വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിച്ചവരെ ഭയപ്പെടണമോ?

മരിച്ചവരെ ഭയപ്പെടണമോ?

മരിച്ചവരെ ഭയപ്പെടണമോ?

ഈ ചോദ്യത്തിന്‌ പലരുടെയും ഉത്തരം, “ഭയപ്പെടേണ്ട ആവശ്യമില്ല” എന്നാണ്‌. മരിച്ചവർ മൃതാവസ്ഥയിലാണെന്ന്‌ അവർ വിശ്വസിക്കുന്നു. എന്നാൽ മരിച്ചവർ ആത്മാക്കളായി തുടർന്നും ജീവിക്കുന്നുണ്ടെന്നാണ്‌ ദശലക്ഷങ്ങൾ കരുതുന്നത്‌.

പശ്ചിമാഫ്രിക്കയിലെ ബെനിനിലുള്ള അനേകരും വിശ്വസിക്കുന്നത്‌ സ്വന്തം കുടുംബാംഗങ്ങളെ വകവരുത്താനായി മരിച്ചവർ തിരിച്ചെത്തുമെന്നാണ്‌. മരണമടഞ്ഞ ബന്ധുക്കളെ പ്രീണിപ്പിക്കാനായി വസ്‌തുക്കൾ വിറ്റും കടംവാങ്ങിയുമാണ്‌ പലരും മൃഗബലികളും കർമങ്ങളും നടത്തുന്നത്‌. ഭൂതവിദ്യ ആചരിക്കുന്ന ആളുകളുമുണ്ട്‌. മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവ്‌ ഉണ്ടെന്നും ജീവിച്ചിരിക്കുന്നവരുമായി അതിനു ബന്ധംപുലർത്താൻ കഴിയുമെന്നുമാണ്‌ അവരുടെ വിശ്വാസം. ഇനി, ഭയാനകമായ ചില അനുഭവങ്ങൾ നേരിട്ടിട്ടുള്ള മറ്റുചിലർ അതിനു കാരണമായി കാണുന്നത്‌ മരിച്ചവരുടെ ആത്മാക്കളെയാണ്‌.

ബെനിൻ-നൈജീരിയ അതിർത്തിക്ക്‌ അടുത്തു താമസിക്കുന്ന അഗ്‌ബൂലയ്‌ക്ക്‌ അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്‌. അദ്ദേഹം പറയുന്നു: “ഞങ്ങളുടെ നാട്ടിൽ ഭൂതവിദ്യ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു പറയാം. ഒരാൾ മരിച്ചുകഴിഞ്ഞാൽ ശവത്തെ കുളിപ്പിച്ചൊരുക്കുന്ന ഒരു ചടങ്ങുതന്നെയുണ്ട്‌, ആത്മമണ്ഡലത്തിലേക്ക്‌ ആളിനെ പറഞ്ഞുവിടുന്നതിനാണത്‌. അങ്ങനെയുള്ള അവസരങ്ങളിൽ ബാക്കിവരുന്ന സോപ്പ്‌ ശേഖരിക്കുന്നത്‌ എന്റെ ഒരു പതിവായിരുന്നു. പിന്നെ അത്‌ ചില ഇലകളുമായി കൂട്ടിച്ചേർത്ത്‌ ഒരു മിശ്രിതം ഉണ്ടാക്കും. വേട്ടയാടിപ്പിടിക്കാൻ ആഗ്രഹിക്കുന്ന മൃഗത്തിന്റെ പേര്‌ ഉറക്കെ പറഞ്ഞുകൊണ്ട്‌ ഞാനത്‌ തോക്കിൽ തേച്ചുപിടിപ്പിക്കും. ഇത്തരം സംഗതികൾ സർവസാധാരണമാണ്‌. പലപ്പോഴും അവയൊക്കെ ഫലിക്കുന്നതായും കാണാൻ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ ഭൂതവിദ്യയോടു ബന്ധപ്പെട്ട്‌ വളരെ ഭീതിദമായ ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.

