വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജാഗരൂകരായിരിക്കുവിൻ!

ജാഗരൂകരായിരിക്കുവിൻ!

ജാഗരൂകരായിരിക്കുവിൻ!

‘സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ . . . പ്രാർഥനയിൽ ജാഗരൂകർ ആയിരിക്കുവിൻ.’—1 പത്രൊ. 4:7, പി.ഒ.സി. ബൈബിൾ.

1. എന്തു പഠിപ്പിക്കുന്നതിന്‌ യേശു മുഖ്യശ്രദ്ധ നൽകി?

ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുന്നതിനാണ്‌ ഭൂമിയിൽ ആയിരുന്നപ്പോൾ യേശുക്രിസ്‌തു മുഖ്യശ്രദ്ധ നൽകിയത്‌. “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു ദൈവത്തോടു പ്രാർഥിക്കാനും അവൻ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 4:17; 6:9, 10) കാരണം, ആ രാജ്യം മുഖാന്തരമായിരിക്കും യഹോവ തന്റെ അഖിലാണ്ഡ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുന്നതും നാമം വിശുദ്ധീകരിക്കുന്നതും. ആ രാജ്യഗവൺമെന്റ്‌ സാത്താന്റെ ലോകത്തിന്‌ പെട്ടെന്നുതന്നെ അന്ത്യംകുറിക്കുകയും ഭൂമിയിൽ ദൈവേഷ്ടം നടപ്പിലാക്കുന്നതിന്‌ നേതൃത്വംവഹിക്കുകയും ചെയ്യും. ദാനീയേൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ ആ രാജ്യം, “ഈ രാജത്വങ്ങളെ [ഇന്നുള്ള ഗവൺമെന്റുകളെ] ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”—ദാനീ. 2:44.

2. (എ) യേശു രാജ്യാധികാരത്തിൽ അവരോധിതനായെന്ന്‌ അവന്റെ അനുഗാമികൾ എങ്ങനെ തിരിച്ചറിയുമായിരുന്നു? (ബി) അടയാളം മറ്റ്‌ എന്തിന്റെയുംകൂടെ സൂചന ആയിരിക്കുമായിരുന്നു?

2 ദൈവരാജ്യത്തിന്റെ ആഗമനം യേശുവിന്റെ അനുഗാമികൾ വളരെ പ്രാധാന്യത്തോടെ വീക്ഷിച്ചിരുന്നു. അതുകൊണ്ട്‌ അവർ യേശുവിനോട്‌ “നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്ത്‌” എന്നു ചോദിച്ചു. (മത്താ. 24:3) രാജാവായി അവരോധിതനാകുന്ന യേശുവിന്റെ സാന്നിധ്യം ഭൂമിയിലുള്ളവർക്ക്‌ അദൃശ്യം ആയിരിക്കുമായിരുന്നു. അതുകൊണ്ട്‌ അവന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന്‌ ദൃശ്യമായ അടയാളം ആവശ്യമായിരുന്നു. ആ അടയാളത്തിന്റെ വ്യത്യസ്‌ത വശങ്ങളെക്കുറിച്ച്‌ തിരുവെഴുത്തുകൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്‌. തന്മൂലം യേശുവിന്റെ ഭരണം സ്വർഗത്തിൽ ആരംഭിക്കുന്ന സമയത്ത്‌ അവന്റെ അനുഗാമികൾക്ക്‌ ആ വസ്‌തുത തിരിച്ചറിയാൻ കഴിയുമായിരുന്നു. ബൈബിളിൽ ‘അന്ത്യകാലം’ എന്നു വിളിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ തുടക്കവുംകൂടെ ആയിരിക്കുമായിരുന്നു അത്‌; അതായത്‌, മുഴുഭൂമിയിലും വ്യാപരിക്കുന്ന സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനനാളുകളുടെ തുടക്കം.—2 തിമൊ. 3:1-5, 13; മത്താ. 24:7-14.

അന്ത്യകാലത്ത്‌ ജാഗരൂകരായിരിക്കുവിൻ

3. ക്രിസ്‌ത്യാനികൾ ജാഗ്രതപാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 “സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ സമചിത്തരും പ്രാർത്ഥനയിൽ ജാഗരൂകരും ആയിരിക്കുവിൻ” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി. (1 പത്രൊ. 4:7, പി.ഒ.സി.) അതെ, യേശുവിന്റെ അനുഗാമികൾ ജാഗരൂകരായിരിക്കേണ്ടതുണ്ട്‌. മറ്റു വാക്കുകളിൽപ്പറഞ്ഞാൽ ക്രിസ്‌തു സാന്നിധ്യവാനാണെന്നു സൂചിപ്പിക്കുന്ന ലോകസംഭവങ്ങളെക്കുറിച്ച്‌ അവർ സദാ ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്‌. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരവെ, ഇക്കാര്യത്തിൽ അവർ നിതാന്തജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം, “യജമാനൻ . . . [സാത്താന്റെ ലോകത്തെ ന്യായംവിധിക്കാൻ] എപ്പോൾ വരും എന്നു അറിയായ്‌കകൊണ്ടു, . . . ഉണർന്നിരിപ്പിൻ” എന്ന്‌ യേശു ശിഷ്യന്മാരോടു പറഞ്ഞു.—മർക്കൊ. 13:35, 36.

