വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇതാ, ഞാൻ കർത്താവിന്റെ ദാസി”

“ഇതാ, ഞാൻ കർത്താവിന്റെ ദാസി”

അവരുടെ വിശ്വാസം അനുകരിക്കുക

“ഇതാ, ഞാൻ കർത്താവിന്റെ ദാസി”

വിടർന്ന കണ്ണുകളോടെ മറിയ ആ സന്ദർശകനെ നോക്കി. അപ്പനും അമ്മയും എവിടെയാണെന്ന്‌ അദ്ദേഹം ആരാഞ്ഞില്ല. മറിയയെ കാണാനായിരുന്നു ആ വരവ്‌. അദ്ദേഹം നസറെത്തുകാരനല്ലെന്ന്‌ അവൾക്ക്‌ ഉറപ്പുണ്ട്‌. അത്‌ ഒരു കൊച്ചുപട്ടണമായതിനാൽ പുതിയ ഒരാൾ എളുപ്പം ശ്രദ്ധിക്കപ്പെടുമായിരുന്നു. ഈ വ്യക്തി പക്ഷേ എവിടെയും ശ്രദ്ധിക്കപ്പെടും. മറിയ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരു വിധത്തിൽ അവളെ അഭിസംബോധനചെയ്‌തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ട്‌.”—ലൂക്കൊസ്‌ 1:28.

ഇങ്ങനെയാണ്‌ ഗലീലയിലെ നസറെത്തിലുള്ള ഹേലിയുടെ മകൾ മറിയയെക്കുറിച്ചുള്ള ബൈബിൾവിവരണം തുടങ്ങുന്നത്‌. അവളുടെ ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടമായിരുന്നു അത്‌. മരപ്പണിക്കാരൻ യോസേഫുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ദൈവത്തിൽ ശക്തമായ വിശ്വാസമുള്ള വ്യക്തിയായിരുന്നു യോസേഫ്‌. എന്നാൽ അദ്ദേഹം സമ്പന്നനല്ലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ ഭാവിജീവിതം എങ്ങനെയുള്ള ഒന്നായിരിക്കുമെന്ന്‌ അവൾക്കറിയാമായിരുന്നു: യോസേഫിനെ സഹായിച്ചുകൊണ്ട്‌ ഒരു കുടുംബിനിയായി അദ്ദേഹത്തോടൊപ്പം ഒരു ലളിതജീവിതം നയിക്കുക. ഇങ്ങനെയിരിക്കെയാണ്‌ തുടക്കത്തിൽ പറഞ്ഞതുപോലെ ഒരു സന്ദർശകൻ ദൈവത്തിൽനിന്നുള്ള ഒരു നിയോഗവുമായി അവളുടെ അടുക്കൽ എത്തിയത്‌. ആ ഉത്തരവാദിത്വം അവളുടെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു.

വാസ്‌തവത്തിൽ മറിയയെക്കുറിച്ച്‌ ബൈബിൾ അധികമൊന്നും പറയുന്നില്ല. അവളുടെ പശ്ചാത്തലത്തെയും വ്യക്തിത്വത്തെയും കുറിച്ച്‌ വളരെ കുറച്ച്‌ വിവരങ്ങളേ അതിലുള്ളൂ. കാഴ്‌ചയ്‌ക്ക്‌ എങ്ങനെയായിരുന്നു എന്നതിനെ സംബന്ധിച്ച്‌ ഒന്നുംതന്നെ പറയുന്നില്ല. എന്നാൽ അവളെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ തികച്ചും ശ്രദ്ധേയമാണ്‌.

