വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇമ്പമായ വാക്കുകൾകൊണ്ട്‌’ നിങ്ങളുടെ കുടുംബത്തെ ബലപ്പെടുത്തുക

‘ഇമ്പമായ വാക്കുകൾകൊണ്ട്‌’ നിങ്ങളുടെ കുടുംബത്തെ ബലപ്പെടുത്തുക

‘ഇമ്പമായ വാക്കുകൾകൊണ്ട്‌’ നിങ്ങളുടെ കുടുംബത്തെ ബലപ്പെടുത്തുക

ഭാര്യ ഡയാനയ്‌ക്കായി കാത്തിരിക്കുകയാണ്‌ ഡേവിഡ്‌. മിനിട്ടുകൾ ഒന്നൊന്നായി കൊഴിഞ്ഞുവീഴവേ അയാൾ അക്ഷമനാകുന്നു. ഒടുവിൽ അവൾ പുറത്തുവന്നപ്പോൾ അടക്കിവെച്ചിരുന്ന ദേഷ്യംമുഴുവൻ അവളുടെ നേർക്ക്‌ അഴിച്ചുവിട്ടു.

“എത്ര നേരമായെന്നോ ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്‌, നിനക്കെപ്പോഴും താമസമാണ്‌. ഒരിക്കലെങ്കിലും സമയത്തിറങ്ങിക്കൂടെ?” അയാൾ പൊട്ടിത്തെറിച്ചു.

ആകെ തകർന്ന ഡയാന കരച്ചിലടക്കാനാകാതെ അകത്തേക്ക്‌ ഓടി. താൻ കാണിച്ചതു മണ്ടത്തരമായെന്ന്‌ അപ്പോഴാണു ഡേവിഡ്‌ മനസ്സിലാക്കുന്നത്‌. ദേഷ്യംകൊണ്ടു പൊട്ടിത്തെറിച്ചത്‌ കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളൂ. ‘ഇനിയിപ്പോ എന്തു ചെയ്യും?’ ദീർഘനിശ്വാസം ഉതിർത്തുകൊണ്ട്‌ ഡേവിഡും കാറിൽനിന്നിറങ്ങി അകത്തേക്കു കയറിപ്പോയി.

സമാനമായൊരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? പറഞ്ഞതിനുശേഷം, അതു പറയേണ്ടിയിരുന്നില്ല എന്ന്‌ എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ഒന്നും ആലോചിക്കാതെ സംസാരിച്ചാൽ പിന്നീടു ഖേദിച്ചേക്കാവുന്ന എന്തെങ്കിലും വായിൽനിന്നു വീണുപോയെന്നുവരാം. “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നതിൽ കാര്യമുണ്ട്‌.—സദൃശവാക്യങ്ങൾ 15:28.

എന്നിരുന്നാലും ചിന്തിച്ചു സംസാരിക്കുകയെന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച്‌ കോപവും ഭയവും മറ്റും തോന്നുമ്പോൾ. നമ്മുടെ വികാരങ്ങൾ കുടുംബാംഗങ്ങളെ പറഞ്ഞറിയിക്കാനുള്ള ശ്രമങ്ങൾ കുറ്റപ്പെടുത്തലിലേക്കോ വിമർശനത്തിലേക്കോ എളുപ്പം വഴുതിവീണേക്കാം. അത്‌ വികാരങ്ങൾ വ്രണപ്പെടുത്തുന്നതിലേക്കോ വാഗ്വാദങ്ങൾക്കു തിരികൊളുത്തുന്നതിലേക്കോ നയിച്ചേക്കാം.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നമുക്കെന്തു ചെയ്യാനാകും? വികാരങ്ങൾ നമ്മെ കീഴ്‌പെടുത്താതിരിക്കാൻ നാം എന്തു ചെയ്യണം? ബൈബിളെഴുത്തുകാരനായ ശലോമോനിൽനിന്നു പ്രയോജനപ്രദമായ ചില കാര്യങ്ങൾ നമുക്കു പഠിക്കാനാകും.