4. സാത്താന്യലോകത്തിന്റെ ഭാഗമായിരിക്കുന്നവരുടെയും യഹോവയുടെ ദാസന്മാരുടെയും മനോഭാവങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (ചതുരം കാണുക.)

4 സാത്താന്യലോകത്തിന്റെ സ്വാധീനത്തിലാണ്‌ ആളുകൾ ഇന്നു പൊതുവെ. ലോകസംഭവങ്ങളുടെ അർഥം ഗ്രഹിക്കാൻ അവർ മനസ്സുകാണിക്കുന്നില്ല. ക്രിസ്‌തു ദൈവരാജ്യത്തിന്റെ രാജാവായിരിക്കുന്നു എന്ന വസ്‌തുത തിരിച്ചറിയാൻ അവർ പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികൾ ജാഗരൂകരായിരുന്നിട്ടുണ്ട്‌; കഴിഞ്ഞ നൂറ്റാണ്ടിൽ അരങ്ങേറിയ സംഭവങ്ങളുടെ അർഥം വിവേചിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധവും തുടർന്നുണ്ടായ സംഭവങ്ങളും, 1914-ൽ സ്വർഗീയ രാജാവായ ക്രിസ്‌തുവിന്റെ സാന്നിധ്യം ആരംഭിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന്‌ 1925 മുതൽ യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കൂടാതെ, അന്ന്‌ സാത്താന്റെ നിയന്ത്രണത്തിലുള്ള ദുഷ്ടവ്യവസ്ഥിതിയുടെ അവസാനകാലത്തിനും തുടക്കമായി. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പും അതിനു ശേഷവുമുള്ള കാലഘട്ടങ്ങൾ തമ്മിലുള്ള വലിയ അന്തരം പല നിരീക്ഷകരും തിരിച്ചറിഞ്ഞിരിക്കുന്നു, അതിന്റെ അർഥം അവർക്കു മനസ്സിലാകുന്നില്ലെങ്കിലും.—“ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ തുടക്കം” എന്ന ചതുരം കാണുക.

5. നാം എല്ലായ്‌പോഴും ജാഗ്രതപാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 ഒരു നൂറ്റാണ്ടോളമായി ലോകമെമ്പാടും നടമാടുന്ന ഭയാനക സംഭവങ്ങൾ, നാം ജീവിക്കുന്നത്‌ അന്ത്യനാളുകളിലാണെന്നു തെളിയിക്കുന്നു. സാത്താന്യലോകത്തെ നശിപ്പിക്കുന്നതിനുവേണ്ടി ശക്തരായ ദൂതസൈന്യത്തെ നയിക്കാൻ യഹോവ താമസിയാതെതന്നെ യേശുവിനു കൽപ്പന കൊടുക്കും. (വെളി. 19:11-21) അതുകൊണ്ട്‌ ഈ വ്യവസ്ഥിതിയുടെ അന്ത്യം പ്രതീക്ഷിച്ചിരിക്കുന്ന നാം എല്ലായ്‌പോഴും ഉണർന്നിരിക്കേണ്ടത്‌ അഥവാ ജാഗ്രതപാലിക്കേണ്ടത്‌ അനിവാര്യമാണ്‌. അങ്ങനെ ചെയ്യാൻ ക്രിസ്‌ത്യാനികളോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരിക്കുന്നു. (മത്താ. 24:42) കൂടാതെ, ക്രിസ്‌തുവിന്റെ കീഴിൽ ഭൂമിയിലെമ്പാടും നമുക്കൊരു പ്രത്യേക വേല നിർവഹിക്കാനുമുണ്ട്‌.

ഒരു ആഗോള വേല

6, 7. അന്ത്യകാലത്ത്‌ രാജ്യപ്രസംഗവേലയ്‌ക്ക്‌ എന്തു പുരോഗതി ഉണ്ടായിരിക്കുന്നു?

