വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യാക്കോബിന്റെയും പത്രൊസിന്റെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യാക്കോബിന്റെയും പത്രൊസിന്റെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

യാക്കോബിന്റെയും പത്രൊസിന്റെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യേശുവിന്റെ ശിഷ്യനും അർധസഹോദരനുമായ യാക്കോബ്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുശേഷം ഉദ്ദേശം 30 വർഷം കഴിഞ്ഞ്‌ ആത്മീയ ഇസ്രായേലിന്റെ ‘പന്ത്രണ്ടു ഗോത്രങ്ങൾക്ക്‌’ ഒരു ലേഖനം എഴുതുന്നു. (യാക്കോ. 1:1) വിശ്വാസത്തിൽ ശക്തരായിരിക്കാനും പരിശോധനകൾ നേരിടുമ്പോൾ സഹിഷ്‌ണുത കാണിക്കാനും അവരെ ഉദ്‌ബോധിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. സഭയ്‌ക്കുള്ളിലെ അസ്വസ്ഥജനകമായ സാഹചര്യങ്ങൾ തിരുത്തുന്നതിനുവേണ്ട ഉപദേശവും അവൻ നൽകുന്നു.

റോമൻ ചക്രവർത്തിയായ നീറോ എ.ഡി. 64-ൽ പീഡനങ്ങൾ അഴിച്ചുവിടുന്നതിനു തൊട്ടുമുമ്പാണ്‌ അപ്പൊസ്‌തലനായ പത്രൊസ്‌ തന്റെ ആദ്യലേഖനം എഴുതുന്നത്‌. വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അതിലൂടെ അവൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. ആദ്യലേഖനത്തിനുശേഷം അധികം വൈകാതെ എഴുതിയ രണ്ടാമത്തെ ലേഖനത്തിൽ, ദൈവവചനത്തിനു ശ്രദ്ധകൊടുക്കാൻ പത്രൊസ്‌ സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. ആസന്നമായിരിക്കുന്ന യഹോവയുടെ ദിവസത്തെക്കുറിച്ച്‌ മുന്നറിയിപ്പുനൽകാനും അവൻ ഈ അവസരം ഉപയോഗിക്കുന്നു. യാക്കോബിന്റെയും പത്രൊസിന്റെയും ലേഖനങ്ങൾക്കു ശ്രദ്ധനൽകുന്നത്‌ തീർച്ചയായും നമുക്കു പ്രയോജനം ചെയ്യും.—എബ്രാ. 4:12.

‘വിശ്വാസത്തോടെ യാചിക്കുന്നവർക്ക്‌’ ദൈവം ജ്ഞാനം നൽകുന്നു

(യാക്കോ. 1:1–5:20)

യാക്കോബ്‌ എഴുതുന്നു: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം . . . ജീവകിരീടം പ്രാപിക്കും.” ‘വിശ്വാസത്തോടെ യാചിക്കുന്നവർക്ക്‌’ പരിശോധനകളിൽ സഹിച്ചുനിൽക്കാനാവശ്യമായ ജ്ഞാനം യഹോവ നൽകും.—യാക്കോ. 1:5-8, 12.

