വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൃഷ്ടികൾ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു

സൃഷ്ടികൾ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു

സൃഷ്ടികൾ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്നു

‘അവന്റെ അദൃശ്യഗുണങ്ങൾ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കും.’ —റോമ. 1:20, NW.

1. ലൗകികജ്ഞാനത്തിനു ചെവികൊടുക്കുന്നവരുടെ ഗതി എന്താണ്‌?

“ജ്ഞാനം”—സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഉപയോഗിക്കുന്ന ഒരു പദമായിത്തീർന്നിരിക്കുന്നു അത്‌. ആരെങ്കിലും കുറെ അറിവു സമ്പാദിച്ചിട്ടുണ്ടെങ്കിൽ അയാൾ വലിയ ജ്ഞാനിയാണെന്നാണ്‌ പലരുടെയും പൊതുവെയുള്ള ധാരണ. എന്നാൽ ഉദ്ദേശ്യപൂർണമായ ഒരു ജീവിതം നയിക്കുന്നതിനു സഹായകമായ മാർഗനിർദേശം നൽകാൻ ‘ബുദ്ധിരാക്ഷസ’ന്മാരായി ലോകം കണക്കാക്കുന്നവർക്കു കഴിയില്ല. അത്തരം ആളുകൾക്കു ചെവികൊടുക്കുന്നവർ “ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന” അവസ്ഥയിൽ എത്തിച്ചേരുന്നു.—എഫെ. 4:14.

2, 3. (എ) യഹോവയാണ്‌ “ഏകജ്ഞാനി” എന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌? (ബി) ദൈവികജ്ഞാനം ലൗകികജ്ഞാനത്തിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

2 യഥാർഥ ജ്ഞാനം, അതായത്‌ യഹോവയിൽനിന്നുള്ള ജ്ഞാനം, നേടുന്നവർ എത്രയോ വ്യത്യസ്‌തരാണ്‌! ബൈബിൾ പറയുന്നതനുസരിച്ച്‌ യഹോവയാണ്‌ “ഏകജ്ഞാനി.” (റോമ. 16:26) അഖിലാണ്ഡത്തെക്കുറിച്ചുള്ള സകലതും, അത്‌ എപ്പോൾ, എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതുൾപ്പെടെ എല്ലാക്കാര്യങ്ങളും അവനറിയാം. മനുഷ്യന്റെ നിരീക്ഷണപരീക്ഷണങ്ങൾക്ക്‌ അടിസ്ഥാനമായി വർത്തിക്കുന്ന പ്രകൃതിയിലെ നിയമങ്ങൾക്കു രൂപരേഖ നൽകിയിരിക്കുന്നത്‌ യഹോവയാണ്‌. അതുകൊണ്ടുതന്നെ മനുഷ്യന്റെ കണ്ടുപിടിത്തങ്ങളൊന്നും യഹോവയെ അമ്പരപ്പിക്കാൻ പോന്നവയല്ല; മനുഷ്യതത്ത്വജ്ഞാനത്തിന്റെ ‘മാഹാത്മ്യത്താൽ’ അവനെ വിഡ്‌ഢിയാക്കാനും ആർക്കും കഴിയില്ല. “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.”—1 കൊരി. 3:19.

3 യഹോവ തന്റെ ദാസന്മാർക്ക്‌ ‘ജ്ഞാനം നൽകുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (സദൃ. 2:6) മനുഷ്യന്റെ തത്ത്വജ്ഞാനംപോലെ അവ്യക്തമല്ല ദൈവത്തിൽനിന്നുള്ള ജ്ഞാനം. അത്‌ കുറ്റമറ്റ ന്യായനിർണയത്തിന്‌ ഊന്നൽനൽകുന്നതും പിഴവറ്റ അറിവിലും ഗ്രാഹ്യത്തിലും അധിഷ്‌ഠിതവുമാണ്‌. (യാക്കോബ്‌ 3:17 വായിക്കുക.) യഹോവയുടെ ജ്ഞാനം അപ്പൊസ്‌തലനായ പൗലൊസിനെ അത്ഭുതസ്‌തബ്ധനാക്കി. അവൻ എഴുതി: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമ. 11:33) യഹോവ സർവജ്ഞാനിയായിരിക്കുന്നതിനാൽ അവന്റെ നിയമങ്ങൾ ഏറ്റവും മെച്ചമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുമെന്ന്‌ നമുക്കുറപ്പുണ്ട്‌. സന്തുഷ്ടരായിരിക്കാൻ നമുക്ക്‌ യഥാർഥത്തിൽ എന്താണാവശ്യമെന്ന്‌ മറ്റാരെക്കാളും നന്നായി അറിയാവുന്നത്‌ യഹോവയ്‌ക്കാണ്‌.—സദൃ. 3:5, 6.