“എന്റെ രണ്ട്‌ ആൺമക്കൾ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞപ്പോൾ ആരോ എനിക്കെതിരെ കൂടോത്രം ചെയ്യുന്നുണ്ടെന്ന്‌ ഞാൻ സംശയിച്ചു. അതു കണ്ടുപിടിക്കാനായി ഞാൻ പേരുകേട്ട ഒരു മന്ത്രവാദിയുടെ അടുക്കൽ പോയി. എന്റെ സംശയം ശരിയാണെന്ന്‌ അയാൾ സ്ഥിരീകരിച്ചു. കൂടോത്രംചെയ്‌ത്‌ അവരെ കൊന്നയാൾ മരിക്കുമ്പോൾ, അയാളെ സേവിക്കാനായി എന്റെ മക്കൾ ആത്മമണ്ഡലത്തിൽ കാത്തിരിക്കുകയാണെന്നുകൂടെ ആ മന്ത്രവാദി പറഞ്ഞപ്പോൾ ഞാൻ നടുങ്ങി. ഇതേ അനുഭവംതന്നെയാണ്‌ എന്റെ മൂന്നാമത്തെ മകനും ഉണ്ടാകുകയെന്നും അയാൾ കൂട്ടിച്ചേർത്തു. ഏതാനും ദിവസങ്ങൾക്കകം അവനും മരിച്ചു.”

അഗ്‌ബൂല പിന്നീട്‌, യഹോവയുടെ സാക്ഷിയായ ജോണിനെ കണ്ടുമുട്ടി. ബൈബിളിനെ അടിസ്ഥാനമാക്കി അദ്ദേഹം മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു വിശദീകരിച്ചു. അത്‌ അഗ്‌ബൂലയുടെ ജീവിതത്തെ മാറ്റിമറിച്ചു. നിങ്ങളുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചേക്കാം.

മരിച്ചവർ ജീവിച്ചിരിക്കുന്നുവോ?

ഈ ചോദ്യത്തിന്‌ കൃത്യമായ ഉത്തരം തരാൻ കഴിയുന്നത്‌ ആർക്കാണ്‌? ഒരു മനുഷ്യനും അതിനു കഴിയില്ല, അയാൾ എത്രതന്നെ സമർഥനോ പേരുകേട്ടവനോ ആയാലും. എന്നാൽ, “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും” ആയ എല്ലാ ജീവരൂപങ്ങളുടെയും സ്രഷ്ടാവായ യഹോവയ്‌ക്ക്‌ അതിനു കഴിയും. (കൊലൊസ്സ്യർ 1:15) ആത്മമണ്ഡലത്തിൽ വസിക്കുന്നതിനായി ദൂതന്മാരെയും ഭൂമിയിൽ ജീവിക്കുന്നതിന്‌ മനുഷ്യരെയും മൃഗങ്ങളെയും അവൻ സൃഷ്ടിച്ചു. (സങ്കീർത്തനം 104:4, 23, 24) എല്ലാ ജീവനും ആധാരം അവനാണ്‌. (വെളിപ്പാടു 4:11) അതുകൊണ്ട്‌ മരണത്തെക്കുറിച്ച്‌ ദൈവത്തിന്റെ വചനമായ ബൈബിൾ എന്തു പറയുന്നുവെന്ന്‌ നോക്കാം.

മരണത്തെക്കുറിച്ച്‌ ആദ്യമായി സംസാരിക്കുന്നത്‌ യഹോവയാണ്‌. ആദാമും ഹവ്വായും തന്നോട്‌ അനുസരണക്കേടു കാണിച്ചാൽ അവർ മരിക്കുമെന്ന്‌ അവൻ മുന്നറിയിപ്പു നൽകിയിരുന്നു. (ഉല്‌പത്തി 2:17) മരിക്കുമ്പോൾ എന്താണു സംഭവിക്കുക? യഹോവതന്നെ അതു വിശദീകരിച്ചു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) മരിക്കുമ്പോൾ ശരീരം അഴുകി മണ്ണോടു ചേരുന്നു. ജീവൻ നിലയ്‌ക്കുന്നു.