ഛായാചിത്രങ്ങളുടെയും മാർബിൾപ്രതിമകളുടെയും രൂപത്തിൽ ക്രൈസ്‌തവമതങ്ങൾ പല വിധങ്ങളിൽ മറിയയെ ചിത്രീകരിച്ചിട്ടുണ്ട്‌. “ദൈവമാതാവ്‌,” “സ്വർഗീയരാജ്ഞി” തുടങ്ങിയ ഉന്നതമായ സ്ഥാനപ്പേരുകൾ ഈ എളിയ ദൈവദാസിക്ക്‌ കൽപ്പിച്ചുകൊണ്ട്‌ സങ്കീർണമായ ഒട്ടേറെ മതോപദേശങ്ങളും അവർ ആവിഷ്‌കരിച്ചിരിക്കുന്നു. മറിയയെ അടുത്തറിയാനായി, അവളെക്കുറിച്ച്‌ പ്രചരിപ്പിച്ചിരിക്കുന്ന ഈ സങ്കൽപ്പങ്ങളെല്ലാം മാറ്റിനിറുത്തിക്കൊണ്ട്‌ ബൈബിൾ പറയുന്നത്‌ എന്താണെന്നു നമുക്കു ശ്രദ്ധിക്കാം. അത്‌ അവളുടെ ശക്തമായ വിശ്വാസത്തെ വെളിപ്പെടുത്തുകയും ആ വിശ്വാസം നമുക്ക്‌ എങ്ങനെ അനുകരിക്കാമെന്നു കാണിച്ചുതരികയും ചെയ്യുന്നു.

ദൈവദൂതന്റെ സന്ദർശനം

ഒരുപക്ഷേ നിങ്ങൾക്കറിയാവുന്നതുപോലെ മറിയയെ സന്ദർശിച്ചത്‌ കേവലം ഒരു മനുഷ്യനായിരുന്നില്ല. അത്‌ ഗബ്രിയേൽ ദൂതനായിരുന്നു. “കൃപലഭിച്ചവളേ” എന്ന അസാധാരണമായ സംബോധന കേട്ട്‌ അവൾ “ഭ്രമിച്ചു”പോയി. (ലൂക്കൊസ്‌ 1:29) ആരുടെ കൃപയാണ്‌ അവൾക്കു ലഭിച്ചത്‌? മനുഷ്യന്റെ പ്രീതി അവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. യഹോവയാം ദൈവത്തിന്റെ കൃപയെക്കുറിച്ചായിരുന്നു ദൂതൻ സംസാരിച്ചത്‌. അതായിരുന്നു അവൾക്കു പ്രധാനം. എങ്കിലും ദൈവകൃപ ലഭിച്ചവളാണെന്ന അഹങ്കാരം അവൾക്കില്ലായിരുന്നു. നമുക്ക്‌ ദൈവപ്രീതി ലഭിച്ചുകഴിഞ്ഞു എന്നു ചിന്തിക്കുന്നതിനുപകരം ദൈവാംഗീകാരത്തിനായി നാം താഴ്‌മയോടെ യത്‌നിക്കുന്നെങ്കിൽ മറിയ മനസ്സിലാക്കിയ ആ സുപ്രധാന പാഠം പഠിക്കാൻ നമുക്കും കഴിയും: “ദൈവം നിഗളികളോടു എതിർത്തുനില്‌ക്കയും താഴ്‌മയുള്ളവർക്കു കൃപ നല്‌കുകയും ചെയ്യുന്നു.”—യാക്കോബ്‌ 4:6.

മറിയയ്‌ക്ക്‌ അത്തരം താഴ്‌മ ആവശ്യമായിരുന്നു; അത്രമേൽ ശ്രേഷ്‌ഠമായ ഒരു പദവിയാണ്‌ ദൂതൻ അവൾക്കു നീട്ടിക്കൊടുത്തത്‌. മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിത്തീരാനിരുന്ന ഒരു കുഞ്ഞിന്‌ അവൾ ജന്മം നൽകുമെന്ന്‌ ഗബ്രിയേൽ അവളോടു പറഞ്ഞു: “കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്‌ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊസ്‌ 1:32, 33) ദാവീദിന്റെ ഒരു സന്തതി എന്നേക്കും ഭരണം നടത്തുമെന്ന്‌ ആയിരത്തിലേറെ വർഷംമുമ്പ്‌ ദൈവം നൽകിയ വാഗ്‌ദാനത്തെക്കുറിച്ചു മറിയയ്‌ക്ക്‌ അറിയാമായിരുന്നു. (2 ശമൂവേൽ 7:12, 13) അതേ, നൂറ്റാണ്ടുകളായി ദൈവജനം ആകാംക്ഷയോടെ കാത്തിരുന്ന മിശിഹായാണ്‌ അവളിൽനിന്നു ജനിക്കാനിരുന്നത്‌!

