വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓബദ്യാവു, യോനാ, മീഖാ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

ഓബദ്യാവു, യോനാ, മീഖാ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

ഓബദ്യാവു, യോനാ, മീഖാ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

“ഓബദ്യാവിന്റെ ദർശനം.” (ഓബദ്യാവു 1) ആ വാക്കുകളോടെയാണ്‌ ഓബദ്യാവിന്റെ പുസ്‌തകം ആരംഭിക്കുന്നത്‌. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 607-ൽ രചിച്ച ഈ പുസ്‌തകത്തിൽ സ്വന്തം പേരല്ലാതെ പ്രവാചകൻ തന്നെക്കുറിച്ച്‌ ഒന്നും വെളിപ്പെടുത്തുന്നില്ല. അതിന്‌ ഇരുന്നൂറിലധികം വർഷം മുമ്പ്‌ എഴുതിയ യോനാ എന്ന പുസ്‌തകത്തിൽ തന്റെ മിഷനറി നിയമനത്തോടുള്ള ബന്ധത്തിൽ ഉണ്ടായ അനുഭവങ്ങൾ യോനാപ്രവാചകൻ തുറന്നെഴുതിയിരിക്കുന്നു. ഓബദ്യാവിന്റെയും യോനായുടെയും പ്രവചനകാലത്തിനിടയ്‌ക്കു വരുന്നു മീഖായുടെ പ്രവചനകാലം—പൊ.യു.മു. 777 മുതൽ പൊ.യു.മു. 717 വരെയുള്ള 60 വർഷം. താൻ “മോരസ്‌ത്യ” ഗ്രാമത്തിൽനിന്നുള്ളവനാണ്‌ എന്നും “യോഥാം, ആഹാസ്‌, യെഹിസ്‌കീയാവ്‌ എന്നീ യെഹൂദാരാജാക്കന്മാരുടെ കാല”ത്താണ്‌ തനിക്ക്‌ യഹോവയുടെ അരുളപ്പാട്‌ ഉണ്ടായത്‌ എന്നും മാത്രമാണ്‌ മീഖാ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നത്‌. (മീഖാ 1:1) മീഖായ്‌ക്ക്‌ ഗ്രാമീണ ജീവിതം പരിചയമുണ്ടായിരുന്നു; സന്ദേശത്തിന്റെ ആശയങ്ങൾ ഊന്നിപ്പറയാനായി പ്രവാചകൻ ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ അതാണു കാണിക്കുന്നത്‌.

ഏദോം “സദാകാലത്തേക്കും ഛേദിക്കപ്പെടും”

(ഓബദ്യാവു 1-21)

ഏദോമിനെക്കുറിച്ച്‌ ഓബദ്യാവ്‌ പറയുന്നതു കേൾക്കുക: “നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്‌ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.” യാക്കോബിന്റെ പുത്രന്മാരോട്‌, അതായത്‌ ഇസ്രായേല്യരോട്‌ ഏദോമ്യർ ചെയ്‌ത അക്രമം പ്രവാചകന്റെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നുണ്ട്‌. പൊ.യു.മു. 607-ൽ ബാബിലോണിയർ യെരൂശലേം നശിപ്പിച്ചപ്പോൾ ഏദോമ്യർ ‘അന്യജാതിക്കാരോടു’ ചേർന്ന്‌ യെരൂശലേമിന്‌ ‘എതിരെനിന്നു.’—ഓബദ്യാവു 10, 11.

എന്നാൽ യാക്കോബ്‌ഗൃഹം പുനഃസ്ഥാപിക്കപ്പെടുമായിരുന്നു. ഓബദ്യാവിന്റെ പ്രവചനം പറയുന്നു: “സീയോൻപർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും.”—ഓബദ്യാവു 17.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

