വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീതിമാന്മാർ ദൈവത്തെ എന്നും എന്നേക്കും സ്‌തുതിക്കും

നീതിമാന്മാർ ദൈവത്തെ എന്നും എന്നേക്കും സ്‌തുതിക്കും

നീതിമാന്മാർ ദൈവത്തെ എന്നും എന്നേക്കും സ്‌തുതിക്കും

“നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും. . . . അവന്റെ നീതി എന്നേക്കും നിലനില്‌ക്കുന്നു.”—സങ്കീ. 112:6, 9.

1. (എ) ദൈവദൃഷ്ടിയിൽ നീതിമാന്മാരായ സകലരെയും എന്തു കാത്തിരിക്കുന്നു? (ബി) ഏതു ചോദ്യം ചിന്ത അർഹിക്കുന്നു?

എത്ര മഹത്തായ ഭാവിയാണ്‌ നീതിമാന്മാരായി ദൈവം വീക്ഷിക്കുന്നവരുടെ മുമ്പിലുള്ളത്‌! യഹോവയുടെ അനുപമമായ ഗുണങ്ങളെക്കുറിച്ച്‌ നിത്യതയിലുടനീളം പഠിക്കാനാകുന്നതിന്റെ സന്തോഷം അവരെ കാത്തിരിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിക്രിയകളെക്കുറിച്ച്‌ കൂടുതൽ കൂടുതൽ പഠിക്കുന്തോറും അവനെ സ്‌തുതിക്കാൻ അവരുടെ ഹൃദയങ്ങൾ വെമ്പൽകൊള്ളും. അത്തരമൊരു പ്രത്യാശയുടെ അടിസ്ഥാനം “നീതി” എന്ന ഗുണമാണ്‌. ഇതിനെ അധികരിച്ചാണ്‌ 112-ാം സങ്കീർത്തനം രചിച്ചിരിക്കുന്നത്‌. നീതി ചെയ്യാൻ നാം എത്ര ശ്രമിച്ചാലും പിശകുകൾ പറ്റിയെന്നുവരാം, ചിലപ്പോൾ അവ ഗുരുതരവുമായിരിക്കാം. പരിശുദ്ധനും നീതിമാനുമായ യഹോവയാം ദൈവത്തിന്‌ അങ്ങനെയെങ്കിൽ പാപികളായ മനുഷ്യരെ എങ്ങനെ നീതിമാന്മാരായി കാണാനാകും?—റോമ. 3:23; യാക്കോ. 3:2.

2. നമ്മോടുള്ള സ്‌നേഹത്തെപ്രതി യഹോവ പ്രവർത്തിച്ച രണ്ട്‌ അത്ഭുതങ്ങൾ ഏവ?

2 യഹോവ സ്‌നേഹപൂർവം ഉചിതമായ ഒരു പ്രതിവിധി കണ്ടെത്തി. അത്‌ എന്തായിരുന്നു? ഒരു പൂർണ മനുഷ്യനായി തന്റെ പ്രിയപുത്രൻ ഭൂമിയിൽ ജനിക്കുന്നതിനുവേണ്ടി, അവന്റെ ജീവൻ സ്വർഗത്തിൽനിന്നും അത്ഭുതകരമായി ഒരു കന്യകയുടെ ഉദരത്തിലേക്കു മാറ്റുക; അതായിരുന്നു ആദ്യമായി അവൻ ചെയ്‌തത്‌. (ലൂക്കൊ. 1:30-35) പിന്നീട്‌ ശത്രുക്കൾ യേശുവിനെ വധിച്ചെങ്കിലും അവനെ മഹത്ത്വമേറിയ ഒരു ആത്മജീവിയായി പുനർജീവിപ്പിച്ചുകൊണ്ട്‌ യഹോവ വീണ്ടും ഒരു മഹാത്ഭുതം പ്രവർത്തിച്ചു.—1 പത്രൊ. 3:18.

3. യഹോവ തന്റെ പുത്രന്‌ അനശ്വരമായ സ്വർഗീയജീവൻ സന്തോഷത്തോടെ നൽകിയത്‌ എന്തുകൊണ്ട്‌?

