വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

രത്‌നങ്ങൾ കടത്തുകയും ജോലിസ്ഥലത്ത്‌ മോഷണം നടത്തുകയും ചെയ്‌തിരുന്ന ഒരു സ്‌ത്രീയെ സത്യസന്ധതയുള്ള ജീവനക്കാരിയാക്കിയത്‌ എന്താണ്‌? ജീവനൊടുക്കാൻ രണ്ടുവട്ടം ശ്രമിച്ച ഒരു സ്‌ത്രീയെ ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ സഹായിച്ചത്‌ എന്താണ്‌? മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന ഒരു വ്യക്തിക്ക്‌ അവയോടുള്ള ആസക്തിയിൽനിന്നു മോചനം നേടാനായത്‌ എങ്ങനെയാണ്‌? അവർക്കു പറയാനുള്ളത്‌ ശ്രദ്ധിക്കൂ.

 

പേര്‌: മാർഗ്രറ്റ്‌ ഡെബേൺ

പ്രായം: 45

രാജ്യം: ബോട്‌സ്വാന

ചരിത്രം: മുമ്പ്‌ കള്ളക്കടത്തും മോഷണവും ഉണ്ടായിരുന്നു

മുൻകാല ജീവിതം: എന്റെ പിതാവ്‌ ഒരു ജർമൻകാരനായിരുന്നു. പിന്നീട്‌ അദ്ദേഹം തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ (ഇപ്പോൾ നമീബിയ) പൗരത്വം സ്വീകരിച്ചു. എന്റെ അമ്മ ബോട്‌സ്വാനയിൽനിന്നുള്ള മംഗലോഗ ഗോത്രക്കാരിയായിരുന്നു. ഞാൻ നമീബിയയിലെ ഗോബാബിസിലാണു ജനിച്ചത്‌.

1970-കളിൽ നമീബിയ ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിലായിരുന്നു. നമീബിയയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അവർ വർണവിവേചന നിയമങ്ങൾ കർശനമായി നടപ്പാക്കി. മാതാപിതാക്കളുടേത്‌ മിശ്രവിവാഹമായിരുന്നതിനാൽ വേർപിരിയാനുള്ള സമ്മർദം അവർക്കുണ്ടായി. അങ്ങനെ അമ്മ ഞങ്ങൾ കുട്ടികളെയുംകൊണ്ട്‌ ബോട്‌സ്വാനയിലെ ഗാൻസിയിലേക്കു തിരിച്ചു.

1979-ൽ ഞാൻ ബോട്‌സ്വാനയിലെ ലോബാറ്റ്‌സയിലേക്കു പോയി. അവിടെ വളർത്തുമാതാപിതാക്കളോടൊപ്പം താമസിച്ചാണ്‌ ഞാൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. പിന്നീട്‌ ഒരു ഗാരെജിൽ ക്ലർക്കായി ജോലി കിട്ടി. ഏതു മാർഗത്തിലൂടെ ആയാലും നമുക്കു വേണ്ടത്‌ നമ്മൾതന്നെ ഉണ്ടാക്കണം, അല്ലാതെ ദൈവത്തിൽ ആശ്രയിച്ചിട്ട്‌ കാര്യമില്ലെന്ന ചിന്താഗതി ആയിരുന്നു എന്റേത്‌.

ജോലിസ്ഥലത്ത്‌ കുറെയൊക്കെ അധികാരം ഉണ്ടായിരുന്നതിനാൽ അവിടെനിന്ന്‌ നിഷ്‌പ്രയാസം സാധനങ്ങൾ കടത്താൻ എനിക്കു സാധിച്ചിരുന്നു. രാത്രി പട്ടണത്തിലൂടെ പോകുന്ന ട്രെയിനിൽ കയറിപ്പറ്റി ഞാനും കൂട്ടുകാരും കിട്ടാവുന്ന സാധനങ്ങളൊക്കെ മോഷ്ടിച്ചിരുന്നു. ഇതിനുപുറമേ ഞാൻ രത്‌നങ്ങളും സ്വർണവും വെങ്കലവും കടത്തുന്നതിൽ ഉൾപ്പെട്ടു. ഞാൻ മയക്കുമരുന്ന്‌ ഉപയോഗിക്കാൻ തുടങ്ങി. അക്രമാസക്തമായ സ്വഭാവമായിത്തീർന്നു എന്റേത്‌. കുറെ കാമുകന്മാരും എനിക്കുണ്ടായിരുന്നു.