സഭയിൽ “ഉപദേഷ്ടാക്കന്മാർ” ആകുന്നവർക്കും വിശ്വാസവും ജ്ഞാനവും ആവശ്യമാണ്‌. ‘ദേഹത്തെ മുഴുവൻ മലിനമാക്കാൻ’ കഴിവുള്ള ഒരു ‘ചെറിയ അവയവമായി’ നാവിനെ വിശേഷിപ്പിച്ചശേഷം, ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തെ തകർക്കുന്ന ലോകത്തിന്റെ ചായ്‌വുകളെക്കുറിച്ച്‌ യാക്കോബ്‌ മുന്നറിയിപ്പു നൽകുന്നു. ആത്മീയമായി രോഗികളായിരിക്കുന്നവർ സൗഖ്യം പ്രാപിക്കുന്നതിന്‌ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും അവൻ ഇതിൽ പരാമർശിക്കുന്നു.—യാക്കോ. 3:1, 5, 6; 5:14, 15.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:13—‘കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നത്‌’ എങ്ങനെ? ദൈവത്തോടു കണക്കുബോധിപ്പിക്കുമ്പോൾ മറ്റുള്ളവരോടു നാം കാണിച്ച കരുണ കണക്കിലെടുത്തുകൊണ്ട്‌ തന്റെ പുത്രന്റെ മറുവിലായാഗത്തിന്റെ അടിസ്ഥാനത്തിൽ അവൻ നമ്മോടു ക്ഷമിക്കും. (റോമ. 14:12) ജീവിതത്തിൽ കരുണയ്‌ക്കു പ്രധാനസ്ഥാനം നൽകുന്നതിന്‌ ഇത്‌ ഒരു നല്ല കാരണമല്ലേ?

4:5—ഏതു തിരുവെഴുത്താണ്‌ യാക്കോബ്‌ ഇവിടെ ഉദ്ധരിക്കുന്നത്‌? ഏതെങ്കിലും ഒരു പ്രത്യേക തിരുവെഴുത്ത്‌ ഉദ്ധരിക്കുകയായിരുന്നില്ല യാക്കോബ്‌. എന്നിരുന്നാലും ഉൽപ്പത്തി 6:5; 8:21; സദൃശവാക്യങ്ങൾ 21:10; ഗലാത്യർ 5:17 തുടങ്ങിയ തിരുവെഴുത്തുകളിലെ പൊതുവായ ആശയത്തിൽ അധിഷ്‌ഠിതമായിരിക്കണം ഈ ദിവ്യനിശ്വസ്‌ത വാക്കുകൾ.

5:20—“പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ” ആരുടെ പ്രാണനെയാണ്‌ മരണത്തിൽനിന്നു രക്ഷിക്കുന്നത്‌? ഒരു ദുഷ്‌പ്രവർത്തിക്കാരനെ നേർവഴിക്കാക്കുന്ന ഒരു ക്രിസ്‌ത്യാനി, അനുതപിക്കുന്ന ആ വ്യക്തിയുടെ പ്രാണനെ ആത്മീയ മരണത്തിൽനിന്നും ഒരുപക്ഷേ നിത്യനാശത്തിൽനിന്നും രക്ഷിക്കും. ഈ വിധത്തിൽ ഒരു പാപിയെ സഹായിക്കുന്ന ആൾ ആ വ്യക്തിയുടെ ‘പാപങ്ങളുടെ ബഹുത്വം മറയ്‌ക്കുകയും’ ചെയ്യുന്നു.

നമുക്കുള്ള പാഠങ്ങൾ:

1:14, 15. അനുചിതമായ ആഗ്രഹത്തിൽനിന്നാണ്‌ പാപത്തിന്റെ തുടക്കം. അതുകൊണ്ട്‌ തെറ്റായ ആഗ്രഹങ്ങളിൽ മുഴുകിക്കൊണ്ട്‌ അവ വളരാൻ നാം വളംവെച്ചുകൊടുക്കരുത്‌. പകരം ആത്മികവർധനയ്‌ക്കുതകുന്ന കാര്യങ്ങൾ ‘ചിന്തിക്കുകയും’ മനസ്സിലും ഹൃദയത്തിലും അവ നിറയ്‌ക്കുകയും വേണം.—ഫിലി. 4:8.

2:8, 9‘മുഖപക്ഷം കാണിക്കുന്നത്‌’ സ്‌നേഹമെന്ന ‘രാജകീയ ന്യായപ്രമാണത്തിനു’ വിരുദ്ധമാണ്‌. അതുകൊണ്ട്‌ സത്യക്രിസ്‌ത്യാനികൾ മുഖപക്ഷം കാണിക്കരുത്‌.

