വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അതുല്യനായ അധ്യാപകനെ അനുകരിക്കുക

അതുല്യനായ അധ്യാപകനെ അനുകരിക്കുക

അതുല്യനായ അധ്യാപകനെ അനുകരിക്കുക

“നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.”—ലൂക്കൊസ്‌ 8:18.

1, 2. ശുശ്രൂഷയ്‌ക്കിടയിൽ യേശു ആളുകളോട്‌ ഇടപെട്ട വിധം നാം ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രഗത്ഭനായ അധ്യാപകനും ശിഷ്യരാക്കൽ വേലയിൽ അദ്വിതീയനുമായിരുന്ന യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ്‌ 8:16-18) നാമോരോരുത്തരുടെയും ക്രിസ്‌തീയ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ഈ തത്ത്വം സുപ്രസക്തമാണ്‌. ദിവ്യമാർഗനിർദേശങ്ങൾക്കു ചെവികൊടുക്കുന്നപക്ഷം, അതിനു ചേർച്ചയിൽ പ്രവർത്തിക്കാനും ഫലപ്രദമായി രാജ്യദൂതു ഘോഷിക്കാനും നമുക്കു കഴിയും. യേശു ഇന്നു നമ്മോടു നേരിട്ടു സംസാരിക്കുന്നില്ലെങ്കിലും, അവൻ പറഞ്ഞതും ചെയ്‌തതുമായ കാര്യങ്ങളെക്കുറിച്ച്‌ തിരുവെഴുത്തുകളിൽനിന്നു നമുക്കു വായിച്ചു മനസ്സിലാക്കാനാകും. ശുശ്രൂഷ നിറവേറ്റവേ യേശു ആളുകളോട്‌ ഇടപെട്ട വിധം സംബന്ധിച്ച്‌ അവ എന്താണു വെളിപ്പെടുത്തുന്നത്‌?

2 യേശു സമർഥനായ സുവിശേഷഘോഷകനും വിദഗ്‌ധനായ തിരുവെഴുത്തധ്യാപകനും ആയിരുന്നു. (ലൂക്കൊസ്‌ 8:1; യോഹന്നാൻ 8:28) ശിഷ്യരാക്കൽ വേലയിൽ സുവിശേഷിക്കലും പഠിപ്പിക്കലും ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ചില ക്രിസ്‌ത്യാനികൾക്ക്‌, സമർഥമായി രാജ്യദൂതു ഘോഷിക്കാൻ കഴിയുന്നെങ്കിലും ഫലകരമായി ആളുകളെ പഠിപ്പിക്കാനാകുന്നില്ല. സന്ദേശം അറിയിക്കുന്നതു മാത്രമേ സുവിശേഷിക്കലിൽ ഉൾപ്പെട്ടിട്ടുള്ളൂ. എന്നാൽ യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ ആളുകളെ പഠിപ്പിക്കുന്നതിൽ അതിലധികം ഉൾപ്പെട്ടിരിക്കുന്നു, അധ്യാപകൻ അവരുമായി നല്ല ബന്ധം വളർത്തിയെടുക്കേണ്ടതുണ്ട്‌. (മത്തായി 28:19, 20) വലിയ അധ്യാപകനും ശിഷ്യരാക്കൽ വേലയിൽ അഗ്രഗണ്യനുമായ യേശുക്രിസ്‌തുവിനെ അനുകരിക്കുന്നതിലൂടെ നമുക്ക്‌ അപ്രകാരം ചെയ്യാനാകും.—യോഹന്നാൻ 13:13.

3. നാം യേശുവിനെ അനുകരിക്കുമ്പോൾ അതു നമ്മുടെ ശിഷ്യരാക്കൽ വേലയെ എങ്ങനെ സ്വാധീനിക്കും?

3 യേശുവിന്റെ അധ്യാപനരീതികൾ സ്വായത്തമാക്കുമ്പോൾ നാം പൗലൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന ഉദ്‌ബോധനം പിൻപറ്റുകയാണു ചെയ്യുന്നത്‌: “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:5, 6) ശിഷ്യരാക്കൽ വേലയിൽ യേശുവിനെ അനുകരിക്കാൻ ശ്രമം ആവശ്യമാണെങ്കിലും, അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ പഠിപ്പിക്കൽ ഫലപ്രദമായിത്തീരും. എന്തുകൊണ്ടെന്നാൽ വ്യക്തിപരമായ സാഹചര്യത്തിനു ചേർച്ചയിൽ ‘ഓരോരുത്തരോടും ഉത്തരം പറയാൻ’ അതു നമ്മെ സഹായിക്കും.

