വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

ലോകശക്തിയായ അശ്ശൂർ പത്തുഗോത്ര രാജ്യമായ ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യയെ തകർത്തു തരിപ്പണമാക്കിയിരിക്കുന്നു. വളരെ നാളുകളായി യെഹൂദായ്‌ക്കും ഒരു ഭീഷണിയായി നിൽക്കുകയായിരുന്നു അശ്ശൂർ. യെഹൂദായിലെ പ്രവാചകനായ നഹൂമിന്‌ അശ്ശൂരിന്റെ തലസ്ഥാനമായ നീനെവേയെക്കുറിച്ച്‌ ഒരു സന്ദേശമുണ്ട്‌. പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 632-നു മുമ്പ്‌ എഴുതിയ നഹൂം എന്ന ബൈബിൾ പുസ്‌തകത്തിൽ ആ സന്ദേശമാണുള്ളത്‌.

അടുത്തതായി എഴുന്നേൽക്കേണ്ട ശക്തി ബാബിലോണിയൻ സാമ്രാജ്യമാണ്‌. ഇടക്കാലത്ത്‌ കൽദയ രാജാക്കന്മാരുടെ ഭരണത്തിൻകീഴിലായിരുന്നു ബാബിലോൺ. സാധ്യതയനുസരിച്ച്‌ പൊ.യു.മു. 628-ൽ പൂർത്തീകരിച്ച ഹബക്കൂക്കിന്റെ പുസ്‌തകം, ന്യായവിധി നടപ്പാക്കാൻ യഹോവ ആ ലോകശക്തിയെ തന്റെ ചട്ടുകമായി എങ്ങനെ ഉപയോഗിക്കുമെന്നും ഒടുവിൽ ആ സാമ്രാജ്യത്തിന്‌ എന്തു സംഭവിക്കുമെന്നും പ്രവചിക്കുന്നു.

നഹൂമിനും ഹബക്കൂക്കിനും മുമ്പേയുള്ള ആളാണ്‌ പ്രവാചകനായ സെഫന്യാവ്‌. പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തിനു 40-ലേറെ വർഷങ്ങൾക്കു മുമ്പാണ്‌ അവൻ പ്രവചിച്ചിരുന്നത്‌. വിനാശത്തിന്റെയും പ്രത്യാശയുടെയും സന്ദേശമായിരുന്നു അവൻ യെഹൂദായെ അറിയിച്ചത്‌. മറ്റു രാജ്യങ്ങൾക്കെതിരെയുള്ള ന്യായവിധിയുടെ സന്ദേശവും സെഫന്യാവിന്റെ പുസ്‌തകത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്‌.

“രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം!”

(നഹൂം 1:1-3:19)

‘ദീർഘക്ഷമയും മഹാശക്തിയുമുള്ളവനായ’ യഹോവയിൽനിന്നാണു “നീനെവേയെക്കുറിച്ചുള്ള പ്രവാചകം” വരുന്നത്‌. തന്നെ സങ്കേതമാക്കുന്നവർക്ക്‌ “യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു” എങ്കിലും നീനെവേ നശിപ്പിക്കപ്പെട്ടേ മതിയാകൂ.—നഹൂം 1:1, 3, 7.