തന്നെയുമല്ല, അവളുടെ മകൻ “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” എന്നും ദൂതൻ പറഞ്ഞു. ഒരു മനുഷ്യസ്‌ത്രീക്ക്‌ എങ്ങനെ ദൈവപുത്രനു ജന്മംനൽകാൻ കഴിയും? എന്തിന്‌, ഒരു അമ്മയാകാൻതന്നെ മറിയയ്‌ക്ക്‌ എങ്ങനെ കഴിയും? യോസേഫുമായുള്ള അവളുടെ വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട്‌ ആശങ്കയോടെ അവൾ ചോദിച്ചു: “ഞാൻ പുരുഷനെ അറിയായ്‌കയാൽ ഇതു എങ്ങനെ സംഭവിക്കും?” (ലൂക്കൊസ്‌ 1:34) താൻ ഒരു കന്യകയാണെന്നു പറയുന്നതിൽ മറിയയ്‌ക്കു നാണക്കേടു തോന്നിയില്ലെന്നതു ശ്രദ്ധിക്കുക. അവൾക്കതിൽ അഭിമാനമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാലത്ത്‌ ചില രാജ്യങ്ങളിൽ പല പെൺകുട്ടികൾക്കും തങ്ങളുടെ കന്യകാത്വം ബലികഴിക്കാൻ തെല്ലും മടിയില്ല. അങ്ങനെ ചെയ്യാത്തവരോട്‌ അവർക്കു പുച്ഛമാണ്‌. അതേ, ലോകം മാറിയിരിക്കുന്നു. എന്നാൽ യഹോവ മാറിയിട്ടില്ല. (മലാഖി 3:6) മറിയയുടെ നാളിലെന്നപോലെ, തന്റെ ധാർമിക പ്രമാണങ്ങളോടു പറ്റിനിൽക്കുന്നവരെ അവൻ വിലയേറിയവരായി കാണുന്നു.—എബ്രായർ 13:4.

വിശ്വസ്‌ത ദൈവദാസിയായിരുന്നെങ്കിലും മറിയ ഒരു അപൂർണ സ്‌ത്രീയായിരുന്നു. ആ സ്ഥിതിക്ക്‌, പൂർണതയുള്ള ഒരു സന്തതിയെ, ദൈവപുത്രനെ, ജനിപ്പിക്കാൻ അവൾക്ക്‌ എങ്ങനെ കഴിയുമായിരുന്നു? ഗബ്രിയേൽ ദൂതൻ ഇങ്ങനെ പറഞ്ഞു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊസ്‌ 1:35) വിശുദ്ധമെന്നാൽ “ശുദ്ധം,” “നിർമലം,” “പവിത്രം” എന്നൊക്കെയാണ്‌ അർഥം. സാധാരണഗതിയിൽ മനുഷ്യർ ശുദ്ധരല്ലാത്ത, പാപപൂർണരായ സന്തതികളെയാണ്‌ ജനിപ്പിക്കുന്നത്‌. എന്നാൽ മറിയയുടെ കാര്യത്തിൽ യഹോവ ഒരു അത്ഭുതം ചെയ്യുമായിരുന്നു. അവൻ തന്റെ പുത്രന്റെ ജീവൻ അവളുടെ ഗർഭപാത്രത്തിലേക്കു മാറ്റുകയും തുടർന്ന്‌ തന്റെ പരിശുദ്ധാത്മാവിനെ, അഥവാ പ്രവർത്തനനിരതമായ ശക്തി ഉപയോഗിച്ചുകൊണ്ട്‌ ആ ശിശുവിനെ പാപത്തിന്റെ കളങ്കമേൽക്കാതെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു. ദൂതൻ പറഞ്ഞത്‌ മറിയയ്‌ക്കു വിശ്വാസമായോ? അവളുടെ പ്രതികരണം എന്തായിരുന്നു?