6 ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാന നാളുകളിലാണു നാം ജീവിക്കുന്നതെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സംയുക്ത അടയാളത്തെക്കുറിച്ച്‌ യേശു പറയുകയുണ്ടായി. അതിന്റെ ഭാഗമായാണ്‌ യഹോവയുടെ ദാസന്മാർ ചെയ്യേണ്ടിയിരുന്ന ഈ വേലയെക്കുറിച്ചും പറഞ്ഞിരിക്കുന്നത്‌. അന്ത്യകാലത്ത്‌ നടക്കാനിരിക്കുന്ന സംഭവപരമ്പരയുടെ കൂട്ടത്തിൽ ഈ ആഗോളപ്രവർത്തനത്തെയും ഉൾപ്പെടുത്തിക്കൊണ്ട്‌ അവൻ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്താ. 24:14.

7 യേശു പറഞ്ഞ ആ പ്രവർത്തനത്തോടു ബന്ധപ്പെട്ട ചില വസ്‌തുതകൾ നമുക്കിപ്പോൾ പരിശോധിക്കാം. 1914-ൽ അന്ത്യകാലം ആരംഭിച്ചപ്പോൾ സുവാർത്താഘോഷകരുടെ എണ്ണം വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇപ്പോൾ അത്‌ അനേകം മടങ്ങായി വർധിച്ചിരിക്കുന്നു. ഒരുലക്ഷത്തിലധികം സഭകളിലായി കൂടിവരുന്ന 70 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികളാണ്‌ ഭൂവ്യാപകമായി ഇന്ന്‌ ഈ പ്രസംഗവേല നിർവഹിക്കുന്നത്‌. 2008-ൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ അവരോടൊപ്പം ഒരുകോടിയോളം പേർ കൂടിവരുകയുണ്ടായി. 2007-ലെ ഹാജരിനോടുള്ള താരതമ്യത്തിൽ ഗണ്യമായ ഒരു വർധനയായിരുന്നു അത്‌.

8. എതിർപ്പുകൾ ഉണ്ടായിട്ടും പ്രസംഗ പ്രവർത്തനം വിജയിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനു മുമ്പായി ദൈവരാജ്യത്തെക്കുറിച്ചുള്ള എത്ര സമഗ്രമായ സാക്ഷ്യമാണ്‌ സകലജനതകൾക്കും ലഭിക്കുന്നത്‌! സാത്താൻ “ഈ ലോകത്തിന്റെ ദൈവം” ആയി വിരാജിക്കുമ്പോഴാണ്‌ നാം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. (2 കൊരി. 4:4) ഈ ലോകത്തിലെ രാഷ്‌ട്രീയ-മത-വാണിജ്യ ഘടകങ്ങളും അവയുടെ പ്രചാരണമാധ്യമങ്ങളും അവന്റെ സ്വാധീനത്തിലാണ്‌. എന്നിട്ടും സാക്ഷീകരണ പ്രവർത്തനത്തിൽ നമുക്ക്‌ അഭൂതപൂർവമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രം. സാത്താൻ തടയിടാൻ ശ്രമിച്ചിട്ടും പ്രസംഗ പ്രവർത്തനം അവിരാമം മുന്നോട്ടു പോകുന്നത്‌ ഈ പിന്തുണയുള്ളതുകൊണ്ടാണ്‌.

9. നാം കൈവരിച്ചിരിക്കുന്ന ആത്മീയ അഭിവൃദ്ധി ഒരത്ഭുതം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 പ്രസംഗ പ്രവർത്തനത്തിന്റെ വിജയം, യഹോവയുടെ ജനത്തിന്റെ വളർച്ച, അവരുടെ ആത്മീയ സമൃദ്ധി ഇവയെ എല്ലാം ഒരത്ഭുതം എന്നു വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. തന്റെ ജനത്തെ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവ അവരെ പിന്തുണച്ചില്ലായിരുന്നെങ്കിൽ ഈ പ്രസംഗ പ്രവർത്തനം അസാധ്യമായേനെ. (മത്തായി 19:26 വായിക്കുക.) സേവനസന്നദ്ധരും ജാഗരൂകരും ആയ ആളുകളുടെ ഹൃദയങ്ങളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ പ്രവർത്തിക്കുന്നതിനാൽ ഈ വേല വിജയകരമായ ഒരു പരിസമാപ്‌തിയിൽ എത്തുമെന്നും “അപ്പോൾ അവസാനം വരും” എന്നും നമുക്കുറപ്പുണ്ട്‌. ആ സമയത്തോടു നാം അനുനിമിഷം അടുത്തുകൊണ്ടിരിക്കുകയാണ്‌.

‘മഹാകഷ്ടം’

10. വരാനിരിക്കുന്ന മഹാകഷ്ടത്തെ യേശു വർണിച്ചത്‌ എങ്ങനെ?

