്നു വിടുതൽ

“[യഹോവ] നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നു . . . വിടുവിക്കും.”—സങ്കീർത്തനം 91:3.

1. ആരാണ്‌ ‘വേട്ടക്കാരൻ,’ അവൻ അപകടകാരി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

സത്യക്രിസ്‌ത്യാനികളായ സകലരും ഒരു ഇരപിടിയന്റെ നിരീക്ഷണത്തിലാണ്‌. മനുഷ്യരെക്കാൾ ബുദ്ധിശക്തിയും കൗശലവുമുള്ള ഈ ഇരപിടിയനെ സങ്കീർത്തനം 91:3 ‘വേട്ടക്കാരൻ’ എന്നാണു വിളിക്കുന്നത്‌. ആരാണ്‌ ഈ ശത്രു? അതു പിശാചായ സാത്താനാണെന്ന്‌ ഈ മാസിക അതിന്റെ 1883 ജൂൺ 1 ലക്കം മുതൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഒരു വേട്ടക്കാരൻ പക്ഷിയെ കെണിയിലാക്കാൻ ശ്രമിക്കുന്നതുപോലെ, കരുത്തനായ ഈ ശത്രു യഹോവയുടെ ജനത്തെ വഴിതെറ്റിച്ചു കെണിയിൽ വീഴ്‌ത്താൻ കൗശലപൂർവം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

2. സാത്താനെ ഒരു വേട്ടക്കാരനോട്‌ ഉപമിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

2 മധുരഗാനം കേൾക്കാനും അഴക്‌ ആസ്വദിക്കാനും ഭക്ഷിക്കാനും യാഗമർപ്പിക്കാനുമൊക്കെയാണു പുരാതനകാലത്തു പക്ഷികളെ പിടികൂടിയിരുന്നത്‌. പക്ഷേ, സ്വതവേ നിതാന്ത ജാഗ്രതയും ഭയവുമുള്ള ഇവയെ പിടിക്കാൻ അത്ര എളുപ്പമല്ല. അതുകൊണ്ട്‌ ബൈബിൾ കാലങ്ങളിലെ ഒരു പക്ഷിപിടിത്തക്കാരൻ, താൻ പിടിക്കാൻ ഉദ്ദേശിക്കുന്ന പക്ഷികളുടെ പ്രത്യേകതകളും ശീലങ്ങളും ആദ്യംതന്നെ ശ്രദ്ധാപൂർവം പഠിക്കുകയും തുടർന്ന്‌ അവയെ കെണിയിലാക്കാനുള്ള കൗശലം മെനയുകയുമാണു ചെയ്‌തിരുന്നത്‌. സാത്താനെ ബൈബിൾ ഒരു വേട്ടക്കാരനോട്‌ ഉപമിച്ചിരിക്കുന്നത്‌, അവന്റെ കൗശലങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. പിശാച്‌ നമ്മിൽ ഓരോരുത്തരെയും പഠിക്കുന്നു. അവൻ നമ്മുടെ ശീലങ്ങളും സ്വഭാവവിശേഷങ്ങളും നിരീക്ഷിക്കുകയും നമ്മെ പിടിക്കാനായി തന്ത്രപൂർവം കെണികളൊരുക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 2:26) അവന്റെ കെണിയിൽപ്പെട്ടാൽ, അതു ദൈവവുമായുള്ള നമ്മുടെ ബന്ധം തകർക്കുകയും അന്തിമമായി നമ്മെ നിത്യനാശത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യും. അതിനാൽ സുരക്ഷയെപ്രതി നാം ഈ “വേട്ടക്കാര”ന്റെ കെണികളെ തിരിച്ചറിയേണ്ടതുണ്ട്‌.

3, 4. സാത്താന്റെ തന്ത്രങ്ങൾ ഒരു സിംഹത്തിന്റേതുപോലെ ആയിരിക്കുന്നത്‌ എപ്പോൾ, അണലിയുടേതുപോലെ ആയിരിക്കുന്നത്‌ എപ്പോൾ?

3 വളരെ വ്യക്തമായ ഭാഷയിൽ സങ്കീർത്തനക്കാരൻ സാത്താന്റെ തന്ത്രങ്ങളെ ബാലസിംഹത്തിന്റെയോ അണലിയെപ്പോലുള്ള വിഷപ്പാമ്പുകളുടെയോ തന്ത്രങ്ങളോട്‌ ഉപമിച്ചിരിക്കുന്നു. (സങ്കീർത്തനം 91:13) ചിലപ്പോഴൊക്കെ, സിംഹത്തെപ്പോലെ സാത്താൻ നേരിട്ടുള്ള ആക്രമണം അഴിച്ചുവിടാറുണ്ട്‌. യഹോവയുടെ ജനത്തെ പീഡിപ്പിച്ചുകൊണ്ടോ അവർക്കെതിരെയുള്ള നിയമ നടപടികളിലൂടെയോ ആയിരിക്കാം അതു ചെയ്യുന്നത്‌. (സങ്കീർത്തനം 94:20) അതു നിമിത്തം ചിലർ യഹോവയെ ഉപേക്ഷിച്ചുപോയേക്കാം. എങ്കിലും അത്തരം ആക്രമണങ്ങൾ ഒരു തിരിച്ചടിയെന്നോണം യഹോവയുടെ ജനത്തെ ഏകീകരിക്കുന്നതായാണു പൊതുവേ കണ്ടുവരുന്നത്‌. എന്നാൽ സാത്താൻ അവലംബിക്കുന്ന, അണലിയുടേതുപോലുള്ള ഏറെ കുടിലമായ ആക്രമണങ്ങളുടെ കാര്യമോ?