മറിയയുടെ പ്രതികരണം

കന്യകയായിരിക്കെ ഒരു സ്‌ത്രീ കുഞ്ഞിനു ജന്മം നൽകി എന്ന ആശയത്തെ ക്രൈസ്‌തവലോകത്തിലെ ചില ദൈവശാസ്‌ത്രജ്ഞന്മാർ ഉൾപ്പെടെയുള്ള സന്ദേഹവാദികൾ ചോദ്യംചെയ്‌തിട്ടുണ്ട്‌. ഇത്രയൊക്കെ പാണ്ഡിത്യമുണ്ടായിട്ടും ലളിതമായ ഒരു സത്യം ഗ്രഹിക്കാൻ അവർക്കു കഴിയാതെപോയി. “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” എന്ന ഗബ്രിയേൽ ദൂതന്റെ പ്രസ്‌താവനയുടെ പൊരുൾ. (ലൂക്കൊസ്‌ 1:37) എന്നാൽ മറിയ ആ വാക്കുകളെ ഒട്ടും സംശയിച്ചില്ല. കാരണം ദൈവത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു അവൾക്ക്‌. പക്ഷേ അത്‌ അന്ധമായ ഒരു വിശ്വാസമല്ലായിരുന്നു. ന്യായബോധമുള്ള ആരെയുംപോലെ തന്റെ വിശ്വാസത്തിന്‌ അടിസ്ഥാനമുണ്ടായിരിക്കാൻ മറിയയും ആഗ്രഹിച്ചു. അവൾക്ക്‌ കൂടുതൽ തെളിവുകൾ നൽകാൻ ഗബ്രിയേൽ സന്നദ്ധനായിരുന്നു. അവളുടെ ബന്ധുവായ എലീശബെത്തിനെക്കുറിച്ചുള്ള വാർത്ത അവൻ അവളെ അറിയിച്ചു. വൃദ്ധയും മച്ചിയുമായിരുന്ന എലീശബെത്ത്‌ ഗർഭംധരിക്കാൻ ദൈവം അത്ഭുതകരമായി ഇടയാക്കിയിരുന്നു!

മറിയയുടെ പ്രതികരണം എന്തായിരുന്നു? എങ്ങനെയുള്ള ഒരു നിയോഗമാണ്‌ അവൾക്ക്‌ ലഭിച്ചത്‌ എന്നോർക്കുക. ദൂതൻ പറഞ്ഞ കാര്യങ്ങളെല്ലാം ദൈവം ചെയ്യുമെന്നതിനുള്ള തെളിവും അവൾക്കു നൽകപ്പെട്ടിരുന്നു. പല ആശങ്കകളും വെല്ലുവിളികളും അവളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകാം. യോസേഫുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച്‌ അവൾ ചിന്തിച്ചിരിക്കാം. ഗർഭിണിയാണെന്നറിയുമ്പോൾ അവളെ സ്വീകരിക്കാൻ അദ്ദേഹം തയ്യാറാകുമോ? മാത്രമല്ല അവൾ ഏറ്റെടുക്കേണ്ടിയിരുന്നത്‌ ഭാരിച്ച ഒരു ഉത്തരവാദിത്വവുമായിരുന്നു. ദൈവം സൃഷ്ടിച്ചിട്ടുള്ളതിൽവെച്ച്‌ ഏറ്റവും ശ്രേഷ്‌ഠനായ ഒരു വ്യക്തിയുടെ—ദൈവത്തിന്റെ സ്വന്തം പുത്രന്റെ—ജീവൻ ആയിരുന്നു അവൾ തന്റെ ഉദരത്തിൽ വഹിക്കേണ്ടിയിരുന്നത്‌. ശൈശവാവസ്ഥയിൽ അവനെ പരിപാലിക്കുകയും ഈ ദുഷ്ടലോകത്തിൽ ജീവിക്കവേ അവനു സംരക്ഷണം നൽകുകയും ചെയ്യേണ്ടതുണ്ടായിരുന്നു. എത്ര ഭാരിച്ച ഉത്തരവാദിത്വം!