‘സിംഹം കടിച്ചുകീറുന്നതുപോലെ,’ അശ്ശൂർ ദൈവജനത്തെ ഭയപ്പെടുത്തിയിരിക്കുകയാണ്‌. എന്നാൽ “യഹോവ യാക്കോബിന്റെ മഹിമയെ . . . യഥാസ്ഥാനത്താക്കും.” യഹോവ നീനെവേയുടെ “രഥങ്ങളെ ചുട്ടു പുകയാക്കും. [അവളുടെ] ബാലസിംഹങ്ങൾ വാളിന്നു ഇരയായ്‌ത്തീരും.” (നഹൂം 2:2, 12, 13) “രക്തപാതകങ്ങളുടെ പട്ടണത്തിന്നു [നീനെവേയ്‌ക്കു] അയ്യോ കഷ്ടം!” അവളുടെ ‘വർത്തമാനം കേൾക്കുന്ന ഏവരും കൈകൊട്ടുകയും’ സന്തോഷിക്കുകയും ചെയ്യും.—നഹൂം 3:1, 19.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:9—നീനെവേയ്‌ക്കു “മുടിവു വരുത്തും” എന്ന പ്രസ്‌താവന യെഹൂദായ്‌ക്ക്‌ എന്തർഥമാക്കുന്നു? അശ്ശൂരിന്റെ ഭീഷണി മേലാൽ ഉണ്ടാവുകയില്ല എന്നാണ്‌ ഇതിനർഥം; “കഷ്ടത രണ്ടാമതും പൊങ്ങിവരികയില്ല.” (NW) നീനെവേ അസ്‌തിത്വത്തിലേ ഇല്ലെന്നപോലെ നഹൂം എഴുതുന്നു: “ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക.”—നഹൂം 1:15.

2:6—ഏതു ‘നദികളുടെ ചീപ്പുകളാണു’ തുറന്നത്‌? നീനെവേയുടെ മതിലുകളിൽ ടൈഗ്രിസ്‌ നദി ഉണ്ടാക്കിയ വിടവുകളെയാണ്‌ “ചീപ്പുകൾ” എന്നു പരാമർശിച്ചിരിക്കുന്നത്‌. പൊ.യു.മു. 632-ൽ ബാബിലോണിയരുടെയും മേദ്യരുടെയും സംയുക്ത സൈന്യം നീനെവേയ്‌ക്കെതിരെ വന്നപ്പോൾ, അത്ര വലിയ ഭീഷണിയായി അവളതിനെ കണ്ടില്ല. കൂറ്റൻ മതിലുകൾക്കു പിന്നിൽ സുരക്ഷിതത്വം തേടിയ ആ നഗരത്തിന്‌, താൻ ആരാലും ഭേദിക്കപ്പെടില്ലെന്ന ഭാവമായിരുന്നു. എന്നാൽ കനത്ത മഴയെത്തുടർന്നു ടൈഗ്രിസ്‌ കരകവിഞ്ഞ്‌ ഒഴുകാൻ തുടങ്ങി. ഇതുമൂലം “നഗരത്തിന്റെ ഒരു ഭാഗം വെള്ളത്തിനടിയിലാകുകയും പലയിടങ്ങളിലും നഗരഭിത്തി പൊളിഞ്ഞുവീഴുകയും ചെയ്‌തു,” ചരിത്രകാരനായ ഡൈയൊഡോറസ്‌. അങ്ങനെ നദിയുടെ “ചീപ്പുകൾ” തുറന്നു, പ്രവചിച്ചിരുന്നതുപോലെ നീനെവേ പിടിച്ചടക്കപ്പെട്ടു, വൈക്കോൽക്കൂമ്പാരം കത്തിനശിക്കുന്നത്ര വേഗത്തിൽ!—നഹൂം 1:8-10.

3:4—നീനെവേ വേശ്യയെപ്പോലെ ആയിരുന്നത്‌ എങ്ങനെ? രാജ്യങ്ങൾക്കു സൗഹൃദവും സഹായവും വാഗ്‌ദാനം ചെയ്യുകയും എന്നാൽ യഥാർഥത്തിൽ അടിമത്തത്തിന്റെ നുകം അവരുടെ ചുമലിലേറ്റുകയും ചെയ്‌തുകൊണ്ട്‌ നീനെവേ അവയെ വഞ്ചിച്ചു. ഉദാഹരണത്തിന്‌, സിറിയൻ-ഇസ്രായേല്യ ഗൂഢാലോചനയെ ചെറുക്കാൻ യെഹൂദാരാജാവായിരുന്ന ആഹാസിന്‌ അശ്ശൂർ ചില സഹായങ്ങളൊക്കെ ചെയ്‌തു. എന്നാൽ ഒടുവിൽ സംഭവിച്ചതിതാണ്‌: ‘അശ്ശൂർരാജാവ്‌ ആഹാസിന്റെ അടുക്കൽ വന്നിട്ട്‌ അവനെ ഞെരുക്കിക്കളഞ്ഞു.’—2 ദിനവൃത്താന്തം 28:20.

