വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഴ! ദൈവം വർഷിക്കുന്ന അനുഗ്രഹം!

മഴ! ദൈവം വർഷിക്കുന്ന അനുഗ്രഹം!

മഴ! ദൈവം വർഷിക്കുന്ന അനുഗ്രഹം!

മഴയില്ലാത്തൊരു ഭൂമി! നിങ്ങൾക്കതു ചിന്തിക്കാനാകുമോ? മഴ കൂടിപ്പോയാൽ വെള്ളപ്പൊക്കംപോലുള്ള ദുരിതങ്ങൾ ഉണ്ടാകുമെന്നതു ശരിയാണ്‌. സദാ മഴചാറുന്ന തണുപ്പുള്ള പ്രദേശങ്ങളിലെ ആളുകൾ മഴയെ ഒരു ശല്യമായിട്ടാകും കാണുന്നത്‌. (എസ്രാ 10:9) ഉഷ്‌ണവും വരൾച്ചയുമുള്ള പ്രദേശങ്ങളിൽ പാർക്കുന്ന ജനകോടികളുടെ കാര്യം പക്ഷേ അങ്ങനെയല്ല. ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം വന്നെത്തുന്ന മഴ അവർക്ക്‌ കുളിർമയേകുന്ന ഒരനുഭവമാണ്‌!

ചില ബൈബിൾ നാടുകളിലെ അവസ്ഥ ഇതാണ്‌. പൗലൊസ്‌ അപ്പൊസ്‌തലൻ മിഷനറിവേല ചെയ്‌ത ഏഷ്യാമൈനറിന്റെ ഉൾപ്രദേശങ്ങൾ അക്കൂട്ടത്തിൽപ്പെടും. ഒരിക്കൽ അവിടത്തെ ലുക്കവോന്യരോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നന്മചെയ്‌കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്‌കി നിങ്ങളെ തൃപ്‌തരാക്കുകയും ചെയ്‌തുപോന്നതിനാൽ [ദൈവം] തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.” (പ്രവൃത്തികൾ 14:17) പൗലൊസ്‌ മഴയെക്കുറിച്ചാണ്‌ ആദ്യം പരാമർശിച്ചതെന്നതു ശ്രദ്ധേയമാണ്‌. കാരണം, മഴയില്ലെങ്കിൽ ഭൂമിയിൽ ഒന്നും വളരുകയില്ല, “ഫലപുഷ്ടിയുള്ള കാലങ്ങളും” ഉണ്ടാകുകയില്ല.

മഴയെക്കുറിച്ച്‌ ഒട്ടനവധി വിവരങ്ങൾ ബൈബിളിലുണ്ട്‌. മഴ എന്നതിനുള്ള എബ്രായ-ഗ്രീക്ക്‌ പദങ്ങൾ നൂറിലധികം പ്രാവശ്യം ബൈബിളിൽ കാണുന്നു. ആകട്ടെ, മഴയെന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ കൂടുതലറിയാൻ നിങ്ങൾക്കു താത്‌പര്യമുണ്ടോ? ബൈബിളിന്റെ ശാസ്‌ത്രീയ കൃത്യതയിലുള്ള വിശ്വാസം ഒന്നുകൂടി ശക്തിപ്പെടുത്താൻ നിങ്ങൾക്കാഗ്രഹമുണ്ടോ?

മഴയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌

യേശു ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: ‘സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്‌ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു.’ (മത്തായി 5:45) അതുവഴി, ഭൂമിയിൽ മഴപെയ്യാൻ അനിവാര്യമായിരിക്കുന്ന ഒരു ഘടകത്തിലേക്ക്‌ ശ്രോതാക്കളുടെ ശ്രദ്ധതിരിക്കുകയായിരുന്നു അവൻ. മഴയെക്കുറിച്ചു പറയുന്നതിനുമുമ്പ്‌ യേശു സൂര്യനെക്കുറിച്ചു പറഞ്ഞു. അതു തികച്ചും ഉചിതമായിരുന്നു. കാരണം, സൂര്യനാണ്‌ സസ്യജാലങ്ങളുടെ വളർച്ചയ്‌ക്കാവശ്യമായ ഊർജം നൽകുന്നത്‌. മാത്രമല്ല, ഭൂമിയിലെ ജലപരിവൃത്തിയെ നിയന്ത്രിക്കുന്നതും സൂര്യൻതന്നെയാണ്‌. സൂര്യന്റെ ചൂടേറ്റ്‌ വർഷംതോറും ഏതാണ്ട്‌ 4 ലക്ഷം ക്യുബിക്‌ കിലോമീറ്റർ സമുദ്രജലമാണ്‌ ശുദ്ധജലകണങ്ങളായി ബാഷ്‌പീകരിക്കപ്പെടുന്നത്‌. സൂര്യനെ സൃഷ്ടിച്ചത്‌ യഹോവയായതിനാൽ, ‘നീർത്തുള്ളികളെ ആകർഷിച്ച്‌ മഴപെയ്യിക്കുന്നവൻ’ എന്ന്‌ അവനെ വിശേഷിപ്പിച്ചിരിക്കുന്നു.

ജലപരിവൃത്തിയെ ബൈബിൾ ഇങ്ങനെ വർണിക്കുന്നു: “ദൈവം . . . നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു. മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.” (ഇയ്യോബ്‌ 36:26-28) ശാസ്‌ത്രീയ കൃത്യതയുള്ള ഈ വാക്കുകൾ രേഖപ്പെടുത്തി ആയിരക്കണക്കിനു വർഷം കഴിഞ്ഞിട്ടും മനുഷ്യന്‌ ജലപരിവൃത്തിയെ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. “മഴത്തുള്ളികൾ രൂപംകൊള്ളുന്ന പ്രക്രിയ കൃത്യമായി മനസ്സിലാക്കാൻ ഇന്നുമായിട്ടില്ല” എന്ന്‌ വാട്ടർ സയൻസ്‌ ആൻഡ്‌ എഞ്ചിനിയറിങ്‌ (2003) എന്ന പുസ്‌തകം പറയുന്നു.

അതിസൂക്ഷ്‌മങ്ങളായ ഖരവസ്‌തുക്കൾ ന്യൂക്ലിയസ്സായിട്ടുള്ള ജലകണങ്ങളാണ്‌ മഴത്തുള്ളികളായി മാറുന്നതെന്നുമാത്രമേ ശാസ്‌ത്രജ്ഞന്മാർക്ക്‌ അറിയാവൂ. ഈ ഓരോ കണവും കുറഞ്ഞത്‌ പത്തുലക്ഷം മടങ്ങ്‌ വലുപ്പംവെക്കുമ്പോഴാണ്‌ ഒരു മഴത്തുള്ളി ഉണ്ടാകുന്നത്‌. മണിക്കൂറുകൾ വേണ്ടിവരുന്ന സങ്കീർണമായൊരു പ്രക്രിയയാണിത്‌. ഹൈഡ്രോളജി ഇൻ പ്രാക്‌റ്റിസ്‌ എന്ന ഒരു ശാസ്‌ത്രപുസ്‌തകം പറയുന്നു: “മേഘങ്ങളിലെ ജലകണങ്ങൾ മഴത്തുള്ളിയായി രൂപപ്പെടുന്നതിനെക്കുറിച്ച്‌ പല സിദ്ധാന്തങ്ങളുണ്ട്‌. ഇവയെ വിശകലനം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌ ഗവേഷകർ.”

മഴയെന്ന പ്രതിഭാസത്തിന്റെ ഉപജ്ഞാതാവായ ദൈവം തന്റെ ദാസനായ ഇയ്യോബിനെ താഴ്‌മയുള്ളവനാക്കാൻ ഇപ്രകാരം ചോദിക്കുകയുണ്ടായി: “മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? . . . ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?” (ഇയ്യോബ്‌ 38:28, 36, 37) ഇന്ന്‌ 3,500 വർഷങ്ങൾക്കുശേഷവും ശാസ്‌ത്രലോകത്തിന്‌ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താനായിട്ടില്ല.