വിശ്വാസത്തിൽ ബലിഷ്‌ഠരായ പുരുഷന്മാർപോലും ദൈവത്തിൽനിന്നുള്ള ദുഷ്‌കരമായ നിയമനങ്ങൾ ഏറ്റെടുക്കാൻ ചിലപ്പോഴൊക്കെ മടികാണിച്ചിട്ടുണ്ടെന്ന്‌ ബൈബിൾ പറയുന്നു. ദൈവത്തിന്റെ വക്താവായിരിക്കാനുള്ള വാക്‌ചാതുര്യമില്ലെന്നു പറഞ്ഞ്‌ മോശെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടുണ്ട്‌. (പുറപ്പാടു 4:10) നൽകപ്പെട്ട നിയമനം ഏറ്റെടുക്കാനുള്ള പ്രായമായിട്ടില്ലെന്ന്‌ യിരെമ്യാവ്‌ ഒഴികഴിവു പറയുകയുണ്ടായി. (യിരെമ്യാവു 1:6) യോനാ തനിക്കു ലഭിച്ച നിയോഗം ഉപേക്ഷിച്ച്‌ ഓടിപ്പോയി! (യോനാ 1:3) എന്നാൽ മറിയയുടെ പ്രതികരണം എന്തായിരുന്നു?

താഴ്‌മയും വിധേയത്വവും നിഴലിക്കുന്ന അവളുടെ എളിയ വാക്കുകൾ നൂറ്റാണ്ടുകൾക്കുശേഷം ഇന്നും ആളുകൾ ഓർക്കുന്നു. ഗബ്രിയേൽ ദൂതനോട്‌ അവൾ പറഞ്ഞു: “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ.” (ലൂക്കൊസ്‌ 1:38) ദാസി എന്ന പദം ഏറ്റവും താഴ്‌ന്ന ഒരു സ്ഥാനത്തെ കുറിക്കുന്നു. ഒരു ദാസിയുടെ ജീവിതം പൂർണമായും അവളുടെ യജമാനന്റെ കൈകളിലാണ്‌. തന്റെ യജമാനനായ യഹോവയോടുള്ള മറിയയുടെ മനോഭാവം അതായിരുന്നു. യഹോവയുടെ കരങ്ങളിൽ താൻ സുരക്ഷിതയാണെന്നും തന്നോടു വിശ്വസ്‌തരായിരിക്കുന്നവരോട്‌ അവനും വിശ്വസ്‌തനായിരിക്കുമെന്നും ദുഷ്‌കരമായ ഈ നിയമനം നിറവേറ്റാൻ കഴിവിന്റെ പരമാവധി ചെയ്‌താൽ യഹോവ തന്നെ അനുഗ്രഹിക്കുമെന്നും അവൾക്കറിയാമായിരുന്നു.—സങ്കീർത്തനം 18:25.

ബുദ്ധിമുട്ടുള്ള, ഒരുപക്ഷേ അസാധ്യമെന്നു നമുക്കു തോന്നിയേക്കാവുന്ന കാര്യങ്ങൾ ചെയ്യാൻ ദൈവം ചിലപ്പോൾ നമ്മോട്‌ ആവശ്യപ്പെട്ടേക്കാം. എന്നാൽ ദൈവത്തിൽ ആശ്രയിക്കാൻ, മറിയയെപ്പോലെ നമ്മെത്തന്നെ അവന്റെ കരങ്ങളിലർപ്പിക്കാനുള്ള നിരവധി കാരണങ്ങൾ തന്റെ വചനത്തിലൂടെ അവൻ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. (സദൃശവാക്യങ്ങൾ 3:5, 6) നാം അങ്ങനെ ചെയ്യുമോ? ചെയ്യുന്നെങ്കിൽ അവനിലുള്ള നമ്മുടെ വിശ്വാസം ഇനിയും കരുത്തുറ്റതാക്കാൻ വേണ്ട കാരണങ്ങൾ കാണിച്ചുതന്നുകൊണ്ട്‌ അവൻ നമ്മെ അനുഗ്രഹിക്കും.