ആദാമും ഹവ്വായും മനഃപൂർവം അനുസരണക്കേടു കാണിക്കുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്‌തു. എന്നാൽ ആദ്യം മരിച്ചത്‌ അവരല്ലായിരുന്നു. അവരുടെ മകനായ ഹാബെൽ ആയിരുന്നു. അവന്റെ ജ്യേഷ്‌ഠനായ കയീനായിരുന്നു അവനെ കൊന്നത്‌. (ഉല്‌പത്തി 4:8) മരിച്ചുപോയ സഹോദരൻ തന്നോട്‌ പ്രതികാരം ചെയ്യുമോയെന്ന ഭയം കയീന്‌ ഇല്ലായിരുന്നു. എന്നാൽ ജീവിച്ചിരിക്കുന്നവർ തന്നെ എന്തെങ്കിലും ചെയ്യുമോയെന്ന്‌ അവൻ ഭയന്നു.—ഉല്‌പത്തി 4:10-16.

നൂറ്റാണ്ടുകൾക്കുശേഷം നടന്ന മറ്റൊരു സംഭവത്തെക്കുറിച്ചു ചിന്തിക്കുക. തന്റെ ദേശത്ത്‌ ‘യെഹൂദന്മാരുടെ രാജാവ്‌’ ജനിച്ചിരിക്കുന്നുവെന്ന വാർത്ത രാജാവായ ഹെരോദാവ്‌ ജ്യോതിഷക്കാരിൽനിന്നും അറിയാനിടയായി. തന്റെ എതിരാളിയെ ഇല്ലാതാക്കാനായി ബേത്ത്‌ലെഹെമിലെ രണ്ടുവയസ്സും അതിൽ താഴെയുമുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും വധിക്കാൻ ഹെരോദാവ്‌ കൽപ്പിച്ചു. എന്നാൽ ഒരു ദൂതൻ പ്രത്യക്ഷനായി യോസേഫിനോട്‌ മറിയയെയും യേശുവിനെയുംകൊണ്ട്‌ ഈജിപ്‌റ്റിലേക്ക്‌ ഓടിപ്പോകാൻ നിർദേശിച്ചു.—മത്തായി 2:1-16.

ഹെരോദാവിന്റെ മരണത്തെത്തുടർന്ന്‌ ദൂതൻ യോസേഫിനു പ്രത്യക്ഷനായി, “ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചു”പോയി എന്നറിയിച്ചശേഷം ഇസ്രായേലിലേക്കു മടങ്ങാൻ അവനോട്‌ ആവശ്യപ്പെട്ടു. (മത്തായി 2:19, 20) ഹെരോദാവിന്‌ യേശുവിനെ ഉപദ്രവിക്കാൻ കഴിയില്ലെന്ന്‌ ആത്മമണ്ഡലത്തിൽനിന്നുള്ള ദൂതന്‌ അറിയാമായിരുന്നു. മരിച്ചുപോയ ഹെരോദാ രാജാവിനെ യോസേഫിനു ഭയമില്ലായിരുന്നു. എന്നാൽ ഹെരോദാവിന്റെ പിൻതുടർച്ചക്കാരനായി വന്ന ദുഷ്ടനായ അർക്കെലയൊസിനെ അവനു പേടിയുണ്ടായിരുന്നു. അതുകൊണ്ട്‌ അവൻ തന്റെ കുടുംബത്തോടൊപ്പം അർക്കെലയൊസിന്റെ ഭരണപ്രദേശത്തിനു പുറത്തുള്ള ഗലീലയിൽ താമസമാക്കി.—മത്തായി 2:22.

മരിച്ചവർക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്നു മനസ്സിലാക്കാൻ ഈ വിവരണങ്ങൾ സഹായിക്കുന്നു. അങ്ങനെയെങ്കിൽ അഗ്‌ബൂലയ്‌ക്കുംമറ്റും ഉണ്ടായ അനുഭവങ്ങളുടെ കാര്യമോ?

