വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിഷനറിമാർ—വെട്ടുക്കിളികളെപ്പോലെ

മിഷനറിമാർ—വെട്ടുക്കിളികളെപ്പോലെ

124-ാം ഗിലെയാദ്‌ സ്‌കൂൾ

മിഷനറിമാർ—വെട്ടുക്കിളികളെപ്പോലെ

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 124-ാമത്തെ ക്ലാസ്സ്‌ 2008 മാർച്ച്‌ 8-നു നടന്ന ബിരുദദാന ചടങ്ങോടെ പര്യവസാനിച്ചു. ഓരോ ആറുമാസം കൂടുമ്പോഴും നടക്കുന്ന ബിരുദദാന ചടങ്ങിന്‌ ഐക്യനാടുകളിലെ ബെഥേൽകുടുംബാംഗങ്ങളെല്ലാം പങ്കെടുക്കാറുണ്ട്‌. വിദ്യാർഥികളുടെ സന്തോഷത്തിൽ പങ്കുചേരാൻ ഇത്തവണ 30-ലധികം രാജ്യങ്ങളിൽനിന്നുള്ള അതിഥികൾ ഉൾപ്പെടെ 6,411 പേർ കൂടിവന്നിരുന്നു.

പരിപാടിയുടെ അധ്യക്ഷനും ഭരണസംഘാംഗവുമായ സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ, “യഹോവയുടെ ആലങ്കാരിക വെട്ടുക്കിളി സൈന്യത്തോടൊപ്പം മുന്നേറുവിൻ” എന്ന പ്രസംഗത്തോടെ ചടങ്ങിനു തുടക്കംകുറിച്ചു. 1919-ൽ ആത്മീയമായി പുനരുജ്ജീവിപ്പിക്കപ്പെട്ട അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ചെറിയ കൂട്ടത്തെ, പൂർവാധികം ശക്തിയോടെ പ്രവർത്തനനിരതമായിത്തീർന്ന ഒരു വെട്ടുക്കിളി സൈന്യത്തോട്‌ വെളിപ്പാടു 9:1-4-ൽ ഉപമിച്ചിരിക്കുന്നു. ‘വേറെ ആടുകളിൽ’പ്പെട്ടവരെന്നനിലയിൽ വെട്ടുക്കിളി സൈന്യത്തോടൊപ്പം പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.—യോഹ. 10:16.

ഐക്യനാടുകളിലെ ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ ലോൺ ഷില്ലിങ്‌ സഹോദരൻ ആണ്‌ അടുത്ത പ്രസംഗം നടത്തിയത്‌. “പരസ്‌പരം തുണയായിരിക്കുക” എന്ന വിഷയത്തിലുള്ള ആ പ്രസംഗം, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ ദമ്പതികളായ അക്വിലാസിന്റെയും പ്രിസ്‌കില്ലായുടെയും (പ്രിസ്‌ക) ദൃഷ്ടാന്തത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. (റോമ. 16:3, 4) 28 ദമ്പതികളാണ്‌ ക്ലാസ്സിലുണ്ടായിരുന്നത്‌. മിഷനറിവേലയിൽ വിജയം കണ്ടെത്തുന്നതിന്‌ അവർ തങ്ങളുടെ വിവാഹബന്ധം സുദൃഢമായി സൂക്ഷിക്കേണ്ടതുണ്ടെന്ന്‌ പ്രസംഗകൻ ഓർമിപ്പിച്ചു. അക്വിലാസിന്റെയും പ്രിസ്‌കില്ലായുടെയും പേരുകൾ എല്ലായ്‌പോഴും ഒരുമിച്ചാണ്‌ ബൈബിളിൽ പരാമർശിച്ചിട്ടുള്ളത്‌. അപ്പൊസ്‌തലനായ പൗലൊസും സഭയും അവരെ ഒരിക്കലും രണ്ടായി കണ്ടിട്ടില്ല. അതുപോലെ ഇന്നുള്ള മിഷനറി ദമ്പതികളും ഒരുമിച്ച്‌ പ്രവർത്തിക്കണം, ഒരുമിച്ച്‌ ആരാധിക്കണം, വിദേശനിയമനത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന വെല്ലുവിളികൾ ഒരുമിച്ച്‌ നേരിടണം. അങ്ങനെ അവർ പരസ്‌പരം തുണയായി വർത്തിക്കണം.—ഉല്‌പ. 2:18.