എലീശബെത്തിനെ സന്ദർശിക്കുന്നു

എലീശബെത്തിനെക്കുറിച്ച്‌ ഗബ്രിയേൽ പറഞ്ഞ കാര്യങ്ങൾ മറിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു. മറിയയെക്കാൾ മെച്ചമായി ലോകത്തിലെ മറ്റേതൊരു സ്‌ത്രീക്കാണ്‌ അവളുടെ അവസ്ഥ മനസ്സിലാകുക? മറിയ യെഹൂദ്യയിലെ മലനാട്ടിലേക്ക്‌ തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവിടെയെത്താൻ മൂന്നോ നാലോ ദിവസം വേണ്ടിവരുമായിരുന്നു. എലീശബെത്തിന്റെയും പുരോഹിതനായ സെഖര്യാവിന്റെയും ഭവനത്തിലേക്കു പ്രവേശിച്ചയുടനെ തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു തെളിവ്‌ മറിയയ്‌ക്കു ലഭിച്ചു. മറിയയുടെ വന്ദനം കേട്ടയുടനെ തന്റെ ഗർഭത്തിലെ ശിശു സന്തോഷത്തോടെ തുള്ളിയതായി എലീശബെത്തിന്‌ അനുഭവപ്പെട്ടു. അവൾ പരിശുദ്ധാത്മാവു നിറഞ്ഞവളായി മറിയയെ “എന്റെ കർത്താവിന്റെ മാതാവ്‌” എന്നു വിശേഷിപ്പിച്ചു. മറിയയുടെ മകൻ തന്റെ കർത്താവായ മിശിഹാ ആയിത്തീരുമെന്ന്‌ എലീശബെത്തിന്‌ ദൈവത്തിൽനിന്ന്‌ അറിയിപ്പു ലഭിച്ചിരുന്നു. ‘കർത്താവ്‌ അരുളിച്ചെയ്‌തതു വിശ്വസിച്ചവൾ ഭാഗ്യവതി’ എന്ന്‌ പറഞ്ഞുകൊണ്ട്‌ മറിയയെ അവളുടെ വിശ്വസ്‌തതയെയും അനുസരണത്തെയും പ്രതി അഭിനന്ദിക്കാനും അവൾ ദൈവത്താൽ നിശ്വസ്‌തയാക്കപ്പെട്ടു. (ലൂക്കൊസ്‌ 1:39-45) അതേ, മറിയയോട്‌ യഹോവ പറഞ്ഞതെല്ലാം നിറവേറുമായിരുന്നു!

തുടർന്ന്‌ മറിയയും ചില കാര്യങ്ങൾ പറയുന്നു. ലൂക്കൊസ്‌ 1:46-55-ൽ അതു രേഖപ്പെടുത്തിയിട്ടുണ്ട്‌. മറിയയുടേതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഒരു ഭാഷണമാണിത്‌. അത്‌ അവളെക്കുറിച്ച്‌ ഒട്ടനവധി കാര്യങ്ങൾ നമ്മോടു പറയുന്നു. മിശിഹായുടെ അമ്മയായിരിക്കാനുള്ള പദവി നൽകി അനുഗ്രഹിച്ചതിന്‌ യഹോവയെ സ്‌തുതിക്കുമ്പോൾ അവളുടെ കൃതജ്ഞതാമനോഭാവമാണ്‌ നാം കാണുന്നത്‌. യഹോവ നിഗളികളെയും ബലവാന്മാരെയും താഴ്‌ത്തുകയും തന്നെ സേവിക്കാൻ ആഗ്രഹിക്കുന്ന എളിയവരെ സഹായിക്കുകയും ചെയ്യുന്നതായി അവൾ പറയുന്നു. അവളുടെ വിശ്വാസത്തിന്റെ ആഴത്തെയാണ്‌ അതു വെളിപ്പെടുത്തുന്നത്‌. അവളുടെ പരിജ്ഞാനത്തെക്കുറിച്ചും അതിൽനിന്നു മനസ്സിലാക്കാം. 20-ഓളം പ്രാവശ്യം അവൾ എബ്രായതിരുവെഴുത്തുകളെപ്പറ്റി പരാമർശിച്ചതായി കണക്കാക്കപ്പെടുന്നു.

