വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യോഹന്നാന്റെയും യൂദായുടെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യോഹന്നാന്റെയും യൂദായുടെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

യോഹന്നാന്റെയും യൂദായുടെയും ലേഖനങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

എഫെസൊസിൽവെച്ച്‌ എ.ഡി. 98-ൽ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതിയ മൂന്നു ലേഖനങ്ങൾ നിശ്വസ്‌ത തിരുവെഴുത്തുകളുടെ അവസാന ഭാഗത്തു നാം കാണുന്നു. ആദ്യത്തെ രണ്ടു ലേഖനങ്ങൾ ക്രിസ്‌ത്യാനികളെ വെളിച്ചത്തിൽ നടക്കുന്നതിൽ തുടരാനും വിശ്വാസത്യാഗത്തിന്റെ കടന്നുകയറ്റത്തിനെതിരെ പോരാടാനും പ്രോത്സാഹിപ്പിക്കുന്നു. മൂന്നാമത്തേതിൽ സത്യത്തിൽ നടക്കാനും ക്രിസ്‌തീയ സഹകരണം ഉന്നമിപ്പിക്കാനും യോഹന്നാൻ ആഹ്വാനം ചെയ്യുന്നു.

പാലസ്‌തീനിൽവെച്ച്‌ ഏതാണ്ട്‌ എ.ഡി. 65-ൽ യേശുവിന്റെ അർധ സഹോദരനായ യൂദാ എഴുതിയ ലേഖനത്തിൽ സഭയിലേക്കു നുഴഞ്ഞുകയറിയ ദുഷ്‌പ്രവൃത്തിക്കാരെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതോടൊപ്പം ദുഷിച്ച സ്വാധീനങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാം എന്ന ഉപദേശവും നൽകുന്നു. യോഹന്നാന്റെയും യൂദായുടെയും ഈ ലേഖനങ്ങൾക്കു ശ്രദ്ധനൽകുന്നത്‌ പ്രതിബന്ധങ്ങൾ മറികടന്നുകൊണ്ട്‌ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കും.—എബ്രാ. 4:12.

വിശ്വാസത്തോടും സ്‌നേഹത്തോടും കൂടെ വെളിച്ചത്തിൽ നടക്കുക

(1 യോഹ. 1:1–5:21)

ക്രിസ്‌തുവിനോട്‌ ഐക്യത്തിലായിരിക്കുന്ന സകലർക്കും വേണ്ടിയാണ്‌ യോഹന്നാൻ തന്റെ ഒന്നാമത്തെ ലേഖനം എഴുതുന്നത്‌. വിശ്വാസത്യാഗത്തിനെതിരെ ഉറച്ചനിലപാട്‌ എടുക്കാനും സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത്‌ നിലയുറപ്പിക്കാനും ക്രിസ്‌ത്യാനികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ശക്തമായ ഉദ്‌ബോധനമാണ്‌ ഇത്‌. വിശ്വാസത്തോടും സ്‌നേഹത്തോടും കൂടെ വെളിച്ചത്തിൽ നടക്കേണ്ടതിന്റെ ആവശ്യം അവൻ ഊന്നിപ്പറയുന്നു.

ദൈവം “വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്‌മ ഉണ്ട്‌” എന്ന്‌ യോഹന്നാൻ എഴുതുന്നു. ദൈവം സ്‌നേഹത്തിന്റെ ഉറവിടമായതിനാൽ, “നാം അന്യോന്യം സ്‌നേഹിക്ക” എന്ന്‌ അവൻ പറയുന്നു. “ദൈവത്തോടുള്ള സ്‌നേഹം” ‘അവന്റെ കല്‌പനകളെ പ്രമാണിക്കാൻ’ നമ്മെ പ്രചോദിപ്പിക്കുന്നു. യഹോവയിലും അവന്റെ വചനത്തിലും അവന്റെ പുത്രനിലുമുള്ള ‘നമ്മുടെ വിശ്വാസത്തിലൂടെ’ നാം ലോകത്തെ ജയിച്ചടക്കുന്നു.—1 യോഹ. 1:7; 4:7; 5:3, 4.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:2; 4:10—യേശു എങ്ങനെയാണ്‌ “പാപങ്ങൾക്കു പ്രായശ്ചിത്തം” ആകുന്നത്‌? തന്റെ ജീവിതം ഒരു പ്രായശ്ചിത്തമായി നൽകിയതിലൂടെ അവൻ പൂർണനീതി ആവശ്യപ്പെട്ട സകലതും തൃപ്‌തിപ്പെടുത്തി. ആ യാഗത്തിന്റെ അടിസ്ഥാനത്തിൽ, യേശുവിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ട്‌ ദൈവം കരുണകാണിക്കുന്നു.—യോഹ. 3:16; റോമ. 6:23.

