വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ “നിർമലഭാഷ” ഒഴുക്കോടെ സംസാരിക്കുന്നുവോ?

നിങ്ങൾ “നിർമലഭാഷ” ഒഴുക്കോടെ സംസാരിക്കുന്നുവോ?

നിങ്ങൾ “നിർമലഭാഷ” ഒഴുക്കോടെ സംസാരിക്കുന്നുവോ?

“സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും [“നിർമലഭാഷ നൽകും,” NW].”—സെഫ. 3:9.

1. മഹത്തായ ഏതു സമ്മാനം യഹോവ നമുക്കു നൽകിയിരിക്കുന്നു?

ഭാഷ—അത്‌ നമ്മുടെ സ്രഷ്ടാവായ യഹോവയിൽനിന്നുള്ള ഒരു വരദാനമാണ്‌. (പുറ. 4:11, 12) ആദ്യ മനുഷ്യനായ ആദാമിന്‌ സംസാരപ്രാപ്‌തി മാത്രമല്ല, പുതിയ വാക്കുകൾ സൃഷ്ടിക്കാനും അങ്ങനെ പദസമ്പത്തു വർധിപ്പിക്കാനുമുള്ള കഴിവും യഹോവ നൽകി. (ഉല്‌പ. 2:19, 20, 23) എത്ര മഹത്തായ സമ്മാനം! അതുവഴി മനുഷ്യവർഗത്തിന്‌ തങ്ങളുടെ സ്വർഗീയ പിതാവിന്റെ മഹനീയനാമത്തെ വാഴ്‌ത്താനും അവനോടു സംസാരിക്കാൻപോലും കഴിയുന്നു!

2. മനുഷ്യർ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കാൻ ഇടയായത്‌ എങ്ങനെ?

2 മനുഷ്യചരിത്രത്തിന്റെ ആദ്യത്തെ 17 നൂറ്റാണ്ടിൽ എല്ലാവർക്കും “ഒരേ ഭാഷയും ഒരേ വാക്കും” ആണ്‌ ഉണ്ടായിരുന്നത്‌. (ഉല്‌പ. 11:1) എന്നാൽ നിമ്രോദിന്റെ കാലമായതോടെ കാര്യങ്ങൾക്കു മാറ്റംവന്നു. യഹോവയുടെ നിർദേശങ്ങൾക്കു വിരുദ്ധമായി മനുഷ്യർ ഒരു സ്ഥലത്ത്‌ ഒരുമിച്ചു പാർക്കാൻ തീരുമാനിച്ചു. അതിനായി അവർ ബാബേൽ എന്നു പിന്നീട്‌ അറിയപ്പെടാൻ ഇടയായ സ്ഥലത്ത്‌ ഒരു വലിയ ഗോപുരം പണിയാൻ ആരംഭിച്ചു. യഹോവയ്‌ക്കു മഹത്ത്വം കൊടുക്കുന്നതിനു പകരം, തങ്ങൾക്കുതന്നെ ഒരു പേരുണ്ടാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അതുകൊണ്ട്‌ യഹോവ ആ മത്സരികളുടെ ഭാഷ കലക്കുകയും അവർ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കാൻ ഇടയാക്കുകയും ചെയ്‌തു. അങ്ങനെ അവർ ഭൂതലത്തിലെങ്ങും ചിതറിക്കപ്പെട്ടു.—ഉല്‌പത്തി 11:4-8 വായിക്കുക.

3. യഹോവ ഭാഷ കലക്കിയപ്പോൾ വാസ്‌തവത്തിൽ എന്താണു സംഭവിച്ചത്‌?

