വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂട്ടംതെറ്റി ഉഴലുന്നവരെ സഹായിക്കുക

കൂട്ടംതെറ്റി ഉഴലുന്നവരെ സഹായിക്കുക

കൂട്ടംതെറ്റി ഉഴലുന്നവരെ സഹായിക്കുക

“കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ.”—ലൂക്കൊ. 15:6.

1. സ്‌നേഹവാനായ ഒരു ഇടയനാണു താനെന്ന്‌ യേശു തെളിയിച്ചത്‌ എങ്ങനെ?

യഹോവയുടെ ഏകജാതപുത്രനായ യേശുക്രിസ്‌തുവിനെ ‘ആടുകളുടെ വലിയ ഇടയൻ’ എന്നു സംബോധന ചെയ്‌തിരിക്കുന്നു. (എബ്രാ. 13:20) ഇസ്രായേലിലെ ‘കാണാതെപോയ ആടുകളെ’ തേടിയെത്തിയ ഈ അതുല്യ ഇടയനെക്കുറിച്ച്‌ തിരുവെഴുത്തുകൾ മുൻകൂട്ടി പറഞ്ഞിരുന്നു. (മത്താ. 2:1-6; 15:24) ഒരു ആട്ടിടയൻ ആടുകളെ രക്ഷിക്കാൻ സ്വജീവൻപോലും അപായപ്പെടുത്തിയേക്കാം. അതുപോലെ, യേശുവും തന്റെ മറുവിലായാഗത്തിൽനിന്ന്‌ പ്രയോജനംനേടുമായിരുന്ന ചെമ്മരിയാടുതുല്യരായ മനുഷ്യർക്കുവേണ്ടി ജീവത്യാഗം ചെയ്‌തു.—യോഹ. 10:11, 15; 1 യോഹ. 2:1, 2.

2. ചില ക്രിസ്‌ത്യാനികൾ നിഷ്‌ക്രിയരായത്‌ ഏതു കാരണത്താലാകാം?

2 യേശുവിന്റെ ആ ത്യാഗത്തെ വിലമതിച്ചുകൊണ്ട്‌ ദൈവത്തിനു സമർപ്പണം നടത്തിയ ചിലർ ഇപ്പോൾ ക്രിസ്‌തീയ സഭയുമായി സഹവസിക്കുന്നില്ല എന്നത്‌ ദുഃഖകരമാണ്‌. നിരുത്സാഹമോ ആരോഗ്യപ്രശ്‌നങ്ങളോ ഒക്കെ ആയിരിക്കാം തീക്ഷ്‌ണത നഷ്ടമാകുന്നതിലേക്കും ഒടുവിൽ നിഷ്‌ക്രിയരാകുന്നതിലേക്കും അവരെ നയിച്ചത്‌. എന്നാൽ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഭാഗമായിരുന്നാൽമാത്രമേ അവർക്ക്‌ 23-ാം സങ്കീർത്തനത്തിൽ ദാവീദ്‌ വർണിച്ചിരിക്കുന്ന പ്രശാന്തതയും സന്തോഷവും ആസ്വദിക്കാനാകൂ. ഉദാഹരണത്തിന്‌ ഒന്നാം വാക്യം ഇങ്ങനെ പറയുന്നു: “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ആത്മീയമായി ഒന്നിനും കുറവില്ലാത്തവരാണു ദൈവത്തിന്റെ ആട്ടിൻപറ്റം; എന്നാൽ കൂട്ടംവിട്ടുപോയവരെക്കുറിച്ച്‌ നമുക്കതു പറയാനാവില്ല. ആർക്കാണ്‌ അവരെ സഹായിക്കാനാകുക? സഹായം എങ്ങനെ ലഭ്യമാക്കാനാകും? അതേ, അവരെ കൂട്ടത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിന്‌ എന്തു ചെയ്യാനാകും?

ആർക്കു സഹായിക്കാം?

