വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ‘വിടുവിക്കുന്നു’—നമ്മുടെ നാളുകളിൽ

യഹോവ ‘വിടുവിക്കുന്നു’—നമ്മുടെ നാളുകളിൽ

യഹോവ ‘വിടുവിക്കുന്നു’—നമ്മുടെ നാളുകളിൽ

“യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു.”—സങ്കീ. 37:40.

1, 2. യഹോവയെ സംബന്ധിച്ച ഏത്‌ അടിസ്ഥാനസത്യം നമ്മെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു?

സൂര്യപ്രകാശം നിമിത്തമുണ്ടാകുന്ന നിഴലുകൾ ഭൂമി കറങ്ങുന്നതനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. എന്നാൽ ഭൂമിയുടെയും സൂര്യന്റെയും സ്രഷ്ടാവ്‌ മാറ്റമില്ലാത്തവനാണ്‌. (മലാ. 3:6) “മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾക്കുതുല്യം അവിടുന്നു മാറിപ്പോകുന്നവനല്ല” എന്ന്‌ ബൈബിൾ പറയുന്നു. (യാക്കോ. 1:17, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) യഹോവയെ സംബന്ധിച്ച ഈ അടിസ്ഥാനസത്യം നമ്മെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു, വിശേഷിച്ചും കടുത്ത പരിശോധനകളും വെല്ലുവിളികളും നേരിടുമ്പോൾ. എങ്ങനെ?

2 യഹോവ ബൈബിൾക്കാലങ്ങളിൽ വിടുതൽ പ്രദാനം ചെയ്‌തത്‌ എങ്ങനെയെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടു. (സങ്കീ. 70:5) അവൻ മാറ്റമില്ലാത്തവനും വാക്കുപാലിക്കുന്നവനും ആണ്‌; അതുകൊണ്ട്‌ അവൻ തങ്ങളെ ‘സഹായിച്ചു വിടുവിക്കുമെന്ന്‌’ അവന്റെ ആരാധകർക്ക്‌ ഉറപ്പുണ്ട്‌. (സങ്കീ. 37:40) ഈ ആധുനികനാളിൽ യഹോവ എങ്ങനെയാണ്‌ തന്റെ ദാസന്മാരെ ഒരു കൂട്ടമെന്നനിലയിൽ വിടുവിച്ചിരിക്കുന്നത്‌? ഇനി, വ്യക്തിപരമായി അവൻ നമ്മെ എങ്ങനെ വിടുവിച്ചേക്കാം?

ശത്രുക്കളിൽനിന്നു വിടുവിക്കുന്നു

3. സുവാർത്ത പ്രസംഗിക്കുന്നതിൽനിന്നു യഹോവയുടെ ജനത്തെ തടയാൻ ശത്രുക്കൾക്കാവില്ലെന്ന്‌ നമുക്ക്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ട്‌?

3 യഹോവയ്‌ക്ക്‌ അനന്യഭക്തി നൽകുന്നതിൽനിന്ന്‌ അവന്റെ ആരാധകരെ തടയാൻ സാത്താന്യ ആക്രമണങ്ങൾക്ക്‌ ഒരിക്കലുമാവില്ല. ദൈവവചനം നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും.” (യെശ. 54:17) കിണഞ്ഞു ശ്രമിച്ചിട്ടും നമ്മുടെ പ്രസംഗപ്രവർത്തനത്തിനു തടയിടാൻ ശത്രുക്കൾക്കു കഴിഞ്ഞിട്ടില്ല. രണ്ട്‌ ഉദാഹരണങ്ങൾ നോക്കുക.

4, 5. യഹോവയുടെ ജനത്തിന്‌ 1918-ൽ എന്ത്‌ എതിർപ്പു നേരിട്ടു, എന്തായിരുന്നു ഫലം?