3 ഇന്നു ലോകത്തിൽ ആയിരക്കണക്കിനു ഭാഷകളുണ്ട്‌—ചിലർ പറയുന്നതനുസരിച്ച്‌ 6,800-ലധികം. ഓരോ ഭാഷക്കാരുടെയും ചിന്താരീതി വ്യത്യസ്‌തമാണ്‌. ദൈവം ആ മത്സരികളുടെ ഭാഷ കലക്കിയപ്പോൾ സാധ്യതയനുസരിച്ച്‌ അവർ അതുവരെ ഉപയോഗിച്ചിരുന്ന പൊതുഭാഷയുടെ എല്ലാ വിശദാംശങ്ങളും അവൻ അവരുടെ മനസ്സിൽനിന്നു മായ്‌ച്ചുകളഞ്ഞു; പകരം ആ സ്ഥാനത്ത്‌ അവൻ പുതിയ വാക്കുകൾ പ്രതിഷ്‌ഠിച്ചു, ഒപ്പം പുതിയ ചിന്താധാരയും വ്യാകരണവും. അങ്ങനെ ഗോപുരം പണിയാൻ ആരംഭിച്ച ആ സ്ഥലത്തിന്‌ ബാബേൽ എന്ന പേരുവന്നു; കലക്കം എന്നാണ്‌ അതിനർഥം. (ഉല്‌പ. 11:9) ഇന്ന്‌ ഇത്രമാത്രം ഭാഷകളുള്ളത്‌ എന്തുകൊണ്ടാണ്‌ എന്നതിന്റെ തൃപ്‌തികരമായ വിശദീകരണം ബൈബിൾ മാത്രമേ നൽകുന്നുള്ളു എന്നതാണു സത്യം.

ഒരു പുതിയ, നിർമല ഭാഷ

4. നമ്മുടെ നാളിൽ എന്തു സംഭവിക്കുമെന്ന്‌ ദൈവം മുൻകൂട്ടിപ്പറഞ്ഞു?

4 ബാബേലിൽ ദൈവം ചെയ്‌തത്‌ ഒരത്ഭുതംതന്നെയാണ്‌. എന്നാൽ അതിലും ശ്രദ്ധേയവും പ്രധാനവുമായ ഒരു കാര്യമാണ്‌ അവൻ നമ്മുടെ നാളിൽ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. തന്റെ പ്രവാചകനായ സെഫന്യാവിലൂടെ അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.” (സെഫ. 3:9) നിർമലമായ അധരം അല്ലെങ്കിൽ “നിർമലഭാഷ” എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌? അത്‌ ഒഴുക്കോടെ സംസാരിക്കാൻ നമുക്ക്‌ എങ്ങനെ പഠിക്കാം?

5. എന്താണ്‌ നിർമലഭാഷ, ഈ ഭാഷയിലേക്കുള്ള മാറ്റത്തിന്റെ ഫലം എന്താണ്‌?

5 യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന സത്യമാണ്‌ നിർമലഭാഷ. ദൈവരാജ്യത്തെ സംബന്ധിച്ച ശരിയായ ഗ്രാഹ്യം ആ “ഭാഷ”യിൽ ഉൾപ്പെട്ടിരിക്കുന്നു, അതായത്‌ ആ രാജ്യം എങ്ങനെ യഹോവയുടെ നാമം വിശുദ്ധീകരിക്കുകയും അവന്റെ പരമാധികാരം സംസ്ഥാപിക്കുകയും വിശ്വസ്‌ത മനുഷ്യർക്ക്‌ നിത്യമായ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യും എന്നതുതന്നെ. നിർമലഭാഷയിലേക്കുള്ള മാറ്റത്തിന്റെ ഫലം എന്താണ്‌? ജനങ്ങൾ ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുകയും ഏകമനസ്സോടെ അവനെ സേവിക്കുകയും’ ചെയ്യും എന്നു പറയപ്പെട്ടിരിക്കുന്നു. ബാബേലിൽ സംഭവിച്ചതിൽനിന്നു വ്യത്യസ്‌തമായി ഈ പുതിയ ഭാഷയിലേക്കുള്ള മാറ്റം യഹോവയുടെ നാമമഹത്ത്വത്തിലും അവന്റെ ജനത്തിനിടയിലെ ഐക്യത്തിലും കലാശിച്ചിരിക്കുന്നു.