3. കൂട്ടംതെറ്റിയ ആടുകളെ തിരിച്ചുകൊണ്ടുവരാൻ എന്തു ചെയ്യണമെന്നാണ്‌ യേശു പറഞ്ഞത്‌?

3 ആത്മാർഥമായി ശ്രമിച്ചെങ്കിൽമാത്രമേ ദൈവത്തിന്റെ ആട്ടിൻപറ്റം വിട്ടുപോയവരെ മടക്കിക്കൊണ്ടുവരാൻ സാധിക്കൂ. (സങ്കീ. 100:3) പിൻവരുന്ന ദൃഷ്ടാന്തം പറഞ്ഞപ്പോൾ യേശു അതാണ്‌ അർഥമാക്കിയത്‌. അവൻ പറഞ്ഞു: “ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.” (മത്താ. 18:12-14) കൂട്ടംതെറ്റി ഉഴലുന്ന ചെമ്മരിയാടുതുല്യരെ ആർക്കു സഹായിക്കാനാകും?

4, 5. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട്‌ മൂപ്പന്മാർക്ക്‌ ഏതു മനോഭാവം ഉണ്ടായിരിക്കണം?

4 യഹോവയുടെ എല്ലാ സമർപ്പിത ദാസന്മാരും ചേരുന്നതാണ്‌ ‘ദൈവത്തിന്റെ ആട്ടിൻകൂട്ടം,’ അവർ അവനു പ്രിയപ്പെട്ടവരുമാണ്‌. ഇത്‌ എപ്പോഴും ക്രിസ്‌തീയ മൂപ്പന്മാരുടെ മനസ്സിലുണ്ടായിരിക്കണം. എങ്കിൽ മാത്രമേ ദൈവത്തിന്റെ ‘മേച്ചിൽപ്പുറം’ വിട്ടുപോയ ആടുകളെ തേടിപ്പോകാൻ അവർക്കു പ്രചോദനമുണ്ടാകൂ. (സങ്കീ. 79:13) യഹോവയ്‌ക്കു പ്രിയരായ ഈ ആടുകൾക്ക്‌ ആർദ്രതയോടെയുള്ള കരുതൽ ആവശ്യമാണ്‌. സ്‌നേഹസമ്പന്നരായ ഇടയന്മാർ അവരുടെ കാര്യത്തിൽ വ്യക്തിപരമായ താത്‌പര്യം എടുക്കണം എന്നാണ്‌ ഇതിനർഥം. സൗഹാർദപരമായ ഇടയസന്ദർശനങ്ങൾ ഇക്കാര്യത്തിൽ വളരെ ഫലപ്രദമാണ്‌. ഇടയന്മാരിൽനിന്നു ലഭിക്കുന്ന സ്‌നേഹപൂർവമായ പ്രോത്സാഹനം അവരെ ആത്മീയമായി ബലപ്പെടുത്തുകയും ആട്ടിൻകൂട്ടത്തിലേക്കു തിരികെവരാനുള്ള അവരുടെ ആഗ്രഹത്തിന്‌ ആക്കം കൂട്ടുകയും ചെയ്‌തേക്കാം.—1 കൊരി. 8:1.

5 തെറ്റിപ്പോയവരെ അന്വേഷിച്ചു കണ്ടുപിടിക്കാനും വേണ്ട സഹായം നൽകാനുമുള്ള ഉത്തരവാദിത്വം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്ന ഇടയന്മാർക്കുണ്ട്‌. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇക്കാര്യം പുരാതന എഫെസൊസിലെ ക്രിസ്‌തീയ മൂപ്പന്മാരെ ഓർമിപ്പിച്ചു: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്‌പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ. 20:28) ഇതുപോലെ അപ്പൊസ്‌തലനായ പത്രൊസും അഭിഷിക്ത മൂപ്പന്മാരെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി, “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.”—1 പത്രൊ. 5:1-3.