4 ദൈവജനത്തെ നിശ്ശബ്ദരാക്കാൻ ഉദ്ദേശിച്ചുകൊണ്ട്‌ 1918-ൽ പുരോഹിതവർഗം അവർക്കെതിരെ പീഡനം ഇളക്കിവിട്ടു. അങ്ങനെ മേയ്‌ 7-ന്‌ അന്നു വേലയ്‌ക്കു നേതൃത്വംവഹിച്ചിരുന്ന ജെ. എഫ്‌. റഥർഫോർഡ്‌ സഹോദരനെയും ആസ്ഥാനത്തുള്ള മറ്റു ചിലരെയും അറസ്റ്റു ചെയ്യാൻ യു.എസ്‌. ഗവൺമെന്റ്‌ ഉത്തരവിട്ടു. രണ്ടു മാസത്തിനുള്ളിൽ റഥർഫോർഡ്‌ സഹോദരനെയും സഹകാരികളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ദീർഘകാല തടവിനു വിധിച്ചു. പ്രസംഗവേലയ്‌ക്ക്‌ എന്നേക്കുമായി വിരാമമിടാൻ എതിരാളികൾക്കു കഴിഞ്ഞോ? ഇല്ല!

5 “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല” എന്ന വാഗ്‌ദാനം ഓർക്കുക. 1919 മാർച്ച്‌ 26-ന്‌ കാര്യങ്ങൾ അപ്രതീക്ഷിതമായി കീഴ്‌മേൽമറിഞ്ഞു; അറസ്റ്റുചെയ്യപ്പെട്ട്‌ ഒമ്പതു മാസത്തിനുശേഷം റഥർഫോർഡ്‌ സഹോദരനും കൂടെയുള്ളവരും ജാമ്യത്തിലിറങ്ങി. പിറ്റേവർഷം മേയ്‌ 5-ന്‌ അവർ കുറ്റവിമുക്തരാക്കപ്പെട്ടു. സ്വതന്ത്രരായ അവർ ദൃഢനിശ്ചയത്തോടും വീറോടുംകൂടെ രാജ്യവേലയുമായി മുന്നോട്ടുനീങ്ങി. എന്തായിരുന്നു ഫലം? അസാധാരണമായ വളർച്ച! ഇതിനെല്ലാമുള്ള ബഹുമതി നമ്മെ ‘വിടുവിക്കുന്ന’ ദൈവത്തിനുള്ളതാണ്‌.—1 കൊരി. 3:7.

6, 7. (എ) നാസി ജർമനിയിൽ യഹോവയുടെ സാക്ഷികൾക്കുനേരെ എന്തു സംഘടിത ആക്രമണമുണ്ടായി, അതിന്റെ ഫലമെന്തായിരുന്നു? (ബി) യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രം എന്തു തെളിയിക്കുന്നു?

6 ഇനി മറ്റൊരു ഉദാഹരണം. യഹോവയുടെ സാക്ഷികളെ ജർമനിയിൽനിന്നു തുടച്ചുനീക്കുമെന്ന്‌ 1934-ൽ ഹിറ്റ്‌ലർ ശപഥം ചെയ്‌തു. അതു വെറും പാഴ്‌വാക്കായിരുന്നില്ല. രാജ്യമെമ്പാടുമായി അനേകം സാക്ഷികൾ അറസ്റ്റു ചെയ്യപ്പെട്ടു, പലരും തടവിലായി. ആയിരങ്ങൾ പീഡിപ്പിക്കപ്പെട്ടു; നിരവധി പേർ തടങ്കൽപ്പാളയങ്ങളിൽ മരിച്ചുവീണു. സാക്ഷികളെ നാമാവശേഷമാക്കാനുള്ള ഹിറ്റ്‌ലറിന്റെ ശ്രമം വിജയിച്ചോ? ജർമനിയിലെ പ്രസംഗവേലയ്‌ക്കു തടയിടാൻ അദ്ദേഹത്തിനു കഴിഞ്ഞോ? ഇല്ല! പീഡനകാലത്ത്‌ സഹോദരങ്ങൾ രഹസ്യമായി പ്രസംഗവേല നിർവഹിച്ചു. നാസി ഭരണകൂടം നിലംപൊത്തിയപ്പോൾ അവർ നിർബാധം പ്രസംഗവേല തുടർന്നു. ഇന്ന്‌ ജർമനിയിൽ 1,65,000-ത്തിലേറെ രാജ്യപ്രസാധകരുണ്ട്‌. നമ്മെ ‘വിടുവിക്കുന്ന’ ദൈവം, “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല” എന്ന വാഗ്‌ദാനത്തിനു ചേർച്ചയിൽ പ്രവർത്തിച്ചതിന്റെ മറ്റൊരു ദൃഷ്ടാന്തം!