2:14-26. ക്രിസ്‌ത്യാനികൾ എന്നനിലയിലോ മോശൈക ന്യായപ്രമാണം അനുസരിച്ചോ ചെയ്യുന്ന ‘പ്രവൃത്തികളല്ല’ മറിച്ച്‌ ‘വിശ്വാസമാണ്‌’ രക്ഷയുടെ അടിസ്ഥാനം. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന്‌ കേവലം പറഞ്ഞാൽ മാത്രം മതിയാകുന്നില്ല, ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ അത്‌ നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്‌.—എഫെ. 2:8, 9; യോഹ. 3:16.

3:13-17. “ഭൌമികവും പ്രാകൃതവും പൈശാചികവും ആയ” ജ്ഞാനത്തെക്കാൾ ശ്രേഷ്‌ഠമാണ്‌ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം.’ അതുകൊണ്ട്‌ ‘നിക്ഷേപങ്ങൾ തിരയുന്നതുപോലെ’ നാം “ദൈവപരിജ്ഞാനം” കണ്ടെത്താൻ ശ്രമിക്കണം.—സദൃ. 2:1-5.

3:18. “സമാധാനം ഉണ്ടാക്കുന്നവർ” രാജ്യസുവാർത്തയുടെ വിത്ത്‌ ‘സമാധാനത്തിൽ വിതയ്‌ക്കണം.’ അഹങ്കാരികളോ വഴക്കുണ്ടാക്കുന്നവരോ ആയിരിക്കാതെ നാം സമാധാനം ഉണ്ടാക്കുന്നവർ ആയിരിക്കേണ്ടതുണ്ട്‌.

‘വിശ്വാസത്തിൽ സ്ഥിരമുള്ളവരായി നിൽപ്പിൻ’

(1 പത്രൊ. 1:1–5:14)

സ്വർഗീയ അവകാശം സംബന്ധിച്ച ‘ജീവനുള്ള പ്രത്യാശയെക്കുറിച്ച്‌’ പത്രൊസ്‌ സഹവിശ്വാസികളെ ഓർമിപ്പിച്ചു. അവൻ പറഞ്ഞു: ‘നിങ്ങളോ തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും ആകുന്നു.’ കീഴടങ്ങിയിരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചശേഷം പിൻവരുന്ന ഉദ്‌ബോധനം അവൻ എല്ലാവർക്കുമായി നൽകി: “ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.”—1 പത്രൊ. 1:3, 4; 2:9; 3:8.

യെഹൂദവ്യവസ്ഥിതിയുടെ “അവസാനം സമീപിച്ചിരിക്കുന്നതിനാൽ” ‘പ്രാർഥനയ്‌ക്കു സുബോധമുള്ളവരും നിർമ്മദരും ആയിരിക്കാൻ’ പത്രൊസ്‌ സഹോദരങ്ങളെ ഉപദേശിക്കുന്നു. അവൻ പറയുന്നു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ . . . വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു [സാത്താനോട്‌] എതിർത്തു നില്‌പിൻ.”—1 പത്രൊ. 4:7; 5:8, 9.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

3:20-22—സ്‌നാനം നമ്മെ രക്ഷിക്കുന്നത്‌ എങ്ങനെ? രക്ഷിക്കപ്പെടുന്നതിനുള്ള ഒരു നിബന്ധനയാണ്‌ സ്‌നാനം. എന്നാൽ അതുമാത്രം മതിയാകുന്നില്ല. വാസ്‌തവത്തിൽ ‘യേശുക്രിസ്‌തുവിന്റെ പുനരുത്ഥാനമാണ്‌’ രക്ഷ പ്രദാനം ചെയ്യുന്നത്‌. യേശു ബലിമരണംവരിക്കുകയും ഉയിർപ്പിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയുംമേൽ അധികാരമുള്ളവനായി “ദൈവത്തിന്റെ വലത്തുഭാഗത്ത്‌” ഇരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ രക്ഷ സാധ്യമാകുന്നത്‌ എന്ന്‌ ഒരു സ്‌നാനാർഥി വിശ്വസിക്കേണ്ടതുണ്ട്‌. അത്തരം വിശ്വാസത്തിൽ അധിഷ്‌ഠിതമായ സ്‌നാനത്തിന്‌ ‘എട്ടുപേർ വെള്ളത്തിൽക്കൂടി രക്ഷപ്രാപിച്ചതുമായി’ സാമ്യമുണ്ട്‌.

