വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യനെ ഭയക്കാതെ ദൈവത്തെ ഭയക്കേണ്ടത്‌ എന്തുകൊണ്ട്‌?

മനുഷ്യനെ ഭയക്കാതെ ദൈവത്തെ ഭയക്കേണ്ടത്‌ എന്തുകൊണ്ട്‌?

മനുഷ്യനെ ഭയക്കാതെ ദൈവത്തെ ഭയക്കേണ്ടത്‌ എന്തുകൊണ്ട്‌?

ആ ചെറുപ്പക്കാരൻ ആകെ പകച്ചുപോയി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ്‌ സംഭവിച്ചത്‌. യഹോവയുടെ സാക്ഷികളായ ആ രണ്ടുപേർ പറഞ്ഞതെല്ലാം പുതിയ ആശയങ്ങളായിരുന്നു. ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യം വർഷങ്ങളായി അയാളെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ബൈബിളിൽനിന്ന്‌ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുന്നു. ഇത്രയ്‌ക്ക്‌ മൂല്യവത്തായ, ഇത്രയ്‌ക്ക്‌ സന്തോഷദായകമായ വിവരങ്ങൾ ബൈബിളിൽ ഉണ്ടെന്ന്‌ അയാൾ അറിയുന്നത്‌ അപ്പോൾമാത്രമാണ്‌.

സന്ദർശകർ പോയിക്കഴിഞ്ഞിട്ട്‌ ഏതാനും മിനിട്ടുകളേ ആയുള്ളൂ; വീട്ടുടമസ്ഥ അയാളുടെ മുറിയിലേക്ക്‌ കൊടുങ്കാറ്റുപോലെ പാഞ്ഞുചെന്നു. “ആരായിരുന്നു അവർ?” ദേഷ്യത്തോടെ ആ സ്‌ത്രീ ചോദിച്ചു.

അമ്പരന്നുപോയ ആ മനുഷ്യന്‌ ഒന്നും പറയാനായില്ല.

“എനിക്കറിയാം അവർ ആരാണെന്ന്‌,” ആ സ്‌ത്രീ ആക്രോശിച്ചു. “ഇനി അവരെ ഇവിടെ കയറ്റിയാൽ, താമസിക്കാൻ വേറെ സ്ഥലം നോക്കേണ്ടിവരും!”

വാതിൽ വലിച്ചടച്ചിട്ട്‌ അവർ പോയി.

സത്യക്രിസ്‌ത്യാനികൾ എതിർപ്പുകൾ പ്രതീക്ഷിക്കുന്നു

ഈ ചെറുപ്പക്കാരന്റേത്‌ ഒരു ഒറ്റപ്പെട്ട അനുഭവമല്ല. “ക്രിസ്‌തുയേശുവിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡനമുണ്ടാകും” എന്ന്‌ ദൈവവചനമായ ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ്‌ 3:12) സത്യക്രിസ്‌ത്യാനികൾ അന്നും ഇന്നും ജനസമ്മതരല്ല. എന്തുകൊണ്ടാണത്‌? “നാം ദൈവത്തിൽനിന്നുള്ളവരെന്നു നാം അറിയുന്നു; എന്നാൽ സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ സഹക്രിസ്‌ത്യാനികളോടു പറഞ്ഞു. കൂടാതെ, പിശാചായ സാത്താൻ “അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട്‌ ചുറ്റിനടക്കു”കയാണ്‌. (1 യോഹന്നാൻ 5:19; 1 പത്രോസ്‌ 5:8) സാത്താന്റെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ്‌ മാനുഷഭയം.

വളരെ നന്മപ്രവൃത്തികൾ ചെയ്‌ത, ഒരിക്കലും പാപം ചെയ്‌തിട്ടില്ലാത്ത യേശുക്രിസ്‌തുവിനുപോലും പരിഹാസവും ഉപദ്രവവും നേരിടേണ്ടിവന്നു. “അവർ കാരണം കൂടാതെ എന്നെ ദ്വേഷിച്ചു” എന്ന്‌ അവൻ പറഞ്ഞു. (യോഹന്നാൻ 15:25) മരിക്കുന്നതിന്റെ തലേരാത്രി പിൻവരുന്ന വാക്കുകളിലൂടെ യേശു തന്റെ അനുഗാമികളെ എതിർപ്പുകൾ നേരിടാൻ മാനസികമായി ഒരുക്കി: “ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കിൽ അത്‌ നിങ്ങൾക്കു മുമ്പേ എന്നെ ദ്വേഷിച്ചിരിക്കുന്നെന്ന്‌ അറിഞ്ഞുകൊള്ളുക. അടിമ തന്റെ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ വാക്ക്‌ ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.”—യോഹന്നാൻ 15:18, 20.