നിർമലഭാഷ പഠിക്കുക

6, 7. (എ) പുതിയൊരു ഭാഷ പഠിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു, നിർമലഭാഷയുടെ കാര്യത്തിൽ ഇതെങ്ങനെ ബാധകമാകുന്നു? (ബി) ഇപ്പോൾ നാം എന്തു പരിചിന്തിക്കും?

6 ഒരു ഭാഷയിൽ പ്രാവീണ്യം നേടുന്നതിന്‌ പുതിയ കുറെ വാക്കുകൾ മനഃപാഠമാക്കിയാൽ പോരാ, ആ ഭാഷയിൽ ചിന്തിക്കാനും പഠിക്കണം. ഓരോ ഭാഷയ്‌ക്കും അതിന്റേതായ നർമവും യുക്തിയുമൊക്കെയുണ്ട്‌. അതുപോലെ ഭാഷണത്തിനു സഹായിക്കുന്ന അവയവങ്ങൾ വ്യത്യസ്‌ത രീതിയിൽ ഉപയോഗിക്കേണ്ടതും ഉണ്ടായിരിക്കാം. ബൈബിൾ സത്യമാകുന്ന നിർമലഭാഷ പഠിക്കുന്ന കാര്യത്തിലും ഇതു സത്യമാണ്‌. ഈ പുതിയ ഭാഷയിൽ നിപുണരാകുന്നതിന്‌ ഏതാനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാക്കുന്നതു മാത്രം മതിയാകുന്നില്ല; ചിന്താഗതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി മനസ്സിനെ രൂപാന്തരപ്പെടുത്തേണ്ടതുണ്ട്‌.—റോമർ 12:2; എഫെസ്യർ 4:23 വായിക്കുക.

7 നിർമലഭാഷ മനസ്സിലാക്കാനും അത്‌ ഒഴുക്കോടെ സംസാരിക്കാനും നമ്മെ എന്തു സഹായിക്കും? ഏതൊരു ഭാഷയുടെയും കാര്യത്തിൽ എന്നപോലെ നിർമലഭാഷ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കുന്നതിനും ചില വഴികളുണ്ട്‌. ഒരു പുതിയ ഭാഷ പഠിക്കുന്നതിന്‌ സഹായകമെന്നു പലരും കണ്ടിരിക്കുന്ന ചില അടിസ്ഥാന പടികൾ ഏതൊക്കെയാണെന്നും ബൈബിൾ സത്യമാകുന്ന ആലങ്കാരിക ഭാഷ പഠിക്കുന്നതിന്‌ അവ എങ്ങനെ സഹായകമായിരിക്കുന്നുവെന്നും നമുക്കു നോക്കാം.

നിർമലഭാഷ ഒഴുക്കോടെ സംസാരിക്കുക

8, 9. നിർമലഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം എന്തു ചെയ്യണം, ഇതു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ശ്രദ്ധിച്ചു കേൾക്കുക. ഒരു ഭാഷ ആദ്യം കേൾക്കുമ്പോൾ ഒന്നും മനസ്സിലായെന്നുവരില്ല. (യെശ. 33:19) എന്നാൽ ശ്രദ്ധിച്ചു കേൾക്കുന്നതോടെ ചില വാക്കുകളും അതിന്റെ പ്രയോഗരീതികളുമൊക്കെ മനസ്സിലായിത്തുടങ്ങുന്നു. “നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ” ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രാ. 2:1) “കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്ന്‌ യേശുവും തന്റെ അനുഗാമികളെ ആവർത്തിച്ച്‌ ഉദ്‌ബോധിപ്പിച്ചു. (മത്താ. 11:15; 13:43; മർക്കൊ. 4:23; ലൂക്കൊ. 14:35) അതേ, നിർമലഭാഷയിലെ ഗ്രാഹ്യം വർധിപ്പിക്കുന്നതിന്‌ നാം ശ്രദ്ധിച്ചു കേൾക്കേണ്ടതുണ്ട്‌.—മത്താ. 15:10; മർക്കൊ. 7:14.