യേശു ആളുകളെ സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചു

4. യേശു നല്ലൊരു ശ്രോതാവായിരുന്നെന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ട്‌?

4 മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും അവരുടെ മനസ്സിലുള്ളതു തുറന്നുപറയാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശീലം ചെറുപ്പംമുതൽക്കേ യേശുവിനുണ്ടായിരുന്നു. ഉദാഹരണത്തിന്‌, 12 വയസ്സുള്ളപ്പോൾ “അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും” അവന്റെ മാതാപിതാക്കൾ കാണുകയുണ്ടായി. (ലൂക്കൊസ്‌ 2:46) തനിക്ക്‌ എത്രമാത്രം അറിവുണ്ടെന്നു കാണിച്ചുകൊണ്ട്‌ ഉപദേഷ്ടാക്കന്മാരെ ലജ്ജിപ്പിക്കാനായിരുന്നില്ല യേശു ആലയത്തിൽ പോയത്‌. അവരോടു ചോദ്യങ്ങൾ ചോദിച്ചെങ്കിലും, അവരുടെ ഉപദേശം കേൾക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ദൈവത്തിന്റെയും മനുഷ്യന്റെയും കണ്ണിൽ അവനെ പ്രിയങ്കരനാക്കിയ ഒരു ഗുണം, ശ്രദ്ധിക്കാനുള്ള അവന്റെ മനസ്സൊരുക്കമായിരുന്നിരിക്കാം.—ലൂക്കൊസ്‌ 2:52.

5, 6. താൻ പഠിപ്പിച്ച വ്യക്തികളുടെ അഭിപ്രായങ്ങൾ യേശു ശ്രദ്ധിച്ചിരുന്നുവെന്ന്‌ നമുക്കെങ്ങനെ അറിയാം?

5 സ്‌നാപനമേറ്റ്‌ മിശിഹായായി അഭിഷേകം ചെയ്യപ്പെട്ടശേഷവും, ആളുകൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള യേശുവിന്റെ താത്‌പര്യത്തിനു മങ്ങലേറ്റില്ല. ശ്രോതാക്കളെ ശ്രദ്ധിക്കാനാകാത്തവിധം അവൻ തന്റെ ഉപദേശങ്ങളിൽ മുഴുകിപ്പോയില്ല. സംസാരത്തിനിടയിൽ പലപ്പോഴും അവൻ അവരുടെ വീക്ഷണം ആരാഞ്ഞറിയുമായിരുന്നു. (മത്തായി 16:13-15) ഉദാഹരണത്തിന്‌ മാർത്തയുടെ സഹോദരനായ ലാസർ മരിച്ചപ്പോൾ യേശു അവളോട്‌, “ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല” എന്നു പറഞ്ഞശേഷം “ഇതു നീ വിശ്വസിക്കുന്നുവോ” എന്നു ചോദിച്ചു. “ഉവ്വു, കർത്താവേ, . . . ദൈവപുത്രനായ ക്രിസ്‌തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു” എന്ന്‌ മാർത്ത മറുപടി പറഞ്ഞപ്പോൾ യേശു അതു സശ്രദ്ധം കേട്ടു. (യോഹന്നാൻ 11:26, 27) അപ്രകാരം അവൾ തന്റെ ശക്തമായ വിശ്വാസം പ്രകടിപ്പിച്ചപ്പോൾ യേശുവിന്‌ എന്തൊരു ചാരിതാർഥ്യം തോന്നിയിരിക്കണം!

6 പല ശിഷ്യന്മാരും തന്നെ വിട്ടുപോയപ്പോൾ അപ്പൊസ്‌തലന്മാരുടെ അഭിപ്രായമറിയാൻ താത്‌പര്യപ്പെട്ടുകൊണ്ട്‌ യേശു ഇങ്ങനെ ചോദിച്ചു: “നിങ്ങൾക്കും പൊയ്‌കൊൾവാൻ മനസ്സുണ്ടോ”? അപ്പോൾ ശിമോൻ പത്രൊസ്‌, “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” എന്ന്‌ ഉത്തരം പറഞ്ഞു. (യോഹന്നാൻ 6:66-69) ആ വാക്കുകൾ യേശുവിനെ എത്ര സന്തോഷിപ്പിച്ചിരിക്കും! വിശ്വാസം തുളുമ്പുന്ന അത്തരം അഭിപ്രായങ്ങൾ ബൈബിൾവിദ്യാർഥികളിൽനിന്നു കേൾക്കുമ്പോൾ നിങ്ങളും സന്തോഷിക്കുമെന്നതിനു സംശയമില്ല.