1993-ൽ ഒരു മോഷണത്തിനിടെ പിടിക്കപ്പെട്ട്‌ എനിക്ക്‌ ജോലി നഷ്ടമായി. പിടിക്കപ്പെടുമെന്നു പേടിച്ച്‌ എന്റെ “കൂട്ടുകാർ” എന്നെ ഉപേക്ഷിച്ചുപോയി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇനി ആരെയും വിശ്വസിക്കില്ലെന്നു ഞാൻ ഉറച്ചു.

ബൈബിൾ ജീവിതത്തെ മാറ്റിമറിച്ചു: 1994-ൽ ഞാൻ യഹോവയുടെ സാക്ഷികളായ ടിമിനെയും വെർജിനിയയെയും കണ്ടുമുട്ടി. അവർ മിഷനറിമാരായിരുന്നു. എന്റെ പുതിയ ജോലിസ്ഥലത്തുവെച്ച്‌ ഉച്ചഭക്ഷണ സമയത്ത്‌ അവരെന്നെ ബൈബിൾ പഠിക്കാൻ സഹായിച്ചു. പിന്നീട്‌, അവർ വിശ്വസിക്കാൻ കൊള്ളാവുന്നവരാണെന്നു മനസ്സിലാക്കിയപ്പോൾ വീട്ടിൽ വന്ന്‌ അധ്യയനമെടുക്കാൻ ഞാൻ അവരെ അനുവദിച്ചു.

ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ എന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു ഞാൻ വൈകാതെ തിരിച്ചറിഞ്ഞു. “ദുർന്നടപ്പുകാർ, . . . കളളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്‌ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന്‌ 1 കൊരിന്ത്യർ 6:9, 10-ൽനിന്നു ഞാൻ മനസ്സിലാക്കി. ഒന്നൊന്നായി ചീത്ത ശീലങ്ങൾ ഞാൻ ഉപേക്ഷിച്ചു. ഞാൻ മോഷണം നിറുത്തി; ഗുണ്ടാസംഘങ്ങളുമായി കാലങ്ങളായി ഉണ്ടായിരുന്ന ബന്ധം വിച്ഛേദിച്ചു. കാമുകന്മാരെ ഒഴിവാക്കാനും യഹോവയുടെ സഹായത്താൽ എനിക്കായി.

ലഭിച്ച പ്രയോജനങ്ങൾ: അത്ര എളുപ്പമല്ലായിരുന്നെങ്കിലും ദേഷ്യം നിയന്ത്രിക്കാൻ ഞാൻ പഠിച്ചു. മുമ്പൊക്കെ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളപ്പോൾ ദേഷ്യം തീർക്കുന്നത്‌ കുട്ടികളോടായിരുന്നു. (എഫെസ്യർ 4:31) എന്നാൽ ഇപ്പോൾ ശാന്തമായി അവരോട്‌ ഇടപെടാൻ എനിക്കു കഴിയുന്നു. ഇതു വളരെ ഫലം ചെയ്‌തു, ഞങ്ങളുടെ കുടുംബം കെട്ടുറപ്പുള്ളതായി.

എന്റെ മുൻകാല സുഹൃത്തുക്കൾക്കും അയൽക്കാർക്കും ഇപ്പോൾ എന്നെ വിശ്വാസമാണ്‌. ഇപ്പോൾ ഞാൻ സത്യസന്ധതയും ആത്മാർഥതയുമുള്ള ജീവനക്കാരിയാണ്‌. പണവും മറ്റു വസ്‌തുക്കളും വളരെ സൂക്ഷ്‌മതയോടെയാണ്‌ ഞാൻ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്‌. ബൈബിൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ സമയത്തിലധികവും ഉപയോഗിക്കുമ്പോഴും സ്വന്തം കാലിൽ നിൽക്കാൻ എനിക്കാകുന്നു. സദൃശവാക്യങ്ങൾ 10:22-ൽ പറഞ്ഞിരിക്കുന്നതിനോടു ഞാൻ പൂർണമായും യോജിക്കുന്നു: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.”

