വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നുവോ?

നിങ്ങൾ യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നുവോ?

നിങ്ങൾ യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നുവോ?

“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.”—സെഫന്യാവു 1:14.

1-3. (എ) യഹോവയുടെ ദിവസം സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു? (ബി) നമുക്കുമുമ്പാകെയുള്ള “യഹോവയുടെ ദിവസം” ഏതാണ്‌?

യഹോവയുടെ മഹാദിവസം 24 മണിക്കൂറുള്ള ഒരു ദിവസമല്ല. ദുഷ്ടരുടെമേൽ ദിവ്യന്യായവിധി നടപ്പാക്കുന്ന ദീർഘമായ ഒരു സമയമാണത്‌. അന്ധകാരവും കോപവും ക്രോധവും കഷ്ടവും നാശവുമുള്ള ആ നാളിനെ ഭക്തികെട്ടവർ ഭയക്കേണ്ടതാണ്‌. (യെശയ്യാവു 13:9; ആമോസ്‌ 5:18-20; സെഫന്യാവു 1:15) “ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു” എന്ന്‌ യോവേൽ പ്രവചിച്ചു. (യോവേൽ 1:15) എന്നാൽ “ഹൃദയപരമാർത്ഥികളെ” ദൈവം ആ മഹാനാളിൽ സംരക്ഷിക്കും.—സങ്കീർത്തനം 7:10.

2 “യഹോവയുടെ ദിവസം” എന്ന പ്രയോഗം ദിവ്യന്യായവിധി നിർവഹിക്കപ്പെട്ട ഓരോ സന്ദർഭത്തെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌ പൊതുയുഗത്തിനുമുമ്പ്‌ 607-ൽ യെരൂശലേംനിവാസികൾ ബാബിലോണിന്റെ കയ്യാൽ ‘യഹോവയുടെ ദിവസത്തിനു’ വിധേയരായി. (സെഫന്യാവു 1:4-7) പൊതുയുഗം 70-ൽ, തന്റെ പുത്രനെ പരിത്യജിച്ച യഹൂദ ജനതയ്‌ക്കെതിരെ ന്യായവിധി നടപ്പാക്കാൻ ദൈവം റോമിനെ ഉപയോഗിച്ചപ്പോൾ സമാനമായ ഒരു വിധിനിർവഹണം അരങ്ങേറി. (ദാനീയേൽ 9:24-27; യോഹന്നാൻ 19:15) “യഹോവയുടെ ദിവസം” ഇനിയും വരുമെന്നും അന്നവൻ ‘സകല രാജ്യങ്ങളോടും യുദ്ധംചെയ്യുമെന്നും’ ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (സെഖര്യാവു 14:1-3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) പൗലൊസ്‌ അപ്പൊസ്‌തലൻ ആ ദിവസത്തെ, ക്രിസ്‌തുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെടുത്തി സംസാരിച്ചു. 1914-ൽ ക്രിസ്‌തു സ്വർഗീയരാജാവായി അവരോധിക്കപ്പെട്ടപ്പോഴാണ്‌ ആ സാന്നിധ്യകാലം തുടങ്ങിയത്‌. (2 തെസ്സലൊനീക്യർ 2:1, 2) യഹോവയുടെ ദിവസം അതിവേഗം അടുത്തുവരികയാണെന്നതിന്റെ അനിഷേധ്യമായ തെളിവുകളുടെ വെളിച്ചത്തിൽ, 2007-ലെ വാർഷികവാക്യമായി യഹോവയുടെ സാക്ഷികൾ തിരഞ്ഞെടുത്ത സെഫന്യാവു 1:14 തികച്ചും അവസരോചിതമായിരുന്നു. അത്‌ ഇങ്ങനെ പറയുന്നു: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു.”

3 ദൈവത്തിന്റെ മഹാദിവസം സമീപിച്ചിരിക്കയാൽ അതിനായി ഒരുങ്ങിയിരിക്കേണ്ട സമയം ഇപ്പോഴാണ്‌. നിങ്ങൾക്കതിന്‌ എങ്ങനെ കഴിയും? യഹോവയുടെ ദിവസത്തിനായി ഒരുങ്ങാൻ കൂടുതലായ ചില കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതുണ്ടോ?