യേശു—വിദഗ്‌ധ “ശില്‌പി”

4. യഹോവയുടെ ജ്ഞാനത്തെക്കുറിച്ചു മനസ്സിലാക്കാനാകുന്ന ഒരു വിധം ഏത്‌?

4 യഹോവയുടെ ജ്ഞാനവും മറ്റ്‌ അതുല്യഗുണങ്ങളും അവന്റെ സൃഷ്ടിക്രിയകളിൽ പ്രകടമാണ്‌. (റോമർ 1:20 വായിക്കുക.) യഹോവയുടെ വലുതും ചെറുതുമായ കരവേലകളെല്ലാം അവന്റെ ഗുണങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ്‌. മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ എവിടെ നോക്കിയാലും സർവജ്ഞാനിയും സ്‌നേഹസ്വരൂപനുമായ സ്രഷ്ടാവിന്റെ അസ്‌തിത്വത്തിന്‌ എണ്ണമറ്റ തെളിവുകൾ നാം കാണുന്നു. അവന്റെ സൃഷ്ടികളെ നിരീക്ഷിച്ചുകൊണ്ട്‌ അവനെക്കുറിച്ച്‌ നമുക്ക്‌ ഏറെ പഠിക്കാനാകും.—സങ്കീ. 19:1; യെശ. 40:26.

5, 6. (എ) യഹോവയെ കൂടാതെ മറ്റാരുംകൂടെ സൃഷ്ടിക്രിയകളിൽ പങ്കെടുത്തു? (ബി) നാം ഇപ്പോൾ എന്തു ചർച്ചചെയ്യും, എന്തുകൊണ്ട്‌?

5 “ആകാശവും ഭൂമിയും സൃഷ്ടി”ച്ചപ്പോൾ യഹോവ തനിച്ചല്ലായിരുന്നു. (ഉല്‌പ. 1:1) അവൻ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനു വളരെ മുമ്പേതന്നെ ഒരു ആത്മവ്യക്തിയെ സൃഷ്ടിച്ചതായി ബൈബിൾ സൂചിപ്പിക്കുന്നുണ്ട്‌. ആ ആത്മസൃഷ്ടി മുഖാന്തരമാണ്‌ “സകലവും” സൃഷ്ടിക്കപ്പെട്ടത്‌. പിന്നീടു മനുഷ്യനായി ഭൂമിയിൽ വന്ന അവൻ ദൈവത്തിന്റെ ഏകജാതപുത്രനും “സർവ്വസൃഷ്ടിക്കും ആദ്യജാത”നുമായ യേശുവായിരുന്നു. (കൊലൊ. 1:15-17) യഹോവയെപ്പോലെ, യേശുവും ജ്ഞാനിയാണ്‌—വാസ്‌തവത്തിൽ, ജ്ഞാനത്തിന്റെ ആൾരൂപം! സദൃശവാക്യങ്ങൾ 8-ാം അധ്യായം അവനെ വർണിക്കുന്നത്‌ അങ്ങനെയാണ്‌. കൂടാതെ, അതേ അധ്യായം യേശുവിനെ ദൈവത്തിന്റെ വിദഗ്‌ധ “ശില്‌പി”യായും തിരിച്ചറിയിക്കുന്നു.—സദൃ. 8:12, 22-31.

6 അങ്ങനെ, ഭൗതികസൃഷ്ടികൾ യഹോവയുടെയും അവന്റെ വിദഗ്‌ധ ശില്‌പിയായ യേശുവിന്റെയും ജ്ഞാനത്തെ വിളിച്ചോതുന്നു. ഈ സൃഷ്ടികളിൽനിന്ന്‌ മഹത്തായ പാഠങ്ങൾ നമുക്കു പഠിക്കാനാകും. സഹജമായി “ജ്ഞാനമുള്ളവ” എന്ന്‌ സദൃശവാക്യങ്ങൾ 30:24-28 വർണിച്ചിരിക്കുന്ന നാലുജീവികളെക്കുറിച്ച്‌ നമുക്കിപ്പോൾ ചർച്ചചെയ്യാം. *

സ്ഥിരോത്സാഹത്തിന്‌ ഒരു മാതൃക

7, 8. ഉറുമ്പിനെക്കുറിച്ചുള്ള ഏതു വസ്‌തുതകൾ നിങ്ങൾക്കു രസകരമായി തോന്നുന്നു?