6. ദൈവത്തിന്റെ ആടുകൾക്ക്‌ ഇടയന്മാരുടെ പരിപാലനം ഇന്ന്‌ വിശേഷാൽ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ‘നല്ല ഇടയനായ’ യേശുവായിരിക്കണം ക്രിസ്‌തീയ ഇടയന്മാരുടെ മാതൃക. (യോഹ. 10:11) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട്‌ യേശുവിന്‌ ആഴമായ താത്‌പര്യം ഉണ്ടായിരുന്നു. “എന്റെ കുഞ്ഞാടുകളെ മേയ്‌ക്ക” എന്ന്‌ പത്രൊസിനോട്‌ പറഞ്ഞപ്പോൾ അവരെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം അവൻ ചൂണ്ടിക്കാണിക്കുകയായിരുന്നു. (യോഹന്നാൻ 21:15-17 വായിക്കുക.) ദൈവത്തിന്റെ സമർപ്പിത ദാസരുടെ വിശ്വസ്‌തത തകർക്കാൻ പിശാച്‌ കിണഞ്ഞു പരിശ്രമിക്കുന്ന ഇക്കാലത്ത്‌ ഇത്തരം പരിപാലനത്തിന്റെ ആവശ്യം വിശേഷാലുണ്ട്‌. പാപപൂർണമായ ഒരു ഗതിയിലേക്ക്‌ ദൈവജനത്തെ തള്ളിവിടാൻ ജഡിക ബലഹീനതകളെയും ഈ ലോകത്തെയും സാത്താൻ ഉപയോഗപ്പെടുത്തുന്നു. (1 യോഹ. 2:15-17; 5:19) നിഷ്‌ക്രിയരായവർ സാത്താന്റെ ഈ ആക്രമണത്തിൽ വീണുപോകാനുള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ട്‌ ‘ആത്മാവിനെ അനുസരിച്ചു നടക്കാൻ’ അവർക്കു സഹായം ആവശ്യമാണ്‌. (ഗലാ. 5:16-21, 25) ഈ സഹായം നൽകുന്നതിന്‌ ഇടയന്മാർ പ്രാർഥനാപൂർവം ദൈവത്തിലും അവന്റെ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിലും ആശ്രയിക്കേണ്ടതുണ്ട്‌; ദൈവവചനം വിദഗ്‌ധമായി ഉപയോഗിക്കുകയും വേണം.—സദൃ. 3:5, 6; ലൂക്കൊ. 11:13; എബ്രാ. 4:12.

7. മൂപ്പന്മാർ ഇടയവേല ചെയ്യേണ്ടത്‌ എത്ര പ്രധാനമാണ്‌?

7 പുരാതന ഇസ്രായേലിൽ ആടുകളെ നയിച്ചുകൊണ്ടുപോകുന്നതിന്‌ ഇടയന്മാർ ഒരറ്റം വളഞ്ഞ നീണ്ട കോൽ ഉപയോഗിച്ചിരുന്നു. ആടുകളെ തൊഴുത്തിലേക്കു കയറ്റുമ്പോഴോ ഇറക്കുമ്പോഴോ “കോലിൻ കീഴെ കടന്നുപോകുന്ന” ഒരോന്നിനെയും എണ്ണാൻ ഇടയനു സാധിച്ചിരുന്നു. (ലേവ്യ. 27:32; മീഖാ 2:12; 7:14) സമാനമായി ക്രിസ്‌തീയ ഇടയന്മാർ തങ്ങളുടെ പരിപാലനയിലുള്ള ആടുകളെ അറിയുന്നവരും അവരുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരും ആയിരിക്കണം. (സദൃശവാക്യങ്ങൾ 27:23 താരതമ്യം ചെയ്യുക.) അതുകൊണ്ടുതന്നെ മൂപ്പന്മാരുടെ സംഘം ചർച്ചചെയ്യുന്ന ഒരു പ്രധാനവിഷയമാണ്‌ ഇടയസന്ദർശനങ്ങൾ. കൂട്ടംതെറ്റിപ്പോയവരെ സഹായിക്കാനുള്ള ക്രമീകരണങ്ങളും അവർ ചെയ്യുന്നു. തന്റെ ആടുകളെ തിരഞ്ഞുനോക്കി അവയ്‌ക്കുവേണ്ട പരിചരണം നൽകുമെന്ന്‌ യഹോവതന്നെ പറഞ്ഞിട്ടുണ്ടല്ലോ. (യെഹെ. 34:11) അതുകൊണ്ട്‌ കൂട്ടംതെറ്റി ഉഴലുന്ന ആടുകളെ തിരികെക്കൊണ്ടുവരാൻ മൂപ്പന്മാർ നടത്തുന്ന ഓരോ ശ്രമവും യഹോവയെ സംപ്രീതനാക്കും.