ഈ മുന്നറിയിപ്പുനിമിത്തം പലരും സത്യാരാധനയുടെ പക്ഷത്ത്‌ നിലയുറപ്പിക്കാൻ ഭയന്നു. ഒരവസരത്തിൽ, ചിലർ യേശുവിനെ കാണാനായി അന്വേഷിച്ചുനടന്നെങ്കിലും, ‘യഹൂദന്മാരെ ഭയന്നിട്ട്‌ അവരാരും അവനെക്കുറിച്ചു പരസ്യമായി സംസാരിച്ചില്ല’ എന്ന്‌ ബൈബിൾ പറയുന്നു. (യോഹന്നാൻ 7:13; 12:42) ക്രിസ്‌തുവിൽ വിശ്വസിക്കുന്നവരെ പള്ളിഭ്രഷ്ടരാക്കുമെന്ന്‌ അന്നത്തെ മതനേതാക്കന്മാർ ഭീഷണിമുഴക്കിയിരുന്നു. ഇവരെ ഭയന്ന്‌ പലരും ക്രിസ്‌ത്യാനിത്വം സ്വീകരിക്കുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിന്നു.

പിന്നീട്‌, ക്രിസ്‌തീയ സഭ സ്ഥാപിതമായിക്കഴിഞ്ഞപ്പോൾ യെരുശലേമിലെ സഭയ്‌ക്ക്‌ “വലിയ പീഡനം” നേരിട്ടു. (പ്രവൃത്തികൾ 8:1) റോമാസാമ്രാജ്യത്തിലുടനീളം ക്രിസ്‌ത്യാനികൾക്ക്‌ എതിർപ്പും പീഡനവും സഹിക്കേണ്ടിവന്നു. റോമിലെ പ്രമാണിമാർ അപ്പൊസ്‌തലനായ പൗലോസിനോട്‌, “എല്ലായിടത്തും ആളുകൾ ഈ മതഭേദത്തെ എതിർത്തുസംസാരിക്കുന്ന”തായി തങ്ങൾക്കറിയാമെന്നു പറയുകയുണ്ടായി. (പ്രവൃത്തികൾ 28:22) അതെ, സത്യക്രിസ്‌ത്യാനികൾക്ക്‌ അന്ന്‌ എല്ലായിടത്തുനിന്നും എതിർപ്പുകളുണ്ടായി.

സത്യക്രിസ്‌ത്യാനികളാകുന്നതിൽനിന്ന്‌ ആളുകളെ പിന്തിരിപ്പിക്കാൻ സാത്താൻ ഇന്നും മാനുഷഭയത്തെ ആയുധമാക്കുന്നു. യഹോവയുടെ സാക്ഷികളോടൊത്ത്‌ ആത്മാർഥതയോടെ ബൈബിൾ പഠിക്കുന്ന ആളുകൾക്ക്‌ സ്‌കൂളിൽനിന്നും ജോലിസ്ഥലത്തുനിന്നും അയൽക്കാരിൽനിന്നും സമൂഹത്തിൽനിന്നുമൊക്കെ എതിർപ്പുകളുണ്ടാകാറുണ്ട്‌. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, സുഹൃത്തുക്കളെ നഷ്ടപ്പെടുമെന്നോ സമൂഹം തങ്ങളെ ബഹുമാനിക്കുകയില്ലെന്നോ മറ്റുള്ളവരിൽനിന്നുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കാതെ വരുമെന്നോ ചിലർ ഭയക്കുന്നു. നാട്ടിൻപുറങ്ങളിലെ ചില കർഷകർക്കാണെങ്കിൽ, കൊയ്‌ത്തിനോ കന്നുകാലികളെ സംരക്ഷിക്കാനോ ഒന്നും മറ്റുള്ളവരുടെ സഹായസഹകരണങ്ങൾ ലഭിക്കുകയില്ലെന്ന ആശങ്കയുമുണ്ടാകാം. എന്നിരുന്നാലും ഇത്തരം ഭയത്തിനടിമപ്പെടാതെ ദശലക്ഷങ്ങൾ യേശുക്രിസ്‌തുവിനെ അനുകരിച്ചുകൊണ്ട്‌ ദൈവത്തിൽ ആശ്രയിക്കാനും ദൈവവചനം അനുസരിച്ച്‌ ജീവിക്കാനും ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. അവർക്ക്‌ യഹോവയുടെ അനുഗ്രഹം സമൃദ്ധമായി ലഭിച്ചിരിക്കുന്നു.