7 “ഭൂമിയിൽ എത്രയും ചെറിയവ” എന്നു വിളിക്കാവുന്ന ചില ജീവികളുടെ രൂപകൽപ്പനയും പ്രവർത്തനങ്ങളും അടുത്തു നിരീക്ഷിക്കുന്നതിലൂടെ നമുക്കു പലതും പഠിക്കാനാകും. ഉറുമ്പുകളുടെ സഹജജ്ഞാനംതന്നെ ഒരു ഉദാഹരണം.—സദൃശവാക്യങ്ങൾ 30:24, 25 വായിക്കുക.

8 മനുഷ്യരുടെ എണ്ണത്തോടുള്ള താരതമ്യത്തിൽ ഉറുമ്പുകൾ, ഒരാൾക്ക്‌ കുറഞ്ഞത്‌ രണ്ടുലക്ഷം എന്ന കണക്കിൽ ഉണ്ടെന്ന്‌ ചില ഗവേഷകർ കരുതുന്നു. മണ്ണിനു മുകളിലും താഴെയുമായി അവ നിരന്തരം കഠിനാധ്വാനം ചെയ്യുന്നു. കോളനികളായാണ്‌ അവ ജീവിക്കുന്നത്‌. മിക്ക കോളനികളിലും മൂന്നുവിഭാഗം ഉറുമ്പുകളുണ്ട്‌: രാജ്ഞികൾ, ആണുങ്ങൾ, വേലക്കാർ. കോളനിയുടെ ആവശ്യങ്ങൾക്കുവേണ്ടി ഓരോ വിഭാഗവും അവരവരുടെ പങ്കു നിർവഹിക്കുന്നു. തെക്കേ അമേരിക്കയിലെ ഇലമുറിയൻ ഉറുമ്പിന്റെ കാര്യംതന്നെ എടുക്കുക. നിപുണനായ തോട്ടക്കാരൻ എന്ന്‌ അതിനെ വിളിക്കാവുന്നതാണ്‌. തന്റെ കുമിൾകൃഷിയിൽനിന്ന്‌ പരമാവധി വിളവു ലഭിക്കേണ്ടതിന്‌ ഈ കുഞ്ഞൻ ഉറുമ്പ്‌ അവയ്‌ക്കു വളമിടുകയും അവ പറിച്ചുനടുകയും കോതിയൊതുക്കുകയും ഒക്കെ ചെയ്യുന്നു. കോളനിക്കാരുടെ ആഹാരാവശ്യത്തിന്‌ അനുസൃതമായാണ്‌ ഈ വിദഗ്‌ധ ‘തോട്ടക്കാരൻ’ പണിയെടുക്കുന്നതെന്ന്‌ ഗവേഷകർ നിരീക്ഷിച്ചിരിക്കുന്നു. *

9, 10. ഉറുമ്പുകളുടെ സ്ഥിരോത്സാഹത്തെ നമുക്ക്‌ എങ്ങനെ അനുകരിക്കാം?

9 ഉറുമ്പുകൾ നമ്മെ എന്താണു പഠിപ്പിക്കുന്നത്‌? ഫലപ്രദരായിരിക്കുന്നതിന്‌ നിതാന്ത പരിശ്രമം ആവശ്യമാണ്‌ എന്നുതന്നെ. ബൈബിൾ പറയുന്നു: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്‌ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്‌ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു.” (സദൃ. 6:6-8) യഹോവയും വിദഗ്‌ധ ശില്‌പിയായ യേശുവും സ്ഥിരോത്സാഹത്തോടെ പ്രയത്‌നിക്കുന്നവരാണ്‌. “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്ന്‌ യേശു പറഞ്ഞു.—യോഹ. 5:17.

