വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ലോകത്തിന്റെ ആത്മാവിനെ” ചെറുക്കുക

“ലോകത്തിന്റെ ആത്മാവിനെ” ചെറുക്കുക

“ലോകത്തിന്റെ ആത്മാവിനെ” ചെറുക്കുക

“നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല . . . ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്‌.”—1 കൊരി. 2:12.

1, 2. (എ) ബ്രിട്ടനിലെ ഖനികളിൽ പണ്ടുകാലത്ത്‌ കാനറിപ്പക്ഷികളെ ഉപയോഗിച്ചിരുന്നത്‌ എന്തിനായിരുന്നു? (ബി) ക്രിസ്‌ത്യാനികൾ ഏത്‌ അപകടത്തെ നേരിടുന്നു?

ഖനിയിൽ പണിയെടുക്കുന്നവരുടെ ജീവൻ രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിൽ ബ്രിട്ടീഷ്‌ സർക്കാർ 1911-ൽ ഒരു നിയമം കൊണ്ടുവന്നു. ഓരോ ഖനിക്കും രണ്ടു കാനറിപ്പക്ഷികൾവീതം ഉണ്ടായിരിക്കണം! അഗ്നിബാധയുണ്ടായാൽ രക്ഷാപ്രവർത്തകർ ഈ പക്ഷികളെയും ഖനിക്കുള്ളിലേക്കു കൊണ്ടുപോകുമായിരുന്നു. കാർബൺ മോണോക്‌സൈഡ്‌ പോലുള്ള വിഷവാതകങ്ങളാൽ വായു വിഷലിപ്‌തമാണെങ്കിൽ ഇവ അസ്വസ്ഥത കാണിക്കും, ചിലപ്പോൾ പിടഞ്ഞുവീഴുകയും ചെയ്യും. അതൊരു അപായ സൂചനയാണ്‌. നിറമോ മണമോ ഇല്ലാത്ത വാതകമാണ്‌ കാർബൺ മോണോക്‌സൈഡ്‌. ശരീരകോശങ്ങൾക്ക്‌ ഓക്‌സിജൻ എത്തിച്ചുകൊടുക്കാനുള്ള അരുണരക്താണുക്കളുടെ കഴിവിനെ ഇല്ലാതാക്കുന്ന ഈ വാതകം ഒരു നിശ്ശബ്ദകൊലയാളിയാണ്‌. മുന്നറിയിപ്പു ലഭിക്കാത്തപക്ഷം ഈ വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിയാതെ രക്ഷാപ്രവർത്തകർ കുഴഞ്ഞുവീണു മരിക്കും.

2 ക്രിസ്‌ത്യാനികളായ നമ്മുടെ സാഹചര്യം ഒരർഥത്തിൽ ഖനിത്തൊഴിലാളികളുടേതിനു സമാനമാണ്‌. ലോകമെമ്പാടും സുവാർത്ത പ്രസംഗിക്കാനുള്ള നിയമനം തന്റെ ശിഷ്യന്മാർക്കു നൽകിയപ്പോൾ, സാത്താനും ഈ ലോകത്തിന്റെ ആത്മാവും ആധിപത്യം പുലർത്തുന്ന അപകടം നിറഞ്ഞ ഒരു ചുറ്റുപാടിലേക്കാണ്‌ അവരെ അയയ്‌ക്കുന്നതെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. (മത്താ. 10:16; 1 യോഹ. 5:19) ശിഷ്യന്മാരോട്‌ യേശുവിന്‌ എത്രമാത്രം കരുതലുണ്ടായിരുന്നുവെന്ന്‌ അവസാന രാത്രിയിലെ അവന്റെ പ്രാർഥനയിൽനിന്നു വ്യക്തമാണ്‌. പിതാവിനോട്‌ അവൻ ഇങ്ങനെ അപേക്ഷിച്ചു: “അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്‌.”—യോഹ. 17:15.