എന്തു പറയണം എങ്ങനെ പറയണം

ബൈബിൾ പുസ്‌തകമായ സഭാപ്രസംഗിയുടെ എഴുത്തുകാരനായ ശലോമോൻ ജീവിതത്തിന്റെ വ്യർഥതയെ ശ്രദ്ധേയമായ വിധത്തിൽ തുറന്നു കാണിച്ചു. അവന്‌ ഈ വിഷയത്തെക്കുറിച്ചു ശക്തമായ വീക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന്‌ അതിൽനിന്നു വ്യക്തമാണ്‌. “ഞാൻ ജീവനെ വെറുത്തു” എന്ന്‌ അവൻ എഴുതി. ഒരു ഘട്ടത്തിൽ അവൻ ജീവിതത്തെ “മായ” എന്നുപോലും വിളിച്ചു. (സഭാപ്രസംഗി 2:17; 12:8) എന്നിരുന്നാലും, സഭാപ്രസംഗി എന്ന പുസ്‌തകം ശലോമോന്റെ ഇച്ഛാഭംഗങ്ങളുടെ ഒരു പട്ടികയല്ല. മനസ്സിലുള്ളതെല്ലാം വെട്ടിത്തുറന്ന്‌ എഴുതുന്നത്‌ ഉചിതമാണെന്ന്‌ അവൻ കരുതിയില്ല. പുസ്‌തകത്തിന്റെ ഉപസംഹാരത്തിൽ അവൻ ഇങ്ങനെ എഴുതി: “ഇമ്പമുള്ള വാക്കുകൾ കണ്ടെത്താൻ ശ്രമിച്ചു; സത്യമായ വാക്കുകൾ . . . പരമാർഥതയോടെ രേഖപ്പെടുത്തുകയും ചെയ്‌തു.”—സഭാപ്രസംഗി 12:10, ഓശാന ബൈബിൾ.

തന്റെ വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ടെന്ന്‌ ശലോമോനു നന്നായി അറിയാമായിരുന്നു. ‘ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സത്യവും കൃത്യവുമാണോ? ഞാൻ ഉപയോഗിക്കുന്ന വാക്കുകൾ മറ്റുള്ളവർക്ക്‌ ഇമ്പമായി തോന്നുമോ, അത്‌ അവർക്കു സ്വീകാര്യമായിരിക്കുമോ?’ എന്നൊക്കെ അവൻ ചിന്തിച്ചിരിക്കണം. സത്യം രേഖപ്പെടുത്താൻ “ഇമ്പമുള്ള വാക്കുകൾ” തേടിയതുകൊണ്ട്‌ അദ്ദേഹത്തിന്റെ വിചാരങ്ങളെ വികാരങ്ങൾ മൂടിക്കളഞ്ഞില്ല.

ഫലമോ, സഭാപ്രസംഗി ഒരു ഉത്‌കൃഷ്ട സാഹിത്യസൃഷ്ടിയായി എന്നു മാത്രമല്ല, ദിവ്യനിശ്വസ്‌ത ജ്ഞാനത്തിന്റെ വറ്റാത്ത ഉറവുംകൂടിയായി. (2 തിമൊഥെയൊസ്‌ 3:16, 17) വികാരനിർഭരമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ശലോമോൻ സ്വീകരിച്ച ഈ സമീപനം മാതൃകാപരമാണ്‌. അത്‌ അനുകരിക്കുന്നത്‌ ഉറ്റവരുമായി നല്ലരീതിയിൽ ആശയവിനിമയം നടത്താൻ നമ്മെ സഹായിക്കും.