10 ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും അനുകാരികളായ നാമും സ്ഥിരോത്സാഹത്തോടെ പ്രയത്‌നിക്കുന്നവരായിരിക്കണം. യഹോവയുടെ സംഘടനയിൽ നമ്മുടെ നിയമനം എന്തുതന്നെ ആയിരുന്നാലും നാം, ‘കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവർ’ അഥവാ, സദാ വ്യാപൃതർ ആയിരിക്കേണ്ടതുണ്ട്‌. (1 കൊരി. 15:58) അതുകൊണ്ട്‌ റോമിലെ ക്രിസ്‌ത്യാനികളോടുള്ള പൗലൊസിന്റെ ഉദ്‌ബോധനം നമുക്കും പിൻപറ്റാം. “ഉത്സാഹത്തിൽ മടുപ്പില്ലാതെ [“അലസരാകാതെ,” NW] ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.” (റോമ. 12:11) യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനായുള്ള നമ്മുടെ ശ്രമങ്ങളൊന്നും വ്യർഥമല്ല; കാരണം, ബൈബിൾ ഈ ഉറപ്പു നൽകുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രാ. 6:10.

ആത്മീയ അപകടങ്ങളിൽനിന്ന്‌ സംരക്ഷണം

11. കുഴിമുയലിന്റെ ചില സവിശേഷതകൾ വിവരിക്കുക.

11 കുഴിമുയലിൽനിന്നും നമുക്ക്‌ സുപ്രധാനമായ ചിലതു പഠിക്കാനുണ്ട്‌. (സദൃശവാക്യങ്ങൾ 30:26 വായിക്കുക.) കാഴ്‌ചയ്‌ക്ക്‌ വലിയൊരു മുയലിനെപ്പോലിരിക്കുന്ന ഇവയ്‌ക്ക്‌ കുറിയ കാലുകളും വട്ടത്തിലുള്ള ചെറിയ ചെവികളുമാണുള്ളത്‌. ഇതിന്റെ അപാരമായ കാഴ്‌ചശക്തി ഒരു സംരക്ഷണമായി ഉതകുന്നു. പാറക്കെട്ടുകൾക്കിടയിലെ പോതുകളിലും വിള്ളലുകളിലുമുള്ള ഇവയുടെ വാസം ഇരപിടിയന്മാരിൽനിന്ന്‌ രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നു. കൂട്ടമായി ജീവിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവയാണ്‌ ഈ ജീവികൾ. അതും ഇവയ്‌ക്ക്‌ സംരക്ഷണം പ്രദാനം ചെയ്യുന്നു; കൂടാതെ, ശൈത്യകാലത്ത്‌ ചൂടും. *

12, 13. കുഴിമുയലിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാനാകും?

12 കുഴിമുയലിൽനിന്ന്‌ നാം എന്തു പഠിക്കുന്നു? ഇത്‌ അപകടത്തെക്കുറിച്ച്‌ സദാ ജാഗ്രതപുലർത്തുന്നു എന്നതു ശ്രദ്ധേയമാണ്‌. പ്രാണരക്ഷാർഥം പെട്ടെന്ന്‌ ഓടിയൊളിക്കാൻ പറ്റുന്നവിധത്തിൽ പോതുകളുടെയും വിള്ളലുകളുടെയും അടുത്തുതന്നെ കഴിയുന്ന അവ, സൂക്ഷ്‌മമായ കാഴ്‌ചശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ദൂരെനിന്നുതന്നെ ഇരപിടിയന്മാരുടെ സാന്നിധ്യം മനസ്സിലാക്കുന്നു. സമാനമായി, സാത്താന്റെ ലോകത്തിൽ പതിയിരിക്കുന്ന അപകടങ്ങൾ കാണാനാകുംവിധം ആത്മീയമായി നാം സദാ ജാഗ്രതയുള്ളവരായിരിക്കണം. അപ്പൊസ്‌തലനായ പത്രൊസ്‌ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രൊ. 5:8) ഭൂമിയിലായിരുന്നപ്പോൾ തന്റെ നിർമലത തകർക്കാനുള്ള സാത്താന്റെ എല്ലാ തന്ത്രങ്ങൾക്കും എതിരെ യേശു നിതാന്ത ജാഗ്രതപുലർത്തി. (മത്താ. 4:1-11) തന്റെ അനുഗാമികൾക്കായി എത്ര നല്ല മാതൃകയാണ്‌ യേശു വെച്ചത്‌!

