വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“രക്ഷപ്പെട്ടത്‌ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം!”

“രക്ഷപ്പെട്ടത്‌ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം!”

“രക്ഷപ്പെട്ടത്‌ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം!”

ചപ്പുചവറുകൾ നിറച്ചുകൊണ്ടുപോവുകയായിരുന്ന ഒരു ലോറി പെട്ടെന്ന്‌ നിയന്ത്രണംവിട്ട്‌ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഒരു ഭാര്യയെയും ഭർത്താവിനെയും ഒരു 23-കാരനെയും ഇടിച്ചുവീഴ്‌ത്തി. ഭാര്യയും ഭർത്താവും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ഒരു പത്രം റിപ്പോർട്ടുചെയ്‌തു. ചെറുപ്പക്കാരൻ അബോധാവസ്ഥയിലുമായി. ബോധം വീണപ്പോൾ തനിക്ക്‌ ജീവൻ വീണ്ടുകിട്ടിയെന്ന്‌ അയാൾക്കു വിശ്വസിക്കാനായില്ല. ‘ദൈവമേ, ഇനിയൊന്നും സംഭവിക്കരുതേ’ എന്നായിരുന്നു അയാളുടെ പ്രാർഥന. മരണത്തിന്റെ വായിൽനിന്നു രക്ഷപ്പെട്ട അയാൾ എന്തു നിഗമനത്തിലാണ്‌ എത്തിയത്‌? “രക്ഷപ്പെട്ടത്‌ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം!”

ഇത്തരം സംഭവങ്ങൾ നിങ്ങൾ വേറെയും കേട്ടിട്ടുണ്ടാകും. ആരെങ്കിലും മരണത്തിൽനിന്ന്‌ തലനാരിഴയ്‌ക്കു രക്ഷപ്പെട്ടാൽ ആളുകൾ പറയും, ‘അവന്റെ സമയമായില്ല’ എന്ന്‌. അസാധാരണമായ ഒരു അത്യാഹിതത്തിൽപ്പെട്ട്‌ ആരെങ്കിലും മരിച്ചാലോ? അപ്പോൾ അവർ പറയും, ‘അവന്റെ സമയമായി,’ അല്ലെങ്കിൽ ‘അത്രയേ അവനു വിധിച്ചിട്ടുള്ളൂ’ എന്ന്‌. ഇത്തരം സംഭവങ്ങൾക്കു പിന്നിൽ, വിധിയാണെന്നോ ഭാഗ്യമാണെന്നോ ദൈവമാണെന്നോ ഒക്കെ ആളുകൾ പറഞ്ഞേക്കാമെങ്കിലും ഇതിന്‌ ആധാരമായിരിക്കുന്ന വിശ്വാസം ഒന്നുതന്നെ. എല്ലാം തലയിലെഴുത്തുപോലെയേ നടക്കൂ എന്നും തന്റെ തലവിധി മായ്‌ക്കാൻ മനുഷ്യനാവില്ല എന്നുമാണ്‌ പലരുടെയും വിശ്വാസം. മരണമോ അത്യാഹിതമോ ഉണ്ടാകുമ്പോൾ മാത്രമല്ല ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നത്‌. ഇത്‌ പുതുതായുണ്ടായ ഒരു വിശ്വാസവുമല്ല.

നക്ഷത്രങ്ങളും അവയുടെ ചലനങ്ങളും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്ന്‌ പണ്ട്‌ ബാബിലോണിയർ വിശ്വസിച്ചിരുന്നു. അതുകൊണ്ട്‌ ആകാശത്തിലെ അടയാളങ്ങളും ലക്ഷണങ്ങളും നോക്കിയാണ്‌ അവർ എല്ലാം ചെയ്‌തിരുന്നത്‌. ഗ്രീക്കുകാരും റോമാക്കാരും ഭാഗ്യദേവതകളെ ആരാധിച്ചിരുന്നു. മുഖ്യദേവന്മാരായ സിയൂസിനെയും ജൂപ്പിറ്ററിനെയും മറികടന്നുപോലും മനുഷ്യജീവിതത്തിൽ ഭാഗ്യവും നിർഭാഗ്യവും കൊണ്ടുവരാൻ ഈ ദേവതകൾക്കാകുമെന്നായിരുന്നു വിശ്വാസം.

മുജ്ജന്മ കർമങ്ങളുടെ ഫലമാണ്‌ ആളുകൾ ഈ ജന്മത്തിൽ അനുഭവിക്കുന്നതെന്നും ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളുടെ ഫലം വരുംജന്മത്തിൽ അനുഭവിക്കുമെന്നും ഹിന്ദുക്കളും ബുദ്ധമതക്കാരും വിശ്വസിക്കുന്നു. എല്ലാം ദൈവനിശ്ചയമാണെന്നു പഠിപ്പിച്ചുകൊണ്ട്‌ പല ക്രൈസ്‌തവ മതവിഭാഗങ്ങളും ഒരർഥത്തിൽ വിധിവിശ്വാസത്തെ പിന്താങ്ങുന്നുണ്ട്‌. മറ്റു മതസ്ഥരും സമാനമായ വിശ്വാസം പുലർത്തുന്നവരാണ്‌.

അതുകൊണ്ടുതന്നെ, വസ്‌തുനിഷ്‌ഠമായി ചിന്തിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന, ‘പ്രബുദ്ധമായ’ ഈ തലമുറയിലും തങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാൺ വിധിയുടെ കൈകളിലാണെന്ന്‌ വിശ്വസിക്കുന്ന അനേകരുള്ളതിൽ അതിശയിക്കാനില്ല. നിങ്ങൾക്കും ഇതേ വീക്ഷണമാണോ ഉള്ളത്‌? ജീവിതത്തിലെ ഓരോ സംഭവവും—ജയവും തോൽവിയും, ജനനവും മരണവുമെല്ലാം—മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവോ? ജീവിതം വിധിയുടെ കളിപ്പാട്ടമാണോ? ഈ ചോദ്യങ്ങൾക്ക്‌ ബൈബിൾ എന്ത്‌ ഉത്തരം നൽകുന്നുവെന്ന്‌ നോക്കാം.

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Ken Murray/New York Daily News