4:6‘മരിച്ചവരോടു സുവിശേഷം അറിയിച്ചു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്‌? സുവാർത്ത കേൾക്കുന്നതിനുമുമ്പ്‌ ആത്മീയമായി അഥവാ ‘അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നവരെയാണ്‌’ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌. (എഫെ. 2:1) എന്നാൽ സുവാർത്തയിൽ വിശ്വാസം അർപ്പിച്ചതോടെ അവർ ആത്മീയമായി ‘ജീവിക്കാൻ’ തുടങ്ങി.

നമുക്കുള്ള പാഠങ്ങൾ:

1:7. പരിശോധിക്കപ്പെട്ട വിശ്വാസം, അതിനാണു ‘വിലയുള്ളത്‌.’ അത്തരം ശക്തമായ വിശ്വാസം “ജീവരക്ഷ”യിലേക്കു നയിക്കുന്നു. (എബ്രാ. 10:39) വിശ്വാസത്തിന്റെ പരിശോധനകളിൽനിന്ന്‌ നാം ഒളിച്ചോടരുത്‌.

1:10-12. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെക്കുറിച്ച്‌ ദൈവത്തിന്റെ പുരാതനകാല പ്രവാചകന്മാർ എഴുതിയ ആഴമേറിയ ആത്മീയ സത്യങ്ങളെക്കുറിച്ചറിയാൻ അത്യധികം ആകാംക്ഷയുള്ളവരായിരുന്നു ദൂതന്മാർ. എന്നാൽ യഹോവ ക്രിസ്‌തീയ സഭയുമായി ഇടപെടാൻ തുടങ്ങിയശേഷമാണ്‌ ഇക്കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയത്‌. (എഫെ. 3:10, 11) ദൂതന്മാരുടെ മാതൃക അനുകരിച്ചുകൊണ്ട്‌ നാമും ‘ദൈവത്തിന്റെ ആഴങ്ങളെ’ ആരായേണ്ടതല്ലേ?—1 കൊരി. 2:10.

2:21. യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിന്‌ ക്രിസ്‌തുവിന്റെ മാതൃക പിന്തുടർന്നുകൊണ്ട്‌ മരണത്തോളം കഷ്ടത സഹിക്കാൻ നാം സന്നദ്ധരായിരിക്കണം.

5:6, 7നമ്മുടെ സകലചിന്താഭാരവും യഹോവയുടെമേൽ ഇടുന്നെങ്കിൽ ജീവിതത്തിൽ സത്യാരാധനയ്‌ക്ക്‌ പ്രഥമസ്ഥാനം നൽകാനും നാളയെക്കുറിച്ചുള്ള അനാവശ്യ ഉത്‌കണ്‌ഠകൾ ഒഴിവാക്കാനും അവൻ നമ്മെ സഹായിക്കും.—മത്താ. 6:33, 34.

യഹോവയുടെ ദിവസം വരും

(2 പത്രൊ. 1:1–3:18)

“പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്‌പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ” എന്നു പത്രൊസ്‌ എഴുതി. പ്രാവചനിക വചനത്തിനു ശ്രദ്ധനൽകുന്നത്‌ ‘ദുരുപദേഷ്ടാക്കന്മാരിൽനിന്നും’ വഴിതെറ്റിക്കുന്ന മറ്റു വ്യക്തികളിൽനിന്നുമുള്ള ഒരു സംരക്ഷണമായി ഉതകും.—2 പത്രൊ. 1:21; 2:1-3.

