വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പക്വതയിലേക്കു വളരാൻ ഉത്സാഹിക്കുക: “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു”

പക്വതയിലേക്കു വളരാൻ ഉത്സാഹിക്കുക: “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു”

പക്വതയിലേക്കു വളരാൻ ഉത്സാഹിക്കുക: “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു”

‘നമുക്കു പക്വതയിലേക്കു വളരാൻ ഉത്സാഹിക്കാം.’—എബ്രാ. 6:1.

1, 2. യെരൂശലേമിലെയും യെഹൂദ്യയിലെയും ക്രിസ്‌ത്യാനികൾക്ക്‌ ‘മലകളിലേക്ക്‌’ ഓടിപ്പോകാൻ അവസരം ലഭിച്ചതെങ്ങനെ?

 ശിഷ്യന്മാർ ഒരിക്കൽ യേശുവിന്റെ അടുക്കൽവന്ന്‌, “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും” എന്നു ചോദിച്ചു. ഒന്നാം നൂറ്റാണ്ടിൽത്തന്നെ ആദ്യനിവൃത്തി ഉണ്ടാകാനിരുന്ന ഒരു പ്രവചനത്തിലൂടെയാണ്‌ യേശു അതിന്‌ ഉത്തരം നൽകിയത്‌. അന്ത്യം വളരെ അടുത്താണെന്നു സൂചിപ്പിക്കുന്ന ഒരു അസാധാരണ സംഭവത്തെക്കുറിച്ച്‌ യേശു അതിൽ പറയുകയുണ്ടായി. അതു കാണുന്നമാത്രയിൽ, ‘യഹൂദ്യയിലുള്ളവർ മലകളിലേക്ക്‌ ഓടിപ്പോകണമായിരുന്നു.’ (മത്താ. 24:1-3, 15-22) യേശുവിന്റെ ശിഷ്യന്മാർ ആ അടയാളം തിരിച്ചറിയുകയും അവന്റെ നിർദേശാനുസരണം പ്രവർത്തിക്കുകയും ചെയ്യുമായിരുന്നോ?

2 ഏകദേശം മൂന്നുപതിറ്റാണ്ടു കഴിഞ്ഞ്‌ എ.ഡി. 61-ൽ യെരൂശലേമിലും അതിന്റെ പരിസരത്തുമായി പാർക്കുന്ന എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ശക്തവും ചിന്തോദ്ദീപകവുമായ ഒരു കത്ത്‌ എഴുതി. പൗലൊസിനും സഹവിശ്വാസികൾക്കും അറിയില്ലായിരുന്നെങ്കിലും, ഒരു ‘മഹാകഷ്ടതയുടെ’ ആരംഭംകുറിക്കുന്ന ആ അടയാളം ദൃശ്യമാകാൻ ഏതാണ്ട്‌ അഞ്ചുവർഷമേ ശേഷിച്ചിരുന്നുള്ളൂ. (മത്താ. 24:21) എ.ഡി. 66-ൽ സെസ്റ്റ്യസ്‌ ഗാലസിന്റെ നേതൃത്വത്തിൽ വന്ന റോമൻസൈന്യം യെരൂശലേമിനെ ഏതാണ്ട്‌ പിടിച്ചടക്കിയെന്നുതന്നെ പറയാം. എന്നാൽ ഏതോ കാരണത്താൽ അദ്ദേഹം സൈന്യത്തെ പിൻവലിച്ചു; അങ്ങനെ, രക്ഷപ്പെടാൻ ക്രിസ്‌ത്യാനികൾക്ക്‌ ഒരു അവസരമൊരുങ്ങി.

3. എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ ഏത്‌ ഉദ്‌ബോധനം നൽകി, എന്തുകൊണ്ട്‌?

3 നല്ല വിവേചനാപ്രാപ്‌തിയും ആത്മീയഗ്രാഹ്യവും ഉണ്ടായിരുന്നെങ്കിൽ മാത്രമേ, ആ ക്രിസ്‌ത്യാനികൾക്ക്‌ സ്ഥിതിഗതികൾ മനസ്സിലാക്കി അവിടെനിന്ന്‌ ഓടിപ്പോകാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അവരിൽ ചിലർ ‘കേൾക്കുന്ന കാര്യത്തിൽ പിന്നിലായതുകൊണ്ട്‌’ “പാൽ” കുടിക്കാൻമാത്രം താത്‌പര്യപ്പെട്ടിരുന്ന ആത്മീയശിശുക്കളായിരുന്നു അവർ. (എബ്രായർ 5:11-13 വായിക്കുക.) ദശാബ്ദങ്ങളായി സത്യത്തിന്റെ പാതയിൽ നടന്നവർപോലും ‘ജീവനുള്ള ദൈവത്തിൽനിന്ന്‌ അകന്നുപോകുന്നതിന്റെ’ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു. (എബ്രാ. 3:12) കഷ്ടതയുടെ ‘ദിവസം അടുത്തടുത്ത്‌ വരുന്ന’ ആ സമയത്തും ക്രിസ്‌തീയ യോഗങ്ങൾ മുടക്കുന്ന ഒരു ശീലം അവരിൽ ചിലർക്കുണ്ടായിരുന്നു. (എബ്രാ. 10:24, 25) അതുകൊണ്ട്‌, ‘ക്രിസ്‌തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളെല്ലാം വിട്ട്‌ പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം’ എന്ന സമയോചിതമായ ഉദ്‌ബോധനം പൗലൊസ്‌ അവർക്കു നൽകുന്നു.—എബ്രാ. 6:2.