7 ഒരു കൂട്ടമെന്നനിലയിൽ തന്റെ ജനം നശിപ്പിക്കപ്പെടാൻ യഹോവ ഒരിക്കലും അനുവദിക്കുകയില്ലെന്ന്‌ യഹോവയുടെ സാക്ഷികളുടെ ആധുനിക ചരിത്രം തെളിയിക്കുന്നു. (സങ്കീ. 116:15) എന്നാൽ വ്യക്തികളെന്നനിലയിൽ അവൻ നമ്മെ സംരക്ഷിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ?

ശാരീരിക സംരക്ഷണം

8, 9. (എ) യഹോവ എല്ലായ്‌പോഴും നമ്മെ വ്യക്തികളെന്നനിലയിൽ സംരക്ഷിക്കുന്നില്ലെന്ന്‌ എങ്ങനെ അറിയാം? (ബി) നാം ഏതു യാഥാർഥ്യം അംഗീകരിക്കണം?

8 യഹോവ നമ്മെ വ്യക്തികളെന്നനിലയിൽ എല്ലായ്‌പോഴും സംരക്ഷിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്നു നമുക്കറിയാം. നെബൂഖദ്‌നേസർ രാജാവ്‌ നിറുത്തിയ സ്വർണബിംബത്തെ നമസ്‌കരിക്കാൻ വിസമ്മതിച്ച വിശ്വസ്‌തരായ മൂന്ന്‌ എബ്രായ ബാലന്മാരുടെ നിലപാടാണ്‌ നമ്മുടേതും. ദൈവഭയമുള്ളവരായിരുന്നിട്ടും, യഹോവ തങ്ങളെ തീച്ചൂളയിൽനിന്ന്‌ അത്ഭുതകരമായി വിടുവിക്കുമെന്ന്‌ അവർ പ്രതീക്ഷിച്ചില്ല. (ദാനീയേൽ 3:17, 18 വായിക്കുക.) എന്നാൽ സംഭവിച്ചത്‌ അതുതന്നെയാണ്‌. (ദാനീ. 3:21-27) അക്കാലത്തുപോലും പക്ഷേ, അത്ഭുതകരമായ സംരക്ഷണം അത്ര സാധാരണമല്ലായിരുന്നു. യഹോവയുടെ അനേകം വിശ്വസ്‌തദാസന്മാർ എതിരാളികളാൽ കൊല്ലപ്പെട്ടിട്ടുണ്ട്‌.—എബ്രാ. 11:35-37.

9 ഇന്നത്തെ കാര്യമോ? നമ്മെ ‘വിടുവിക്കുന്നവനായ’ യഹോവയ്‌ക്ക്‌ വിപത്‌കരമായ സാഹചര്യങ്ങളിൽനിന്ന്‌ വ്യക്തികളെന്നനിലയിൽ നമ്മെ രക്ഷിക്കാനാകും. ചില സാഹചര്യങ്ങളിൽ യഹോവ ഇടപെട്ടെന്നോ ഇടപെട്ടില്ലെന്നോ നമുക്കു തീർത്തു പറയാനാകുമോ? ഇല്ല. എന്നാൽ ഒരു അപകടത്തിൽനിന്നു രക്ഷപ്പെട്ട ഒരാൾ യഹോവയാണ്‌ തന്നെ രക്ഷിച്ചതെന്ന്‌ ഉറച്ചു വിശ്വസിക്കുന്നുണ്ടാകാം. മറ്റുള്ളവർ ആ വ്യക്തിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത്‌ ധിക്കാരമായിരിക്കും. അതേസമയം നിരവധി വിശ്വസ്‌ത ക്രിസ്‌ത്യാനികൾ നാസിഭരണകാലത്തും മറ്റും പീഡനത്താൽ മരിച്ചിട്ടുണ്ട്‌ എന്ന യാഥാർഥ്യവും നാം ഓർക്കണം. മറ്റു ദുരന്തങ്ങളും പലരുടെയും ജീവനപഹരിച്ചിട്ടുണ്ട്‌. (സഭാ. 9:11) അകാലത്തിൽ മരണമടഞ്ഞ ആ വിശ്വസ്‌തരെ രക്ഷിക്കാൻ യഹോവ പരാജയപ്പെട്ടു എന്നാണോ ഇതിനർഥം? ഒരിക്കലുമല്ല!