3, 4. യേശു ശിഷ്യന്മാർക്ക്‌ ഏതു മുന്നറിയിപ്പു നൽകി, നാം അതിൽ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 ആത്മീയ മരണത്തിൽ കൊണ്ടെത്തിക്കുന്ന ഒരു അപകടത്തെക്കുറിച്ച്‌ യേശു ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകി. ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ജീവിക്കുന്ന നമുക്ക്‌ ആ മുന്നറിയിപ്പ്‌ വിശേഷാൽ പ്രധാനമാണ്‌. യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌പാനും നിങ്ങൾ പ്രാപ്‌തരാകേണ്ടതിന്നു സദാകാലവും ഉണർന്നിരിപ്പിൻ.’ (ലൂക്കൊ. 21:34-36) എന്നാൽ അവർക്ക്‌ ആശ്വാസം പകർന്ന ഒരു കാര്യമുണ്ടായിരുന്നു. പഠിച്ച കാര്യങ്ങൾ ഓർമയിലേക്കു കൊണ്ടുവരാനും ധൈര്യവും ജാഗ്രതയും ഉള്ളവരായിരിക്കാനും തന്റെ പിതാവ്‌ അവർക്കു പരിശുദ്ധാത്മാവിനെ നൽകുമെന്ന യേശുവിന്റെ വാഗ്‌ദാനം.—യോഹ. 14:26.

4 ഇന്നു നമ്മുടെ കാര്യമോ? പരിശുദ്ധാത്മാവിന്റെ സഹായം ഇന്നും ലഭ്യമാണോ? എങ്കിൽ അതു ലഭിക്കാൻ എന്തു ചെയ്യണം? ലോകത്തിന്റെ ആത്മാവ്‌ എന്താണ്‌, അതു വ്യാപരിക്കുന്നത്‌ എങ്ങനെ? നമുക്ക്‌ വിജയകരമായി എങ്ങനെ അതിനെ ചെറുത്തുനിൽക്കാം?—1 കൊരിന്ത്യർ 2:12 വായിക്കുക.

പരിശുദ്ധാത്മാവോ ലോകത്തിന്റെ ആത്മാവോ?

5, 6. പരിശുദ്ധാത്മാവിന്‌ നമുക്കുവേണ്ടി എന്തു ചെയ്യാനാകും, പരിശുദ്ധാത്മാവ്‌ ലഭിക്കാൻ നാം എന്തു ചെയ്യണം?

5 ഒന്നാം നൂറ്റാണ്ടിൽ മാത്രമല്ല പരിശുദ്ധാത്മാവ്‌ ഉണ്ടായിരുന്നത്‌. അത്‌ ഇന്നും ലഭ്യമാണ്‌. ശരിയായതു ചെയ്യാനുള്ള ശക്തി പകരാനും ദൈവസേവനത്തിൽ നമ്മെ ഊർജസ്വലരാക്കാനും ദൈവാത്മാവിനു കഴിയും. (റോമ. 12:11; ഫിലി. 4:13) ദൈവാത്മാവിന്റെ ഫലത്തിൽ ഉൾപ്പെടുന്ന സ്‌നേഹം, ദയ, നന്മ എന്നിവ പോലുള്ള ആർദ്രഗുണങ്ങൾ നമ്മിലുളവാക്കാനും അതിനാകും. (ഗലാ. 5:22, 23) എന്നാൽ യഹോവയാം ദൈവം ആരുടെമേലും തന്റെ പരിശുദ്ധാത്മാവിനെ നിർബന്ധിച്ച്‌ ഏൽപ്പിക്കുന്നില്ല.

6 ആ സ്ഥിതിക്ക്‌, ‘പരിശുദ്ധാത്മാവ്‌ ലഭിക്കാൻ ഞാൻ എന്താണ്‌ ചെയ്യേണ്ടത്‌’ എന്ന ചോദ്യം ഉചിതമാണ്‌. അതിനു നാം ചെയ്യേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. മുഖ്യമായ ഒരു സംഗതി ദൈവത്തോടു നേരിട്ട്‌ ചോദിക്കുക എന്നുള്ളതാണ്‌. (ലൂക്കൊസ്‌ 11:13 വായിക്കുക.) ദൈവത്തിന്റെ ആത്മനിശ്വസ്‌ത വചനത്തിൽ കാണുന്ന ബുദ്ധിയുപദേശങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ്‌ മറ്റൊരു പടി. (2 തിമൊ. 3:16) വെറുതെ ബൈബിൾ വായിക്കുന്നവർക്കെല്ലാം പരിശുദ്ധാത്മാവ്‌ ലഭിക്കുകയില്ല. എന്നാൽ ആത്മാർഥതയുള്ള ഒരു ക്രിസ്‌ത്യാനി ബൈബിൾ പഠിക്കുമ്പോൾ ദൈവവചനത്തിൽ പ്രതിഫലിച്ചിരിക്കുന്ന വികാരങ്ങളും വീക്ഷണങ്ങളുമൊക്കെ ഉൾക്കൊള്ളാൻ അയാൾക്കു കഴിയും. തന്റെ പ്രതിനിധിയായി യഹോവ നിയമിച്ചിരിക്കുന്നത്‌ യേശുവിനെയാണെന്നും അവനിലൂടെയാണ്‌ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നതെന്നും നാം തിരിച്ചറിയേണ്ടതും പ്രധാനമാണ്‌. (കൊലൊ. 2:6) തുടർന്ന്‌ യേശുവിന്റെ മാതൃകയ്‌ക്കും അവൻ ഉപദേശിച്ചുതന്ന കാര്യങ്ങൾക്കും ചേർച്ചയിൽ ജീവിക്കേണ്ടതുമുണ്ട്‌. (1 പത്രൊ. 2:21) യേശുവിനെ അനുകരിക്കാൻ നാം എത്ര ശ്രമിക്കുന്നുവോ അത്രയധികമായി നമുക്ക്‌ പരിശുദ്ധാത്മാവ്‌ ലഭിക്കും.