10 ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം ഒരു ‘മഹാകഷ്ടത്തോടെ’ ആയിരിക്കും തുടങ്ങുന്നത്‌. (വെളി. 7:14) അത്‌ എത്രനാൾ നീണ്ടുനിൽക്കുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നില്ലെങ്കിലും “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം” ആയിരിക്കും അതെന്ന്‌ യേശു സൂചിപ്പിച്ചു. (മത്താ. 24:21) ആറുകോടിയോളം ആളുകളുടെ ജീവൻ അപഹരിച്ചതായി കണക്കാക്കുന്ന രണ്ടാം ലോകമഹായുദ്ധംപോലെയുള്ള ഭീകരമായ അനുഭവങ്ങളിലൂടെ ലോകം കടന്നുപോയിട്ടുണ്ട്‌. എന്നാൽ വരാനിരിക്കുന്ന ആ മഹാകഷ്ടം ഇവയെക്കാളൊക്കെ അതിഭീകരമായിരിക്കും. അർമഗെദോൻ യുദ്ധത്തോടെ മഹാകഷ്ടം അതിന്റെ പാരമ്യത്തിൽ എത്തും. യഹോവ തന്റെ ദൂതസൈന്യത്തെ ഉപയോഗിച്ച്‌ സാത്താന്യവ്യവസ്ഥിതിയുടെ അവസാന കണികയെയും തുടച്ചുനീക്കുന്നത്‌ അപ്പോഴായിരിക്കും.—വെളി. 16:14, 16.

11, 12. ഏതു സംഭവമായിരിക്കും മഹാകഷ്ടത്തിനു തുടക്കമിടുന്നത്‌?

11 മഹാകഷ്ടം ആരംഭിക്കുന്നത്‌ എന്നാണെന്ന്‌ ബൈബിൾ പ്രവചിക്കുന്നില്ലെങ്കിലും ഏതു സംഭവം ആയിരിക്കും അതിനു തുടക്കമിടുക എന്ന്‌ അതു വ്യക്തമാക്കുന്നുണ്ട്‌. രാഷ്‌ട്രീയ ഭരണകൂടങ്ങൾ വ്യാജമതങ്ങളെയെല്ലാം നശിപ്പിക്കുന്നതോടെ ആയിരിക്കും അത്‌. വെളിപ്പാടു 17-ഉം 18-ഉം അധ്യായങ്ങളിലെ പ്രവചനം, വ്യാജമതത്തെ രാഷ്‌ട്രീയ വ്യവസ്ഥിതിയുമായി അധാർമികബന്ധത്തിൽ ഏർപ്പെടുന്ന ഒരു വേശ്യയായി ചിത്രീകരിക്കുന്നു. ഈ രാഷ്‌ട്രീയ ഘടകങ്ങൾ പെട്ടെന്നുതന്നെ ‘വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയുമെന്ന്‌’ വെളിപ്പാടു 17:16 കാണിക്കുന്നു.

12 അതിനുള്ള സമയം വന്നെത്തുമ്പോൾ വ്യാജമതങ്ങളെ നശിപ്പിക്കാൻ ‘ദൈവം അവരുടെ [രാഷ്‌ട്രീയ ഭരണാധികാരികളുടെ] ഹൃദയത്തിൽ തോന്നിപ്പിക്കും.’ (വെളി. 17:17) അതുകൊണ്ട്‌ ഈ നാശം ദൈവത്തിൽനിന്നു വരുന്നു എന്നു പറയാനാകും. കാലങ്ങളായി ദൈവേഷ്ടത്തിനു വിരുദ്ധമായ ഉപദേശങ്ങൾ പഠിപ്പിക്കുകയും അവന്റെ ദാസന്മാരെ പീഡിപ്പിക്കുകയും ചെയ്‌തുപോന്ന വ്യാജമതങ്ങൾക്കു നേരെയുള്ള ദൈവത്തിന്റെ ന്യായവിധിയാണത്‌. വ്യാജമതങ്ങൾക്ക്‌ ഇങ്ങനെയൊരു നാശം വന്നുഭവിക്കുമെന്ന്‌ ലോകത്തിലുള്ള ആളുകൾ ചിന്തിക്കുന്നതേയില്ല. എന്നാൽ യഹോവയുടെ വിശ്വസ്‌തദാസന്മാർ അതു പ്രതീക്ഷിക്കുന്നുണ്ട്‌. ഈ അന്ത്യകാലത്ത്‌ ഉടനീളം അവർ അതേക്കുറിച്ച്‌ ആളുകളോടു പറഞ്ഞുകൊണ്ടാണിരിക്കുന്നതും.