3 മനുഷ്യപൂർവ അസ്‌തിത്വത്തിൽ യേശുവിന്‌ ഇല്ലാതിരുന്ന നശിപ്പിക്കപ്പെടാനാകാത്ത ജീവൻ നൽകിക്കൊണ്ട്‌ യഹോവ അവനെ ആദരിച്ചു. (എബ്രാ. 7:15-17, 28) അതികഠിനമായ പരിശോധനകളിലും ദൃഢവിശ്വസ്‌തത പുലർത്തിയ യേശുവിന്‌ ആ പ്രതിഫലം നൽകാൻ യഹോവയ്‌ക്ക്‌ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യർ ദൈവത്തെ സേവിക്കുന്നത്‌ സ്വാർഥലാക്കുകളോടെയാണെന്നും ദൈവത്തോട്‌ അവർക്ക്‌ അഭേദ്യമായ സ്‌നേഹമില്ലെന്നും ഉള്ള സാത്താന്റെ അവകാശവാദം തെറ്റാണെന്നു തെളിയിക്കുന്നതിന്‌ സാധ്യമായതിലേക്കും ഏറ്റവും ശക്തമായ തെളിവുനൽകാൻ ഇതുവഴി യഹോവയ്‌ക്ക്‌ സാധിച്ചു.—സദൃ. 27:11.

4. (എ) സ്വർഗത്തിൽ തിരികെയെത്തിയ യേശു നമുക്കുവേണ്ടി എന്തു ചെയ്‌തു, യഹോവ എങ്ങനെ പ്രതികരിച്ചു? (ബി) യഹോവയും യേശുവും നിങ്ങൾക്കായി ചെയ്‌തിരിക്കുന്നതിനെ നിങ്ങൾ എങ്ങനെ കാണുന്നു?

4 സ്വർഗത്തിൽ തിരികെയെത്തിയ യേശു, ‘സ്വന്തരക്തത്തിന്റെ’ മൂല്യവുമായി ‘നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനായി.’ ‘നമ്മുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി’ യേശുവിന്റെ വിലയേറിയ രക്തത്തിന്റെ മൂല്യം നമ്മുടെ സ്‌നേഹവാനായ സ്വർഗീയപിതാവ്‌ ഹൃദയപൂർവം സ്വീകരിച്ചു. അങ്ങനെ, ‘ശുദ്ധീകരിക്കപ്പെട്ട ഒരു മനസ്സാക്ഷിയോടെ’ “ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ” നമുക്കാകുന്നു. അതിനാൽ “യഹോവയെ സ്‌തുതിപ്പിൻ” എന്ന സങ്കീർത്തനം 112-ന്റെ ആദ്യവരികൾ നമുക്കും ഏറ്റുപാടാം.—എബ്രാ. 9:12-14, 24; 1 യോഹ. 2:2.

5. (എ) ദൈവമുമ്പാകെ എന്നും നീതിനിഷ്‌ഠരായിരിക്കുന്നതിനു നാം എന്തു ചെയ്യണം? (ബി) 111-ഉം 112-ഉം സങ്കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെ?

5 ദൈവമുമ്പാകെ എന്നും നീതിനിഷ്‌ഠരായിരിക്കുന്നതിനു നാം യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ എന്നെന്നും വിശ്വാസം അർപ്പിക്കേണ്ടതുണ്ട്‌. നമ്മെ ഇത്രയേറെ സ്‌നേഹിക്കുന്ന യഹോവയ്‌ക്ക്‌ നന്ദികൊടുക്കാതെ ഒരു ദിനംപോലും കടന്നുപോകാതിരിക്കട്ടെ! (യോഹ. 3:16) നാം ദൈവവചനം പഠിച്ചുകൊണ്ടിരിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കാൻ പരമാവധി യത്‌നിക്കുകയും വേണം. ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ ദൈവമുമ്പാകെ നിൽക്കാൻ ആഗ്രഹിക്കുന്ന ഏവർക്കുമുള്ള അത്യുത്തമമായ ഉപദേശമാണ്‌ സങ്കീർത്തനം 112-ൽ നാം കാണുന്നത്‌. 111-ാം സങ്കീർത്തനവുമായി ഇതു ചേർന്നുപോകുന്നു. “യഹോവയെ സ്‌തുതിപ്പിൻ” അല്ലെങ്കിൽ “ഹല്ലെലൂയ്യാ” എന്ന ആഹ്വാനത്തോടെയാണ്‌ ഇരുസങ്കീർത്തനങ്ങളും ആരംഭിക്കുന്നത്‌. മൂലപാഠത്തിൽ, ഇതേത്തുടർന്നുവരുന്ന 22 വരികളുടെയും ആദ്യാക്ഷരങ്ങൾ അക്ഷരമാലാക്രമത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. *