4 ഒളിഞ്ഞിരുന്ന്‌ ആക്രമിക്കുന്ന ഒരു വിഷപ്പാമ്പിനെപ്പോലെ വഞ്ചകവും മാരകവുമായ ആക്രമണങ്ങൾ നടത്താൻ സാത്താൻ തന്റെ അമാനുഷ ബുദ്ധിശക്തി ഉപയോഗിക്കുന്നു. അങ്ങനെ, ദൈവജനത്തിൽ ചിലരുടെ മനസ്സിനെ വിഷലിപ്‌തമാക്കുകയും യഹോവയുടേതിനു പകരം തന്റെ ഇഷ്ടംചെയ്യാൻ അവരെ വശീകരിച്ച്‌ ദാരുണമായ പരിണതഫലങ്ങൾക്ക്‌ ഇരകളാക്കിത്തീർക്കുകയും ചെയ്യുന്നതിൽ സാത്താൻ വിജയിച്ചിരിക്കുന്നു. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച്‌ അറിയാവുന്നതിൽ നാം എത്ര സന്തുഷ്ടരാണ്‌! (2 കൊരിന്ത്യർ 2:11) ഈ ‘വേട്ടക്കാരൻ’ ഉപയോഗിക്കുന്ന വിനാശകമായ നാലു കെണികളെക്കുറിച്ച്‌ നമുക്കിപ്പോൾ പരിചിന്തിക്കാം.

മനുഷ്യഭയം

5. മനുഷ്യഭയം എന്ന കെണി വളരെ ഫലപ്രദമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടിയുള്ള മനുഷ്യന്റെ സ്വാഭാവിക ആഗ്രഹം ഈ ‘വേട്ടക്കാരന്‌’ അറിയാം. മറ്റുള്ളവരുടെ വികാരവിചാരങ്ങളെ ക്രിസ്‌ത്യാനികൾ കണ്ണുമടച്ച്‌ അപ്പാടെ തള്ളിക്കളയുകയില്ല. അതിനാൽ, തങ്ങളെക്കുറിച്ചു മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്തയെ മുതലെടുക്കാൻ പിശാച്‌ ശ്രമിക്കും. ഉദാഹരണത്തിന്‌ അവൻ ദൈവജനത്തിൽ ചിലരെ മനുഷ്യഭയം എന്ന കെണിവെച്ചു പിടിക്കാറുണ്ട്‌. (സദൃശവാക്യങ്ങൾ 29:25) മനുഷ്യഭയം നിമിത്തം, ദൈവദാസന്മാർ യഹോവ വിലക്കുന്നതു ചെയ്യുന്നതിൽ മറ്റുള്ളവരോടു ചേരുകയോ ദൈവവചനം ആവശ്യപ്പെടുന്നതു ചെയ്യാതിരിക്കുകയോ ആണെങ്കിൽ അവർ “വേട്ടക്കാരന്റെ” കെണിയിൽ കുടുങ്ങിയിരിക്കുകയാണ്‌.—യെഹെസ്‌കേൽ 33:8; യാക്കോബ്‌ 4:17.

6. ഒരു യുവവ്യക്തി “വേട്ടക്കാരന്റെ” കെണിയിൽ വീണേക്കാവുന്ന വിധം ഏതു ദൃഷ്ടാന്തം വ്യക്തമാക്കുന്നു?

6 സ്‌കൂളിൽ പോകുന്ന ഒരു കൗമാരക്കാരൻ കൂട്ടുകാരുടെ സമ്മർദത്തിനു വഴങ്ങി പുകവലിക്കുന്നുവെന്നു കരുതുക. അന്നു സ്‌കൂളിലേക്കു പോകുമ്പോൾ പുകവലിയെക്കുറിച്ച്‌ അവൻ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എങ്കിലും ഇപ്പോഴിതാ, സ്വന്തം ആരോഗ്യത്തിനു ഹാനികരവും ദൈവത്തെ അപ്രീതിപ്പെടുത്തുന്നതുമായ ഒരു പ്രവൃത്തിയിൽ അവൻ ഏർപ്പെടുന്നു. (2 കൊരിന്ത്യർ 7:1) അവൻ എങ്ങനെയാണ്‌ അതിനു വഴിപ്പെട്ടത്‌? ചീത്ത കൂട്ടുകാരോടൊപ്പം കൂടിയ അവൻ, അവർ കളിയാക്കിയാലോ എന്നു ഭയപ്പെട്ടിരിക്കാം. യുവജനങ്ങളേ, നിങ്ങളെ വശീകരിച്ചു കെണിയിലാക്കാൻ ‘വേട്ടക്കാരനെ’ അനുവദിക്കരുത്‌! അവന്റെ കെണിയിൽ വീഴാതിരിക്കാൻ ചെറിയ കാര്യങ്ങളിൽപ്പോലും വിട്ടുവീഴ്‌ച ചെയ്യാതിരിക്കുക. മോശമായ സഹവാസത്തിനെതിരെയുള്ള ബൈബിളിന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുക.—1 കൊരിന്ത്യർ 15:33, NW.

