വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാറ്റിനും ഒരു സമയമുണ്ട്‌

എല്ലാറ്റിനും ഒരു സമയമുണ്ട്‌

എല്ലാറ്റിനും ഒരു സമയമുണ്ട്‌

“എല്ലാറ്റിന്നും ഒരു സമയമുണ്ട്‌; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ട്‌” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ ബൈബിളിൽ എഴുതി. ജനിക്കാനും മരിക്കാനും ഒരു കാലമുണ്ടെന്നും പണിയാനും ഇടിച്ചുകളയാനും ഒരു കാലമുണ്ടെന്നും സ്‌നേഹിക്കാനും ദ്വേഷിക്കാനും ഒരു കാലമുണ്ടെന്നും അദ്ദേഹം തുടർന്ന്‌ പറയുകയുണ്ടായി. “പ്രയത്‌നിക്കുന്നവന്നു തന്റെ പ്രയത്‌നംകൊണ്ടു എന്തു ലാഭം?” എന്നും ഒടുവിൽ അദ്ദേഹം ചോദിക്കുന്നു. —സഭാപ്രസംഗി 3:1-9.

ഇതു വായിച്ചിട്ടുള്ള ചിലർ, ഓരോന്നും സംഭവിക്കേണ്ട സമയം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നതായി ബൈബിൾ പഠിപ്പിക്കുന്നുണ്ടെന്നു സമർഥിക്കുന്നു. എന്നാൽ അതു ശരിയാണോ? വിധിയാണ്‌ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത്‌ എന്ന ആശയത്തെ ബൈബിൾ പിന്താങ്ങുന്നുണ്ടോ? “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാ”യതുകൊണ്ട്‌ ബൈബിൾ പറയുന്ന കാര്യങ്ങൾക്ക്‌ തമ്മിൽ പൊരുത്തമുണ്ടായിരിക്കണം. അതുകൊണ്ട്‌ ദൈവവചനമായ ബൈബിളിലെ മറ്റു തിരുവെഴുത്തുകൾ ഇക്കാര്യത്തെക്കുറിച്ച്‌ എന്തു പറയുന്നുവെന്നു നോക്കാം.—2 തിമൊഥെയൊസ്‌ 3:16.

യാദൃച്ഛിക സംഭവങ്ങൾ

സഭാപ്രസംഗി എന്ന പുസ്‌തകത്തിൽ ശലോമോൻ തുടർന്ന്‌ ഇങ്ങനെ എഴുതി: “സൂര്യനു കീഴെ ഓട്ടം വേഗമുള്ളവനോ യുദ്ധം ശക്തിയുള്ളവനോ അപ്പം ജ്ഞാനിക്കോ ധനം ബുദ്ധിമാനോ അനുഗ്രഹം സമർഥനോ അല്ല ലഭിച്ചിരിക്കുന്നതെന്നു ഞാൻ കണ്ടു.” എന്തുകൊണ്ട്‌? ശലോമോൻതന്നെ കാരണവും വിശദീകരിക്കുന്നു: “എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്‌.”—സഭാപ്രസംഗി 9:11, പി.ഒ.സി. ബൈബിൾ.

അതെ, ജീവിതത്തിലെ ഓരോ സംഭവങ്ങളും വിധിപോലെയാണ്‌ നടക്കുന്നത്‌ എന്നു പറയുകയായിരുന്നില്ല ശലോമോൻ; മറിച്ച്‌, ആകസ്‌മികമായി പലതും സംഭവിച്ചേക്കാമെന്നതിനാൽ ഒരു ഉദ്യമത്തിന്റെ ഫലം എന്തായിരിക്കുമെന്ന്‌ കൃത്യമായി പ്രവചിക്കാൻ മനുഷ്യനെക്കൊണ്ടാവില്ല എന്ന യാഥാർഥ്യം ചൂണ്ടിക്കാട്ടുകയായിരുന്നു അവൻ. പലപ്പോഴും നമ്മുടെ ജീവിതത്തിലെ സംഭവങ്ങളെ നിർണയിക്കുന്നത്‌ സമയവും സാഹചര്യവുമാണ്‌.