നമുക്കുള്ള പാഠങ്ങൾ:

1:2-6, NW. തനിക്കു സമ്പൂർണ ഭക്തി തരാൻ വിസമ്മതിക്കുന്ന തന്റെ ശത്രുക്കളോടു യഹോവ പ്രതികാരം ചെയ്യുന്നു എന്ന വസ്‌തുത കാണിക്കുന്നത്‌ അവൻ തന്റെ ആരാധകരിൽനിന്നു സമ്പൂർണഭക്തിയിൽ കുറഞ്ഞ്‌ യാതൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ്‌.—പുറപ്പാടു 20:5, NW.

1:10. നൂറുകണക്കിനു കാവൽഗോപുരങ്ങളുള്ള കനത്ത മതിലുകൾക്ക്‌ നീനെവേയ്‌ക്കെതിരെയുള്ള യഹോവയുടെ ന്യായവിധിയെ തടുക്കാനായില്ല. യഹോവയുടെ ജനത്തിന്റെ ഇന്നത്തെ ശത്രുക്കൾക്കും ദൈവത്തിന്റെ ന്യായവിധിയിൽനിന്ന്‌ ഒഴിഞ്ഞുമാറാനാകില്ല.—സദൃശവാക്യങ്ങൾ 2:22; ദാനീയേൽ 2:44.

“നീതിമാനോ . . . ജീവിച്ചിരിക്കും”

(ഹബക്കൂക്‌ 1:1-3:19)

ഹബക്കൂക്കിന്റെ പുസ്‌തകത്തിലെ ആദ്യത്തെ രണ്ട്‌ അധ്യായങ്ങൾ പ്രവാചകനും യഹോവയാം ദൈവവും തമ്മിലുള്ള സംഭാഷണമാണ്‌. യെഹൂദായിൽ നടക്കുന്ന കാര്യങ്ങളിൽ മനംമടുത്ത്‌ അവൻ ദൈവത്തോടു ചോദിക്കുന്നു: “നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിന്‌?” യഹോവ മറുപടി പറയുന്നു: “ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്‌ദയരെ ഉണർത്തും.” യെഹുദായെ ശിക്ഷിക്കുന്നതിനായി “ദ്രോഹംപ്രവർത്തിക്കുന്നവരെ” ദൈവം ഉപയോഗിക്കുമെന്നറിയുമ്പോൾ അതു പ്രവാചകന്‌ അവിശ്വസനീയമായി തോന്നുന്നു. (ഹബക്കൂക്‌ 1:3, 6, 13) എന്നാൽ നീതിമാൻ ജീവിച്ചിരിക്കുമെന്നും ശത്രു ശിക്ഷിക്കപ്പെടുമെന്നും ഹബക്കൂക്കിന്‌ ഉറപ്പുലഭിക്കുന്നു. ഇതിനെല്ലാം ഉപരിയായി ശത്രുക്കളായ കൽദയരെ ബാധിക്കുന്ന അഞ്ചു വിപത്തുകളെക്കുറിച്ചും ഹബക്കൂക്‌ രേഖപ്പെടുത്തുന്നു.—ഹബക്കൂക്‌ 2:4.