വികാരങ്ങൾക്കു കടിഞ്ഞാണിടുക

ഒരു സാഹചര്യം പരിചിന്തിക്കാം. റിപ്പോർട്ട്‌ കാർഡുമായി ഒരു കുട്ടി നിരാശയോടെ വീട്ടിലെത്തുന്നു. അവന്‌ ഒരു വിഷയത്തിൽ മാർക്കു തീരെ കുറവാണെന്നു റിപ്പോർട്ട്‌ കാർഡു വാങ്ങിനോക്കുന്ന പിതാവ്‌ മനസ്സിലാക്കുന്നു. ഗൃഹപാഠം ചെയ്യുന്നതിൽ അവൻ പല പ്രാവശ്യം വീഴ്‌ചവരുത്തിയിട്ടുണ്ടെന്ന്‌ ഓർക്കുന്ന പിതാവിനു ദേഷ്യം അടക്കാനാകുന്നില്ല. “നിന്നെപ്പോലെ ഒരു മടിയൻ വേറെയുണ്ടാവില്ല! ഇങ്ങനെപോയാൽ നീ ഒരുകാലത്തും രക്ഷപ്പെടില്ല!” എന്നു പറയാനാണു പിതാവിനു തോന്നുന്നത്‌.

കോപാവേശത്താൽ പൊട്ടിത്തെറിക്കുന്നതിനുമുമ്പ്‌, “ഞാൻ ചിന്തിച്ചുകൂട്ടുന്നതൊക്കെ ശരിയും സത്യവുമാണോ?” എന്ന്‌ പിതാവ്‌ സ്വയം ചോദിക്കുന്നത്‌ ഉചിതമായിരിക്കും. അങ്ങനെ ചെയ്യുന്നതു വസ്‌തുനിഷ്‌ഠമായി കാര്യങ്ങൾ വിലയിരുത്താൻ അദ്ദേഹത്തെ സഹായിക്കും. (സദൃശവാക്യങ്ങൾ 17:27) ഒരു വിഷയം ബുദ്ധിമുട്ടാണെന്നുവെച്ച്‌ അവൻ ജീവിതത്തിൽ പരാജയപ്പെടും എന്നുണ്ടോ? പൊതുവേ അവനൊരു മടിയനാണോ അതോ ആ ഒരു വിഷയം ബുദ്ധിമുട്ടായതുകൊണ്ടാണോ അവൻ ഗൃഹപാഠം ചെയ്യാത്തത്‌? വഴക്കമുണ്ടായിരിക്കേണ്ടതിന്റെയും യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ വീക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ബൈബിൾ ആവർത്തിച്ചു പ്രസ്‌താവിക്കുന്നു. (തീത്തൊസ്‌ 3:2; യാക്കോബ്‌ 3:17) കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു മാതാപിതാക്കൾ ‘സത്യമായ വാക്കുകൾ പരമാർഥതയോടെ’ സംസാരിക്കേണ്ടതുണ്ട്‌.

ഉചിതമായ വാക്കുകൾ കണ്ടെത്തുക

എന്താണു പറയേണ്ടതെന്നു തീരുമാനിച്ചു കഴിഞ്ഞാൽ, അടുത്ത പടി കുട്ടിക്കു സ്വീകാര്യമായ വിധത്തിൽ അതെങ്ങനെ പറയാമെന്നു ചിന്തിക്കുകയാണ്‌. ഉചിതമായ വാക്കുകൾ കണ്ടെത്തുക അത്ര എളുപ്പമല്ലെന്നതു ശരിതന്നെ. ഏതെങ്കിലും ഒരു കാര്യത്തിൽ തിളങ്ങാനായില്ലെങ്കിൽ അതോടെ എല്ലാം തീർന്നുവെന്നു ചിന്തിക്കാനുള്ള ചായ്‌വ്‌ പൊതുവേ കൗമാരക്കാർക്കുണ്ടെന്ന്‌ മാതാപിതാക്കൾ അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. ഒരു പരാജയമോ ബലഹീനതയോ അവർ ഊതിവീർപ്പിച്ചേക്കാം. പിന്നെ അതിന്റെ അടിസ്ഥാനത്തിലായിരിക്കും അവർ തങ്ങളെത്തന്നെ വീക്ഷിക്കുന്നത്‌. മാതാപിതാക്കളുടെ അമിത പ്രതികരണം ഇത്തരം നിഷേധാത്മക ചിന്തകൾ കുട്ടികളിൽ രൂഢമൂലമാക്കാനേ ഉപകരിക്കുകയുള്ളൂ. “മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ നിങ്ങൾ പ്രകോപിപ്പിക്കരുത്‌; അവർക്ക്‌ മനസ്സിടിവുണ്ടാകും” എന്ന്‌ കൊലൊസ്സ്യർ 3:21 (ഓശാന ബൈബിൾ) പറയുന്നു.