“യഹോവയുടെ നന്മയോടു പ്രതികരിക്കുക” എന്ന അടുത്ത പ്രസംഗം നിർവഹിച്ചത്‌ ഭരണസംഘാംഗമായ ഗൈ പിയേഴ്‌സ്‌ സഹോദരനാണ്‌. നല്ലവരായിരിക്കുന്നതിന്‌ തിന്മ ഒഴിവാക്കിയാൽമാത്രം പോരാ, മറ്റുള്ളവർക്കുവേണ്ടി നല്ലതു പ്രവർത്തിക്കുകയും വേണം. നന്മയുടെ കാര്യത്തിൽ യഹോവയെ വെല്ലാൻ ആർക്കുമാവില്ല. (സെഖ. 9:16, 17) മറ്റുള്ളവർക്കുവേണ്ടി നല്ലതു ചെയ്യാൻ ദൈവത്തിന്റെ നന്മയ്‌ക്കും സ്‌നേഹത്തിനും നമ്മെ പ്രേരിപ്പിക്കാനാവും. വിദ്യാർഥികളെ അഭിനന്ദിച്ചുകൊണ്ട്‌ പിയേഴ്‌സ്‌ സഹോദരൻ ഇങ്ങനെ ഉപസംഹരിച്ചു: “നിങ്ങൾ ഇതുവരെ നന്മ ചെയ്‌തു. ഇനിയും അങ്ങനെതന്നെ ചെയ്യുമെന്നും യഹോവ നൽകുന്ന ഏതൊരു നിയമനവും നന്നായി നിർവഹിച്ചുകൊണ്ട്‌ അവന്റെ നന്മയോട്‌ പ്രതികരിക്കുമെന്നും ഞങ്ങൾക്കുറപ്പുണ്ട്‌.”

ഗിലെയാദ്‌ സ്‌കൂളിന്റെ അധ്യാപകനായി ഈയിടെ നിയമിതനായ മൈക്കൾ ബെർനെറ്റ്‌ സഹോദരന്റേതായിരുന്നു അടുത്ത പ്രസംഗം. മുൻ ഗിലെയാദ്‌ ബിരുദധാരിയായ അദ്ദേഹത്തിന്റെ വിഷയം, “നിങ്ങളുടെ കണ്ണുകളുടെ നടുവിൽ ഇതൊരു നെറ്റിപ്പട്ടമായി ധരിക്കുക” എന്നതായിരുന്നു. ഒരു നെറ്റിപ്പട്ടം ധരിച്ചാലെന്നപോലെ ഇസ്രായേല്യർ, യഹോവ തങ്ങളെ ഈജിപ്‌തിൽനിന്ന്‌ അത്ഭുതകരമായി വിടുവിച്ചതിനെക്കുറിച്ച്‌ സദാ ഓർക്കണമായിരുന്നു. (പുറ. 13:16) സ്‌കൂളിൽനിന്നു പഠിച്ച നിരവധിയായ വിവരങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ അദ്ദേഹം നിർദേശിച്ചു, അതായത്‌ അവ കണ്ണുകൾക്കു നടുവിൽ ഒരു നെറ്റിപ്പട്ടം കണക്കെ ഉണ്ടായിരിക്കണം. വിനയവും എളിമയും ഉള്ളവരായിരിക്കണമെന്നും സഹമിഷനറിമാരുമായോ മറ്റുള്ളവരുമായോ ഏതൊരു പ്രശ്‌നം ഉണ്ടായാലും തിരുവെഴുത്തു തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ അതു പരിഹരിക്കണമെന്നും ബെർനെറ്റ്‌ സഹോദരൻ ഊന്നിപ്പറഞ്ഞു.—മത്താ. 5:23, 24.