10, 11. മനുഷ്യൻ മരണത്തിനു മുന്നിൽ നിസ്സഹായനായിരിക്കുന്നത്‌ എന്തുകൊണ്ട്‌, എന്നാൽ യഹോവയ്‌ക്ക്‌ എന്തു ചെയ്യാനാകും?

10 ഇതു പരിചിന്തിക്കുക: മരണത്തിനു മുന്നിൽ മനുഷ്യൻ നിസ്സഹായനാണ്‌; “തന്റെ പ്രാണനെ പാതാളത്തിന്റെ [അഥവാ, ശവക്കുഴിയുടെ] കയ്യിൽ നിന്നു വിടുവി”ക്കാൻ ഒരു മനുഷ്യനും കഴിയില്ല. (സങ്കീ. 89:48) എന്നാൽ യഹോവ നിസ്സഹായനാണോ? നാസി പീഡനത്തെ അതിജീവിച്ച ഒരു സഹോദരിയോട്‌ അവരുടെ അമ്മ ഒരിക്കൽ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌. തടങ്കൽപ്പാളയങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആ സഹോദരിയെ ആശ്വസിപ്പിച്ചുകൊണ്ട്‌ അമ്മ പറഞ്ഞു: “മരണത്തിന്‌ മനുഷ്യവർഗത്തെ ശാശ്വതമായി ശവക്കുഴിയിൽ തളച്ചിടാനാകുമെങ്കിൽ അത്‌ തീർച്ചയായും ദൈവത്തെക്കാൾ ശക്തിയുള്ളതായിരിക്കും, ശരിയല്ലേ?” ‘ജീവന്റെ ഉറവും’ സർവശക്തനുമായ യഹോവയുടെ മുമ്പിൽ മരണം ഏതുമല്ല! (സങ്കീ. 36:9) പാതാളത്തിൽ അഥവാ ശവക്കുഴിയിലുള്ള സകലരും യഹോവയുടെ ഓർമയിലുണ്ട്‌; അവരോരുത്തരെയും അവൻ നിശ്ചയമായും വിടുവിക്കും.—ലൂക്കൊ. 20:37, 38; വെളി. 20:11-14.

11 എന്നാൽ തന്റെ വിശ്വസ്‌ത ആരാധകരുടെ ജീവിതത്തിൽ യഹോവ ഇപ്പോൾപ്പോലും നേരിട്ട്‌ ഇടപെടുന്നു. നമ്മെ ‘വിടുവിക്കാനായി’ അവൻ പ്രവർത്തിക്കുന്ന മൂന്നു വിധങ്ങൾ നമുക്കിനി നോക്കാം.

ആത്മീയ സംരക്ഷണം

12, 13. ആത്മീയ സംരക്ഷണം സർവപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, യഹോവ നമുക്കത്‌ പ്രദാനം ചെയ്യുന്നത്‌ എങ്ങനെ?

12 യഹോവ നമുക്ക്‌ ആത്മീയ സംരക്ഷണം പ്രദാനം ചെയ്യുന്നു; അതാണ്‌ ഏറ്റവും പ്രധാനമായ സംരക്ഷണം. ഇപ്പോഴത്തെ ജീവിതത്തെക്കാൾ അമൂല്യമായ മറ്റൊന്നുണ്ടെന്ന്‌ സത്യക്രിസ്‌ത്യാനികളായ നാം തിരിച്ചറിയുന്നു. അത്‌ യഹോവയുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധമാണ്‌. (സങ്കീ. 25:14; 63:3) ആ ബന്ധം ഇല്ലാത്തപക്ഷം ഇപ്പോഴത്തെ ജീവിതം നിരർഥകവും ഭാവി ഇരുളടഞ്ഞതുമായിരിക്കും.