ഒരുങ്ങിയിരിപ്പിൻ

4. ഏതു വലിയ പരിശോധനയ്‌ക്കായി യേശു ഒരുങ്ങിയിരുന്നു?

4 വ്യവസ്ഥിതിയുടെ സമാപനം സംബന്ധിച്ച പ്രവചനത്തിൽ, “ഒരുങ്ങിയിരിപ്പിൻ” എന്ന്‌ യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 24:44) സ്വന്തജീവൻ മറുവിലയായി അർപ്പിക്കുകയെന്ന വലിയ പരിശോധനയ്‌ക്കായി അവൻതന്നെയും ഒരുങ്ങിയിരിക്കുകയായിരുന്നു അപ്പോൾ. (മത്തായി 20:28) യേശുവിന്റെ മാതൃകയിൽനിന്നു നമുക്കെന്തു പഠിക്കാനാകും?

5, 6. (എ) യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാൻ ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (ബി) മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു?

5 യഹോവയോടും നീതിനിഷ്‌ഠമായ അവന്റെ നിലവാരങ്ങളോടും യേശുവിനു കറയറ്റ സ്‌നേഹമുണ്ടായിരുന്നു. “നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്‌തിരിക്കയാൽ . . . നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്‌തിരിക്കുന്നു” എന്ന്‌ എബ്രായർ 1:9 അവനെക്കുറിച്ചു പറയുന്നു. തന്റെ സ്വർഗീയ പിതാവിനെ ഏറ്റവും സ്‌നേഹിച്ചതിനാൽ യേശു അവനോടു വിശ്വസ്‌തമായി പറ്റിനിന്നു. നാമും ദൈവത്തെ സ്‌നേഹിക്കുകയും അവന്റെ പ്രമാണങ്ങൾക്കൊത്തു ജീവിക്കുകയും ചെയ്‌താൽ അവൻ നമ്മെ കാക്കും. (സങ്കീർത്തനം 31:23) അത്തരം സ്‌നേഹവും അനുസരണവും യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാൻ നമ്മെ സഹായിക്കും.

6 യേശുവിന്റെ വ്യക്തിത്വത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷതയായിരുന്നു മനുഷ്യരോടുള്ള അവന്റെ സ്‌നേഹം. അവർ ‘ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായിരുന്നതിനാൽ’ അവന്റെ “മനസ്സലിഞ്ഞു” എന്നു ബൈബിൾ പറയുന്നു. (മത്തായി 9:36) തത്‌ഫലമായി അവൻ ആളുകളോടു സുവാർത്ത ഘോഷിച്ചു—അയൽക്കാരോടുള്ള സ്‌നേഹമാണ്‌ രാജ്യദൂതു ഘോഷിക്കാൻ നമ്മെയും പ്രചോദിപ്പിക്കുന്നത്‌. ദൈവത്തോടും സഹമനുഷ്യനോടുമുള്ള സ്‌നേഹം, സജീവമായി ക്രിസ്‌തീയ ശുശ്രൂഷയിൽ തുടരാനും അങ്ങനെ യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാനും നമ്മെ സഹായിക്കുന്നു.—മത്തായി 22:37-39.

7. യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ സന്തോഷിക്കാൻ നമുക്കെന്തു കാരണമുണ്ട്‌?

7 യഹോവയുടെ ഇഷ്ടം ചെയ്യാൻ യേശു പ്രിയപ്പെട്ടു. (സങ്കീർത്തനം 40:8) നമുക്കും അതേ മനോഭാവമുണ്ടെങ്കിൽ നാം സന്തോഷപൂർവം ദൈവത്തിനു വിശുദ്ധസേവനമർപ്പിക്കും; യേശുവിനെപ്പോലെ നിസ്സ്വാർഥ ദാതാക്കളായി പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ജീവിതം ധന്യമായിത്തീരും. (പ്രവൃത്തികൾ 20:35) അതേ, ‘യഹോവയിങ്കലെ സന്തോഷമാണ്‌ നമ്മുടെ ബലം.’ (നെഹെമ്യാവു 8:10) ദൈവത്തിന്റെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാൻ ആ സന്തോഷം നമ്മെ ഏറെ സഹായിക്കും.—നെഹെമ്യാവു 8:10.