2:7, 8—‘പുതിയതെന്നും’ ‘പഴയതെന്നും’ യോഹന്നാൻ വിശേഷിപ്പിച്ചിരിക്കുന്ന കൽപ്പന ഏതാണ്‌? ആത്മത്യാഗപരമായ സഹോദരസ്‌നേഹത്തെക്കുറിച്ചുള്ള കൽപ്പനയാണ്‌ യോഹന്നാൻ ഇവിടെ പരാമർശിക്കുന്നത്‌. (യോഹ. 13:34) യേശു ആ കൽപ്പന നൽകി അറുപതുവർഷം കഴിഞ്ഞാണ്‌ യോഹന്നാൻ തന്റെ ആദ്യത്തെ ലേഖനം എഴുതുന്നത്‌. അതുകൊണ്ടാണ്‌ അതിനെ ‘പഴയത്‌’ എന്ന്‌ വിളിച്ചത്‌. വിശ്വാസികൾക്ക്‌ അവരുടെ ക്രിസ്‌തീയ ജീവിതത്തിന്റെ “ആദിമുതൽ” ഉള്ള ഒരു കൽപ്പനയായിരുന്നു ഇത്‌. ഈ കൽപ്പന, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” എന്ന കൽപ്പനയ്‌ക്കും ഒരുപടി മുന്നിലാണെന്നു മാത്രമല്ല ആത്മത്യാഗപരമായ സ്‌നേഹം ആവശ്യമാക്കിത്തീർക്കുകയും ചെയ്യുന്നു.—ലേവ്യ. 19:18; യോഹ. 15:12, 13.

3:2—അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ ‘ഇതുവരെ പ്രത്യക്ഷമാകാത്ത’ കാര്യം എന്താണ്‌, ‘അവനെ താൻ ഇരിക്കുംപോലെ തന്നേ കാണും’ എന്ന്‌ ആരെക്കുറിച്ചാണ്‌ പറഞ്ഞിരിക്കുന്നത്‌? സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെട്ടശേഷം ആത്മശരീരത്തിൽ അവർ എങ്ങനെ ആയിരിക്കും എന്ന കാര്യമാണ്‌ അവർക്ക്‌ പ്രത്യക്ഷമായിട്ടില്ലാത്തത്‌. (ഫിലി. 3:20, 21) എന്നാൽ, ‘[ദൈവം] പ്രത്യക്ഷനാകുമ്പോൾ [അവർ]’ “അവനെ താൻ ഇരിക്കുംപോലെ തന്നേ” അതായത്‌ ‘ആത്മശരീരത്തിൽ’ “കാണുന്നതാകകൊണ്ടു ദൈവത്തോടു സദൃശന്മാർ ആകും” എന്ന കാര്യം അവർക്ക്‌ അറിയാം.—2 കൊരി. 3:17, 18.

5:5-8—“യേശു ദൈവപുത്രൻ” ആണെന്ന്‌ ആത്മാവും ജലവും രക്തവും സാക്ഷ്യം പറയുന്നത്‌ എങ്ങനെ? യേശു സ്‌നാനമേറ്റപ്പോൾ, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന യഹോവയുടെ വാക്കുകൾക്ക്‌ ജലം സാക്ഷ്യം വഹിച്ചു. (മത്താ. 3:17) “എല്ലാവർക്കും വേണ്ടി മറുവിലയായി” യേശുവിന്റെ രക്തം അല്ലെങ്കിൽ ജീവൻ കൊടുത്തത്‌ അവൻ ദൈവപുത്രനാണെന്നു തെളിയിച്ചു. (1 തിമൊ. 2:5, 6) ‘നന്മചെയ്‌തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിക്കാൻ’ യേശുവിനെ പ്രാപ്‌തനാക്കിക്കൊണ്ട്‌, അവൻ സ്‌നാനമേറ്റപ്പോൾ പരിശുദ്ധാത്മാവ്‌ അവന്റെമേൽ ഇറങ്ങിയത്‌ അവൻ ദൈവപുത്രനാണെന്നതിന്റെ തെളിവായിരുന്നു.—യോഹ. 1:29-34; പ്രവൃ. 10:38.