13. വ്യാജമതങ്ങളുടെ നാശം പെട്ടെന്നായിരിക്കുമെന്ന്‌ എന്തു സൂചിപ്പിക്കുന്നു?

13 വ്യാജമതങ്ങളുടെ നാശത്തിൽ ആളുകൾ പരിഭ്രാന്തരായിത്തീരും. ചില ‘ഭൂരാജാക്കന്മാർപോലും’ “അയ്യോ, അയ്യോ, മഹാനഗരമേ,” നീ “ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ” എന്നു പറഞ്ഞ്‌ അവളുടെ നാശത്തെക്കുറിച്ചു വിലപിക്കുമെന്ന്‌ ബൈബിൾ പ്രവചിക്കുന്നു. (വെളി. 18:9, 10, 16, 19) ‘ഒരു മണിക്കൂർ’ എന്ന പരാമർശം, ആ നാശം താരതമ്യേന പെട്ടെന്നു സംഭവിക്കും എന്നതിന്റെ സൂചനയാണ്‌.

14. യഹോവയുടെ ശത്രുക്കൾ അവന്റെ ദാസന്മാർക്കെതിരെ തിരിയുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും?

14 വ്യാജമതങ്ങളുടെ നാശത്തെത്തുടർന്ന്‌ താമസിയാതെ, യഹോവയുടെ ദാസന്മാരുടെ നേരെ ഒരാക്രമണം ഉണ്ടാകുമെന്ന്‌ നമുക്കറിയാം. അവർ അപ്പോഴും ദൈവത്തിന്റെ ന്യായവിധി സന്ദേശം പ്രഖ്യാപിക്കുന്നതിൽ വ്യാപൃതരായിരിക്കും. (യെഹെ. 38:14-16) തന്റെ ജനത്തെ സംരക്ഷിക്കുമെന്നു യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതിനാൽ, എതിരാളികൾക്ക്‌ ആ ആക്രമണത്തിന്റെ തുടക്കത്തിൽത്തന്നെ അവനെ നേരിടേണ്ടിവരും. “ഞാൻ എന്റെ തീക്ഷ്‌ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്‌തിരിക്കുന്നു. . . . ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും” എന്നാണ്‌ അവൻ പ്രഖ്യാപിച്ചിരിക്കുന്നത്‌. (യെഹെസ്‌കേൽ 38:18-23 വായിക്കുക.) “നിങ്ങളെ [തന്റെ വിശ്വസ്‌ത ദാസന്മാരെ] തൊടുന്നവൻ അവന്റെ [ദൈവത്തിന്റെ] കണ്മണിയെ തൊടുന്നു” എന്നും അവൻ പറഞ്ഞിരിക്കുന്നു. (സെഖ. 2:8) അതുകൊണ്ട്‌ ശത്രുക്കൾ യഹോവയുടെ ദാസന്മാർക്കെതിരെ വ്യാപകമായി ആക്രമണം അഴിച്ചുവിടുമ്പോൾ അവൻ നിശ്ചയമായും പ്രതികരിക്കും. മഹാകഷ്ടം അങ്ങനെ അതിന്റെ പാരമ്യമായ അർമഗെദോനിലേക്കു നീങ്ങാൻ ദൈവം വഴിയൊരുക്കും. ക്രിസ്‌തുവിന്റെ നേതൃത്വത്തിൻകീഴിൽ ദൂതസൈന്യം സാത്താന്യലോകത്തിനെതിരെ യഹോവയുടെ ന്യായവിധി നടപ്പാക്കും.

നാം എന്തു ചെയ്യണം?

15. ഈ വ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചിരിക്കുന്നു എന്ന്‌ അറിയുന്നത്‌ നമ്മെ എങ്ങനെ സ്വാധീനിക്കണം?