5-8—ഏദോമിന്റെ നാശത്തെ കള്ളന്മാരുടെയും മുന്തിരിപ്പഴം പറിക്കുന്നവരുടെയും വരവിനോടു താരതമ്യം ചെയ്‌തിരിക്കുന്നതിന്റെ പ്രസക്തിയെന്താണ്‌? കള്ളന്മാർ ഏദോമിൽ വന്നിരുന്നെങ്കിൽ ആവശ്യമുള്ളതു മാത്രമേ അവർ എടുക്കുമായിരുന്നുള്ളൂ. വിളവെടുപ്പുകാർ വന്നിരുന്നെങ്കിൽ ഏതാനും കാലാപ്പഴം അവശേഷിപ്പിക്കുമായിരുന്നു. എന്നാൽ ഏദോം വീഴുമ്പോൾ, അവളോടു “സഖ്യതയുള്ളവരൊക്കെയും”—ബാബിലോണിയർ—അവളുടെ നിക്ഷേപങ്ങളെ അപ്പാടെ തിരഞ്ഞുകണ്ടുപിടിച്ച്‌ പൂർണമായി കൊള്ളയടിക്കും.—യിരെമ്യാവു 49:9, 10.

10—ഏദോം “സദാകാലത്തേക്കും ഛേദിക്ക”പ്പെട്ടത്‌ എങ്ങനെ? മുൻകൂട്ടിപ്പറഞ്ഞതുപോലെ ഏദോം, ഭരണകൂടമുള്ള ഒരു ജനതയെന്ന നിലയിൽ നാമാവശേഷമായി. പൊ.യു.മു. ആറാം നൂറ്റാണ്ടിന്റെ മധ്യപാദത്തോടടുത്ത്‌ ബാബിലോണിയൻ രാജാവായ നബോണീഡസ്‌ ഏദോം കീഴടക്കി. പൊ.യു.മു. നാലാം നൂറ്റാണ്ടായപ്പോഴേക്കും ഏദോമിന്റെ ഭൂപ്രദേശത്ത്‌ നാബാറ്റിയക്കാർ താമസമുറപ്പിച്ചു. ഏദോമ്യർക്ക്‌ യെഹൂദ്യയുടെ തെക്കുഭാഗത്തേക്കു മാറേണ്ടിവന്നു, പിൽക്കാലത്ത്‌ ഇദുമേയ എന്നറിയപ്പെട്ട നെഗെബ്‌ എന്ന പ്രദേശത്തേക്ക്‌. പൊതുയുഗം (പൊ.യു.) 70-ൽ റോമാക്കാർ യെരൂശലേം നശിപ്പിച്ചതിനുശേഷം ഏദോമ്യർ നാമാവശേഷമായി.

നമുക്കുള്ള പാഠങ്ങൾ:

3, 4. കുന്നും മലകളും ചെങ്കുത്തായ താഴ്‌വരകളുമുള്ള തന്ത്രപ്രധാനമായ ഒരു പ്രദേശത്ത്‌ ജീവിച്ചിരുന്ന ഏദോമ്യർ തങ്ങൾ സുരക്ഷിതരാണെന്നു ധിക്കാരപൂർവം ചിന്തിച്ചിരുന്നിരിക്കാം. എന്നാൽ യഹോവയുടെ ന്യായവിധിയിൽനിന്ന്‌ ഒളിച്ചോടാൻ ആർക്കുമാവില്ല.

8, 9, 15. ‘യഹോവയുടെ നാളിൽ’ സംരക്ഷണമേകാൻ മനുഷ്യന്റെ ജ്ഞാനത്തിനോ ശക്തിക്കോ ആവില്ല.—യിരെമ്യാവു 49:7, 22.

12-14. ദൈവദാസന്മാരുടെ കഷ്ടതകളിൽ സന്തോഷിക്കുന്നവർക്ക്‌ എതിരെയുള്ള ഒരു മുന്നറിയിപ്പായി വർത്തിക്കുന്നു ഏദോമ്യർ. തന്റെ ജനത്തോടുള്ള ദുഷ്‌പെരുമാറ്റം യഹോവ അങ്ങേയറ്റം ഗൗരവമായെടുക്കുന്നു.

17-20. പൊ.യു.മു. 537-ൽ ബാബിലോണിൽനിന്ന്‌ ഒരു ശേഷിപ്പ്‌ യെരൂശലേമിലേക്കു മടങ്ങിവന്നപ്പോൾ യാക്കോബിന്റെ പുത്രന്മാരെക്കുറിച്ചുള്ള പുനഃസ്ഥിതീകരണ പ്രവചനം നിവൃത്തിയേറാൻ തുടങ്ങി. യഹോവയുടെ വാക്കുകൾ എന്നും സത്യമായി ഭവിക്കും. അവന്റെ വാഗ്‌ദാനങ്ങളിൽ നമുക്കു പൂർണ വിശ്വാസമർപ്പിക്കാനാകും.