7. ലോകത്തിന്റെ ആത്മാവ്‌ വ്യക്തികളെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

7 എന്നാൽ ലോകത്തിന്റെ ആത്മാവാകട്ടെ സാത്താന്റെ വ്യക്തിത്വം അനുകരിക്കാൻ ആളുകളെ സ്വാധീനിക്കുന്നു. (എഫെസ്യർ 2:1-3 വായിക്കുക.) ലോകത്തിന്റെ ആത്മാവ്‌ വ്യാപരിക്കുന്നത്‌ പല വിധങ്ങളിലാണ്‌. അതു ദൈവത്തിന്റെ നിലവാരങ്ങളോട്‌ മറുത്തുനിൽക്കാനുള്ള ഒരു പ്രവണത മനുഷ്യരിൽ വളർത്തുന്നു, നാം ചുറ്റുപാടും കാണുന്നതും അതുതന്നെയാണ്‌. “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിവയെല്ലാം അത്‌ ഉന്നമിപ്പിക്കുന്നു. (1 യോഹ. 2:16) പരസംഗം, വിഗ്രഹാരാധന, ആത്മവിദ്യ, അസൂയ, ക്രോധം, മദ്യപാനം എന്നിങ്ങനെയുള്ള ജഡത്തിന്റെ പ്രവൃത്തികളെല്ലാം ആവിർഭവിക്കുന്നത്‌ അതിൽനിന്നാണ്‌. (ഗലാ. 5:19-21) വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വിശ്വാസത്യാഗപരമായ സംസാരത്തെ അത്‌ ഊട്ടിവളർത്തുന്നു. (2 തിമൊ. 2:14-18) ലോകത്തിന്റെ ആത്മാവിന്‌ ഒരു വ്യക്തി എത്രത്തോളം വഴങ്ങിക്കൊടുക്കുന്നുവോ അത്രത്തോളം അയാൾ സാത്താനെപ്പോലെ ആയിത്തീരുകയാണ്‌.

8. നമ്മുടെ മുമ്പാകെ എന്തു തിരഞ്ഞെടുപ്പുകളാണുള്ളത്‌?

8 ബാഹ്യമായ സ്വാധീനങ്ങളൊന്നുമില്ലാത്ത ജീവിതം നമുക്കു സാധ്യമല്ല. ജീവിതത്തെ ഭരിക്കാൻ പരിശുദ്ധാത്മാവിനെയാണോ ലോകത്തിന്റെ ആത്മാവിനെയാണോ അനുവദിക്കേണ്ടതെന്ന തീരുമാനം ഓരോ വ്യക്തിയുടേതുമാണ്‌. ലോകത്തിന്റെ ആത്മാവിന്‌ വഴിപ്പെട്ടിരിക്കുന്നവർക്ക്‌ അതിൽനിന്നു സ്വതന്ത്രരായി പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിന്‌ കീഴ്‌പെടുക സാധ്യമാണ്‌. മറിച്ചും സംഭവിക്കാം. ദൈവാത്മാവിന്റെ സ്വാധീനത്തിലായിരിക്കുന്നവർ പിൽക്കാലത്ത്‌ ലോകത്തിന്റെ ആത്മാവിനു വഴിപ്പെട്ടെന്നും വരാം. (ഫിലി. 3:18, 19) ആകട്ടെ, ലോകത്തിന്റെ ആത്മാവിനെ ചെറുക്കേണ്ടത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

അപായ സൂചനകൾ തിരിച്ചറിയുക

9-11. ലോകത്തിന്റെ ആത്മാവിന്‌ നാം വഴിപ്പെടുന്നുണ്ടോ എന്നറിയാനുള്ള ചില സൂചനകളേവ?

