വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നോഹയും പ്രളയവും ഒരു കെട്ടുകഥയല്ല

നോഹയും പ്രളയവും ഒരു കെട്ടുകഥയല്ല

നോഹയും പ്രളയവും ഒരു കെട്ടുകഥയല്ല

നല്ലൊരു ലോകം വന്നുകാണാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? ആളുകൾ പരസ്‌പരം സമാധാനത്തിലായിരിക്കുന്ന ഒരു ലോകം? യുദ്ധവും കുറ്റകൃത്യവും അടിച്ചമർത്തലും ഇല്ലാത്ത ഒരു ലോകം? അങ്ങനെയെങ്കിൽ നിങ്ങൾക്ക്‌ പ്രോത്സാഹനമേകുന്ന ഒരു ചരിത്രവിവരണമുണ്ട്‌. നോഹയെക്കുറിച്ചുള്ള ആ വിവരണം ഒരുപക്ഷേ നിങ്ങൾക്ക്‌ പരിചിതമായിരിക്കും. നല്ലവനായ നോഹ ഒരു പെട്ടകം നിർമിച്ചു. ദുഷ്ടന്മാർ മുങ്ങിമരിച്ച ഒരു ആഗോളപ്രളയത്തിൽ ആ പെട്ടകം നോഹയ്‌ക്കും കുടുംബത്തിനും സംരക്ഷണമായി.

ഇത്രത്തോളം പ്രചാരം സിദ്ധിച്ച കഥകൾ ഏറെയില്ല. ബൈബിളിലെ ഉല്‌പത്തി പുസ്‌തകത്തിന്റെ 6 മുതൽ 9 വരെയുള്ള അധ്യായങ്ങളിൽ നോഹയെക്കുറിച്ചുള്ള വിവരണമുണ്ട്‌. പിന്നീട്‌ ഖുറാനിലും നാനാദേശക്കാരുടെ ഐതിഹ്യങ്ങളിലും ഇതു സ്ഥാനം പിടിക്കുകയായിരുന്നു. ആ പ്രളയം വാസ്‌തവത്തിൽ സംഭവിച്ചതാണോ? അതോ, നന്മ ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കെട്ടിച്ചമച്ച ഒരു കഥയോ? ദൈവശാസ്‌ത്രജ്ഞന്മാരും ശാസ്‌ത്രജ്ഞന്മാരും ഇതു സംബന്ധിച്ച്‌ തർക്കിക്കാൻ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകളായി. എന്നാൽ ദൈവവചനമായ ബൈബിൾ യാതൊരു സംശയത്തിനും ഇട നൽകുന്നില്ല. ഇതൊരു കെട്ടുകഥയല്ല, യഥാർഥ സംഭവമാണെന്ന്‌ അത്‌ ഉറപ്പിച്ചു പറയുന്നു. പിൻവരുന്ന വാദമുഖങ്ങൾ ശ്രദ്ധിക്കുക:

പ്രളയം തുടങ്ങിയ കൃത്യദിവസം, മാസം, വർഷം, പെട്ടകം എന്ന്‌, എവിടെ ഉറച്ചു, വെള്ളം വറ്റിയതെപ്പോൾ എന്നിങ്ങനെയുള്ള എല്ലാ വിശദാംശങ്ങളും ഉല്‌പത്തി പുസ്‌തകത്തിലുണ്ട്‌. രൂപകൽപ്പന, അളവുകൾ, നിർമാണവസ്‌തുക്കൾ എന്നിങ്ങനെ പെട്ടകത്തെക്കുറിച്ചുള്ള വിശദാംശങ്ങളിലുമുണ്ട്‌ ഈ കൃത്യത. കെട്ടുകഥകളിൽ പക്ഷേ, ഇത്തരം കൃത്യതയുണ്ടാവില്ല.

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു വംശാവലികൾ നോഹ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്ന്‌ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. (1 ദിനവൃത്താന്തം 1:4; ലൂക്കൊസ്‌ 3:36) ഈ രേഖകൾ തയ്യാറാക്കിയ എസ്രായും ലൂക്കൊസും വിശദാംശങ്ങൾക്ക്‌ സൂക്ഷ്‌മശ്രദ്ധ നൽകുന്ന ഗവേഷകരായിരുന്നു. ലൂക്കൊസ്‌ യേശുവിന്റെ വംശാവലിയിൽ നോഹയെ പരാമർശിക്കുന്നുണ്ട്‌.

പ്രവാചകന്മാരായ യെശയ്യാവും യെഹെസ്‌കേലും ക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരായ പൗലൊസും പത്രൊസും നോഹയെയോ പ്രളയത്തെയോ കുറിച്ചു പരാമർശം നടത്തിയിട്ടുണ്ട്‌.—യെശയ്യാവു 54:9; യെഹെസ്‌കേൽ 14:14, 20; എബ്രായർ 11:7; 1 പത്രൊസ്‌ 3:19, 20; 2 പത്രൊസ്‌ 2:5.

പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ യേശുക്രിസ്‌തുവും പ്രളയത്തെ പരാമർശിക്കുകയായിരുന്നു: “നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും. നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.” (ലൂക്കൊസ്‌ 17:26, 27) പ്രളയം ഒരു കെട്ടുകഥയായിരുന്നെങ്കിൽ ‘മനുഷ്യപുത്രന്റെ നാളിനെ’ കുറിച്ചുള്ള യേശുവിന്റെ പ്രസ്‌താവനയ്‌ക്ക്‌ കഴമ്പില്ലാതാകുമായിരുന്നു.

ബൈബിൾ പറയുന്നത്‌ പുച്ഛിച്ചുതള്ളുന്ന “പരിഹാസികൾ” ഉണ്ടായിരിക്കുമെന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ മുൻകൂട്ടിപ്പറഞ്ഞു. “സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ . . . അന്നുള്ള [നോഹയുടെ കാലത്തെ] ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു” എന്ന വസ്‌തുത “മനസ്സോടെ മറന്നുകളയുന്നു” എന്ന്‌ പത്രൊസ്‌ എഴുതുകയുണ്ടായി. എന്നാൽ നാം അതു ‘മറന്നുകളയാമോ’? ഒരിക്കലുമരുത്‌! പത്രൊസ്‌ തുടരുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും . . . തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു.”—2 പത്രൊസ്‌ 3:3-7.

ഒരിക്കൽക്കൂടെ ദൈവം ദുഷ്ടന്മാരെ നശിപ്പിക്കും. അപ്പോഴും അതിജീവകരുണ്ടാകും. നോഹയുടെ ജീവിതമാതൃക നാം അനുകരിക്കുന്നെങ്കിൽ, ആദ്യം പറഞ്ഞ ആ നല്ല ലോകത്തിലേക്ക്‌ അതിജീവിക്കുന്ന നീതിമാന്മാരുടെ കൂട്ടത്തിൽ നമ്മളും ഉണ്ടാകും.