വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കുക

സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കുക

സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കുക

“സമ്മാനത്തിനായി ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുന്നു.”—ഫിലി. 3:14, NW.

1. അപ്പൊസ്‌തലനായ പൗലൊസിന്‌ ലഭിക്കാനിരുന്ന സമ്മാനം എന്തായിരുന്നു?

തർസൊസിലെ ഒരു കുലീന കുടുംബത്തിലാണ്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ജനിച്ചത്‌. ശൗൽ എന്ന്‌ അറിയപ്പെട്ടിരുന്ന അവൻ പ്രശസ്‌ത ന്യായപ്രമാണപണ്ഡിതനായ ഗമാലിയേലിന്റെ അടുക്കൽനിന്ന്‌ പിതാക്കന്മാരുടെ മതവിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും ആഴമായ ഗ്രാഹ്യം നേടിയിരുന്നു. (പ്രവൃ. 22:3) ലോകപ്രകാരം നല്ലൊരു ഭാവിയാണ്‌ അവന്റെ മുമ്പാകെ ഉണ്ടായിരുന്നത്‌. എന്നിട്ടും ആ മതം ഉപേക്ഷിച്ച്‌ അവൻ ഒരു ക്രിസ്‌ത്യാനി ആയിത്തീർന്നു. പിന്നീടങ്ങോട്ടുള്ള അവന്റെ ജീവിതം തനിക്കു ലഭിക്കാനിരുന്ന സമ്മാനത്തിൽ—ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ ഒരു അമർത്യരാജാവും പുരോഹിതനും ആയിരിക്കാനുള്ള പദവിയിൽ—ദൃഷ്ടി കേന്ദ്രീകരിച്ചുള്ളതായിരുന്നു. ആ രാജ്യത്തിൻകീഴിലാണ്‌ ഭൂമി ഒരു പറുദീസ ആയിത്തീരുന്നത്‌.—മത്താ. 6:10; വെളി. 7:4; 20:6.

2, 3. സ്വർഗീയ ജീവനാകുന്ന സമ്മാനത്തെ പൗലൊസ്‌ എത്രമാത്രം വിലമതിച്ചു?

2 ആ സമ്മാനത്തെ അവൻ എത്രയധികം വിലമതിച്ചിരുന്നുവെന്ന്‌ അവന്റെ പിൻവരുന്ന വാക്കുകൾ വ്യക്തമാക്കുന്നു: “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്‌തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ ഇപ്പോഴും ചേതം എന്നു എണ്ണുന്നു.” (ഫിലി. 3:7, 8) മനുഷ്യവർഗത്തെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണെന്നു മനസ്സിലാക്കിയതോടെ, സമൂഹം പൊതുവെ വിലകൽപ്പിക്കുന്ന സ്ഥാനമാനങ്ങൾ, സമ്പത്ത്‌ തുടങ്ങിയവയെല്ലാം പൗലൊസിന്റെ കണ്ണിൽ വെറും ഉച്ഛിഷ്ടമായിത്തീർന്നു.

3 യഹോവയെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതിലായിരുന്നു പിന്നീട്‌ പൗലൊസിന്റെ മുഴു ശ്രദ്ധയും. ഈ പരിജ്ഞാനം നേടേണ്ടതിന്റെ പ്രാധാന്യം ദൈവത്തോടുള്ള യേശുവിന്റെ പ്രാർഥനയിൽനിന്നു വ്യക്തമാണ്‌: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ. 17:3) ഫിലിപ്പിയർ 3:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ അവൻ നിത്യജീവൻ എത്രയധികം കാംക്ഷിച്ചിരുന്നു എന്നതിന്റെ തെളിവാണ്‌: “ക്രിസ്‌തുയേശുവിലൂടെ ദൈവം നൽകുന്ന സ്വർഗീയവിളിയാകുന്ന സമ്മാനത്തിനായി ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുന്നു.” അതെ, രാജ്യഭരണത്തിൽ പങ്കാളികളാകുന്നവരെ കാത്തിരിക്കുന്ന സ്വർഗത്തിലെ നിത്യജീവനെന്ന സമ്മാനത്തിൽ അവൻ ദൃഷ്ടി കേന്ദ്രീകരിച്ചു.