9 വിഷവാതകത്തിന്റെ സാന്നിധ്യം അറിയാൻ ബ്രിട്ടനിലെ ഖനികളിൽ കാനറിപ്പക്ഷികളെ ഉപയോഗിച്ചിരുന്നതായി മുമ്പു പറഞ്ഞല്ലോ. പക്ഷി കുഴഞ്ഞുവീഴുന്നത്‌ ഒരാൾ കണ്ടാൽ തന്റെ ജീവൻ രക്ഷിക്കാൻ ഉടനടി എന്തെങ്കിലും ചെയ്യണമെന്ന്‌ അയാൾ മനസ്സിലാക്കിയിരുന്നു. ലോകത്തിന്റെ ആത്മാവ്‌ നമ്മെ ബാധിക്കുന്നുണ്ടോ എന്നറിയാനുള്ള ചില സൂചനകൾ എന്തെല്ലാമാണ്‌?

10 ദൈവവചനത്തിൽനിന്നു സത്യം പഠിക്കുകയും ജീവിതം യഹോവയ്‌ക്ക്‌ സമർപ്പിക്കുകയും ചെയ്‌ത ആദ്യകാലങ്ങളിൽ നാം വളരെ ഉത്സാഹത്തോടെ ബൈബിൾ വായിച്ചിരുന്നിരിക്കാം. കൂടെക്കൂടെ മുട്ടിപ്പായി പ്രാർഥിക്കുകയും ചെയ്‌തിരുന്നിരിക്കാം. സഭായോഗങ്ങളിൽ ഉത്സാഹത്തോടെ സംബന്ധിച്ച നമുക്ക്‌ ഓരോ യോഗങ്ങളും ആത്മീയ നവോന്മേഷത്തിന്റെ ഒരു ഉറവായിരുന്നു, മരുഭൂമിയിൽ ദാഹിച്ചുവലയുന്ന ഒരാൾ മരുപ്പച്ച കണ്ടെത്തുന്നതുപോലെ. ആ ചര്യയാണ്‌ ലോകത്തിന്റെ ആത്മാവിന്റെ പിടിയിൽനിന്നു പുറത്തുവരാനും പിന്നീട്‌ അതിന്റെ സ്വാധീനത്തിൽ അകപ്പെടാതിരിക്കാനും നമ്മെ സഹായിച്ചത്‌.

11 എന്നാൽ നാം ഇപ്പോഴും പതിവായി ബൈബിൾ വായിക്കുന്നുണ്ടോ? (സങ്കീ. 1:2) ഇടവിടാതെ, ഹൃദയംഗമമായി പ്രാർഥിക്കാറുണ്ടോ? സഭായോഗങ്ങളെ പ്രിയങ്കരമായി കരുതുകയും എല്ലാ യോഗങ്ങളിലും സംബന്ധിക്കുകയും ചെയ്യുന്നുണ്ടോ? (സങ്കീ. 84:10) അതോ ഈ നല്ല ശീലങ്ങളിൽ ഏതെങ്കിലും നഷ്ടമായിട്ടുണ്ടോ? നമുക്കു പലവിധ കാര്യങ്ങൾക്കായി സമയവും ഊർജവും ചെലവഴിക്കേണ്ടതുള്ളതിനാൽ, നല്ലൊരു ആത്മീയ ചര്യ നിലനിറുത്തിക്കൊണ്ടുപോകുക അത്ര എളുപ്പമല്ല എന്നുള്ളതു ശരിയാണ്‌. നമുക്കുണ്ടായിരുന്ന നല്ല ശീലങ്ങളിൽ ചിലത്‌ കൈമോശം വന്നിട്ടുണ്ടെങ്കിൽ അതു ലോകത്തിന്റെ ആത്മാവിന്‌ വഴിപ്പെട്ടതുകൊണ്ടായിരിക്കുമോ? അത്തരം ശീലങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഇപ്പോൾ നാമൊരു നല്ല ശ്രമം ചെയ്യുമോ?

‘ഭാരപ്പെടരുത്‌’

12. യേശു എന്തു മുന്നറിയിപ്പു നൽകി, എന്തുകൊണ്ട്‌?

12 ലോകത്തിന്റെ ആത്മാവിനെ ചെറുക്കാൻ മറ്റെന്തൊക്കെയാണ്‌ നമുക്കു ചെയ്യാനാകുക? ചില അപകടങ്ങളെക്കുറിച്ച്‌ പ്രത്യേകം പറഞ്ഞശേഷമാണ്‌ യേശു ശിഷ്യന്മാരോട്‌ ‘ഉണർന്നിരിപ്പിൻ’ എന്ന്‌ ഉദ്‌ബോധിപ്പിച്ചത്‌. യേശു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”—ലൂക്കൊ. 21:34, 35.