8. നിഷ്‌ക്രിയനായ ഒരു വ്യക്തിയെ മൂപ്പന്മാർക്ക്‌ ഏതൊക്കെ വിധങ്ങളിൽ സഹായിക്കാനാകും?

8 ഒരു മൂപ്പന്റെ സന്ദർശനം രോഗിയായ സഹവിശ്വാസിക്ക്‌ ആശ്വാസവും സന്തോഷവും നൽകുന്ന കാര്യമാണ്‌. ആത്മീയ അർഥത്തിലും ഇതു സത്യമാണ്‌. നിഷ്‌ക്രിയനായ പ്രസാധകനോടൊപ്പം തിരുവെഴുത്തുകൾ വായിക്കാനോ ഒരു ലേഖനം പരിചിന്തിക്കാനോ യോഗങ്ങളിലെ മുഖ്യ ആശയങ്ങൾ ചർച്ചചെയ്യാനോ പ്രാർഥിക്കാനോ ഒക്കെ മൂപ്പന്മാർക്കു കഴിഞ്ഞേക്കും. അദ്ദേഹം വീണ്ടും യോഗങ്ങളിൽ സംബന്ധിച്ചുകാണാൻ സഹോദരങ്ങൾക്ക്‌ ആകാംക്ഷയുണ്ടെന്ന്‌ മൂപ്പന്മാർക്ക്‌ പറയാനാകും. (2 കൊരി. 1:3-7; യാക്കോ. 5:13-15) ഒന്നു സന്ദർശിക്കുന്നതോ ഫോൺവിളിക്കുന്നതോ കത്തെഴുതുന്നതോ ഒക്കെ വലിയ സഹായമായേക്കാം. തെറ്റിപ്പോയവരെ കൂട്ടത്തിലേക്കു തിരികെക്കൊണ്ടുവരാൻ ഒരു മൂപ്പൻ നടത്തുന്ന ശ്രമങ്ങൾ അദ്ദേഹത്തിനും സന്തോഷം നൽകും.

കൂട്ടായ ശ്രമം

9, 10. നിഷ്‌ക്രിയരോട്‌ താത്‌പര്യം കാണിക്കേണ്ടത്‌ മൂപ്പന്മാർ മാത്രമല്ല എന്നു നിങ്ങൾ പറയുന്നത്‌ എന്തുകൊണ്ട്‌?

9 തിരക്കുപിടിച്ചതും ദുർഘടവുമായ നാളുകളിലാണു നാം ജീവിക്കുന്നത്‌. അതുകൊണ്ടുതന്നെ ഒരു സഹവിശ്വാസി സഭയിൽനിന്ന്‌ അകന്നുപോകുന്നത്‌ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോയേക്കാം. (എബ്രാ. 2:1) എന്നാൽ യഹോവയ്‌ക്ക്‌ അവന്റെ ആടുകൾ പ്രിയപ്പെട്ടവരാണ്‌. മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും മൂല്യമുള്ളതുപോലെ സഭയിലെ ഓരോ അംഗത്തിനും മൂല്യമുണ്ട്‌. അതുകൊണ്ട്‌ നാം ഓരോരുത്തരും അന്യോന്യം താത്‌പര്യമെടുക്കുകയും കരുതുകയും വേണം. (1 കൊരി. 12:25) നിങ്ങൾക്ക്‌ ഈ മനോഭാവമാണോ ഉള്ളത്‌?