“നീനെവേ ഉന്മൂലമാകും”

(യോനാ 1:1–4:11)

“മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി” ഒരു ന്യായവിധി സന്ദേശം പ്രസംഗിക്കാനുള്ള ദൈവകൽപ്പന അനുസരിക്കാതെ യോനാ എതിർദിശയിലേക്ക്‌ ഓടിപ്പോകുന്നു. ‘സമുദ്രത്തിൽ ഒരു പെരുങ്കാറ്റ്‌ അടിപ്പിച്ചുകൊണ്ടും’ ഒരു മഹാമത്സ്യത്തെ ഉപയോഗിച്ചുകൊണ്ടും അശ്ശൂരിന്റെ (അസ്സീറിയ) തലസ്ഥാനമായ ആ നഗരത്തിലേക്കു പോകാൻ യഹോവ രണ്ടാമതും യോനായോടു കൽപ്പിക്കുന്നു.—യോനാ 1:2, 4, 17; 3:1, 2.

യോനാ നീനെവേയിൽ ചെന്ന്‌ തന്റെ സന്ദേശം അറിയിക്കുന്നു: “ഇനി നാല്‌പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും.” (യോനാ 3:4) അതിനോടുള്ള ആളുകളുടെ പ്രതികരണം തന്റെ പ്രതീക്ഷയ്‌ക്കു വിപരീതമായിപ്പോയെന്നുകണ്ട യോനായ്‌ക്ക്‌ “കോപം വന്നു.” യഹോവ ‘ആവണക്ക്‌’ ഉപയോഗിച്ചുകൊണ്ട്‌ യോനായെ കരുണയെക്കുറിച്ച്‌ ഒരു പാഠം പഠിപ്പിക്കുന്നു.—യോനാ 4:1, 6.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

3:3—നീനെവേയ്‌ക്ക്‌ ‘മൂന്നു ദിവസം’ കാൽനടയായി യാത്ര ചെയ്യേണ്ടത്ര വലുപ്പമുണ്ടായിരുന്നോ? ഉവ്വ്‌. സാധ്യതയനുസരിച്ച്‌, പുരാതന നീനെവേയിൽ വടക്ക്‌ കോർസബാദ്‌ മുതൽ തെക്ക്‌ നിമ്രൂദ്‌ വരെയുള്ള പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. നീനെവേ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ മൊത്തം ചുറ്റളവ്‌ 100 കിലോമീറ്റർ വരുമായിരുന്നു.

3:4—നീനെവേക്കാരോടു പ്രസംഗിക്കുന്നതിന്‌ യോനാ അസ്സീറിയൻ ഭാഷ പഠിക്കേണ്ടതുണ്ടായിരുന്നോ? യോനായ്‌ക്ക്‌ ഒരുപക്ഷേ അസ്സീറിയൻ ഭാഷ വശമുണ്ടായിരുന്നിരിക്കാം, അല്ലെങ്കിൽ അതു സംസാരിക്കാനുള്ള പ്രാപ്‌തി അത്ഭുതകരമായി ലഭിച്ചിരിക്കാം. യോനാ എബ്രായയിൽ പ്രഖ്യാപിച്ച സന്ദേശം ആരെങ്കിലും വ്യാഖ്യാനിച്ചതായിരിക്കാനും സാധ്യതയുണ്ട്‌. അവസാനം പറഞ്ഞതാണ്‌ സംഭവിച്ചതെങ്കിൽ യോനായുടെ സന്ദേശം ആളുകൾക്ക്‌ ഏറെ താത്‌പര്യജനകമായിരുന്നിരിക്കണം.

നമുക്കുള്ള പാഠങ്ങൾ:

1:1-3. പ്രസംഗപ്രവർത്തനത്തിലും ശിഷ്യരാക്കൽവേലയിലും പൂർണമായി പങ്കുപറ്റാതിരിക്കുന്നതിനായി മനപ്പൂർവം മറ്റെന്തെങ്കിലും ആസൂത്രണംചെയ്യുന്നത്‌ തെറ്റായ ആന്തരത്തെയാണു സൂചിപ്പിക്കുന്നത്‌. അങ്ങനെ ചെയ്യുന്ന ഒരാൾ ഒരർഥത്തിൽപ്പറഞ്ഞാൽ ദൈവദത്ത നിയമനത്തിൽനിന്ന്‌ ഓടിപ്പോകുകയാണു ചെയ്യുന്നത്‌.

