വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ സത്യാരാധനയ്‌ക്കായി നിലകൊണ്ടു

അവൻ സത്യാരാധനയ്‌ക്കായി നിലകൊണ്ടു

അവരുടെ വിശ്വാസം അനുകരിക്കുക

അവൻ സത്യാരാധനയ്‌ക്കായി നിലകൊണ്ടു

കർമേൽ പർവതം കയറിവരുന്ന ജനക്കൂട്ടത്തെ മുകളിൽനിന്നു നോക്കുകയാണ്‌ ഏലീയാവ്‌. ദാരിദ്ര്യവും ദയനീയതയും ഏൽപ്പിച്ച മുറിപ്പാടുകൾ പ്രഭാതത്തിന്റെ മങ്ങിയവെളിച്ചത്തിൽപ്പോലും അവരുടെ മുഖങ്ങളിൽ ദൃശ്യമാണ്‌. മൂന്നര വർഷക്കാലത്തെ വരൾച്ച അതിന്റെ ക്ഷതം ശരിക്കും ഏൽപ്പിച്ചിരിക്കുന്നു.

യഹോവയുടെ പ്രവാചകനായ ഏലീയാവിനോടു കടുത്ത പകയുള്ള, അഹങ്കാരികളായ ബാലിന്റെ 450 പ്രവാചകന്മാരും അക്കൂട്ടത്തിലുണ്ട്‌. യഹോവയുടെ ദാസരിൽ പലരെയും ഈസേബെൽ രാജ്ഞി കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഏലീയാവ്‌ ബാലാരാധനയ്‌ക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുണ്ട്‌. പക്ഷേ ഇനി എത്രനാൾ? ഒറ്റയ്‌ക്കൊരാൾക്കു തങ്ങൾക്കെതിരെ പിടിച്ചുനിൽക്കാനാവില്ലെന്ന്‌ ബാലിന്റെ ആ പുരോഹിതന്മാർ വിചാരിച്ചുകാണണം. (1 രാജാക്കന്മാർ 18:3, 19, 20) തന്റെ രാജകീയ രഥത്തിൽ ആഹാബ്‌ രാജാവും കർമേലിൽ വന്നെത്തിയിട്ടുണ്ട്‌. അവനും ഏലീയാവിനോടു യാതൊരു പ്രതിപത്തിയും ഉണ്ടായിരുന്നില്ല.

ജീവിതത്തിൽ അതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സാഹചര്യത്തെയാണ്‌ ആ ദിവസം ഏലീയാവിനു നേരിടാനുള്ളത്‌, അതും ഒറ്റയ്‌ക്ക്‌. നന്മയും തിന്മയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിനു കളമൊരുങ്ങിയിരിക്കുകയാണ്‌, ലോകം അതുവരെ കണ്ടിട്ടില്ലാത്ത നാടകീയമായ ഒരു ഏറ്റുമുട്ടൽതന്നെ. ആ ദിവസം ഉറക്കമുണർന്നപ്പോൾ അവനെന്തു തോന്നിയിരിക്കണം? ഭയം അവനെ ഏശിയില്ല എന്നു പറയാനാവില്ല, കാരണം അവനും “നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു.” (യാക്കോബ്‌ 5:17, പി.ഒ.സി. ബൈബിൾ) അവിശ്വാസികളായ ജനവും വിശ്വാസത്യാഗിയായ അവരുടെ രാജാവും കൊലപാതകികളായ പുരോഹിതന്മാരും ചുറ്റും നിൽക്കുമ്പോൾ താൻ തികച്ചും ഏകനാണെന്ന്‌ ഏലീയാവിനു തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.—1 രാജാക്കന്മാർ 18:22.

ഇങ്ങനെയൊരു ദശാസന്ധിയിലേക്ക്‌ ഇസ്രായേലിനെ എത്തിച്ചത്‌ എന്താണെന്നു നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. ഈ സംഭവത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും? ദൈവത്തിന്റെ വിശ്വസ്‌ത ദാസരുടെ ജീവിതം ഉറ്റുനോക്കുവാനും അവരുടെ ‘വിശ്വാസം അനുകരിക്കാനും’ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രായർ 13:7) ഏലീയാവിന്റെ ദൃഷ്ടാന്തം ഇപ്പോൾ പരിചിന്തിക്കാം.