“ഭൂതങ്ങൾ” അഥവാ, അശുദ്ധാത്മാക്കൾ

ദുഷ്ടാത്മാക്കളെ നേരിടേണ്ടതായി വന്ന ചില സാഹചര്യങ്ങൾ യേശുവിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്‌. യേശുവിനെ തിരിച്ചറിഞ്ഞ അവർ അവനെ ‘ദൈവപുത്രൻ’ എന്നു വിളിച്ചു. അവർ ആരാണെന്ന്‌ യേശുവിനും അറിയാമായിരുന്നു. മരിച്ചവരുടെ ആത്മാക്കളല്ലായിരുന്നു അവർ. യേശു അവരെ ‘ഭൂതങ്ങൾ’ അഥവാ, ‘അശുദ്ധാത്മാക്കൾ’ എന്നാണ്‌ വിളിച്ചത്‌.—മത്തായി 8:29-31; 10:8; മർക്കൊസ്‌ 5:8.

ദൈവത്തോടു വിശ്വസ്‌തത പുലർത്തുന്ന ആത്മാക്കളെക്കുറിച്ചും അവനോടു മത്സരിച്ച ആത്മാക്കളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. ഏദെൻതോട്ടത്തിൽനിന്നും ആദാമിനെയും ഹവ്വായെയും പുറത്താക്കിയിട്ട്‌, ആരും അതിൽ പ്രവേശിക്കാതിരിക്കാൻ അതിന്റെ കിഴക്ക്‌ യഹോവയായ ദൈവം കെരൂബുകളെ അല്ലെങ്കിൽ, ദൂതന്മാരെ നിറുത്തി. (ഉല്‌പത്തി 3:24) മനുഷ്യർക്ക്‌ ആത്മാക്കളെ ആദ്യമായി കാണാൻ കഴിഞ്ഞത്‌ അപ്പോഴായിരിക്കാം.

അൽപ്പകാലത്തിനുശേഷം കുറെ ദൂതന്മാർ ഭൂമിയിൽ വന്ന്‌ മനുഷ്യശരീരം എടുത്തു. എന്തെങ്കിലും നിയമനം നൽകി യഹോവ അവരെ ഭൂമിയിലേക്ക്‌ അയച്ചതായിരുന്നില്ല. അവർ സ്വയം ആത്മമണ്ഡലത്തിലെ ‘വാസസ്ഥലം വിട്ടുപോരുകയായിരുന്നു.’ (യൂദാ 6) അവരുടെ ലക്ഷ്യങ്ങൾ തികച്ചും സ്വാർഥപരമായിരുന്നു. അവർ ഭൂമിയിലെ സ്‌ത്രീകളെ ഭാര്യമാരായി എടുത്തു. ഈ സ്‌ത്രീകളിൽനിന്ന്‌ അവർക്ക്‌ നെഫിലിം എന്ന സങ്കരസന്തതികൾ ജനിച്ചു. ഈ നെഫിലിമുകളും അവരുടെ മത്സരികളായ പിതാക്കന്മാരുംനിമിത്തം ഭൂമിയിൽ അക്രമവും ദുഷ്ടതയും പെരുകി. (ഉല്‌പത്തി 6:1-5) എന്നാൽ മുഴുഭൂമിയിലും ഒരു ജലപ്രളയം വരുത്തിക്കൊണ്ട്‌ യഹോവ അതിന്‌ അറുതിവരുത്തി. പ്രളയത്തിൽ ദുഷ്ടമനുഷ്യരും അവരുടെ സങ്കരസന്തതികളും നശിച്ചു. എന്നാൽ ദൂതന്മാർക്ക്‌ എന്തു സംഭവിച്ചു?

പ്രളയംമൂലം ആത്മമണ്ഡലത്തിലേക്കു മടങ്ങാൻ അവർ നിർബന്ധിതരായി. എന്നാൽ മുമ്പ്‌ അവർക്കുണ്ടായിരുന്ന പദവിയിൽ തുടരാൻ ദൈവം അവരെ അനുവദിച്ചില്ല. (യൂദാ 6) “പാപം ചെയ്‌ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്‌പി”ച്ചുവെന്ന്‌ ബൈബിൾ പറയുന്നു.—2 പത്രൊസ്‌ 2:4.