1:1, 2; 3:10. യഹോവയുടെ കരുണ ഏതെങ്കിലും ഒരു രാഷ്‌ട്രത്തിലോ വർഗത്തിലോ ജനതയിലോ മാത്രമായി ഒതുങ്ങിപ്പോകുന്നില്ല. “യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.”—സങ്കീർത്തനം 145:9.

1:17; 2:10. യോനാ മൂന്നു രാത്രിയും മൂന്നു പകലും മഹാമത്സ്യത്തിന്റെ വയറ്റിൽക്കിടന്ന സംഭവം യേശുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും പ്രാവചനിക മുൻനിഴലാണ്‌.—മത്തായി 12:39, 40; 16:21.

1:17; 2:10; 4:6. ആർത്തിരമ്പുന്ന സമുദ്രത്തിൽനിന്നു യഹോവ യോനായെ രക്ഷപ്പെടുത്തി. “യോനയെ അവന്റെ സങ്കടത്തിൽനിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്കു കല്‌പിച്ചു”ണ്ടാക്കുകയും ചെയ്‌തു. സംരക്ഷണത്തിനും വിടുതലിനുമായി ഇന്നത്തെ ദൈവദാസന്മാർക്ക്‌ യഹോവയിലും അവന്റെ സ്‌നേഹദയയിലും ആശ്രയിക്കാനാകും.—സങ്കീർത്തനം 13:5; 40:11.

2:1, 2, 9, 10. യഹോവ തന്റെ ദാസന്മാരുടെ പ്രാർഥന കേൾക്കുകയും അവരുടെ അപേക്ഷകൾക്കു ചെവിചായിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 120:1; 130:1, 2.

3:8, 10. മുൻകൂട്ടിപ്പറഞ്ഞിരുന്ന അനർഥത്തെക്കുറിച്ച്‌ സത്യദൈവം “അനുതപിച്ചു”; അവൻ “അതു വരുത്തിയതുമില്ല.” കാരണം? നീനെവേക്കാർ തങ്ങളുടെ “ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു.” അതുപോലെ ഇന്നും യഥാർഥ അനുതാപം കാണിക്കുന്നപക്ഷം പാപികൾക്ക്‌ ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന്‌ ഒഴിഞ്ഞിരിക്കാനാകും.

4:1-4. തന്റെ കരുണയ്‌ക്കു തടയിടാൻ ദൈവത്തെ പ്രേരിപ്പിക്കാൻ ഒരു മനുഷ്യനുമാവില്ല. ദൈവത്തിന്റെ കരുണയെ വിമർശിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.

4:11. ഭൂവ്യാപകമായി സുവാർത്ത പ്രസംഗിക്കപ്പെടാൻ യഹോവ ക്ഷമാപൂർവം അനുവദിക്കുകയാണ്‌. കാരണം ഏകദേശം 1,20,000 വരുന്ന നീനെവേക്കാരുടെ കാര്യത്തിലെന്നപോലെ “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത”വരോടു യഹോവയ്‌ക്ക്‌ അനുകമ്പ തോന്നുന്നു. നമ്മുടെ പ്രദേശത്തുള്ളവരോടു നമുക്കും അനുകമ്പ തോന്നുകയും പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നാം തീക്ഷ്‌ണതയോടെ പങ്കുപറ്റുകയും ചെയ്യേണ്ടതല്ലേ?—2 പത്രൊസ്‌ 3:9.

‘അവരുടെ കഷണ്ടി വിസ്‌താരമാകും’

(മീഖാ 1:1–7:20)