യേശു ആദരപൂർവം ശ്രദ്ധിച്ചു

7. പല ശമര്യരും യേശുവിൽ വിശ്വസിക്കാനിടയായത്‌ എങ്ങനെ?

7 യേശു ആളുകളുടെ കാര്യത്തിൽ താത്‌പര്യമെടുക്കുകയും അവർ സംസാരിക്കുമ്പോൾ ആദരപൂർവം ശ്രദ്ധിക്കുകയും ചെയ്‌തുവെന്നതാണ്‌ ശിഷ്യരാക്കൽ വേലയിൽ അവനെ ശ്രദ്ധേയനാക്കിയ മറ്റൊരു ഘടകം. ഉദാഹരണത്തിന്‌ സുഖാറിലുള്ള, യാക്കോബിന്റെ കിണറ്റരികിൽവെച്ച്‌ യേശു ഒരിക്കൽ ഒരു ശമര്യസ്‌ത്രീയോടു സാക്ഷീകരിച്ചു. എന്നാൽ അതൊരു ഏകമുഖഭാഷണം ആയിരുന്നില്ല; അവൾക്കു പറയാനുള്ള കാര്യങ്ങളും യേശു സശ്രദ്ധം കേട്ടു. ആ സംഭാഷണത്തിലൂടെ ആരാധനയുടെ കാര്യത്തിൽ അവൾക്കുള്ള താത്‌പര്യം അവൻ തിരിച്ചറിയുകയും ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കുന്നവരെയാണു ദൈവം തേടുന്നതെന്ന്‌ അവളോടു പറയുകയും ചെയ്‌തു. യേശുവിന്റെ ആദരപൂർവമായ സമീപനവും ആത്മാർഥമായ താത്‌പര്യവും നേരിട്ടറിഞ്ഞ ആ സ്‌ത്രീ മറ്റുള്ളവരോട്‌ അവനെക്കുറിച്ചു പറഞ്ഞു. അവൾ “സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.”—യോഹന്നാൻ 4:5-29, 39-42.

8. അഭിപ്രായങ്ങൾ പറയാനുള്ള ആളുകളുടെ ആകാംക്ഷ, സംഭാഷണത്തിനു തുടക്കമിടാൻ നമ്മെ എങ്ങനെ സഹായിക്കും?

8 സ്വന്തം അഭിപ്രായങ്ങൾ പറയാൻ ആകാംക്ഷയുള്ളവരാണ്‌ പലരും. ഉദാഹരണത്തിന്‌ അഭിപ്രായങ്ങൾ കൈമാറാനും പുതുമകൾ കേൾക്കാനും താത്‌പര്യമുള്ളവരായിരുന്നു പുരാതനകാലത്തെ അഥേനക്കാർ. തത്‌ഫലമായി ആ നഗരത്തിലെ അരയോപഗയിൽവെച്ച്‌ ഫലപ്രദമായ ഒരു പ്രഭാഷണം നടത്താൻ പൗലൊസ്‌ അപ്പൊസ്‌തലനു കഴിഞ്ഞു. (പ്രവൃത്തികൾ 17:18-34) ഇന്നു ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന വീട്ടുകാരുമായി സംഭാഷണമാരംഭിക്കാൻ ഒരുപക്ഷേ നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്‌: “[ഒരു വിഷയം] സംബന്ധിച്ച്‌ നിങ്ങളുടെ അഭിപ്രായമറിയാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ്‌ ഞാൻ വന്നത്‌.” വീട്ടുകാരന്റെ വീക്ഷണം അറിഞ്ഞശേഷം നിങ്ങളുടെ അഭിപ്രായം പറയുകയോ ഒരു ചോദ്യം ചോദിക്കുകയോ ചെയ്യുക. തുടർന്ന്‌ പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്നു സദയം കാട്ടിക്കൊടുക്കുക.

അദ്വിതീയനായ വാഗ്മി

9. ക്ലെയൊപ്പാവിനും കൂട്ടുകാരനും ‘തിരുവെഴുത്തുകൾ പൂർണമായി തെളിയിച്ചു’കൊടുക്കുന്നതിനു മുമ്പായി യേശു എന്തു ചെയ്‌തു?