മറിയ ദൈവവചനത്തെക്കുറിച്ച്‌ ആഴമായി ധ്യാനിച്ചിരുന്നുവെന്നു വ്യക്തം. എങ്കിലും അവൾ താഴ്‌മയുള്ളവളായിരുന്നു. സ്വന്തമായ ആശയങ്ങൾക്കുപകരം തിരുവെഴുത്തുകളെ ആധാരമാക്കിയായിരുന്നു അവൾ സംസാരിച്ചത്‌. അവൾ ഉദരത്തിൽ വഹിച്ച പുത്രനും പിന്നീട്‌ അതേ മനോഭാവംതന്നെ പ്രകടമാക്കി. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്ന്‌ അവൻ പറഞ്ഞു. (യോഹന്നാൻ 7:16) നമുക്കും സ്വയം ചോദിക്കാം: ‘ദൈവവചനത്തോട്‌ ഞാൻ ഇതേ ആദരവും ഭയഭക്തിയും കാണിക്കുന്നുണ്ടോ? അതോ സ്വന്തം ആശയങ്ങളും ഉപദേശങ്ങളുമാണോ ഞാൻ ഉന്നമിപ്പിക്കുന്നത്‌?’ മറിയയുടെ മനോഭാവം അവളുടെ വാക്കുകളിൽനിന്നു വ്യക്തമാണ്‌.

മറിയ എലീശബെത്തിന്റെ വീട്ടിൽ മൂന്നു മാസം പാർത്തു. ആ സമയത്ത്‌ ഇരുവർക്കുമിടയിൽ വളരെയധികം പ്രോത്സാഹന കൈമാറ്റം നടന്നുവെന്നതിൽ സംശയമില്ല. (ലൂക്കൊസ്‌ 1:56) സൗഹൃദത്തിന്റെ പ്രാധാന്യം ഇതു നമ്മെ പഠിപ്പിക്കുന്നില്ലേ? നമ്മുടെ ദൈവത്തെ യഥാർഥമായി സ്‌നേഹിക്കുന്നവരെയാണ്‌ നാം സുഹൃത്തുക്കളാക്കുന്നതെങ്കിൽ ആത്മീയമായി നാം വളരുകയും ദൈവത്തോടു കൂടുതൽ അടുക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 13:20) ഒടുവിൽ മറിയയ്‌ക്കു തിരിച്ചുപോകാനുള്ള സമയമായി. അവളുടെ അവസ്ഥ മനസ്സിലാക്കുമ്പോൾ യോസേഫ്‌ എങ്ങനെ പ്രതികരിക്കും?

മറിയയും യോസേഫും

എല്ലാം താനേ വെളിപ്പെട്ടുകൊള്ളട്ടെ എന്നു മറിയ ചിന്തിച്ചില്ല. യോസേഫിനോട്‌ അവൾ എല്ലാം തുറന്നുപറയേണ്ടിയിരുന്നു. താൻ പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ മാന്യനും ദൈവഭക്തനുമായ യോസേഫ്‌ എങ്ങനെ പ്രതികരിക്കുമെന്ന്‌ അവൾ ചിന്തിച്ചിരിക്കാം. എങ്കിലും എല്ലാം അവൾ അദ്ദേഹത്തോടു തുറന്നുപറഞ്ഞു. സ്വാഭാവികമായും യോസേഫ്‌ അസ്വസ്ഥനായി. അവളെ അവിശ്വസിക്കാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. എന്നാൽ അവൾ പറഞ്ഞത്‌ അതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നുതാനും. എന്തെല്ലാം ചിന്തകളാണ്‌ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയത്‌ എന്ന്‌ ബൈബിൾ പറയുന്നില്ലെങ്കിലും വേർപിരിയാൻ അദ്ദേഹം തീരുമാനിച്ചതായി പറയുന്നുണ്ട്‌. വിവാഹനിശ്ചയം കഴിഞ്ഞാൽ വിവാഹം കഴിഞ്ഞതായിട്ടാണ്‌ അക്കാലത്തു വീക്ഷിച്ചിരുന്നത്‌. എന്നിരുന്നാലും അവളെ പരസ്യമായി നാണംകെടുത്താനോ ശിക്ഷ വാങ്ങിക്കൊടുക്കാനോ ആഗ്രഹിക്കാഞ്ഞതിനാൽ അദ്ദേഹം അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. (മത്തായി 1:18, 19) നല്ലവനായ ആ മനുഷ്യൻ ഇത്തരത്തിൽ ധർമസങ്കടത്തിലായത്‌ മറിയയെ വല്ലാതെ വേദനിപ്പിച്ചിരിക്കണം. എങ്കിലും മറിയയ്‌ക്ക്‌ അദ്ദേഹത്തോട്‌ യാതൊരു ഈർഷ്യയും തോന്നിയില്ല.