13 യഹോവയുമായി ഉറ്റബന്ധം നിലനിറുത്താനാവശ്യമായ എല്ലാ സഹായവും അവൻ നമുക്കു ചെയ്‌തുതരുന്നുണ്ട്‌. അവന്റെ വചനവും പരിശുദ്ധാത്മാവും ക്രിസ്‌തീയസഭയും അതിൽപ്പെടുന്നു. ഈ കരുതലുകൾ നമുക്ക്‌ എങ്ങനെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനാകും? ക്രമമായും ഉത്സാഹത്തോടെയും ദൈവവചനം പഠിക്കുന്നതിലൂടെ വിശ്വാസം ബലപ്പെടുത്താനും പ്രത്യാശ ശോഭനമാക്കാനും നമുക്കു കഴിയും. (റോമ. 15:4) പരിശുദ്ധാത്മാവിനായി ആത്മാർഥതയോടെ പ്രാർഥിക്കുകവഴി അനുചിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള പ്രലോഭനം ചെറുത്തുനിൽക്കാൻ നാം പ്രാപ്‌തരായിത്തീരും. (ലൂക്കൊ. 11:13) ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെയും അടിമവർഗം പ്രദാനംചെയ്യുന്ന മാർഗനിർദേശം പിൻപറ്റിക്കൊണ്ട്‌ ‘തൽസമയത്തുള്ള ഭക്ഷണത്താൽ’ നാം പോഷിപ്പിക്കപ്പെടുന്നു. (മത്താ. 24:45) ഇവയെല്ലാം നമ്മെ ആത്മീയമായി സംരക്ഷിക്കുകയും ദൈവവുമായുള്ള ഉറ്റബന്ധം കാത്തുസൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.—യാക്കോ. 4:8.

14. ആത്മീയ സംരക്ഷണത്തെ പ്രദീപ്‌തമാക്കുന്ന ഒരു അനുഭവം വിവരിക്കുക.

14 ഇത്തരം ആത്മീയ സംരക്ഷണത്തെ പ്രദീപ്‌തമാക്കുന്നതാണ്‌ മുൻലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച മാതാപിതാക്കളുടെ അനുഭവം. തെരേസയെ കാണാതായി ഏതാനും ദിവസത്തിനുശേഷം അവൾ കൊല്ലപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാർത്തയാണ്‌ ആ മാതാപിതാക്കൾക്കു കേൾക്കാനായത്‌. * തെരേസയുടെ പിതാവ്‌ പറയുന്നു: “അവളെ സംരക്ഷിക്കാൻ ഞാൻ യഹോവയോടു പ്രാർഥിച്ചിരുന്നു. അവൾ കൊലചെയ്യപ്പെട്ട വിവരം അറിഞ്ഞപ്പോൾ യഹോവ എന്തുകൊണ്ട്‌ എന്റെ പ്രാർഥന കേട്ടില്ല എന്ന്‌ ഞാൻ ആദ്യം ചിന്തിച്ചു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. വ്യക്തികളെന്ന നിലയിൽ യഹോവ തന്റെ ജനത്തിന്‌ അത്ഭുതകരമായ സംരക്ഷണം ഉറപ്പു നൽകിയിട്ടില്ല എന്ന്‌ എനിക്കറിയാം. ഗ്രാഹ്യത്തിനായി ഞാൻ തുടർച്ചയായി പ്രാർഥിച്ചു. യഹോവ തന്റെ ജനത്തെ ആത്മീയമായി സംരക്ഷിക്കുന്നുവെന്ന്‌, അവനുമായുള്ള നമ്മുടെ ബന്ധം കാത്തുസൂക്ഷിക്കാൻ ആവശ്യമായത്‌ അവൻ പ്രദാനം ചെയ്യുന്നുവെന്ന്‌ ഉള്ള അറിവ്‌ എനിക്ക്‌ ആശ്വാസം നൽകിയിരിക്കുന്നു. ആ വിധത്തിലുള്ള സംരക്ഷണമാണ്‌ ഏറ്റവും പ്രധാനം; കാരണം അതിലാണു നമ്മുടെ നിത്യഭാവി ആശ്രയിച്ചിരിക്കുന്നത്‌. ആ അർഥത്തിൽ യഹോവ തെരേസയെ സംരക്ഷിക്കുകതന്നെ ചെയ്‌തു; മരിച്ച സമയത്ത്‌ അവൾ അവനെ വിശ്വസ്‌തമായി സേവിക്കുകയായിരുന്നു. അവളുടെ ഭാവി ജീവിതപ്രതീക്ഷകൾ അവന്റെ സ്‌നേഹപൂർവകമായ കരങ്ങളിലാണെന്ന്‌ അറിയുന്നത്‌ എനിക്ക്‌ ആശ്വാസം നൽകിയിരിക്കുന്നു.”