ഭൂമിയിൽ നിത്യം ജീവിക്കുക

4, 5. ഇന്ന്‌ ദൈവേഷ്ടം ചെയ്യുന്നവരെ കാത്തിരിക്കുന്ന സമ്മാനം എന്താണ്‌?

4 ദൈവേഷ്ടം ചെയ്യുന്ന ഭൂരിപക്ഷംപേർക്കും ലഭിക്കുന്ന സമ്മാനം പുതിയ ഭൂമിയിലെ നിത്യജീവനാണ്‌. (സങ്കീ. 37:11, 29) ആ പ്രത്യാശ ഈടുറ്റതാണെന്ന്‌ യേശുവും അംഗീകരിച്ചു. അവൻ പറഞ്ഞു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്താ. 5:5) സങ്കീർത്തനം 2:8 സൂചിപ്പിക്കുന്നതുപോലെ യേശുവാണ്‌ നമ്മുടെ ഈ ഭൂമിയുടെ മുഖ്യ അവകാശി. സ്വർഗത്തിൽ അവനോടൊപ്പം ഭരിക്കുന്ന 1,44,000 പേർ കൂട്ടവകാശികളും ആയിരിക്കും. (സങ്കീ. 2:8; ദാനീ. 7:13, 14, 21, 27) എന്നാൽ ‘ലോകസ്ഥാപനംമുതൽ ഒരുക്കിയിരിക്കുന്ന രാജ്യത്തിന്റെ’ ഭൗമിക മണ്ഡലത്തിൽ യഥാർഥത്തിൽ ജീവിക്കുന്നത്‌ വേറെ ആടുകളിൽപ്പെട്ടവർ ആയിരിക്കും. അങ്ങനെ അവരും ഭൂമിയുടെ അവകാശികളായിത്തീരും. (മത്താ. 25:34, 46) ഇതു നിശ്ചയമായും നിവൃത്തിയേറും; കാരണം “ഭോഷ്‌കില്ലാത്ത” ദൈവമാണ്‌ ഇതു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. (തീത്തൊ. 1:2) ദൈവം വാഗ്‌ദാനങ്ങൾ പാലിക്കുന്നവനാണെന്ന ബോധ്യം യോശുവയ്‌ക്ക്‌ ഉണ്ടായിരുന്നു. അവൻ ഇസ്രായേല്യരോടു പറഞ്ഞു: ‘യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല. സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ല.’ (യോശു. 23:14) അതേ ബോധ്യം നമുക്കും ഉണ്ടായിരിക്കട്ടെ!

5 നിരാശയോടെ ജീവിതം തള്ളിനീക്കേണ്ടുന്ന ഒരു സ്ഥിതി ആയിരിക്കില്ല പുതിയ ഭൂമിയിൽ; യുദ്ധവും കുറ്റകൃത്യവും ദാരിദ്ര്യവും അനീതിയും രോഗവും മരണവുമൊന്നുമില്ലാത്ത, തികച്ചും വ്യത്യസ്‌തമായ ഒരു ജീവിതം. അവിടെ, പറുദീസാഭൂമിയിൽ പൂർണ ആരോഗ്യത്തോടെ ആളുകൾ ജീവിക്കും. നമുക്കിന്ന്‌ സ്വപ്‌നംകാണാൻപോലും കഴിയാത്ത അളവിൽ സംതൃപ്‌തവും ധന്യവും ആയിരിക്കും ആ ജീവിതം. അതെ, ആഹ്ലാദം അലയടിക്കുന്ന ദിനങ്ങൾ! എത്ര മഹത്തരമായ സമ്മാനം!