9 ശ്രദ്ധിക്കുന്നതിന്‌ ഏകാഗ്രത ആവശ്യമാണ്‌. അത്‌ ശ്രമത്തിനു തക്ക മൂല്യമുള്ളതുമാണ്‌. (ലൂക്കൊ. 8:18) ക്രിസ്‌തീയ യോഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ, അതോ മനസ്സ്‌ അലഞ്ഞുതിരിയുകയാണോ പതിവ്‌? യോഗങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക്‌ അടുത്തശ്രദ്ധ നൽകാൻ ബോധപൂർവകമായ ശ്രമം ആവശ്യമാണ്‌, അങ്ങനെ ചെയ്യുന്നത്‌ സുപ്രധാനവുമാണ്‌. അല്ലാത്തപക്ഷം നാം കേൾക്കാൻ മാന്ദ്യമുള്ളവരായിത്തീർന്നേക്കാം.—എബ്രാ. 5:11.

10, 11. (എ) ശ്രദ്ധയോടെ കേൾക്കുന്നതോടൊപ്പം നാം എന്തു ചെയ്യണം? (ബി) നിർമലഭാഷ സംസാരിക്കുന്നതിൽ മറ്റെന്തുകൂടി ഉൾപ്പെട്ടിരിക്കുന്നു?

10 ഒഴുക്കോടെ സംസാരിക്കുന്നവരെ അനുകരിക്കുക. പുതുതായി ഒരു ഭാഷ പഠിക്കുമ്പോൾ ശ്രദ്ധിക്കുന്നതോടൊപ്പം ആ ഭാഷ നന്നായി സംസാരിക്കുന്നവരുടെ ഉച്ചാരണവും സംസാരരീതിയും അനുകരിക്കേണ്ടതുമുണ്ട്‌. അങ്ങനെ ചെയ്യുമ്പോൾ ഉച്ചാരണവൈകല്യങ്ങൾ ഒഴിവാക്കാനാകും; നമ്മുടെ സംസാരം മറ്റുള്ളവർക്കു മനസ്സിലാകുകയും ചെയ്യും. സമാനമായി, നിർമലഭാഷയിൽ ‘പ്രബോധനപാടവം’ നേടിയിട്ടുള്ളവരിൽനിന്നു പഠിക്കുക. (2 തിമൊ. 4:2, NW) സഹായം തേടുക. തെറ്റുകൾ തിരുത്തിത്തരുമ്പോൾ അതു സ്വീകരിക്കാൻ മനസ്സുകാണിക്കുക.—എബ്രായർ 12:5, 6, 11, വായിക്കുക.

11 നിർമലഭാഷ സംസാരിക്കുന്നതിൽ ബൈബിൾ സത്യങ്ങൾ വിശ്വസിക്കുകയും അതു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതു മാത്രമല്ല, ദൈവനിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിക്കുന്നതും ഉൾപ്പെടുന്നു. മാതൃകായോഗ്യരായവരെ നിരീക്ഷിക്കുകയും അവരുടെ വിശ്വാസവും തീക്ഷ്‌ണതയും അനുകരിക്കുകയും ചെയ്യുന്നത്‌ ഇക്കാര്യത്തിൽ പ്രയോജനകരമാണ്‌. അതുപോലെ യേശുവിന്റെ മുഴു ജീവിതവും നമുക്ക്‌ അനുകരിക്കാനാകും. (1 കൊരി. 11:1; എബ്രാ. 12:2; 13:7) അങ്ങനെ ചെയ്യുന്നതിൽ തുടരുന്നെങ്കിൽ ഉച്ചാരണവൈകല്യങ്ങളൊന്നും കൂടാതെ ഒരേ രീതിയിൽ സംസാരിക്കാൻ നമുക്കാകും. അതു നമുക്കിടയിലെ ഐക്യം ഉന്നമിപ്പിക്കും.—1 കൊരി. 4:16, 17.