ദീർഘകാല ഗിലെയാദ്‌ അധ്യാപകനായ മാർക്‌ നൂമാർ സഹോദരന്റെ പ്രസംഗവിഷയം “നിങ്ങളെക്കുറിച്ച്‌ എന്തു പാടും?” എന്നതായിരുന്നു. പുരാതനകാലങ്ങളിൽ യുദ്ധത്തിൽ ജയിച്ചുവരുന്നവരെ വരവേൽക്കാൻ വിജയഗീതം ആലപിക്കുക പതിവായിരുന്നു. അത്തരത്തിലുള്ള ഒരു പാട്ട്‌ രൂബേൻ, ദാൻ, ആശേർ എന്നീ ഗോത്രങ്ങളുടെ അലസമനോഭാവം തുറന്നുകാട്ടുകയും സെബൂലൂൻ ഗോത്രത്തിന്റെ ആത്മത്യാഗത്തെ പുകഴ്‌ത്തുകയും ചെയ്യുന്നതായി നാം കാണുന്നു. (ന്യായാ. 5:16-18) ഒരു പാട്ടിന്റെ ഈരടികൾക്ക്‌ പാടിപ്പാടി പ്രചാരം ലഭിക്കുന്നു; ഏതാണ്ട്‌ അതുപോലെയാണ്‌ ഒരു ക്രിസ്‌ത്യാനിയുടെ പ്രവർത്തനങ്ങളും, ക്രമേണ അതു മറ്റുള്ളവർക്ക്‌ വ്യക്തമായിത്തീരും. ദൈവസേവനത്തിലെ തീക്ഷ്‌ണതയും യഹോവയുടെ സംഘടനയോടുള്ള വിശ്വസ്‌തതയും ദൈവത്തിന്റെ പ്രീതി നേടിത്തരും; ഒപ്പം അത്‌ സഹവിശ്വാസികൾക്ക്‌ ഒരു നല്ല മാതൃകയും ആയിരിക്കും. നമ്മുടെ പ്രവൃത്തികളാൽ രചിക്കപ്പെടുന്ന ആലങ്കാരിക ഗാനം കേൾക്കുമ്പോൾ മറ്റു സഹോദരങ്ങളും ആ നല്ല മാതൃക അനുകരിക്കാൻ പ്രേരിതരാകും.

ഗിലെയാദ്‌ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥികൾ 3,000-ത്തിലേറെ മണിക്കൂർ പ്രസംഗവേലയിൽ ചെലവഴിച്ചു. ദിവ്യാധിപത്യ സ്‌കൂൾ ഡിപ്പാർട്ടുമെന്റിൽനിന്നുള്ള സാം റോബോഴ്‌സൺ സഹോദരൻ “പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൽ” എന്ന വിഷയം അവതരിപ്പിച്ചു. വിദ്യാർഥികളുടെ വയൽസേവനാനുഭവങ്ങളും അവയിൽ ചിലതിന്റെ പുനരവതരണവും ആയിരുന്നു മുഖ്യമായും ഇതിലുണ്ടായിരുന്നത്‌. അതേത്തുടർന്ന്‌ ഐക്യനാടുകളിലെ ഒരു ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ പാട്രിക്‌ ലാഫ്രൻക സഹോദരൻ മുൻ ഗിലെയാദ്‌ ബിരുദധാരികളുമായി അഭിമുഖം നടത്തി. വിവിധ രാജ്യങ്ങളിൽ സേവിക്കുന്ന ഈ സഹോദരങ്ങളുടെ അനുഭവങ്ങൾ വിദ്യാർഥികൾ അതിയായി വിലമതിച്ചു.

“ഓർക്കൂ! കാണുന്നത്‌ താത്‌കാലികംമാത്രം” എന്ന സമാപന പ്രസംഗം നടത്തിയത്‌ ഭരണസംഘാംഗമായ ആന്തൊണി മോറിസ്‌ സഹോദരൻ ആയിരുന്നു. ഇപ്പോൾ നേരിട്ടേക്കാവുന്ന താത്‌കാലിക പ്രശ്‌നങ്ങളിലല്ല, യഹോവ നമ്മുടെമേൽ ചൊരിയാനിരിക്കുന്ന അനുഗ്രഹങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു. (2 കൊരി. 4:16-18) കടുത്ത ദാരിദ്ര്യം, അനീതി, അടിച്ചമർത്തൽ, രോഗങ്ങൾ, മരണം എന്നിവയെല്ലാം ഈ ലോകത്തിലെ യാഥാർഥ്യങ്ങളാണ്‌. മിഷനറിമാരും ഇത്തരം ദുരന്തങ്ങൾക്ക്‌ ഇരകളായേക്കാം. എന്നാൽ ഇവയെല്ലാം ക്ഷണികമാണെന്ന്‌ ഓർക്കുന്നത്‌ ആത്മീയ സമനില കാത്തുസൂക്ഷിക്കുന്നതിനും പ്രത്യാശ മുറുകെപ്പിടിക്കുന്നതിനും നമ്മെ സഹായിക്കും.

