വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

മത്തായിയുടെ സുവിശേഷം പ്രാഥമികമായി യഹൂദർക്കായും മർക്കൊസിന്റേത്‌ യഹൂദേതരർക്കായും എഴുതിയതായി കണക്കാക്കപ്പെടുന്നു. എന്നാൽ സകല ജനതകളെയും മുന്നിൽകണ്ടുകൊണ്ടാണ്‌ ലൂക്കൊസ്‌ തന്റെ സുവിശേഷം എഴുതിയത്‌. ഏകദേശം എ.ഡി. 56-58 കാലഘട്ടത്തിൽ എഴുതിയ ഈ സുവിശേഷം യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഒരു സമ്പൂർണ രേഖയാണ്‌.

കരുതലും ശ്രദ്ധയുമുള്ള ഒരു ഡോക്ടറുടെ കണ്ണുകളിലൂടെ “ആദിമുതൽ സകലവും സൂക്ഷ്‌മമായി പരിശോധിച്ച” ലൂക്കൊസ്‌ ബി.സി. 3 മുതൽ എ.ഡി. 33 വരെയുള്ള 35 വർഷത്തെ ചരിത്രം രേഖപ്പെടുത്തുന്നു. (ലൂക്കൊ. 1:3, 4) മറ്റൊരു സുവിശേഷത്തിലുമില്ലാത്ത വിവരങ്ങളാണ്‌ ഇതിന്റെ 60 ശതമാനവും.

ശുശ്രൂഷയുടെ ആദ്യഘട്ടം

(ലൂക്കൊ. 1:1–9:62)

യോഹന്നാൻ സ്‌നാപകന്റെയും യേശുവിന്റെയും ജനനം സംബന്ധിച്ച വിശദാംശങ്ങൾ നൽകിക്കൊണ്ട്‌ ലൂക്കൊസ്‌ തന്റെ വിവരണം ആരംഭിക്കുന്നു. തുടർന്ന്‌ എ.ഡി. 29-ലെ വസന്തത്തിൽ—തീബെര്യൊസ്‌ കൈസരിന്റെ വാഴ്‌ചയുടെ 15-ാം ആണ്ടിൽ—യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചതായി അവൻ പറയുന്നു. (ലൂക്കൊ. 3:1, 2) ആ വർഷത്തെ ശരത്‌കാലത്ത്‌ യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തുകയും ചെയ്‌തു. (ലൂക്കൊ. 3:21, 22) എ.ഡി. 30-ഓടെ ‘യേശു ഗലീലെക്കു മടങ്ങിച്ചെന്ന്‌ അവരുടെ പള്ളികളിൽ ഉപദേശിച്ചു.’—ലൂക്കൊ. 4:14, 15.

ഗലീലയിലേക്കുള്ള ആദ്യ പ്രസംഗപര്യടനം തുടങ്ങവേ യേശു ജനങ്ങളോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു.” (ലൂക്കൊ. 4:43) മുക്കുവനായ ശിമോനും മറ്റുള്ളവരും പ്രസംഗവേലയിൽ അവനെ പിന്തുടർന്നു. ‘ഇന്നു മുതൽ [നിങ്ങൾ] മനുഷ്യരെ പിടിക്കുന്നവർ ആകും’ എന്ന്‌ അവൻ അവരോടു പറയുന്നു. (ലൂക്കൊ. 5:1-11; മത്താ. 4:18, 19) ഗലീലയിലേക്കുള്ള രണ്ടാമത്തെ പര്യടനവേളയിൽ 12 അപ്പൊസ്‌തലന്മാരും യേശുവിനൊപ്പമുണ്ട്‌. (ലൂക്കൊ. 8:1) മൂന്നാമത്തെ പര്യടനത്തിനായി അവരെ അയയ്‌ക്കുമ്പോൾ “ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും” അവൻ അവർക്കു നിർദേശം നൽകുന്നു.—ലൂക്കൊ. 9:1, 2.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:35മറിയയുടെ ഗർഭധാരണത്തിൽ അവളുടെ അണ്ഡം ഉൾപ്പെട്ടിരുന്നോ? ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെ മറിയയുടെ പുത്രൻ അവളുടെ പൂർവികരായ അബ്രാഹാമിന്റെയും യെഹൂദയുടെയും ദാവീദിന്റെയും യഥാർഥ പിൻഗാമി ആയിരിക്കണമെങ്കിൽ ഗർഭധാരണത്തിൽ അവളുടെ അണ്ഡം ഉൾപ്പെട്ടിരിക്കണം. (ഉല്‌പ. 22:15, 18; 49:10; 2 ശമൂ. 7:8, 16) എന്നാൽ ദൈവപുത്രന്റെ പരിപൂർണ ജീവൻ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റിക്കൊണ്ട്‌ ഗർഭധാരണത്തിന്‌ ഇടയാക്കിയത്‌ യഹോവയുടെ ആത്മാവാണ്‌. (മത്താ. 1:18) ഈ നടപടി മറിയയുടെ അണ്ഡത്തിലുള്ള അപൂർണതയുടെ ഏതൊരു കണികയും നിർവീര്യമാക്കുകയും ഹാനികരമായ കാര്യങ്ങളിൽനിന്നെല്ലാം ഭ്രൂണത്തെ ആദിയോടന്തം സംരക്ഷിക്കുകയും ചെയ്‌തു.