13 ആത്മീയ സംരക്ഷണത്തിനായി യഹോവ ലഭ്യമാക്കിയിരിക്കുന്ന കരുതലുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നത്‌ ജാഗ്രതപുലർത്താൻ നമ്മെയും സഹായിക്കും. ദൈവവചനം പഠിക്കുന്നതിലും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതിലും നാം ഒട്ടും അമാന്തം കാണിക്കരുത്‌. (ലൂക്കൊ. 4:4; എബ്രാ. 10:24, 25) കുഴിമുയൽ കൂട്ടമായി വസിക്കുന്നത്‌ അവയ്‌ക്ക്‌ ഗുണകരമായിരിക്കുന്നതുപോലെ സഹക്രിസ്‌ത്യാനികളുമായുള്ള അടുത്ത സഹവാസം നമുക്കും പ്രയോജനം ചെയ്യും—അത്‌ ‘പരസ്‌പരം പ്രോത്സാഹനം ലഭിക്കാനിടയാക്കും.’ (റോമ. 1:12, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) യഹോവ നൽകുന്ന സംരക്ഷണം പ്രയോജനപ്പെടുത്തുന്നെങ്കിൽ സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകളോടു നാമും യോജിക്കുകയായിരിക്കും. അവൻ എഴുതി: “യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും . . . ആകുന്നു.”—സങ്കീ. 18:2.

പ്രതിസന്ധിയിലും തളരാതെ

14. ഒരു വെട്ടുക്കിളി വെറും നിസ്സാരനെന്നു തോന്നിയേക്കാമെങ്കിലും അവയുടെ ഒരു സംഘത്തെക്കുറിച്ച്‌ എന്തു പറയാനാകും?

14 വെട്ടുക്കിളികളിൽനിന്നും നമുക്കു പലതും പഠിക്കാനാകും. ഏകദേശം രണ്ട്‌ ഇഞ്ചുമാത്രം നീളമുള്ള ഒരു വെട്ടുക്കിളി വെറും നിസ്സാരനെന്നു തോന്നിയേക്കാം. എന്നാൽ അവ ഒരു സംഘമായി വരുമ്പോൾ സ്ഥിതി അതല്ല; ഭീതിജനകമായ ഒരനുഭവമായിരിക്കും അത്‌. (സദൃശവാക്യങ്ങൾ 30:27 വായിക്കുക.) അത്യാർത്തിയോടെ തിന്നുമുടിക്കുന്ന വെട്ടുക്കിളികളുടെ ഒരു സൈന്യത്തിന്‌ വിളഞ്ഞുനിൽക്കുന്ന ഒരു വയൽ വെളുപ്പിക്കാൻ അധികനേരമൊന്നും വേണ്ട. വെട്ടുക്കിളികൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം പ്രാണികൾ സംഘമായി വരുന്നതിന്റെ ആരവത്തെ, രഥങ്ങളുടെ മുഴക്കത്തോടും അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദത്തോടുമാണ്‌ ബൈബിൾ ഉപമിക്കുന്നത്‌. (യോവേ. 2:3, 5) വെട്ടുക്കിളികളുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ആളുകൾ തീയിടാറുണ്ട്‌. എന്നാൽ അവ പലപ്പോഴും ഫലവത്താകാറില്ല; കാരണം, കുറെ വെട്ടുക്കിളികൾ തീയിൽ എരിഞ്ഞു വീഴുന്നതോടെ തീ അണയുന്നു; ശേഷിക്കുന്നവയാകട്ടെ അനായാസം മുന്നേറ്റം തുടരുകയും ചെയ്യുന്നു. ഒരു രാജാവോ നായകനോ ഇല്ലെങ്കിലും, മിക്കവാറും എല്ലാ പ്രതിരോധങ്ങളെയും മറികടക്കാൻപോന്ന സുസംഘടിതമായ ഒരു സൈന്യത്തെപ്പോലെയാണ്‌ വെട്ടുക്കിളികൾ. *യോവേ. 2:25.

15, 16. ആധുനികകാല രാജ്യഘോഷകർ ഒരു വെട്ടുക്കിളിസൈന്യത്തെപ്പോലെ ആയിരിക്കുന്നത്‌ എങ്ങനെ?

