വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിനു മാത്രമേ ഭൂമിയെ രക്ഷിക്കാനാകൂ

ദൈവത്തിനു മാത്രമേ ഭൂമിയെ രക്ഷിക്കാനാകൂ

ദൈവത്തിനു മാത്രമേ ഭൂമിയെ രക്ഷിക്കാനാകൂ

“ഒളിമിന്നുന്ന ശുഭ്രനീല രത്‌നം.” ശൂന്യാകാശത്തിന്റെ കനത്തിരുണ്ട പശ്ചാത്തലത്തിൽ വെട്ടിത്തിളങ്ങുന്ന ഭൂഗോളത്തെ കണ്ടപ്പോൾ ബഹിരാകാശസഞ്ചാരിയായ എഡ്‌ഗാർ മിച്ചെൽ പറഞ്ഞതാണത്‌.

മനുഷ്യനു വസിക്കാനായി ഭൂമിയെ ഒരുക്കാൻ ദൈവം ഏറെ കാര്യങ്ങൾ ചെയ്‌തു. ഭൂമിയുടെ സൃഷ്ടിക്കു സാക്ഷ്യംവഹിച്ച ദൂതന്മാർ, “സന്തോഷിച്ചാർ”ത്തതായി ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 38:6) ഭൂഗ്രഹത്തിന്റെ വിസ്‌മയങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ സന്തോഷിച്ചാർക്കാൻ നാമും പ്രേരിതരാകും. ഭൗമജീവന്റെ നിലനിൽപ്പിന്‌ ആധാരമായ അനേകം ആവാസവ്യവസ്ഥകളുണ്ട്‌. സങ്കീർണമായ ഈ ആവാസവ്യവസ്ഥകളിൽ ഒന്ന്‌ നമുക്കു വളരെ പരിചിതമാണ്‌. സൂര്യപ്രകാശവും അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്‌സൈഡും വെള്ളവും ഉപയോഗിച്ച്‌ ഹരിത സസ്യങ്ങൾ ആഹാരം ഉണ്ടാക്കുന്നു. ഈ പ്രക്രിയയുടെ ഉപോത്‌പന്നമായ ഓക്‌സിജൻ—നമ്മുടെ നിലനിൽപ്പിന്‌ അനിവാര്യമായ പ്രാണവായു—അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടുന്നു.

ഭൂമിയെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ദൈവം മനുഷ്യനെ ഭരമേൽപ്പിച്ചതായി ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:28; 2:15) ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്‌ക്കു കോട്ടംതട്ടാതിരിക്കാൻ പക്ഷേ, മനുഷ്യന്റെ ഭാഗത്തുനിന്നു ചില കാര്യങ്ങൾ ആവശ്യമായിരുന്നു. അവൻ തന്റെ ഭൗമഭവനത്തെ സ്‌നേഹിക്കേണ്ടിയിരുന്നു. അതിനെ മനോഹരമായി സൂക്ഷിക്കാനുള്ള ആഗ്രഹം അവന്‌ ഉണ്ടായിരിക്കണമായിരുന്നു. എന്നാൽ മനുഷ്യന്‌ ഇച്ഛാസ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാൽ അവനു വേണമെങ്കിൽ ഭൂമിയെ ചൂഷണം ചെയ്യാനും അതിലെ വിഭവങ്ങൾ ദുർവ്യയം ചെയ്യാനും കഴിയുമായിരുന്നു. അതുതന്നെയാണ്‌ അവൻ ചെയ്‌തിരിക്കുന്നതും. മനുഷ്യന്റെ അശ്രദ്ധയും അത്യാഗ്രഹവും ഭൂമിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.