1:62സംസാരപ്രാപ്‌തി നഷ്ടമായതോടൊപ്പം സെഖര്യാവ്‌ ബധിരനുമായിത്തീർന്നോ? ഇല്ല. സംസാരപ്രാപ്‌തിമാത്രമേ അവനു നഷ്ടമായുള്ളൂ. ശിശുവിന്‌ എന്തു പേരിടണമെന്ന്‌ മറ്റുള്ളവർ “ആംഗ്യംകാട്ടി” ചോദിച്ചത്‌ അവൻ ബധിരനായതുകൊണ്ടല്ല. സർവസാധ്യതയുമനുസരിച്ച്‌, ശിശുവിന്റെ പേരു സംബന്ധിച്ചു ഭാര്യ പറഞ്ഞ അഭിപ്രായം അവൻ കേട്ടിരിക്കാം. അവന്റെ സംസാരപ്രാപ്‌തിമാത്രമേ പുനഃസ്ഥാപിക്കേണ്ടതായിവന്നുള്ളു എന്ന വസ്‌തുത, കേൾവിക്കു തകരാറൊന്നും സംഭവിച്ചില്ലെന്നു തെളിയിക്കുന്നു.—ലൂക്കൊ. 1:13, 18-20, 60-64.

2:1, 2—“ഈ ഒന്നാമത്തെ ചാർത്തൽ” എന്ന പരാമർശം യേശുവിന്റെ ജനനസമയം നിർണയിക്കാൻ സഹായിക്കുന്നതെങ്ങനെ? ഔഗുസ്‌തൊസ്‌ കൈസരുടെ കീഴിൽ, ദാനീയേൽ 11:20-ന്റെ നിവൃത്തിയായി ബി.സി. 2-ലും പിന്നീട്‌ എ.ഡി. 6/7-ലുമായി രണ്ടു രജിസ്‌ട്രേഷൻ നടക്കുകയുണ്ടായി. (പ്രവൃ. 5:37) ഈ രണ്ടു സന്ദർഭത്തിലും കുറേന്യൊസായിരുന്നു സിറിയൻ ഗവർണർ. ഒന്നാമത്തെ ചാർത്തൽ അഥവാ രജിസ്‌ട്രേഷൻ സംബന്ധിച്ച ലൂക്കൊസിന്റെ പരാമർശം, യേശു ജനിച്ചത്‌ ബി.സി. 2-ലാണെന്നു തെളിയിക്കുന്നു.

2:35മറിയയുടെ പ്രാണനിലൂടെ “ഒരു വാൾ” കടക്കുമായിരുന്നത്‌ എങ്ങനെ? ഭൂരിപക്ഷം ജനങ്ങളും യേശുവിനെ മിശിഹായായി അംഗീകരിക്കാതിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന വ്യാകുലതയെയും വേദനാകരമായ അവന്റെ മരണം ഉളവാക്കുന്ന അതിദുഃഖത്തെയുമാണ്‌ ഇതു പരാമർശിക്കുന്നത്‌.—യോഹ. 19:25.