10 തെറ്റി ഉഴലുന്ന ആടുകളെ തേടിപ്പിടിച്ച്‌ സഹായിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമായും മൂപ്പന്മാർക്കാണ്‌. എന്നാൽ മൂപ്പന്മാരെ സഹായിച്ചുകൊണ്ട്‌ മറ്റുള്ളവർക്കും ഇക്കാര്യത്തിൽ താത്‌പര്യമെടുക്കാൻ കഴിയും. കൂട്ടത്തിലേക്കു മടങ്ങിവരാൻ സഹായം ആവശ്യമുള്ള സഹോദരീസഹോദരന്മാർക്കു പ്രോത്സാഹനവും ആത്മീയ സഹായവും നൽകാൻ നമുക്കാകും, നാം അതു ചെയ്യുകയും വേണം. അത്‌ എങ്ങനെ സാധിക്കും?

11, 12. നിഷ്‌ക്രിയരെ സഹായിക്കാൻ നിങ്ങൾക്ക്‌ ഏത്‌ അവസരം ലഭിച്ചേക്കാം?

11 സഹായം ആഗ്രഹിക്കുന്ന നിഷ്‌ക്രിയരായ വ്യക്തികൾക്ക്‌ അധ്യയനം നടത്താൻ പരിചയസമ്പന്നരായ പ്രസാധകരോട്‌ മൂപ്പന്മാർ ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം. അവർക്കുണ്ടായിരുന്ന “ആദ്യസ്‌നേഹം” പുനർജ്വലിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. (വെളി. 2:1, 4) അവർ സഭയിൽ വരാതിരുന്ന സമയത്ത്‌ യോഗങ്ങളിൽ പരിചിന്തിച്ച വിഷയങ്ങൾ പങ്കുവെക്കുകവഴി അവരെ ആത്മീയമായി ഉണർത്താനും ബലിഷ്‌ഠമാക്കാനും സാധിക്കും.

12 ആത്മീയ സഹായം ആവശ്യമുള്ള ഒരു സഹവിശ്വാസിക്ക്‌ അധ്യയനം നടത്താൻ മൂപ്പന്മാർ നിങ്ങളോട്‌ ആവശ്യപ്പെട്ടാൽ നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കുന്നതിനായി യഹോവയുടെ വഴിനടത്തിപ്പിനും അനുഗ്രഹത്തിനുമായി പ്രാർഥിക്കുക. “നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും” എന്ന്‌ സദൃശവാക്യങ്ങൾ 16:3 പറയുന്നു. അവരുമൊത്തു ചർച്ചചെയ്യാനുതകുന്ന തിരുവെഴുത്തുകളെയും വിശ്വാസം ബലിഷ്‌ഠമാക്കുന്ന ആശയങ്ങളെയും കുറിച്ച്‌ മുന്നമേ ചിന്തിക്കുക. പൗലൊസിന്റെ നല്ല മാതൃക മനസ്സിൽപ്പിടിക്കാൻ കഴിയും. (റോമർ 1:11, 12 വായിക്കുക.) “ആത്മികവരം വല്ലതും” നൽകി റോമിലെ ക്രിസ്‌ത്യാനികളെ ശക്തിപ്പെടുത്തുന്നതിന്‌ അവരെ കാണാൻ പൗലൊസ്‌ അതിയായി വാഞ്‌ഛിച്ചു. പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അവസരമായും അവൻ അതിനെ വീക്ഷിച്ചു. ദൈവത്തിന്റെ മേച്ചിൽപ്പുറം വിട്ടുപോയ ആടുകളെ സഹായിക്കുമ്പോൾ നമുക്കും അതേ മനോഭാവം ഉണ്ടായിരിക്കേണ്ടതല്ലേ?

13. നിഷ്‌ക്രിയനായ ഒരു വ്യക്തിയുമായി നിങ്ങൾക്ക്‌ എന്തെല്ലാം ചർച്ചചെയ്യാനാകും?