13, 14. ഭക്ഷണപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കുന്നത്‌ നല്ലതായിരിക്കും?

13 ആ മുന്നറിയിപ്പിനെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നതിനെ യേശു കുറ്റംവിധിക്കുകയായിരുന്നോ? അല്ല. ശലോമോന്റെ പിൻവരുന്ന വാക്കുകൾ യേശുവിന്‌ അറിയാമായിരുന്നു: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” (സഭാ. 3:12, 13) എന്നാൽ, ഇക്കാര്യങ്ങളിൽ യാതൊരു നിയന്ത്രണവും ആവശ്യമില്ലെന്ന മനോഭാവമാണ്‌ ലോകം ഉന്നമിപ്പിക്കുന്നതെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

14 ലോകത്തിന്റെ ഈ മനോഭാവം നമ്മെ ബാധിച്ചിട്ടില്ലെന്ന്‌ നമുക്കെങ്ങനെ ഉറപ്പുവരുത്താം? നമുക്ക്‌ സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘അതിഭക്ഷണത്തെക്കുറിച്ച്‌ ബൈബിളിലും നമ്മുടെ പ്രസിദ്ധീകരണങ്ങളിലും കാണുന്ന ബുദ്ധിയുപദേശങ്ങൾ വായിക്കുമ്പോൾ എന്റെ പ്രതികരണം എന്താണ്‌? അപ്രസക്തമോ അതിരുകടന്നതോ എന്നു പറഞ്ഞ്‌ അവയൊക്കെ ഞാൻ തള്ളിക്കളയാറുണ്ടോ? അല്ലെങ്കിൽ സ്വന്തം വീക്ഷണങ്ങളെ ന്യായീകരിക്കുകയോ ഒഴികഴിവു പറയുകയോ ചെയ്യാറുണ്ടോ? * ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ ലഭിക്കുന്ന ഉദ്‌ബോധനങ്ങളോട്‌ ഞാൻ എങ്ങനെ പ്രതികരിക്കുന്നു? എനിക്കതു ബാധകമല്ല എന്നു ചിന്തിച്ചുകൊണ്ട്‌ ഞാൻ അവയെ താഴ്‌ത്തിമതിക്കുമോ? കുടി അൽപ്പം കൂടിപ്പോകുന്നുണ്ടെന്ന്‌ മറ്റുള്ളവർ പറഞ്ഞാൽ ഞാൻ എതിർത്തു സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുമോ? ബൈബിളിന്റെ അത്തരം ഉദ്‌ബോധനങ്ങളുടെ ഗൗരവം കുറച്ചുകാണാൻ ഞാൻ മറ്റുള്ളവരുടെമേൽ സ്വാധീനം ചെലുത്തുമോ?’ ഈ ചോദ്യങ്ങൾക്കുള്ള ഒരാളുടെ ഉത്തരങ്ങൾ അയാൾ ലോകത്തിന്റെ ആത്മാവിനു വഴിപ്പെട്ടിട്ടുണ്ടോ എന്നതിന്റെ സൂചന നൽകും.—റോമർ 13:11-14 താരതമ്യം ചെയ്യുക.

ഉത്‌കണ്‌ഠയുടെ പിടിയിൽ അമരാതിരിക്കുക

15. ഏതു പ്രവണതയ്‌ക്കെതിരെയാണ്‌ യേശു മുന്നറിയിപ്പു നൽകിയത്‌?

15 ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു പ്രധാന സംഗതിയാണ്‌ ഉത്‌കണ്‌ഠകൾ നിയന്ത്രിച്ചുനിറുത്തുക എന്നത്‌. അപൂർണരായ നമുക്ക്‌ അനുദിന കാര്യാദികളെച്ചൊല്ലി ഉത്‌കണ്‌ഠപ്പെടാനുള്ള ഒരു പ്രവണതയുണ്ടെന്നു യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ “വിചാരപ്പെടരുത്‌” അഥവാ ഉത്‌കണ്‌ഠപ്പെടരുത്‌ എന്ന സ്‌നേഹപുരസ്സരമായ ഉപദേശം അവൻ ശിഷ്യന്മാർക്കു നൽകിയത്‌. (മത്താ. 6:25) എന്നാൽ ചില കാര്യങ്ങളെക്കുറിച്ച്‌ നാം ചിന്തയുള്ളവരായിരിക്കേണ്ടതുണ്ട്‌, ദൈവത്തെ പ്രസാദിപ്പിക്കുന്നതും, ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതും കുടുംബം പോറ്റുന്നതുംപോലുള്ള കാര്യങ്ങൾ. (1 കൊരി. 7:32-34) അങ്ങനെയെങ്കിൽ യേശുവിന്റെ മുന്നറിയിപ്പിൽനിന്നു നമുക്ക്‌ എന്താണ്‌ പഠിക്കാനുള്ളത്‌?