7. ചില മാതാപിതാക്കളുടെ ആത്മീയ സമനില തെറ്റാൻ സാത്താൻ ഇടയാക്കിയേക്കാവുന്നത്‌ എങ്ങനെ?

7 കുടുംബത്തിനുവേണ്ടി കരുതാനുള്ള തിരുവെഴുത്തുപരമായ ഉത്തരവാദിത്വം ക്രിസ്‌തീയ മാതാപിതാക്കൾ വളരെ ഗൗരവമായെടുക്കുന്നു. (1 തിമൊഥെയൊസ്‌ 5:8) എങ്കിലും ഇക്കാര്യത്തിൽ അവരുടെ സമനില തെറ്റിച്ചുകളയുക എന്നതാണു സാത്താന്റെ ലക്ഷ്യം. കൂടുതൽ സമയം ജോലി ചെയ്യാനുള്ള മേലധികാരികളുടെ സമ്മർദത്തിനു വഴങ്ങി ചില ക്രിസ്‌ത്യാനികൾ യോഗങ്ങൾ മുടക്കുന്നത്‌ ഒരു ശീലമാക്കിയിരിക്കുകയാണ്‌. സഹാരാധകരോടൊത്തു യഹോവയെ സ്‌തുതിക്കാനുള്ള അവസരമൊരുക്കുന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്റെ മുഴുപരിപാടികളിൽനിന്നും പ്രയോജനം നേടേണ്ടതിനായി അവധി ചോദിക്കാൻ അവർക്കു ഭയമായിരിക്കാം. ‘യഹോവയിൽ ആശ്രയിക്കുക’ എന്നതാണ്‌ ഈ കെണിയിൽ വീഴാതിരിക്കാനുള്ള മാർഗം. (സദൃശവാക്യങ്ങൾ 3:5, 6) നാമെല്ലാം യഹോവയുടെ കുടുംബത്തിലെ അംഗങ്ങളാണെന്നും നമ്മെ കാത്തുകൊള്ളാനുള്ള ഉത്തരവാദിത്വം യഹോവ സ്വയം ഏറ്റെടുത്തിരിക്കുകയാണെന്നുമുള്ള വസ്‌തുത മനസ്സിൽപ്പിടിക്കുന്നത്‌ സമനില പാലിക്കാൻ നമ്മെ സഹായിക്കും. മാതാപിതാക്കളേ, യഹോവയുടെ ഹിതം ചെയ്യുന്നപക്ഷം അവൻ നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഏതെങ്കിലും വിധത്തിൽ കരുതും എന്ന വിശ്വാസം നിങ്ങൾക്കുണ്ടോ? അതോ മനുഷ്യഭയം എന്ന കെണിയിൽ കുരുക്കി പിശാച്‌ നിങ്ങളെക്കൊണ്ട്‌ അവന്റെ ഇഷ്ടം ചെയ്യിക്കുമോ? ഈ ചോദ്യങ്ങൾ പ്രാർഥനാപൂർവം പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളോട്‌ അഭ്യർഥിക്കുകയാണ്‌.

ഭൗതികത്വം

8. ഏതു വിധത്തിലാണ്‌ സാത്താൻ ഭൗതികത്വത്തിന്റെ വശ്യതയെ ഉപയോഗിക്കുന്നത്‌?

8 ഭൗതികത്വത്തിന്റെ വശ്യതയും സാത്താൻ ഒരു കെണിയായി ഉപയോഗിക്കുന്നുണ്ട്‌. പെട്ടെന്നു ധനികരാകാനുള്ള പദ്ധതികളെ ഈ ലോകത്തിലെ വാണിജ്യ വ്യവസ്ഥിതി സദാ പ്രോത്സാഹിപ്പിച്ചുകൊണ്ടാണിരിക്കുന്നത്‌. ദൈവജനത്തിലെ ചിലരെപ്പോലും അതു കെണിയിലാക്കിയേക്കാം. ചിലപ്പോഴെങ്കിലും, പിൻവരുന്നതുപോലുള്ള അഭിപ്രായങ്ങൾ നാം കേട്ടിട്ടുണ്ട്‌: “നന്നായി ജോലി ചെയ്‌ത്‌ തരക്കേടില്ലാത്ത ഒരു നിലയിൽ എത്തിക്കഴിഞ്ഞാൽപ്പിന്നെ നിങ്ങൾക്ക്‌ അലച്ചിലില്ലാതെ ജീവിക്കാം. വേണമെങ്കിൽ പയനിയറിങ്ങും ചെയ്യാം.” ക്രിസ്‌തീയ സഭയിലെ സഹാരാധകരെ സാമ്പത്തികമായി മുതലെടുക്കാൻ ശ്രമിക്കുന്ന ചിലരുടെ സമനിലയില്ലാത്ത ന്യായവാദങ്ങളാകാം അവ. ആ ഉപദേശത്തെക്കുറിച്ച്‌ നിങ്ങളൊന്ന്‌ ഇരുത്തി ചിന്തിച്ചുനോക്കൂ. യേശുവിന്റെ ഉപമയിലെ “മൂഢ”നായ മനുഷ്യന്റെ ചിന്താഗതിയല്ലേ അതിലൂടെ പ്രതിഫലിക്കുന്നത്‌?—ലൂക്കൊസ്‌ 12:16-21.