“എപ്പോഴും,” “ഒരിക്കലും” തുടങ്ങിയ വാക്കുകൾ സാധാരണഗതിയിൽ വസ്‌തുതകളെ സാമാന്യവത്‌കരിക്കുകയോ ഊതിപ്പെരുപ്പിക്കുകയോ ചെയ്യുന്നു. “നിന്നെക്കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല,” എന്നൊക്കെ മാതാപിതാക്കൾ പറഞ്ഞാൽ കുട്ടിയുടെ ആത്മാഭിമാനത്തിനു ക്ഷതമേൽക്കാതിരിക്കുമോ? ഇങ്ങനെ പലപ്രാവശ്യം കേട്ടുകഴിയുമ്പോൾ താൻ തീർത്തും ഒരു പരാജയമാണെന്നു കുട്ടി ചിന്തിച്ചുതുടങ്ങും. അത്‌ കുട്ടികളുടെ മനസ്സിടിക്കും എന്നു മാത്രമല്ല അസത്യവുമാണ്‌.

ഏതൊരു സാഹചര്യത്തിന്റെയും നല്ല വശങ്ങളിൽ ശ്രദ്ധയൂന്നുന്നതാണ്‌ എപ്പോഴും അഭിലഷണീയം. നമ്മുടെ ദൃഷ്ടാന്തത്തിലെ പിതാവിന്‌ ഒരുപക്ഷേ ഇങ്ങനെ പറയാം: “മോനേ, മാർക്കു കുറഞ്ഞുപോയതിൽ നിനക്കു വിഷമമുണ്ടെന്ന്‌ എനിക്കറിയാം. ഞാൻ കണ്ടിടത്തോളം നീ നന്നായി പഠിക്കുന്നുണ്ട്‌. ഈയൊരു വിഷയത്തിൽമാത്രം മാർക്കു കുറയാൻ എന്തായിരിക്കും കാരണം? നിനക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നമുക്കതു പരിഹരിക്കാം.” പ്രത്യക്ഷത്തിൽ കാണാത്ത ഏതെങ്കിലും പ്രശ്‌നം കുട്ടിയെ അലട്ടുന്നുണ്ടോയെന്നറിയാൻ കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടായിരിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടിയെ മെച്ചമായി സഹായിക്കാൻ പിതാവിനാകും.

നന്നായി ആലോചിച്ചെടുത്ത, ദയയോടെയുള്ള ഇത്തരമൊരു സമീപനമായിരിക്കും വികാരവിക്ഷോഭംകൊണ്ടു പൊട്ടിത്തെറിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത്‌. “ഇമ്പമുള്ള വാക്കു . . . മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 16:24) കുട്ടികൾ, ശരിക്കുംപറഞ്ഞാൽ കുടുംബത്തിലെ എല്ലാവരുംതന്നെ, സമാധാനവും സ്‌നേഹവും കളിയാടുന്ന ഒരന്തരീക്ഷത്തിൽ അഭിവൃദ്ധി പ്രാപിക്കും.