 

പേര്‌: ഗ്ലോറിയ എലിസറാറസ്‌ ഡെ ചോപ്പെറേന

പ്രായം: 37

രാജ്യം: മെക്‌സിക്കോ

മുമ്പ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിട്ടുണ്ട്‌

മുൻകാല ജീവിതം: മെക്‌സിക്കോയിലെ ധനികമേഖലയായ നൗകാൽപ്പാനിലാണ്‌ ഞാൻ വളർന്നത്‌. ചെറുപ്പംതൊട്ടേ ഞാൻ ഒരു താന്തോന്നിയായിരുന്നു. പാർട്ടികൾ എനിക്കൊരു ഹരമായിരുന്നു. 12-ാം വയസ്സിൽ പുകവലിയും 14-ാം വയസ്സിൽ മദ്യപാനവും 16-ാം വയസ്സിൽ മയക്കുമരുന്ന്‌ ഉപയോഗവും തുടങ്ങി. ഏതാനും വർഷങ്ങൾക്കുശേഷം ഞാൻ വീടുവിട്ടുപോയി. എന്റെ മിക്ക കൂട്ടുകാരും ശിഥിലമായ കുടുംബങ്ങളിൽനിന്നുള്ളവർ ആയിരുന്നു; സ്ഥിരം ഉപദ്രവങ്ങൾക്കും അവഹേളനങ്ങൾക്കും ഇരകളായിരുന്നവർ. ജീവിതം ഇരുളടഞ്ഞതായി തോന്നിയപ്പോൾ ഞാൻ രണ്ടുവട്ടം ആത്മഹത്യക്കു ശ്രമിച്ചു.

19-ാം വയസ്സിൽ ഞാൻ ഒരു മോഡലായി. രാഷ്ട്രീയ, വിനോദ ലോകത്തിലെ ആളുകളുമായി ഇടപഴകാൻ എനിക്ക്‌ അങ്ങനെ അവസരം ലഭിച്ചു. പിന്നീട്‌ ഞാൻ വിവാഹിതയായി, അമ്മയുമായി. കുടുംബത്തിലെ തീരുമാനങ്ങളെല്ലാം ഞാൻതന്നെയാണ്‌ എടുത്തിരുന്നത്‌. പുകവലിയും മദ്യപാനവും ഞാൻ അപ്പോഴും തുടർന്നു. എനിക്ക്‌ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. അസഭ്യസംസാരവും വൃത്തികെട്ട തമാശകളും മാത്രമേ എന്റെ വായിൽനിന്നു വന്നിരുന്നുള്ളൂ. പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവമായിരുന്നു എന്റേത്‌.

എന്റെ സുഹൃത്തുക്കളിൽ അധികവും ഇത്തരക്കാർതന്നെ ആയിരുന്നു. അവർ നോക്കുമ്പോൾ എനിക്ക്‌ ഒന്നിനും കുറവുണ്ടായിരുന്നില്ല. പക്ഷേ ശൂന്യവും ഉദ്ദേശ്യരഹിതവുമായിരുന്നു എന്റെ ജീവിതം.

ബൈബിൾ ജീവിതത്തെ മാറ്റിമറിച്ചു: 1998-ൽ യഹോവയുടെ സാക്ഷികളുമൊത്ത്‌ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. യഹോവയാം ദൈവം ഭൂമിയെ ഒരു പറുദീസയാക്കുമെന്നും മരിച്ചവരെ ഉയിർപ്പിക്കുമെന്നും ബൈബിളിൽനിന്നു ഞാൻ പഠിച്ചു. ആ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എനിക്കും കഴിയുമെന്ന്‌ ഞാൻ മനസ്സിലാക്കി.

ദൈവത്തെ അനുസരിച്ചുകൊണ്ടാണ്‌ അവനോടുള്ള സ്‌നേഹം തെളിയിക്കേണ്ടതെന്നും ഞാൻ തിരിച്ചറിഞ്ഞു. (1 യോഹന്നാൻ 5:3) ആദ്യമൊക്കെ എനിക്കത്‌ ബുദ്ധിമുട്ടായിരുന്നു. കാരണം, ആരിൽനിന്നും ഉപദേശം സ്വീകരിക്കുന്ന സ്വഭാവം എനിക്കില്ലായിരുന്നു. എന്നാൽ ജീവിതം നേർവഴിക്കാക്കാൻ സ്വയം എനിക്കു സാധിക്കില്ലെന്നു ഞാൻ മനസ്സിലാക്കി. (യിരെമ്യാവു 10:23) എന്നെ വഴിനടത്താൻ ഞാൻ യഹോവയോടു പ്രാർഥിച്ചു. യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനും എന്റേതിൽനിന്നു വ്യത്യസ്‌തമായ ഒരു ജീവിതം നയിക്കാൻ കുട്ടികളെ പഠിപ്പിക്കാനുമുള്ള സഹായത്തിനായി ഞാൻ അവനോട്‌ അപേക്ഷിച്ചു.