9. വസ്‌തുവകകളോടുള്ള ആഗ്രഹം ചില ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ ഒരു കെണിയായിത്തീർന്നേക്കാം?

9 വസ്‌തുവകകളോട്‌ ആഗ്രഹമുണ്ടാകാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിധത്തിലാണു സാത്താൻ ഈ ദുഷ്ട വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്‌. അത്തരം ആഗ്രഹം ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിലേക്കു കടന്നുവന്നാൽ, അത്‌ വചനത്തെ ഞെരുക്കി “നിഷ്‌ഫല”മാക്കിത്തീർക്കും. (മർക്കൊസ്‌ 4:19) ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ അതുകൊണ്ട്‌ തൃപ്‌തിപ്പെടാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 6:8) എങ്കിലും ആ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാത്തതു നിമിത്തം പലരും “വേട്ടക്കാരന്റെ” കെണിയിൽ കുടുങ്ങുന്നുണ്ട്‌. പ്രത്യേക തരത്തിലുള്ള ഒരു ജീവിതരീതി തങ്ങൾ പിൻപറ്റേണ്ടതാണെന്ന തോന്നൽ ഉളവാകാൻ അഹങ്കാരം ഇടയാക്കുന്നതുകൊണ്ടായിരിക്കുമോ അത്‌? നമ്മിൽ ഓരോരുത്തരുടെയും കാര്യമോ? വസ്‌തുവകകൾ വാരിക്കൂട്ടാനുള്ള ആഗ്രഹം നിമിത്തം സത്യാരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളെ നാം രണ്ടാം സ്ഥാനത്തേക്കു തള്ളിമാറ്റുന്നുണ്ടോ? (ഹഗ്ഗായി 1:2-8) സങ്കടകരമെന്നു പറയട്ടെ, ജീവിച്ചുശീലിച്ച നിലവാരം നിലനിറുത്താനായി, സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ ചിലർ തങ്ങളുടെ ആത്മീയതയെ ബലികഴിച്ചിരിക്കുന്നു. അത്തരം ഭൗതികത്വ ചിന്താഗതി ‘വേട്ടക്കാരനെ’ സന്തോഷിപ്പിക്കുകയേയുള്ളൂ!

ഹാനികരമായ വിനോദങ്ങൾ

10. ഓരോ ക്രിസ്‌ത്യാനിയും സ്വയം എന്തു പരിശോധന നടത്തണം?

10 തെറ്റും ശരിയും വിവേചിക്കാനുള്ള മനുഷ്യന്റെ സ്വാഭാവിക പ്രാപ്‌തിയെ വികലമാക്കുകയാണു വേട്ടക്കാരന്റെ മറ്റൊരു തന്ത്രം. സൊദോമിലും ഗൊമോരയിലും നിലനിന്നിരുന്നതിനു സമാനമായ ഒരു ചിന്താഗതിയാണ്‌ ഇന്നത്തെ വിനോദ വ്യവസായത്തിന്റെ ഒട്ടുമുക്കാൽ ഭാഗത്തെയും നിയന്ത്രിക്കുന്നത്‌. ടെലിവിഷനിലെയും മാസികകളിലെയും റിപ്പോർട്ടുകൾപോലും അക്രമത്തെ എടുത്തുകാട്ടുന്നതും അധാർമിക അഭിനിവേശത്തെ തൃപ്‌തിപ്പെടുത്താൻ പോന്നതുമാണ്‌. വിനോദം എന്നപേരിൽ നമ്മുടെ മുമ്പിലെത്തുന്ന പലതും “നന്മതിന്മകളെ തിരിച്ചറിവാ”നുള്ള മനുഷ്യപ്രാപ്‌തിയെ വികലമാക്കുന്നവയാണ്‌. (എബ്രായർ 5:14) എന്നാൽ യെശയ്യാപ്രവാചകനിലൂടെ യഹോവ പറഞ്ഞത്‌ എന്താണെന്നു ശ്രദ്ധിക്കുക: ‘തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറയുന്നവർക്കു അയ്യോ കഷ്ടം!’ (യെശയ്യാവു 5:20) അത്തരം ഹാനികരമായ വിനോദങ്ങൾ ഉപയോഗിച്ച്‌ ‘വേട്ടക്കാരൻ’ കൗശലപൂർവം നിങ്ങളുടെ മനസ്സു കയ്യിലെടുത്തിരിക്കുകയാണോ? ആത്മപരിശോധന നടത്താൻ ഒട്ടും വൈകരുത്‌!—2 കൊരിന്ത്യർ 13:5.

