വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ജീവിതം മുൻനിർണയിക്കപ്പെട്ടിരിക്കുന്നുവോ?

നമ്മുടെ ജീവിതം മുൻനിർണയിക്കപ്പെട്ടിരിക്കുന്നുവോ?

വായനക്കാർ ചോദിക്കുന്നു

നമ്മുടെ ജീവിതം മുൻനിർണയിക്കപ്പെട്ടിരിക്കുന്നുവോ?

ഓരോരുത്തരും എന്നു മരിക്കും എന്നത്‌ അവരുടെ തലവിധിയെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ ചിലർ പറയുന്നു. നാം ഓരോരുത്തരും എന്നു മരിക്കണമെന്നുള്ളത്‌ ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടത്രേ. ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ സംഭവങ്ങളും ഇത്തരത്തിൽ മുൻനിർണയിക്കപ്പെട്ടിരിക്കുന്നു എന്നാണ്‌ അവരുടെ പക്ഷം. നിങ്ങളും അങ്ങനെയാണോ വിശ്വസിക്കുന്നത്‌?

പിൻവരുന്ന കാര്യങ്ങളെക്കുറിച്ചൊന്നു ചിന്തിക്കുക: ‘നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ദൈവം മുൻനിശ്ചയിച്ചിട്ടുണ്ടെങ്കിൽ നാം എന്തിനു പ്രാർഥിക്കണം? ജീവന്റെ സുരക്ഷയ്‌ക്കായി എന്തിനു മുൻകരുതലുകൾ എടുക്കണം? വണ്ടിയിൽ പോകുമ്പോൾ എന്തിനു ഹെൽമെറ്റ്‌ വെക്കണം? മദ്യപിച്ചു വാഹനമോടിക്കുന്നത്‌ എന്തിന്‌ ഒഴിവാക്കണം?’

വാസ്‌തവത്തിൽ, ജീവൻ അപകടപ്പെടുത്തുന്ന അത്തരം അശ്രദ്ധമായ പെരുമാറ്റത്തെ ബൈബിൾ കുറ്റംവിധിക്കുകയാണു ചെയ്യുന്നത്‌. കാര്യങ്ങൾ വിധിയുടെ കൈയിലേക്ക്‌ വിട്ടുകൊടുക്കാനല്ല, മറിച്ച്‌ സുരക്ഷയ്‌ക്കുവേണ്ടി മുൻകരുതലുകൾ സ്വീകരിക്കാൻ അതു പഠിപ്പിക്കുന്നു. ഉദാഹരണത്തിന്‌, ഇസ്രായേല്യർക്ക്‌ ദൈവം നൽകിയ ഒരു നിയമത്തെക്കുറിച്ചു ചിന്തിക്കുക. പുരമുകളിൽ ചുറ്റും കൈമതിൽ കെട്ടണമെന്ന്‌ ദൈവം നിർദേശിച്ചിരുന്നു. അബദ്ധവശാൽ ആരെങ്കിലും താഴേക്കുവീണ്‌ അപായം സംഭവിക്കാതിരിക്കാനായിരുന്നു അത്‌. ഒരാൾ പുരമുകളിൽനിന്നു വീണുമരിക്കണമെന്നത്‌ ദൈവനിശ്ചയമായിരുന്നെങ്കിൽ അങ്ങനെയൊരു കൽപ്പനയുടെ ആവശ്യമുണ്ടോ?—ആവർത്തനപുസ്‌തകം 22:8.

പ്രകൃതിവിപത്തുകളിലോ അപകടങ്ങളിലോ പെട്ട്‌ മരിക്കുന്നവരുടെ കാര്യമോ? അവരുടെ മരണദിവസം മുൻനിശ്ചയിക്കപ്പെട്ടിരുന്നോ? ഇല്ല. “എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്‌” എന്ന്‌ ബൈബിളെഴുത്തുകാരനായ ശലോമോൻ രാജാവ്‌ പറയുന്നു. (സഭാപ്രസംഗി 9:11, പി.ഒ.സി. ബൈബിൾ) സംഭവിക്കാൻ ഒരു ന്യായവുമില്ലായിരുന്നെന്നു തോന്നിച്ചേക്കാവുന്ന, തികച്ചും വിചിത്രമായ ദുരന്തങ്ങൾപോലും മുൻനിർണയിക്കപ്പെട്ടിട്ടുള്ളവയല്ല എന്നതാണു വസ്‌തുത.

എന്നാൽ ഈ ആശയം ശലോമോന്റെതന്നെ പിൻവരുന്ന പ്രസ്‌താവനയുമായി യോജിക്കുന്നില്ലെന്നു ചിലർ പറഞ്ഞേക്കാം: “എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം.” (സഭാപ്രസംഗി 3:1, 2) ശലോമോൻ എന്താണ്‌ അർഥമാക്കിയത്‌? നമുക്ക്‌ ആ വാക്കുകളൊന്ന്‌ അടുത്തു പരിശോധിക്കാം.

ജനനവും മരണവും മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ പറയുകയായിരുന്നില്ല ശലോമോൻ. മറിച്ച്‌, ആളുകൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നത്‌ നിഷേധിക്കാനാകാത്ത ഒരു വസ്‌തുതയാണെന്നാണ്‌ അവൻ ഉദ്ദേശിച്ചത്‌. സുഖദുഃഖസമ്മിശ്രമാണ്‌ ജീവിതം. “കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം” എന്ന്‌ ശലോമോൻ പറയുകയുണ്ടായി. ഈ ഏറ്റിറക്കങ്ങളും അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തിന്റെ ഭാഗമാണ്‌; “ആകാശത്തിൻകീഴുള്ള” എന്തിന്റെ കാര്യത്തിലും ഇതു സത്യമാണ്‌. (സഭാപ്രസംഗി 3:1-8; 9:11, 12) സ്രഷ്ടാവിനെ മറന്നുകളയുന്ന അളവോളം ദൈനംദിന കാര്യാദികളിൽ മുഴുകിപ്പോകരുതെന്നാണ്‌ ശലോമോൻ പറഞ്ഞതിന്റെ സാരം.—സഭാപ്രസംഗി 12:1, 13.

ജനനവും മരണവുമെല്ലാം നിയന്ത്രിക്കാൻ ദൈവത്തിനാകുമെങ്കിലും ഓരോരുത്തരുടെയും ജീവിതം അവൻ മുൻനിർണയിക്കുന്നില്ല. നിത്യം ജീവിക്കാനുള്ള അവസരം അവൻ എല്ലാവർക്കും തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും, ആ ക്ഷണം സ്വീകരിക്കാൻ അവൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. “ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങിക്കൊള്ളട്ടെ” എന്നാണ്‌ ദൈവവചനം പറയുന്നത്‌.—വെളിപാട്‌ 22:17.

അതെ, ജീവജലം വാങ്ങണമോ വേണ്ടയോ എന്ന്‌ നമുക്ക്‌ സ്വയം തീരുമാനിക്കാവുന്നതാണ്‌. നമ്മുടെ ഭാവി മുൻനിശ്ചയിക്കപ്പെട്ടിട്ടില്ല എന്നാണ്‌ അതു കാണിക്കുന്നത്‌. നമ്മുടെ ഭാവി നിർണയിക്കുന്നത്‌ നമ്മുടെതന്നെ തീരുമാനങ്ങളും മനോഭാവവും പ്രവൃത്തികളുമാണ്‌.