നീണ്ട പോരാട്ടം അതിന്റെ പാരമ്യത്തിൽ

തന്റെ മാതൃദേശം യഹോവയുടെ ആരാധനയെ അവഗണിച്ച്‌ അതിനെ ചവിട്ടിക്കളയുന്നത്‌ നിസ്സഹായനായി നോക്കിനിൽക്കാനേ ജീവിതത്തിന്റെ ഏറിയപങ്കും ഏലീയാവിനായുള്ളൂ. സത്യമതവും വ്യാജമതവും തമ്മിലുള്ള, യഹോവയുടെ ആരാധനയും അയൽരാജ്യങ്ങളിലെ വിഗ്രഹാരാധനയും തമ്മിലുള്ള, ഒരു നീണ്ട ഏറ്റുമുട്ടലിന്റെ പിടിയിലമർന്നിരുന്നു ഇസ്രായേൽ. ഏലീയാവിന്റെ നാളിൽ ആ പോരാട്ടം കൂടുതൽ രൂക്ഷമായി.

സീദോൻ രാജാവിന്റെ മകളായ ഈസേബെൽ ആയിരുന്നു ആഹാബ്‌ രാജാവിന്റെ ഭാര്യ. ഇസ്രായേലിൽനിന്നു യഹോവയുടെ ആരാധന തുടച്ചുനീക്കി അവിടെ ബാലാരാധന വ്യാപിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഈസേബെൽ. ആഹാബാകട്ടെ അവളുടെ സ്വാധീനത്തിൻ കീഴിലുമായിരുന്നു. ബാലിനുവേണ്ടി ഒരു ക്ഷേത്രവും ബലിപീഠവും അവൻ പണിതു, ആ പുറജാതി ദൈവത്തിനുമുമ്പിൽ കുമ്പിടുന്നതിൽ നേതൃത്വമെടുക്കുകയും ചെയ്‌തു. അങ്ങനെ അവൻ യഹോവയെ അത്യന്തം കോപിപ്പിച്ചു.—1 രാജാക്കന്മാർ 16:30-33. *

ബാലാരാധന ഇത്ര നിന്ദ്യമായിരുന്നത്‌ എന്തുകൊണ്ടാണ്‌? സത്യദൈവത്തിന്റെ ആരാധനയിൽനിന്ന്‌ അനേകരെ വഴിതെറ്റിച്ചുകൊണ്ട്‌ അത്‌ ഇസ്രായേലിനെ ദുഷിപ്പിച്ചു. മ്ലേച്ഛവും ക്രൂരവുമായ ഒരു മതമായിരുന്നു അത്‌. ക്ഷേത്രവേശ്യാവൃത്തിയും മദനോത്സവങ്ങളും കുട്ടികളെ ബലിയർപ്പിക്കുന്നതും മറ്റും അതിന്റെ ഭാഗമായിരുന്നു. ഒരു വരൾച്ചയെക്കുറിച്ചു പ്രഖ്യാപിക്കാൻ ആഹാബിന്റെ അടുത്തേക്ക്‌ ഏലീയാവിനെ അയച്ചുകൊണ്ടാണ്‌ യഹോവ ഇതിനോടു പ്രതികരിച്ചത്‌, ദൈവപുരുഷൻ പറഞ്ഞാലല്ലാതെ ആ വരൾച്ച അവസാനിക്കുമായിരുന്നില്ല. (1 രാജാക്കന്മാർ 17:1) ഏതാനും വർഷങ്ങൾക്കുശേഷമാണ്‌ ആഹാബിനെ മുഖംകാണിക്കാൻ ഏലീയാവ്‌ വീണ്ടും എത്തുന്നത്‌. കർമേൽ പർവതത്തിൽ ബാൽ പ്രവാചകരെയും ജനത്തെയും വിളിച്ചുകൂട്ടാൻ ഏലീയാവ്‌ അവനോട്‌ ആവശ്യപ്പെട്ടു.

