വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ വാക്കുകൾ സത്യമായി ഭവിക്കുന്നു

യഹോവയുടെ വാക്കുകൾ സത്യമായി ഭവിക്കുന്നു

യഹോവയുടെ വാക്കുകൾ സത്യമായി ഭവിക്കുന്നു

“ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്‌താവിക്കുന്നു.” (യെശയ്യാവു 46:9, 10) തെറ്റുകൂടാതെ ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുന്ന യഹോവയുടെ വാക്കുകളാണിവ.

കൃത്യമായി ഭാവി മുൻകൂട്ടിപ്പറയാനുള്ള മനുഷ്യന്റെ കഴിവുകേട്‌ പരക്കെ അറിവുള്ളതാണ്‌. എന്നാൽ ബൈബിൾ ഒരു പ്രവചനഗ്രന്ഥമാണെന്ന വസ്‌തുത ഇത്‌ ദിവ്യ ഉറവിൽനിന്നുള്ളതാണോയെന്നു പരിശോധിച്ചുനോക്കാൻ എല്ലാ സത്യാന്വേഷികളെയും പ്രേരിപ്പിക്കേണ്ടതാണ്‌. ഇതിനോടകം സത്യമായി ഭവിച്ച ഏതാനും ബൈബിൾ പ്രവചനങ്ങൾ നമുക്കു പരിശോധിക്കാം.

പുരാതന സംസ്‌കാരങ്ങൾ

ഏദോം, മോവാബ്‌, അമ്മോൻ, സോർ എന്നിവ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുമെന്ന്‌ ദൈവം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യിരെമ്യാവു 48:42; 49:17, 18; 51:24-26; ഓബദ്യാവു 8, 18; സെഫന്യാവു 2:8, 9) വംശീയകൂട്ടങ്ങൾ എന്നനിലയിൽനിന്ന്‌ ഈ ജനതതികൾ ഓരോന്നും അപ്രത്യക്ഷമായത്‌ ദൈവത്തിന്റെ പ്രാവചനിക വചനത്തിന്റെ കൃത്യതയ്‌ക്ക്‌ അടിവരയിടുന്നു.

‘കാലത്തിന്റെ നീരൊഴുക്കിൽ ഏതൊരു ജനതയും അത്‌ എത്രതന്നെ ശക്തമെങ്കിലും അപ്രത്യക്ഷമാകുമെന്ന്‌ ആർക്കും പ്രവചിക്കാനാകും’ എന്നു ചിലർ വാദിച്ചേക്കാം. എന്നാൽ ബൈബിൾ ഒരുപടികൂടി മുന്നോട്ടുപോകുന്നു എന്ന സത്യം അവർ മറക്കുന്നു. ഉദാഹരണത്തിന്‌, ബാബിലോൺ എപ്രകാരം മറിച്ചിടപ്പെടുമെന്ന്‌ വിശദാംശങ്ങൾ സഹിതം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. മേദ്യരായിരിക്കും നഗരം മറിച്ചിടുന്നതെന്നും കോരെശിന്റെ നേതൃത്വത്തിലുള്ളതായിരിക്കും ആക്രമിക്കാൻ വരുന്ന സൈന്യമെന്നും നഗരത്തിന്റെ സംരക്ഷണവലയമായിരുന്ന നദികളെ വറ്റിച്ചുകളയുമെന്നും ബൈബിൾ പറഞ്ഞിരുന്നു.—യെശയ്യാവു 13:17-19; 44:27-45:1.

എന്നാൽ പരാജയമടയുന്ന എല്ലാ രാഷ്‌ട്രങ്ങളും ചരിത്രത്താളുകളിൽനിന്ന്‌ എന്നേക്കുമായി അപ്രത്യക്ഷമാകുമെന്നു പ്രവചനങ്ങളിൽ പറഞ്ഞിട്ടില്ല. നേരെമറിച്ച്‌, ബാബിലോണിന്റെ കയ്യാലുള്ള യെരൂശലേമിന്റെ നാശത്തെക്കുറിച്ചു മുൻകൂട്ടിപ്പറയവേ യെരൂശലേം വീണ്ടും പണിയപ്പെടുമെന്ന്‌ ദൈവം പറയുകയുണ്ടായി. യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നത്‌ ബാബിലോണിന്റെ നയമായിരുന്നില്ല എന്നതിന്റെ വെളിച്ചത്തിൽ ഈ പ്രവചനം ശ്രദ്ധേയമാണ്‌. (യിരെമ്യാവു 24:4-7; 29:10; 30:18, 19) ഇതു നിറവേറിയെന്നുമാത്രമല്ല, ഒരു വംശമെന്ന നിലയിൽ യഹൂദ ജനത ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.