15 യോവേൽ പ്രവാചകൻ യഹോവയുടെ ദാസന്മാരുടെ പ്രവർത്തനത്തെ വെട്ടുക്കിളികളുടെ മുന്നേറ്റത്തോട്‌ ഉപമിച്ചുകൊണ്ട്‌ ഇങ്ങനെ എഴുതി: “അവർ വീരന്മാരെപ്പോലെ യുദ്ധത്തിലേക്കു കുതിക്കുന്നു; പോരാളികളെപ്പോലെ മതിലുകൾ കയറി മറിയുന്നു; അവരെല്ലാവരും നേരെ മുന്നോട്ടു അണിനീങ്ങുന്നു. തങ്ങളുടെ പാതകളിൽനിന്നു അവർ തെന്നുന്നുമില്ല. പാർശ്വത്തിലുള്ളവന്റെ ഇടത്തിലേക്കു ഒരുവനും അതിക്രമിക്കുന്നില്ല. ഓരോരുത്തനും അവനവന്റെ പാതയിൽ നടക്കുന്നു. ഒരുവൻ മുറിവേറ്റു വീണാലും ബാക്കിയുള്ളവർ മുന്നേറിക്കൊണ്ടേയിരിക്കും.”—യോവേ. 2:7, 8, പരിശുദ്ധ ബൈബിൾ, ഈസി റ്റു റീഡ്‌ വേർഷൻ.

16 ആധുനികകാലത്തെ ദൈവരാജ്യഘോഷകരെ ഈ പ്രവചനം എത്ര നന്നായി വരച്ചുകാട്ടുന്നു! അവരുടെ പ്രസംഗവേലയ്‌ക്കു പ്രതിബന്ധം സൃഷ്ടിക്കാൻ ‘മതിൽ’പോലുള്ള എതിർപ്പുകൾക്ക്‌ ഒരിക്കലും കഴിഞ്ഞിട്ടില്ല. അനേകരുടെയും നിന്ദ സഹിക്കേണ്ടിവന്നിട്ടും ദൈവേഷ്ടം ചെയ്യുന്നതിൽ മടുത്തുപോകാതിരുന്ന യേശുവിനെ അവർ അനുകരിക്കുന്നു. (യെശ. 53:3) വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചുകൊണ്ട്‌ ചില ക്രിസ്‌ത്യാനികൾ ‘മുറിവേറ്റു വീണിരിക്കുന്നു’ എന്നതു ശരിതന്നെ. എന്നിരുന്നാലും, പ്രസംഗവേല അവിരാമം തുടരുകയാണ്‌; രാജ്യഘോഷകരുടെ എണ്ണം വർധിച്ചുകൊണ്ടുമിരിക്കുന്നു. മറ്റുരീതിയിൽ രാജ്യസന്ദേശം കേൾക്കാൻ സാധ്യതയില്ലാത്തവരുടെ അടുക്കൽപ്പോലും സുവാർത്ത എത്തിച്ചേരാൻ പീഡനം പലപ്പോഴും ഇടയാക്കിയിട്ടുണ്ട്‌. (പ്രവൃ. 8:1, 4) നിസ്സംഗതയുടെയും പീഡനത്തിന്റെയും മധ്യേപോലും സുവാർത്ത ഘോഷിച്ചുകൊണ്ട്‌ നിങ്ങൾ വെട്ടുക്കിളികളെപ്പോലെ തളരാതെ മുന്നേറുന്നുണ്ടോ?—എബ്രാ. 10:39.

“നല്ലതിനോടു പറ്റിക്കൊൾവിൻ”

17. ഗെക്കോയ്‌ക്ക്‌ താഴെവീഴാതെ മിനുസമുള്ള പ്രതലങ്ങളിൽപ്പോലും പറ്റിപ്പിടിച്ചിരിക്കാനാകുന്നത്‌ എങ്ങനെ?