രോഗശയ്യയിൽ പരിപാലിക്കുന്നു

15. രോഗശയ്യയിലായിരിക്കെ യഹോവ നമ്മെ ഏതു വിധങ്ങളിൽ സഹായിച്ചേക്കാം?

15 ദാവീദിന്റെ കാര്യത്തിലെന്നപോലെ യഹോവ നമ്മെയും “രോഗശയ്യയിൽ താങ്ങും.” (സങ്കീ. 41:3) അത്ഭുതകരമായി സുഖപ്പെടുത്തിക്കൊണ്ട്‌ ഇക്കാലത്ത്‌ യഹോവ നമ്മെ വിടുവിക്കുന്നില്ലെങ്കിലും അവൻ തീർച്ചയായും നമ്മെ സഹായിക്കുന്നുണ്ട്‌. എങ്ങനെ? ദൈവവചനത്തിലെ തത്ത്വങ്ങൾ, ചികിത്സയും മറ്റു കാര്യങ്ങളും സംബന്ധിച്ച്‌ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിച്ചേക്കാം. (സദൃ. 2:6) ആരോഗ്യപ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന വീക്ഷാഗോപുരം, ഉണരുക! ലേഖനങ്ങളിൽനിന്ന്‌ സഹായകമായ വിവരങ്ങളോ പ്രായോഗിക നിർദേശങ്ങളോ നമുക്കു ലഭിച്ചേക്കാം. എന്തുതന്നെ സംഭവിച്ചാലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും വിശ്വസ്‌തത കാക്കാനും ആവശ്യമായ “അത്യന്തശക്തി” യഹോവ തന്റെ ആത്മാവിലൂടെ നമുക്കു പ്രദാനം ചെയ്‌തേക്കാം. (2 കൊരി. 4:7) ആത്മീയകാര്യങ്ങളിൽനിന്ന്‌ നമ്മുടെ ശ്രദ്ധ വ്യതിചലിക്കുന്ന അളവോളം ഉത്‌കണ്‌ഠയിൽ ആണ്ടുപോകാതിരിക്കാൻ അതു നമ്മെ സഹായിക്കും.

16. ഒരു സഹോദരൻ തന്റെ രോഗവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നത്‌ എങ്ങനെ?

16 അടുത്തതായി, മുൻലേഖനത്തിൽ പരാമർശിച്ച ആ യുവസഹോദരന്റെ കാര്യം നോക്കാം. 1998-ൽ അവന്‌ ഒരു മാരകരോഗം (അമ്യോട്രോഫിക്‌ ലാറ്ററൽ സ്‌ക്ലിറോസിസ്‌) പിടിപെട്ടിരിക്കുന്നതായി കണ്ടെത്തി. ക്രമേണ ഈ രോഗം അവന്റെ ശരീരത്തെ പൂർണമായി തളർത്തിക്കളഞ്ഞു. * തനിക്ക്‌ ഈ രോഗവുമായി പൊരുത്തപ്പെട്ടു ജീവിക്കാനാകുന്നത്‌ എങ്ങനെയെന്ന്‌ അവൻ വിവരിക്കുന്നു: “തീവ്രവേദനയും നിരാശയും നിമിത്തം, മരണമാണ്‌ ഏക രക്ഷാമാർഗമെന്നു തോന്നിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്‌. അപ്പോഴൊക്കെ പ്രശാന്തമായ ഒരു മനസ്സിനും ക്ഷമയ്‌ക്കും സഹിഷ്‌ണുതയ്‌ക്കുംവേണ്ടി ഞാൻ യഹോവയോട്‌ പ്രാർഥിക്കും. യഹോവ എന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകിയെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പുതിയ ലോകത്തിലെ ജീവിതം എത്ര സുന്ദരമായിരിക്കും എന്നതുപോലുള്ള ആശ്വാസപ്രദമായ കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കാൻ പ്രശാന്തമായ മനസ്സ്‌ എന്നെ സഹായിക്കുന്നു. വീണ്ടും നടക്കാനും ഭക്ഷണം ആസ്വദിച്ചു കഴിക്കാനും കുടുംബാംഗങ്ങളോടു സംഭാഷിക്കാനും കഴിയുന്ന ആ സമയം എന്തു രസമായിരിക്കും! രോഗത്തിന്റെ കഷ്ടപ്പാടുകളും വെല്ലുവിളികളുമായി ഒത്തുപോകാൻ ക്ഷമ എന്നെ സഹായിക്കുന്നു. വിശ്വസ്‌തതയും ആത്മീയ സമനിലയും കാത്തുസൂക്ഷിക്കാൻ സഹിഷ്‌ണുതയും എന്നെ പ്രാപ്‌തനാക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദിന്റെ അതേ വികാരമാണ്‌ എനിക്കുമുള്ളത്‌; കാരണം രോഗശയ്യയിൽ യഹോവ എന്നെ പിന്തുണച്ചിരിക്കുന്നുവെന്ന്‌ എനിക്കുറപ്പുണ്ട്‌.”—യെശ. 35:5, 6.