ഈ സംഭവങ്ങളിൽനിന്നെല്ലാം നമുക്കെന്താണു പഠിക്കാനുള്ളത്‌? നമുക്കു ചുറ്റും ബാൽക്ഷേത്രങ്ങളോ ബലിപീഠങ്ങളോ കാണാനില്ലാത്തതിനാൽ ബാൽ ആരാധനയെക്കുറിച്ചുള്ള ഒരു കഥയ്‌ക്ക്‌ ഇന്നു പ്രസക്തിയില്ലെന്നു ചിലർ ചിന്തിച്ചേക്കാം. എന്നാൽ ഈ വിവരണത്തെ പുരാതനചരിത്രം എന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. (റോമർ 15:4) “ബാൽ” എന്ന വാക്കിന്റെ അർഥം “ഉടയവൻ” അഥവാ “യജമാനൻ” എന്നാണ്‌. താനായിരിക്കണം അവരുടെ “ബാൽ” അഥവാ “ഭർത്താവ്‌” എന്ന്‌ യഹോവ തന്റെ ജനത്തോടു പറഞ്ഞിരുന്നു. (യെശയ്യാവു 54:5) ആളുകൾ ഇന്നും സർവശക്തനായ ദൈവത്തിന്റെ സ്ഥാനത്ത്‌ അനേകം “യജമാനന്മാരെ” സേവിക്കുന്നുവെന്നതു ശരിയല്ലേ? യഹോവയുടെ ആരാധനയുടെ സ്ഥാനത്ത്‌ പണം, ജോലി, വിനോദം, ലൈംഗിക ആസ്വാദനം എന്നിവയെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും ദൈവത്തെയോ പ്രതിഷ്‌ഠിക്കുമ്പോൾ അവർ തങ്ങളുടെ “യജമാനൻ” ആയി അതിനെ തിരഞ്ഞെടുക്കുകയാണ്‌. (മത്തായി 6:24; റോമർ 6:16) അതുകൊണ്ട്‌, ബാലാരാധനയുടെ ഏറ്റവും മുഖ്യസവിശേഷതകൾ ഒരർഥത്തിൽ ഇപ്പോഴും വളരെ സജീവമാണ്‌. പുരാതനനാളിൽ യഹോവയും ബാലും തമ്മിൽ നടന്ന ആ പോരാട്ടത്തെക്കുറിച്ചുള്ള വിവരണം, ആരെ സേവിക്കണം എന്നു ജ്ഞാനപൂർവം തീരുമാനിക്കാൻ നമ്മെ സഹായിക്കും.

“എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും?”

കർമേൽ പർവതത്തിന്റെ ഉച്ചിയിൽനിന്നു നോക്കിയാൽ ഇസ്രായേലിന്റെ ഒരു ആകമാന ചിത്രം ലഭിക്കും. കീശോൻനീർത്താഴ്‌വരയും മെഡിറ്ററേനിയൻ പ്രദേശവും അങ്ങു വടക്കുള്ള ലെബാനോൻ പർവതങ്ങളുമൊക്കെ കാണാനാകും. * അബ്രാഹാമിന്റെ സന്തതികൾക്ക്‌ യഹോവ നൽകിയ ഫലഭൂയിഷ്‌ഠമായ ആ ദേശം പക്ഷേ ഇപ്പോൾ വരണ്ടുണങ്ങിക്കിടക്കുകയാണ്‌. അതേ, ദേശത്തിന്റെ മുഖം മ്ലാനമാണ്‌. ദൈവജനത്തിന്റെ ഭോഷത്വം ആ ദേശത്തെ നാശത്തിലേക്കു തള്ളിയിട്ടിരിക്കുന്നു. കർമേൽ പർവതത്തിലെത്തിയ ജനക്കൂട്ടത്തെ സമീപിച്ച്‌ ഏലീയാവ്‌ ചോദിക്കുന്നു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു.”—1 രാജാക്കന്മാർ 18:21.