‘ഓട്ടം വേഗമുള്ളവനല്ല ലഭിച്ചിരിക്കുന്നത്‌’ എന്ന പ്രസ്‌താവനയുടെ കാര്യംതന്നെയെടുക്കുക. 1984-ലെ ഒളിമ്പിക്‌സിൽ വനിതകളുടെ 3,000 മീറ്റർ ഓട്ടമത്സരത്തിനിടെ ഉണ്ടായ ഒരു സംഭവം നിങ്ങൾക്കറിയാമായിരിക്കും. അമേരിക്കയിലെ ലോസ്‌ ആഞ്ചലസിൽ നടന്ന ആ മത്സരത്തിൽ ബ്രിട്ടന്റെയും ഐക്യനാടുകളുടെയും പ്രതീക്ഷകളായിരുന്ന രണ്ട്‌ അത്‌ലെറ്റുകളുണ്ടായിരുന്നു. സ്വർണമെഡലായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ ട്രാക്കിൽ പകുതി ദൂരം പിന്നിട്ടപ്പോൾ രണ്ടുപേരും കൂട്ടിയിടിച്ചു. നിലത്തുവീണ ആൾ മത്സരത്തിൽനിന്നു പുറത്തായി. മറ്റേയാൾക്കാകട്ടെ ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

വിധിയായിരുന്നോ ഈ സംഭവത്തിലെ ‘വില്ലൻ?’ ‘അതെ’ എന്നു ചിലർ പറഞ്ഞേക്കാം. പക്ഷേ ആർക്കും മുൻകൂട്ടിക്കാണാൻ കഴിയാതിരുന്ന ഒരു അപകടം, ഒരു കൂട്ടിയിടി, ആയിരുന്നു യഥാർഥത്തിൽ ഇരുവരുടെയും പരാജയത്തിനു കാരണം. അങ്ങനെയെങ്കിൽ ആ കൂട്ടിയിടിക്കു കാരണം വിധിയായിരുന്നോ? ‘അതെ’ എന്നായിരിക്കാം ചിലരുടെ മറുപടി. എന്നാൽ കമന്റേറ്റർമാരുടെ അഭിപ്രായം മറ്റൊന്നായിരുന്നു: രണ്ട്‌ അത്‌ലെറ്റുകളും കടുത്ത വാശിയോടെ ഇഞ്ചോടിഞ്ചു വ്യത്യാസത്തിലാണ്‌ ഓടിക്കൊണ്ടിരുന്നത്‌. അതായിരുന്നു അപകടകാരണം. ഇതിൽനിന്ന്‌ എന്തു മനസ്സിലാക്കാം? സഭാപ്രസംഗി 9:11 സൂചിപ്പിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിൽ എന്തും, എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എത്ര നന്നായി ആസൂത്രണം ചെയ്‌താലും ശരി, ആകസ്‌മികമായി സംഭവിക്കുന്ന ചില കാര്യങ്ങൾ നമ്മുടെ ഉദ്യമത്തെ തകിടംമറിച്ചേക്കാം. അതിന്‌ വിധിയുടെ ലേബൽ നൽകാനാവില്ല.

എങ്കിൽപ്പിന്നെ ബൈബിളിൽ, “എല്ലാറ്റിന്നും ഒരു സമയമുണ്ട്‌” എന്നു പറഞ്ഞിരിക്കുന്നത്‌ ഏതർഥത്തിലാണ്‌? നമ്മുടെ ജീവിതത്തിന്മേൽ നമുക്ക്‌ ഒരു നിയന്ത്രണവുമില്ലേ?

അനുയോജ്യമായ സമയം

മേൽപ്പറഞ്ഞ വാക്യം ആരുടെയെങ്കിലും വിധിയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒന്നുമല്ല പറയുന്നത്‌; മറിച്ച്‌, ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും മനുഷ്യവർഗത്തെ അത്‌ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമാണ്‌. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? “എല്ലാറ്റിന്നും ഒരു സമയമുണ്ട്‌” എന്നു പ്രസ്‌താവിക്കുകയും അതിന്‌ ഏതാനും ഉദാഹരണങ്ങൾ നൽകുകയും ചെയ്‌തശേഷം ശലോമോൻ ഇങ്ങനെ എഴുതി: “ദൈവം മനുഷ്യമക്കൾക്കു നല്‌കിയ ശ്രമകരമായ ജോലി ഞാൻ കണ്ടു. അവിടുന്ന്‌ സമസ്‌തവും അതതിന്റെ കാലത്ത്‌ ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു.”—സഭാപ്രസംഗി 3:10, 11, പി.ഒ.സി.