അവശ്യവസ്‌തുക്കൾ പ്രദാനംചെയ്യുന്നു

17. യഹോവ നമുക്ക്‌ എന്തു വാഗ്‌ദാനം നൽകിയിരിക്കുന്നു, അത്‌ എന്തർഥമാക്കുന്നു?

17 നമ്മുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റിത്തരുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്യുന്നു. (മത്തായി 6:33, 34; എബ്രായർ 13:5, 6 എന്നിവ വായിക്കുക.) എല്ലാം അത്ഭുതകരമായി നടന്നുകൊള്ളും എന്നു വിചാരിച്ച്‌ പണിയൊന്നും ചെയ്യാതെ കഴിയാമെന്നല്ല അതിനർഥം. (2 തെസ്സ. 3:10) ആ വാഗ്‌ദാനത്തിന്റെ താത്‌പര്യം ഇതാണ്‌: ഒന്നാമതു ദൈവരാജ്യം അന്വേഷിച്ചുകൊണ്ട്‌ ഉപജീവനമാർഗം തേടുന്നപക്ഷം അടിസ്ഥാനാവശ്യങ്ങൾ കണ്ടെത്താൻ യഹോവ തീർച്ചയായും നമ്മെ സഹായിക്കും. (1 തെസ്സ. 4:11, 12; 1 തിമൊ. 5:8) നാം പ്രതീക്ഷിക്കാത്ത വിധങ്ങളിൽപ്പോലും നമ്മുടെ ആവശ്യങ്ങൾക്കായി കരുതാൻ അവനു കഴിയും; സാമ്പത്തികമായി നമ്മെ സഹായിക്കുകയോ ഒരു ജോലി തരപ്പെടുത്തിത്തരുകയോ ചെയ്യുന്ന സഹവിശ്വാസികളിലൂടെ ആയിരിക്കാം അത്‌.

18. അവശ്യഘട്ടങ്ങളിൽ യഹോവ നമുക്കായി കരുതിയേക്കാം എന്നു കാണിക്കുന്ന ഒരു അനുഭവം പറയുക.

18 മുൻലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ഒറ്റയ്‌ക്കുള്ള ആ മാതാവിന്റെ കാര്യം ഓർക്കുക. അവരും ഇളംപ്രായത്തിലുള്ള മകളും ഒരു പുതിയ സ്ഥലത്തേക്കു താമസം മാറിയപ്പോൾ ഒരു ജോലി കണ്ടെത്താൻ നന്നേ പണിപ്പെട്ടു. അവർ പറയുന്നു: “ദിവസവും രാവിലെ വയൽസേവനം ചെയ്‌തശേഷം ഉച്ചതിരിഞ്ഞ്‌ ജോലി അന്വേഷിച്ച്‌ പോകുമായിരുന്നു. പാൽ വാങ്ങാനായി കടയിൽ പോയ ഒരു ദിവസം ഞാനോർക്കുന്നു. അവിടെ പലതരം പച്ചക്കറികൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല. ഇത്രമാത്രം നിരാശ തോന്നിയ ഒരു സമയം ജീവിതത്തിൽ എനിക്കുണ്ടായിട്ടില്ല. അന്നു തിരിച്ചു വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്‌ച എന്നെ അതിശയിപ്പിച്ചു, പുറകുവശത്തെ വരാന്ത നിറയെ പലകൂട്ടം പച്ചക്കറികൾ! മാസങ്ങളോളം ഉപയോഗിക്കാൻമാത്രം ഉണ്ടായിരുന്നു അത്‌. നിറകണ്ണുകളോടെ ഞാൻ യഹോവയ്‌ക്കു നന്ദിപറഞ്ഞു.” സഭയിലുള്ള, പച്ചക്കറികൃഷി നടത്തുന്ന ഒരു സഹോദരനാണ്‌ അത്‌ അവിടെ എത്തിച്ചതെന്ന്‌ സഹോദരി താമസിയാതെ മനസ്സിലാക്കി. അവർ പിന്നീട്‌ അദ്ദേഹത്തിന്‌ ഇങ്ങനെ എഴുതി: “അന്നു ഞാൻ സഹോദരനോടു നന്ദി പറഞ്ഞതോടൊപ്പം യഹോവയ്‌ക്കും നന്ദി കരേറ്റി; കാരണം സഹോദരന്റെ ആ ദയാപ്രവൃത്തിയിലൂടെ തന്റെ സ്‌നേഹത്തെക്കുറിച്ച്‌ അവൻ എന്നെ ഓർമപ്പെടുത്തുകയായിരുന്നു.”—സദൃ. 19:17.