11. ടിവി സീരിയലുകൾ സംബന്ധിച്ച്‌ ഈ മാസിക എന്തു മുന്നറിയിപ്പു നൽകിയിരുന്നു?

11 ഏതാണ്ട്‌ കാൽ നൂറ്റാണ്ടുമുമ്പ്‌ വീക്ഷാഗോപുരം ടിവി സീരിയലുകളെക്കുറിച്ചു ദൈവജനത്തിനു സ്‌നേഹപുരസ്സരം മുന്നറിയിപ്പു നൽകുകയുണ്ടായി. * ജനപ്രീതിയാർജിച്ച ടിവി സീരിയലുകളുടെ മാസ്‌മര ശക്തിയെക്കുറിച്ച്‌ അത്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “സ്‌നേഹത്തിനുവേണ്ടിയുള്ള വാഞ്‌ഛ എങ്ങനെയും ജീവിക്കുന്നതിനുള്ള ഒരു ഒഴികഴിവായി മാറിയിരിക്കുകയാണ്‌. ഒരു ഉദാഹരണം നോക്കുക. അവിവാഹിതയും ഗർഭിണിയുമായ ഒരു ചെറുപ്പക്കാരി തന്റെ കൂട്ടുകാരിയോട്‌ ഇങ്ങനെ പറയുന്നു: ‘എനിക്കു പക്ഷേ വിക്ടറിനെ ഇഷ്ടമാണ്‌. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും . . . അദ്ദേഹത്തിന്റെ ഒരു കുഞ്ഞിനു ജന്മം കൊടുക്കുന്നതിനെക്കാൾ വലുതായി മറ്റൊന്നുമില്ല എനിക്ക്‌!’ മൃദുലമായ പശ്ചാത്തല സംഗീതം, അവളുടെ നടപടി തീർത്തും അധാർമികമാണെന്ന വസ്‌തുതയിൽനിന്നു പ്രേക്ഷകമനസ്സിനെ വശീകരിച്ചകറ്റുന്നു. അവർക്കും വിക്ടറിനോട്‌ ആകർഷണം തോന്നുന്നു; ആ യുവതിയോടു സഹതാപവും. നിങ്ങളുടെ മനസ്സലിയുന്നു. ‘നിങ്ങളുടെ ചിന്താഗതിയെ നിങ്ങൾ ന്യായീകരിക്കുന്ന വിധം ആലോചിച്ചുനോക്കിയാൽ അതിശയം തോന്നും! അധാർമികത മോശമാണെന്നു നമുക്കറിയാം. പക്ഷേ മനസ്സുകൊണ്ട്‌ ഞാനതിന്‌ അംഗീകാരം കൊടുക്കുകയായിരുന്നു’” എന്ന്‌ മുമ്പ്‌ സീരിയലുകൾക്ക്‌ അടിമയായിരുന്ന, ഇപ്പോൾ സുബോധത്തിലേക്കു തിരിച്ചുവന്നിരിക്കുന്ന ഒരു സ്‌ത്രീ അഭിപ്രായപ്പെടുന്നു.

12. ചില ടിവി പരിപാടികൾക്കെതിരെയുള്ള മുന്നറിയിപ്പ്‌ ഇപ്പോൾ ഉചിതമാണെന്ന്‌ എന്തു സൂചിപ്പിക്കുന്നു?

12 ആ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷമുള്ള വർഷങ്ങളിൽ, മനസ്സിനെ ദുഷിപ്പിക്കുന്ന ഇത്തരം പരിപാടികളുടെ ഒരു കുത്തൊഴുക്കുതന്നെ ഉണ്ടായിട്ടുണ്ട്‌. പല സ്ഥലങ്ങളിലും അവ 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യപ്പെടുന്നു. അത്തരം വിനോദം കൂടെക്കൂടെ വീക്ഷിച്ചുകൊണ്ട്‌ സ്‌ത്രീകളും പുരുഷന്മാരും കൗമാരക്കാരും തങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും പോഷിപ്പിക്കുകയാണ്‌. എന്നാൽ തെറ്റായ ന്യായവാദങ്ങൾകൊണ്ട്‌ നാമാരും സ്വയം വഞ്ചിക്കരുത്‌. ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ അധമമായ ഈ വിനോദങ്ങൾ അത്ര ഹാനികരമല്ല എന്ന ന്യായവാദം ശരിയല്ല. വീട്ടിൽ കയറ്റാൻ നാം ഒരിക്കൽപ്പോലും ആഗ്രഹിക്കാത്തതരം ആളുകളുമൊത്തു സമയം ചെലവഴിക്കാൻ തീരുമാനിക്കുന്നതിനെ ഒരു ക്രിസ്‌ത്യാനിക്കു മനസ്സാക്ഷിപൂർവം ന്യായീകരിക്കാനാകുമോ?