ചെങ്കടലിലും മരുഭൂമിയിലും യെരീഹോയിലും യഹോവ നടത്തിയ അതുല്യ ശക്തിപ്രകടനങ്ങളെ എണ്ണിപ്പറഞ്ഞു വിലപിച്ചുകൊണ്ട്‌, ഹബക്കൂക്‌ കരുണയ്‌ക്കായി പ്രാർഥിക്കുന്നു. ദഹിപ്പിക്കുന്ന കോപത്തോടെ അർമഗെദോനിൽ യഹോവ നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചും ഹബക്കൂക്‌ പ്രവചിക്കുന്നു. “യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ അവൻ പ്രാർഥന അവസാനിപ്പിക്കുന്നു.—ഹബക്കൂക്‌ 3:1, 19.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:5, 6—യഹോവ കൽദയരെ യെരൂശലേമിനെതിരെ ഉണർത്തിയത്‌ യഹൂദർക്ക്‌ അവിശ്വസനീയമായി തോന്നിയിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌? ഹബക്കൂക്‌ പ്രവചനം ആരംഭിച്ചപ്പോൾ യെഹൂദാ ഈജിപ്‌തിന്റെ ശക്തമായ സ്വാധീനത്തിൻ കീഴിലായിരുന്നു. (2 രാജാക്കന്മാർ 23:29, 30, 34) ബാബിലോണിയർ ശക്തിപ്രാപിക്കുകയായിരുന്നെങ്കിലും അവരതുവരെയും ഈജിപ്‌തിലെ ഫറവോനായ നെഖോയെ കീഴടക്കിയിരുന്നില്ല. (യിരെമ്യാവു 46:2) തന്നെയുമല്ല യഹോവയുടെ ആലയം യെരൂശലേമിലായിരുന്നു, ദാവീദിന്റെ രാജവംശം നിർബാധം ഭരണം നടത്തിയിരുന്നതും അവിടെനിന്നായിരുന്നു. അന്നാളിലെ യഹൂദരെ സംബന്ധിച്ചിടത്തോളം യെരൂശലേമിനെ നശിപ്പിക്കാൻ കൽദയരെ അനുവദിക്കുന്ന ദൈവത്തിന്റെ “പ്രവൃത്തി” അചിന്തനീയമായിരുന്നു. ഹബക്കൂക്കിന്റെ വാക്കുകൾ എത്ര അവിശ്വസനീയമായി അനുഭവപ്പെട്ടിരുന്നെങ്കിലും ബാബിലോണിയരുടെ കയ്യാലുള്ള യെരൂശലേമിന്റെ നാശത്തെക്കുറിച്ചുള്ള ദർശനം പൊ.യു.മു. 607-ൽ ‘നിശ്ചയമായും’ നിവൃത്തിയേറി—ഹബക്കൂക്‌ 2:3.

2:5—ഇവിടെ പരാമർശിച്ചിരിക്കുന്ന “പുരുഷൻ” ആരാണ്‌, എന്തു കാരണത്താലാണ്‌ അവൻ ‘തൃപ്‌തിപ്പെടാതെയിരിക്കുന്നത്‌?’ രാഷ്‌ട്രങ്ങളെ കീഴടക്കാൻ സൈനികശക്തി ഉപയോഗിച്ചിരുന്ന ബാബിലോണിയരെ മൊത്തത്തിൽ “പുരുഷൻ” എന്നു വിളിക്കാൻ സാധിക്കും. സൈനിക വിജയങ്ങൾ അവനെ വീഞ്ഞിനാൽ മത്തുപിടിച്ച ഒരുവനെപ്പോലെയാക്കി. എന്നിരുന്നാലും എല്ലാ രാഷ്‌ട്രങ്ങളെയും തന്നോടു ചേർക്കുന്നതിൽ അവൻ പരാജയപ്പെടും, കാരണം അവനെ പരാജയപ്പെടുത്താൻ യഹോവ മേദ്യരെയും പേർഷ്യക്കാരെയും ഉപയോഗിക്കും. രാഷ്‌ട്രീയ ശക്തികളാണ്‌ ആധുനിക കാലത്തെ “പുരുഷൻ.” അമിതമായ ആത്മവിശ്വാസത്താലും ആത്മപ്രാധാന്യത്താലും അവനും മത്തുപിടിച്ചിരിക്കുകയാണ്‌. തന്റെ അധികാരപരിധി വികസിപ്പിക്കാനുള്ള അടങ്ങാത്ത ത്വരയാണവന്‌. എന്നാൽ ‘സകലജാതികളെയും തന്റെ അടുക്കൽ കൂട്ടിച്ചേർക്കുക’ എന്ന ലക്ഷ്യത്തിൽ അവൻ എത്തിച്ചേരുകയില്ല. ദൈവരാജ്യത്തിനു മാത്രമേ മനുഷ്യവർഗത്തെ ഏകീകരിക്കാനാകൂ.—മത്തായി 6:9, 10.