13 ‘നിങ്ങൾ സത്യം പഠിച്ചത്‌ എങ്ങനെയാണ്‌’ എന്ന്‌ അധ്യയനത്തിനിടയിൽ എപ്പോഴെങ്കിലും അവരോട്‌ ചോദിക്കാം. സഭയുമായി സഹവസിച്ചുകൊണ്ടിരുന്നപ്പോൾ ആസ്വദിച്ചിരുന്ന നല്ല കാര്യങ്ങൾ അവരുടെ ഓർമയിൽ കൊണ്ടുവരുക, യോഗങ്ങളിലും സമ്മേളനങ്ങളിലും വയൽസേവനത്തിലും പങ്കെടുത്തപ്പോൾ ലഭിച്ച സന്തോഷകരമായ അനുഭവങ്ങളെക്കുറിച്ചു പറയാൻ അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾ ഒരുമിച്ചാസ്വദിച്ച നല്ല നാളുകളെക്കുറിച്ചും പറയാൻ സാധിക്കും. യഹോവയോടു കൂടുതൽ അടുക്കുന്നതിൽനിന്ന്‌ നിങ്ങൾ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ പ്രയോജനകരമാണ്‌. (യാക്കോ. 4:8) തന്റെ ജനമായ നമുക്കുവേണ്ടി യഹോവ നൽകിയിരിക്കുന്ന കരുതലുകളോടുള്ള നിങ്ങളുടെ നന്ദി പ്രകാശിപ്പിക്കുക, വിശേഷിച്ചും നമുക്കു പ്രശ്‌നങ്ങൾ നേരിടുമ്പോൾ അവൻ നൽകുന്ന ആശ്വാസത്തെയും പ്രത്യാശയെയും കുറിച്ച്‌ സംസാരിക്കാൻ കഴിയും.—റോമ. 15:4; 2 കൊരി. 1:3, 4.

14, 15. നിഷ്‌ക്രിയരെ അവർ ആസ്വദിച്ചിരുന്ന ഏതൊക്കെ അനുഗ്രഹങ്ങളെക്കുറിച്ച്‌ ഓർമിപ്പിക്കുന്നത്‌ സഹായകമായിരിക്കും?

14 സഭയുമായി അടുത്തബന്ധം ഉണ്ടായിരുന്നപ്പോൾ അവർ ആസ്വദിച്ച അനുഗ്രഹങ്ങളെക്കുറിച്ച്‌ ഓർമിപ്പിക്കുന്നതും സഹായകമാണ്‌. ഉദാഹരണത്തിന്‌, ദൈവത്തിന്റെ വചനത്തെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചുമുള്ള പരിജ്ഞാനത്തിൽ വളരാൻ അവർക്കു കഴിഞ്ഞിരുന്നു. (സദൃ. 4:18) ‘ആത്മാവിനെ അനുസരിച്ചു നടന്നിരുന്നപ്പോൾ’ പാപം ചെയ്യാനുള്ള പ്രലോഭനങ്ങളെ തടുക്കുക അവർക്ക്‌ എളുപ്പമായിരുന്നു. (ഗലാ. 5:22-26) അങ്ങനെ ഒരു ശുദ്ധ മനസ്സാക്ഷിയോടെ യഹോവയോടു പ്രാർഥിക്കാനും ‘ഹൃദയങ്ങളെയും നിനവുകളെയും കാത്തുകൊള്ളുന്നതും’ മനുഷ്യബുദ്ധിക്ക്‌ അതീതവുമായ ദൈവസമാധാനം ആസ്വദിക്കാനും അവർക്കു കഴിഞ്ഞിരുന്നു. (ഫിലി. 4:6, 7) ഈ കാര്യങ്ങളൊക്കെയും മനസ്സിൽവെച്ചുകൊണ്ട്‌ അവരിൽ ആത്മാർഥ താത്‌പര്യം കാണിക്കുക; സഭയിലേക്കു മടങ്ങിവരാൻ നിങ്ങളുടെ ആ ക്രിസ്‌തീയ സഹോദരനെയോ സഹോദരിയെയോ സ്‌നേഹപൂർവം പ്രോത്സാഹിപ്പിക്കുക.—ഫിലിപ്പിയർ 2:4 വായിക്കുക.