15 ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം അതിവേഗം സമീപിക്കുന്നുവെന്ന അറിവ്‌ നമ്മെ എങ്ങനെ സ്വാധീനിക്കണം? “ഇവയെല്ലാം നശ്വരമാകയാൽ വിശുദ്ധിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌ക്കാന്തിയുള്ളവരായിരിക്കണം” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി. (2 പത്രൊ. 3:11, പി.ഒ.സി.) യഹോവയോടുള്ള നമ്മുടെ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്ന, ദൈവഭക്തിക്ക്‌ അനുസൃതമായ പ്രവർത്തനം ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെയും ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതിന്റെയും ആവശ്യം ആ വാക്യം എടുത്തുകാണിക്കുന്നു. ഇക്കാര്യത്തിൽ വീഴ്‌ചവരുത്തുന്നില്ലെന്ന്‌ നാം ഉറപ്പുവരുത്തണം. അന്ത്യം വരുന്നതിനുമുമ്പ്‌ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ കഴിവിന്റെ പരമാവധി ചെയ്യുന്നത്‌ ദൈവഭക്തിക്ക്‌ അനുസൃതമായ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ‘സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ . . . പ്രാർഥനയിൽ ജാഗരൂകർ ആയിരിക്കുവിൻ’ എന്നും പത്രൊസ്‌ എഴുതുകയുണ്ടായി. (1 പത്രൊ. 4:7, പി.ഒ.സി.) പരിശുദ്ധാത്മാവിലൂടെയും ലോകവ്യാപക സഭ മുഖാന്തരവും നമ്മെ വഴിനടത്തണമേയെന്ന്‌ നിരന്തരം യഹോവയോടു പ്രാർഥിച്ചുകൊണ്ട്‌ അവനോട്‌ അടുത്തുചെല്ലാനും അവനോടുള്ള സ്‌നേഹം തെളിയിക്കാനും നമുക്കു കഴിയും.

16. ദൈവത്തിന്റെ ബുദ്ധിയുപദേശത്തിനു നാം അടുത്തശ്രദ്ധ നൽകേണ്ടത്‌ എന്തുകൊണ്ട്‌?

16 ഈ ദുർഘടനാളുകളിൽ പിൻവരുന്ന ബൈബിൾ ബുദ്ധിയുപദേശത്തിനു നാം അടുത്തശ്രദ്ധ നൽകേണ്ടതുണ്ട്‌: “സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെ. 5:15, 16) മുമ്പെന്നത്തെക്കാൾ ദുഷ്ടത ഇന്ന്‌ അത്യന്തം പെരുകിയിരിക്കുന്നു. യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽനിന്ന്‌ ആളുകളെ തടയാനോ, കുറഞ്ഞപക്ഷം അതിൽനിന്ന്‌ അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനോ ആയി സാത്താൻ പല തന്ത്രങ്ങളും മനഞ്ഞിട്ടുണ്ട്‌. ദൈവദാസരായ നമുക്ക്‌ അതിനെക്കുറിച്ചൊക്കെ നന്നായി അറിയാം. യാതൊന്നും ദൈവത്തോടുള്ള നമ്മുടെ വിശ്വസ്‌തതയ്‌ക്കു തുരങ്കംവെക്കാൻ നാം ആഗ്രഹിക്കുന്നില്ല. പെട്ടെന്നുതന്നെ എന്താണു സംഭവിക്കാൻ പോകുന്നതെന്നു നമുക്കറിയാം. യഹോവയിലും അവന്റെ വാഗ്‌ദാനങ്ങളിലും നമുക്ക്‌ വിശ്വാസമർപ്പിക്കാം.—1 യോഹന്നാൻ 2:15-17 വായിക്കുക.

17. അർമഗെദോനെ അതിജീവിക്കുന്നവർ പുനരുത്ഥാനം നടക്കുമ്പോൾ എങ്ങനെ പ്രതികരിക്കും?

17 “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്ന്‌ ബൈബിളിൽ നാം വായിക്കുന്നു. (പ്രവൃ. 24:15) എത്ര ഉറപ്പോടെയാണ്‌ ആ വാഗ്‌ദാനം നൽകിയിരിക്കുന്നതെന്നു ശ്രദ്ധിക്കുക. ഈ മഹത്തായ ദൈവികവാഗ്‌ദാനം പെട്ടെന്നുതന്നെ നിവൃത്തിയേറും. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടാ; കാരണം, അതു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌ യഹോവയാണ്‌. “നിന്റെ മൃതന്മാർ ജീവിക്കും; . . . പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; . . . ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ” എന്ന്‌ യെശയ്യാവു 26:19-ഉം ഉറപ്പുനൽകുന്നു. പുരാതനനാളിൽ ദൈവജനത്തെ സ്വദേശത്തേക്ക്‌ തിരികെ കൊണ്ടുവന്നപ്പോൾ ഈ പ്രവചനത്തിന്‌ ഒരു പ്രാഥമിക നിവൃത്തി ഉണ്ടായി. അതു കാണിക്കുന്നത്‌ പുതിയ ലോകത്തിൽ അതിന്‌ അക്ഷരാർഥത്തിലുള്ള ഒരു നിവൃത്തി ഉണ്ടായിരിക്കുമെന്നാണ്‌. പുനരുത്ഥാനംപ്രാപിച്ചു വരുന്നവർ പ്രിയപ്പെട്ടവരുമായി ഒത്തുചേരുമ്പോൾ എത്ര വലിയ സന്തോഷമായിരിക്കും അത്‌ കൈവരുത്തുന്നത്‌! അതെ, സാത്താന്യലോകത്തിന്റെ അന്ത്യം സമീപിച്ചിരിക്കുന്നു; ദൈവത്തിന്റെ പുതിയ ലോകം ആസന്നമായിരിക്കുന്നു! സദാ ജാഗരൂകരായിരിക്കാൻ എത്ര നല്ല കാരണം!