6, 7. (എ) പുതിയ ഭൂമിയിൽ എന്തു പ്രതീക്ഷിക്കാമെന്ന്‌ യേശു കാണിച്ചുതന്നത്‌ എങ്ങനെ? (ബി) മരിച്ചവർക്കുപോലും ഒരു പുതിയ തുടക്കം എങ്ങനെ ലഭിക്കും?

6 ഭൂമിയിൽ ആയിരുന്നപ്പോൾ യേശു ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിച്ച്‌ പല അത്ഭുതങ്ങളും പ്രവർത്തിക്കുകയുണ്ടായി. പുതിയ ഭൂമിയിൽ അവൻ ചെയ്യാൻപോകുന്ന മഹത്തായ കാര്യങ്ങളുടെ ഒരു പൂർവവീക്ഷണമാണ്‌ അവ നൽകിയത്‌. 38 വർഷമായി തളർവാതം പിടിപെട്ടിരുന്ന ഒരു മനുഷ്യനോട്‌ എഴുന്നേറ്റു നടക്കാൻ യേശു കൽപ്പിച്ചു; അവൻ എഴുന്നേറ്റു നടക്കുകയും ചെയ്‌തു. (യോഹന്നാൻ 5:5-9 വായിക്കുക.) മറ്റൊരിക്കൽ, ജന്മനാ അന്ധനായിരുന്ന ഒരുവനെ യേശു സൗഖ്യമാക്കി. പിന്നീട്‌, തന്നെ സൗഖ്യമാക്കിയത്‌ ആരാണെന്ന ചോദ്യത്തിന്‌ അവൻ ഇങ്ങനെ മറുപടി നൽകി: “കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല.” (യോഹ. 9:1, 6, 7, 32, 33) ദൈവത്തിൽനിന്നു ശക്തി ലഭിച്ചതുകൊണ്ടാണ്‌ ഇതെല്ലാം ചെയ്യാൻ യേശുവിനു കഴിഞ്ഞത്‌. താൻ ചെന്നിടത്തെല്ലാം ‘രോഗശാന്തി വേണ്ടിയവരെ [അവൻ] സൗഖ്യമാക്കി’ എന്ന്‌ ബൈബിൾ പറയുന്നു.—ലൂക്കൊ. 9:11.

7 രോഗികളെയും അംഗവൈകല്യം ബാധിച്ചവരെയും സുഖപ്പെടുത്തിയതിനുപുറമേ യേശു മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്‌തു. ഒരിക്കൽ, മാതാപിതാക്കളെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ അവരുടെ 12 വയസ്സുള്ള മകൾ മരണമടഞ്ഞു. എന്നാൽ യേശു “കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്‌ക്ക എന്നു നിന്നോടു കല്‌പിക്കുന്നു” എന്നു പറഞ്ഞു. അവൾ ഉടനെ എഴുന്നേറ്റു നടന്നു! ആ മാതാപിതാക്കളുടെയും അവിടെ കൂടിയിരുന്നവരുടെയും ആഹ്ലാദവും വിസ്‌മയവും നിങ്ങൾക്ക്‌ ഊഹിക്കാമോ? (മർക്കൊസ്‌ 5:38-42 വായിക്കുക.) പുതിയ ഭൂമിയിൽ ലക്ഷോപലക്ഷം ആളുകൾ ഉയിർത്തെഴുന്നേൽക്കുമ്പോൾ അത്‌ അതിരറ്റ ആഹ്ലാദത്തിന്റെയും വിസ്‌മയത്തിന്റെയും സമയമായിരിക്കും; “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” അന്നുണ്ടാകും. (പ്രവൃ. 24:15; യോഹ. 5:28, 29) അതോടെ, നിത്യം ജീവിക്കാനുള്ള പ്രത്യാശസഹിതം ജീവിതത്തിന്റെ ഒരു പുതിയ അധ്യായം അവർക്കു തുറക്കുകയായി!