മനുഷ്യനെ ഭയപ്പെടാതെ ദൈവത്തെ ഭയപ്പെടേണ്ടത്‌ എന്തുകൊണ്ട്‌?

മനുഷ്യനെ ഭയപ്പെടാതെ ദൈവത്തെ ഭയപ്പെടാൻ ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നു. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന്‌ ദൈവവചനം പറയുന്നു. (സങ്കീർത്തനം 111:10) യഹോവയോടുള്ള ഈ ഭയഭക്തി നമ്മുടെ ജീവദാതാവിനെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്നു നമ്മെ തടയുന്നു. അത്‌ അനാരോഗ്യകരമായ ഒരു ഭയമല്ല. ഈ ഭയത്തിന്‌ സ്‌നേഹവുമായി അടുത്ത ബന്ധമുണ്ട്‌. എന്നാൽ നാം മാനുഷഭയം ഒഴിവാക്കി ദൈവത്തെ ഭയപ്പെടേണ്ടത്‌ എന്തുകൊണ്ടാണ്‌? അതിനുള്ള അഞ്ചുകാരണങ്ങൾ നമുക്കിപ്പോൾ നോക്കാം.

യഹോവയാണ്‌ സർവോന്നതൻ. ഏതൊരു മനുഷ്യനെക്കാളും ശക്തനാണ്‌ യഹോവ. ദൈവത്തോട്‌ നാം ഭയഭക്തി കാണിക്കുമ്പോൾ അവന്റെ പക്ഷത്താണു നാം എന്ന്‌ തെളിയുന്നു. സർവശക്തനായ ദൈവത്തിന്റെ മുമ്പിൽ രാഷ്‌ട്രങ്ങൾ “തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെ”യാണ്‌. (യെശയ്യാവു 40:15) സർവശക്തനായ ദൈവത്തിന്‌, വൈരികൾ തന്റെ വിശ്വസ്‌തർക്കു ‘വിരോധമായി ഉണ്ടാക്കുന്ന ഏതൊരു ആയുധ’ത്തെയും നിർവീര്യമാക്കാൻ കഴിയും. (യെശയ്യാവു 54:17) നിത്യജീവനു യോഗ്യരായവർ ആരാണെന്നു തീരുമാനിക്കുന്നത്‌ ദൈവമായതിനാൽ അവനെക്കുറിച്ചു പഠിക്കുന്നതിൽനിന്നോ അവന്റെ ഹിതപ്രകാരം പ്രവർത്തിക്കുന്നതിൽനിന്നോ നമ്മെ തടയാൻ ഒന്നിനെയും നാം അനുവദിക്കരുത്‌.—വെളിപാട്‌ 14:6, 7.

ദൈവം നമ്മെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും” എന്ന്‌ സദൃശവാക്യങ്ങൾ 29:25 പറയുന്നു. മാനുഷഭയം ഒരു കെണിയാണെന്നു പറയാൻ കാരണം എന്താണ്‌? ദൈവത്തിലുള്ള നമ്മുടെ വിശ്വാസം തുറന്നുപ്രകടിപ്പിക്കുന്നതിൽനിന്ന്‌ അത്‌ നമ്മെ പിന്തിരിപ്പിക്കും. എന്നാൽ നമ്മെ രക്ഷിക്കാൻ താൻ പ്രാപ്‌തനാണെന്ന്‌ ദൈവം നമുക്ക്‌ ഉറപ്പുനൽകുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”—യെശയ്യാവു 41:10.