13, 14. ടിവി പരിപാടികൾ സംബന്ധിച്ച മുന്നറിയിപ്പിൽനിന്നു പ്രയോജനം നേടിയ ചിലരുടെ അഭിപ്രായമെന്ത്‌?

13 “വിശ്വസ്‌തനും ബുദ്ധിമാനും ആയ ദാസൻ” നൽകിയ ആ മുന്നറിയിപ്പു കേട്ട നിരവധിപേർ പ്രയോജനം നേടി. (മത്തായി 24:45-47) വളച്ചുകെട്ടില്ലാത്ത ആ ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശം വായിച്ച ചിലർ, ആ ലേഖനങ്ങൾ തങ്ങളെ വ്യക്തിപരമായി എങ്ങനെ സ്വാധീനിച്ചുവെന്ന്‌ എഴുതി അറിയിക്കുകയുണ്ടായി. * ഒരു സ്‌ത്രീയുടെ വാക്കുകൾ ശ്രദ്ധിക്കുക: “13 വർഷമായി ഞാൻ സീരിയലിന്‌ അടിമയായിരുന്നു. ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുകയും ഇടയ്‌ക്കൊക്കെ വയൽസേവനത്തിനു പോകുകയും ചെയ്‌താൽ ആത്മീയതയ്‌ക്കു കുഴപ്പമൊന്നും സംഭവിക്കില്ല എന്നാണു ഞാൻ വിചാരിച്ചിരുന്നത്‌. പക്ഷേ, ഭർത്താവ്‌ നിങ്ങളോടു മോശമായി പെരുമാറുകയോ സ്‌നേഹിക്കപ്പെടുന്നില്ലെന്നു നിങ്ങൾക്കു തോന്നുകയോ ചെയ്‌താൽ പരസംഗത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ലെന്നും അതിന്റെ ഉത്തരവാദി ഭർത്താവാണെന്നും ഉള്ള ‘സീരിയൽ മനോഭാവം’ എന്നിൽ കയറിക്കൂടിയിരുന്നു. അതുകൊണ്ട്‌, ‘ന്യായമാണെന്നു’ തോന്നിയപ്പോൾ ഞാൻ പരസംഗത്തിലേർപ്പെട്ട്‌ യഹോവയോടും എന്റെ ഇണയോടും പാപം ചെയ്‌തു.” ഈ സ്‌ത്രീയെ സഭയിൽനിന്നു പുറത്താക്കി. പിന്നീട്‌ അവർ തെറ്റ്‌ അംഗീകരിച്ച്‌ അനുതപിക്കുകയും പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്‌തു. ടിവി സീരിയലുകൾ സംബന്ധിച്ച്‌ മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള ലേഖനങ്ങളിലൂടെ, യഹോവ വെറുക്കുന്നതിനെ വെറുക്കാനുള്ള ശക്തി അവർക്കു ലഭിച്ചു.—ആമോസ്‌ 5:14, 15.

14 വായനക്കാരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഈ ലേഖനങ്ങൾ വായിച്ച ഞാൻ കരഞ്ഞുപോയി. കാരണം, ഉള്ളുകൊണ്ടു ഞാൻ യഹോവയിൽനിന്ന്‌ എത്ര അകലെയാണെന്ന്‌ അപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌. ഇനിമേൽ ഇത്തരം സീരിയലുകളുടെ അടിമയായിരിക്കില്ലെന്നു ഞാൻ യഹോവയ്‌ക്കു വാക്കുകൊടുത്തു.” ലേഖനങ്ങൾക്കു നന്ദിപറഞ്ഞശേഷം ഒരു ക്രിസ്‌തീയ സ്‌ത്രീ തന്റെ പ്രശ്‌നം തിരിച്ചറിഞ്ഞുകൊണ്ട്‌ ഇപ്രകാരം എഴുതി: “യഹോവയുമായുള്ള എന്റെ ബന്ധത്തെ അതു ബാധിക്കുമോ എന്നു . . . ഞാൻ ചിന്തിച്ചുപോയി. ഒരേസമയം സീരിയൽ കഥാപാത്രങ്ങളുടെയും യഹോവയുടെയും സുഹൃത്തായിരിക്കാൻ എനിക്കെങ്ങനെ കഴിയും?” അത്തരം ടിവി പരിപാടികൾക്ക്‌ 25 വർഷം മുമ്പ്‌ ജനഹൃദയങ്ങളെ ദുഷിപ്പിക്കാൻ കഴിഞ്ഞെങ്കിൽ, ഇന്നത്തെ കാര്യം പറയാനുണ്ടോ? (2 തിമൊഥെയൊസ്‌ 3:13, 14) ടിവി സീരിയലുകൾ, അക്രമാസക്തമായ വീഡിയോ ഗെയിമുകൾ, അധാർമികമായ സംഗീത വീഡിയോകൾ എന്നിങ്ങനെ കെണിയായി സാത്താൻ ഉപയോഗിക്കുന്ന ഹാനികരമായ സകലതരം വിനോദങ്ങളും സംബന്ധിച്ചു നാം ബോധവാന്മാരായിരിക്കണം.