17 ഗെക്കോ എന്നറിയപ്പെടുന്ന ഒരുതരം പല്ലിക്ക്‌ ഭൂഗുരുത്വബലത്തെപ്പോലും പ്രതിരോധിക്കാൻ കഴിവുള്ളതായി തോന്നുന്നു. (സദൃശവാക്യങ്ങൾ 30:28 വായിക്കുക.) താഴെവീഴാതെ ചുവരിലൂടെയും മിനുസമുള്ള മച്ചിലൂടെയും ഓടിനടക്കാനുള്ള ഈ ചെറിയ ജീവിയുടെ കഴിവ്‌ ശാസ്‌ത്രജ്ഞന്മാരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്‌. ഗെക്കോയ്‌ക്ക്‌ എങ്ങനെയാണ്‌ ഇതിനു കഴിയുന്നത്‌? പാദങ്ങളിലുള്ള എന്തെങ്കിലും പശയോ സക്‌ഷൻ ബലമോ അല്ല അതിന്‌ അവയെ സഹായിക്കുന്നത്‌. കാൽവിരലുകളിൽ വരമ്പുപോലുള്ള മൃദുവായ ഭാഗങ്ങളുണ്ട്‌; അവയിൽ ഓരോന്നിലും ആയിരക്കണക്കിന്‌ ഉന്തിനിൽക്കുന്ന രോമസമാന ഭാഗങ്ങളും (ബഹിഃസരണം) ഉണ്ട്‌. ഓരോ ബഹിഃസരണത്തിന്റെയും അഗ്രത്തിൽ തളികയുടെ ആകൃതിയിലുള്ള നൂറുകണക്കിനു തന്തുക്കളുണ്ട്‌. ഈ തന്തുക്കളിലെ തന്മാത്രാബലം ഗെക്കോയുടെ ശരീരഭാരത്തെക്കാൾ കൂടുതൽ ഭാരം താങ്ങാൻ മതിയായതാണ്‌—സ്‌ഫടികപ്രതലത്തിലൂടെപോലും താഴെവീഴാതെ നിഷ്‌പ്രയാസം ഓടിനടക്കാൻ മതിയായ ബലം! ഗെക്കോയുടെ പാദങ്ങളെ അനുകരിച്ചു നിർമിക്കുന്ന കൃത്രിമ പദാർഥങ്ങൾക്ക്‌, നല്ല പശയെപ്പോലും വെല്ലാൻ കഴിയുമെന്ന്‌ ഗവേഷകർ അഭിപ്രായപ്പെടുന്നു. *

18. നാം എല്ലായ്‌പോഴും “നല്ലതിനോടു പറ്റിക്കൊ”ള്ളുന്നുവെന്ന്‌ എങ്ങനെ ഉറപ്പുവരുത്താം?

18 ഗെക്കോ നമ്മെ എന്തു പഠിപ്പിക്കുന്നു? “തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ” എന്ന്‌ ബൈബിൾ പറയുന്നു. (റോമ. 12:9) സാത്താന്റെ ലോകത്തിൽ പ്രബലമായിരിക്കുന്ന ദുഷിച്ച സ്വാധീനം നിമിത്തം ദൈവികതത്ത്വങ്ങളുടെമേലുള്ള നമ്മുടെ പിടി അയഞ്ഞുപോയേക്കാം. ദൈവനിയമങ്ങളെ ആദരിക്കാത്തവരുമായുള്ള സഹവാസം ശരിചെയ്യാനുള്ള നമ്മുടെ തീരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം; ഈ സഹവാസം സ്‌കൂളിലോ ജോലിസ്ഥലത്തോ ഉള്ളതായാലും അനുചിതമായ ഏതെങ്കിലും വിനോദപരിപാടികൾ മുഖേനയുള്ളതായാലും ഇതു സത്യമാണ്‌. നിങ്ങൾക്ക്‌ അങ്ങനെ സംഭവിക്കാതിരിക്കട്ടെ! “നിനക്കു തന്നേ നീ ജ്ഞാനിയായ്‌തോന്നരുത്‌” എന്ന്‌ ദൈവവചനം മുന്നറിയിപ്പു തരുന്നു. (സദൃ. 3:7) പുരാതന ദൈവജനത്തിന്‌ മോശെ നൽകിയ ബുദ്ധിയുപദേശം പിൻപറ്റുക: “നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം.” (ആവ. 10:20) യഹോവയോട്‌ പറ്റിച്ചേർന്നു നിൽക്കുമ്പോൾ നാം യേശുവിനെ അനുകരിക്കുകയായിരിക്കും. അവനെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്‌തിരി”ക്കുന്നു.—എബ്രാ. 1:9.