12. പുതിയ ഭാഷ പഠിക്കുന്നതിൽ കാര്യങ്ങൾ മനഃപാഠമാക്കുന്നത്‌ ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

12 മനഃപാഠമാക്കുക. ഒരു ഭാഷ പഠിക്കുമ്പോൾ പുതിയ പദങ്ങളും പ്രയോഗങ്ങളുംപോലെ പല കാര്യങ്ങളും ഓർത്തിരിക്കേണ്ടതുണ്ട്‌. നിർമലഭാഷയിൽ പ്രാവീണ്യം നേടുന്ന കാര്യത്തിലും ഇതു സത്യമാണ്‌. ബൈബിൾ പുസ്‌തകങ്ങളുടെ പേരുകൾ ക്രമത്തിൽ പഠിച്ചുവെക്കുന്നത്‌ പ്രയോജനം ചെയ്യും. ചില ബൈബിൾ ഭാഗങ്ങളോ വാക്യങ്ങളോ മനഃപാഠമാക്കാൻ പലരും ലക്ഷ്യംവെച്ചിരിക്കുന്നു. രാജ്യഗീതങ്ങൾ, ഇസ്രായേല്യ ഗോത്രങ്ങളുടെയും 12 അപ്പൊസ്‌തലന്മാരുടെയും പേരുകൾ, ആത്മാവിന്റെ ഫലം എന്നിവ മനഃപാഠമാക്കുന്നത്‌ പ്രയോജനകരമാണെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു. പുരാതന ഇസ്രായേലിൽ അനേകർക്കും പല സങ്കീർത്തനങ്ങളും കാണാതെ അറിയാമായിരുന്നു. ഈ ആധുനിക കാലത്തും പലർക്കും ഇങ്ങനെയൊരു ശീലമുണ്ട്‌. 80-ലധികം ബൈബിൾ വാക്യങ്ങൾ മനഃപാഠമാക്കിയ ഒരു ആറുവയസ്സുകാരൻ ഇതിനൊരു ഉദാഹരണമാണ്‌. ഓർമശക്തിയെന്ന അതുല്യ പ്രാപ്‌തി പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾക്കും കഴിയില്ലേ?

13. ആവർത്തനം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ആവർത്തനം ഒരു ഓർമ സഹായിയാണ്‌. ആവർത്തിച്ചുള്ള ഓർമിപ്പിക്കൽ ക്രിസ്‌തീയ വിദ്യാഭ്യാസത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്‌. അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്‌ക്കുന്നവരും എന്നുവരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.” (2 പത്രൊ. 1:12) നമുക്ക്‌ “ഓർമിപ്പിക്കലുകൾ” ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അവ നമ്മുടെ അറിവിന്റെ ആഴം വർധിപ്പിക്കുകയും കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ വീക്ഷണം വിശാലമാക്കുകയും ആത്മീയ പാതയിൽ തുടരാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കുകയും ചെയ്യും. (സങ്കീ. 119:129, NW) ദൈവിക നിലവാരങ്ങളും തത്ത്വങ്ങളും കൂടെക്കൂടെ മനസ്സിലേക്കു കൊണ്ടുവരുന്നത്‌ സ്വയം വിലയിരുത്താനും ‘കേട്ടു മറക്കാനുള്ള’ പ്രവണതയെ ചെറുക്കാനും നമ്മെ സഹായിക്കും. (യാക്കോ. 1:22-25) അങ്ങനെ ചെയ്യുന്നില്ലെങ്കിൽ മറ്റു കാര്യങ്ങൾ നമ്മുടെ മനസ്സിൽ സ്ഥാനംപിടിക്കുകയും നിർമലഭാഷ ഒഴുക്കോടെ സംസാരിക്കാൻ കഴിയാതാകുകയും ചെയ്‌തേക്കാം.

14. നിർമലഭാഷ പഠിക്കുമ്പോൾ എന്തുചെയ്യുന്നത്‌ അനിവാര്യമാണ്‌?