‘പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നും’ ‘കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരുമെന്നും’ പത്രൊസ്‌ മുന്നറിയിപ്പു നൽകുന്നു. ‘ദൈവദിവസത്തിന്റെ വരവു കാത്തിരിക്കുന്നവർക്കുള്ള’ ഈടുറ്റ ബുദ്ധിയുപദേശത്തോടെ പത്രൊസ്‌ തന്റെ ലേഖനം അവസാനിപ്പിക്കുന്നു.—2 പത്രൊ. 3: 4, 10-12.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:19ആരാണ്‌ ഉദയനക്ഷത്രം,” അവൻ എപ്പോൾ ഉദിക്കും, ഇത്‌ സംഭവിച്ചുവെന്ന്‌ നാം എങ്ങനെ അറിയും? രാജ്യാധികാരത്തിലുള്ള യേശുക്രിസ്‌തുവാണ്‌ “ഉദയനക്ഷത്രം.” (വെളി. 22:16) ഒരു പുതിയദിവസത്തിന്‌ നാന്ദികുറിച്ചുകൊണ്ട്‌ 1914-ൽ മിശിഹൈക രാജാവായി യേശു സകലസൃഷ്ടികളുടെയുംമേൽ ഉദിച്ചുയർന്നു. യേശുവിന്റെ മഹത്ത്വത്തിന്റെയും രാജ്യാധികാരത്തിന്റെയും പൂർവവീക്ഷണം പ്രദാനം ചെയ്‌ത രൂപാന്തരീകരണ ദർശനം ദൈവത്തിന്റെ പ്രാവചനിക വചനത്തിന്റെ ആശ്രയയോഗ്യതയ്‌ക്ക്‌ അടിവരയിടുന്നു. ആ വചനത്തിനു ശ്രദ്ധനൽകുന്നത്‌ നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കും, അങ്ങനെ “ഉദയനക്ഷത്രം” ഉദിച്ചിരിക്കുന്നു എന്നു നാം മനസ്സിലാക്കും.

2:4എന്താണ്‌ ടാർട്ടറസ്‌ (NW),’ മത്സരികളായ ദൂതന്മാരെ എപ്പോഴാണ്‌ അവിടേക്ക്‌ എറിഞ്ഞത്‌? തടവറയ്‌ക്കു സമാനമായ അവസ്ഥയാണ്‌ ടാർട്ടറസ്‌. ആത്മജീവികളെ മാത്രമേ—മനുഷ്യരെയല്ല—അവിടേക്കു തള്ളിയിട്ടിട്ടുള്ളൂ. ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ യാതൊന്നും അറിയാൻ സാധിക്കാത്ത കടുത്ത മാനസിക അന്ധതയുടെ അവസ്ഥയാണ്‌ അത്‌. ടാർട്ടറസ്സിലുള്ളവർക്ക്‌ യാതൊരു ഭാവി പ്രത്യാശയുമില്ല. മത്സരികളായ ദൂതന്മാരെ ദൈവം നോഹയുടെ കാലത്ത്‌ ടാർട്ടറസ്സിലേക്ക്‌ എറിഞ്ഞു, നശിപ്പിക്കപ്പെടുന്നതുവരെ അവർ ആ അവസ്ഥയിൽ തുടരുകയും ചെയ്യും.

3:17—“മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ട്‌” എന്നു പത്രൊസ്‌ പറഞ്ഞതിന്റെ അർഥമെന്താണ്‌? തനിക്കും മറ്റ്‌ ബൈബിൾ എഴുത്തുകാർക്കും ഭാവിസംഭവങ്ങളെക്കുറിച്ച്‌ നിശ്വസ്‌തതയിൽ ലഭിച്ച മുന്നറിവിനെയാണ്‌ പത്രൊസ്‌ പരാമർശിക്കുന്നത്‌. ഇത്‌ അനന്തമായ ജ്ഞാനമല്ല, അതിനാൽ ആദിമ ക്രിസ്‌ത്യാനികൾക്കു ഭാവിസംഭവങ്ങളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിയില്ലായിരുന്നു. പ്രതീക്ഷിക്കാവുന്ന കാര്യങ്ങളുടെ ഒരു രൂപരേഖ മാത്രമേ അവർക്കു ലഭിച്ചുള്ളൂ.