9 യേശുവിന്‌ ഒരിക്കലും പദദാരിദ്ര്യം നേരിട്ടിരുന്നില്ല. ആളുകളുടെ അഭിപ്രായങ്ങൾ സശ്രദ്ധം കേൾക്കുന്നതിനു പുറമെ അവരുടെ മനസ്സു വായിക്കുകയും ചെയ്‌തിരുന്ന അവന്‌, എന്തു പറയണമെന്ന്‌ കൃത്യമായും അറിയാമായിരുന്നു. (മത്തായി 9:4; 12:22-30; ലൂക്കൊസ്‌ 9:46, 47) ഒരു ഉദാഹരണം നോക്കുക. യേശുവിന്റെ പുനരുത്ഥാനശേഷം അധികം വൈകാതെ അവന്റെ രണ്ടു ശിഷ്യന്മാർ യെരൂശലേമിൽനിന്ന്‌ എമ്മവുസ്സിലേക്കു നടക്കുകയായിരുന്നു. സുവിശേഷ വിവരണം പറയുന്നു: “യേശു . . . അടുത്തുചെന്നു അവരോടു ചേർന്നുനടന്നു. അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു. അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. ക്ലെയൊപ്പാവു എന്നു പേരുള്ളവൻ: യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.” യേശു അപ്പോൾ “ഏതു [കാര്യം]” എന്ന്‌ അവരോടു ചോദിച്ചു. നസറായനായ യേശു ആളുകളെ പഠിപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ഒടുവിൽ കൊല്ലപ്പെടുകയും ചെയ്‌തതായി അവർ വിവരിച്ചു. അവൻ മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റുവെന്നാണ്‌ ഇപ്പോൾ ചിലരുടെ സംസാരമെന്നും അവർ ചൂണ്ടിക്കാട്ടി. മഹാനായ അധ്യാപകൻ അതെല്ലാം ശ്രദ്ധിച്ചുകേട്ടു. സകലതും തുറന്നുപറയാൻ അവൻ ക്ലെയൊപ്പാവിനെയും കൂട്ടുകാരനെയും അനുവദിച്ചു. തുടർന്ന്‌ അവൻ ‘തിരുവെഴുത്തുകൾ പൂർണമായി തെളിയിച്ചു’കൊടുക്കുകയും അവർ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമാക്കുകയും ചെയ്‌തു.—ലൂക്കൊസ്‌ 24:13-27, 32.

10. ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ഒരു വ്യക്തിയുടെ മതവീക്ഷണം എങ്ങനെ മനസ്സിലാക്കാനാകും?

10 ഒരു വീട്ടുകാരന്റെ മതവീക്ഷണം നിങ്ങൾക്കു തീർത്തും അജ്ഞാതമായിരുന്നേക്കാം. അതു മനസ്സിലാക്കാൻ, “പ്രാർഥനയെക്കുറിച്ച്‌ ആളുകൾ എന്താണു വിചാരിക്കുന്നതെന്നു കേൾക്കാൻ എനിക്കു താത്‌പര്യമുണ്ട്‌” എന്ന്‌ നിങ്ങൾക്കു പറയാവുന്നതാണ്‌. തുടർന്ന്‌ “ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നതായി നിങ്ങൾ കരുതുന്നുണ്ടോ?” എന്നു ചോദിക്കാനാകും. ആ വ്യക്തിയുടെ ഉത്തരം, അദ്ദേഹത്തിന്റെ വീക്ഷണവും മതപശ്ചാത്തലവും സംബന്ധിച്ചു നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയേക്കാം. മതഭക്തിയുള്ള ആളാണെങ്കിൽ അടുത്തതായി ഇങ്ങനെ ചോദിക്കാവുന്നതാണ്‌: “ദൈവം എല്ലാ പ്രാർഥനകളും ശ്രദ്ധിക്കുന്നുണ്ടോ; അവന്‌ അസ്വീകാര്യമായ പ്രാർഥനകളും ഉണ്ടായിരിക്കുമോ?” അതുവഴി നിങ്ങൾക്ക്‌ അദ്ദേഹത്തിന്റെ വീക്ഷണഗതി നന്നായി മനസ്സിലാക്കാൻ കഴിയും. ഇത്തരം ചോദ്യങ്ങൾ പ്രശാന്തമായ സംഭാഷണത്തിലേക്കു നയിച്ചേക്കാം. ഒരു തിരുവെഴുത്താശയം ശ്രദ്ധയിൽപെടുത്തേണ്ടതുള്ളപ്പോൾ, ആ വ്യക്തിയുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താതെ നയപൂർവം അപ്രകാരം ചെയ്യുക. സംഭാഷണം ഇഷ്ടപ്പെട്ടാൽ, നിങ്ങൾ മടങ്ങിച്ചെല്ലുന്നതും അദ്ദേഹത്തിന്‌ ഇഷ്ടമായിരിക്കും. നിങ്ങൾക്ക്‌ ഉത്തരം അറിഞ്ഞുകൂടാത്ത ഒരു ചോദ്യം അദ്ദേഹം ചോദിച്ചാലോ? ഗവേഷണം നടത്തിയിട്ട്‌, “പ്രത്യാശയെക്കുറിച്ചു . . . സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ” തയ്യാറായി മടങ്ങിച്ചെല്ലുക.—1 പത്രൊസ്‌ 3:15.