മീഖാ ഇസ്രായേലിന്റെയും യഹൂദയുടെയും പാപങ്ങൾ തുറന്നു കാണിക്കുന്നു; അവയുടെ തലസ്ഥാനനഗരികൾ ശൂന്യമാക്കപ്പെടുമെന്നു പ്രവചിക്കുന്നു; പുനഃസ്ഥാപനത്തെക്കുറിച്ചുള്ള വാഗ്‌ദാനം നൽകുന്നു. ശമര്യ “വയലിലെ കല്‌ക്കുന്നുപോലെ” ആയിത്തീരും. ഇസ്രായേലിന്റെയും യഹൂദയുടെയും വിഗ്രഹാരാധന നടപടികൾ നിമിത്തം അവർ “ക്ഷൗരം” ചെയ്യപ്പെടും, അതായത്‌ അപമാനിതരാകും. അടിമത്തത്തിലാകുന്നതു നിമിത്തം അവരുടെ കഷണ്ടി “കഴുകനെപ്പോലെ” വിസ്‌താരമാകും. “യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേർത്തുകൊള്ളും” എന്നു യഹോവ വാഗ്‌ദാനം ചെയ്യുന്നു. (മീഖാ 1:6, 16; 2:12) അഴിമതിക്കാരായ നേതാക്കളും നിയമലംഘികളായ പ്രവാചകന്മാരും നിമിത്തം യെരൂശലേമും ‘കല്‌ക്കുന്നുകൾപോലെ ആയ്‌തീരും.’ എന്നാൽ യഹോവ സ്വജനത്തെ “ശേഖരിക്കും.” “യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ” ‘ബേത്ത്‌ലേഹേം എഫ്രാത്തിൽനിന്ന്‌’ വരുകയും ചെയ്യും.—മീഖാ 3:12; 4:12; 5:2.

യഹോവ അനീതിപരമായിട്ടാണോ ഇസ്രായേലിനോട്‌ ഇടപെടുന്നത്‌? അവന്റെ നിബന്ധനകൾ അങ്ങേയറ്റം കർക്കശമാണോ? അല്ല. “ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ നടപ്പാനും” മാത്രമേ യഹോവ തന്റെ ആരാധകരിൽനിന്ന്‌ ആവശ്യപ്പെടുന്നുള്ളൂ. (മീഖാ 6:8) എന്നാൽ മീഖായുടെ സമകാലികർ അങ്ങേയറ്റം മോശക്കാരായിരുന്നു; അവരിൽ “ഉത്തമൻ മുൾപടർപ്പുപോലെ; നേരുള്ളവൻ മുൾവേലിയെക്കാൾ വല്ലാത്തവൻ തന്നേ” എന്നു പറയത്തക്ക അളവോളം. അടുത്തുവരുന്ന ആർക്കും പരിക്കേൽക്കുമായിരുന്നു. എന്നാൽ “[യഹോവയോടു] സമനായ ദൈവം ആരുള്ളു?” പ്രവാചകൻ ചോദിക്കുന്നു. ദൈവം വീണ്ടും ജനത്തോടു കരുണ കാണിക്കുകയും “അവരുടെ പാപങ്ങളെ ഒക്കെയും . . . സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയു”കയും ചെയ്യും.—മീഖാ 7:4, 18, 19.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:12—“യിസ്രായേലിൽ ശേഷിപ്പുള്ളവരെ . . . ശേഖരിക്കു”മെന്ന പ്രവചനം നിവൃത്തിയായത്‌ എപ്പോൾ? യഹൂദന്മാരുടെ ഒരു ശേഷിപ്പ്‌ ബാബിലോണിയൻ പ്രവാസത്തിൽനിന്നു സ്വദേശത്തേക്കു മടങ്ങിവന്ന പൊ.യു.മു. 537-ലാണ്‌ ആദ്യനിവൃത്തി ഉണ്ടായത്‌. ആധുനിക കാലത്ത്‌, പ്രവചനം നിവൃത്തിയേറിയത്‌ “ദൈവത്തിന്റെ യിസ്രായേലി”ലാണ്‌. (ഗലാത്യർ 6:16) 1919 മുതൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ “തൊഴുത്തിലെ ആടുകളെപ്പോലെ” കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടാണിരിക്കുന്നത്‌. വിശേഷിച്ച്‌ 1935 മുതൽ ‘വേറെ ആടുകളുടെ’ “മഹാപുരുഷാരം” അവരോടു ചേരുന്നതിനാൽ “ആൾപെരുപ്പം ഹേതുവായി . . . മുഴക്കം ഉണ്ടാകു”ന്നു. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) അവർ ഒത്തൊരുമിച്ച്‌ തീക്ഷ്‌ണതയോടെ സത്യാരാധന ഉന്നമിപ്പിക്കുന്നു.