8, 9. (എ) ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ ആദാമിൽനിന്ന്‌ അവകാശപ്പെടുത്തിയ പാപത്തിന്‌ എന്തു സംഭവിക്കും? (ബി) ‘മരിച്ചവരെ’ ന്യായം വിധിക്കുന്നതിനുള്ള അടിസ്ഥാനം എന്തായിരിക്കും?

8 പുനരുത്ഥാനം പ്രാപിക്കുന്നവർക്ക്‌ നിത്യമായി ജീവിക്കുന്നതിനുള്ള അവസരമുണ്ട്‌. മരിക്കുന്നതിനുമുമ്പ്‌ ചെയ്‌ത പാപങ്ങളുടെ അടിസ്ഥാനത്തിൽ മേലാൽ അവർ കുറ്റംവിധിക്കപ്പെടുന്നില്ല. (റോമ. 6:7) ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ മറുവില സാധ്യമാക്കുന്ന അനുഗ്രഹങ്ങൾ എല്ലാ അർഥത്തിലും പ്രാബല്യത്തിൽ വരും. അപ്പോൾ ആ രാജ്യത്തിന്റെ അനുസരണമുള്ള പ്രജകൾ ക്രമേണ പൂർണതയിൽ എത്തുകയും ആദാമിക പാപത്തിന്റെ ഫലങ്ങളിൽനിന്ന്‌ പൂർണമായി മോചിതരാകുകയും ചെയ്യും. (റോമ. 8:20) യഹോവ “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും” ചെയ്യും. (യെശ. 25:8) അന്ന്‌ ജീവിക്കുന്നവർക്ക്‌ പുതിയ വിവരങ്ങൾ ലഭിക്കുമെന്ന സൂചന നൽകിക്കൊണ്ട്‌ ‘പുസ്‌തകങ്ങൾ തുറക്കപ്പെടുന്നതായി’ ദൈവവചനം വെളിപ്പെടുത്തുന്നു. (വെളി. 20:12) ഭൂമി ഒരു പറുദീസയായി മാറുമ്പോൾ, ‘ഭൂവാസികൾ നീതിയെ പഠിക്കുമെന്നും’ അതു പറയുന്നു.—യെശ. 26:9.

9 പുനരുത്ഥാനം പ്രാപിക്കുന്നവർ വിധിക്കപ്പെടുന്നത്‌ അന്ന്‌ അവർ എന്തു ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും, അല്ലാതെ ആദാമിൽനിന്ന്‌ അവകാശപ്പെടുത്തിയ പാപത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല. വെളിപ്പാടു 20:12-ൽ നാം വായിക്കുന്നു: “പുസ്‌തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത [പുനരുത്ഥാനം പ്രാപിച്ചതിനുശേഷം ചെയ്യുന്ന പ്രവൃത്തികൾക്ക്‌ അനുസൃതമായ] ന്യായവിധി ഉണ്ടായി.” യഹോവയുടെ നീതിയും കരുണയും സ്‌നേഹവും എത്ര ശ്രേഷ്‌ഠമാണ്‌! മാത്രമല്ല, ഈ പഴയ ലോകത്തിലെ വേദനിപ്പിക്കുന്ന ഓർമകളൊന്നും “ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശ. 65:17) ഇത്തരം ഓർമകൾ മേലാൽ അവരെ വേട്ടയാടില്ല; കാരണം, നന്മകളാൽ സമൃദ്ധമായ ആ ജീവിതത്തിൽ നവോന്മേഷം പകരുന്ന പുതിയ വിവരങ്ങളായിരിക്കും അവരുടെ മനസ്സു നിറയെ. പൂർവകാലത്തെ തിക്താനുഭവങ്ങൾ ഓർത്ത്‌ ആരുടെയും മനസ്സു നീറില്ല. (വെളി. 21:4, 5എ) അർമഗെദോനെ അതിജീവിക്കുന്ന ‘മഹാപുരുഷാരത്തിന്റെ’ അനുഭവവും ഇതുതന്നെ ആയിരിക്കും.—വെളി. 7:9, 10, 14.