നമുക്കുള്ള പാഠങ്ങൾ:

1:1-4; 1:12-2:1. ഹബക്കൂക്‌ ആത്മാർഥമായി ചോദ്യങ്ങൾ ചോദിച്ചു, യഹോവ അവയ്‌ക്കു ഉത്തരം നൽകുകയും ചെയ്‌തു. തന്റെ വിശ്വസ്‌ത സേവകരുടെ പ്രാർഥനകൾക്കു സത്യദൈവം ചെവികൊടുക്കുന്നു.

2:1. ഹബക്കൂക്കിനെപ്പോലെ നാമും ആത്മീയമായി ഉണർവുള്ളവരും പ്രവർത്തനനിരതരും ആയിരിക്കണം. നമുക്കു ലഭിച്ചേക്കാവുന്ന തിരുത്തലിനനുസരിച്ച്‌ നമ്മുടെ ചിന്താഗതികൾ അനുരൂപപ്പെടുത്താനും നാം തയ്യാറായിരിക്കണം.

2:3; 3:16. യഹോവയുടെ ദിവസത്തിനായി വിശ്വാസപൂർവം കാത്തിരിക്കവേ, നമുക്ക്‌ അടിയന്തിരതാബോധം നിലനിറുത്താം.

2:4. യഹോവയുടെ ആസന്നമായ ന്യായവിധിനാൾ അതിജീവിക്കാൻ നാം വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കേണ്ടതുണ്ട്‌.—എബ്രായർ 10:36-38.

2:6, 7, 9, 12, 15, 19. അത്യാഗ്രഹത്തോടെ ദുരാദായം അന്വേഷിക്കുകയും അക്രമം പ്രിയപ്പെടുകയും അധാർമികതയിൽ രമിക്കുകയും വിഗ്രഹാരാധനയിൽ ഏർപ്പെടുകയും ചെയ്യുന്നവനു നാശം സുനിശ്ചിതമാണ്‌. ഇത്തരം ചായ്‌വുകളും പ്രവർത്തനങ്ങളും ഒഴിവാക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം.

2:11. ഈ ലോകത്തിന്റെ ദുഷ്ടത തുറന്നുകാട്ടാൻ നാം പരാജയപ്പെട്ടാൽ ‘കല്ലുകൾ’ അക്കാര്യം വിളിച്ചുപറയും. നാം തുടർന്നും രാജ്യദൂതു സധൈര്യം പ്രസംഗിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

3:6. യഹോവ തന്റെ ന്യായവിധി നടപ്പാക്കുമ്പോൾ യാതൊന്നിനും അവനെ തടയാനാവില്ല—പർവതങ്ങളെയും മലകളെയുംപോലെ സ്ഥിരമെന്നു തോന്നിക്കുന്ന മനുഷ്യസംഘടനകൾക്കുപോലും.

3:13. അർമഗെദോനിലെ നാശനം വിവേചനാരഹിതമല്ല, തന്റെ വിശ്വസ്‌തദാസരെ യഹോവ തീർച്ചയായും സംരക്ഷിക്കും.

3:17-19. അർമഗെദോന്റെ സമയത്തും അതിനുമുമ്പും ക്ലേശങ്ങൾ നേരിട്ടേക്കാമെങ്കിലും, യഹോവയെ സസന്തോഷം സേവിക്കുന്നതിൽ തുടരവേ, സഹിച്ചുനിൽക്കാനാവശ്യമായ “ബലം” അവൻ നമുക്കു നൽകും.

“യഹോവയുടെ ദിവസം അടുത്തിരിക്കുന്നു”

(സെഫന്യാവു 1:1-3:20)

ബാലാരാധന യെഹൂദായിൽ വളരെ വ്യാപകമാണ്‌. തന്റെ പ്രവാചകനായ സെഫന്യാവിലൂടെ യഹോവ പറയുന്നു: “ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും.” സെഫന്യാവു മുന്നറിയിപ്പു നൽകുന്നു: “യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.” (സെഫന്യാവു 1:4, 7, 14) യഹോവയുടെ നിബന്ധനകൾ അനുസരിക്കുന്നവരെ മാത്രമെ അന്നാളിൽ അവൻ സംരക്ഷിക്കുകയുള്ളൂ.—സെഫന്യാവു 2:3.

