വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

ഇന്ന്‌ കുഷ്‌ഠം എന്ന്‌ അറിയപ്പെടുന്ന രോഗത്തെക്കുറിച്ചുതന്നെയാണോ ബൈബിളിലും പറഞ്ഞിരിക്കുന്നത്‌?

മൈക്കോബാക്‌ടീരിയം ലപ്രേ എന്ന ബാക്‌ടീരിയയുടെ ആക്രമണംമൂലം മനുഷ്യരിലുണ്ടാകുന്ന ഒരു രോഗാവസ്ഥയെയാണ്‌ ഇന്ന്‌ വൈദ്യശാസ്‌ത്രം “കുഷ്‌ഠം” എന്നു വിളിക്കുന്നത്‌. 1873-ൽ ഡോ. ജി.എ. ഹാൻസനാണ്‌ ഈ രോഗാണുവിനെ കണ്ടുപിടിച്ചത്‌. മൂക്കുചീറ്റിത്തള്ളുന്ന ശ്ലേഷ്‌മത്തിൽ ഒമ്പതുദിവസംവരെ ഈ ബാക്‌ടീരിയയ്‌ക്ക്‌ ആയുസ്സുണ്ടായിരിക്കുമെന്ന്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. കുഷ്‌ഠരോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക്‌ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അവർ പറയുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, രോഗിയുടെ വസ്‌ത്രങ്ങളും രോഗപ്പകർച്ചയ്‌ക്കു കാരണമായേക്കാം. 2007-ൽ, 2,20,000-ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ടുചെയ്‌തതായി ലോകാരോഗ്യ സംഘടന പറയുന്നു.

ബൈബിൾകാലങ്ങളിലും മധ്യപൂർവ ദേശത്ത്‌ കുഷ്‌ഠരോഗികൾ ഉണ്ടായിരുന്നു. കുഷ്‌ഠരോഗം ബാധിച്ച വ്യക്തിയെ മാറ്റിപ്പാർപ്പിക്കണമെന്ന്‌ ന്യായപ്രമാണം അനുശാസിച്ചിരുന്നു. (ലേവ്യപുസ്‌തകം 13:4, 5) എന്നാൽ ‘കുഷ്‌ഠം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന സരാത്ത്‌ എന്ന എബ്രായപദം മനുഷ്യരിലുണ്ടാകുന്ന രോഗത്തെ മാത്രമല്ല അർഥമാക്കിയത്‌. വസ്‌ത്രങ്ങളെയും വീടുകളെയും സരാത്ത്‌ ബാധിച്ചിരുന്നു. ഇത്തരത്തിലുള്ള കുഷ്‌ഠം കമ്പിളിവസ്‌ത്രങ്ങളിലും ചണവസ്‌ത്രങ്ങളിലും തുകൽവസ്‌തുക്കളിലും കണ്ടുവന്നിരുന്നു. ചിലപ്പോൾ കഴുകിയാൽ അവ പോകുമായിരുന്നു. എന്നാൽ ‘ഇളമ്പച്ചയോ ഇളഞ്ചുവപ്പോ’ നിറത്തിലുള്ള വടുക്കൾ അപ്രത്യക്ഷമാകാതിരുന്നാൽ ആ വസ്‌ത്രം അല്ലെങ്കിൽ തുകൽവസ്‌തു ചുട്ടുകളയണമായിരുന്നു. (ലേവ്യപുസ്‌തകം 13:47-52) ചിലപ്പോൾ “ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ” വീടുകളുടെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ ഭാഗം കുഴിഞ്ഞതായി കണ്ടാൽ അവിടത്തെ കല്ലുകളും കുമ്മായവും ഇളക്കിയെടുത്ത്‌ മനുഷ്യവാസമില്ലാത്ത സ്ഥലത്തു കൊണ്ടുകളയണമായിരുന്നു. കുഷ്‌ഠം വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ കെട്ടിടം ഇടിച്ചുകളഞ്ഞ്‌ കല്ലും മറ്റും പട്ടണത്തിനു വെളിയിൽ ഉപേക്ഷിക്കണമായിരുന്നു. (ലേവ്യപുസ്‌തകം 14:33-45) പൂപ്പലെന്നും കരിമ്പനെന്നുമൊക്കെ ഇന്നു നമ്മൾ പറയുന്നതാണ്‌ അന്ന്‌ വീടുകളെയും വസ്‌ത്രങ്ങളെയും ബാധിച്ചിരുന്നതായി പറയുന്ന കുഷ്‌ഠം എന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ അങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയില്ല.