10. (എ) ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതം എങ്ങനെയുള്ളത്‌ ആയിരിക്കും? (ബി) എന്തു ചെയ്യുന്നത്‌ സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും?

10 ദൈവത്തിന്റെ പുതിയ ലോകത്തിൽ ആരും രോഗികളാകുകയോ മരിക്കുകയോ ഇല്ല. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശ. 33:24) മഹത്തായ ഒരു സുദിനത്തിന്റെ പ്രതീക്ഷയോടെ, പൂർണ ആരോഗ്യത്തോടും ഓജസ്സോടുംകൂടെ ആയിരിക്കും ഓരോ പ്രഭാതത്തിലും അവർ ഉണരുന്നത്‌. സംതൃപ്‌തിയേകുന്ന തൊഴിൽ ചെയ്യാനും മറ്റുള്ളവരുടെ നന്മമാത്രം ആഗ്രഹിക്കുന്നവരോടൊപ്പം പ്രവർത്തിക്കാനും ഉള്ള അവസരമാണ്‌ ഓരോ ദിനവും പ്രദാനം ചെയ്യുന്നത്‌. എത്ര ഉത്‌കൃഷ്ടമായ ഒരു സമ്മാനം! ഇപ്പോൾ ബൈബിൾ തുറന്ന്‌ യെശയ്യാവു 33:24-ഉം 35:5-7-ഉം ഒന്നു വായിക്കരുതോ? നിങ്ങൾ അവിടെ ആയിരിക്കുന്നതായി വിഭാവന ചെയ്യൂ. അങ്ങനെ ചെയ്യുന്നത്‌ ആ സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും.

സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ പരാജയപ്പെട്ടവർ

11. ശലോമോന്റെ ഭരണത്തിന്റെ തുടക്കം എങ്ങനെയുള്ളതായിരുന്നു, വിവരിക്കുക.

11 സമ്മാനത്തെക്കുറിച്ചു മനസ്സിലാക്കുന്ന ഓരോരുത്തരും അതിൽ ദൃഷ്ടി കേന്ദ്രീകരിച്ചു നിറുത്താൻ നന്നായി യത്‌നിക്കേണ്ടതുണ്ട്‌. അല്ലാഞ്ഞാൽ സമ്മാനത്തിൽനിന്ന്‌ ദൃഷ്ടി പതറിപ്പോയേക്കാം. പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവിന്‌ സംഭവിച്ചത്‌ എന്താണെന്നു നോക്കാം. അവൻ രാജാവായി ഭരണം ആരംഭിച്ചപ്പോൾ ദൈവജനത്തെ ശരിയായി ന്യായപാലനം ചെയ്യാനുള്ള ബുദ്ധിക്കും വിവേകത്തിനുംവേണ്ടി താഴ്‌മയോടെ ദൈവത്തോടു യാചിച്ചു. (1 രാജാക്കന്മാർ 3:6-12 വായിക്കുക.) ഫലമോ? “ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും” നൽകി. തീർച്ചയായും, “സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്‌ഠമായിരുന്നു.”—1 രാജാ. 4:29-32.

12. ഇസ്രായേലിൽ രാജാവാകുന്നവർക്ക്‌ യഹോവ എന്തു മുന്നറിയിപ്പു കൊടുത്തിരുന്നു?