16. ലോകത്തിന്റെ ആത്മാവ്‌ പലരെയും ബാധിക്കുന്നത്‌ എങ്ങനെ?

16 ഈ ലോകത്തിന്റെ ആത്മാവിനു വശംവദരായി ജീവിതത്തിന്റെ പ്രതാപം പ്രദർശിപ്പിക്കാൻ വെമ്പൽകൊള്ളുകയാണ്‌ അനേകരും. അതിനുവേണ്ടിയുള്ള ശ്രമത്തിൽ പലരും അനാവശ്യ ഉത്‌കണ്‌ഠകളുടെ പിടിയിലമരുന്നു. ‘പണമുണ്ടോ? സുരക്ഷിതത്വമുണ്ട്‌. ഒരുവന്‌ സമൂഹത്തിലുള്ള വില നിശ്ചയിക്കുന്നത്‌ ആത്മീയ ഗുണങ്ങളല്ല, അയാളുടെ വസ്‌തുവകകളാണ്‌’ എന്നതുപോലുള്ള പ്രചാരണങ്ങളിൽ മയങ്ങിവീഴുന്നവർ പണം വാരിക്കൂട്ടാൻ പെടാപ്പാടു പെടുന്നു. ഏറ്റവും വലിയ, ഏറ്റവും പുതിയ, ഏറ്റവും പരിഷ്‌കൃതമായ ഉത്‌പന്നങ്ങൾ എങ്ങനെയും സ്വന്തമാക്കണമെന്ന ഒറ്റ ചിന്തയേ അവർക്കുള്ളൂ. (സദൃ. 18:11) ഭൗതികവസ്‌തുക്കളോടുള്ള ഇത്തരം വികലമായ വീക്ഷണം ഉത്‌കണ്‌ഠകൾ ഒന്നിനൊന്ന്‌ വർധിക്കാൻ ഇടയാക്കുകയും ഒരുവന്റെ ആത്മീയ വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യും.—മത്തായി 13:18, 22 വായിക്കുക.

17. ഉത്‌കണ്‌ഠയുടെ പിടിയിൽ അമരാതിരിക്കാൻ നമുക്കെങ്ങനെ കഴിയും?

17 ‘മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ’ എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുന്നപക്ഷം ഉത്‌കണ്‌ഠകൾ നമ്മെ ഞെരുക്കുകയില്ല. (മത്താ. 6:33) അങ്ങനെ ചെയ്‌താൽ നമ്മുടെ അവശ്യകാര്യങ്ങൾ നിറവേറുമെന്ന്‌ യേശു ഉറപ്പുതരുന്നു. (മത്താ. 6:33) ഈ വാഗ്‌ദാനത്തിൽ വിശ്വാസമുണ്ടെന്നു നമുക്ക്‌ എങ്ങനെ തെളിയിക്കാം? അതിനുള്ള ഒരു മാർഗം, സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച ദൈവിക നിലവാരങ്ങൾ പിൻപറ്റിക്കൊണ്ട്‌ ഒന്നാമത്‌ ദൈവത്തിന്റെ നീതിയന്വേഷിക്കുക എന്നതാണ്‌. ഉദാഹരണത്തിന്‌, നികുതിവെട്ടിക്കാനായി നാം കൃത്രിമം കാണിക്കുകയോ ബിസിനസ്സ്‌ കാര്യങ്ങളിൽ അൽപ്പംപോലും കള്ളംപറയുകയോ ഇല്ല. സാമ്പത്തിക ഇടപാടുകളിൽ വാക്കുപാലിക്കണമെന്നകാര്യം നാം മറക്കുകയില്ല. കടംകൊടുത്തുതീർക്കുന്നതിൽ വീഴ്‌ച വരുത്താതെ നമ്മുടെ ഉവ്വ്‌ ഉവ്വുതന്നെയായിരിക്കാൻ നാം ശ്രദ്ധിക്കും. (മത്താ. 5:37; സങ്കീ. 37:21) ഈ വിധത്തിൽ സത്യസന്ധത കാണിക്കുന്നത്‌ ഒരുവനെ സമ്പന്നനാക്കിയെന്നുവരില്ല. എങ്കിലും അതു ദൈവാംഗീകാരവും ശുദ്ധമനസ്സാക്ഷിയും നേടിക്കൊടുക്കുകയും വലിയൊരളവോളം ഉത്‌കണ്‌ഠ കുറയ്‌ക്കുകയും ചെയ്യും.