നിങ്ങൾ ഓർമിക്കുന്നുവോ?

• എന്തു പഠിപ്പിക്കുന്നതിന്‌ യേശു മുഖ്യശ്രദ്ധ നൽകി?

• രാജ്യപ്രസംഗവേല ഇന്ന്‌ എത്ര വ്യാപകമാണ്‌?

• നാം ജാഗരൂകരായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രവൃത്തികൾ 24:15-ലെ വാഗ്‌ദാനത്തിൽ പ്രോത്സാഹജനകമായി നിങ്ങൾക്കു തോന്നുന്നത്‌ എന്താണ്‌?

[അധ്യയന ചോദ്യങ്ങൾ]

[16, 17 പേജുകളിലെ ചതുരം/ചിത്രം]

 പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ തുടക്കം

മനുഷ്യചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ വിശകലനം ചെയ്‌തുകൊണ്ട്‌ അലൻ ഗ്രീൻസ്‌പാൻ എഴുതിയ ഒരു പുസ്‌തകം (The Age of Turbulence: Adventures in a New World) 2007-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അമേരിക്കയിലെ സെൻട്രൽ ബാങ്ക്‌ സംവിധാനത്തിനു മേൽനോട്ടംവഹിക്കുന്ന ഫെഡറൽ റിസർവ്‌ ബോർഡിന്റെ ചെയർമാനായിരുന്നു 20 വർഷത്തോളം അദ്ദേഹം. 1914-ന്‌ ശേഷമുള്ള കാലഘട്ടത്തെ, അതിനു മുമ്പുള്ള കാലവുമായി താരതമ്യം ചെയ്‌ത്‌ ലോകരംഗത്തുണ്ടായ വലിയ മാറ്റത്തെ എടുത്തുകാണിക്കുന്നു ഈ പുസ്‌തകത്തിൽ അദ്ദേഹം.

“ആ കാലഘട്ടത്തിൽനിന്നുള്ള (1914-നു മുമ്പുള്ള) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച്‌, ആളുകൾ പരസ്‌പര ബഹുമാനത്തോടെ ഇടപെട്ടിരുന്ന അന്നത്തെ ലോകം നാഗരികതയുടെ പാതയിൽ മുന്നോട്ടു കുതിക്കുന്നതുപോലെ കാണപ്പെട്ടു; പൂർണത കൈവരിക്കുമെന്നുപോലും തോന്നുംവിധം അത്ര ശ്രദ്ധേയമായിരുന്നു ആ പുരോഗതി. കിരാതമായ അടിമവ്യാപാരത്തിന്‌ 19-ാം നൂറ്റാണ്ടിൽ തിരശ്ശീല വീണു. മനുഷ്യത്വരഹിതമായ അക്രമത്തിന്റെ ഒരു യുഗം അസ്‌തമിക്കുന്നതുപോലെ തോന്നി. . . . ലോകമെങ്ങും നൂതന കണ്ടുപിടുത്തങ്ങളുടെ തരംഗങ്ങൾ അലയടിച്ച ഒരു നൂറ്റാണ്ടുമായിരുന്നു അത്‌. റെയിൽപ്പാതകൾ, ടെലിഫോൺ, വൈദ്യുതവെളിച്ചം, ചലച്ചിത്രം, മോട്ടോർ കാർ, നവീന വീട്ടുപകരണങ്ങൾ എന്നിങ്ങനെ ആ നൂറ്റാണ്ടിന്‌ അഭിമാനിക്കാവുന്നതായി പലതുമുണ്ട്‌. വൈദ്യശാസ്‌ത്രരംഗത്തെ പുരോഗതിയും പോഷകാഹാരത്തിന്റെയും ശുദ്ധജലത്തിന്റെയും ലഭ്യതയും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. . . . പുരോഗതിയിലേക്കുള്ള ഈ പ്രയാണം ഒരിക്കലും അവസാനിക്കില്ലെന്നായിരുന്നു അന്നത്തെ ആ ലോകം ചിന്തിച്ചത്‌.”