മാറ്റംവരുത്താൻ എനിക്കു ബുദ്ധിമുട്ടായിരുന്നെങ്കിലും എഫെസ്യർ 4:22-24-ലെ ബുദ്ധിയുപദേശം ഞാൻ പ്രാവർത്തികമാക്കാൻ തുടങ്ങി. “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു . . . പഴയ മനുഷ്യനെ ഉപേക്ഷിച്ചു . . . നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” എന്നാണ്‌ ആ വാക്യം പറയുന്നത്‌. പുതിയ വ്യക്തിത്വം ധരിക്കുന്നതിന്‌ ഞാൻ പുകവലി പോലുള്ള ദുശ്ശീലങ്ങളും അസഭ്യസംസാരവും ഉപേക്ഷിക്കേണ്ടിയിരുന്നു. മാറ്റങ്ങൾവരുത്താനും ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കാനും എനിക്ക്‌ മൂന്നുവർഷം വേണ്ടിവന്നു.

ഭാര്യയുടെയും അമ്മയുടെയും റോളുകൾ ഞാൻ ഗൗരവത്തോടെ എടുക്കാൻ തുടങ്ങി. “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും” എന്ന 1 പത്രൊസ്‌ 3:1, 2-ലെ ബുദ്ധിയുപദേശം ഞാൻ ബാധകമാക്കി.

ലഭിച്ച പ്രയോജനങ്ങൾ: ജീവിതത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയാൻ അവസരം നൽകിയതിന്‌ എനിക്ക്‌ യഹോവയോട്‌ അങ്ങേയറ്റം നന്ദിയുണ്ട്‌. എന്റെ വ്യക്തിത്വത്തിന്‌ നല്ല മാറ്റംവന്നിരിക്കുന്നു. കുട്ടികളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരാൻ എനിക്കു കഴിയുന്നു. കഴിഞ്ഞകാലത്തു ചെയ്‌തിട്ടുള്ള കാര്യങ്ങളെപ്രതി ചിലപ്പോഴെല്ലാം ഹൃദയം എന്നെ കുറ്റപ്പെടുത്താറുണ്ട്‌. പക്ഷേ യഹോവയ്‌ക്ക്‌ എന്നെ അറിയാം. (1 യോഹന്നാൻ 3:19, 20) ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നത്‌ എന്നെ അപകടങ്ങളിൽനിന്നു സംരക്ഷിച്ചിരിക്കുന്നു, അത്‌ എനിക്കു മനശ്ശാന്തി നൽകുകയും ചെയ്‌തിരിക്കുന്നു.

 

പേര്‌: ജാൽസൺ കൊറേയ ഡി ഒലിവേറ

പ്രായം: 33

രാജ്യം: ബ്രസീൽ

മുമ്പ്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു

മുൻകാല ജീവിതം: ബ്രസീലിലെ ബാഷെയിലാണ്‌ ഞാൻ ജനിച്ചത്‌. 1,00,000-ത്തോളം ആളുകളുള്ള ഈ നഗരം ബ്രസീൽ-ഉറുഗ്വേ അതിർത്തിക്കടുത്താണ്‌. കൃഷിയും കാലിവളർത്തലുമാണ്‌ ഇവിടുത്തെ പ്രധാന വരുമാനമാർഗം. ഗുണ്ടാസംഘങ്ങൾ വിളയാടിയിരുന്ന ഒരു ദരിദ്രമേഖലയിലാണ്‌ ഞാൻ വളർന്നത്‌. അവിടെ മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും കുട്ടികൾക്കിടയിൽപ്പോലും സർവസാധാരണമായിരുന്നു.

സ്‌കൂൾജീവിതത്തോടു വിടപറഞ്ഞശേഷം ഞാൻ മദ്യപിക്കാനും മാരിഹ്വാന ഉപയോഗിക്കാനും തുടങ്ങി. ഹെവി-മെറ്റൽ സംഗീതത്തോടും എനിക്കു കമ്പമായിരുന്നു. ദൈവത്തിൽ ഞാൻ വിശ്വസിച്ചില്ല. ദൈവം ഇല്ലെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്‌ ഈ ലോകത്തിലെ ദുരിതങ്ങളും കുഴപ്പങ്ങളുമെന്ന്‌ ഞാൻ കരുതി.