18. യേശു ഏതു മാതൃക വെച്ചു, അവനെ അനുകരിക്കുന്നതിലൂടെ നാം പ്രയോജനം നേടുന്നത്‌ എങ്ങനെ?

18 ഒന്നാമത്‌ രാജ്യം അന്വേഷിക്കുന്നതും ജീവിതത്തിൽ മുൻഗണനകൾ വെക്കുന്നതും തമ്മിൽ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. യേശുവിന്റെ കാര്യമെടുക്കുക. യേശു മേന്മയേറിയ വസ്‌ത്രംധരിച്ച സമയങ്ങളുണ്ടായിരുന്നു. (യോഹ. 19:23) നല്ല സുഹൃത്തുക്കളോടൊപ്പം അവൻ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്‌തിരുന്നു. (മത്താ. 11:18, 19) എന്നാൽ വസ്‌തുവകകളും വിനോദവേളകളുമൊക്കെ കേവലം മേമ്പൊടിപോലെയായിരുന്നു യേശുവിന്‌. അവയൊന്നും അവന്റെ ജീവിതത്തിലെ കാതലായ സംഗതികളല്ലായിരുന്നു. യഹോവയുടെ ഇഷ്ടം ചെയ്യുന്നതായിരുന്നു യേശുവിനെ സംബന്ധിച്ചിടത്തോളം ആഹാരം. (യോഹ. 4:34-36) യേശുവിന്റെ മാതൃക പകർത്തുന്നപക്ഷം നമ്മുടെ ജീവിതവും ധന്യമായിത്തീരും. എങ്ങനെ? ഹൃദയം തകർന്നിരിക്കുന്നവർക്ക്‌ തിരുവെഴുത്തിൽനിന്ന്‌ ആശ്വാസം പകരുന്നതിന്റെ സന്തോഷം അനിർവചനീയമാണ്‌. ഇനി, സഭയുടെ സ്‌നേഹവും പിന്തുണയും നമ്മോടൊപ്പമുണ്ടായിരിക്കും. യഹോവയെ സന്തോഷിപ്പിക്കാനും നമുക്കു കഴിയും. ശരിയായ മുൻഗണനകൾ വെച്ചിട്ടുണ്ടെങ്കിൽ വസ്‌തുവകകളും ഉല്ലാസങ്ങളും ആയിരിക്കില്ല നമ്മെ നിയന്ത്രിക്കുന്നത്‌. മറിച്ച്‌, ദൈവസേവനത്തിൽ ഒരളവോളം ഉപകാരപ്പെടുകയും ഉണർവേകുകയും ചെയ്യുന്ന ഈ ഘടകങ്ങൾ നമ്മുടെ വരുതിയിലായിരിക്കും. ദൈവരാജ്യത്തെ പിന്തുണയ്‌ക്കുന്ന വേലയിൽ നാം എത്ര കർമനിരതരാണോ ലോകത്തിന്റെ ആത്മാവ്‌ നമ്മുടെമേൽ പിടിമുറുക്കാനുള്ള സാധ്യത അത്രയും കുറവായിരിക്കും.

ആത്മാവിന്റെ ചിന്തയുള്ളവരായിരിക്കുക

19-21. ആത്മാവിന്റെ ചിന്തയുള്ളവരായിരിക്കാൻ എങ്ങനെ കഴിയും, അങ്ങനെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

19 ചിന്തകളുടെ ഉത്‌പന്നമാണല്ലോ പ്രവൃത്തികൾ. ജഡിക ചിന്തയുടെ ഫലമായുണ്ടാകുന്ന പ്രവർത്തനങ്ങളെയാണ്‌ പലപ്പോഴും ‘ചിന്താശൂന്യമായ പ്രവൃത്തികൾ’ എന്നു വിളിക്കുന്നത്‌. അതുകൊണ്ട്‌ നമ്മുടെ ചിന്തകൾ സംബന്ധിച്ച്‌ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ നമ്മെ ഓർമിപ്പിക്കുന്നു. “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു” എന്നാണ്‌ അവൻ പറഞ്ഞത്‌.—റോമ. 8:5.