12 എന്നാൽ രാജാവാകുന്ന ഒരുവന്‌, ‘കുതിര അനവധി ഉണ്ടാകരുത്‌,’ ‘അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ എടുക്കുകയും അരുത്‌’ എന്ന്‌ യഹോവ മുന്നറിയിപ്പു കൊടുത്തിരുന്നു. (ആവ. 17:14-17) രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി രാജാവ്‌ യഥാർഥ സംരക്ഷകനായ യഹോവയിലാണ്‌ ആശ്രയിക്കേണ്ടിയിരുന്നത്‌. കുതിരകളുടെ എണ്ണം വർധിപ്പിക്കുന്നത്‌ അവൻ സ്വന്തം സൈനികശക്തിയിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവുനൽകുമായിരുന്നു. അനേകം ഭാര്യമാർ ഉള്ളതും അപകടം വിളിച്ചുവരുത്തും. അവരിൽ ചിലരെങ്കിലും വ്യാജാരാധകരായ പുറജാതി സ്‌ത്രീകൾ ആയിരിക്കുമെന്നതിനാൽ അവർ രാജാവിനെ യഹോവയുടെ ആരാധനയിൽനിന്നും വ്യതിചലിപ്പിക്കാനുള്ള സാധ്യത ഏറെയായിരുന്നു.

13. ശലോമോന്റെ ദൃഷ്ടി പതറാൻ ഇടയാക്കിയത്‌ എന്തെല്ലാമാണ്‌?

13 ശലോമോൻ ആ മുന്നറിയിപ്പുകൾക്കു ചെവികൊടുത്തില്ല. രാജാക്കന്മാർ എന്തു ചെയ്യരുതെന്നു യഹോവ കൽപ്പിച്ചുവോ അതുതന്നെ അവൻ ചെയ്‌തു. ആയിരക്കണക്കിന്‌ കുതിരകളെയും കുതിരച്ചേവകരെയും ചേർത്ത്‌ അവൻ തന്റെ സൈന്യത്തെ ശക്തിപ്പെടുത്തി. (1 രാജാ. 4:26) കൂടാതെ, അവന്‌ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു; അവരിൽ അനേകരും അയൽരാജ്യങ്ങളിൽനിന്നുള്ള പുറജാതി സ്‌ത്രീകളായിരുന്നു. അവർ “അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം . . . തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.” പുറജാതി ഭാര്യമാരുടെ പ്രേരണയാൽ ശലോമോൻ മ്ലേച്ഛമായ വ്യാജാരാധനയിലേക്കു തിരിഞ്ഞു. അതിന്റെ ഫലമായി യഹോവ അവനോട്‌ “ഞാൻ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും” എന്നു പറഞ്ഞു.—1 രാജാ. 11:1-6, 11.

14. ശലോമോന്റെയും ഇസ്രായേൽ ജനതയുടെയും അനുസരണക്കേടിന്റെ ഫലം എന്തായിരുന്നു?

14 വ്യാജാരാധനയിൽ മുങ്ങിത്താണ ശലോമോന്‌ സത്യദൈവത്തെ പ്രതിനിധീകരിക്കുകയെന്ന അമൂല്യ പദവിയിൽ മനസ്സുറപ്പിച്ചുനിറുത്താൻ കഴിഞ്ഞില്ല. കാലാന്തരത്തിൽ മുഴു ജനതയും വ്യാജാരാധകരായിത്തീർന്നു; അതാകട്ടെ ബി.സി. 607-ൽ അവരുടെ നാശത്തിന്‌ ഇടയാക്കുകയും ചെയ്‌തു. പിന്നീട്‌ യഹൂദന്മാർ സത്യാരാധന പുനഃസ്ഥാപിച്ചെങ്കിലും നൂറ്റാണ്ടുകൾക്കുശേഷം അവരെക്കുറിച്ച്‌ പിൻവരുന്നപ്രകാരം പറയാൻ യേശു നിർബന്ധിതനായി: “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും.” “നിങ്ങളുടെ ഭവനം ശൂന്യമായ്‌തീരും” എന്നും അവൻ പ്രഖ്യാപിച്ചു. (മത്താ. 21:43; 23:37, 38) അതുതന്നെയാണ്‌ അവർക്കു സംഭവിച്ചതും. അവിശ്വസ്‌തതയുടെ ഫലമായി സത്യദൈവത്തെ പ്രതിനിധീകരിക്കാനുള്ള അതുല്യ പദവി ആ ജനത നഷ്ടമാക്കി. എ.ഡി. 70-ൽ റോമൻ സൈന്യം യെരൂശലേമും ആലയവും നശിപ്പിച്ചു; ശേഷിച്ച യഹൂദരിൽ അനേകരെയും അടിമകളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്‌തു.