8. പ്രാർഥനയിലൂടെ നാം യഹോവയോട്‌ അടുത്തുചെല്ലേണ്ടത്‌ എന്തുകൊണ്ട്‌?

8 വിശ്വാസത്തിന്റെ അഗ്നിപരീക്ഷകൾക്കായി ഒരുങ്ങാൻ ഹൃദയംഗമമായ പ്രാർഥന യേശുവിനെ സഹായിച്ചു. യോഹന്നാൻ അവനെ സ്‌നാപനപ്പെടുത്തിയപ്പോൾ അവൻ പ്രാർഥിക്കുകയായിരുന്നു. അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുത്തതിന്റെ തലേന്ന്‌, രാവുമുഴുവൻ അവൻ ദൈവത്തോടു പ്രാർഥിച്ചു. (ലൂക്കൊസ്‌ 6:12-16) ഭൂഗ്രഹത്തിലെ തന്റെ അന്ത്യരാത്രിയിൽ തീവ്രമായ പ്രാർഥനയിൽ മുഴുകിയ യേശുവിന്റെ ചിത്രം, തിരുവെഴുത്തുകൾ വായിക്കുന്ന ആർക്കാണു മറക്കാനാകുക? (മർക്കൊസ്‌ 14:32-42; യോഹന്നാൻ 17:1-26) യേശുവിനെപ്പോലെ പ്രാർഥനാനിരതനായ ഒരു വ്യക്തിയാണോ നിങ്ങൾ? കൂടെക്കൂടെ യഹോവയോടു പ്രാർഥിക്കുക, പ്രാർഥനയിൽ മുഴുകുക, പരിശുദ്ധാത്മാവിന്റെ മാർഗദർശനത്തിനായി അപേക്ഷിക്കുക, അതു മനസ്സിലാക്കിക്കഴിഞ്ഞാലുടൻ അതിനുചേർച്ചയിൽ പ്രവർത്തിക്കുക. ദൈവത്തിന്റെ മഹാദിവസം അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഈ നിർണായക നാളുകളിൽ നമ്മുടെ സ്വർഗീയ പിതാവുമായുള്ള ശക്തമായ അടുപ്പം അതിപ്രധാനമാണ്‌. പ്രാർഥനയിലൂടെ അവനോട്‌ അധികമധികം അടുത്തുചെല്ലുക.—യാക്കോബ്‌ 4:8.

9. യഹോവയുടെ നാമവിശുദ്ധീകരണത്തിലുള്ള താത്‌പര്യം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 യഹോവയുടെ പവിത്രനാമത്തിന്റെ വിശുദ്ധീകരണത്തിലുള്ള അദമ്യമായ താത്‌പര്യവും, തനിക്കുമുമ്പാകെയുള്ള പരീക്ഷകൾക്കായി ഒരുങ്ങിയിരിക്കാൻ യേശുവിനെ സഹായിച്ചു. ദൈവത്തോടു പ്രാർഥിക്കുമ്പോൾ, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന്‌ അപേക്ഷിക്കാൻ അവൻ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചു. (മത്തായി 6:9) യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടണമെന്ന്‌ നമുക്ക്‌ ആഴമായ ആഗ്രഹമുണ്ടെങ്കിൽ അതിനെ കളങ്കപ്പെടുത്തുന്ന യാതൊന്നും ചെയ്യാതിരിക്കാൻ നാം പരമാവധി ശ്രമിക്കും. യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും.

ജീവിതത്തിൽ ചില മാറ്റങ്ങൾ ആവശ്യമോ?

10. ജീവിതത്തിന്റെ വിലയിരുത്തൽ അവസരോചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 നാളെ യഹോവയുടെ ദിവസം വരുന്നപക്ഷം നിങ്ങൾ അതിനായി ഒരുക്കമുള്ളവരായിരിക്കുമോ? പ്രവർത്തനത്തിലോ മനോഭാവത്തിലോ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ എന്നറിയാൻ നാമോരോരുത്തരും നമ്മുടെ ജീവിതം വിലയിരുത്തണം. ഈ ജീവിതത്തിന്റെ ഹ്രസ്വതയും അനിശ്ചിതത്വവും ഓർത്തുകൊണ്ട്‌ അനുദിനം നാം ആത്മീയമായി ഉണർന്നിരിക്കണം. (സഭാപ്രസംഗി 9:11, 12; യാക്കോബ്‌ 4:13-15) അതുകൊണ്ട്‌ ശ്രദ്ധ ആവശ്യമായിരുന്നേക്കാവുന്ന ചില കാര്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

11. ബൈബിൾവായനയുടെ കാര്യത്തിൽ നിങ്ങൾ എന്തു ലക്ഷ്യംവെച്ചിരിക്കുന്നു?