യേശു നല്ല ഹൃദയനിലയുള്ളവരെ പഠിപ്പിച്ചു

11. പഠിപ്പിക്കപ്പെടാൻ യോഗ്യരായവരെ എങ്ങനെ കണ്ടെത്താം?

11 പൂർണ മനുഷ്യനായിരുന്ന യേശുവിന്‌, പഠിപ്പിക്കപ്പെടാൻ യോഗ്യരായവരെ തിരിച്ചറിയാനുള്ള വിവേചനാശക്തി ഉണ്ടായിരുന്നു. എന്നാൽ “നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവരെ” കണ്ടെത്തുകയെന്നത്‌ നമുക്കത്ര എളുപ്പമല്ല. (പ്രവൃത്തികൾ 13:48, NW) അപ്പൊസ്‌തലന്മാരുടെ കാര്യത്തിലും അതു സത്യമായിരുന്നു. അവരോട്‌ യേശു ഇങ്ങനെ പറഞ്ഞു: “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ.” (മത്തായി 10:11) അപ്പൊസ്‌തലന്മാരെപ്പോലെ, ശ്രദ്ധിക്കാനും തിരുവെഴുത്തുസത്യം പഠിക്കാനും മനസ്സുള്ളവരെ നാം തേടിക്കണ്ടെത്തണം. ഓരോരുത്തരും പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം കേട്ടുകൊണ്ടും അവരുടെ മനോഭാവം മനസ്സിലാക്കിക്കൊണ്ടും അർഹരായവരെ കണ്ടെത്താൻ നമുക്കു കഴിയും.

12. താത്‌പര്യമുള്ള വ്യക്തിയെ എങ്ങനെ തുടർന്നും സഹായിക്കാനാകും?

12 ഒരാൾ രാജ്യസന്ദേശത്തിൽ താത്‌പര്യം പ്രദർശിപ്പിക്കുന്നപക്ഷം അദ്ദേഹത്തിന്റെ ആത്മീയാവശ്യങ്ങളെക്കുറിച്ചു തുടർന്നും ചിന്തിക്കുന്നതു പ്രയോജനകരമാണ്‌. സുവാർത്ത പങ്കുവെച്ചശേഷം, വീട്ടുകാരനെക്കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ കുറിച്ചെടുക്കുന്നെങ്കിൽ തുടർന്നും അദ്ദേഹത്തെ ആത്മീയമായി സഹായിക്കാൻ നിങ്ങൾക്കു കഴിയും. മടക്കസന്ദർശനവേളയിൽ, വീട്ടുകാരന്റെ മനോഭാവവും സാഹചര്യങ്ങളും വിശ്വാസങ്ങളും മെച്ചമായി മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നന്നായി ശ്രദ്ധിക്കുക.

13. ബൈബിളിനെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ മനോഭാവം മനസ്സിലാക്കാൻ എന്തു സഹായിക്കും?

13 ദൈവവചനത്തെക്കുറിച്ചുള്ള അഭിപ്രായം തുറന്നുപറയാൻ നിങ്ങൾക്കെങ്ങനെ ആളുകളെ പ്രോത്സാഹിപ്പിക്കാനാകും? “ബൈബിളിലെ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?” എന്ന ചോദ്യം ചിലയിടങ്ങളിൽ ഫലകരമാണ്‌. അതിനുള്ള ഉത്തരം മിക്കപ്പോഴും, ആത്മീയ കാര്യങ്ങളോടുള്ള ഒരുവന്റെ മനോഭാവം വെളിപ്പെടുത്തും. ഒരു തിരുവെഴുത്തു വായിച്ചശേഷം “ഇക്കാര്യം സംബന്ധിച്ച്‌ നിങ്ങൾക്കെന്തു തോന്നുന്നു?” എന്നു ചോദിക്കുന്നതു മറ്റൊരു വിധമാണ്‌. യേശുവിനെപ്പോലെ ശുശ്രൂഷയിൽ ഫലംകൊയ്യാൻ, ഉചിതമായ ചോദ്യങ്ങൾ നിങ്ങളെ ഏറെ സഹായിക്കും. എന്നാൽ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്‌.