9:27, 28—താൻ രാജ്യാധികാരത്തിൽ വരുന്നതു കാണുവോളം ശിഷ്യന്മാരിൽ ചിലർ ‘മരണം ആസ്വദിക്കുകയില്ലെന്ന്‌’ യേശു പറഞ്ഞ്‌ “ആറുദിവസം കഴിഞ്ഞശേഷം” അവൻ മറുരൂപപ്പെട്ടെന്ന്‌ മത്തായിയും മർക്കൊസും എഴുതുമ്പോൾ, “എട്ടു നാൾ” കഴിഞ്ഞാണ്‌ അതു സംഭവിച്ചതെന്ന്‌ ലൂക്കൊസ്‌ പറയുന്നത്‌ എന്തുകൊണ്ട്‌? (മത്താ. 17:1; മർക്കൊ. 9:2) യേശു അതു പറഞ്ഞ ദിവസവും അതിന്റെ നിവൃത്തിയുണ്ടായ ദിവസവും ഉൾപ്പെടെയുള്ള രണ്ടു ദിവസങ്ങൾ കൂടെ ലൂക്കൊസ്‌ കണക്കിലെടുത്തതാകാം ഇതിനു കാരണം.

9:49, 50—തന്റെ അനുഗാമിയല്ലാതിരിക്കെ ഭൂതങ്ങളെ പുറത്താക്കിയ ഒരു മനുഷ്യനെ യേശു തടയാതിരുന്നത്‌ എന്തുകൊണ്ട്‌? അന്നുവരെയും ക്രിസ്‌തീയ സഭ സ്ഥാപിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ, യേശുവിന്റെ നാമത്തിൽ വിശ്വാസമർപ്പിക്കാനും ഭൂതങ്ങളെ പുറത്താക്കാനും ആ മനുഷ്യൻ അക്ഷരാർഥത്തിൽ യേശുവിനെ പിന്തുടരേണ്ടതില്ലായിരുന്നു.—മർക്കൊ. 9:38-40.

നമുക്കുള്ള പാഠങ്ങൾ:

1:32, 33; 2:19, 51. പ്രവചനനിവൃത്തിയായുള്ള സംഭവങ്ങളും പ്രഖ്യാപനങ്ങളും മറിയ ഹൃദയത്തിൽ സംഗ്രഹിച്ചു. വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ച്‌ യേശു പറഞ്ഞ കാര്യങ്ങളെ ഇന്നത്തെ സംഭവങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട്‌ അക്കാര്യങ്ങൾ നാം മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നുണ്ടോ?—മത്താ. 24:3.

2:37. നാം യഹോവയുടെ ആരാധനയിൽ ഉറച്ചിരിക്കണമെന്നും “പ്രാർത്ഥനയിൽ ഉറ്റിരി”ക്കണമെന്നും “സഭായോഗങ്ങളെ” ഉപേക്ഷിക്കാതിരിക്കണമെന്നും ഹന്നായുടെ ദൃഷ്ടാന്തം പഠിപ്പിക്കുന്നു.—റോമ. 12:12-13; എബ്രാ. 10:24-26.

2:41-50. സ്വന്തജീവിതത്തിൽ ആത്മീയ താത്‌പര്യങ്ങൾ ഒന്നാമതുവെച്ച യോസേഫ്‌, തന്റെ കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ ക്ഷേമത്തിനായും പ്രവർത്തിച്ചുകൊണ്ട്‌ കുടുംബനാഥന്മാർക്ക്‌ ഉത്തമ മാതൃകവെച്ചു.

4:4. ആത്മീയ കാര്യങ്ങൾ പരിചിന്തിക്കാതെ ഒരു ദിവസവും കടന്നുപോകാൻ നാം അനുവദിക്കരുത്‌.

6:40. ദൈവവചനം പഠിപ്പിക്കുന്ന ഒരു വ്യക്തി, താൻ പഠിപ്പിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട്‌ വിദ്യാർഥികൾക്കു നല്ല മാതൃകയായിരിക്കണം.

8:15. “[വചനം] ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്ന”വരാകാൻ നാം ദൈവവചനം മനസ്സിലാക്കുകയും വിലമതിക്കുകയും ഗ്രഹിക്കുകയും വേണം. ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും പഠിക്കുമ്പോൾ പ്രാർഥനാപൂർവം ധ്യാനിക്കേണ്ടത്‌ അനിവാര്യമാണ്‌.