ഞാൻ നന്നായി ഗിറ്റാർ വായിക്കുമായിരുന്നു. പാട്ടുകളും എഴുതുമായിരുന്നു. പലപ്പോഴും അതിനുള്ള പ്രചോദനം ലഭിച്ചത്‌ ബൈബിളിലെ വെളിപ്പാട്‌ പുസ്‌തകത്തിൽനിന്നാണ്‌. പക്ഷേ, ഞാൻ പ്രതീക്ഷിച്ചതുപോലെ എന്റെ ട്രൂപ്പ്‌ വിജയിച്ചില്ല. അതിന്റെ നിരാശയിൽനിന്നു മോചനം നേടാൻ, കൂടുതൽ ലഹരി തരുന്ന മയക്കുമരുന്നുകളെ ഞാൻ ആശ്രയിക്കാൻ തുടങ്ങി. അമിതഡോസു നിമിത്തം മരിക്കുന്നതൊന്നും എനിക്കൊരു പ്രശ്‌നമല്ലായിരുന്നു. ഞാൻ ആരാധിച്ചിരുന്ന പല ഗായകരുടെയും ജീവിതത്തിനു തിരശ്ശീല വീണത്‌ ഈ വിധത്തിലാണ്‌.

മയക്കുമരുന്നു വാങ്ങാനുള്ള പണം ഞാൻ സംഘടിപ്പിച്ചത്‌ മുത്തശ്ശിയിൽനിന്നാണ്‌. അവരാണ്‌ എന്നെ വളർത്തിയത്‌. പണം എന്തിനാണെന്നു ചോദിച്ചാൽ ഞാൻ നുണ പറയും. ഇതൊന്നും പോരാത്തതിന്‌ ഭൂതവിദ്യയിലും ഞാൻ ഏർപ്പെട്ടിരുന്നു. മന്ത്രവാദത്തിന്റെ മാസ്‌മരികതയും എന്നെ ആകർഷിച്ചു. നല്ല ഗാനങ്ങൾ രചിക്കാൻ അത്‌ എന്നെ സഹായിക്കുമെന്നു ഞാൻ കരുതി.

ബൈബിൾ ജീവിതത്തെ മാറ്റിമറിച്ചു: ബൈബിൾ പഠിക്കാനും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങിയതോടെ എന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായി. ജീവിക്കാനുള്ള ആഗ്രഹം ശക്തമായി, ഞാൻ കൂടുതൽ സന്തോഷവാനായി. ഞാൻ എന്റെ മുടി മുറിക്കാൻ തീരുമാനിച്ചു. ഉള്ളിലെ അസംതൃപ്‌തിയും വാശിയും വിളിച്ചോതുന്നതായിരുന്നു എന്റെ ആ നീണ്ട മുടി. ദൈവത്തിന്റെ പ്രീതി നേടണമെങ്കിൽ ഞാൻ മദ്യപാനം നിറുത്തണമെന്നും മയക്കുമരുന്നിനോടും സിഗററ്റിനോടും വിടപറയണമെന്നും എനിക്കറിയാമായിരുന്നു. ഞാൻ ആസ്വദിച്ചിരുന്ന ഗാനങ്ങളുടെ കാര്യത്തിലും മാറ്റംവരുത്തേണ്ടതുണ്ടെന്നു ഞാൻ മനസ്സിലാക്കി.

യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക്‌ ആദ്യമായി പോയപ്പോൾ ചുവരിൽ തൂക്കിയിരുന്ന ഒരു തിരുവെഴുത്ത്‌ എന്റെ ശ്രദ്ധയിൽപ്പെട്ടു. സദൃശവാക്യങ്ങൾ 3:5, 6 ആയിരുന്നു അത്‌: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” ഞാൻ അനുവദിക്കുന്നപക്ഷം ജീവിതം ഉടച്ചുവാർക്കാൻ യഹോവ എന്നെ സഹായിക്കുമെന്ന്‌ ആ തിരുവെഴുത്ത്‌ എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