സന്തുഷ്ടിക്കുള്ള ഒരു അടിസ്ഥാനം

6. 112-ാം സങ്കീർത്തനത്തിലെ ദൈവഭയമുള്ള “മനുഷ്യൻ” അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

6 “യഹോവയെ സ്‌തുതിപ്പിൻ; യഹോവയെ ഭയപ്പെട്ടു, അവന്റെ കല്‌പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.” (സങ്കീ. 112:1, 2) ഇവിടെ സങ്കീർത്തനക്കാരൻ 1-ാം വാക്യത്തിൽ “മനുഷ്യൻ” എന്ന ഏകവചനം ഉപയോഗിച്ചിട്ട്‌ രണ്ടാം വാക്യത്തിന്റെ ഒടുവിൽ ‘നേരുള്ളവർ’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക. ഒരു വ്യക്തിക്കു മാത്രമല്ല ഒരുകൂട്ടം ആളുകൾക്കും ഈ സങ്കീർത്തനം ബാധകമാകുമെന്ന്‌ ഇതിൽനിന്ന്‌ നമുക്കു നിഗമനം ചെയ്യാം. അപ്പൊസ്‌തലനായ പൗലൊസ്‌ 112-ാം സങ്കീർത്തനത്തിന്റെ 9-ാം വാക്യം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നു എന്നതും ഈ ആശയത്തെ പിന്താങ്ങുന്നു. (2 കൊരിന്ത്യർ 9:8, 9 വായിക്കുക.) ഇന്നത്തെ ക്രിസ്‌ത്യാനികൾക്ക്‌ സന്തുഷ്ടരായിരിക്കാൻ എങ്ങനെ കഴിയും എന്ന്‌ എത്ര നന്നായി ഈ സങ്കീർത്തനം കാണിച്ചുതരുന്നു!

7. ദൈവദാസർക്ക്‌ യഹോവയോട്‌ ആരോഗ്യാവഹമായ ഭയം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌, ദൈവകൽപ്പനകളോടുള്ള നിങ്ങളുടെ മനോഭാവം എന്തായിരിക്കണം?

7 ഇന്നത്തെ സത്യക്രിസ്‌ത്യാനികൾ ‘യഹോവാഭയത്തിൽ’ നടക്കുന്നവരാകയാൽ സങ്കീർത്തനം 112:1 സൂചിപ്പിക്കുന്നതുപോലെ അവർ ‘ഭാഗ്യവാന്മാരാണ്‌’ അതായത്‌ അളവറ്റ സന്തോഷം ആസ്വദിക്കുന്നവരാണ്‌. യഹോവയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഈ ഭയം സാത്താന്യലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കാൻ അവരെ സഹായിക്കുന്നു. ദൈവത്തിന്റെ വചനം പഠിക്കാനും അവന്റെ കൽപ്പനകൾ അനുസരിക്കാനും അവർ ‘ഏറ്റവും ഇഷ്ടപ്പെടുന്നു.’ മുഴു ഭൂമിയിലും രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള കൽപ്പനയും അതിൽ ഉൾപ്പെടുന്നുണ്ട്‌. സകല ജനതകളിൽനിന്നുമുള്ള ആളുകളെ ശിഷ്യരാക്കാൻ യത്‌നിക്കുമ്പോൾത്തന്നെ അവർ ദൈവത്തിന്റെ വരാനിരിക്കുന്ന ന്യായവിധിദിവസത്തെക്കുറിച്ച്‌ ദുഷ്ടന്മാർക്ക്‌ മുന്നറിയിപ്പുനൽകുകയും ചെയ്യുന്നു.—യെഹെ. 3:17, 18; മത്താ. 28:19, 20.

8. (എ) തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്ന ദൈവജനത്തിന്‌ എന്തു പ്രതിഫലം ലഭിച്ചിരിക്കുന്നു? (ബി) ഭൗമിക പ്രത്യാശയുള്ളവരെ എന്ത്‌ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു?