‘രണ്ടു തോണിയിൽ കാൽവെക്കുന്നു’ എന്നു പറഞ്ഞപ്പോൾ ഏലീയാവ്‌ എന്താണ്‌ അർഥമാക്കിയത്‌? യഹോവയുടെ ആരാധനയും ബാലാരാധനയും ഒരുമിച്ചുകൊണ്ടുപോകാമെന്ന്‌ അതായത്‌ മ്ലേച്ഛമായ ആചാരങ്ങളാൽ ബാലിനെ പ്രസാദിപ്പിക്കാമെന്നും അതേസമയം യഹോവയുടെ അനുഗ്രഹങ്ങൾക്കായി അപേക്ഷിക്കാമെന്നും അവർ കരുതി. ബാൽ തങ്ങളുടെ കൃഷിയെയും മൃഗസമ്പത്തിനെയും അനുഗ്രഹിക്കുമ്പോൾ, “സൈന്യങ്ങളുടെ യഹോവ” തങ്ങളെ യുദ്ധത്തിൽ സംരക്ഷിക്കുമെന്ന്‌ അവർ വിചാരിച്ചിരുന്നിരിക്കാം. (1 ശമൂവേൽ 17:45) എന്നാൽ ഇതിലൊന്നേ തിരഞ്ഞെടുക്കാൻ സാധിക്കൂ എന്ന്‌ ജനം മനസ്സിലാക്കാതെപോയി. യഹോവ ആരുമായും തന്റെ ആരാധന പങ്കുവെക്കില്ല എന്ന അടിസ്ഥാനസത്യം അവർ വിസ്‌മരിച്ചു, ഇന്നു പലരും അതുതന്നെയാണു ചെയ്യുന്നതും. യഹോവ സമ്പൂർണഭക്തി നിഷ്‌കർഷിക്കുന്നു, അതിനവൻ യോഗ്യനുമാണ്‌. തന്റെ ആരാധനയിൽ മറ്റേതെങ്കിലും ആരാധന കൂട്ടിക്കലർത്തുന്നത്‌ അവനു സ്വീകാര്യമല്ലെന്നു മാത്രമല്ല, അതവനെ പ്രകോപിപ്പിക്കുകയും ചെയ്യും.—പുറപ്പാടു 20:5.

ഒരേ സമയം രണ്ടു തോണിയിൽ കാൽവെക്കുന്ന ഒരാളെപ്പോലെയായിരുന്നു ആ ഇസ്രായേല്യർ. യഹോവയുടെ ആരാധനയെ പിന്നോട്ടുതള്ളി മറ്റു ‘ബാൽ ദൈവങ്ങളെ’ തങ്ങളുടെ ജീവിതത്തിൽ കടന്നുകൂടാൻ അനുവദിക്കുകവഴി ഇന്നും അനേകർ ഇത്തരമൊരു തെറ്റ്‌ ആവർത്തിക്കുന്നു! രണ്ടു തോണിയിൽ കാൽവെക്കരുതെന്ന ഏലീയാവിന്റെ ആഹ്വാനം നമ്മുടെ മുൻഗണനകളും ആരാധനയും പുനഃപരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?

ഒരു നിർണായക പരീക്ഷണം

ഒരു പരീക്ഷണം നടത്താമെന്ന്‌ ഏലീയാവ്‌ നിർദേശിച്ചു, വളരെ ലളിതമായ ഒരു പരീക്ഷണം. ബാലിന്റെ പ്രവാചകന്മാർ ഒരു ബലിപീഠം ഒരുക്കി അതിന്മേൽ യാഗമൃഗത്തെ വെച്ചിട്ട്‌ അതിനെ ദഹിപ്പിക്കാൻ തീ അയയ്‌ക്കേണമേയെന്ന്‌ അവരുടെ ദൈവത്തോടു പ്രാർഥിക്കേണ്ടിയിരുന്നു. ഏലീയാവും അങ്ങനെതന്നെ ചെയ്യുമായിരുന്നു. അവൻ പറഞ്ഞു: “തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ.” സത്യദൈവം ആരാണെന്ന കാര്യത്തിൽ ഏലീയാവിനു തെല്ലും സംശയമില്ലായിരുന്നു. ആദ്യാവസരം ബാൽപ്രവാചകന്മാർക്കു കൊടുക്കാൻ അവൻ ഒട്ടും മടിച്ചില്ല, അത്ര ശക്തമായിരുന്നു അവന്റെ വിശ്വാസം. യാഗം അർപ്പിക്കുന്നതിനുള്ള കാളയെ തിരഞ്ഞെടുക്കുന്നതും ആദ്യം പ്രാർഥിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും തന്റെ പ്രതിയോഗികൾക്ക്‌ അവൻ അനുവദിച്ചുകൊടുത്തു. *1 രാജാക്കന്മാർ 18:24, 25.