ഏറ്റവും നല്ലതെന്ന്‌ യോസേഫിനു തോന്നിയ വിധത്തിൽ പ്രശ്‌നം പരിഹരിക്കാൻ യഹോവ അനുവദിച്ചില്ല. മറിയ ഗർഭവതിയായത്‌ അത്ഭുതകരമായിട്ടാണെന്ന്‌ ഒരു ദൈവദൂതൻ അദ്ദേഹത്തിന്‌ സ്വപ്‌നത്തിൽ വെളിപ്പെടുത്തി. യോസേഫിന്‌ എത്ര ആശ്വാസം തോന്നിയിരിക്കണം! യോസേഫും മറിയയെപ്പോലെതന്നെ യഹോവയുടെ മാർഗനിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു. അദ്ദേഹം മറിയയെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ യഹോവയുടെ പുത്രനെ പരിപാലിക്കാനുള്ള അനുപമമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി.—മത്തായി 1:20-24.

രണ്ടായിരം വർഷംമുമ്പു ജീവിച്ചിരുന്ന ഈ ദമ്പതികളിൽനിന്ന്‌ വിവാഹിതർക്കും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർക്കും പഠിക്കാനാകും. ഒരു നല്ല ഭാര്യയും അമ്മയുമായി മറിയ അവളുടെ കർത്തവ്യങ്ങൾ വേണ്ടവിധം നിർവഹിക്കുന്നതു കണ്ടപ്പോൾ യഹോവയുടെ ദൂതൻ നൽകിയ മാർഗനിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനായതിൽ യോസേഫിനു ചാരിതാർഥ്യം തോന്നിയിരിക്കണം. നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം യോസേഫ്‌ മനസ്സിലാക്കിയിരിക്കണം. (സങ്കീർത്തനം 37:5; സദൃശവാക്യങ്ങൾ 18:13) കുടുംബനാഥനെന്നനിലയിൽ തീരുമാനങ്ങളെടുക്കവെ തുടർന്നും അദ്ദേഹം ശ്രദ്ധയും പരിഗണനയും കാണിച്ചിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

ഇനി, യോസേഫിനെ വിവാഹം ചെയ്യാനുള്ള മറിയയുടെ സന്നദ്ധതയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ആദ്യമൊക്കെ അവൾ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ യോസേഫിനു ബുദ്ധിമുട്ടായി തോന്നിയിരിക്കാമെങ്കിലും കുടുംബത്തിന്റെ ശിരസ്സായിരിക്കേണ്ടവൻ എന്നനിലയിൽ അവന്റെ തീരുമാനത്തിനായി അവൾ കാത്തിരുന്നു. ഇന്ന്‌ ക്രിസ്‌തീയ സ്‌ത്രീകൾക്കും ഈ നല്ല മാതൃക അനുകരിക്കാൻ കഴിയും. സത്യസന്ധമായ, തുറന്ന ആശയവിനിമയത്തിന്റെ പ്രാധാന്യം വിലമതിക്കാനും ഈ സംഭവങ്ങൾ യോസേഫിനെയും മറിയയെയും സഹായിച്ചിരിക്കണം.

ആ യുവദമ്പതികൾ നല്ലൊരു അടിത്തറയിന്മേലാണ്‌ തങ്ങളുടെ വിവാഹജീവിതം പടുത്തുയർത്തിയത്‌. മറ്റെല്ലാറ്റിലുമുപരി യഹോവയാം ദൈവത്തെ സ്‌നേഹിച്ച അവർ കർത്തവ്യബോധമുള്ള നല്ല മാതാപിതാക്കളായിരുന്നുകൊണ്ട്‌ അവനെ പ്രസാദിപ്പിക്കാൻ വാഞ്‌ഛിച്ചു. മഹത്തായ അനുഗ്രഹങ്ങൾ അവരെ കാത്തിരുന്നു, ഒപ്പം വെല്ലുവിളികളും. ലോകം അറിഞ്ഞിട്ടുള്ളതിലേക്കും മഹാനായ മനുഷ്യനെ, യേശുക്രിസ്‌തുവിനെ, വളർത്തിക്കൊണ്ടുവരികയെന്ന വലിയ ദൗത്യം അവർക്കുണ്ടായിരുന്നു.