4:1-4—“അന്ത്യകാലത്തു” യഹോവ “അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്‌പിക്കയും ചെയ്യു”ന്നത്‌ എങ്ങനെ? “അനേകജാതികൾ,” “ബഹുവംശങ്ങൾ” തുടങ്ങിയ പ്രയോഗങ്ങൾ ദേശീയ കൂട്ടങ്ങളെയോ രാഷ്‌ട്രീയ ശക്തികളെയോ അല്ല അർഥമാക്കുന്നത്‌. മറിച്ച്‌ സകല രാഷ്‌ട്രങ്ങളിൽനിന്നും യഹോവയുടെ ആരാധകരായിത്തീർന്നിരിക്കുന്ന വ്യക്തികളെയാണു പരാമർശിക്കുന്നത്‌. യഹോവ ആത്മീയമായ ഒരു വിധത്തിലാണു ന്യായംവിധിക്കുകയും വിധി കൽപ്പിക്കുകയും ചെയ്യുന്നത്‌.

നമുക്കുള്ള പാഠങ്ങൾ:

1:6, 9; 3:12; 5:2. പൊ.യു.മു. 740-ൽ—മീഖായുടെ കാലത്ത്‌—അശ്ശൂർ ശമര്യയെ തകർത്തുതരിപ്പണമാക്കി. (2 രാജാക്കന്മാർ 17:5, 6) ഹിസ്‌കീയാവിന്റെ ഭരണകാലത്ത്‌ അസ്സീറിയക്കാർ യെരൂശലേം വരെയെത്തി. (2 രാജാക്കന്മാർ 18:13) പൊ.യു.മു. 607-ൽ ബാബിലോണിയർ യെരൂശലേം ചുട്ടുചാമ്പലാക്കി. (2 ദിനവൃത്താന്തം 36:19) പ്രവചിച്ചിരുന്നതുപോലെ മിശിഹാ ബേത്ത്‌ലെഹെം എഫ്രാത്തിൽ ജനിച്ചു. (മത്തായി 2:3-6) യഹോവയുടെ പ്രവചനങ്ങൾ ഒരിക്കലും തെറ്റുകയില്ല.

2:1, 2ദൈവത്തെ സേവിക്കുന്നുവെന്ന്‌ അവകാശപ്പെടുകയും അതേസമയം “രാജ്യവും നീതിയും” അന്വേഷിക്കുന്നതിനു പകരം പണത്തിന്റെ പിന്നാലെ പരക്കംപായുകയും ചെയ്യുന്നത്‌ എത്ര അപകടകരമായിരിക്കും!—മത്തായി 6:33; 1 തിമൊഥെയൊസ്‌ 6:9, 10.

3:1-3, 5ഉത്തരവാദിത്വസ്ഥാനത്തുള്ളവർ നീതിയോടെ പ്രവർത്തിക്കാനാണു യഹോവ പ്രതീക്ഷിക്കുന്നത്‌.

3:4. യഹോവ പ്രാർഥനകൾക്ക്‌ ഉത്തരം നൽകണമെങ്കിൽ പാപം പതിവാക്കുന്നതും ഇരട്ടജീവിതം നയിക്കുന്നതും നാം ഒഴിവാക്കണം.

3:8. യഹോവയുടെ പരിശുദ്ധാത്മാവിന്റെ ശക്തി ലഭിച്ചാൽ മാത്രമേ നമുക്ക്‌ ന്യായവിധി സന്ദേശങ്ങൾ ഉൾപ്പെടെയുള്ള സുവാർത്ത പ്രസംഗിക്കാനുള്ള നിയമനം നിറവേറ്റാനാകൂ.

5:5. ശത്രുക്കൾ ദൈവജനത്തെ ആക്രമിക്കുമ്പോൾ, യഹോവയുടെ ജനത്തെ നയിക്കാനായി ‘ഏഴു [പൂർണതയെ സൂചിപ്പിക്കുന്നു] ഇടയന്മാരും’ ‘എട്ടു പ്രഭുക്കന്മാരും’—യോഗ്യതയുള്ള പുരുഷന്മാരുടെ ഒരു വലിയ കൂട്ടം—എഴുന്നേൽക്കും.