അത്ഭുതങ്ങളുടെ നാളുകളിലല്ല നാം ജീവിക്കുന്നത്‌. എന്നിരുന്നാലും യഹോവയ്‌ക്കു മാറ്റമൊന്നും വന്നിട്ടില്ല. ഏലീയാവിന്‌ യഹോവയിൽ ഉണ്ടായിരുന്ന അതേ വിശ്വാസം നമുക്കും ഉണ്ടായിരിക്കാനാകും. ഉദാഹരണത്തിന്‌, ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളുമായി മറ്റുള്ളവർ വിയോജിക്കുമ്പോൾ അവർക്കു പറയാനുള്ളതെല്ലാം പറയാൻ ആദ്യം അവരെ അനുവദിക്കുന്നതിനു നാം ഭയക്കേണ്ടതില്ല. കാര്യങ്ങൾക്കു പരിഹാരം കാണാൻ നമുക്ക്‌ ഏലീയാവ്‌ ചെയ്‌തതുപോലെ സത്യദൈവത്തിലേക്കു നോക്കാനാകും. നാമതു ചെയ്യുന്നത്‌ നമ്മുടെ പ്രാപ്‌തിയിൽ ആശ്രയിച്ചുകൊണ്ടല്ല, മറിച്ച്‌ കാര്യങ്ങൾ നേരെയാക്കുന്നതിനുവേണ്ടി നൽകപ്പെട്ടിരിക്കുന്ന നിശ്വസ്‌ത വചനത്തിൽ ആശ്രയിച്ചുകൊണ്ടാണ്‌.—2 തിമൊഥെയൊസ്‌ 3:16, 17.

ബാൽ പ്രവാചകന്മാർ ബലിപീഠത്തിൽ യാഗമൃഗത്തെ ഒരുക്കിവെച്ചതിനുശേഷം അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങി. “ബാലേ, ഉത്തരമരുളേണമേ” എന്നവർ വീണ്ടും വീണ്ടും കരഞ്ഞുപ്രാർഥിച്ചു. മണിക്കൂറുകളോളം അവർ പ്രാർഥിച്ചു. പക്ഷേ “ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല.” ഉച്ചയായപ്പോഴേക്കും ഏലീയാവ്‌ അവരെ കളിയാക്കിത്തുടങ്ങി. “അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം,” ബാലിനു തിരക്കായതിനാൽ ആയിരിക്കും അവർക്കു ഉത്തരം നൽകാത്തതെന്നും അവൻ പരിഹസിച്ചു. “ഉറക്കെ വിളിപ്പിൻ” ഏലീയാവ്‌ ആ കള്ളപ്രവാചകന്മാർക്ക്‌ എരിവുകേറ്റി. ബാലാരാധന പരിഹാസ്യമായ പൊള്ളത്തരമാണെന്ന്‌ അവനറിയാമായിരുന്നു, ദൈവജനം അതു മനസ്സിലാക്കണമെന്നും അവൻ ആഗ്രഹിച്ചു.—1 രാജാക്കന്മാർ 18:26, 27.

ഉന്മത്തരായ ബാൽ പുരോഹിതന്മാർ “ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്‌പിച്ചു.” എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല, “ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.” (1 രാജാക്കന്മാർ 18:28, 29) ബാൽ എന്നൊരു ദൈവം യഥാർഥത്തിൽ ഉണ്ടായിരുന്നില്ല, സാത്താന്റെ ഒരു കണ്ടുപിടിത്തം മാത്രമായിരുന്നു അവൻ; യഹോവയിൽനിന്ന്‌ ആളുകളെ അകറ്റുക എന്ന ഉദ്ദേശ്യമായിരുന്നു അതിനു പിന്നിൽ. അന്നത്തെപ്പോലെ ഇന്നും യഹോവയെയല്ലാതെ മറ്റൊരു യജമാനനെ സേവിക്കുന്നത്‌ നിരാശയ്‌ക്കും അപമാനത്തിനും മാത്രമേ വഴിവെക്കൂ.—സങ്കീർത്തനം 25:3; 115:4-8.