നരകം എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദമായ ടാർട്ടറസ്‌ അക്ഷരാർഥത്തിലുള്ള ഒരിടമല്ല. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഈ ദൂതന്മാരെ ദൈവം ആക്കിയിരിക്കുന്ന തടവറതുല്യമായ അധമാവസ്ഥയെയാണ്‌ അതു കുറിക്കുന്നത്‌. മുമ്പത്തെപ്പോലെ അവർക്ക്‌ ജഡശരീരം ധരിക്കാൻ സാധിക്കുകയില്ല. എന്നാൽ അവർക്ക്‌ ഇപ്പോഴും വലിയ ശക്തിയുണ്ട്‌, ആളുകളുടെ മനസ്സിനെയും ജീവിതത്തെയും സ്വാധീനിക്കാൻ അവർക്കു കഴിയും. അതുപോലെ മനുഷ്യരിലും മൃഗങ്ങളിലും ആവേശിക്കാനുള്ള കഴിവും അവർക്കുണ്ട്‌. (മത്തായി 12:43-45; ലൂക്കൊസ്‌ 8:27-33) മരിച്ചവരുടെ ആത്മാക്കളായി നടിച്ചുകൊണ്ട്‌ അവർ മനുഷ്യരെ വഞ്ചിക്കുന്നു. എന്തിന്‌? യഹോവയ്‌ക്കു പ്രസാദകരമായ രീതിയിലുള്ള ആരാധന അർപ്പിക്കുന്നതിൽനിന്ന്‌ അവരെ തടയുന്നതിനും മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച്‌ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും ആണത്‌.

ഭയത്തെ എങ്ങനെ തരണംചെയ്യാം?

മരണത്തെയും ആത്മജീവികളെയും കുറിച്ചുള്ള ബൈബിൾ വിശദീകരണം യുക്തിസഹമാണെന്ന്‌ അഗ്‌ബൂലയ്‌ക്കു മനസ്സിലായി. കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. ജോണിന്റെ സഹായത്തോടെ അദ്ദേഹം ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കാൻ തുടങ്ങി. മരിച്ചുപോയ മക്കൾ കുഴിമാടത്തിൽ നിദ്രകൊള്ളുകയാണെന്നും അല്ലാതെ കൊലയാളിയുടെ ദാസന്മാരാകാൻ ആത്മമണ്ഡലത്തിൽ കാത്തിരിക്കുകയല്ലെന്നുമുള്ള അറിവ്‌ അദ്ദേഹത്തിന്‌ ആശ്വാസംപകർന്നു.—യോഹന്നാൻ 11:11-13.

ഭൂതവിദ്യയിൽനിന്ന്‌ താൻ പൂർണമായി പിന്മാറണമെന്നും അദ്ദേഹം മനസ്സിലാക്കി. ആഭിചാരവുമായി ബന്ധപ്പെട്ട വസ്‌തുക്കളെല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു. (പ്രവൃത്തികൾ 19:19) ഇതെല്ലാം ആത്മാക്കളുടെ കോപം വരുത്തിവെക്കുമെന്ന്‌ സമുദായത്തിലെ പലരും അദ്ദേഹത്തിനു താക്കീതു നൽകി. അഗ്‌ബൂലയ്‌ക്കു പക്ഷേ, ഭയമില്ലായിരുന്നു. എഫെസ്യർ 6:11, 12-ലെ ബുദ്ധിയുപദേശം അദ്ദേഹം അനുസരിച്ചു. അവിടെ ഇങ്ങനെ പറയുന്നു: ‘ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു . . . ദുഷ്ടാത്മസേനയോടത്രേ.’ ഈ സർവായുധവർഗത്തിൽ സത്യം, നീതി, സമാധാനത്തിന്റെ സുവിശേഷം, വിശ്വാസം, ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എന്നിവയാണുള്ളത്‌. അത്‌ ദൈവത്തിൽനിന്നുള്ള ആയുധവർഗമാണ്‌, അതുകൊണ്ടുതന്നെ ശക്തവും!