14 ഉച്ചത്തിൽ വായിക്കുക. (വെളി. 1:3) മൗനവായനയിലൂടെ ചിലർ പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കാറുണ്ട്‌. മിക്കപ്പോഴും ഇതിനു ഫലം ലഭിക്കാറില്ല. സമാനമായി, നിർമലഭാഷ പഠിക്കുമ്പോഴും ഏകാഗ്രത കൈവരിക്കുന്നതിന്‌ മന്ദസ്വരത്തിലുള്ള വായന സഹായകമാണ്‌. “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ [“മന്ദസ്വരത്തിൽ വായിക്കുന്നവൻ,” NW] ഭാഗ്യവാൻ” എന്നു ബൈബിൾ പറയുന്നു. (സങ്കീ. 1:2) ഇങ്ങനെ ചെയ്യുന്നത്‌ വായിക്കുന്ന കാര്യങ്ങൾ മനസ്സിൽ പതിയാൻ ഇടയാക്കും. എബ്രായ ഭാഷയിൽ, ‘മന്ദസ്വരത്തിലുള്ള വായന’ ധ്യാനവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. കഴിക്കുന്ന ആഹാരം നന്നായി ദഹിച്ചാൽ മാത്രമേ പോഷണം ലഭിക്കൂ. അതുപോലെ നാം വായിക്കുന്ന കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കുന്നതിന്‌ ധ്യാനം അനിവാര്യമാണ്‌. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിന്‌ നാം വേണ്ടത്ര സമയമെടുക്കാറുണ്ടോ? ബൈബിൾ വായിച്ചശേഷം വായിച്ചതിനെക്കുറിച്ച്‌ നാം ആഴമായി ചിന്തിക്കേണ്ടതുണ്ട്‌.

15. നിർമലഭാഷയുടെ ‘വ്യാകരണം’ പഠിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

15 വ്യാകരണം മനസ്സിലാക്കുക. പുതുതായി ഒരു ഭാഷ പഠിക്കുമ്പോൾ അതിന്റെ വ്യാകരണം മനസ്സിലാക്കുന്നതും പ്രധാനമാണ്‌. വാചകഘടനയും അതുമായി ബന്ധപ്പെട്ട നിയമങ്ങളും പഠിക്കുന്നത്‌ അതിലുൾപ്പെട്ടിരിക്കുന്നു. അതിലൂടെ ആ ഭാഷയുടെ തനതായ സ്വഭാവം മനസ്സിലാക്കുന്നതിനും അതു ശരിയായി സംസാരിക്കുന്നതിനും നമുക്കു കഴിയും. ഓരോ ഭാഷയ്‌ക്കും അതിന്റേതായ വാക്യഘടന ഉള്ളതുപോലെ തിരുവെഴുത്തു സത്യങ്ങളാകുന്ന നിർമലഭാഷയ്‌ക്കും ഒരു പ്രത്യേക ഘടനയുണ്ട്‌. ആ ഘടനയെയാണ്‌ “സത്യവചനത്തിന്റെ മാതൃക” എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌. (2 തിമൊ. 1:13, NW) ആ “മാതൃക” നാം പകർത്തേണ്ടതുണ്ട്‌.

16. ഏതു പ്രവണത നാം മാറ്റിയെടുക്കേണ്ടതുണ്ട്‌, നമുക്ക്‌ ഇതെങ്ങനെ ചെയ്യാനാകും?

16 പുരോഗതി വരുത്തിക്കൊണ്ടിരിക്കുക. അത്യാവശ്യം സംസാരിക്കാൻ പഠിച്ചിട്ട്‌ പലരും ഭാഷാപഠനം നിറുത്തിക്കളയാറുണ്ട്‌. നിർമലഭാഷ സംസാരിക്കുന്നതിനോടു ബന്ധപ്പെട്ടും ഇങ്ങനെയൊരു പ്രശ്‌നം ഉരുത്തിരിഞ്ഞേക്കാം. (എബ്രായർ 5:11-14 വായിക്കുക.) ഈ പ്രവണത മാറ്റിയെടുക്കാൻ എങ്ങനെ കഴിയും? പദസമ്പത്തു വർധിപ്പിക്കാൻ ഒരുക്കമുള്ളവരായിരിക്കുക. “നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്‌നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്‌തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.”—എബ്രാ. 6:1, 2.