ഉത്തരം ലഭിക്കുന്നു

സായാഹ്നത്തോടടുത്ത്‌ ഏലീയാവിന്റെ ഊഴം വന്നു. സത്യാരാധനയുടെ ശത്രുക്കൾ നശിപ്പിച്ചുകളഞ്ഞ യഹോവയുടെ ഒരു യാഗപീഠം അവൻ നന്നാക്കിയെടുത്തു. അവൻ 12 കല്ലുകൾ ഉപയോഗിച്ചത്‌ 12 ഗോത്രങ്ങൾക്കായി നൽകിയ ന്യായപ്രമാണം അനുസരിക്കാൻ പത്തുഗോത്രരാജ്യമായ ഇസ്രായേലിൽ ഉള്ളവർ അപ്പോഴും ബാധ്യസ്ഥരാണെന്ന കാര്യം ഓർമിപ്പിക്കാൻ വേണ്ടിയാവണം. അതിനുശേഷം യാഗമൃഗത്തെ യാഗപീഠത്തിന്മേൽ വെച്ചിട്ട്‌ വെള്ളമൊഴിച്ചു കുതിർത്തു. അടുത്തുള്ള മെഡിറ്ററേനിയൻ കടലിൽനിന്നായിരിക്കാം വെള്ളം കൊണ്ടുവന്നത്‌. യാഗപീഠത്തിനുചുറ്റും ഒരു കിടങ്ങുണ്ടാക്കി അതിലും വെള്ളം നിറച്ചു. ബാൽ പ്രവാചകന്മാർക്ക്‌ അവൻ എല്ലാ ആനുകൂല്യങ്ങളും കൊടുത്തതുപോലെ യഹോവയ്‌ക്ക്‌ അവൻ എല്ലാ പ്രാതികൂല്യങ്ങളും കൊടുത്തു. തന്റെ ദൈവത്തിൽ അവനുണ്ടായിരുന്ന വിശ്വാസം അത്ര ഉറച്ചതായിരുന്നു.—1 രാജാക്കന്മാർ 18:30-35.

എല്ലാം തയ്യാറായി കഴിഞ്ഞപ്പോൾ ഏലീയാവ്‌ പ്രാർഥിച്ചു. ലളിതമായ ആ പ്രാർഥന ഏലീയാവ്‌ പരമപ്രധാനമായി കരുതുന്നത്‌ എന്തൊക്കെയാണെന്നു വെളിവാക്കി. ഒന്നാമതായി ബാൽ അല്ല യഹോവയാണ്‌ ‘യിസ്രായേലിൽ ദൈവമെന്നും’ രണ്ടാമതായി, താൻ യഹോവയുടെ ദാസൻ മാത്രമാണെന്നും എല്ലാ മഹത്ത്വവും ബഹുമതിയും യഹോവയ്‌ക്കാണു ലഭിക്കേണ്ടതെന്നും ജനം അറിയണമെന്ന്‌ അവൻ ആഗ്രഹിച്ചു. അതുപോലെ, യഹോവ ജനങ്ങളുടെ ‘ഹൃദയങ്ങളെ വീണ്ടും അവനിലേക്കുതന്നെ തിരിക്കുന്നത്‌’ കാണാൻ പ്രാർഥിക്കുകവഴി സ്വജനത്തെക്കുറിച്ച്‌ അപ്പോഴും താൻ കരുതലുള്ളവനാണെന്നു ഏലീയാവ്‌ പ്രകടമാക്കി. (1 രാജാക്കന്മാർ 18:36, 37) വിശ്വാസരാഹിത്യംമൂലം ആ ജനം ഈ ദുരിതമെല്ലാം വരുത്തിവെച്ചിട്ടും ഏലീയാവ്‌ അവരെ സ്‌നേഹിച്ചു. ഏലീയാവിനെപ്പോലെ നാമും താഴ്‌മയുള്ളവരാണെന്നും നമുക്കും ദൈവനാമത്തെക്കുറിച്ചു ചിന്തയുണ്ടെന്നും സഹായം ആവശ്യമുള്ളവരോട്‌ അനുകമ്പയുണ്ടെന്നും നമ്മുടെ പ്രാർഥനകൾ പ്രകടമാക്കുന്നുണ്ടോ?

ബാലിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ യഹോവയുടെ കാര്യത്തിലും സംഭവിക്കുമോ എന്ന്‌ ഏലീയാവിന്റെ പ്രാർഥനയ്‌ക്കുമുമ്പ്‌ ജനം ചിന്തിച്ചിരിക്കാം. എന്നാൽ പ്രാർഥനയ്‌ക്കുശേഷം എന്തു സംഭവിച്ചുവെന്ന്‌ വിവരണം പറയുന്നു: “ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.” (1 രാജാക്കന്മാർ 18:38) എത്ര വിസ്‌മയാവഹമായ ഉത്തരം! അപ്പോൾ ജനത്തിന്റെ പ്രതികരണം എന്തായിരുന്നു?

“യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം” എന്നു ജനമൊക്കെയും ആർത്തുവിളിച്ചു. (1 രാജാക്കന്മാർ 18:39) ഒടുവിൽ അവർ സത്യം തിരിച്ചറിഞ്ഞു. എന്നിരുന്നാലും അവർ വിശ്വാസം പ്രവൃത്തികളാൽ തെളിയിക്കേണ്ടിയിരുന്നു. സത്യം പറഞ്ഞാൽ, പ്രാർഥനയ്‌ക്കുള്ള ഉത്തരമായി ആകാശത്തുനിന്നു തീയിറങ്ങുന്നതു കണ്ടശേഷം യഹോവയാണു സത്യദൈവം എന്ന്‌ അംഗീകരിക്കുന്നത്‌ അത്രവലിയ കാര്യമൊന്നുമായിരുന്നില്ല. അതുകൊണ്ട്‌, അവർ പണ്ടേക്കുപണ്ടേ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ചെയ്യാൻ, അതായത്‌ വ്യാജപ്രവാചകന്മാരെയും വിഗ്രഹാരാധികളെയും കൊന്നുകളയണം എന്ന യഹോവയുടെ നിയമം അനുസരിക്കാൻ ഏലീയാവ്‌ അവരോട്‌ ആവശ്യപ്പെട്ടു. (ആവർത്തനപുസ്‌തകം 13:5-9) യഹോവയുടെ ബദ്ധശത്രുക്കളായിരുന്ന ബാൽ പുരോഹിതന്മാർ ദിവ്യോദ്ദേശ്യങ്ങൾക്കെതിരെ മനഃപൂർവം പ്രവർത്തിച്ചവരായിരുന്നു. അവർ കരുണ അർഹിക്കുന്നവരായിരുന്നോ? ബാലിനു യാഗമായി ഹോമിക്കപ്പെട്ട നിഷ്‌കളങ്കരായ കുഞ്ഞുങ്ങളോട്‌ ഇവർ എന്തു കരുണയാണു കാണിച്ചത്‌? (സദൃശവാക്യങ്ങൾ 21:13; യിരെമ്യാവു 19:5) ഇല്ല, അവർ ഒരിറ്റുകരുണപോലും അർഹിക്കുന്നില്ലായിരുന്നു. അതുകൊണ്ട്‌ അവരെ കൊന്നുകളയണമെന്ന്‌ ഏലീയാവ്‌ കൽപ്പിച്ചു, ജനം “അവരെ പിടിച്ചു; . . . വെട്ടിക്കൊന്നുകളഞ്ഞു.”—1 രാജാക്കന്മാർ 18:40.

ചില ആധുനിക വിമർശകർ ഈ സംഭവത്തെ രൂക്ഷമായി അപലപിക്കുന്നു. മതത്തിന്റെ പേരിൽ നടക്കുന്ന ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാൻ മതതീവ്രവാദികൾ ഈ വിവരണം ഉപയോഗിച്ചേക്കാമെന്ന്‌ ചിലർ ഭയക്കുന്നു. ഇന്നാണെങ്കിൽ മതഭ്രാന്തന്മാർ അനവധിയാണുതാനും. എന്നാൽ ഏലീയാവ്‌ മതഭ്രാന്തനൊന്നും ആയിരുന്നില്ല. അവൻ യഹോവയ്‌ക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു; ആ വ്യാജപ്രവാചകന്മാരെ വധിച്ചത്‌ തികച്ചും ന്യായവുമായിരുന്നു. മാത്രമല്ല, ദുഷ്ടർക്കെതിരെ വാൾ എടുത്തുകൊണ്ട്‌ ഏലീയാവിനെ അനുകരിക്കാനാവില്ലെന്നും സത്യക്രിസ്‌ത്യാനികൾക്ക്‌ അറിയാം. മിശിഹായുടെ ആഗമനത്തിനുശേഷം, ക്രിസ്‌ത്യാനികൾ പിൻപറ്റേണ്ട തത്ത്വം പത്രൊസിനോടുള്ള യേശുവിന്റെ വാക്കുകളിൽ കാണാം: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) ഭാവിയിൽ യഹോവ തന്റെ പുത്രനെ ഉപയോഗിച്ചുകൊണ്ട്‌ ദിവ്യന്യായവിധി നടപ്പാക്കുമെന്ന ഉറപ്പ്‌ അവർക്കുണ്ട്‌.