ഒരു ലോകശക്തിയെന്ന സ്ഥാനത്തുനിന്ന്‌ ഈജിപ്‌ത്‌ മറിച്ചിടപ്പെടുമെന്നും എന്നാൽ “അതിന്റെശേഷം അതിന്നു പുരാതനകാലത്തെന്നപോലെ നിവാസികൾ ഉണ്ടാകും” എന്നും കാലക്രമേണ ഈ പുരാതന ശക്തി ‘ഒരു ഹീനരാജ്യം’ ആയിത്തീരുമെന്നും യഹോവ മുൻകൂട്ടിപ്പറഞ്ഞു. (യിരെമ്യാവു 46:25, 26; യെഹെസ്‌കേൽ 29:14, 15) ഇതും സത്യമായി ഭവിച്ചു. ഗ്രീസിന്‌ ഒരു ലോകശക്തിയെന്ന സ്ഥാനം നഷ്ടമാകുമെന്ന്‌ മുൻകൂട്ടിപ്പറഞ്ഞെങ്കിലും ആ രാഷ്‌ട്രം അപ്രത്യക്ഷമാകുമെന്ന്‌ യഹോവ ഒരിക്കലും പറഞ്ഞില്ല. പരിപൂർണമായി നശിപ്പിക്കപ്പെടുമെന്നു പറഞ്ഞിരുന്ന സംസ്‌കാരങ്ങൾ അപ്രത്യക്ഷമായതും അങ്ങനെ പറയാത്തവ ഇപ്പോഴും നിലനിൽക്കുന്നതും എന്താണു നമ്മെ പഠിപ്പിക്കുന്നത്‌? ദൈവവചനത്തിൽ അടങ്ങിയിരിക്കുന്നത്‌ ആധികാരികവും ആശ്രയയോഗ്യവുമായ പ്രവചനങ്ങളാണെന്ന്‌.

അമ്പരപ്പിക്കുന്ന വിശദാംശങ്ങൾ

മുമ്പു പ്രസ്‌താവിച്ചതുപോലെ, ബാബിലോണിന്റെ പതനം എങ്ങനെയായിരിക്കും എന്നതിന്റെ പല വിശദാംശങ്ങളും യഹോവ നൽകി. സമാനമായി സോരിലെ കല്ലും മരവും മണ്ണും എല്ലാം “വെള്ളത്തിൽ ഇട്ടുകളയും” എന്ന്‌ അതിന്റെ നാശത്തെക്കുറിച്ചു പ്രവചിക്കവേ യെഹെസ്‌കേൽ പുസ്‌തകം പറയുന്നു. (യെഹെസ്‌കേൽ 26:4, 5, 12) ബി.സി. 332-ൽ മഹാനായ അലക്‌സാണ്ടറിന്റെ സൈന്യം സോരിന്റെ വൻകരഭാഗത്തിന്റെ നാശാവശിഷ്ടങ്ങൾ ഉപയോഗിച്ച്‌ അതിന്റെ ദ്വീപഭാഗത്തേക്ക്‌ ഒരു പാത നിർമിച്ചപ്പോൾ ഈ പ്രവചനം നിവൃത്തിയേറി. തുടർന്ന്‌ അതും അവർ കീഴടക്കി.