ശുശ്രൂഷയുടെ അന്തിമഘട്ടം

(ലൂക്കൊ. 10:1–24:53)

യേശു വേറെ എഴുപതു പേരെ യെഹൂദ്യയിലെ പട്ടണങ്ങളിലേക്കും മറ്റും തനിക്കുമുമ്പായി അയയ്‌ക്കുന്നു. (ലൂക്കൊ. 10:1) തുടർന്ന്‌ ആളുകളെ പഠിപ്പിച്ചുകൊണ്ട്‌ “അവൻ പട്ടണംതോറും ഗ്രാമംതോറും” സഞ്ചരിക്കുന്നു.—ലൂക്കൊ. 13:22.

എ.ഡി. 33-ലെ പെസഹായ്‌ക്ക്‌ 5 നാൾമുമ്പ്‌ ഒരു കഴുതക്കുട്ടിയുടെ പുറത്തുകയറി യേശു യെരൂശലേമിലേക്കു വരുന്നു. ശിഷ്യന്മാരോടുള്ള അവന്റെ പിൻവരുന്ന വാക്കുകൾ നിവൃത്തിയാകാറായിരിക്കുന്നു: “മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്‌ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌ക്കയും വേണം.”—ലൂക്കൊ. 9:22, 44.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

10:18—“സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു” എന്ന്‌ തന്റെ 70 ശിഷ്യന്മാരോടു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? സാത്താൻ സ്വർഗത്തിൽനിന്നു പുറത്താക്കപ്പെട്ടു എന്നു പറയുകയായിരുന്നില്ല അവൻ. ക്രിസ്‌തു സ്വർഗത്തിൽ രാജാവായി അവരോധിക്കപ്പെട്ട 1914-ലാണ്‌ അതു സംഭവിച്ചത്‌. (വെളി. 12:1-10) സംഭവിക്കാനിരിക്കുന്ന ഒരു കാര്യം ഭൂതകാലത്തിൽ പ്രസ്‌താവിക്കുന്നതിലൂടെ, പ്രസ്‌തുത കാര്യം തീർച്ചയായും സംഭവിക്കുമെന്ന്‌ യേശു ഊന്നിപ്പറയുകയായിരുന്നു എന്നുവേണം കരുതാൻ.

14:26—ഏതർഥത്തിലാണ്‌ ക്രിസ്‌തുവിന്റെ അനുഗാമികൾ ബന്ധുക്കളെ ‘പകയ്‌ക്കേണ്ടത്‌’? ‘പകയ്‌ക്കുക’ എന്ന ബൈബിൾപ്രയോഗത്തിന്‌ ഒരു വ്യക്തിയോട്‌ മറ്റൊരാളോടുള്ളത്ര സ്‌നേഹം കാണിക്കാതിരിക്കുന്നതിനെ അർഥമാക്കാനാകും. (ഉല്‌പ. 29:30, 31) യേശുവിനെ സ്‌നേഹിക്കുന്നത്ര അളവിൽ ബന്ധുക്കളെ സ്‌നേഹിക്കുന്നില്ല എന്ന അർഥത്തിലാണ്‌ ക്രിസ്‌ത്യാനികൾ അവരെ ‘പകയ്‌ക്കുന്നത്‌.’—മത്താ. 10:37.

17:34-37—“കഴുക്കൾ” ആരാണ്‌, അവ ഏതു “ശവ”ത്തിനു ചുറ്റുമാണു കൂട്ടംകൂടുന്നത്‌? ‘കൈക്കൊള്ളപ്പെടുന്നവരെ’ അഥവാ രക്ഷിക്കപ്പെടുന്നവരെ ദീർഘദൃഷ്ടിയുള്ള കഴുകന്മാരോട്‌ ഉപമിച്ചിരിക്കുന്നു. അദൃശ്യനായി സാന്നിധ്യവാനായിരിക്കുന്ന യഥാർഥ ക്രിസ്‌തുവിനെയും രക്ഷിക്കപ്പെടുന്നവർക്കായി യഹോവ പ്രദാനംചെയ്യുന്ന ആത്മീയാഹാരത്തെയുമാണ്‌ “ശവം” പ്രതിനിധാനംചെയ്യുന്നത്‌.—മത്താ. 24:28.