എന്നാൽ . . . “ഒന്നാം ലോകമഹായുദ്ധം മാനുഷിക മൂല്യങ്ങളുടെമേൽ ഏൽപ്പിച്ച പ്രഹരം രണ്ടാം ലോകമഹായുദ്ധം ഏൽപ്പിച്ചതിനെക്കാൾ വലുതായിരുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുത്താൽ രണ്ടാം ലോകമഹായുദ്ധം കൂടുതൽ ഭീകരമായിരുന്നെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിന്‌ മനുഷ്യന്റെ ചിന്താഗതിയെത്തന്നെ മാറ്റിമറിക്കാനായി. മനുഷ്യവർഗം അനന്തവും ദ്രുതഗതിയിലുള്ളതുമായ പുരോഗതിയുടെ പാതയിലാണെന്നു തോന്നിച്ച, ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ആ വർഷങ്ങളെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽനിന്നു മായ്‌ച്ചുകളയാൻ എനിക്കാവുന്നില്ല. എന്നാൽ ഇന്ന്‌ നമ്മുടെ കാഴ്‌ചപ്പാടുകൾ അന്നത്തേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌, ഒരുപക്ഷേ യാഥാർഥ്യങ്ങളോട്‌ കുറേക്കൂടി അടുത്തുനിൽക്കുന്നത്‌. ഭീകരപ്രവർത്തനം, ആഗോള താപനം, മുമ്പെങ്ങും ഇല്ലാത്തവിധം മുഴങ്ങിക്കേൾക്കുന്ന മനുഷ്യാവകാശങ്ങൾക്കായുള്ള മുറവിളി എന്നിവ ലോകമെമ്പാടും ജീവിത പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ജനസമൂഹത്തിന്മേൽ ഏൽപ്പിക്കുന്ന ആഘാതം ഒന്നാം ലോകമഹായുദ്ധം അന്നത്തെ ലോകത്തിന്മേൽ സൃഷ്ടിച്ച ആഘാതത്തോടുള്ള താരതമ്യത്തിൽ എങ്ങനെയായിരിക്കും? അതു നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.”

ഇക്കണോമിക്‌സ്‌ പ്രൊഫസർ ആയിരുന്ന ബെഞ്ചമിൻ എം. ആൻഡേഴ്‌സന്റെ (1886-1949) വാക്കുകൾ ഗ്രീൻസ്‌പാൻ ഉദ്ധരിക്കുന്നു: “ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ള കാലഘട്ടത്തെക്കുറിച്ച്‌ ഓർക്കാനാകുന്നവർക്ക്‌ ആ കാലഘട്ടത്തെക്കുറിച്ച്‌ വികാരതീവ്രമായ സ്‌മരണയാണുള്ളത്‌. പൊതുവെ സുരക്ഷിതബോധം തോന്നിയിരുന്ന ഒരു കാലമായിരുന്നു അത്‌, അങ്ങനെയൊന്ന്‌ പിന്നീടൊരിക്കലും ഉണ്ടായിരുന്നിട്ടില്ല.”—ഇക്കണോമിക്‌സ്‌ ആൻഡ്‌ ദ പബ്ലിക്‌ വെൽഫെയർ.

ജി. ജെ. മേയറിന്റെ എ വേൾഡ്‌ അൺഡൺ (2006) എന്ന വാല്യത്തിൽ അദ്ദേഹവും സമാനമായ ഒരു നിഗമനത്തിൽ എത്തിയിരിക്കുന്നതായി കാണാം. “പല സുപ്രധാന സംഭവങ്ങളെക്കുറിച്ചും ‘അത്‌ ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതിയിരിക്കുന്നു’ എന്നു പൊതുവെ പറയാറുണ്ട്‌. ആ മഹായുദ്ധത്തിന്റെ [1914-1918] കാര്യത്തിൽ ശരിക്കും അതുതന്നെയാണു സംഭവിച്ചത്‌. ആ യുദ്ധം സകലതും അപ്പാടെ കീഴ്‌മേൽ മറിച്ചു: അതിർത്തികളോ ഗവൺമെന്റുകളോ രാഷ്‌ട്രത്തിന്റെ ഭാവിയോ മാത്രമല്ല ആളുകൾ ലോകത്തെയും തങ്ങളെത്തന്നെയും വീക്ഷിക്കുന്ന രീതിയും അന്നുമുതൽ മാറി. യുദ്ധാനന്തര ലോകത്തെ അതിനു മുമ്പുള്ള ലോകത്തിൽനിന്ന്‌ സ്ഥിരമായി വേർപെടുത്തുംവിധം അത്ര വലുതാണ്‌ അതു സൃഷ്ടിച്ചിരിക്കുന്ന വിള്ളൽ.”

[18-ാം പേജിലെ ചിത്രം]

ശക്തരായ ദൂതസൈന്യത്തെ യഹോവ അർമഗെദോനിൽ അണിനിരത്തും