വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ആരാണ്‌?

ദൈവം ആരാണ്‌?

ദൈവം ആരാണ്‌?

ഈ ചോദ്യത്തിന്‌ നിങ്ങൾ എന്ത്‌ ഉത്തരം നൽകും? ദൈവത്തെ നന്നായി അറിയാമെന്ന്‌ ചിലർ പറയുന്നു; അവർക്ക്‌ ഒരു ഉറ്റ സുഹൃത്തിനെപ്പോലെയാണ്‌ അവൻ. എന്നാൽ മറ്റു ചിലർക്ക്‌ ദൈവം ഒരു അകന്ന ബന്ധുവിനെപ്പോലെയാണ്‌. ദൈവം ഉണ്ടെന്ന്‌ അവർ വിശ്വസിക്കുന്നു; പക്ഷേ, അവനെക്കുറിച്ച്‌ കാര്യമായൊന്നും അറിയില്ല. ആകട്ടെ, നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളാണോ? എങ്കിൽ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ നിങ്ങൾ എന്ത്‌ ഉത്തരം പറയും?

1. ദൈവം ഒരു വ്യക്തിയാണോ?

2. ദൈവത്തിന്‌ ഒരു പേരുണ്ടോ?

3. യേശു സർവശക്തനായ ദൈവമാണോ?

4. ദൈവം എന്നെക്കുറിച്ച്‌ കരുതലുള്ളവനാണോ?

5. എല്ലാത്തരം ആരാധനയും ദൈവത്തിനു സ്വീകാര്യമാണോ?

ഈ ചോദ്യങ്ങൾക്ക്‌ ആളുകൾ പലപല ഉത്തരങ്ങളായിരിക്കും പറയുക. ദൈവത്തെക്കുറിച്ച്‌ ഇത്രയധികം കെട്ടുകഥകളും തെറ്റിദ്ധാരണകളും ഉള്ളതിൽ അതിശയമില്ല.

ഉത്തരങ്ങൾ എന്തുകൊണ്ട്‌ പ്രസക്തം?

ഒരിക്കൽ ദൈവഭക്തയായ ഒരു സ്‌ത്രീയോട്‌ സംസാരിക്കവെ, ദൈവത്തെക്കുറിച്ചുള്ള സത്യം അറിയേണ്ടതിന്റെ പ്രാധാന്യം യേശുക്രിസ്‌തു ഊന്നിപ്പറഞ്ഞു. ശമര്യക്കാരിയായ ആ സ്‌ത്രീ യേശു ഒരു പ്രവാചകനാണെന്ന്‌ തിരിച്ചറിഞ്ഞു. എന്നാൽ ഒരുകാര്യം അവളുടെ മനസ്സിനെ അലട്ടി; യേശുവിന്റെ മതവിശ്വാസങ്ങൾ അവളുടേതിൽനിന്നു വ്യത്യസ്‌തമായിരുന്നു. അവൾ തന്റെ ആശങ്ക തുറന്നുപ്രകടിപ്പിച്ചപ്പോൾ യേശു അവളോട്‌, “നിങ്ങൾ അറിയാത്തതിനെ നമസ്‌കരിക്കുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 4:19-22) മതഭക്തരെന്ന്‌ അവകാശപ്പെടുന്ന എല്ലാവരും അവശ്യം ദൈവത്തെ അറിയുന്നവരായിരിക്കണമെന്നില്ല എന്നു വ്യക്തമാക്കുകയായിരുന്നു യേശു.

എന്നാൽ ആർക്കും ദൈവത്തെ അടുത്തറിയാനാവില്ല എന്നാണോ അതിനർഥം? അല്ല. യേശു ആ സ്‌ത്രീയോടു തുടർന്നു പറഞ്ഞത്‌ ശ്രദ്ധിക്കുക: “സത്യനമസ്‌കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്‌കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്‌കരിക്കുന്നവർ ഇങ്ങനെയുളളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹന്നാൻ 4:23) ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നവരിൽ ഒരാളാണോ നിങ്ങൾ?

ആണെന്ന്‌ ഉറപ്പാക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. എന്തുകൊണ്ട്‌? ദൈവത്തോടു പ്രാർഥിക്കവെ യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അങ്ങനെ ശരിയായ പരിജ്ഞാനം നേടേണ്ടതിന്റെ ആവശ്യകത യേശു വ്യക്തമാക്കി. അതെ, നിങ്ങളുടെ ഭാവിജീവിതം ദൈവത്തെക്കുറിച്ചുള്ള സത്യം അറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു!

ദൈവത്തെക്കുറിച്ചുള്ള സത്യം അറിയുക സാധ്യമാണോ? തീർച്ചയായും. എങ്ങനെ? “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്ന്‌ യേശു തന്നെക്കുറിച്ചുതന്നെ പറഞ്ഞു. (യോഹന്നാൻ 14:6) “പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല” എന്നും അവൻ പറഞ്ഞു.—ലൂക്കൊസ്‌ 10:22.

അതുകൊണ്ട്‌ ദൈവത്തെ അറിയാനുള്ള വഴി ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെ ഉപദേശങ്ങൾ പഠിക്കുകയാണ്‌. “എന്റെ വചനത്തിൽ [അതായത്‌, ഉപദേശങ്ങളിൽ] നിലനില്‌ക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്ന്‌ യേശു നമുക്ക്‌ ഉറപ്പുനൽകുന്നു.—യോഹന്നാൻ 8:31, 32.

അങ്ങനെയെങ്കിൽ, ആദ്യം പറഞ്ഞ അഞ്ചുചോദ്യങ്ങൾക്ക്‌ യേശു എങ്ങനെയായിരിക്കും ഉത്തരം പറയുന്നത്‌?

[4-ാം പേജിലെ ചിത്രം]

അറിയാത്ത ഒരു ദൈവത്തെയാണോ നിങ്ങൾ ആരാധിക്കുന്നത്‌?