11 ദിവസവും ബൈബിൾ വായിക്കുക എന്ന, വിശ്വസ്‌ത അടിമയുടെ ഉദ്‌ബോധനമാണ്‌ സുപ്രധാനമായ ഒരു സംഗതി. (മത്തായി 24:45) ഓരോ വർഷവും ഉല്‌പത്തിമുതൽ വെളിപ്പാടുവരെയുള്ള തിരുവെഴുത്തുകൾ മനസ്സിരുത്തിവായിക്കാൻ നിങ്ങൾക്കു ലക്ഷ്യംവെക്കാവുന്നതാണ്‌. പ്രതിദിനം ശരാശരി നാല്‌ അധ്യായംവീതം വായിച്ചുകൊണ്ട്‌ ബൈബിളിലെ 1,189 അധ്യായങ്ങളും പൂർത്തിയാക്കാൻ നിങ്ങൾക്കാകും. ഇസ്രായേലിലെ ഓരോ രാജാവും ‘ആയുഷ്‌കാലമൊക്കെയും’ യഹോവയുടെ ന്യായപ്രമാണം വായിക്കേണ്ടിയിരുന്നു. വ്യക്തമായും, ന്യായാധിപനായ യോശുവയും അപ്രകാരം ചെയ്‌തു. (ആവർത്തനപുസ്‌തകം 17:14-20; യോശുവ 1:7, 8) ആത്മീയ ഇടയന്മാർ അനുദിനം ദൈവവചനം വായിക്കേണ്ടത്‌ എത്രയോ പ്രധാനമാണ്‌, “പത്ഥ്യോപദേശത്തിന്നു ചേരുന്ന” കാര്യങ്ങൾ പ്രസ്‌താവിക്കാൻ അതവരെ സഹായിക്കും.—തീത്തൊസ്‌ 2:1.

12. യഹോവയുടെ ദിവസത്തിന്റെ സാമീപ്യം, എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം?

12 യഹോവയുടെ ദിവസത്തിന്റെ സാമീപ്യം, ക്രമമായി ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകാനും സാധ്യമാകുന്നത്ര അതിൽ പങ്കുചേരാനും നമ്മെ പ്രേരിപ്പിക്കണം. (എബ്രായർ 10:24, 25) കൂടുതൽ സമർഥമായി രാജ്യദൂതു ഘോഷിക്കാനും നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവരെ കണ്ടെത്തി സഹായിക്കാനും അതു നമ്മെ പ്രാപ്‌തരാക്കും. (പ്രവൃത്തികൾ 13:48) മറ്റു ചില വിധങ്ങളിലും—ഉദാഹരണത്തിന്‌ പ്രായമായവരെ സഹായിച്ചുകൊണ്ടും ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും—സഭയിൽ സജീവം പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. എത്ര സംതൃപ്‌തിദായകമായ കാര്യങ്ങളാണ്‌ അതെല്ലാം!

മറ്റുള്ളവരുമായുള്ള ബന്ധം

13. പുതിയ വ്യക്തിത്വം ധരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏതു ചോദ്യങ്ങൾ നമുക്കു നമ്മോടുതന്നെ ചോദിക്കാവുന്നതാണ്‌?