15 ഇടയസന്ദർശനം നടത്തുന്ന ഒരു മൂപ്പനാണു നിങ്ങൾ എന്നു കരുതുക. നിഷ്‌ക്രിയരായ ഭാര്യയെയും ഭർത്താവിനെയുമായിരിക്കാം നിങ്ങൾ സന്ദർശിക്കുന്നത്‌. ദൈവവചനത്തിൽനിന്നു സത്യം മനസ്സിലാക്കിയ ആദ്യനാളുകളെക്കുറിച്ചൊന്നു ചിന്തിക്കാൻ നിങ്ങൾക്ക്‌ അവരെ പ്രോത്സാഹിപ്പിക്കാനാകും. എത്ര മഹത്തരവും ന്യായയുക്തവും സംതൃപ്‌തിദായകവും സ്വാതന്ത്ര്യം നൽകുന്നതുമായിരുന്നു ആ സത്യം! (യോഹ. 8:32) യഹോവയെയും അവന്റെ സ്‌നേഹത്തെയും മഹത്തായ ഉദ്ദേശ്യങ്ങളെയുംകുറിച്ച്‌ പഠിക്കാനായതിൽ അവർ എത്ര നന്ദിയുള്ളവരായിരുന്നു! (ലൂക്കൊസ്‌ 24:32 താരതമ്യം ചെയ്യുക.) സമർപ്പിത ക്രിസ്‌ത്യാനികൾക്ക്‌ യഹോവയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും അവനോടു പ്രാർഥിക്കാനുള്ള മഹത്തായ പദവിയെക്കുറിച്ചും അവരെ ഓർമിപ്പിക്കുക. ‘ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തോട്‌’ ഒരിക്കൽക്കൂടി പ്രതികരിക്കാൻ അവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുക.—1 തിമൊ. 1:11.

അവരെ സ്‌നേഹിക്കുക

16. ആത്മീയ സഹായം നൽകാനുള്ള ശ്രമങ്ങൾ ഫലപ്രദമാണെന്ന്‌ ഏതു ദൃഷ്ടാന്തം തെളിയിക്കുന്നു?

16 മേൽപ്പറഞ്ഞ നിർദേശങ്ങൾ പ്രായോഗികമാണോ? തീർച്ചയായും അതേ. കഴിഞ്ഞ 30-ലധികം വർഷമായി മുഴുസമയ സേവനത്തിലുള്ള ഒരു സഹോദരന്റെ അനുഭവം നോക്കുക. 12-ാം വയസ്സിൽ പ്രസാധകനായ അദ്ദേഹം പക്ഷേ 15-ാം വയസ്സിൽ നിഷ്‌ക്രിയനായിത്തീർന്നു. എന്നാൽ ഒരു ക്രിസ്‌തീയ മൂപ്പനിൽനിന്നു ലഭിച്ച സഹായമാണ്‌ ആത്മീയസൗഖ്യം നേടാനും സജീവ പ്രസാധകനാകാനും അദ്ദേഹത്തെ ഏറെ സഹായിച്ചത്‌. തനിക്കു ലഭിച്ച ആത്മീയ സഹായം അദ്ദേഹം എത്രയധികം വിലമതിക്കുന്നുവെന്നോ!

17, 18. ദൈവത്തിന്റെ ആട്ടിൻപറ്റം വിട്ടുപോയവരെ തിരികെക്കൊണ്ടുവരുന്നതിന്‌ ഏതൊക്ക ഗുണങ്ങൾ ആവശ്യമായി വന്നേക്കാം?