8 ആ കൽപ്പനകൾ അനുസരിക്കുന്നതിന്റെ ഫലമായി ഇന്ന്‌ ലോകമെമ്പാടുമുള്ള ദൈവദാസരുടെ എണ്ണം 70 ലക്ഷത്തിലേറെ ആയിരിക്കുന്നു. ദൈവജനം ‘ഭൂമിയിൽ ബലപ്പെട്ടിരിക്കുന്നു’ എന്ന വസ്‌തുത ആർക്കു നിഷേധിക്കാനാകും? (യോഹ. 10:16; വെളി. 7:9, 14) ദൈവം തന്റെ ഉദ്ദേശ്യം പൂർണമായും നിറവേറ്റുമ്പോൾ അവർ ഇനിയും എത്രയോ അധികം “അനുഗ്രഹിക്കപ്പെടും”! ഭൗമിക പ്രത്യാശയുള്ളവർ ‘മഹാകഷ്ടത്തിന്റെ’ സമയത്ത്‌ ഒരു കൂട്ടമെന്നനിലയിൽ സംരക്ഷിക്കപ്പെടുകയും, “നീതി വസിക്കുന്ന” ‘പുതിയ ഭൂമിയുടെ’ അടിസ്ഥാനമായിത്തീരുകയും ചെയ്യും. അർമഗെദോനെ അതിജീവിക്കുന്ന അവർ കാലാന്തരത്തിൽ കൂടുതലായി അനുഗ്രഹിക്കപ്പെടും. പുനരുത്ഥാനത്തിന്റെ സമയം വന്നെത്തുമ്പോൾ ജീവനിലേക്കു തിരികെവരുന്ന ദശലക്ഷങ്ങളെ സ്വീകരിക്കാനുള്ള പദവി അവർക്കുണ്ടായിരിക്കും. എത്ര മഹത്തായ പ്രത്യാശ! ദൈവകൽപ്പനകൾ ‘ഏറ്റവും ഇഷ്ടപ്പെടുന്നവർ’ ക്രമേണ മനുഷ്യപൂർണതയിൽ എത്തുകയും ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം’ നിത്യം ആസ്വദിക്കുകയും ചെയ്യും.—2 പത്രൊ. 3:13; റോമ. 8:20.

സമ്പത്തിന്റെ ജ്ഞാനപൂർവമായ വിനിയോഗം

9, 10. സത്യക്രിസ്‌ത്യാനികൾ അവരുടെ ആത്മീയസമ്പത്ത്‌ എങ്ങനെ വിനിയോഗിച്ചിരിക്കുന്നു, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നത്‌ എങ്ങനെ?

9 “ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്‌ക്കുന്നു. നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.” (സങ്കീ. 112:3, 4) ബൈബിൾക്കാലങ്ങളിൽ ജീവിച്ചിരുന്ന ദൈവദാസന്മാരിൽ ചിലർക്കു സമ്പത്തുണ്ടായിരുന്നു എന്നതു ശരിയാണ്‌. എന്നാൽ ദൈവാംഗീകാരമാണ്‌ യഥാർഥത്തിൽ ഒരു വ്യക്തിയെ സമ്പന്നനാക്കുന്നത്‌, അത്‌ ഭൗതികമായിട്ടല്ലെങ്കിൽപ്പോലും. യേശുവിന്റെ കാലത്തെന്നപോലെ താഴ്‌മയോടെ ദൈവമുമ്പാകെ വരുന്നവരിൽ മിക്കവരും, ദരിദ്രരും താഴേക്കിടയിലുള്ളവരായി സമൂഹം വീക്ഷിക്കുന്നവരുമൊക്കെ ആയിരിക്കാം. (ലൂക്കൊ. 4:18; 7:22; യോഹ. 7:49) ഭൗതികസമ്പത്ത്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാൾക്ക്‌ ആത്മീയമായി സമ്പന്നൻ ആയിരിക്കാനാകും.—മത്താ. 6:20; 1 തിമൊ. 6:18, 19; യാക്കോബ്‌ 2:5 വായിക്കുക.

10 അഭിഷിക്ത ക്രിസ്‌ത്യാനികളും സഹകാരികളും അവരുടെ ആത്മീയസമ്പത്ത്‌ അവർക്കുവേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്‌. അന്ധകാരംനിറഞ്ഞ സാത്താന്റെ ലോകത്തിൽ നേരുള്ളവർക്ക്‌ അവർ ‘വെളിച്ചമായി ഉദിക്കുന്നു.’ ആത്മീയ നിക്ഷേപങ്ങളിൽനിന്നു പ്രയോജനം നേടാൻ അതായത്‌ യഹോവയെക്കുറിച്ച്‌ അറിയാനും അവന്റെ ജ്ഞാനമൊഴികൾക്കു ചെവികൊടുക്കാനും മറ്റുള്ളവരെ സഹായിച്ചുകൊണ്ടാണ്‌ അവർ ഇതു ചെയ്യുന്നത്‌. രാജ്യപ്രസംഗവേലയ്‌ക്കു തടയിടാൻ എതിരാളികൾ ശ്രമിച്ചിട്ടുണ്ടെങ്കിലും അവർക്കു വിജയിക്കാനായിട്ടില്ല. എന്നുതന്നെയല്ല, ഈ നീതിപ്രവൃത്തിയുടെ ഫലം ‘എന്നേക്കും നിലനിൽക്കുകയും’ ചെയ്യും. സഹിഷ്‌ണുതയോടെ നീതിപാതയിൽ നടക്കുന്ന ദൈവദാസന്മാർക്ക്‌ ‘എന്നേക്കും നിലനിൽക്കാനാകുമെന്ന’ അതായത്‌ നിത്യജീവൻ ലഭിക്കുമെന്ന ഉറപ്പുള്ളവരായിരിക്കാം.