“ഹൃദയത്തിന്റെ നിറവിൽനിന്ന്‌”

തുടക്കത്തിൽ പരാമർശിച്ച ഡേവിഡിനെ ഓർക്കുക. ദേഷ്യംകൊണ്ട്‌ പൊട്ടിത്തെറിക്കുന്നതിനു പകരം സത്യത്തിന്റെ “ഇമ്പമുള്ള വാക്കുകൾ” കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഡേവിഡിന്‌ ഇങ്ങനെ ചിന്തിക്കാമായിരുന്നു: ‘സമയനിഷ്‌ഠപാലിക്കുന്ന കാര്യത്തിൽ അവൾ ഇനിയും പുരോഗമിക്കേണ്ടതുണ്ടെങ്കിലും എപ്പോഴും അവൾ താമസിക്കുന്നുണ്ടോ? ഇനി, അവളോടത്‌ പറയാൻ പറ്റിയ സമയം ഇതാണോ? ദേഷ്യത്തോടെയുള്ള കുറ്റപ്പെടുത്തലുകൾ മാറ്റംവരുത്താൻ അവളെ പ്രേരിപ്പിക്കുമോ?’ ഇങ്ങനെ വസ്‌തുനിഷ്‌ഠമായി ചിന്തിക്കുന്നത്‌ പ്രിയപ്പെട്ടവരെ അറിയാതെയെങ്കിലും മുറിപ്പെടുത്തുന്നത്‌ ഒഴിവാക്കാൻ നമ്മെയും സഹായിക്കും.—സദൃശവാക്യങ്ങൾ 29:11.

നാം കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ, പലപ്പോഴും അത്‌ വാഗ്വാദങ്ങളിൽ കലാശിക്കാറുണ്ടോ? അങ്ങനെയെങ്കിൽ, ചില വാക്കുകൾ ഉപയോഗിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വികാരമെന്താണെന്നു നാം കണ്ടെത്തണം. വിശേഷിച്ചും ദുഃഖമോ സമ്മർദമോ അനുഭവിക്കുമ്പോൾ നാം എന്തു പറയുന്നു എന്നുള്ളത്‌ നമ്മുടെ ഉള്ളിലെ മനുഷ്യനെക്കുറിച്ചു വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തും. യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ്‌ സംസാരിക്കുന്നത്‌.” (മത്തായി 12:34) മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ ഉള്ളിന്റെയുള്ളിലെ ചിന്തകളും ആഗ്രഹങ്ങളും മനോഭാവങ്ങളുമായിരിക്കും മിക്കപ്പോഴും നമ്മുടെ സംഭാഷണത്തിൽ പ്രതിഫലിക്കുന്നത്‌.

യാഥാർഥ്യബോധത്തോടും ശുഭാപ്‌തിവിശ്വാസത്തോടും പ്രത്യാശയോടും കൂടെയാണോ നാം ജീവിതത്തെ നോക്കിക്കാണുന്നത്‌? അങ്ങനെയെങ്കിൽ നമ്മുടെ സംഭാഷണ വിഷയത്തിലും രീതിയിലും അതെല്ലാം പ്രതിഫലിക്കും. നാം ഒട്ടും വഴക്കമില്ലാത്തവരും, ദോഷൈകദൃക്കുകളും വിമർശന സ്വഭാവമുള്ളവരുമാണോ? അങ്ങനെയെങ്കിൽ, നാം പറയുന്ന കാര്യങ്ങളാലോ അതു പറയുന്ന വിധത്താലോ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ട്‌. നമ്മുടെ ചിന്തകളും സംഭാഷണങ്ങളും എത്രത്തോളം നിഷേധാത്മകമാണെന്നു നാം തിരിച്ചറിഞ്ഞെന്നുവരില്ല, നമ്മുടെ വീക്ഷണങ്ങൾ ശരിയാണെന്നുപോലും നാം കരുതിയേക്കാം. പക്ഷേ ആത്മവഞ്ചനയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കണം.—സദൃശവാക്യങ്ങൾ 14:12.