17 നിഷ്‌ക്രിയരായവരെ സഭയിലേക്കു മടക്കിക്കൊണ്ടുവരാൻ ക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നത്‌ സ്‌നേഹമാണ്‌. തന്റെ അനുഗാമികളെക്കുറിച്ച്‌ യേശു പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹ. 13:34, 35) അതേ, സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്ന ഒരു ഘടകം അവരുടെ സ്‌നേഹമാണ്‌. അങ്ങനെയെങ്കിൽ, സ്‌നാനമേറ്റെങ്കിലും നിഷ്‌ക്രിയരായിത്തീർന്ന ക്രിസ്‌ത്യാനികളോട്‌ നാം സ്‌നേഹം കാണിക്കേണ്ടതല്ലേ?

18 എന്നാൽ, ദൈവത്തിന്റെ ആട്ടിൻപറ്റം വിട്ടുപോയവരെ തിരികെക്കൊണ്ടുവരുന്നതിന്‌ സ്‌നേഹത്തിനുപുറമേ മറ്റു ദൈവികഗുണങ്ങളായ അനുകമ്പയും ദയയും സൗമ്യതയും ദീർഘക്ഷമയും ആവശ്യമായി വന്നേക്കാം; പലതും പൊറുക്കേണ്ടതുമുണ്ടായിരിക്കാം. പൗലൊസ്‌ എഴുതി: “മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.”—കൊലൊ. 3:12-14.

19. ക്രിസ്‌തീയ സഭയിലേക്കു മടങ്ങിവരാൻ ചെമ്മരിയാടുതുല്യരെ സഹായിക്കാനുള്ള ശ്രമങ്ങൾ വ്യർഥമല്ലാത്തത്‌ എന്തുകൊണ്ട്‌?

19 ചിലർ ദൈവത്തിന്റെ ആട്ടിൻകൂട്ടം വിട്ടുപോകുന്നത്‌ എന്തുകൊണ്ടാണെന്നും മടങ്ങിവരുന്നവരെ കാത്തിരിക്കുന്നത്‌ എന്താണെന്നും അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും. ചെമ്മരിയാടുതുല്യരെ കൂട്ടത്തിലേക്കു മടക്കിക്കൊണ്ടുവരാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ വ്യർഥമാകില്ല എന്ന ഉറപ്പോടെ ഈ വീക്ഷാഗോപുരത്തിലെ ആദ്യ രണ്ടു ലേഖനങ്ങളെക്കുറിച്ചു ധ്യാനിക്കുക. നശ്വരമായ ഈ വ്യവസ്ഥിതിയിൽ സമ്പത്തു വാരിക്കൂട്ടാനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്‌ ഇന്ന്‌ അനേകരും. എന്നാൽ ലോകത്തിലുള്ള സകലസമ്പത്തിനെക്കാളും മൂല്യമുള്ളതാണ്‌ ഒരു മനുഷ്യജീവൻ. കാണാതെപോയ ആടിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു ഈ വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകി. (മത്താ. 18:12-14) ഇത്‌ മനസ്സിൽപ്പിടിച്ചുകൊണ്ട്‌ യഹോവയ്‌ക്കു പ്രിയരായ ചെമ്മരിയാടുതുല്യരെ കൂട്ടത്തിലേക്കു തിരികെക്കൊണ്ടുവരാൻ ഉത്സാഹത്തോടും അടിയന്തിരതയോടുംകൂടെ ശ്രമിക്കുക.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• നിഷ്‌ക്രിയരോടുള്ള ബന്ധത്തിൽ മൂപ്പന്മാർക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

• നിഷ്‌ക്രിയരെ സഹായിക്കാനുള്ള ഏത്‌ അവസരം നിങ്ങൾക്കു ലഭിച്ചേക്കാം?

• നിഷ്‌ക്രിയരായവരെ സഹായിക്കാൻ ഏതെല്ലാം ഗുണങ്ങൾ നിങ്ങളെ സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ ആട്ടിൻകൂട്ടം വിട്ടുപോയവരെ സഹായിക്കാൻ ക്രിസ്‌തീയ മൂപ്പന്മാർ സ്‌നേഹപൂർവം ശ്രമിക്കുന്നു