13 യഹോവയുടെ ദിവസം പടിവാതിൽക്കൽ എത്തിയിരിക്കുന്നു എന്നതിന്റെ വീക്ഷണത്തിൽ, “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” എന്ന ബുദ്ധിയുപദേശം ബാധകമാക്കാൻ നിങ്ങൾ കൂടുതൽ യത്‌നിക്കേണ്ടതുണ്ടോ? (എഫെസ്യർ 4:20-24) ദൈവിക ഗുണങ്ങൾ വളർത്തിയെടുക്കവേ, നിങ്ങൾ ‘ആത്മാവിനെ അനുസരിച്ചുനടക്കുന്നതും’ അതിന്റെ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതും മറ്റുള്ളവർക്കു കാണാനാകും. (ഗലാത്യർ 5:16, 22-25) നിങ്ങളും കുടുംബാംഗങ്ങളും പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നതായി തിരിച്ചറിയിക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാകുമോ? (കൊലൊസ്സ്യർ 3:9, 10) ഉദാഹരണത്തിന്‌ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും നന്മചെയ്യുന്നതിൽ നിങ്ങൾ നല്ലൊരു മാതൃകയാണോ? (ഗലാത്യർ 6:10) യഹോവയുടെ ദിവസത്തിനായി ഒരുങ്ങുന്നതിനു സഹായകമായ ദൈവിക ഗുണങ്ങൾ വളർത്തിയെടുക്കാൻ തിരുവെഴുത്തുകളുടെ പതിവായ പഠനം നിങ്ങളെ സഹായിക്കും.

14. ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ പാടുപെടുന്ന ഒരു വ്യക്തി പരിശുദ്ധാത്മാവിനായി പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 നിങ്ങൾ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനാണെന്നും അതിനാൽ കൂടുതൽ ആത്മനിയന്ത്രണം ആവശ്യമുണ്ടെന്നും തിരിച്ചറിയുന്നെങ്കിലോ? ദൈവാത്മാവിനു നിങ്ങളിൽ ഉളവാക്കാനാകുന്ന സത്‌ഫലങ്ങളിലൊന്നാണ്‌ ആത്മനിയന്ത്രണം. അതുകൊണ്ട്‌ യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പരിശുദ്ധാത്മാവിനായി പ്രാർഥിക്കുക: “യാചിച്ചുകൊണ്ടിരിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിച്ചുകൊണ്ടിരിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിപ്പിൻ, എന്നാൽ നിങ്ങൾക്കു തുറക്കും. . . . ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ, സ്വർഗസ്ഥനായ പിതാവ്‌ തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!”—ലൂക്കൊസ്‌ 11:9-13, NW.

15. നിങ്ങൾക്കും ഒരു സഹവിശ്വാസിക്കുമിടയിലുള്ള ബന്ധത്തിൽ വിള്ളൽവീണിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം?

15 നിങ്ങൾക്കും ഒരു സഹവിശ്വാസിക്കുമിടയിലുള്ള ബന്ധത്തിൽ വിള്ളലുകൾവീണിട്ടുണ്ടെങ്കിലോ? സഭയുടെ സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാൻ തക്കവണ്ണം അത്തരം വിടവുകൾ നികത്താൻ മുന്നിട്ടിറങ്ങുക. മത്തായി 5:23, 24–ലെ അല്ലെങ്കിൽ മത്തായി 18:15-17–ലെ ബുദ്ധിയുപദേശം പിൻപറ്റുക. നിങ്ങളുടെ മനസ്സിൽ നീരസം നിറഞ്ഞുനിൽക്കുന്ന ഒരവസ്ഥയിൽ സൂര്യനസ്‌തമിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്നു പ്രശ്‌നങ്ങൾ പരിഹരിക്കുക. ക്ഷമിക്കാനുള്ള മനസ്സൊരുക്കം മാത്രം മതിയാകും പലപ്പോഴും. “ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്‌തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ,” പൗലൊസ്‌ എഴുതി.—എഫെസ്യർ 4:25, 26, 32.

16. ഏതു വിധങ്ങളിലാണു ദാമ്പത്യജീവിതത്തിൽ മനസ്സലിവ്‌ ആവശ്യമായിരിക്കുന്നത്‌?