ജലപരിവൃത്തി—എന്താണ്‌ വാസ്‌തവം?

ഗ്രീക്ക്‌ തത്ത്വചിന്തകർ വിശ്വസിച്ചിരുന്നത്‌, നദീജലത്തിന്റെ ഉറവിടം മഴയല്ല എന്നാണ്‌; സമുദ്രജലം എങ്ങനെയോ ഭൂമിക്കടിയിലൂടെ ഒഴുകി പർവതമുകളിലെത്തിയിട്ട്‌ ശുദ്ധജലമായി പ്രവഹിക്കുകയാണെന്ന്‌ അവർ പഠിപ്പിച്ചു. ശലോമോനും അങ്ങനെയാണ്‌ വിശ്വസിച്ചിരുന്നത്‌ എന്ന്‌ ഒരു ബൈബിൾ കമന്ററി അഭിപ്രായപ്പെടുന്നു. “സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു” എന്ന്‌ ദൈവത്താൽ നിശ്വസ്‌തനായി ശലോമോൻ പറഞ്ഞു. (സഭാപ്രസംഗി 1:7) എന്നാൽ സമുദ്രജലം എങ്ങനെയോ പർവതങ്ങളുടെ മുകളിലെത്തി നദീജലമായി ഒഴുകുന്നു എന്നാണോ ശലോമോൻ ഉദ്ദേശിച്ചത്‌? ഉത്തരം കണ്ടെത്താൻ, ശലോമോന്റെ കാലത്തെ ആളുകൾ എന്താണു വിശ്വസിച്ചിരുന്നതെന്നു നമുക്കു നോക്കാം. മേൽപ്പറഞ്ഞതുപോലുള്ള തെറ്റായ വിശ്വാസങ്ങളാണോ അവർക്കുണ്ടായിരുന്നത്‌?

ശലോമോൻ മരിച്ച്‌ നൂറുവർഷത്തിനുള്ളിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചു ചിന്തിക്കുക. ദൈവത്തിന്റെ പ്രവാചകനായ ഏലീയാവിന്റെ കാലത്ത്‌ ദേശം കടുത്ത വരൾച്ചയുടെ പിടിയിലമർന്നു. (യാക്കോബ്‌ 5:17) യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ച്‌ കനാന്യ മഴദേവനായ ബാലിനെ പൂജിച്ചതിനുള്ള ശിക്ഷയായിരുന്നു മൂന്നരവർഷം നീണ്ടുനിന്ന ആ വരൾച്ച. എന്നാൽ ഏലീയാവിന്റെ സഹായത്തോടെ ജനം മനസ്‌തപിച്ച്‌ യഹോവയിലേക്കു തിരിഞ്ഞു. ഇപ്പോൾ ഏലീയാവ്‌ മഴയ്‌ക്കായി യഹോവയോടു പ്രാർഥിക്കുകയാണ്‌. ആ സമയത്ത്‌ തന്റെ ബാല്യക്കാരനോട്‌ അവൻ പറഞ്ഞ വാക്കുകൾ മഴയുടെ ഉത്ഭവസ്ഥാനം അവന്‌ അറിയാമായിരുന്നെന്നു സൂചിപ്പിക്കുന്നു. “നീ ചെന്നു കടലിന്നു നേരെ നോക്കുക” എന്നാണവൻ പറഞ്ഞത്‌. “കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയമേഘം പൊങ്ങുന്നു” എന്ന്‌ ബാല്യക്കാരൻ പറഞ്ഞപ്പോൾ യഹോവ തന്റെ പ്രാർഥന കേട്ടെന്ന്‌ ഏലീയാവിനു മനസ്സിലായി. “ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്‌തു.” (1 രാജാക്കന്മാർ 18:43-45) ജലപരിവൃത്തിയെക്കുറിച്ച്‌ ഏലീയാവിന്‌ അറിവുണ്ടായിരുന്നെന്നു വ്യക്തം. സമുദ്രത്തിനു മുകളിൽ രൂപംകൊള്ളുന്ന മേഘങ്ങളെ കാറ്റ്‌ കിഴക്കോട്ട്‌ പറത്തിക്കൊണ്ടുപോയി വാഗ്‌ദത്തദേശത്ത്‌ മഴ പെയ്യിക്കുമെന്ന വസ്‌തുത ഏലീയാവിന്‌ അറിയാമായിരുന്നു. ഇന്നും ഈ പ്രദേശത്ത്‌ മഴ ലഭിക്കുന്നത്‌ ഇങ്ങനെതന്നെയാണ്‌.