17. ക്രമമായ അടിസ്ഥാനത്തിലുള്ള പഠനം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ദൃഷ്ടാന്തീകരിക്കുക.

17 പഠനത്തിനായി സമയം വേർതിരിക്കുക. വല്ലപ്പോഴും ദീർഘനേരം പഠിക്കുന്നതിനെക്കാൾ, കുറച്ചു സമയമാണെങ്കിലും ക്രമമായി പഠിക്കുന്നതാണ്‌ എന്തുകൊണ്ടും നല്ലത്‌. നന്നായി ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റുന്ന സമയത്തു പഠിക്കുക. ഒരു പുതിയ ഭാഷ പഠിക്കുന്നത്‌ വനത്തിലൂടെ ഒരു നടപ്പാത ഉണ്ടാക്കുന്നതുപോലെയാണ്‌. എത്ര കൂടെക്കൂടെ ആ പാത ഉപയോഗിക്കുന്നുവോ അത്ര നന്നായി അതു തെളിഞ്ഞുകിടക്കും; പക്ഷേ, കുറെക്കാലം ഉപയോഗിക്കാതിരുന്നാൽ അത്‌ കാടുപിടിക്കും. അതുപോലെ പുതിയ ഭാഷ പഠിക്കുമ്പോഴും ക്രമമായ അടിസ്ഥാനത്തിലുള്ള നല്ല ശ്രമം അത്യന്താപേക്ഷിതമാണ്‌. (ദാനീ. 6:16, 20) ബൈബിൾ സത്യമാകുന്ന നിർമലഭാഷ സംസാരിക്കുന്ന കാര്യത്തിൽ പ്രാർഥനാപൂർവം “പൂർണ്ണസ്ഥിരത” കാണിക്കുക.—എഫെ. 6:18.

18. എല്ലാ അവസരങ്ങളിലും നാം നിർമലഭാഷ സംസാരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

18 സംസാരിക്കൂ! സംസാരിക്കൂ! സംസാരിക്കൂ! പുതിയ ഭാഷ പഠിക്കുന്ന പലരും നാണമോ തെറ്റു വരുത്തിയേക്കുമെന്നുള്ള പേടിയോ നിമിത്തം സംസാരിക്കാൻ മടികാണിച്ചേക്കാം. അത്‌ അവരുടെ പുരോഗതിയെ തടസ്സപ്പെടുത്തും. “പാടിപ്പാടി പതം വരുക” എന്ന പഴഞ്ചൊല്ല്‌ ഇക്കാര്യത്തിൽ അന്വർഥമാണ്‌. ഒരു ഭാഷ എത്രയധികം സംസാരിക്കുന്നുവോ അത്രയധികം അതു നമുക്കു വഴങ്ങും. അതുകൊണ്ട്‌ സാധ്യമാകുന്ന എല്ലാ അവസരങ്ങളിലും നിർമലഭാഷ സംസാരിക്കുക. “ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും” ചെയ്യേണ്ടതുണ്ട്‌. (റോമ. 10:10) സ്‌നാന സമയത്തു മാത്രമല്ല ശുശ്രൂഷയിൽ ഏർപ്പെടുന്നതുൾപ്പെടെ യഹോവയെക്കുറിച്ചു സംസാരിക്കുന്ന ഓരോ അവസരത്തിലും നാം ഇതാണു ചെയ്യുന്നത്‌. (മത്താ. 28:19, 20; എബ്രാ. 13:15) നിർമലഭാഷയിൽ വ്യക്തവും ഹ്രസ്വവുമായ അഭിപ്രായങ്ങൾ പറയാൻ ക്രിസ്‌തീയ യോഗങ്ങൾ അവസരമേകുന്നു.—എബ്രായർ 10:23-25 വായിക്കുക.