മനുഷ്യർക്ക്‌ ദൈവം പല ജോലികളും നൽകിയിട്ടുണ്ട്‌. അതിൽ ചിലതുമാത്രമാണ്‌ ശലോമോൻ പരാമർശിച്ചത്‌. ഏതു ജോലിയും തിരഞ്ഞെടുക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവും ദൈവം മനുഷ്യന്‌ നൽകിയിട്ടുണ്ട്‌. എന്നാൽ എന്തു ചെയ്യാനും ഒരു സമയമുണ്ട്‌. ആ സമയത്ത്‌ അതു ചെയ്‌താൽ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. “നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം” എന്ന്‌ ശലോമോൻ പറഞ്ഞതിനെപ്പറ്റി ചിന്തിക്കുക. (സഭാപ്രസംഗി 3:2) ഓരോ കൃഷിയും ഇറക്കാൻ പറ്റിയ സമയം ഏതാണെന്ന്‌ കർഷകർക്കറിയാം. എന്നാൽ ആ അറിവിനെ അവഗണിച്ചുകൊണ്ട്‌ ഒരു കർഷകൻ മറ്റൊരു സമയത്ത്‌ കൃഷിയിറക്കുകയാണെങ്കിലോ? കഷ്ടപ്പെട്ടിട്ടും വിളവു മോശമായാൽ അയാൾക്ക്‌ വിധിയെ പഴിക്കാനാകുമോ? തീർച്ചയായുമില്ല! അനുയോജ്യമായ സമയത്ത്‌ കൃഷിയിറക്കാതിരുന്നതാണ്‌ വിളവു മോശമാകാൻ കാരണം. പ്രകൃതിയിൽ എല്ലാറ്റിനും ഒരു ക്രമമുണ്ട്‌. സ്രഷ്ടാവ്‌ വെച്ചിരിക്കുന്ന ഈ ക്രമീകരണത്തെ മാനിച്ചിരുന്നെങ്കിൽ അയാൾക്ക്‌ നല്ല വിളവു ലഭിക്കുമായിരുന്നു.

ഇതിൽനിന്ന്‌ എന്തു മനസ്സിലാക്കാം? ദൈവം ഓരോ വ്യക്തികളുടെയും വിധി ഇന്നതായിരിക്കുമെന്ന്‌ നിശ്ചയിച്ചുവെച്ചിട്ടില്ല. ഓരോ സംഭവങ്ങളുടെയും പരിണതി എന്തായിരിക്കുമെന്നും അവൻ മുൻകൂട്ടി നിർണയിച്ചിട്ടില്ല. പക്ഷേ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ മനുഷ്യൻ പ്രവർത്തിക്കേണ്ടതിന്‌ ചില തത്ത്വങ്ങൾ ദൈവം വെച്ചിട്ടുണ്ട്‌. മനുഷ്യരുടെ ഉദ്യമങ്ങൾ വിജയിക്കണമെങ്കിൽ അവർ ദൈവത്തിന്റെ ഉദ്ദേശ്യവും സമയപട്ടികയും മനസ്സിലാക്കുകയും ദൈവിക തത്ത്വങ്ങൾ പിൻപറ്റുകയും വേണം. അതുകൊണ്ട്‌ മാറ്റമില്ലാത്തവിധം മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌ ദൈവത്തിന്റെ ഉദ്ദേശ്യമാണ്‌, മനുഷ്യരുടെ ജീവിതമല്ല. യഹോവയായ ദൈവം പ്രവാചകനായ യെശയ്യാവിലൂടെ ഇങ്ങനെ പ്രഖ്യാപിച്ചു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം [അതായത്‌, അവന്റെ പ്രഖ്യാപിത ഉദ്ദേശ്യം] . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.

അങ്ങനെയെങ്കിൽ താൻ ‘സാധിപ്പിക്കുമെന്ന്‌’ ദൈവം അരുളിച്ചെയ്‌ത, ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള ദൈവോദ്ദേശ്യം എന്താണ്‌?

ദൈവോദ്ദേശ്യം മനസ്സിലാക്കുക

അതു മനസ്സിലാക്കാൻ ശലോമോൻ നമ്മെ സഹായിക്കുന്നു. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്‌തു” എന്നു പറഞ്ഞശേഷം ശലോമോൻ ഇങ്ങനെ പറഞ്ഞു: “[ദൈവം] നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.”—സഭാപ്രസംഗി 3:11.