ഈ സംഭവത്തിനുശേഷം ഏകദേശം നൂറുവർഷം കഴിഞ്ഞ്‌ ആമോസ്‌ എന്ന ഒരു എളിയ കർഷകൻ, ജലപരിവൃത്തിക്കു തുടക്കമിടുന്ന പ്രതിഭാസത്തെക്കുറിച്ച്‌ ഒരു സുപ്രധാനകാര്യം വ്യക്തമാക്കുകയുണ്ടായി. ദരിദ്രരെ പീഡിപ്പിക്കുകയും വ്യാജദേവന്മാരെ ആരാധിക്കുകയും ചെയ്യുന്നതിന്റെ പേരിൽ യിസ്രായേല്യർക്കെതിരെ ന്യായവിധി ഉച്ചരിക്കാൻ ആമോസ്‌ നിശ്വസ്‌തനാക്കപ്പെട്ടു. ദൈവത്തിന്റെ കയ്യാൽ നശിപ്പിക്കപ്പെടാതിരിക്കാൻ “യഹോവയെ അന്വേഷിപ്പിൻ” എന്ന്‌ ആമോസ്‌ അവരോട്‌ ആഹ്വാനം ചെയ്‌തു. സ്രഷ്ടാവായതിനാൽ യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന്‌ ആമോസ്‌ പറയുന്നു. “സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരു”ന്നവൻ എന്ന്‌ ആമോസ്‌ യഹോവയെ വിശേഷിപ്പിക്കുന്നു. (ആമോസ്‌ 5:6, 8) അത്ഭുതാവഹമായ ജലപരിവൃത്തിയെക്കുറിച്ച്‌ ആമോസ്‌ തന്റെ പുസ്‌തകത്തിൽ വീണ്ടും എടുത്തുപറയുന്നുണ്ട്‌. (ആമോസ്‌ 9:6) ഭൂമിയിൽ പെയ്യുന്ന മഴയുടെ മുഖ്യസ്രോതസ്സ്‌ സമുദ്രങ്ങളാണെന്ന്‌ അവന്റെ വാക്കുകളിൽനിന്നു വ്യക്തമാകുന്നു.

1687-ൽ എഡ്‌മണ്ട്‌ ഹാലി ഈ വസ്‌തുത ശാസ്‌ത്രീയമായി തെളിയിക്കുകയുണ്ടായി. എന്നാൽ ആ തെളിവുകൾ ലോകം അംഗീകരിക്കാൻ കാലങ്ങളെടുത്തു. “ഭൂഗർഭത്തിലൂടെയുള്ള ഒരു ജലപര്യയനവ്യവസ്ഥ സമുദ്രജലത്തെ പർവതമുകളിലെത്തിക്കുന്നുവെന്നും അവിടെനിന്ന്‌ അത്‌ ശുദ്ധജലമായി പ്രവഹിക്കുന്നുവെന്നുമുള്ള ആശയം 18-ാം നൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്നിരുന്നു” എന്ന്‌ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഓൺലൈൻ പറയുന്നു. എന്നാൽ ജലപരിവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ ഇന്ന്‌ പൊതുവെ എല്ലാവർക്കും അറിയാം. മേൽപ്പറഞ്ഞ എൻസൈക്ലോപീഡിയ തുടരുന്നു: “സമുദ്രജലം ബാഷ്‌പമായി അന്തരീക്ഷത്തിലേക്കുയരുകയും അവിടെവെച്ച്‌ അത്‌ ഘനീഭവിച്ച്‌ ഭൂമിയിലേക്ക്‌ മഞ്ഞായും മഴയായും പെയ്‌തിറങ്ങുകയും ചെയ്യുന്നു. ഈ വെള്ളം നദികളിലൂടെ ഒഴുകി വീണ്ടും സമുദ്രത്തിലെത്തുന്നു.” സഭാപ്രസംഗി 1:7-ലെ ശലോമോന്റെ വാക്കുകൾ, മേഘങ്ങളും മഴയും ഉൾപ്പെട്ട ഈ പരിവൃത്തിയെത്തന്നെയാണ്‌ പരാമർശിക്കുന്നത്‌.