ഭൂതവിദ്യയോടു ബന്ധപ്പെട്ട കാര്യങ്ങളിൽനിന്നെല്ലാം ഒഴിവായപ്പോൾ ബന്ധുമിത്രാദികളിൽ ചിലർ അഗ്‌ബൂലയുമായുള്ള ബന്ധം വിച്ഛേദിച്ചു. എന്നാൽ അവിടെയുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ചെന്നപ്പോൾ ബൈബിളിന്റെ പഠിപ്പിക്കലിൽ വിശ്വസിക്കുന്ന പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

താമസിയാതെ യഹോവ ഭൂമിയിൽനിന്ന്‌ ദുഷ്ടത തുടച്ചുനീക്കുകയും ഭൂതങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും അറുതിവരുത്തുകയും ചെയ്യുമെന്ന്‌ അഗ്‌ബൂല ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു. ഒടുവിൽ അവൻ ഭൂതങ്ങളെ നശിപ്പിക്കും. (വെളിപ്പാടു 20:1, 2, 10) ‘കല്ലറകളിലുള്ള എല്ലാവരെയും’ ദൈവം ഭൂമിയിലേക്ക്‌ ജീവനോടെ തിരികെക്കൊണ്ടുവരും. (യോഹന്നാൻ 5:28, 29) ഹാബെൽ, ഹെരോദാ രാജാവ്‌ വധിച്ച നിഷ്‌കളങ്ക ശിശുക്കൾ തുടങ്ങി ദശലക്ഷങ്ങൾ അവരിൽ ഉൾപ്പെടും. മരണമടഞ്ഞ മൂന്നുമക്കളും അക്കൂട്ടത്തിൽ ഉണ്ടാകുമെന്ന്‌ അഗ്‌ബൂല വിശ്വസിക്കുന്നു. നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരും അവരിൽ ഉൾപ്പെട്ടേക്കാം. ഉയിർത്തെഴുന്നേറ്റു വരുന്ന എല്ലാവരും ഒരു വസ്‌തുത സ്ഥിരീകരിച്ചു പറയും: മരണംമുതൽ പുനരുത്ഥാനംവരെയുള്ള ആ കാലഘട്ടത്തിൽ അവർ ഒന്നും അറിഞ്ഞിട്ടില്ല, അവർക്കായി ചെയ്‌തിട്ടുള്ള കർമങ്ങളും പൂജകളും ഒന്നും.

മരിച്ചവരെ ഭയപ്പെടാൻ ഒരു കാരണവുമില്ല. പകരം, മരിച്ച പ്രിയപ്പെട്ടവരുമൊത്ത്‌ വീണ്ടും ഒന്നിക്കുന്ന സമയത്തിനായി കാത്തിരിക്കുക. അതോടൊപ്പം ഇപ്പോൾ മറ്റൊരു കാര്യവുംകൂടെ നിങ്ങൾക്കു ചെയ്യാനാകും. വിശ്വാസത്തെ ശക്തിപ്പെടുത്താൻ ബൈബിൾ പഠിക്കുക. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുന്നവരുമൊത്ത്‌ സഹവസിക്കുക. ഭൂതവിദ്യ ആചരിക്കുന്നുണ്ടെങ്കിൽ ഉടനടി അത്‌ നിറുത്തുക. “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു”കൊണ്ട്‌ ഭൂതങ്ങളിൽനിന്ന്‌ സംരക്ഷണം നേടുക. (എഫെസ്യർ 6:11) ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? * എന്ന പുസ്‌തകത്തിന്റെ സഹായത്തോടെ ബൈബിൾ പഠിക്കുന്നതിന്‌ സൗജന്യമായി നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്നദ്ധരാണ്‌.

അഗ്‌ബൂലയ്‌ക്ക്‌ ഇപ്പോൾ മരിച്ചവരെ ഭയമില്ല; ഭൂതങ്ങളെ ചെറുക്കേണ്ടത്‌ എങ്ങനെയെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അദ്ദേഹം പറയുന്നു: “എന്റെ മൂന്നുമക്കളുടെയും മരണത്തിനു കാരണക്കാരൻ ആരാണെന്ന്‌ എനിക്കറിയില്ല. എന്നാൽ യഹോവയെ സേവിക്കാൻ തുടങ്ങിയതിൽപ്പിന്നെ എനിക്ക്‌ വേറെ ഏഴുമക്കൾകൂടി ജനിച്ചു. ആത്മമണ്ഡലത്തിലുള്ള ആരും അവർക്ക്‌ ഒരു ഉപദ്രവവും ചെയ്‌തിട്ടില്ല.”

[അടിക്കുറിപ്പ്‌]

^ ഖ. 25 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.