ചോദ്യങ്ങളുടെ വിദഗ്‌ധോപയോഗം

14. മറ്റുള്ളവരെ അലോസരപ്പെടുത്താതെ അവരുടെ വീക്ഷണം മനസ്സിലാക്കാൻ എങ്ങനെ കഴിയും?

14 മറ്റുള്ളവരെ അലോസരപ്പെടുത്താതെ അവരുടെ വീക്ഷണം മനസ്സിലാക്കാൻ ശ്രമിക്കുക. യേശുവിന്റെ മാതൃക അനുകരിക്കുക. നയരഹിതമായി അവൻ ആളുകളെ ചോദ്യംചെയ്‌തില്ല; അവന്റെ ചോദ്യങ്ങളെല്ലാം അവരെ ചിന്തിപ്പിക്കാൻപോന്നവയായിരുന്നു. നല്ലൊരു ശ്രോതാവുകൂടിയായിരുന്ന അവന്റെ സാമീപ്യം, ആത്മാർഥഹൃദയർക്കു നവോന്മേഷവും ആശ്വാസവും കൈവരുത്തി. (മത്തായി 11:28) തങ്ങളുടെ ആകുലതകളുമായി അവനെ സമീപിക്കാൻ എല്ലാ തുറകളിലുമുള്ള ആളുകൾക്കു കഴിഞ്ഞു. (മർക്കൊസ്‌ 1:40; 5:35, 36; 10:13, 17, 46, 47) ബൈബിളിനെക്കുറിച്ചും അതിന്റെ പഠിപ്പിക്കലുകളെക്കുറിച്ചുമുള്ള അഭിപ്രായം സ്വതന്ത്രമായി പറയാൻ മറ്റുള്ളവർക്കു കഴിയണമെങ്കിൽ നിങ്ങൾ അവരെ ചോദ്യംചെയ്യുന്നത്‌ ഒഴിവാക്കണം.

15, 16. മതസംബന്ധമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ ആളുകളെ എങ്ങനെ പ്രചോദിപ്പിക്കാം?

15 ചോദ്യങ്ങൾ ഫലകരമായി ഉപയോഗിക്കുന്നതിനു പുറമെ, ശ്രദ്ധേയമായ എന്തെങ്കിലും പറയുകയും അതിനോടുള്ള പ്രതികരണം ശ്രദ്ധിക്കുകയും ചെയ്‌തുകൊണ്ട്‌ സംഭാഷണം സജീവമാക്കാൻ കഴിയും. ഉദാഹരണത്തിന്‌ യേശു നിക്കോദേമൊസിനോട്‌ ഇങ്ങനെ പറഞ്ഞു: “പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ 3:3) ആ വാക്കുകൾ അത്രമേൽ താത്‌പര്യജനകമായിരുന്നതിനാൽ നിക്കോദേമൊസ്‌ പ്രതികരിക്കുകയും യേശുവിനു ചെവികൊടുക്കുകയും ചെയ്‌തു. (യോഹന്നാൻ 3:4-20) സംഭാഷണത്തിലേർപ്പെടാൻ നിങ്ങൾക്കും സമാനമായി ആളുകളെ പ്രോത്സാഹിപ്പിക്കാനാകും.