വേരുറച്ചു പോയിരുന്ന ശീലങ്ങളും ആസക്തികളും പിഴുതെറിയുന്നത്‌ എന്റെ ഒരു കൈ വെട്ടിമാറ്റുന്നത്ര ദുഷ്‌കരമായിരുന്നു. (മത്തായി 18:8, 9) പതുക്കെയുള്ള മാറ്റം എന്റെ കാര്യത്തിൽ പ്രായോഗികമല്ലായിരുന്നു. അതുകൊണ്ട്‌ ഒറ്റയടിക്ക്‌ ഞാൻ എല്ലാം നിറുത്തി. ആ പഴയ ജീവിതത്തിലേക്ക്‌ എന്നെ തിരിച്ചുകൊണ്ടുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളും സഹവാസങ്ങളും ഞാൻ ഒഴിവാക്കി.

നിരാശാജനകമായ കാര്യങ്ങളെക്കുറിച്ച്‌ ഓർത്തുകൊണ്ടിരിക്കാതെ ഓരോ ദിവസവും കൈവരിക്കുന്ന നേട്ടത്തിൽ ഞാൻ അഭിമാനംകൊണ്ടു. യഹോവയുടെ ദൃഷ്ടിയിൽ ശാരീരികവും ധാർമികവും ആത്മീയവുമായി ശുദ്ധിയുള്ളവനായിരിക്കുന്നത്‌ ഒരു വലിയ കാര്യമാണെന്ന്‌ എനിക്കു തോന്നി. പഴയ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കാതെ പുതിയ ജീവിതത്തിൽ ശ്രദ്ധിക്കാൻ എന്നെ സഹായിക്കണമേ എന്ന്‌ ഞാൻ യഹോവയോടു പ്രാർഥിച്ചു. യഹോവ അതിന്‌ ഉത്തരം നൽകുകയും ചെയ്‌തു. ചിലപ്പോഴൊക്കെ പഴയ ശീലത്തിലേക്കു ഞാൻ വഴുതിവീണു. എങ്കിലും ബൈബിളധ്യയനത്തിനു ഞാൻ മുടക്കം വരുത്തിയില്ല; ലഹരിയുടെ പിടിവിടാത്ത അവസരങ്ങളിൽപ്പോലും.

ദൈവം വ്യക്തികളെന്നനിലയിൽ നമുക്കായി കരുതുന്നുവെന്നും അവൻ വ്യാജമതങ്ങളെ നശിപ്പിക്കുമെന്നും ഇപ്പോൾ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കുന്നുവെന്നുമൊക്കെയുള്ള ബൈബിൾ സത്യങ്ങൾ എനിക്കു വളരെ യുക്തിസഹമായി തോന്നി. (മത്തായി 7:21-23; 24:14; 1 പത്രൊസ്‌ 5:6, 7) ഒടുവിൽ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ദൈവം എനിക്കുവേണ്ടി ചെയ്‌ത എല്ലാ കാര്യങ്ങൾക്കും നന്ദി പ്രകാശിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു.

ലഭിച്ച പ്രയോജനങ്ങൾ: എന്റെ ജീവിതത്തിന്‌ ഇപ്പോൾ ഒരു ലക്ഷ്യമുണ്ട്‌, അർഥമുണ്ട്‌. (സഭാപ്രസംഗി 12:13) കുടുംബാംഗങ്ങളെ ചൂഷണം ചെയ്യുന്നതിനു പകരം അവർക്കെന്തെങ്കിലും നൽകാൻ എനിക്കു സാധിച്ചിരിക്കുന്നു. ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ ഞാൻ മുത്തശ്ശിയോടു പറഞ്ഞു. അങ്ങനെ അവരും യഹോവയ്‌ക്കു ജീവിതം സമർപ്പിച്ചു. കുടുംബത്തിൽ വേറെ പലരും എന്റെ ട്രൂപ്പിലുണ്ടായിരുന്ന ഒരാളും യഹോവയുടെ ആരാധകരായി.

ഞാൻ ഇപ്പോൾ വിവാഹിതനാണ്‌. ഞാനും ഭാര്യയും സമയത്തിലേറെയും ബൈബിൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നു. ‘പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കാൻ’ പഠിച്ചത്‌ എന്റെ ജീവിതം ധന്യമാക്കി.

[21-ാം പേജിലെ ആകർഷക വാക്യം]

“ജീവിക്കാനുള്ള ആഗ്രഹം ശക്തമായി, ഞാൻ കൂടുതൽ സന്തോഷവാനായി”