വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല”

“അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല”

ദൈവത്തോട്‌ അടുത്തുചെല്ലുക

“അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല”

പ്രവൃത്തികൾ 17:24-27

അനന്തമായ ഈ പ്രപഞ്ചത്തോടുള്ള താരതമ്യത്തിൽ മനുഷ്യൻ ഏതുമല്ല. ആ സ്ഥിതിക്ക്‌, ‘സർവശക്തനായ ദൈവവുമായി ഒരുറ്റബന്ധം ആസ്വദിക്കാൻ മനുഷ്യർക്കാകുമോ’ എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടായിരിക്കാം. മനുഷ്യർ തന്നോട്‌ അടുത്തുവരാൻ യഹോവയാം ദൈവം ആഗ്രഹിക്കുന്നെങ്കിൽമാത്രമേ നമുക്കതിനു കഴിയൂ. ദൈവത്തിന്‌ ആ ആഗ്രഹമുണ്ടോ? ഏഥൻസിലെ അഭ്യസ്‌തവിദ്യരായ ആളുകളോടുള്ള പൗലൊസ്‌ അപ്പൊസ്‌തലന്റെ അർഥഗർഭമായ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌. യഹോവയെക്കുറിച്ച്‌ പ്രവൃത്തികൾ 17:24-27-ൽ അവൻ പറയുന്ന നാലു കാര്യങ്ങൾ ശ്രദ്ധിക്കുക.

1. ദൈവം “ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കി”യെന്ന്‌ പൗലൊസ്‌ പറയുന്നു. (24-ാം വാക്യം) ജീവിതം ഇത്രയ്‌ക്കും ആസ്വാദ്യകരമാക്കിത്തീർക്കുന്ന പ്രകൃതിസൗന്ദര്യവും വൈജാത്യങ്ങളും സ്രഷ്ടാവിന്‌ നമ്മോടുള്ള താത്‌പര്യത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ്‌. (റോമർ 1:20) അങ്ങനെയുള്ള ഒരു ദൈവം തന്റെ അത്യുത്തമസൃഷ്ടിയായ നമ്മിൽനിന്ന്‌ അകന്നിരിക്കാൻ ആഗ്രഹിക്കുമെന്നു ചിന്തിക്കുന്നത്‌ തികച്ചും അസംബന്ധമായിരിക്കും.

2. “എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്ന”വനാണ്‌ യഹോവ. (25-ാം വാക്യം) അവൻ ജീവന്റെ പരിപാലകനാണ്‌. (സങ്കീർത്തനം 36:9) വായു, ജലം, ആഹാരം തുടങ്ങി ജീവന്‌ അനിവാര്യമായതെല്ലാം സ്രഷ്ടാവിൽനിന്നുള്ള ദാനമാണ്‌. (യാക്കോബ്‌ 1:17) ഇങ്ങനെയുള്ള ഒരു ദൈവം നമ്മിൽനിന്ന്‌ അകന്നിരിക്കുമെന്നും താൻ ആരാണെന്ന്‌ അറിയാനും തന്നോട്‌ അടുത്തുവരാനുമുള്ള അവസരം നമുക്കു നിഷേധിക്കുമെന്നും വിശ്വസിക്കുന്നതു യുക്തിയാണോ?

3. ദൈവം “ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (26-ാം വാക്യം) മുഖപക്ഷമോ യാതൊരുവിധ മുൻവിധികളോ ഇല്ലാത്തവനാണ്‌ യഹോവ. (പ്രവൃത്തികൾ 10:34) അങ്ങനെയല്ലാതിരിക്കാൻ അവനെങ്ങനെ കഴിയും? അവൻ സൃഷ്ടിച്ച ആദാം എന്ന “ഒരുത്തനിൽ”നിന്നാണ്‌ എല്ലാ ജനതകളും വംശങ്ങളും ഉളവായത്‌. ‘സകലമനുഷ്യരും രക്ഷപ്രാപിക്കണം’ എന്നതാണ്‌ ദൈവേഷ്ടം. (1 തിമൊഥെയൊസ്‌ 2:4) അതുകൊണ്ട്‌ വർഗമോ വംശമോ ദേശമോ എന്തുതന്നെയായാലും ദൈവത്തോട്‌ അടുത്തുചെല്ലാനുള്ള അവസരം എല്ലാവർക്കുമായി തുറന്നുകിടക്കുകയാണ്‌.

4. യഹോവ “നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്ന ആശ്വാസദായകമായ സത്യം പൗലൊസ്‌ എടുത്തുകാട്ടുന്നു. (27-ാം വാക്യം) അത്യുന്നതനെങ്കിലും തന്നോട്‌ അടുത്തുവരാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരെ കൈക്കൊള്ളാൻ അവൻ സദാ സന്നദ്ധനാണ്‌. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നില്ലെന്നും “തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” എന്നും അവന്റെ വചനം ഉറപ്പുതരുന്നു.—സങ്കീർത്തനം 145:18.

മനുഷ്യർ തന്നോട്‌ അടുത്തുവരാൻ ദൈവം ആഗ്രഹിക്കുന്നുവെന്നാണ്‌ പൗലൊസിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്‌. എന്നാൽ, തന്നെ ‘അന്വേഷിക്കാനും തപ്പിനോക്കി കണ്ടെത്താനും’ സന്നദ്ധരായവർക്കുമാത്രമേ ദൈവം ആ അവസരം നൽകുന്നുള്ളൂ. (27-ാം വാക്യം) “ഈ രണ്ടു ക്രിയാപദങ്ങളും, അപ്രാപ്യമല്ലാത്ത ഒരു കാര്യത്തെയോ നേടിയെടുക്കാനാകുന്ന ഒരാഗ്രഹത്തെയോ ആണ്‌ പരാമർശിക്കുന്നത്‌” എന്ന്‌ ബൈബിൾപരിഭാഷകർക്കായുള്ള ഒരു റഫറൻസ്‌ ഗ്രന്ഥം പ്രസ്‌താവിക്കുന്നു. ദൃഷ്ടാന്തത്തിന്‌ സ്വിച്ച്‌ബോർഡോ വാതിലോ കണ്ടെത്താനായി ഇരുട്ടത്ത്‌ മുറിക്കുള്ളിൽ നിങ്ങൾ തപ്പിനടക്കുകയാണെന്നു കരുതുക. മുറി സുപരിചിതമായതിനാൽ ആ അന്വേഷണം വിജയിക്കുമെന്ന്‌ നിങ്ങൾക്കറിയാം. സമാനമായി ദൈവത്തെ ആത്മാർഥമായി അന്വേഷിച്ച്‌ തപ്പിനടക്കുന്നപക്ഷം അതിനു ഫലമുണ്ടാകും, നിശ്ചയം. തീർച്ചയായും അവനെ ‘കണ്ടെത്താനാകുമെന്ന്‌’ പൗലൊസ്‌ നമുക്കുറപ്പുതരുന്നു.—27-ാം വാക്യം.

ദൈവത്തോട്‌ അടുത്തുചെല്ലാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? വിശ്വാസത്തോടെ അവനെ ‘അന്വേഷിക്കുകയും’ ‘തപ്പിനോക്കുകയും’ ചെയ്യുന്നെങ്കിൽ നിരാശപ്പെടേണ്ടിവരില്ല. യഹോവയെ കണ്ടെത്തുക ബുദ്ധിമുട്ടല്ല, കാരണം “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.”