22:44—യേശുവിനു കഠോരമായ വേദന അനുഭവപ്പെട്ടത്‌ എന്തുകൊണ്ട്‌? പല കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു കുറ്റവാളിയെന്ന നിലയിലുള്ള തന്റെ മരണം യഹോവയാം ദൈവത്തെയും അവന്റെ നാമത്തെയും എങ്ങനെ ബാധിക്കുമെന്ന്‌ യേശു ആകുലപ്പെട്ടിരുന്നു. തന്റെ നിത്യജീവനും മുഴു മാനവരാശിയുടെ ഭാവിയും തന്റെ വിശ്വസ്‌തതയെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ അവനു നന്നായി അറിയാമായിരുന്നു.

23:44—മൂന്നു മണിക്കൂറോളമുണ്ടായ അന്ധകാരത്തിനു കാരണം സൂര്യഗ്രഹണമായിരുന്നോ? അല്ല. അമാവാസിനാളുകളിൽമാത്രമേ സൂര്യഗ്രഹണം ഉണ്ടാകാറുള്ളൂ. പെസഹാ ആചരണം പക്ഷേ, പൂർണചന്ദ്രന്റെ നാളിലാണ്‌. യേശുവിന്റെ മരണസമയത്തുണ്ടായ അന്ധകാരം ദൈവം പ്രവർത്തിച്ച ഒരത്ഭുതമായിരുന്നു.

നമുക്കുള്ള പാഠങ്ങൾ:

11:1-4. ഇവിടെ കാണപ്പെടുന്ന നിർദേശങ്ങൾ, ഏകദേശം 18 മാസങ്ങൾക്കുമുമ്പു നടന്ന ഗിരിപ്രഭാഷണത്തിൽ നൽകപ്പെട്ട മാതൃകാപ്രാർഥനയിലെ വാക്കുകളിൽനിന്നു നേരിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രാർഥനകൾ ഒരേ വാക്കുകളുടെ ആവർത്തനമായിരിക്കരുതെന്ന്‌ ഇതു നമ്മെ പഠിപ്പിക്കുന്നു.—മത്താ. 6:9-13.

11:5, 13. പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകാൻ യഹോവ മനസ്സൊരുക്കമുള്ളവനാണെങ്കിലും ഒരേ കാര്യത്തിനായി നാം തുടർച്ചയായി പ്രാർഥിക്കേണ്ടതുണ്ട്‌.—1 യോഹ. 5:14.

11:27, 28. കുടുംബബന്ധങ്ങളോ ഭൗതിക നേട്ടങ്ങളോ അല്ല, വിശ്വസ്‌തമായി ദൈവേഷ്ടം ചെയ്യുന്നതാണ്‌ യഥാർഥ സന്തോഷത്തിനു നിദാനം.

11:41. സ്‌നേഹവും ഔദാര്യവുമുള്ള ഒരു ഹൃദയത്തോടെവേണം നാം ദയാപ്രവൃത്തികൾ ചെയ്യാൻ.

12:47, 48. കൂടുതൽ ഉത്തരവാദിത്വം വഹിക്കുകയും അതു നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, തന്റെ കടമ പൂർണമായി മനസ്സിലാക്കാതിരിക്കുകയോ അത്‌ എന്താണെന്നുതന്നെ അറിയാതിരിക്കുകയോ ചെയ്യുന്ന ഒരുവനെക്കാൾ ശിക്ഷാർഹനാണ്‌.

14:28, 29. നാം നമ്മുടെ വരുമാനത്തിലൊതുങ്ങി ജീവിക്കേണ്ടതുണ്ട്‌.

22:36-38. സംരക്ഷണത്തിനോ പ്രതിരോധത്തിനോ വേണ്ടി ആയുധം കരുതിക്കൊള്ളാൻ യേശു ശിഷ്യന്മാരോടു പറഞ്ഞില്ല. ഏതായാലും, അവൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അവരുടെ കയ്യിൽ വാളുണ്ടായിരുന്നതിനാൽ “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്ന വിലയേറിയ പാഠം അവരെ പഠിപ്പിക്കാൻ യേശുവിനു കഴിഞ്ഞു.—മത്താ. 26:52.

[31-ാം പേജിലെ ചിത്രം]

കുടുംബനാഥൻ എന്നനിലയിൽ യോസേഫ്‌ ഉത്തമ മാതൃകവെച്ചു

[32-ാം പേജിലെ ചിത്രം]

യേശുവിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച സമ്പൂർണ രേഖയാണ്‌ ലൂക്കൊസിന്റെ സുവിശേഷം