16 ആർദ്രമായ മനസ്സലിവ്‌ ആവശ്യമായിരിക്കുന്ന ഒരു മണ്ഡലമാണു ദാമ്പത്യം. ദമ്പതികൾ അന്യോന്യം ക്ഷമിക്കേണ്ടതും ആവശ്യമാണ്‌. കൂടുതൽ സ്‌നേഹത്തോടും അനുകമ്പയോടും കൂടെ ഇണയോടു പെരുമാറേണ്ടതുണ്ടെങ്കിൽ, ദൈവത്തിന്റെയും അവന്റെ വചനത്തിന്റെയും സഹായത്താൽ ആ ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുക. കൂടാതെ, ദാമ്പത്യബന്ധം മെച്ചപ്പെടുത്താനും അവിശ്വസ്‌തതയ്‌ക്ക്‌ ഇടംകൊടുക്കാതിരിക്കാനും 1 കൊരിന്ത്യർ 7:1-5–നു ചേർച്ചയിൽ നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? നിരുപമമായ വ്യക്തിബന്ധത്തിന്റെ ഈ മേഖലയിൽ ഭാര്യയും ഭർത്താവും അത്യന്തം ‘മനസ്സലിവുള്ളവരായിരിക്കണം’.

17. ഗുരുതരമായി പാപം ചെയ്‌തുപോയാൽ നാം എന്തു ചെയ്യണം?

17 നിങ്ങൾ ഗുരുതരമായ ഒരു പാപം ചെയ്‌തിട്ടുണ്ടെങ്കിലോ? കഴിയുന്നതുംവേഗം പരിഹാരമാർഗം തേടുക. ക്രിസ്‌തീയ മൂപ്പന്മാരുടെ സഹായമഭ്യർഥിക്കുക. അവരുടെ പ്രാർഥനയും ബുദ്ധിയുപദേശവും ആത്മീയാരോഗ്യം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. (യാക്കോബ്‌ 5:13-16) അനുതാപത്തോടെ യഹോവയോടു പ്രാർഥിക്കുക. അങ്ങനെ ചെയ്യാതിരുന്നാൽ, കുറ്റബോധവും കലുഷിതമായ മനസ്സാക്ഷിയും നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ദാവീദിന്റെ അനുഭവം അതായിരുന്നു. എന്നാൽ തന്റെ കുറ്റം യഹോവയോട്‌ ഏറ്റുപറഞ്ഞപ്പോൾ അവനുണ്ടായ ആശ്വാസം എത്ര വലുതായിരുന്നു! “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ,” അവനെഴുതി. (സങ്കീർത്തനം 32:1-5) ആത്മാർഥമായി അനുതപിക്കുന്ന പാപികളോടു യഹോവ ക്ഷമിക്കുന്നു.—സങ്കീർത്തനം 103:8-14; സദൃശവാക്യങ്ങൾ 28:13.

ലോകത്തിൽ അന്യർ

18. നിങ്ങൾ ലോകത്തെ എങ്ങനെ വീക്ഷിക്കണം?

18 നിസ്സംശയമായും, നമ്മുടെ സ്വർഗീയ പിതാവ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന അതിശയകരമായ പുതിയ ലോകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണു നിങ്ങൾ. ആ സ്ഥിതിക്ക്‌ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടതും നീതികെട്ടതുമായ മനുഷ്യവർഗലോകത്തെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്‌? “ലോകത്തിന്റെ പ്രഭു”വായ സാത്താന്‌ യേശുക്രിസ്‌തുവിനെ ഒരു തരത്തിലും സ്വാധീനിക്കാനായില്ലെന്ന്‌ ഓർക്കുക. (യോഹന്നാൻ 12:31; 14:30) പിശാചും അവന്റെ ലോകവും നിങ്ങളുടെമേൽ സ്വാധീനംചെലുത്താൻ തീർച്ചയായും നിങ്ങളും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുത്‌” എന്ന, യോഹന്നാൻ അപ്പൊസ്‌തലന്റെ ജ്ഞാനപൂർണമായ വാക്കുകൾ ചെവിക്കൊള്ളുക. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്നും അവനെഴുതി.—1 യോഹന്നാൻ 2:15-17.

19. ക്രിസ്‌തീയ യുവാക്കൾ എങ്ങനെയുള്ള ലാക്കുകൾ വെക്കണം?