തന്നോട്‌ അടുത്തുവരുന്നവരെ ദൈവം സ്‌നേഹിക്കുന്നു. പൗലോസ്‌ അപ്പൊസ്‌തലൻ പറയുന്നു: “മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്‌ചകൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിലൂടെയുള്ള ദൈവസ്‌നേഹത്തിൽനിന്ന്‌ നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.” (റോമർ 8:37-39) എത്ര ഹൃദയസ്‌പർശിയായ വാക്കുകൾ! ദൈവത്തിൽ ആശ്രയിക്കുകയും അവനെ അനുസരിക്കുകയും ചെയ്‌താൽ അഖിലാണ്ഡ പരമാധികാരിയുടെ അളവറ്റ സ്‌നേഹത്തിനു നാം പാത്രമാകും. എത്ര വലിയ പദവി!

ദൈവം നമുക്കായി ചെയ്‌തിരിക്കുന്ന എല്ലാറ്റിനെയും നാം വിലമതിക്കുന്നു. യഹോവയാണ്‌ നമ്മുടെ സ്രഷ്ടാവ്‌. അവനാണ്‌ നമുക്കു ജീവൻ നൽകിയത്‌. കൂടാതെ, നമ്മുടെ ജീവൻ നിലനിറുത്തുന്നതിന്‌ ആവശ്യമായതു മാത്രമല്ല, ജീവിതത്തെ ആസ്വാദ്യവും രസകരവുമാക്കുന്ന കാര്യങ്ങൾക്കൂടെ അവൻ നമുക്കു നൽകിയിരിക്കുന്നു. എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമാണ്‌ അവൻ. (യാക്കോബ്‌ 1:17) ദൈവത്തിന്റെ ദയയെയും സ്‌നേഹത്തെയും വിലമതിച്ച, വിശ്വസ്‌തനായ ദാവീദ്‌ ഇങ്ങനെ എഴുതി: “എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; . . . അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.”—സങ്കീർത്തനം 40:5.

എതിർക്കുന്നവർക്ക്‌ മനംമാറ്റം ഉണ്ടായേക്കാം. വിട്ടുവീഴ്‌ച കാണിക്കാതെ ദൈവത്തോടുള്ള സ്‌നേഹവും ഭയവും മുറുകെപ്പിടിക്കുന്നെങ്കിൽ നിങ്ങളെ എതിർക്കുന്നവരെ സഹായിക്കാൻപോലും നിങ്ങൾക്കു കഴിഞ്ഞെന്നുവരും. യേശുവിന്റെ ബന്ധുക്കളുടെ കാര്യംതന്നെയെടുക്കുക. ആദ്യമൊന്നും അവർ യേശുവിൽ വിശ്വസിച്ചില്ല. “അവനു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നുപോലും അവർ പറഞ്ഞു. (മർക്കോസ്‌ 3:21; യോഹന്നാൻ 7:5) എന്നാൽ യേശു മരിച്ച്‌ ഉയിർത്തെഴുന്നേറ്റശേഷം അവരിൽ പലരും വിശ്വാസികളായി. യേശുവിന്റെ അർധസഹോദരന്മാരായ യാക്കോബും യൂദായും തിരുവെഴുത്തുകൾ എഴുതാൻ നിശ്വസ്‌തരാക്കപ്പെടുകപോലും ചെയ്‌തു. മതഭ്രാന്തുപിടിച്ച്‌ ക്രിസ്‌ത്യാനികളെ നിഷ്‌ഠുരം പീഡിപ്പിച്ചിരുന്ന ശൗലാണ്‌ പിന്നീട്‌ അപ്പൊസ്‌തലനായ പൗലോസ്‌ ആയത്‌. നമുക്ക്‌ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ചിലർ, നമ്മുടെ ധീരമായ നിലപാടു കണ്ട്‌ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ നാമാണെന്ന വസ്‌തുത തിരിച്ചറിയുകപോലും ചെയ്‌തേക്കാം.—1 തിമൊഥെയൊസ്‌ 1:13.