വിശ്വാസം മുഖമുദ്രയായ ജീവിതം നയിക്കുകയെന്നതാണ്‌ ഒരു ക്രിസ്‌ത്യാനിയുടെ ഉത്തരവാദിത്വം. (യോഹന്നാൻ 3:16) അങ്ങനെ ചെയ്യുന്നതിനുള്ള ഒരു മാർഗം ഏലീയാവിനെപോലുള്ള വിശ്വസ്‌ത മനുഷ്യരെ അനുകരിക്കുക എന്നതാണ്‌. അവൻ യഹോവയെമാത്രം ആരാധിക്കുകയും അതുതന്നെ ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ആളുകളെ യഹോവയിൽനിന്ന്‌ അകറ്റുന്നതിനുള്ള കെണിയായി സാത്താൻ ഉപയോഗിച്ച ബാലാരാധനയുടെ കാപട്യം അവൻ സുധീരം തുറന്നുകാണിച്ചു. കാര്യങ്ങൾ നേരെയാക്കുന്നതിന്‌ സ്വന്തം ജ്ഞാനത്തിലും കഴിവിലും ആശ്രയിക്കാതെ അവൻ യഹോവയിൽ ആശ്രയിച്ചു. അതേ, ഏലീയാവ്‌ സത്യാരാധനയ്‌ക്കുവേണ്ടി നിലകൊണ്ടു. നമുക്കേവർക്കും അവന്റെ വിശ്വാസം അനുകരിക്കാം!

[അടിക്കുറിപ്പുകൾ]

^ ഖ. 9 ആഹാബുമായുള്ള ഏലീയാവിന്റെ മുൻകൂടിക്കാഴ്‌ചയെയും തുടർന്നുണ്ടായ സംഭവങ്ങളെയുംകുറിച്ചു കൂടുതൽ അറിയുന്നതിന്‌ 1992 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾക്ക്‌ ഏലീയാവിന്റേതുപോലുള്ള വിശ്വാസമുണ്ടോ?” എന്ന ലേഖനം കാണുക.

^ ഖ. 13 സാധാരണഗതിയിൽ കർമേൽ ഹരിതാഭമാണ്‌. ഈർപ്പമുള്ള കടൽക്കാറ്റ്‌ പർവതത്തെ തഴുകിക്കടന്നുപോകുമ്പോൾ കർമേലിൽ മഴയും മഞ്ഞും പെയ്‌തിറങ്ങുന്നു. മഴ കൊണ്ടുവരുന്നത്‌ ബാൽ ആണെന്നു കരുതിയിരുന്നതിനാൽ ഈ പർവതം ബാലാരാധനയുടെ ഒരു കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ ഉണങ്ങിവരണ്ടുകിടന്ന കർമേൽ പർവതം ബാലാരാധനയുടെ പൊള്ളത്തരം തുറന്നുകാണിക്കാൻ പറ്റിയ സ്ഥലമായിരുന്നു.

^ ഖ. 17 യാഗമൃഗത്തിനു ‘തീ ഇടരുത്‌’ എന്ന്‌ ഏലീയാവ്‌ പറഞ്ഞതു ശ്രദ്ധേയമാണ്‌. തീ കത്തിയത്‌ ദൈവികശക്തിയാലാണ്‌ എന്നു വരുത്തിത്തീർക്കുന്നതിന്‌ അത്തരം വിഗ്രഹാരാധികൾ ചിലപ്പോഴൊക്കെ അടിയിൽ രഹസ്യ അറയുള്ള യാഗപീഠങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന്‌ ചില പണ്ഡിതന്മാർ പറയുന്നു.

[20-ാം പേജിലെ ആകർഷക വാക്യം]

യഹോവയെ അല്ലാതെ മറ്റൊരു യജമാനനെ സേവിക്കുന്നത്‌ നിരാശയിലേ കലാശിക്കൂ

[21-ാം പേജിലെ ചിത്രം]

“യഹോവ തന്നേ ദൈവം”