ദൈവവചനം നമുക്കുണ്ടെന്നത്‌ എത്ര സന്തോഷകരമായ കാര്യമാണ്‌. നമ്മുടെ ചിന്തകളെ പരിശോധിച്ച്‌ ഏതൊക്കെയാണു ശരിയെന്നും ഏതൊക്കെയാണു മാറ്റംവരുത്തേണ്ടതെന്നും മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കും. (എബ്രായർ 4:12; യാക്കോബ്‌ 1:25) നമ്മുടെ പാരമ്പര്യവും വളർന്ന സാഹചര്യങ്ങളും എന്തുതന്നെ ആയാലും ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും മാറ്റംവരുത്താൻ നമുക്കാകും.—എഫെസ്യർ 4:23, 24.

നമ്മുടെ സംഭാഷണരീതി വിലയിരുത്താൻ ബൈബിൾ ഉപയോഗിക്കുന്നതിനു പുറമേ വേറൊന്നുകൂടി നമുക്കു ചെയ്യാനാകും; മറ്റുള്ളവരോടു ചോദിക്കുക. ഉദാഹരണത്തിന്‌ നിങ്ങളുടെ ഇണയോടോ കുട്ടികളോടോ നിങ്ങൾക്കു ചോദിക്കാനാകും, അല്ലെങ്കിൽ നിങ്ങളെ അടുത്തറിയാവുന്ന പക്വതയുള്ള ഒരു സുഹൃത്തിനോടു സംസാരിക്കുക. അവർക്കു പറയാനുള്ളതു കേൾക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും പക്ഷേ താഴ്‌മ കൂടിയേതീരൂ.

ചിന്തിച്ചു സംസാരിക്കുക

“വിവേകിയുടെ മനസ്സ്‌ വാക്കുകളെ യുക്തിയുക്തമാക്കുന്നു; അങ്ങനെ അതിനു പ്രേരകശക്തി വർധിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 16:23 (പി.ഒ.സി. ബൈബിൾ) പറയുന്നു. ഈ ഉപദേശത്തിനു ചെവികൊടുത്താൽ നമ്മുടെ വാക്കുകൾകൊണ്ട്‌ മറ്റുള്ളവരെ മുറിപ്പെടുത്തുന്നത്‌ ഒഴിവാക്കാനാകും. നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത്‌ എപ്പോഴും എളുപ്പമല്ലായിരിക്കാം. എങ്കിലും, മറ്റുള്ളവരെ കുറ്റപ്പെടുത്താനും ഇടിച്ചുതാഴ്‌ത്താനും നിൽക്കാതെ അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ, നമ്മുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ ഇമ്പമുള്ള വാക്കുകൾ കണ്ടെത്തുക കൂടുതൽ എളുപ്പമായിരിക്കും.

നാമാരും പൂർണരല്ല, ചിലപ്പോഴൊക്കെ നാം ചിന്താശൂന്യമായി സംസാരിച്ചുപോകുന്നു. (യാക്കോബ്‌ 3:2; സദൃശവാക്യങ്ങൾ 12:18) എന്നാൽ ദൈവവചനത്തിന്റെ സഹായത്താൽ, ചിന്തിച്ചു സംസാരിക്കാനും മറ്റുള്ളവരുടെ വികാരങ്ങളും താത്‌പര്യങ്ങളും മാനിക്കാനും നാം പഠിക്കുന്നു. (ഫിലിപ്പിയർ 2:4) സത്യത്തിന്റെ ‘ഇമ്പമുള്ള വാക്കുകൾ’ കണ്ടെത്തി ഉപയോഗിക്കുമെന്നു നമുക്കു ദൃഢനിശ്ചയം ചെയ്യാം, വിശേഷിച്ച്‌ കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ. അങ്ങനെ വരുമ്പോൾ നമ്മുടെ സംഭാഷണം പ്രിയപ്പെട്ടവരെ മുറിപ്പെടുത്തുകയോ പിച്ചിച്ചീന്തുകയോ ചെയ്യില്ല, പകരം അവരെ സുഖപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യും.—റോമർ 14:19.

[12-ാം പേജിലെ ചിത്രം]

പിന്നീടു ഖേദിച്ചേക്കാവുന്ന എന്തെങ്കിലും പറയുന്നത്‌ എങ്ങനെ ഒഴിവാക്കാം?