11, 12. ദൈവജനം അവരുടെ ഭൗതികവസ്‌തുക്കൾ ഉപയോഗിക്കുന്ന ചില മാർഗങ്ങൾ ഏതൊക്കെ?

11 ദൈവജനം—അഭിഷിക്ത അടിമവർഗവും ‘മഹാപുരുഷാരവും’—അവരുടെ ഭൗതികസമ്പത്ത്‌ മറ്റുള്ളവർക്കുവേണ്ടി ഉദാരമായി ചെലവഴിക്കുന്നു. സങ്കീർത്തനം 112:9 പ്രസ്‌താവിക്കുന്നു: “അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു.” സഹവിശ്വാസികൾക്കും അയൽക്കാർക്കും അവശ്യസമയത്ത്‌ സഹായഹസ്‌തവുമായി ഓടിയെത്തുന്നവരാണ്‌ സത്യക്രിസ്‌ത്യാനികൾ. ദുരിതാശ്വാസ പ്രവർത്തനങ്ങളെ ആളും അർഥവും നൽകി അവർ സഹായിക്കുന്നു. യേശു പറഞ്ഞിരുന്നതുപോലെ അത്‌ സന്തുഷ്ടിയുടെ ഒരു ഉറവാണ്‌.—പ്രവൃത്തികൾ 20:35; 2 കൊരിന്ത്യർ 9:7 വായിക്കുക.

12 ഈ മാസിക 172 ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ ആവശ്യമായ പണച്ചെലവിനെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. ഈ ഭാഷകളിൽ മിക്കതും സംസാരിക്കുന്നത്‌ താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളാണ്‌. കൂടാതെ ബധിരർക്കായി വ്യത്യസ്‌ത ആംഗ്യഭാഷകളിലും അന്ധർക്കായി ബ്രെയിൽലിപിയിലും ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്‌.

അവൻ കൃപയും നീതിയും ഉള്ളവൻ

13. കൃപയോടെ കൊടുക്കുന്നതിൽ ആരൊക്കെ നല്ല മാതൃകവെച്ചിരിക്കുന്നു, നമുക്ക്‌ അവരെ എങ്ങനെ അനുകരിക്കാം?

13 “കൃപതോന്നി വായ്‌പകൊടുക്കുന്നവൻ ശുഭമായിരിക്കും.” (സങ്കീ. 112:5എ) മറ്റുള്ളവരെ സഹായിക്കുന്ന ആളുകൾ എല്ലായ്‌പോഴും കൃപതോന്നിയല്ല അതു ചെയ്യുന്നതെന്ന്‌ നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ചിലർ അങ്ങനെ ചെയ്യുന്നത്‌ അവരുടെ ഔന്നത്യം കാണിക്കുന്നതിനുവേണ്ടിയോ അല്ലെങ്കിൽ അനിഷ്ടത്തോടെയോ ആയിരിക്കാം. നിങ്ങളിൽ അപകർഷത ഉളവാക്കുന്ന, നിങ്ങൾ ഒരു ഭാരമാണെന്നോ ശല്യമാണെന്നോ തോന്നിപ്പിക്കുന്ന വിധത്തിൽ പെരുമാറുന്ന ഒരാളിൽനിന്ന്‌ സഹായം സ്വീകരിക്കുന്നത്‌ സന്തോഷമുള്ള കാര്യമാണോ? എന്നാൽ കൃപാലുവായ ഒരാളിൽനിന്ന്‌ സഹായം ലഭിക്കുന്നത്‌ എത്ര ആശ്വാസപ്രദമാണ്‌. സന്തോഷത്തോടെയും ഔദാര്യത്തോടെയും കൊടുക്കുന്നതിന്റെ ഏറ്റവും നല്ല മാതൃക യഹോവയുടേതാണ്‌. (1 തിമൊ. 1:11; യാക്കോ. 1:5, 17) യേശുക്രിസ്‌തു അവന്റെ മാതൃക പൂർണമായി പിന്തുടർന്നു. (മർക്കൊ. 1:40-42) അതുകൊണ്ട്‌, ദൈവം നമ്മെ നീതിമാന്മാരായി വീക്ഷിക്കണമെങ്കിൽ നാം സന്തോഷത്തോടെയും കൃപയോടെയും കൊടുക്കുന്നവരായിരിക്കണം, വിശേഷിച്ചും വയൽസേവനത്തിൽ കണ്ടുമുട്ടുന്നവർക്ക്‌ ആത്മീയസഹായം കൊടുക്കുന്ന കാര്യത്തിൽ.