വ്യക്തിത്വ ഭിന്നതകൾ

15. ചിലർ പിശാചിന്റെ കെണിയിൽ വീണിരിക്കുന്നത്‌ എങ്ങനെ?

15 യഹോവയുടെ ജനത്തിനിടയിൽ വിഭാഗീയത സൃഷ്ടിക്കാനായി വ്യക്തികൾ തമ്മിലുള്ള ഭിന്നതകളെ സാത്താൻ ഒരു കെണിയായി ഉപയോഗിക്കാറുണ്ട്‌. സഭയിൽ ഏതു സേവനപദവിയിൽ ആയിരുന്നാലും നാം ആ കെണിയിൽ വീണേക്കാം. യഹോവ ഉണ്ടാക്കിയിരിക്കുന്ന ആത്മീയ പറുദീസ അലങ്കോലപ്പെടുത്താനും സമാധാനവും ഐക്യവും തകർക്കാനും വ്യക്തിപരമായ ഭിന്നതകളെ അനുവദിക്കുന്ന ചിലർ പിശാചിന്റെ കെണിയിൽ വീണിരിക്കുകയാണ്‌.—സങ്കീർത്തനം 133:1-3.

16. നമ്മുടെ ഐക്യം തകർക്കാൻ സാത്താൻ തന്ത്രപൂർവം ശ്രമിക്കുന്നത്‌ എങ്ങനെ?

16 നേരിട്ടുള്ള ആക്രമണത്തിലൂടെ യഹോവയുടെ സംഘടനയുടെ ഭൗമിക ഭാഗത്തെ നശിപ്പിക്കാൻ ഒന്നാം ലോകമഹായുദ്ധകാലത്ത്‌ സാത്താൻ ശ്രമിച്ചു. എങ്കിലും അതു പരാജയമടഞ്ഞു. (വെളിപ്പാടു 11:7-13) അന്നുമുതൽ നമ്മുടെ ഐക്യം തകർക്കാൻ അവൻ തന്ത്രപൂർവം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. വ്യക്തിപരമായ ഭിന്നതകൾ അനൈക്യത്തിനു കാരണമാകാൻ അനുവദിക്കുന്നെങ്കിൽ ‘വേട്ടക്കാരന്‌’ നാം ഇടംകൊടുത്തിരിക്കുകയാണ്‌. അതു നമ്മുടെ വ്യക്തിജീവിതത്തിലും സഭയിലും ഉള്ള പരിശുദ്ധാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്കിനെ തടസ്സപ്പെടുത്തും. അങ്ങനെയൊന്നു സംഭവിച്ചാൽ സാത്താൻ സന്തോഷിക്കും. കാരണം, സഭയുടെ സമാധാനത്തിനും ഐക്യത്തിനും നേരിടുന്ന ഏതൊരു ഉലച്ചിലും പ്രസംഗവേലയെ പ്രതികൂലമായി ബാധിക്കും.—എഫെസ്യർ 4:27, 30-32.

17. പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്തു സഹായിക്കും?

17 ഒരു സഹക്രിസ്‌ത്യാനിയുമായി പ്രശ്‌നമുണ്ടെന്നുവരികിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ഓരോ സാഹചര്യവും വ്യത്യസ്‌തമാണ്‌ എന്നതു ശരിതന്നെ. പ്രശ്‌നങ്ങളുണ്ടാകാൻ പല കാരണങ്ങൾ കണ്ടേക്കാമെങ്കിലും അവ പരിഹരിക്കാതിരിക്കാൻ ഒരു കാരണവുമില്ല. (മത്തായി 5:23, 24; 18:15-17) ദൈവവചനത്തിലെ ബുദ്ധിയുപദേശം നിശ്വസ്‌തവും പിഴവറ്റതുമാണ്‌. അവ ബാധകമാക്കുന്നപക്ഷം ഫലം ഉറപ്പാണ്‌, തീർച്ച!

18. യഹോവയെ അനുകരിക്കുന്നത്‌ വ്യക്തിത്വ ഭിന്നതകൾ പരിഹരിക്കാൻ സഹായിക്കുമെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