19. മഹാകഷ്ടം ആഞ്ഞടിക്കുമ്പോൾ ദൈവദാസർക്ക്‌ എന്ത്‌ ഉറപ്പുള്ളവരായിരിക്കാം, ഇപ്പോൾ എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കണം?

19 ബൈബിൾക്കാലങ്ങളിലും ഇക്കാലത്തും യഹോവ ചെയ്‌തിട്ടുള്ള കാര്യങ്ങൾ നമ്മുടെ സഹായകനെന്നനിലയിൽ നമുക്ക്‌ അവനിൽ ആശ്രയിക്കാമെന്നതിനുള്ള വ്യക്തമായ തെളിവാണ്‌. ഈ സാത്താന്യ ലോകത്തിന്മേൽ പെട്ടെന്നുതന്നെ മഹാകഷ്ടം ആഞ്ഞടിക്കുമ്പോൾ യഹോവയുടെ സഹായം നമുക്ക്‌ മുമ്പെന്നത്തേതിലും ആവശ്യമായി വരും. അപ്പോൾ അടിയുറച്ച വിശ്വാസത്തോടെ അവനിലേക്കു നോക്കാനും നമ്മുടെ വീണ്ടെടുപ്പ്‌ അടുത്തിരിക്കുന്നുവെന്ന്‌ അറിഞ്ഞുകൊണ്ട്‌ തലകളുയർത്താനും നമുക്കാകും. (ലൂക്കൊ. 21:28) അതുകൊണ്ട്‌, എന്തെല്ലാം പരിശോധനകൾ നേരിടേണ്ടിവന്നാലും മാറ്റമില്ലാത്തവനായ യഹോവ നമ്മെ ‘വിടുവിക്കുമെന്ന’ പൂർണബോധ്യത്തോടെ നമുക്ക്‌ അവനിൽ ആശ്രയിക്കാം.

[അടിക്കുറിപ്പുകൾ]

^ ഖ. 14 2001 ആഗസ്റ്റ്‌ 8 ലക്കം ഉണരുക!യുടെ 25-29 പേജുകളിലെ “അതിദാരുണമായ ഒരു ദുരന്തവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു” എന്ന ലേഖനം കാണുക.

^ ഖ. 16 2006 ജനുവരി ലക്കം ഉണരുക!യുടെ 25-29 പേജുകളിലെ “വിശ്വാസത്താൽ നിലനിൽക്കുന്നു—എഎൽഎസ്‌ രോഗവുമായി ജീവിക്കുന്നു” എന്ന ലേഖനം കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• അകാലത്തിൽ മരണമടഞ്ഞവരെ യഹോവ എങ്ങനെ വിടുവിക്കും?

• ആത്മീയ സംരക്ഷണം സർവപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ഭൗതികമായി നമുക്കുവേണ്ടി കരുതുമെന്ന യഹോവയുടെ വാഗ്‌ദാനത്തിന്റെ അർഥമെന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[8-ാം പേജിലെ ചിത്രം]

1918-ൽ അറസ്റ്റിലായ റഥർഫോർഡ്‌ സഹോദരനും സഹകാരികളും. പിന്നീട്‌ മോചിതരായ അവർ കുറ്റവിമുക്തരാക്കപ്പെട്ടു

[10-ാം പേജിലെ ചിത്രം]

രോഗശയ്യയിൽ യഹോവ നമ്മെ പരിപാലിക്കും