ആഫ്രിക്കയിലുള്ള അബെരാഷ്‌ എന്ന സ്‌ത്രീയുടെ അനുഭവം കാണുക. സത്യം കണ്ടെത്താൻ സഹായിക്കണമേ എന്ന്‌ അവർ പ്രാർഥിക്കുമായിരുന്നു. യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ കുടുംബാംഗങ്ങളിൽനിന്നും മതനേതാക്കന്മാരിൽനിന്നും അവർക്ക്‌ കടുത്ത എതിർപ്പു നേരിട്ടു. അവരുടെ ചില ബന്ധുക്കളും ബൈബിൾ പഠിക്കാൻ തുടങ്ങിയെങ്കിലും മാനുഷഭയത്തിന്‌ അടിമപ്പെട്ട്‌ പിന്മാറി. എന്നാൽ അബെരാഷ്‌ ശക്തിക്കും ധൈര്യത്തിനുമായി ദൈവത്തോട്‌ അപേക്ഷിച്ചു. ഒടുവിൽ അവർ സ്‌നാനമേറ്റ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായി. ഫലമെന്തായിരുന്നു? ഭയന്നു പിന്മാറിയ ബന്ധുക്കളിൽ എട്ടുപേർ ബൈബിൾപഠനം പുനരാരംഭിച്ചു. ഇപ്പോൾ അവർ നല്ല ആത്മീയ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു.

മാനുഷഭയത്തെ മറികടക്കാനാകും

ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം ശക്തിപ്പെടുത്തുന്നത്‌ മാനുഷഭയത്തിന്‌ അടിമപ്പെടാതിരിക്കാൻ നിങ്ങളെ സഹായിക്കും. ബൈബിൾ പഠിക്കുന്നതും ചില തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുന്നതും ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം ശക്തിപ്പെടുത്തും. അത്തരത്തിലുള്ള ഒരു വാക്യമാണ്‌ എബ്രായർ 13:6: “യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?” മാനുഷഭയത്തെ ഒഴിവാക്കി ദൈവത്തെ ഭയക്കുന്നതാണ്‌ ശരിയായ, ജ്ഞാനപൂർവകമായ ഗതി. അതിനുള്ള കാരണങ്ങൾ മറക്കാതിരിക്കുക.

ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ ലഭിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളും വിസ്‌മരിക്കരുത്‌. ജീവിതത്തെ സംബന്ധിച്ച ചില സുപ്രധാന ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരങ്ങൾ ബൈബിൾപഠനത്തിലൂടെ നിങ്ങൾക്കു കണ്ടെത്താനാകും. ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെ നേരിടാനാവശ്യമായ പ്രായോഗിക ബുദ്ധിയും നിങ്ങൾക്കു നേടിയെടുക്കാൻ കഴിയും. ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലും മഹത്തായ ഒരു പ്രത്യാശ നിങ്ങൾക്കുണ്ടായിരിക്കും. മാത്രമല്ല, സർവശക്തനായ ദൈവത്തെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു സമീപിക്കാനാകും.

“ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 2:17) ദൈവത്തെ ഭയപ്പെട്ട്‌ അവന്റെ പക്ഷത്ത്‌ നിലയുറപ്പിക്കാനുള്ള സമയം ഇതാണ്‌. മാനുഷഭയത്തിന്‌ അടിമപ്പെടുന്നതിനുപകരം ദൈവത്തിന്റെ ഈ ഉദ്‌ബോധനത്തിനു ചെവികൊടുക്കുക: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) എത്ര വലിയ പദവി!

“താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:4) തന്നെ ഭയപ്പെടുന്നവർക്ക്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഈ പ്രതിഫലം നൽകാൻ ഒരു മനുഷ്യനെക്കൊണ്ടുമാവില്ല.

[30-ാം പേജിലെ ചിത്രം]

അബെരാഷിന്റെ ധൈര്യംനിമിത്തം അവരുടെ ബന്ധുക്കളിൽ എട്ടുപേർ ഇപ്പോൾ ബൈബിൾ പഠിക്കുന്നു