“[യെരൂശലേം] നഗരത്തിന്നു അയ്യോ കഷ്ടം!” ‘ഞാൻ സാക്ഷിയായി എഴുന്നേൽക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ. എന്റെ ക്രോധം പകരേണ്ടതിനു ജാതികളെ ചേർക്കുവാൻ ഞാൻ നിർണയിച്ചിരിക്കുന്നു’ എന്ന്‌ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കും.”—സെഫന്യാവു 3:1, 8, 20.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:13, 14—നിലംപരിചായ നീനെവേയിൽ “പാട്ടു പാടുന്നതു” ആരാണ്‌? നീനെവേ, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും വാസസ്ഥലം ആയിത്തീരേണ്ടിയിരുന്നതിനാൽ, പക്ഷികളുടെ കളകൂജനത്തെയും ഒരുപക്ഷേ ആളൊഴിഞ്ഞ വീടുകളുടെ ജനാലയിൽക്കൂടി കാറ്റുകടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദത്തെയും ആയിരിക്കാം അതു പരാമർശിക്കുന്നത്‌.

3:9, NW—എന്താണു “നിർമലഭാഷ,” അത്‌ എങ്ങനെ ഉപയോഗിക്കാം? ദൈവവചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന ദിവ്യസത്യമാണ്‌ നിർമലഭാഷ. എല്ലാ ബൈബിളുപദേശങ്ങളും അതിലുൾപ്പെട്ടിരിക്കുന്നു. സത്യം വിശ്വസിക്കുകയും അതു കൃത്യമായി മറ്റുള്ളവരെ പഠിപ്പിക്കുകയും ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌തുകൊണ്ട്‌ നാം ആ ഭാഷ സംസാരിക്കുന്നു.

നമുക്കുള്ള പാഠങ്ങൾ:

1:8. സെഫന്യാവിന്റെ നാളിൽ ചിലർ “അന്യദേശവസ്‌ത്രം” ധരിച്ചുകൊണ്ട്‌ ചുറ്റുമുള്ള ദേശക്കാരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിച്ചതായി തോന്നുന്നു. സമാനമായി, ഇന്നു യഹോവയുടെ ആരാധകർ ലോകത്തിന്റെ നിലവാരങ്ങൾക്കൊത്തു പോകാൻ ശ്രമിക്കുന്നത്‌ എത്ര മൗഢ്യമായിരിക്കും!

1:12; 3:5, 16. ജനത്തിനു തന്റെ ന്യായവിധികളെക്കുറിച്ചു മുന്നറയിപ്പു കൊടുക്കാൻ യഹോവ വീണ്ടും വീണ്ടും പ്രവാചകന്മാരെ അയച്ചു. മിക്ക യഹൂദരും, വീഞ്ഞിന്റെ അടിയിൽ ഉറച്ചുകിടക്കുന്ന മട്ടിന്റെ കാര്യത്തിലെന്നപോലെ തങ്ങളുടെ ജീവിതചര്യയിൽ ആമഗ്നരായിക്കൊണ്ട്‌ ദിവ്യസന്ദേശത്തോടു നിസ്സംഗത പുലർത്തിയപ്പോഴും അവൻ അപ്രകാരം ചെയ്‌തു. യഹോവയുടെ മഹാദിവസം സമീപിക്കവേ, ആളുകളുടെ നിസ്സംഗത നമ്മെ അധൈര്യപ്പെടുത്താൻ അനുവദിക്കാതെ അവിരാമം നാം രാജ്യദൂതു പ്രസംഗിക്കണം.