ഐക്യത്തോടെ യഹോവയെ വാഴ്‌ത്തുക

19, 20. (എ) ദൈവജനം ആധുനിക നാളിൽ എന്തു നേട്ടം കൈവരിച്ചിരിക്കുന്നു? (ബി) എന്താണു നിങ്ങളുടെ ദൃഢനിശ്ചയം?

19 എ.ഡി. 33 സീവാൻ 6 ഞായറാഴ്‌ച യെരൂശലേമിൽ അത്ഭുതകരമായ ഒരു സംഭവം നടന്നു. അന്നു രാവിലെ ഏതാണ്ട്‌ ഒമ്പതു മണിയോടെ, അവിടെ ഒരു മാളികമുറിയിൽ കൂടിവന്നവർ “അന്യഭാഷകളിൽ സംസാരിച്ചു” തുടങ്ങി. (പ്രവൃ. 2:4) ഇന്ന്‌ ദൈവദാസർക്കു ഭാഷാവരം ഇല്ലെങ്കിലും 430-ലധികം ഭാഷകളിൽ അവർ ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നുണ്ട്‌.—1 കൊരി. 13:8.

20 പല ഭാഷക്കാരാണെങ്കിലും ദൈവജനമായ നാം ബൈബിൾ സത്യമാകുന്ന നിർമലഭാഷ ഐക്യത്തോടെ സംസാരിക്കുന്നു. എത്ര മഹത്തായ കാര്യം! ബാബേലിൽ സംഭവിച്ചതിനു നേർവിപരീതം! യഹോവയുടെ ജനം ഇന്ന്‌ ഒരേ ഭാഷയിൽ, നിർമലഭാഷയിൽ ദൈവനാമത്തിനു സ്‌തുതി കരേറ്റുന്നു. (1 കൊരി. 1:10) ആ നിർമലഭാഷ കൂടുതൽ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കുകയും അങ്ങനെ ലോകവ്യാപക സഹോദരവർഗത്തോടൊപ്പം “ഏകമനസ്സോടെ” പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്കു നമ്മുടെ സ്വർഗീയ പിതാവായ യഹോവയ്‌ക്കു മഹത്ത്വം കരേറ്റാം.—സങ്കീർത്തനം 150:1-6 വായിക്കുക.

ഉത്തരം പറയാമോ?

• എന്താണ്‌ നിർമലഭാഷ?

• നിർമലഭാഷ സംസാരിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• നിർമലഭാഷ ഒഴുക്കോടെ സംസാരിക്കാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചതുരം]

നിർമലഭാഷ ഒഴുക്കോടെ സംസാരിക്കാൻ

ശ്രദ്ധിച്ചു കേൾക്കുക.

ലൂക്കൊ. 8:18; എബ്രാ. 2:1

ഒഴുക്കോടെ സംസാരിക്കുന്നവരെ അനുകരിക്കുക.

1 കൊരി. 11:1; എബ്രാ. 13:7

മനഃപാഠമാക്കുക, ആവർത്തിക്കുക.

യാക്കോ. 1:22-25; 2 പത്രൊ. 1:12

ഉച്ചത്തിൽ വായിക്കുക.

സങ്കീ. 1:1, 2; വെളി. 1:3

‘വ്യാകരണം’ മനസ്സിലാക്കുക.

2 തിമൊ. 1:13

പുരോഗതി വരുത്തിക്കൊണ്ടിരിക്കുക.

എബ്രാ. 5:11-14; 6:1, 2

◆ പഠനത്തിനായി സമയം വേർതിരിക്കുക.

ദാനീ. 6:16, 20; എഫെ. 6:18

◆ സംസാരിക്കുക.

റോമ. 10:10; എബ്രാ. 10:23-25

[24-ാം പേജിലെ ചിത്രങ്ങൾ]

ദൈവജനം ഐക്യത്തോടെ നിർമലഭാഷ സംസാരിക്കുന്നു