14. ‘കാര്യങ്ങൾ നീതിപൂർവം നടത്താൻ’ കഴിയുന്ന ചില മാർഗങ്ങൾ ഏവ?

14 “തന്റെ കാര്യങ്ങൾ നീതിപൂർവം നടത്തുന്നവന്ന്‌, എല്ലാം ശുഭമാകും.” (സങ്കീ. 112:5ബി, ഓശാന ബൈബിൾ) മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ വിശ്വസ്‌ത ഗൃഹവിചാരകൻ യജമാനന്റെ വസ്‌തുവകകൾ കൈകാര്യംചെയ്യുന്നത്‌ യഹോവയുടെ നീതിക്ക്‌ അനുസൃതമായാണ്‌. (ലൂക്കൊസ്‌ 12:42-44 വായിക്കുക.) മൂപ്പന്മാർക്കു കൊടുത്തിരിക്കുന്ന തിരുവെഴുത്തു മാർഗനിർദേശങ്ങളിൽ ഈ നീതി പ്രതിഫലിച്ചു കാണാം. സഭയിൽ ഗുരുതരമായ പാപങ്ങൾ ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യേണ്ടതായി വരുമ്പോൾ മൂപ്പന്മാർക്ക്‌ ഇവ പ്രയോജനകരമാണ്‌. സഭകളും മിഷനറി-ബെഥേൽ ഭവനങ്ങളും പ്രവർത്തിക്കേണ്ടത്‌ എങ്ങനെയെന്നതു സംബന്ധിച്ച്‌ അടിമവർഗം നൽകുന്ന തിരുവെഴുത്തധിഷ്‌ഠിതമായ മാർഗനിർദേശങ്ങളിലും ഈ നീതി കാണാനാകും. മൂപ്പന്മാർ മാത്രമല്ല എല്ലാ ക്രിസ്‌ത്യാനികളും നീതിയോടെ പ്രവർത്തിക്കേണ്ടവരാണ്‌. സഹവിശ്വാസികളോടു മാത്രമല്ല അവിശ്വാസികളോടുപോലും, ബിസിനസ്സ്‌ കാര്യങ്ങളുൾപ്പെടെ സകലത്തിലും അവർ നീതിപൂർവം പ്രവർത്തിക്കണം.—മീഖാ 6:8, 11 വായിക്കുക.

നീതിമാന്മാർക്ക്‌ അനുഗ്രഹം

15, 16. (എ) ലോകത്തിലെ ദുർവാർത്തകൾ നീതിമാന്മാരിൽ എന്തു ഫലമുളവാക്കുന്നു? (ബി) എന്തു ചെയ്യാൻ ദൈവദാസർ ദൃഢചിത്തരാണ്‌?