2:3. യഹോവയുടെ ക്രോധദിവസത്തിൽ അവനു മാത്രമേ നമ്മെ രക്ഷിക്കാനാകൂ. അവന്റെ അംഗീകാരം നിലനിറുത്താൻ, ദൈവവചനമാകുന്ന ബൈബിൾ ശ്രദ്ധാപൂർവം പഠിച്ചുകൊണ്ട്‌ നാം ‘യഹോവയെ അന്വേഷിക്കുകയും’ പ്രാർഥനയിൽ അവന്റെ മാർഗനിർദേശം തേടുകയും അവനോടടുത്തു ചെല്ലുകയും വേണം. ധാർമികശുദ്ധിയുള്ള ജീവിതം നയിച്ചുകൊണ്ട്‌ നാം ‘നീതി അന്വേഷിക്കണം.’ താഴ്‌മയും വിധേയത്വവും നട്ടുവളർത്തിക്കൊണ്ട്‌ ‘സൗമ്യതയും അന്വേഷിക്കണം.’

2:4-15; 3:1-5. യഹോവ തന്റെ ന്യായവിധി നടപ്പാക്കുന്ന നാളിൽ, പുരാതന യെരൂശലേമിനും അയൽ രാജ്യങ്ങൾക്കും ഉണ്ടായ അതേ അനുഭവംതന്നെ ആയിരിക്കും ദൈവജനത്തെ പീഡിപ്പിച്ച ക്രൈസ്‌തവലോകത്തിനും സകല രാഷ്‌ട്രങ്ങൾക്കും ഉണ്ടാവുക. (വെളിപ്പാടു 16:14, 16; 18:4-8) നാം തുടർന്നും ദൈവത്തിന്റെ ന്യായവിധികൾ നിർഭയം പ്രഖ്യാപിക്കണം.

3:8, 9യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ, “നിർമലഭാഷ” സംസാരിക്കാൻ പഠിച്ചുകൊണ്ടും ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചുകൊണ്ടും അതിജീവനത്തിനായി നമുക്കു തയ്യാറെടുക്കാം. കൂടാതെ “ഏകമനസ്സോടെ” ദൈവജനത്തോടൊപ്പം യഹോവയെ സേവിക്കുകയും “സ്‌തോത്രയാഗം” അവനു കാഴ്‌ചയായി അർപ്പിക്കുകയും ചെയ്യാം.—എബ്രായർ 13:15.

‘അത്‌ അത്യന്തം ബദ്ധപ്പെട്ടുവരുന്നു’

സങ്കീർത്തനക്കാരൻ പാടി: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.” (സങ്കീർത്തനം 37:10) നഹൂമിന്റെ പുസ്‌തകത്തിൽ നീനെവേയെക്കുറിച്ചും ഹബക്കൂക്കിന്റെ പുസ്‌തകത്തിൽ ബാബിലോണിനേയും അവിശ്വസ്‌ത യെഹൂദായെയും കുറിച്ചും പ്രവചിക്കപ്പെട്ട കാര്യങ്ങളുടെ വിചിന്തിനം, സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾ നിവൃത്തിയേറുമെന്ന്‌ നമുക്കുറപ്പു നൽകും. എന്നാൽ നാമിനിയും എത്രനാൾ കാത്തിരിക്കണം?

“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു” എന്ന്‌ സെഫന്യാവു 1:14 പറയുന്നു. കൂടാതെ ആ ദിവസത്തിൽ നാമെങ്ങനെ സംരക്ഷിക്കപ്പെട്ടേക്കാമെന്നും അതിജീവനത്തിനായി തയ്യാറാകാൻ ഇപ്പോൾ നാം എന്തു ചെയ്യണമെന്നും അവന്റെ പുസ്‌തകം കാണിച്ചുതരുന്നു. അതേ, ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാണ്‌.’—എബ്രായർ 4:12.

[8-ാം പേജിലെ ചിത്രങ്ങൾ]

നഹൂമിന്റെ പ്രവചനത്തിന്റെ നിവൃത്തി തടയാൻ നീനെവേയുടെ കൂറ്റൻ മതിലുകൾക്കായില്ല

[കടപ്പാട്‌]

Randy Olson/National Geographic Image Collection