സൃഷ്ടികളിൽനിന്നുള്ള പാഠം

19. (എ) യഹോവയുടെ ഏതെല്ലാം ഗുണങ്ങളാണ്‌ വ്യക്തിപരമായി നിങ്ങൾ സൃഷ്ടിക്രിയകളിൽ നിരീക്ഷിച്ചിട്ടുള്ളത്‌? (ബി) ദൈവികജ്ഞാനം നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

19 നാം കണ്ടുകഴിഞ്ഞതുപോലെ സൃഷ്ടിക്രിയകളിൽനിന്ന്‌ യഹോവയുടെ ഗുണങ്ങളെക്കുറിച്ചു നമുക്കു പലതും മനസ്സിലാക്കാം. അതുപോലെതന്നെ അവയിൽനിന്ന്‌ വിലയേറിയ പല പാഠങ്ങൾ പഠിക്കാനും നമുക്കാകുന്നു. യഹോവയുടെ കരവേലകളെക്കുറിച്ച്‌ എത്രയധികം പഠിക്കുന്നുവോ അത്രയധികമായി അവന്റെ അതിരറ്റ ജ്ഞാനത്തെക്കുറിച്ച്‌ നാം ബോധവാന്മാരായിത്തീരുന്നു. ദൈവികജ്ഞാനത്തിനു ശ്രദ്ധനൽകുന്നത്‌ ഇപ്പോൾത്തന്നെ നമ്മുടെ സന്തോഷം വർധിപ്പിക്കും. നമ്മുടെ ഭാവി സുരക്ഷിതമായിത്തീരുകയും ചെയ്യും. (സഭാ. 7:12) സദൃശവാക്യങ്ങൾ 3:13, 18-ൽ കാണുന്ന വാക്കുകളുടെ സത്യത സ്വന്തം ജീവിതത്തിൽ നാം അനുഭവിച്ചറിയും. “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ” എന്ന്‌ അവിടെ നാം വായിക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 6 പ്രത്യേകിച്ച്‌ ചെറുപ്പക്കാർക്കും കുട്ടികൾക്കും, ഈ ലേഖനത്തിലെ അടിക്കുറിപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ലേഖനങ്ങളിലെ വിവരങ്ങൾ സഭയിലെ വീക്ഷാഗോപുര അധ്യയനത്തിൽ അഭിപ്രായം പറയുമ്പോൾ ഉൾപ്പെടുത്താവുന്നതാണ്‌.

^ ഖ. 8 ഇലമുറിയൻ ഉറുമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 1997 മാർച്ച്‌ 22 ലക്കം ഉണരുക!യുടെ 31-ാം പേജും 2002 ജൂൺ 8 ലക്കത്തിന്റെ [ഇംഗ്ലീഷ്‌: 2002 മേയ്‌ 22 ലക്കം] 31-ാം പേജും കാണുക.

^ ഖ. 11 കുഴിമുയലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 1992 മാർച്ച്‌ 8 ലക്കം ഉണരുക!യുടെ 28-29 പേജുകൾ കാണുക.

^ ഖ. 14 വെട്ടുക്കിളികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 1976 ഒക്‌ടോബർ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 11-ാം പേജ്‌ കാണുക.

^ ഖ. 17 ഗെക്കോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 2008 ഏപ്രിൽ ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 26-ാം പേജ്‌ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഉറുമ്പിൽനിന്ന്‌ . . .

• കുഴിമുയലിൽനിന്ന്‌ . . .

• വെട്ടുക്കിളിയിൽനിന്ന്‌ . . .

• ഗെക്കോയിൽനിന്ന്‌ . . .

നമുക്ക്‌ എന്തു പഠിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

ഇലമുറിയൻ ഉറുമ്പിനെപ്പോലെ സ്ഥിരോത്സാഹത്തോടെ പ്രയത്‌നിക്കുന്നവരാണോ നിങ്ങൾ?

[17-ാം പേജിലെ ചിത്രങ്ങൾ]

കൂട്ടമായി വസിക്കുന്നത്‌ കുഴിമുയലിന്‌ സംരക്ഷണമേകുന്നു. ക്രിസ്‌തീയ സഹവാസം നിങ്ങൾ വിലമതിക്കുന്നുവോ?

[18-ാം പേജിലെ ചിത്രങ്ങൾ]

വെട്ടുക്കിളികളെപ്പോലെ ക്രിസ്‌തീയ ശുശ്രൂഷകർ തളരാതെ മുന്നേറുന്നു

[18-ാം പേജിലെ ചിത്രം]

ഗെക്കോ ചുവരിൽ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ ക്രിസ്‌ത്യാനികൾ നല്ലതിനോടു പറ്റിനിൽക്കേണ്ടതുണ്ട്‌

[കടപ്പാട്‌]

Stockbyte/Getty Images