18 യഹോവ “ക്ഷമാശീല”നും “പാപം പൊറുക്കുന്നവ”നുമാണ്‌. (സങ്കീർത്തനം 86:5, പി.ഒ.സി. ബൈബിൾ; 130:4, പി.ഒ.സി.) യഹോവയെ അനുകരിക്കുമ്പോൾ നാം അവന്റെ പ്രിയ മക്കളാണ്‌ എന്നു കാണിക്കുകയാണു ചെയ്യുന്നത്‌. (എഫെസ്യർ 5:1) നാമെല്ലാം പാപികളാണ്‌; യഹോവയുടെ ക്ഷമ നമുക്കു കൂടിയേതീരൂ. അതുകൊണ്ട്‌ ആരോടെങ്കിലും ക്ഷമിക്കാതിരിക്കാനുള്ള ചായ്‌വു തോന്നുന്നപക്ഷം നാം ശ്രദ്ധാലുക്കളായിരിക്കണം. സഹദാസന്റെ തീരെ ചെറിയൊരു കടം ഇളച്ചുകൊടുക്കാതിരുന്ന, യേശുവിന്റെ ഉപമയിലെ മനുഷ്യനെപ്പോലെ ആയിത്തീർന്നേക്കാം നാം. ആ മനുഷ്യന്‌ യജമാനൻ വലിയൊരു കടം ഇളച്ചുകൊടുത്തിരുന്നു. വിവരം അറിഞ്ഞ യജമാനൻ സഹദാസനോടു പരിഗണന കാണിക്കാതിരുന്ന ആ മനുഷ്യനെ തടവിലാക്കി. യേശു അതിങ്ങനെ ഉപസംഹരിക്കുന്നു: “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നേ നിങ്ങളോടും ചെയ്യും.” (മത്തായി 18:21-35) ഈ ഉപമയെക്കുറിച്ചു ധ്യാനിക്കുന്നതും യഹോവ എത്ര തവണ നമ്മോട്‌ ഉദാരമായി ക്ഷമിച്ചിരിക്കുന്നുവെന്നു ചിന്തിക്കുന്നതും സഹോദരങ്ങളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നമ്മെ സഹായിക്കും.—സങ്കീർത്തനം 19:14.

“അത്യുന്നതന്റെ മറവിൽ” സുരക്ഷിതർ

19, 20. ആപത്‌കരമായ ഈ നാളുകളിൽ, യഹോവയുടെ ‘മറവിനെയും’ ‘നിഴലിനെയും’ നാം എങ്ങനെ വീക്ഷിക്കണം?

19 ആപത്‌കരമായ ഒരു കാലത്താണു നാം ജീവിക്കുന്നത്‌. യഹോവയുടെ സ്‌നേഹനിർഭരമായ സംരക്ഷണം ഇല്ലായിരുന്നെങ്കിൽ സാത്താൻ നമ്മെയെല്ലാം പണ്ടേ നശിപ്പിച്ചുകളയുമായിരുന്നു. അതുകൊണ്ട്‌ വേട്ടക്കാരന്റെ കെണിയിൽ വീഴാതിരിക്കണമെങ്കിൽ നാം പ്രതീകാത്മക അഭയകേന്ദ്രത്തിൽ ആയിരിക്കണം. അതേ, നാം “അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും” ചെയ്യേണ്ടതുണ്ട്‌.—സങ്കീർത്തനം 91:1.

20 നമ്മുടെ സംരക്ഷണം മുൻനിറുത്തിയാണു യഹോവ ഓർമിപ്പിക്കലുകളും മാർഗനിർദേശങ്ങളും നൽകുന്നതെന്നും അവ കൂച്ചുവിലങ്ങുകളല്ലെന്നും ഉള്ള കാര്യം നമുക്കു സദാ മനസ്സിൽപ്പിടിക്കാം. മനുഷ്യനെക്കാൾ ബുദ്ധിശക്തിയുള്ള ഇരപിടിയനിൽനിന്ന്‌ ആരും ഒഴിവുള്ളവരല്ല. യഹോവയുടെ സ്‌നേഹപുരസ്സരമായ സഹായമില്ലാതെ ആർക്കും കെണികൾ ഒഴിവാക്കാനുമാവില്ല. (സങ്കീർത്തനം 124:7, 8) അതിനാൽ “വേട്ടക്കാരന്റെ” കെണിയിൽനിന്നുള്ള വിടുതലിനായി നമുക്കു യഹോവയോടു പ്രാർഥിക്കാം.—മത്തായി 6:13.

[അടിക്കുറിപ്പുകൾ]

^ ഖ. 11 വീക്ഷാഗോപുരം (ഇംഗ്ലീഷ്‌), ഡിസംബർ 1, 1982, പേജ്‌ 3-7.

^ ഖ. 13 വീക്ഷാഗോപുരം (ഇംഗ്ലീഷ്‌), ഡിസംബർ 1, 1983, പേജ്‌ 23.

നിങ്ങൾ ഓർമിക്കുന്നുവോ?

• മനുഷ്യഭയം ഒരു കെണിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പിശാച്‌ ഭൗതികത്വത്തെ കെണിയാക്കുന്നത്‌ എങ്ങനെ?

• ഹാനികരമായ വിനോദങ്ങളിലൂടെ സാത്താൻ ചിലരെ കെണിയിൽ വീഴ്‌ത്തിയിരിക്കുന്നത്‌ എങ്ങനെ?

• നമ്മുടെ ഐക്യം തകർക്കാൻ പിശാച്‌ ഏതു കെണി ഉപയോഗിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രം]

ചിലർ മനുഷ്യഭയം എന്ന കെണിയിൽ വീണിരിക്കുന്നു

[28-ാം പേജിലെ ചിത്രം]

യഹോവ വെറുക്കുന്നത്‌ നിങ്ങൾ ആസ്വദിക്കുന്നുവോ?

[29-ാം പേജിലെ ചിത്രം]

ഒരു സഹവിശ്വാസിയുമായി പ്രശ്‌നമുള്ളപക്ഷം നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?