ദാനീയേൽ 8:5-8, 21, 22-ലും 11:3, 4-ലും കാണുന്ന പ്രവചനം മഹാനായ ‘യവനരാജാവിനെ’ക്കുറിച്ച്‌ അതായത്‌ ഗ്രീസിലെ രാജാവിനെക്കുറിച്ച്‌ ശ്രദ്ധേയമായ ചില വിശദാംശങ്ങൾ നൽകുന്നു. ജയിച്ചടക്കലുകളുടെ പരകോടിയിൽ ആ ഭരണാധികാരി മരിക്കുമെന്നും തുടർന്ന്‌ രാജ്യം നാലായി വിഭജിക്കപ്പെടുമെന്നും പക്ഷേ അദ്ദേഹത്തിന്റെ സന്തതികൾക്ക്‌ അതു ലഭിക്കുകയില്ലെന്നും അതു മുൻകൂട്ടിപ്പറഞ്ഞു. ഈ പ്രവചനം രേഖപ്പെടുത്തി 200 വർഷങ്ങൾക്കുശേഷം, ശക്തനായ ആ ഭരണാധികാരി മഹാനായ അലക്‌സാണ്ടറാണെന്നു തെളിഞ്ഞു. അദ്ദേഹം അകാലമൃത്യു അടഞ്ഞെന്നും നാലു ജനറൽമാർ രാജ്യം പകുത്തെടുത്തെന്നും ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നു, അവർ അദ്ദേഹത്തിന്റെ മക്കളല്ലതാനും.

ഇവയെല്ലാം സംഭവിച്ചതിനുശേഷമായിരിക്കണം ഈ പ്രവചനം രേഖപ്പെടുത്തിയതെന്നു വിമർശകർ അവകാശപ്പെടുന്നു. ദാനീയേലിലെ മേൽപ്പറഞ്ഞ വിവരണം ഒന്നുകൂടി ശ്രദ്ധിക്കൂ. പ്രവചനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അമ്പരിപ്പിക്കുന്ന വിശദാംശങ്ങളാണവ. എന്നാൽ പ്രവചനത്തിന്റെ കുപ്പായമണിഞ്ഞ ചരിത്രമാണിതെങ്കിൽ കാര്യമായ പല വിശദാംശങ്ങളുടെയും അഭാവം പ്രകടമല്ലേ? അലക്‌സാണ്ടറിനുശേഷം ജീവിച്ചിരുന്ന ഒരാൾ പേരെടുക്കാനായി എഴുതിയ ഒരു ‘പ്രവചനമാണ്‌’ ഇതെന്നു കരുതുക. അങ്ങനെയെങ്കിൽ അലക്‌സാണ്ടറിന്റെ മരണശേഷം ഉടൻതന്നെ അദ്ദേഹത്തിന്റെ രണ്ടു മക്കൾ രാജ്യഭാരം ഏറ്റെടുക്കാൻ മുതിരുമെന്നും എന്നാൽ വധിക്കപ്പെടുമെന്നും എന്തുകൊണ്ട്‌ രേഖപ്പെടുത്തിയില്ല? സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങൾ കയ്യടക്കാൻ ആ ജനറൽമാർ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവരുമെന്ന്‌ എന്തുകൊണ്ട്‌ ‘പ്രവചിച്ചില്ല?’ മഹാനായ ഈ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ നാലു ജനറൽമാരെയും എന്തുകൊണ്ട്‌ പേരെടുത്തു പരാമർശിച്ചില്ല?

അതുകൊണ്ട്‌ വിമർശകരുടെ ഈ അവകാശവാദത്തിൽ കഴമ്പില്ല. ഭാവി മുൻകൂട്ടിപ്പറയുക അസാധ്യമാണെന്നു വിശ്വസിക്കുന്നവരുടെ തെളിയിക്കാനാകാത്ത ഒരു വാദമാണിത്‌. തെളിവുകൾ പരിശോധിക്കാതെ ഈ നിഗമനത്തിൽ എത്തിച്ചേർന്ന അവർ കാലങ്ങളായി അതേ വിശ്വാസം വെച്ചുപുലർത്തുന്നു. ബൈബിൾ ദൈവവചനമാണെന്നു വിശ്വസിക്കാൻ വിസമ്മതിക്കുന്ന അവർ സകലതും മാനുഷികമായ, ഭൗതികമായ വിധത്തിൽ വിശദീകരിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ താനാണു ബൈബിളിന്റെ ഗ്രന്ഥകർത്താവെന്ന്‌ ആർക്കും ബോധ്യമാകുംവിധം പ്രവചനങ്ങൾ രേഖപ്പെടുത്താൻ ജ്ഞാനപൂർവം ദൈവം ഇടയാക്കി. വേണ്ടുവോളം വിശദാംശങ്ങളടക്കം ദിവ്യനിശ്വസ്‌തതയിലാണ്‌ അവ എഴുതിയിരിക്കുന്നത്‌. *