15 “അവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും. ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും. അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.” (സങ്കീ. 112:6-8) യുദ്ധം, ഭീകരപ്രവർത്തനം, പുതിയ രോഗങ്ങൾ, വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന പഴയ രോഗങ്ങൾ, കുറ്റകൃത്യങ്ങൾ, ദാരിദ്ര്യം, മാരകമായ മലിനീകരണം എന്നിങ്ങനെ ഇത്രയധികം ദുർവാർത്തകൾ കേട്ടിട്ടുള്ള ഒരു കാലം വേറെ ഉണ്ടായിട്ടില്ല. ദൈവം നീതിമാന്മാരായി കണക്കാക്കുന്ന ആളുകളെയും ഇത്തരം വാർത്തകൾ സ്വാധീനിക്കുന്നുണ്ട്‌. പക്ഷേ, അവർ പേടിച്ച്‌ പരിഭ്രാന്തരാകുന്നില്ല. പുതിയലോകം ആസന്നമാണെന്ന തിരിച്ചറിവു നൽകുന്ന ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്ന അവർ അചഞ്ചലരും ദൃഢചിത്തരും ആണ്‌. ഒരു ആപത്തു സംഭവിക്കുകയാണെങ്കിൽ ആ സാഹചര്യം നേരിടാൻ അവർ കൂടുതൽ സജ്ജരായിരിക്കും, കാരണം അവർ സഹായത്തിനായി യഹോവയിൽ ആശ്രയിക്കുന്നു. നീതിമാന്മാർ ‘കുലുങ്ങിപ്പോകാൻ’ യഹോവ അനുവദിക്കില്ല, സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തിയും സഹായവും അവൻ അവർക്കു നൽകുകതന്നെ ചെയ്യും.—ഫിലി. 4:13.

16 ഇതുകൂടാതെ, എതിരാളികളുടെ നുണപ്രചാരണത്തെയും അവർ ആളിക്കത്തിക്കുന്ന വിദ്വേഷത്തെയും നീതിമാന്മാരായവർക്കു നേരിടേണ്ടിവരുന്നുണ്ട്‌. എന്നാൽ ഇവയ്‌ക്കൊന്നും സത്യക്രിസ്‌ത്യാനികളെ നിശബ്ദരാക്കാൻ കഴിഞ്ഞിട്ടില്ല, ഇനിയൊട്ടു കഴിയുകയുമില്ല. ദൈവരാജ്യസുവാർത്ത പ്രസംഗിക്കുകയും അനുകൂലമായി പ്രതികരിക്കുന്നവരെ ശിഷ്യരാക്കുകയും ചെയ്യുക എന്ന ദൈവദത്ത വേല നിർവഹിക്കുന്നതിൽ ദൈവദാസർ അചഞ്ചലരും ദൃഢചിത്തരുമാണ്‌. അന്ത്യം അടുക്കുന്തോറും നീതിമാന്മാർക്ക്‌ ഇനിയും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടിവരും എന്നതിൽ സംശയമില്ല. പിശാചായ സാത്താൻ മാഗോഗിലെ ഗോഗ്‌ എന്നനിലയിൽ ഒരു ആഗോള ആക്രമണം അഴിച്ചുവിടുമ്പോൾ അവന്റെ വിദ്വേഷം അതിന്റെ മൂർധന്യത്തിലെത്തും. പക്ഷേ, ഒടുവിൽ ശത്രുക്കൾ ദയനീയമായി പരാജയപ്പെടും, അതു കാണാനുള്ള അവസരം നമുക്കുണ്ടാകുകയും ചെയ്യും. യഹോവയുടെ നാമം പൂർണമായും വിശുദ്ധീകരിക്കപ്പെടുന്നതു കാണാനാകുന്നത്‌ എത്ര വലിയ ഭാഗ്യമാണ്‌!—യെഹെ. 38:18, 22, 23.

“ബഹുമാനത്തോടെ ഉയർന്നിരിക്കും”

17. നീതിമാന്മാർ ‘ബഹുമാനത്തോടെ ഉയർന്നിരിക്കുന്നത്‌’ എങ്ങനെ?

17 സാത്താന്റെയും അവന്റെ ലോകത്തിന്റെയും യാതൊരു എതിർപ്പുമില്ലാതെ ഏകസ്വരത്തിൽ യഹോവയെ സ്‌തുതിക്കാനാകുന്നത്‌ എത്ര ആനന്ദപ്രദമായ അനുഭവമായിരിക്കും. യഹോവയുടെ മുമ്പാകെ നീതിനിഷ്‌ഠരായി നിലകൊള്ളുന്നവർക്ക്‌ എന്നെന്നും അവനെ സ്‌തുതിക്കാനാകുന്നതിന്റെ സന്തോഷമുണ്ടായിരിക്കും. തന്റെ നീതിമാന്മാരുടെ “കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും” എന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതിനാൽ അവർക്കൊരിക്കലും അപമാനമോ പരാജയമോ ഏറ്റുവാങ്ങേണ്ടിവരില്ല. (സങ്കീ. 112:9) യഹോവയുടെ പരമാധികാരത്തിനെതിരെ മത്സരിക്കുന്ന സകല ശത്രുക്കളും നിലംപരിചാകുന്നതു കാണുമ്പോൾ ദൈവത്തിന്റെ നീതിമാന്മാർ ജയഭേരി മുഴക്കും.