പരിപാടി ഉപസംഹരിച്ചുകൊണ്ട്‌ ലെറ്റ്‌ സഹോദരൻ സ്റ്റേജിലിരിക്കുന്ന വിദ്യാർഥികളോടായി ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മോടൊപ്പം ഉണ്ടെങ്കിൽ നമുക്ക്‌ എന്നെന്നും നിർമലത പാലിക്കാനാകും.” എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും സഹിച്ചുനിൽക്കാൻ സഹോദരൻ അവരെ പ്രോത്സാഹിപ്പിച്ചു. വെട്ടുക്കിളികളെപ്പോലെ ആയിരിക്കാനും യഹോവയുടെ സേവനത്തിൽ തുടരാനും എക്കാലവും തീക്ഷ്‌ണതയും വിശ്വസ്‌തതയും അനുസരണവും ഉള്ളവരായിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.

[30-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്‌

പ്രതിനിധാനംചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 7

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 16

വിദ്യാർഥികളുടെ എണ്ണം: 56

ശരാശരി വയസ്സ്‌: 33.8

സത്യത്തിലായിരുന്ന ശരാശരി വർഷം: 18.2

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.8

[31-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 124-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക്‌ എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) റ്റാനിയ നിക്കൾസൻ, ഹെതർ മേൻ, യോക്കോ സെൻഗ, ലിൻഡ സ്‌നാപ്‌, ക്ലോഡിയ വനഗാസ്‌, ലെറ്റീഷ്യ പോ. (2) സാൻഡ്ര സാൻറ്റാനാ, ക്രിസ്റ്റിൻ ഓ, ക്രിസ്റ്റീൻ ലമട്ര, നൂറിയ വില്യംസ്‌, ലിസ അലിഗ്‌സാണ്ടർ. (3) ബ്രൻഡ വുഡ്‌സ്‌, ലേയ സ്റ്റേൻറ്റൻ, എമ്‌ലി ഹൻറ്റ്‌ലി, ഗ്ലോറിയ അൽവറെസ്‌, ജിൽയൻ ക്രൂസ്‌, ജോവാന ബെനറ്റ്‌. (4) അസർ വില്യംസൺ, നൊയിമി ഗോൺസാലസ്‌, ജെനിഫർ സുറോസ്‌കി, ഇസബെൽ ഡെഹാൻഡ്‌, ജെസിക്ക മാ, ചിൻസ്റ്റിയ ഡെയ്‌മി, ലോറെൻ റ്റാവ്‌നർ. (5) ഡബ്ല്യൂ. ലമട്ര, അലീഷ ഹാരിസ്‌, സിന്ത്യ വെൽസ്‌, സേറ റോജേഴ്‌സ്‌, മാൻഡെ ഡെറന്റ്‌, ജെ. സെൻഗ. (6) റ്റി. ഹൻറ്റ്‌ലി, എ. വനഗാസ്‌, എ. പോ, എം. സാൻറ്റാനാ, വി. ബെനറ്റ്‌, ഡി. റ്റാവ്‌നർ, എം. ഓ. (7) എം. സുറോസ്‌കി, ജി. റോജേഴ്‌സ്‌, ഡി. ഡെയ്‌മി, എൽ. നിക്കൾസൻ, സി. അൽവറെസ്‌, ജെ. സ്‌നാപ്‌. (8) എം. ഹാരിസ്‌, പി. ഗോൺസാലസ്‌, എസ്‌. മേൻ, എസ്‌. വുഡ്‌സ്‌, ബി. സ്റ്റേൻറ്റൻ, ഡി. വില്യംസൺ, ജെ. ഡെറന്റ്‌. (9) പി. ക്രൂസ്‌, ബി. ഡെഹാൻഡ്‌, ഡി. വില്യംസ്‌, എസ്‌. വെൽസ്‌, ഡി. അലിഗ്‌സാണ്ടർ, എം. മാ.

[32-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലാണ്‌ ഗിലെയാദ്‌ സ്‌കൂൾ നടക്കുന്നത്‌