19 “ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം” സൂക്ഷിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളെ സഹായിക്കുന്നുണ്ടോ? (യാക്കോബ്‌ 1:27) മുക്കുവൻ മത്സ്യത്തെ ചൂണ്ടയിൽ കുരുക്കുന്നതുപോലെ നിങ്ങളുടെ മക്കളെ കുരുക്കാൻ സാത്താൻ സദാ ശ്രമിക്കുകയാണ്‌. അവന്റെ ലോകവുമായി ചെറുപ്പക്കാരെ അനുരൂപപ്പെടുത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പലതരം ക്ലബ്ബുകളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്‌. യഹോവയുടെ ദാസർ പക്ഷേ, ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കുന്ന ഒരേയൊരു സംഘടനയുടെ ഭാഗത്തു നിലയുറപ്പിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ “കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്ന”വരാകാൻ ക്രിസ്‌തീയ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. (1 കൊരിന്ത്യർ 15:58) ദൈവത്തിനു മഹത്ത്വം കരേറ്റുന്ന സന്തുഷ്ടവും സംതൃപ്‌തവുമായ ജീവിതം നയിക്കാനും യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കാനും ഉപകരിക്കുന്ന ലാക്കുകൾ വെക്കാൻ ദൈവഭക്തരായ മാതാപിതാക്കൾ മക്കളെ സഹായിക്കണം.

യഹോവയുടെ മഹാദിവസത്തിനുമപ്പുറത്തേക്കു നോക്കുക

20. നിത്യജീവന്റെ ചിത്രം നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

20 നിത്യജീവന്റെ ചിത്രം മനസ്സിൽ നിറഞ്ഞുനിൽക്കുന്നപക്ഷം പ്രശാന്തമായ ഹൃദയത്തോടെ യഹോവയുടെ നാളിനായി കാത്തിരിക്കാൻ നിങ്ങൾക്കാകും. (യൂദാ 20, 21) ഊർജസ്വലമായ യൗവനക്കുതിപ്പിന്റെ നാളുകളിലേക്കു മടങ്ങാനുള്ള പ്രതീക്ഷയോടെ പറുദീസയിലെ ശാശ്വതജീവിതത്തിൽ കണ്ണുംനട്ടിരിക്കുന്ന നിങ്ങൾക്ക്‌, നിസ്‌തുലമായ ലാക്കുകൾ പിൻപറ്റാനും യഹോവയെക്കുറിച്ചു കൂടുതലറിയാനും അനന്തമായ ഒരു കാലംതന്നെ ഉണ്ടായിരിക്കും. മനുഷ്യൻ ഇന്നു ദൈവത്തിന്റെ ‘വഴികളുടെ അറ്റങ്ങൾ മാത്രമേ’ അറിഞ്ഞിട്ടുള്ളു എന്നതിനാൽ സർവ നിത്യതയിലും അവനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കാൻ നിങ്ങൾക്കു കഴിയും. (ഇയ്യോബ്‌ 26:14) എത്ര ആവേശനിർഭരമായ പ്രത്യാശ!

21, 22. പുനരുത്ഥാനത്തിൽ വരുന്നവർക്കും നിങ്ങൾക്കുമിടയിൽ എന്തു വിവരക്കൈമാറ്റം പ്രതീക്ഷിക്കാം?

21 പ്രാചീനകാലം സംബന്ധിച്ച നമ്മുടെ പരിജ്ഞാനത്തിന്റെ ചിത്രം പൂർത്തിയാക്കാൻ പറുദീസയിലേക്കു പുനരുത്ഥാനംപ്രാപിക്കുന്നവർ നമ്മെ സഹായിക്കും. അഭക്തമനുഷ്യർക്കിടയിൽ യഹോവയുടെ സന്ദേശം ഘോഷിക്കാൻ തനിക്കു ധൈര്യം ലഭിച്ചതെങ്ങനെയെന്ന്‌ ഹാനോക്ക്‌ നമ്മോടു പറയും. (യൂദാ 14, 15) പെട്ടകനിർമാണത്തിലുൾപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ നോഹ അന്നു നമുക്കു വിശദീകരിച്ചുതരും. ഊരിലെ സുഖജീവിതം വെടിഞ്ഞ്‌ കൂടാരങ്ങളിൽ പാർത്തപ്പോൾ തങ്ങൾക്കെന്തു തോന്നിയെന്ന്‌ അബ്രാഹാമും സാറയും വെളിപ്പെടുത്തും. എസ്ഥേർ തന്റെ ദേശക്കാരുടെ രക്ഷയ്‌ക്കായി പ്രവർത്തിച്ചതും അവർക്കെതിരായുള്ള ഹാമാന്റെ കുതന്ത്രം തകിടംമറിച്ചതും സംബന്ധിച്ച വിശദാംശങ്ങൾ അവളിൽനിന്നു കേൾക്കുന്നതിനെക്കുറിച്ച്‌ ഓർത്തുനോക്കൂ. (എസ്ഥേർ 7:1-6) ഒരു വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നുനാൾ കിടന്നതിനെക്കുറിച്ചു യോനാ വിശദീകരിക്കുന്നതും യേശുവിനെ സ്‌നാപനപ്പെടുത്തിയപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചു സ്‌നാപക യോഹന്നാൻ വിവരിക്കുന്നതും നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? (ലൂക്കൊസ്‌ 3:21, 22; 7:28) കാതുകൾ കേൾക്കാൻ കൊതിക്കുന്ന കൗതുകകരമായ വിജ്ഞാനശകലങ്ങളാണവ!