15. മൂല്യവത്തായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പരാജയപ്പെട്ടവരുടെ ഏതു ദൃഷ്ടാന്തങ്ങളാണ്‌ നാം കണ്ടത്‌?

15 യേശുവിന്റെ 12 അപ്പൊസ്‌തലന്മാരിൽ ഒരുവനായിരുന്നു ഈസ്‌കര്യോത്താ യൂദാ. യേശു പഠിപ്പിച്ചത്‌ അവൻ നേരിട്ടു കേട്ടു; ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ യേശു ചെയ്‌ത അത്ഭുതങ്ങൾ സ്വന്തകണ്ണാൽ കാണുകയും ചെയ്‌തു. എന്നിട്ടും ഹൃദയത്തെ ശുദ്ധമായി സൂക്ഷിക്കുന്നതിൽ അവൻ പരാജയപ്പെട്ടു. യേശുവിന്റെയും 12 അപ്പൊസ്‌തലന്മാരുടെയും പണസഞ്ചി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അവനായിരുന്നു. എന്നാൽ ‘അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി അവന്റെ പക്കൽ ആകയാലും അതിൽ ഇട്ടത്‌ അവൻ എടുത്തുപോന്നു.’ (യോഹ. 12:6) 30 വെള്ളിക്കാശിന്‌ യേശുവിനെ ഒറ്റിക്കൊടുക്കാമെന്ന്‌ മുഖ്യപുരോഹിതന്മാരോട്‌ സമ്മതിക്കുന്ന അളവോളം അവൻ അത്യാഗ്രഹിയായിത്തീർന്നു. (മത്താ. 26:14-16) അപ്പൊസ്‌തലനായ പൗലൊസിന്റെ സഹചാരിയായിരുന്ന ദേമാസ്‌ ആണ്‌ സമ്മാനത്തിൽ ദൃഷ്ടി കേന്ദ്രീകരിക്കാതിരുന്ന മറ്റൊരാൾ. അവനും ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. ‘ദേമാസ്‌ ഈ ലോകത്തെ സ്‌നേഹിച്ചിട്ട്‌ എന്നെ വിട്ടുപോയി’ എന്ന്‌ പൗലൊസ്‌ പറയുകയുണ്ടായി.—2 തിമൊ. 4:10; സദൃശവാക്യങ്ങൾ 4:23 വായിക്കുക.

നമുക്ക്‌ ഓരോരുത്തർക്കുമുള്ള പാഠം

16, 17. (എ) നാം നേരിടുന്ന എതിർപ്പ്‌ എത്ര ശക്തമാണ്‌? (ബി) സാത്താൻ കൊണ്ടുവരുന്ന ഏത്‌ എതിർപ്പിനെയും നേരിടാൻ നമ്മെ എന്തു സഹായിക്കും?

16 “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.” (1 കൊരി. 10:11) അതുകൊണ്ട്‌ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനനാളുകളിൽ ജീവിക്കുന്ന ദൈവദാസർ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൃഷ്ടാന്തങ്ങൾക്ക്‌ അടുത്തശ്രദ്ധ കൊടുക്കേണ്ടതല്ലേ?—2 തിമൊ. 3:1, 13, 14എ.