5:7, 8അനേകരെയും സംബന്ധിച്ചിടത്തോളം ഇന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ “യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെ”യാണ്‌—ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹം. രാജ്യസന്ദേശം ഘോഷിക്കാൻ യഹോവ അവരെ ഉപയോഗിക്കുന്നു എന്നതാണു കാരണം. പ്രസംഗവേലയിൽ അഭിഷിക്തരെ സജീവമായി പിന്തുണച്ചുകൊണ്ട്‌ “വേറെ ആടുകൾ” ആളുകൾക്ക്‌ ആത്മീയ നവോന്മേഷം പകരാൻ സഹായിക്കുന്നു. (യോഹന്നാൻ 10:16) മറ്റുള്ളവരെ ഉന്മേഷഭരിതരാക്കുന്ന ഈ വേലയിൽ പങ്കെടുക്കാനാകുന്നത്‌ എത്ര വലിയൊരു പദവിയാണ്‌!

6:3, 4മറ്റുള്ളവരോടു ദയയും അനുകമ്പയും പ്രകടമാക്കിക്കൊണ്ട്‌ നാം യഹോവയെ അനുകരിക്കണം, ഒത്തുപോകാൻ ബുദ്ധിമുട്ടുള്ളവരും ആത്മീയമായി ദുർബലരും ആയവരോടുപോലും.

7:7. ഈ ദുഷ്ടലോകത്തിന്റെ അന്ത്യപാദത്തിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കവേ നാം നിരാശരാകരുത്‌. മറിച്ച്‌, മീഖായെപ്പോലെ “ദൈവത്തിന്നായി കാത്തിരിക്ക”ണം.

7:18, 19. നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ സന്നദ്ധനായിരിക്കുന്നതുപോലെ നമ്മോടു പാപം ചെയ്യുന്നവരോടു ക്ഷമിക്കാൻ നാം മനസ്സൊരുക്കം കാണിക്കണം.

എന്നേക്കും ‘യഹോവയുടെ നാമത്തിൽ നടക്കുക’

ദൈവത്തിനും ദൈവജനത്തിനും എതിരെ പോരാടുന്നവർ “സദാകാലത്തേക്കും ഛേദിക്കപ്പെടും.” (ഓബദ്യാവു 10) എന്നാൽ ദിവ്യ മുന്നറിയിപ്പു ശ്രദ്ധിച്ച്‌ “ദുർമ്മാർഗ്ഗം വിട്ടുതിരി”യുന്നപക്ഷം യഹോവയുടെ കോപത്തിന്‌ ഇരയാകുന്നത്‌ ഒഴിവാക്കാൻ നമുക്കാകും. (യോനാ 3:10) ഈ “അന്ത്യകാലത്തു” സത്യാരാധന സകല വ്യാജമതങ്ങൾക്കും മീതെ ഉയർത്തപ്പെടുകയാണ്‌, അനുസരണമുള്ളവർ അവിടേക്കു പ്രവഹിച്ചുകൊണ്ടുമിരിക്കുന്നു. (മീഖാ 4:1; 2 തിമൊഥെയൊസ്‌ 3:1) അതുകൊണ്ട്‌, ‘നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കാൻ’ നമുക്കു ദൃഢനിശ്ചയം ഉള്ളവരായിരിക്കാം.—മീഖാ 4:5.

എത്ര വിലപ്പെട്ട പാഠങ്ങളാണ്‌ ഓബദ്യാവ്‌, യോനാ, മീഖാ എന്നീ പുസ്‌തകങ്ങളിലുള്ളത്‌! 2,500-ലേറെ വർഷങ്ങൾക്കുമുമ്പ്‌ എഴുതിയതാണെങ്കിലും അവയിലെ സന്ദേശം ഇന്നും “ജീവനും ചൈതന്യവുമുള്ള”താണ്‌.—എബ്രായർ 4:12.

[13-ാം പേജിലെ ചിത്രം]

“[ഏദോം] സദാകാലത്തേക്കും ഛേദിക്കപ്പെടു”മെന്ന്‌ ഓബദ്യാവ്‌ പ്രവചിച്ചു

[15-ാം പേജിലെ ചിത്രം]

മീഖാ ‘യഹോവയ്‌ക്കായി കാത്തിരുന്നു,’ നിങ്ങൾക്കും അങ്ങനെ ചെയ്യാനാകും

[16-ാം പേജിലെ ചിത്രം]

വിശിഷ്ടമായ ഒരു പദവിയാണ്‌ പ്രസംഗവേല