22 ക്രിസ്‌തുവിന്റെ ആയിരവർഷ വാഴ്‌ചക്കാലത്ത്‌ പുനരുത്ഥാനംപ്രാപിക്കുന്നവരെ “ദൈവപരിജ്ഞാനം” സമ്പാദിക്കാൻ സഹായിക്കുന്നതിനുള്ള പദവി നിങ്ങൾക്കു ലഭിച്ചേക്കാം. (സദൃശവാക്യങ്ങൾ 2:1-6) ഇന്ന്‌ ആളുകൾ യഹോവയാം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടുകയും തദനുസരണം പ്രവർത്തിക്കുകയും ചെയ്യുന്നതു കാണുമ്പോൾ നാമെത്ര സന്തോഷിക്കുന്നു! കാലത്തിന്റെ യവനികയ്‌ക്കുള്ളിൽ മറഞ്ഞ പൂർവകാല മനുഷ്യരെ പഠിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമ്പോൾ, നന്ദിനിറഞ്ഞ ഹൃദയത്തോടെ അവർ പ്രതികരിക്കുമ്പോൾ, നിങ്ങൾക്കനുഭവിക്കാനാകുന്ന സന്തോഷത്തെക്കുറിച്ച്‌ ഒന്നാലോചിച്ചുനോക്കൂ!

23. നാം എന്തു ചെയ്യാൻ ദൃഢനിശ്ചയമുള്ളവരായിരിക്കണം?

23 യഹോവയുടെ ജനമെന്ന നിലയിൽ ഇന്നു നാമനുഭവിക്കുന്ന പ്രയോജനങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനോ പൂർണമായി വിലയിരുത്താനോ ഈ അപൂർണാവസ്ഥയിൽ നമുക്കാവില്ല. (സങ്കീർത്തനം 40:5) ദൈവത്തിന്റെ ആത്മീയ കരുതലുകൾക്കായി നാം വിശേഷാൽ നന്ദിയുള്ളവരാണ്‌. (യെശയ്യാവു 48:17, 18) വ്യക്തിപരമായ സാഹചര്യം എന്തുതന്നെയായാലും യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കവേ നമുക്കവനു മുഴുഹൃദയാ വിശുദ്ധസേവനമർപ്പിക്കാം.

ഉത്തരം പറയാമോ?

• എന്താണ്‌ “യഹോവയുടെ ദിവസം”?

• യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?

• ദൈവത്തിന്റെ മഹാദിവസം സമീപിച്ചിരിക്കേ നാം എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം?

• എന്തെല്ലാം പ്രതീക്ഷകളാണ്‌ യഹോവയുടെ ദിവസത്തിനു ശേഷമുള്ള കാലത്തേക്കായി നിങ്ങൾക്കുള്ളത്‌?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

പരിശോധനകൾ നേരിടാൻ യേശു ഒരുങ്ങിയിരുന്നു

[15-ാം പേജിലെ ചിത്രം]

യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കാൻ പുനരുത്ഥാനംപ്രാപിക്കുന്നവരെ സഹായിക്കാനാകുന്നത്‌ എന്തൊരു പദവിയാണ്‌!