17 തനിക്ക്‌ “അല്‌പകാലമേയുള്ളു” എന്ന്‌ “ഈ ലോകത്തിന്റെ ദൈവം” ആയ സാത്താന്‌ അറിയാം. (2 കൊരി. 4:4; വെളി. 12:12) യഹോവയുടെ ദാസരായ ക്രിസ്‌ത്യാനികളുടെ വിശ്വസ്‌തത തകർക്കാൻ തന്നാലാകുന്നതെല്ലാം അവൻ ചെയ്യും. ഈ ലോകവും അതിന്റെ ശക്തമായ വാർത്താമാധ്യമങ്ങളും അവന്റെ കൈപ്പിടിയിലാണ്‌. എന്നിരുന്നാലും, ഇതിനെക്കാളെല്ലാം ശക്തമായ ഒന്ന്‌—“അത്യന്തശക്തി”—യഹോവയുടെ ജനത്തിനുണ്ട്‌. (2 കൊരി. 4:7) സാത്താൻ കൊണ്ടുവരുന്ന എന്തും നേരിടാനുള്ള പ്രാപ്‌തിക്കായി ദൈവത്തിൽനിന്നുള്ള അത്യന്തശക്തിയിൽ നമുക്ക്‌ ആശ്രയിക്കാനാകും. അതുകൊണ്ട്‌ യഹോവ “തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ” കൊടുക്കുമെന്ന ഉറപ്പോടെ നമുക്ക്‌ നിരന്തരം പ്രാർഥിക്കാം.—ലൂക്കൊ. 11:13.

18. ഈ ലോകത്തോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?

18 സാത്താന്റെ മുഴുവ്യവസ്ഥിതിയും ഉടൻതന്നെ നശിപ്പിക്കപ്പെടുമെന്നും സത്യക്രിസ്‌ത്യാനികൾ അതിജീവിക്കുമെന്നും ഉള്ള അറിവും നമ്മെ ശക്തിപ്പെടുത്തുന്നു. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹ. 2:17) അതുകൊണ്ട്‌ യഹോവയുമായുള്ള ബന്ധത്തെക്കാൾ നിലനിൽക്കുന്നതും മൂല്യമുള്ളതുമായ എന്തെങ്കിലും ഈ ലോകത്തിലുണ്ടെന്ന്‌ ആരെങ്കിലും കരുതുന്നെങ്കിൽ അത്‌ എത്ര ബുദ്ധിശൂന്യമായിരിക്കും. സാത്താന്റെ അധീനതയിലുള്ള ഈ ലോകം മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പൽപോലെയാണ്‌. എന്നാൽ യഹോവ തന്റെ ദാസന്മാർക്കായി ക്രിസ്‌തീയസഭയാകുന്ന ‘രക്ഷാബോട്ട്‌’ ഒരുക്കിയിരിക്കുന്നു. “ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും” എന്ന ദൈവികവാഗ്‌ദാനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ അവർക്കു പുതിയ ലോകത്തെ ലക്ഷ്യമാക്കി മുന്നേറാനാകും. (സങ്കീ. 37:9) അതുകൊണ്ട്‌ മഹത്തായ ആ സമ്മാനത്തിൽ നമുക്കു ദൃഷ്ടി കേന്ദ്രീകരിക്കാം!

നിങ്ങൾ ഓർമിക്കുന്നുവോ?

• തനിക്കു ലഭിക്കുമായിരുന്ന സമ്മാനത്തെ പൗലൊസ്‌ എത്രമാത്രം വിലമതിച്ചിരുന്നു?

• ഭൂമിയിൽ നിത്യം ജീവിക്കാനുള്ളവർ എന്തിന്റെ അടിസ്ഥാനത്തിൽ ന്യായംവിധിക്കപ്പെടും?

• ജ്ഞാനപൂർവകമായ ഏതു ഗതി നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുക്കും?

[അധ്യയന ചോദ്യങ്ങൾ]

[12, 13 പേജുകളിലെ ചിത്രം]

ബൈബിളിൽനിന്ന്‌ ‘സമ്മാനത്തെക്കുറിച്ചു’ വായിക്കുമ്പോൾ നിങ്ങൾക്കതു ലഭിക്കുന്നതായി വിഭാവന ചെയ്യാനാകുന്നുണ്ടോ?