ബൈബിളിലെ ഓരോ പ്രവചനവും അതിന്റെ നിവൃത്തിയും, സമയമെടുത്ത്‌ ശ്രദ്ധാപൂർവം പരിചിന്തിക്കുന്നെങ്കിൽ അവ നിങ്ങളുടെ വിശ്വാസം ബലപ്പെടുത്തും. ബൈബിൾ പ്രവചനങ്ങൾ എന്തുകൊണ്ട്‌ ഒരു പഠനവിഷയമാക്കിക്കൂടാ? എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്‌തകത്തിന്റെ 343 മുതൽ 346 വരെയുള്ള പേജുകളിലെ ചാർട്ടുകൾ സഹായകമായിരിക്കും. * ഈ നിർദേശം ബാധകമാക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ വിശ്വാസം ബലിഷ്‌ഠമാക്കുക എന്ന ലക്ഷ്യത്തിൽ അതു ചെയ്യാൻ ശ്രമിക്കൂ. വെറുതെ ഓടിച്ചു വായിക്കുന്നതിനു പകരം യഹോവയുടെ വാക്കുകളെല്ലാം നിവൃത്തിയേറുന്നു എന്ന യാഥാർഥ്യത്തെക്കുറിച്ചു വിലമതിപ്പുനിറഞ്ഞ ഹൃദയത്തോടെ ധ്യാനിക്കാൻ സമയമെടുക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 13 ബൈബിൾ പ്രവചനങ്ങൾ സംഭവം നടന്നതിനുശേഷം എഴുതിവെച്ചതാണെന്ന വാദം അടിസ്ഥാനരഹിതമാണ്‌ എന്നതിനുള്ള കൂടുതൽ തെളിവുകൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച്‌ കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 106-11 പേജുകൾ കാണുക.

^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[24-ാം പേജിലെ ചതുരം/ചിത്രം]

ജീവിതത്തെ ഭരിക്കേണ്ട തത്ത്വങ്ങൾ

ശ്രദ്ധാർഹമായ മറ്റൊരു കാര്യം: ലോകശക്തികളുടെ ഉയർച്ചയും വീഴ്‌ചയും ഇത്ര കൃത്യമായി മുൻകൂട്ടിപ്പറഞ്ഞ ദൈവം ജീവിതത്തെ നയിക്കാനുതകുന്ന ബൈബിൾതത്ത്വങ്ങളുടെ ഉറവുമാണ്‌. അവയിൽ ചിലത്‌:

നിങ്ങൾ വിതെക്കുന്നതു തന്നേ കൊയ്യും.ഗലാത്യർ 6:7.

വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം.പ്രവൃത്തികൾ 20:35.

ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടർ.മത്തായി 5:3, NW.

ഈ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നെങ്കിൽ അവയുടെ സത്യത അനുഭവിച്ചറിയാൻ നിങ്ങൾക്കുമാകും.

[22, 23 പേജിലെ ചിത്രങ്ങൾ]

ഈ സംസ്‌കാരങ്ങൾ എന്നേക്കുമായി മൺമറയുമെന്ന്‌ ദൈവവചനം മുൻകൂട്ടിപ്പറഞ്ഞു . . .

ഏദോം

ബാബിലോൺ

. . . എന്നാൽ ഇവയെക്കുറിച്ച്‌ അങ്ങനെയല്ല പറഞ്ഞത്‌

ഗ്രീസ്‌

ഈജിപ്‌ത്‌

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

WHO photo by Edouard Boubat

[23-ാം പേജിലെ ചിത്രം]

മഹാനായ അലക്‌സാണ്ടർ