ഈ അറിവ്‌ നിങ്ങളെ എന്തിനു പ്രേരിപ്പിക്കണം?

ജലപരിവൃത്തിയെക്കുറിച്ച്‌ പല ബൈബിളെഴുത്തുകാരും കൃത്യമായി പരാമർശിച്ചിട്ടുണ്ടെന്ന വസ്‌തുത എന്താണു കാണിക്കുന്നത്‌? നമ്മുടെ സ്രഷ്ടാവായ യഹോവയാംദൈവംതന്നെയാണ്‌ ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ എന്നതിനുള്ള പല തെളിവുകളിലൊന്നാണത്‌. (2 തിമൊഥെയൊസ്‌ 3:16) ഇന്നിപ്പോൾ മനുഷ്യന്റെ ചിന്താശൂന്യമായ പ്രവർത്തനങ്ങൾ അന്തരീക്ഷസ്ഥിതിയുടെ താളംതെറ്റിച്ചിരിക്കുന്നു. കനത്ത വെള്ളപ്പൊക്കവും കടുത്ത വരൾച്ചയുമൊക്കെ അതിന്റെ പരിണതിയാണ്‌. എന്നാൽ കാലാന്തരത്തിൽ താൻ ഇടപെട്ട്‌, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്ന്‌ ഈ ഭൂഗ്രഹത്തിനുവേണ്ടി ജലപരിവൃത്തി നിശ്ചയിച്ച യഹോവയാംദൈവം നാളുകൾക്കുമുമ്പേ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്‌.—വെളിപ്പാടു 11:18.

എന്നാൽ മഴയുൾപ്പെടെ, ദൈവത്തിൽനിന്ന്‌ ലഭിക്കുന്ന ദാനങ്ങളോട്‌ നിങ്ങൾക്ക്‌ എങ്ങനെയാണ്‌ നന്ദിപ്രകാശിപ്പിക്കാൻ കഴിയുക? ദൈവവചനമായ ബൈബിൾ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുക. അങ്ങനെയെങ്കിൽ, ദൈവം സ്ഥാപിക്കാനിരിക്കുന്ന പുതിയ ലോകത്തിൽ നിങ്ങളുമുണ്ടായിരിക്കും. അവിടെ, ദൈവത്തിൽനിന്നുള്ള സകല അനുഗ്രഹങ്ങളും എന്നേക്കും ആസ്വദിക്കാൻ നിങ്ങൾക്കാകും. കാരണം, നമുക്കുവേണ്ടി ആകാശത്തുനിന്നു മഴ വർഷിക്കുന്ന യഹോവയാംദൈവം ‘എല്ലാ നല്ല ദാനങ്ങളുടെയും’ ഉറവാണ്‌.—യാക്കോബ്‌ 1:17.

[16, 17 പേജുകളിലെ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഘനീകരണം

വർഷണം

സസ്യ-സ്വേദനം

ബാഷ്‌പീകരണം

പ്രവാഹം

ഭൂഗർഭജലം

[16-ാം പേജിലെ ചിത്രങ്ങൾ]

ഏലീയാവ്‌ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ ദാസൻ അടയാളത്തിനായി, “കടലിന്നു നേരെ” നോക്കി