നമുക്കുള്ള പാഠങ്ങൾ:

2:9-11; 3:15. സഹോദരങ്ങളോടുള്ള സ്‌നേഹം നഷ്ടപ്പെടുത്താൻ ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുവദിക്കുന്ന ഒരു ക്രിസ്‌ത്യാനി എങ്ങോട്ടെന്നറിയാതെ ആത്മീയ അന്ധകാരത്തിലാണ്‌ നടക്കുന്നത്‌.

‘സത്യത്തിൽ നടക്കുക’

(2 യോഹ. 1-13)

“മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നത്‌” എന്ന വാക്കുകളോടെയാണ്‌ യോഹന്നാൻ രണ്ടാമത്തെ ലേഖനം ആരംഭിക്കുന്നത്‌. യോഹന്നാൻ എഴുതി: “അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.”—2 യോഹ. 2, 4.

സ്‌നേഹം വളർത്തിയെടുക്കാനുള്ള പ്രോത്സാഹനം നൽകിയശേഷം യോഹന്നാൻ എഴുതുന്നു: “നാം അവന്റെ കല്‌പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്‌നേഹം ആകുന്നു.” ‘വഞ്ചകനും എതിർക്രിസ്‌തുവിനും’ എതിരെയും അവൻ മുന്നറിയിപ്പു നൽകുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1, 13—ആരാണ്‌ “മാന്യനായകിയാർ” (“തിരഞ്ഞെടുക്കപ്പെട്ട മഹതി,” പി.ഒ.സി. ബൈബിൾ)? ഒരു സ്‌ത്രീയെ അഭിസംബോധന ചെയ്യുകയായിരിക്കാം യോഹന്നാൻ. മഹതി എന്ന്‌ അർഥം വരുന്ന കിർയൊ എന്ന വാക്ക്‌ മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നു. അതല്ലെങ്കിൽ പീഡകരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു സഭയെ ഇങ്ങനെ വിളിച്ചതായിരിക്കാം. ഒടുവിൽ പറഞ്ഞതിനാണ്‌ സാധ്യതയെങ്കിൽ “മക്കൾ” ആ സഭയിലെ അംഗങ്ങളും “മാന്യസഹോദരിയുടെ മക്കൾ” മറ്റൊരു സഭയിലെ അംഗങ്ങളും ആയിരിക്കാം.

നമുക്കുള്ള പാഠങ്ങൾ:

24‘സത്യം’ അതായത്‌ ബൈബിളിൽ കാണുന്ന മുഴു ക്രിസ്‌തീയ പഠിപ്പിക്കലുകളും മനസ്സിലാക്കുന്നതും അതിനോടു പറ്റിനിൽക്കുന്നതും രക്ഷയ്‌ക്ക്‌ അനിവാര്യമാണ്‌.—3 യോഹ. 3, 4.

8-11. ‘പിതാവായ ദൈവത്തിങ്കൽനിന്നും യേശുക്രിസ്‌തുവിങ്കൽനിന്നും ഉള്ള കൃപയും കനിവും സമാധാനവും,’ സ്‌നേഹധനരായ സഹവിശ്വാസികളുമായുള്ള സഹവാസവും നഷ്ടമാകാതിരിക്കണമെങ്കിൽ നാം നമ്മുടെ ആത്മീയത ‘സൂക്ഷിച്ചുകൊള്ളുകയും’ ‘ക്രിസ്‌തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാത്തവരെ’ തള്ളിക്കളയുകയും ചെയ്യണം.—2 യോഹ. 3.