16 പുതുമതങ്ങളുടെ ആവിർഭാവം ഇന്ന്‌ ആഫ്രിക്ക, പൂർവ യൂറോപ്പ്‌, ലാറ്റിനമേരിക്ക എന്നിവടങ്ങളിൽപ്പോലും ചർച്ചാവിഷയമാണ്‌. അത്തരം സാഹചര്യമുള്ള സ്ഥലങ്ങളിൽ സംഭാഷണമാരംഭിക്കാൻ നിങ്ങൾക്ക്‌ മിക്കപ്പോഴും ഇങ്ങനെ പറയാൻ കഴിയും: “എന്നെ അലട്ടുന്ന ഒരു പ്രശ്‌നമാണ്‌ മതങ്ങളുടെ പെരുപ്പം. എന്നാൽ എല്ലാ ദേശക്കാരും പെട്ടെന്നുതന്നെ സത്യാരാധനയിൽ ഏകീകരിക്കപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചുകാണാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ?” പ്രത്യാശയോടു ബന്ധപ്പെട്ട്‌ വിസ്‌മയകരമായ എന്തെങ്കിലും പറയുന്നതിലൂടെ ആളുകളുടെ വീക്ഷണഗതി മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. തന്നെയുമല്ല, രണ്ട്‌ ഉത്തരങ്ങൾക്കു സാധ്യതയുള്ളപ്പോൾ ചോദ്യങ്ങൾക്കു മറുപടി പറയുക എളുപ്പവുമാണ്‌. (മത്തായി 17:25) നിങ്ങളുടെ ചോദ്യത്തോടു വീട്ടുകാരൻ പ്രതികരിച്ചശേഷം ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട്‌ അതിന്‌ ഉത്തരം കൊടുക്കുക. (യെശയ്യാവു 11:9; സെഫന്യാവു 3:9) സാകൂതം ശ്രദ്ധിച്ചുകൊണ്ടും വീട്ടുകാരന്റെ പ്രതികരണം കണക്കിലെടുത്തുകൊണ്ടും, അടുത്ത സന്ദർശനത്തിൽ എന്തു പറയണമെന്നു നിങ്ങൾക്കു തീരുമാനിക്കാനായേക്കും.

കുട്ടികളുടെ ഇഷ്ടനായകൻ

17. യേശുവിന്‌ കുട്ടികളുടെ കാര്യത്തിൽ താത്‌പര്യമുണ്ടായിരുന്നെന്ന്‌ എങ്ങനെ അറിയാം?

17 പ്രായമായവരുടെ കാര്യത്തിൽ മാത്രമല്ല, കുട്ടികളുടെ കാര്യത്തിലും യേശു തത്‌പരനായിരുന്നു. അവരുടെ വിനോദങ്ങളെക്കുറിച്ചും അവർ പരസ്‌പരം സംസാരിച്ചിരുന്ന കാര്യങ്ങളെക്കുറിച്ചും അവനറിയാമായിരുന്നു. ചിലപ്പോഴൊക്കെ അവൻ അവരെ അടുക്കൽ വിളിച്ചുവരുത്തുമായിരുന്നു. (ലൂക്കൊസ്‌ 7:31, 32; 18:15-17) യേശുവിന്റെ ശ്രോതാക്കളിൽ ധാരാളം കുട്ടികളുമുണ്ടായിരുന്നു. മിശിഹായെ പ്രകീർത്തിച്ചുകൊണ്ട്‌ കൊച്ചുകുട്ടികൾ ആർത്തുവിളിച്ചപ്പോൾ അവൻ അതു ശ്രദ്ധിക്കുകയും തിരുവെഴുത്തുകൾ അക്കാര്യം മുൻകൂട്ടിപ്പറഞ്ഞിരുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്‌തു. (മത്തായി 14:21; 15:38; 21:15, 16) ഇന്ന്‌ അനേകം കുട്ടികൾ യേശുവിന്റെ ശിഷ്യന്മാരായിത്തീരുന്നുണ്ട്‌. ആ സ്ഥിതിക്ക്‌ കുട്ടികളെ സഹായിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

18, 19. നിങ്ങളുടെ കുട്ടിയെ ആത്മീയമായി എങ്ങനെ സഹായിക്കാം?

18 മക്കളെ ആത്മീയമായി സഹായിക്കാൻ നിങ്ങൾ അവരുടെ വാക്കുകൾക്കു ശ്രദ്ധകൊടുക്കേണ്ടതുണ്ട്‌. യഹോവയുടെ ചിന്തയുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ അവർക്കുണ്ടോയെന്നു തിരിച്ചറിയേണ്ടത്‌ ആവശ്യമാണ്‌. അവർ എന്തു പറഞ്ഞാലും ആദ്യംതന്നെ പ്രോത്സാഹജനകമായ ഒരു വിധത്തിൽ പ്രതികരിക്കുന്നതു ജ്ഞാനമായിരിക്കും. തുടർന്ന്‌ ഉചിതമായ തിരുവെഴുത്തുകൾ ഉപയോഗിച്ച്‌, യഹോവയുടെ വീക്ഷണഗതി മനസ്സിലാക്കാൻ നിങ്ങൾക്കവരെ സഹായിക്കാനാകും.