നമുക്കുള്ള പാഠങ്ങൾ:

1:2, 5-7. വിശ്വാസം, സഹിഷ്‌ണുത, ദൈവഭക്തി തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ നാം ആത്മാർഥശ്രമം നടത്തുന്നെങ്കിൽ ‘ദൈവത്തിന്റെയും യേശുവിന്റെയും പരിജ്ഞാനത്തിൽ’ വളരാനും ‘പരിജ്ഞാനം സംബന്ധിച്ച്‌ ഉത്സാഹം ഇല്ലാത്തവരോ നിഷ്‌ഫലന്മാരോ’ ആയിത്തീരാതിരിക്കാനും അതു നമ്മെ സഹായിക്കും.—2 പത്രൊ. 1:8.

1:12-15. ‘സത്യത്തിൽ ഉറച്ചുനിൽക്കാൻ’ നമുക്കു നിരന്തരം ഓർമിപ്പിക്കലുകൾ ആവശ്യമാണ്‌. സഭായോഗങ്ങൾ, വ്യക്തിപരമായ പഠനം, ബൈബിൾ വായന എന്നിവയിലൂടെ നമുക്കതു ലഭിക്കുന്നു.

2:2. നമ്മുടെ പെരുമാറ്റത്തിലൂടെ യഹോവയ്‌ക്കും അവന്റെ സംഘടനയ്‌ക്കും ദുഷ്‌പേര്‌ ഉണ്ടാക്കരുത്‌.—റോമ. 2:24.

2:4-10. യഹോവയുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ചാൽ, അവന്‌ ‘ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയാമെന്ന്‌’ നമുക്കു ഉറപ്പുള്ളവരായിരിക്കാം.

2:11-13. “മഹിമകൾക്ക്‌” അഥവാ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ കുറ്റങ്ങളും കുറവുകളുമുണ്ട്‌, അവർക്കു തെറ്റുസംഭവിച്ചെന്നും വരാം. എന്നിരുന്നാലും നാം അവരെ ദുഷിച്ചു സംസാരിക്കരുത്‌.—എബ്രാ. 13:7, 17.

3:2-4, 11. ‘വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങൾക്കും കർത്താവും രക്ഷിതാവുമായവൻ തന്ന കൽപ്പനയ്‌ക്കും’ അടുത്ത ശ്രദ്ധ നൽകുന്നത്‌ യഹോവയുടെ ദിവസം മനസ്സിലടുപ്പിച്ചുനിറുത്താൻ സഹായിക്കും.

3:11-14. ‘ദൈവദിവസത്തിന്റെ വരവു കാത്തിരിക്കുന്ന’ നാം (1) ശാരീരികവും മാനസികവും ധാർമികവും ആത്മീയവുമായ ശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട്‌ ‘വിശുദ്ധജീവനം’ നയിക്കണം; (2) പ്രസംഗ-ശിഷ്യരാക്കൽ വേലപോലെ “ഭക്തി” പ്രതിഫലിക്കുന്ന പ്രവൃത്തികളിൽ വർധിച്ചുവരണം; (3) നമ്മുടെ വ്യക്തിത്വവും പ്രവർത്തനങ്ങളും ലോകത്താലുള്ള ‘കറപുരളാതെ’ സൂക്ഷിക്കണം; (4) എല്ലാകാര്യങ്ങളും ‘കളങ്കമില്ലാതെ’ ഉദ്ദേശ്യശുദ്ധിയോടെ ചെയ്യണം; (5) ദൈവത്തോടും ക്രിസ്‌തീയ സഹോദരങ്ങളോടും സഹമനുഷ്യരോടും ‘സമാധാനത്തിലായിരിക്കണം.’