“സത്യത്തിനു കൂട്ടുവേലക്കാർ” ആകുക

(3 യോഹ. 1-14)

സുഹൃത്തായ ഗായൊസിനുള്ളതാണ്‌ യോഹന്നാന്റെ മൂന്നാമത്തെ കത്ത്‌. “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല,” അവൻ എഴുതി.—3 യോഹ. 4.

“സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്‌തത കാണിക്കുന്നു” എന്നതിനെപ്രതി യോഹന്നാൻ ഗായൊസിനെ അഭിനന്ദിക്കുന്നു. അവൻ തുടർന്നു: “നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്‌ക്കരിക്കേണ്ടതാകുന്നു.”—3 യോഹ. 5-8.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

11—ചിലർ തിന്മ ചെയ്യുന്നത്‌ എന്തുകൊണ്ട്‌? ആത്മീയതയുടെ അഭാവംമൂലം ചിലർക്ക്‌ ദൈവത്തെ തങ്ങളുടെ ഗ്രാഹ്യക്കണ്ണുകളാൽ കാണാൻ കഴിയുന്നില്ല. സ്വന്തകണ്ണാൽ ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട്‌, ദൈവം അവരെ കാണുന്നില്ല എന്നമട്ടിലാണ്‌ അവരുടെ പ്രവൃത്തികൾ.—യെഹെ. 9:9.

15—“സ്‌നേഹിതന്മാർ” എന്നു പരാമർശിച്ചിരിക്കുന്നത്‌ ആരെയാണ്‌? അടുത്തബന്ധം ആസ്വദിക്കുന്നവരെ മാത്രമല്ല, സഹവിശ്വാസികളെ മൊത്തത്തിൽ പരാമർശിക്കുകയാണ്‌ യോഹന്നാൻ ഇവിടെ.

നമുക്കുള്ള പാഠങ്ങൾ:

4. സഭയിലെ ചെറുപ്പക്കാർ ‘സത്യത്തിൽ നടക്കുന്നതു’ കാണുമ്പോൾ പക്വതയുള്ള മുതിർന്ന സഹോദരങ്ങൾ അതിയായി സന്തോഷിക്കുന്നു. മക്കളെ സത്യത്തിൽ നടത്തുന്നതിൽ വിജയിക്കുമ്പോൾ മാതാപിതാക്കൾക്ക്‌ ഉണ്ടാകുന്ന സന്തോഷം അതിരറ്റതാണ്‌.

5-8. യഹോവയോടും സഹോദരങ്ങളോടുമുള്ള സ്‌നേഹത്താൽ പ്രേരിതരായി കഠിനാധ്വാനം ചെയ്യുന്നവരാണ്‌ സഞ്ചാര മേൽവിചാരകന്മാർ, മിഷനറിമാർ, ബെഥേൽ ഭവനങ്ങളിലും ബ്രാഞ്ചോഫീസുകളിലും സേവിക്കുന്നവർ, പയനിയർമാർ എന്നിവർ. അവരുടെ വിശ്വാസം അനുകരണീയമാണ്‌, അവർ നമ്മുടെ സ്‌നേഹപൂർവമായ പിന്തുണ അർഹിക്കുന്നു.

9-12. വിശ്വസ്‌തനായ ദെമേത്രിയൊസിനെയാണ്‌ നാം അനുകരിക്കേണ്ടത്‌, ദുർവാക്കു പറഞ്ഞ്‌ ശകാരിച്ചുനടന്ന ദിയൊത്രെഫേസിനെ അല്ല.

“ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ”

(യൂദാ 1-25)

സഭയിൽ നുഴഞ്ഞുകയറുന്നവരെ ‘പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്ത മോഹങ്ങളെ അനുസരിച്ചു നടക്കുന്നവർ’ എന്ന്‌ യൂദാ വിശേഷിപ്പിക്കുന്നു. “അവരുടെ വായ്‌ വമ്പുപറയുന്നു; കാര്യസാദ്ധ്യത്തിനായി അവർ മുഖസ്‌തുതി പ്രയോഗിക്കുന്നു.”—യൂദാ 4, 16.