19 കുട്ടികളുടെ കാര്യത്തിലും ചോദ്യങ്ങൾക്ക്‌ അതിന്റേതായ പ്രസക്തിയുണ്ട്‌. എന്നാൽ മുതിർന്നവരെപ്പോലെതന്നെ, ചോദ്യംചെയ്യപ്പെടാൻ താത്‌പര്യമില്ലാത്തവരാണ്‌ കുട്ടികൾ. വിഷമംപിടിച്ച നിരവധി ചോദ്യങ്ങൾക്ക്‌ കുട്ടി ഉത്തരം പറയാൻ പ്രതീക്ഷിക്കുന്നതിനു പകരം നിങ്ങളെക്കുറിച്ചുതന്നെ ഹ്രസ്വമായി എന്തെങ്കിലും പറയരുതോ? ചർച്ചചെയ്യുന്ന വിഷയമനുസരിച്ച്‌, ഒരു കാലത്ത്‌ നിങ്ങൾ ഒരു പ്രത്യേക വിധത്തിൽ ചിന്തിച്ചിരുന്നെന്നും അത്‌ എന്തുകൊണ്ടായിരുന്നെന്നും പറയാനായേക്കും. എന്നിട്ട്‌ “മോനും അങ്ങനെയാണോ തോന്നുന്നത്‌?” എന്നു ചോദിക്കാവുന്നതാണ്‌. സഹായകവും പ്രോത്സാഹജനകവുമായ ഒരു തിരുവെഴുത്തുചർച്ചയ്‌ക്കു വഴിതുറക്കുംവിധം നിങ്ങളുടെ കുട്ടി പ്രതികരിക്കാൻ അതിടയാക്കിയേക്കാം.

അതുല്യനായ അധ്യാപകനെ അനുകരിക്കുക

20, 21. ശിഷ്യരെ ഉളവാക്കുന്ന വേലയിൽ നിങ്ങൾ നല്ലൊരു ശ്രോതാവായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

20 നിങ്ങളുടെ കുട്ടിയുമായോ മറ്റാരെങ്കിലുമായോ ഒരു വിഷയം ചർച്ചചെയ്യുമ്പോൾ, അവർ പറയുന്ന കാര്യങ്ങൾ ആത്മാർഥമായി ശ്രദ്ധിക്കേണ്ടത്‌ അതിപ്രധാനമാണ്‌. അതു സ്‌നേഹത്തിന്റെയും താഴ്‌മയുടെയും തെളിവാണ്‌. ആ വ്യക്തിയോട്‌ ആദരവും സ്‌നേഹനിർഭരമായ പരിഗണനയും കാണിക്കാനാകുന്ന വിധമാണത്‌.

21 ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ വീട്ടുകാരുടെ അഭിപ്രായങ്ങൾ തുടർന്നും നന്നായി ശ്രദ്ധിക്കുക. അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നപക്ഷം, ബൈബിൾസത്യത്തിന്റെ ഏതു വശങ്ങൾ അവർക്കു വിശേഷാൽ ആകർഷകമായിരിക്കുമെന്നു ഗ്രഹിക്കാൻ നിങ്ങൾക്ക്‌ എളുപ്പം കഴിയും. തുടർന്ന്‌ യേശുവിന്റെ വിവിധ പഠിപ്പിക്കൽരീതികൾ അനുവർത്തിച്ചുകൊണ്ട്‌ അവരെ സഹായിക്കാൻ ശ്രമിക്കുക. ശിഷ്യരെ ഉളവാക്കുന്നതിൽ ഏറ്റവും മികച്ചുനിന്നവനെ അനുകരിച്ചുകൊണ്ട്‌ അപ്രകാരം പ്രവർത്തിക്കവേ, സന്തോഷവും സംതൃപ്‌തിയും നിങ്ങൾക്കു പ്രതിഫലമായി ലഭിക്കും.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• യേശു എങ്ങനെയാണ്‌ മനസ്സുതുറക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചത്‌?

• തന്റെ പഠിതാക്കളുടെ അഭിപ്രായങ്ങൾക്ക്‌ യേശു ശ്രദ്ധകൊടുത്തത്‌ എന്തുകൊണ്ട്‌?

• ശുശ്രൂഷയിൽ ചോദ്യങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?

• കുട്ടികളെ ആത്മീയമായി സഹായിക്കാൻ നിങ്ങൾക്കെന്തു ചെയ്യാനാകും?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

സുവിശേഷം അറിയിക്കവേ, വീട്ടുകാരന്റെ അഭിപ്രായങ്ങൾ നന്നായി ശ്രദ്ധിക്കുക

[30-ാം പേജിലെ ചിത്രം]

കുട്ടികളെ ആത്മീയമായി സഹായിക്കുമ്പോൾ നാം യേശുവിനെ അനുകരിക്കുകയാണു ചെയ്യുന്നത്‌