20 നമ്മുടെ ചിന്തയും പ്രവൃത്തികളും ലോകത്തിന്റെ ആത്മാവിനാൽ സ്വാധീനിക്കപ്പെടാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? ലോകം പ്രചരിപ്പിക്കുന്ന സംഗതികൾ അപ്പാടെ നമ്മുടെ ഹൃദയത്തിൽ എത്തിച്ചേരാതെ തടയാൻ നാം ശ്രമിക്കണം, അഥവാ ഒരു അരിപ്പകൊണ്ടെന്നപോലെ അരിച്ചുമാറ്റാൻ നമുക്കു കഴിയണം. ഉദാഹരണത്തിന്‌, വിനോദം തിരഞ്ഞെടുക്കുമ്പോൾ അധാർമികതയും അക്രമവും ഉള്ള പരിപാടികൾ ഒഴിവാക്കിക്കൊണ്ട്‌ മനസ്സ്‌ മലിനമാകാതെ നാം സൂക്ഷിക്കും. അശുദ്ധമായ ഒരു മനസ്സിൽ ദൈവത്തിന്റെ പരിശുദ്ധമായ, നിർമലമായ ആത്മാവ്‌ വസിക്കുകയില്ലല്ലോ. (സങ്കീ. 11:5; 2 കൊരി. 6:15-18) ഇതിനുപുറമേ ക്രമമായ ബൈബിൾവായന, പ്രാർഥന, ധ്യാനം, യോഗങ്ങൾ എന്നിവയിലൂടെ നാം ദൈവാത്മാവിനെ നമ്മുടെ മനസ്സിലേക്ക്‌ ആനയിക്കുന്നു. പ്രസംഗവേലയിൽ പതിവായി ഏർപ്പെട്ടുകൊണ്ട്‌ നാം ആ ആത്മാവിനോടൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നു.

21 ലോകത്തിന്റെ ആത്മാവിനെയും അതു വളർത്തുന്ന ജഡിക ചിന്തകളെയും നാം ചെറുക്കുകതന്നെവേണം. നമ്മുടെ ആ ശ്രമം നിഷ്‌ഫലമാകില്ല. എന്തുകൊണ്ടെന്ന്‌ പൗലൊസ്‌ പറയുന്നു: “ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.”—റോമ. 8:6.

[അടിക്കുറിപ്പ്‌]

^ ഖ. 14 അത്യാർത്തിയോ അമിതത്വമോ സവിശേഷതയായുള്ള ഒരു മനോഭാവമാണ്‌ തീറ്റിഭ്രാന്ത്‌. ഒരാളുടെ ശരീരവലുപ്പമല്ല ആഹാരത്തോടുള്ള മനോഭാവമാണ്‌ അയാൾ തീറ്റിഭ്രാന്തനാണോ എന്നു നിശ്ചയിക്കുന്നത്‌. സാധാരണ വലുപ്പമുള്ള, അല്ലെങ്കിൽ മെലിഞ്ഞിരിക്കുന്ന ഒരാൾപോലും തീറ്റിഭ്രാന്തനായിരിക്കാം. എന്നാൽ, ചിലരുടെ അമിത വണ്ണത്തിനു കാരണം ഏതെങ്കിലും രോഗമോ പാരമ്പര്യ ഘടകങ്ങളോ ആയിരിക്കാം. ഒരാളുടെ ശരീരഭാരം എന്തുതന്നെയായിരുന്നാലും അയാൾക്ക്‌ ഭക്ഷണത്തോട്‌ അത്യാർത്തിയുണ്ടോ ഇല്ലയോ എന്നതാണ്‌ മുഖ്യ ഘടകം.—2004 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• പരിശുദ്ധാത്മാവിനെ ലഭിക്കാൻ നാം എന്തു ചെയ്യണം?

• ലോകത്തിന്റെ ആത്മാവ്‌ നമ്മെ ബാധിച്ചേക്കാവുന്ന ചില വിധങ്ങളേവ?

• ലോകത്തിന്റെ ആത്മാവിനെ നമുക്ക്‌ എങ്ങനെ ചെറുക്കാം?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

ജോലിസ്ഥലത്തേക്കും സ്‌കൂളിലേക്കും മറ്റും പോകുന്നതിനുമുമ്പ്‌ പരിശുദ്ധാത്മാവിനായി പ്രാർഥിക്കുക

[23-ാം പേജിലെ ചിത്രങ്ങൾ]

മനസ്സിനെ നിർമലമായി സൂക്ഷിക്കുക, ബിസിനസ്സ്‌ ഇടപാടുകളിൽ സത്യസന്ധരായിരിക്കുക, ശീലങ്ങളിൽ മിതത്വം പാലിക്കുക