ക്രിസ്‌ത്യാനികൾക്ക്‌ ദുഷിച്ച സ്വാധീനങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാം? യൂദാ എഴുതുന്നു: “പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. . . . ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.”—യൂദാ 17-21.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

3, 4—‘വിശ്വാസത്തിന്നു വേണ്ടി പോരാടാൻ’ യൂദാ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചത്‌ എന്തുകൊണ്ട്‌? സഭയിലേക്ക്‌ ‘അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരുന്നു.’ അവർ ‘ദൈവത്തിന്റെ കൃപയെ ദുഷ്‌കാമവൃത്തിക്കു ഹേതുവാക്കിയിരുന്നു.’

20, 21—‘ദൈവസ്‌നേഹത്തിൽ [നമ്മെത്തന്നെ] സൂക്ഷിച്ചുകൊള്ളാനാകുന്നത്‌’ എങ്ങനെ? മൂന്നു വിധങ്ങളിൽ നമുക്കിത്‌ ചെയ്യാനാകും: (1) ശുഷ്‌കാന്തിയോടെ ദൈവവചനം പഠിക്കുകയും തീക്ഷ്‌ണതയോടെ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്‌തുകൊണ്ട്‌ നമ്മുടെ ‘അതിവിശുദ്ധ വിശ്വാസം’ കെട്ടിപ്പടുക്കുക; (2) “പരിശുദ്ധാത്മാവിൽ,” അഥവാ അതിന്റെ പ്രവർത്തനത്തിനു ചേർച്ചയിൽ പ്രാർഥിക്കുക; (3) നിത്യജീവൻ സാധ്യമാക്കുന്ന ക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസമർപ്പിക്കുക.—യോഹ. 3:16, 36.

നമുക്കുള്ള പാഠങ്ങൾ:

5-7. ദുഷ്ടന്മാർ യഹോവയുടെ ന്യായവിധിയിൽനിന്നു രക്ഷപെടുമോ? യൂദാ പട്ടികപ്പെടുത്തിയ മൂന്നു ദൃഷ്ടാന്തങ്ങൾ ഇത്‌ അസാധ്യമാണെന്നു കാണിക്കുന്നു.

8-10. പ്രധാന ദൂതനായ മീഖായേലിനെ മാതൃകയാക്കി നാം ദൈവദത്ത അധികാരങ്ങളെ ആദരിക്കണം.

12. കപ്പലുകൾക്കും കടലിൽ നീന്തുന്നവർക്കും ഭീഷണിയായി മറഞ്ഞുകിടക്കുന്ന പാറകൾപോലെ, സ്‌നേഹം നടിക്കുന്ന വിശ്വാസത്യാഗികൾ നമ്മുടെ വിശ്വാസത്തിനു ഭീഷണിയാകുന്നു. വ്യാജോപദേഷ്ടാക്കൾ വിശാലമനസ്‌കരെന്നു തോന്നിയേക്കാം. എന്നാൽ വെള്ളമില്ലാത്ത മേഘങ്ങൾപോലെ ആത്മീയമായി അവരുടെ ഉള്ളു പൊള്ളയാണ്‌. ശരത്‌കാലത്തിന്റെ അന്ത്യത്തിൽ ഫലങ്ങളൊന്നുമില്ലാതെ കാണപ്പെടുന്ന ഉണങ്ങിയ വൃക്ഷങ്ങൾപോലെയാണ്‌ അവർ. വേരറ്റ വൃക്ഷങ്ങൾപോലെ അവ നശിച്ചുപോകും. വിശ്വാസത്യാഗികളെ പൂർണമായി ഒഴിവാക്കിക്കൊണ്ട്‌ ജ്ഞാനപൂർവം പ്രവർത്തിക്കുക.

22, 23. സത്യക്രിസ്‌ത്യാനികൾ തിന്മയെ വെറുക്കുന്നു. ‘സംശയിക്കുന്നവരായ ചിലരെ’ നിത്യനാശമാകുന്ന തീയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുന്നതിന്‌ സഭയിലെ പക്വതയുള്ളവർ, വിശേഷിച്ചും നിയമിത മൂപ്പന്മാർ, അവർക്കുവേണ്ട ആത്മീയ സഹായം നൽകുന്നു.

[28-ാം പേജിലെ ചിത്രങ്ങൾ]

“യേശു ദൈവപുത്രൻ” എന്ന്‌ ജലവും ആത്മാവും രക്തവും സാക്ഷ്യം പറയുന്നു