18. സങ്കീർത്തനം 112-ന്റെ ഉപസംഹാര വാക്കുകൾ എങ്ങനെ നിവൃത്തിയേറും?

18 “ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.” (സങ്കീ. 112:10) ദൈവജനത്തെ എതിർത്തുകൊണ്ടിരിക്കുന്നവർ പെട്ടെന്നുതന്നെ അവരുടെ അസൂയയിലും വിദ്വേഷത്തിലും “ഉരുകിപ്പോകും.” നമ്മുടെ വേല നിന്നുപോകാനുള്ള അവരുടെ ആഗ്രഹം ‘വലിയ കഷ്ടത്തിന്റെ’ സമയത്ത്‌ അവരോടൊപ്പം ചാമ്പലാകും.—മത്താ. 24:21.

19. നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

19 ആ മഹത്തായ വിജയാഘോഷത്തിൽ പങ്കെടുക്കാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? ഇനി അഥവാ സാത്താന്റെ ലോകം അവസാനിക്കുന്നതിനുമുമ്പ്‌ രോഗത്താലോ വാർധക്യത്താലോ മരണത്തിനു കീഴടങ്ങുന്നെങ്കിൽ, പുനരുത്ഥാനം പ്രാപിച്ചുവരുന്ന ‘നീതിമാന്മാരുടെ’ കൂട്ടത്തിൽ നിങ്ങൾ ഉണ്ടായിരിക്കുമോ? (പ്രവൃ. 24:15) 112-ാം സങ്കീർത്തനത്തിലെ നീതിമാനായ “മനുഷ്യൻ” പ്രതിനിധാനം ചെയ്യുന്നവരെ അനുകരിച്ചുകൊണ്ട്‌ യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുകയും യഹോവയെ അനുകരിക്കുകയും ചെയ്യുന്നെങ്കിൽ “ഉവ്വ്‌” എന്ന്‌ ഉത്തരം പറയാൻ നിങ്ങൾക്കാകും. (എഫെസ്യർ 5:1, 2 വായിക്കുക.) അങ്ങനെയുള്ളവർ യഹോവയുടെ ‘ഓർമയിൽനിന്ന്‌’ ഒരിക്കലും മാഞ്ഞുപോകില്ലെന്നു മാത്രമല്ല അവരുടെ നീതിപ്രവൃത്തികൾ അവൻ കാണാതെ പോകുകയും ഇല്ല. അവരെ യഹോവ എന്നും എന്നേക്കും സ്‌നേഹിക്കുകയും ഓർമിക്കുകയും ചെയ്യും.—സങ്കീ. 112:3, 6, 9.

[അടിക്കുറിപ്പ്‌]

^ ഖ. 5 ഈ രണ്ടുസങ്കീർത്തനങ്ങളുടെയും ഘടനയിലും ഉള്ളടക്കത്തിലും സമാനതകൾ ദർശിക്കാനാകും. 111-ാം സങ്കീർത്തനം വാഴ്‌ത്തിപ്പാടുന്ന ദൈവത്തിന്റെ ഗുണഗണങ്ങളെ 112-ാം സങ്കീർത്തനത്തിലെ ദൈവഭയമുള്ള “മനുഷ്യൻ” അനുകരിക്കുന്നതായി നാം കാണുന്നു.—സങ്കീ. 111:3, 4; 112:3, 4.

ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ

• “ഹല്ലെലൂയ്യാ” എന്ന്‌ ആർത്തുഘോഷിക്കാൻ നമുക്കുള്ള ചില കാരണങ്ങൾ ഏവ?

• ആധുനികകാലത്തെ ഏതു പുരോഗതി സത്യക്രിസ്‌ത്യാനികളെ സന്തോഷിപ്പിക്കുന്നു?

• എങ്ങനെ കൊടുക്കുന്നവരെ യഹോവ സ്‌നേഹിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ചിത്രം]

യഹോവയുടെ മുമ്പാകെ നീതിയുള്ള ഒരു നില ഉണ്ടായിരിക്കുന്നതിന്‌ നാം യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം അർപ്പിക്കണം

[26-ാം പേജിലെ ചിത്രങ്ങൾ]

സന്മനസ്സോടെ നൽകുന്ന സംഭാവനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ ഉത്‌പാദന-വിതരണങ്ങൾക്കും ഉപകരിക്കുന്നു