ഈ വാക്യത്തെപ്പറ്റി പല വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്‌. പക്ഷേ നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളിലുള്ള ഒരു കാര്യം വെളിപ്പെടുത്തുകമാത്രമാണ്‌ ബൈബിളെഴുത്തുകാരൻ ഇവിടെ ചെയ്‌തിരിക്കുന്നത്‌. എപ്പോഴെങ്കിലും ജീവിതത്തിന്റെ അർഥത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടായിരിക്കാനിടയില്ല. വിയർപ്പൊഴുക്കി പണിയെടുത്ത്‌ കുറെക്കാലം ജീവിക്കുക, പിന്നെ മരിക്കുക—ഇതുമാത്രമാണ്‌ ജീവിതം എന്ന്‌ അംഗീകരിക്കാൻ എക്കാലവും ആളുകൾക്ക്‌ ബുദ്ധിമുട്ടു തോന്നിയിട്ടുണ്ട്‌. ഈ ജീവിതത്തെപ്പറ്റി മാത്രമല്ല, മരണശേഷം എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചുകൂടെ നാം ചിന്തിക്കുന്നു എന്നതാണ്‌ മറ്റു സൃഷ്ടികളിൽനിന്ന്‌ നമ്മെ വ്യത്യസ്‌തരാക്കുന്ന ഒരു സംഗതി. മരണമില്ലാതെ എന്നേക്കും ജീവിക്കാൻപോലും നാം വാഞ്‌ഛിക്കുന്നു. എന്തുകൊണ്ടാണത്‌? ദൈവം ‘നിത്യത മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു’ എന്ന്‌ തിരുവെഴുത്തു പറയുന്നു.

ആ വാഞ്‌ഛയെ തൃപ്‌തിപ്പെടുത്താനാണ്‌ ‘മരണാനന്തര ജീവിതം’ എന്ന സങ്കൽപ്പം മനുഷ്യർ മെനഞ്ഞെടുത്തത്‌. മരണശേഷം ആത്മാവ്‌ തുടർന്നു ജീവിക്കുമെന്ന്‌ ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഇനിയും ചിലരാകട്ടെ, വിധി അല്ലെങ്കിൽ ദൈവനിശ്ചയംപോലെയാണ്‌ ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതെന്നും അത്‌ മാറ്റിയെഴുതാൻ മനുഷ്യനാവില്ലെന്നും കരുതുന്നു. ദുഃഖകരമെന്നു പറയട്ടെ, ഇവയൊന്നും തൃപ്‌തികരമായ വിശദീകരണങ്ങളല്ല. കാരണം ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ, സ്വന്തം ശ്രമത്താൽ മനുഷ്യന്‌ ‘ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിക്കാൻ കഴിയില്ല.’

തൃപ്‌തികരമായ വിശദീകരണം ലഭിക്കാനുള്ള ഉത്‌കടമായ ആഗ്രഹവും അതേസമയം അതു കണ്ടെത്താൻ കഴിയാത്തതിലുള്ള നിരാശയും ചിന്തകന്മാരെയും തത്ത്വശാസ്‌ത്രജ്ഞരെയും എക്കാലവും വലച്ചിട്ടുണ്ട്‌. എന്നാൽ അങ്ങനെയൊരു വാഞ്‌ഛ നമ്മുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നത്‌ ദൈവമായതുകൊണ്ട്‌ അവൻതന്നെ അതു തൃപ്‌തിപ്പെടുത്തുമെന്ന്‌ ചിന്തിക്കുന്നത്‌ യുക്തിയല്ലേ? “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്‌തിവരുത്തുന്നു” എന്ന്‌ ബൈബിൾ യഹോവയെക്കുറിച്ചു പറയുന്നു. (സങ്കീർത്തനം 145:16) ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരം ദൈവവചനമായ ബൈബിളിൽ നമുക്കു കണ്ടെത്താനാവും. ഭൂമിയെയും മനുഷ്യകുലത്തെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നും നമുക്ക്‌ ബൈബിളിൽനിന്നു മനസ്സിലാക്കാനാവും.—എഫെസ്യർ 3:10.

[5-ാം പേജിലെ ആകർഷക വാക്യം]

‘ഓട്ടം വേഗമുള്ളവനല്ല ലഭിച്ചിരിക്കുന്നത്‌.’—സഭാപ്രസംഗി 9:11

[6-ാം പേജിലെ ആകർഷക വാക്യം]

അനുയോജ്യമായ സമയത്ത്‌ കൃഷിയിറക്കാതിരുന്നിട്ട്‌ വിളവു മോശമായാൽ അതിന്‌ വിധിയെ പഴിക്കാനാകുമോ?

[7-ാം പേജിലെ ആകർഷക വാക്യം]

ദൈവം മനുഷ്യരുടെ ഹൃദയത്തിൽ ‘നിത്യത’ വെച്ചിരിക്കുന്നു; ജീവിതത്തെയും മരണത്തെയും കുറിച്ച്‌ നാം ചിന്തിക്കുന്നത്‌ അതുകൊണ്ടാണ്‌