ചില ഉദാഹരണങ്ങൾ കാണുക: (1)  വനനശീകരണം നിമിത്തം കാർബൺഡൈ ഓക്‌സൈഡ്‌ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ പ്രാപ്‌തി കുറഞ്ഞുവരുകയാണ്‌. കാലാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിന്‌ ഇതു വഴിതെളിച്ചിരിക്കുന്നു. (2) കീടനാശിനികളുടെ അമിതമായ ഉപയോഗം, പരാഗണം പോലുള്ള നിർണായക ധർമങ്ങൾ നിർവഹിക്കുന്ന പ്രാണിവർഗങ്ങളെ നശിപ്പിക്കുന്നു. (3) അനിയന്ത്രിതമായ മത്സ്യബന്ധനവും സമുദ്രങ്ങളുടെയും നദികളുടെയും മലിനീകരണവും മത്സ്യസമ്പത്തിനെ ശോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. (4) വരുംതലമുറകൾക്ക്‌ ഒന്നും ശേഷിപ്പിക്കാത്തവിധത്തിൽ മനുഷ്യൻ അത്യാർത്തിയോടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നത്‌ ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്നതായി പരിസ്ഥിതിശാസ്‌ത്രജ്ഞർ കരുതുന്നു. ആർട്ടിക്കിലെയും അന്റാർട്ടിക്കിലെയും മഞ്ഞുമലകൾ അടരുന്നതും ഹിമാനികൾ ഉരുകുന്നതും ആഗോളതാപനത്തിന്റെ തെളിവായി ചില പരിസ്ഥിതിശാസ്‌ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിവിപത്തുകൾ കൂടിവരുന്നതു കാണുമ്പോൾ ചിലർ പറഞ്ഞേക്കാം, മനുഷ്യനു ദുരിതം വരുത്തിക്കൊണ്ട്‌ പ്രകൃതി തിരിച്ചടിക്കുകയാണെന്ന്‌. ഭൂമിയിൽ സൗജന്യമായി താമസിക്കാൻ ദൈവം മനുഷ്യരെ അനുവദിച്ചു. (ഉല്‌പത്തി 1:26-29) എന്നാൽ മനോഹരമായ ആ ഭവനം കാത്തുസൂക്ഷിക്കുന്നതിൽ പലർക്കും താത്‌പര്യമില്ല എന്നാണ്‌ ലോകസംഭവങ്ങൾ കാണിക്കുന്നത്‌. സ്വന്തം താത്‌പര്യങ്ങൾ നിറവേറ്റുന്നതിൽ മാത്രമാണ്‌ മനുഷ്യന്റെ ശ്രദ്ധ. വെളിപ്പാടു 11:18-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ അവൻ “ഭൂമിയെ നശിപ്പി”ച്ചുകൊണ്ടിരിക്കുകയാണ്‌. അങ്ങനെ താൻ ഒരു നന്ദികെട്ട കുടികിടപ്പുകാരനാണെന്ന്‌ അവൻ തെളിയിച്ചിരിക്കുന്നു.

ഈ നന്ദികെട്ടവരെ കുടിയൊഴുപ്പിക്കുമെന്ന്‌ ഭൂമിയിലെ ആവാസവ്യവസ്ഥകളുടെ സ്രഷ്ടാവായ യഹോവ എന്ന സർവശക്തനായ ദൈവം മുന്നറിയിപ്പു നൽകിയിരിക്കുന്നു. അവൻ നടപടിയെടുക്കാനുള്ള സമയം വന്നെത്തിയിരിക്കുന്നെന്ന്‌ ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. (സെഫന്യാവു 1:14; വെളിപ്പാടു 19:11-15) കേടുപോക്കാനാകാത്തവിധം മനുഷ്യൻ ഭുമിയെ നശിപ്പിക്കുന്നതിനുമുമ്പ്‌ ദൈവം ഇടപെടും, നാം പ്രതീക്ഷിക്കുന്നതിനെക്കാൾ വേഗത്തിൽ. * (മത്തായി 24:44) അതെ, ഭൂമിയെ രക്ഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.

[അടിക്കുറിപ്പ്‌]

^ ഖ. 7 നാം ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രിക കാണുക.