4. ആത്മീയമായി ഉണർന്നിരിക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അങ്ങനെ ചെയ്യാൻ നമ്മെ എന്തു സഹായിക്കും?

4 യേശുവിന്റെ ആ പ്രവചനത്തിന്റെ അന്തിമനിവൃത്തി നമ്മുടെ കാലത്താണ്‌ നിറവേറാനിരിക്കുന്നത്‌. സാത്താന്റെ മുഴുവ്യവസ്ഥിതിക്കും തിരശ്ശീല വീഴ്‌ത്തുന്ന, “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു.” (സെഫ. 1:14) മുമ്പെന്നത്തേതിലും അധികം ആത്മീയമായി ഉണർന്നും ജാഗ്രതയോടെയും ഇരിക്കേണ്ട സമയമാണിത്‌. (1 പത്രൊ. 5:8) നാം ഓരോരുത്തരും യഥാർഥത്തിൽ അങ്ങനെ ചെയ്യുന്നുണ്ടെന്ന്‌ പറയാനാകുമോ? പക്വതയിലേക്കു വളർന്നാൽ കാലപ്രവാഹത്തിൽ നാം എത്തിനിൽക്കുന്നത്‌ എവിടെയെന്നു തിരിച്ചറിയാനും അതിന്റെ പ്രാധാന്യം മനസ്സിൽ ജ്വലിപ്പിച്ചു നിറുത്താനും നമുക്കു കഴിയും.

പക്വതയിലേക്കു വളരുകയെന്നാൽ . . .

5, 6. പക്വതയിലേക്കു വളരുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌, അതിന്‌ ഏതൊക്കെ രംഗങ്ങളിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌?

5 പക്വതയിലേക്കു വളരാൻ ആഹ്വാനം ചെയ്യുക മാത്രമല്ല, എന്താണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്നുകൂടി പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാനികളോടു പറഞ്ഞു. (എബ്രായർ 5:14 വായിക്കുക.) “മുതിർന്നവർ” അഥവാ വളർച്ചയെത്തിയവർ “പാൽ” കുടിക്കുന്നതുകൊണ്ട്‌ മാത്രം തൃപ്‌തരാകുന്നില്ല, അവർ ‘കട്ടിയായ ആഹാരവും’ കഴിക്കുന്നു. അതുകൊണ്ട്‌ അവർക്ക്‌ സത്യത്തിന്റെ ‘അടിസ്ഥാന കാര്യങ്ങൾ’ മാത്രമല്ല ‘ഗഹനമായ കാര്യങ്ങൾപോലും’ അറിയാം. (1 കൊരി. 2:10) ഉപയോഗംകൊണ്ട്‌ അവരുടെ ഗ്രഹണപ്രാപ്‌തികൾക്കു മൂർച്ചവന്നിരിക്കുന്നു. അതായത്‌, നേടിയ അറിവുകൾ ജീവിതത്തിൽ ഉപയോഗിച്ചുകൊണ്ട്‌ തെറ്റും ശരിയും വേർതിരിച്ചറിയാൻ അവർ പഠിച്ചിരിക്കുന്നുവെന്ന്‌ അർഥം. ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ ഏതൊക്കെ തിരുവെഴുത്തു തത്ത്വങ്ങളാണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നും അത്‌ എങ്ങനെ ബാധകമാക്കാമെന്നും മനസ്സിലാക്കാൻ ഈ അനുഭവപരിചയം അവരെ സഹായിക്കുന്നു.

6 “അതുകൊണ്ട്‌ കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കേണ്ടത്‌ ആവശ്യമാണ്‌. അങ്ങനെയാകുമ്പോൾ നമ്മൾ ഒരിക്കലും ഒഴുകിപ്പോകില്ല” എന്ന്‌ പൗലൊസ്‌ എഴുതി. (എബ്രാ. 2:1) വിശ്വാസത്തിൽനിന്നുള്ള ഈ ഒഴുകിപ്പോക്ക്‌ ചിലപ്പോൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടെന്നുവരില്ല. ദൈവവചനം പരിചിന്തിക്കുമ്പോഴൊക്കെയും ആത്മീയസത്യങ്ങൾ ഉൾക്കൊള്ളാൻ ‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ’ കൊടുക്കുന്നെങ്കിൽ നമുക്ക്‌ ഈ അപകടം ഒഴിവാക്കാനാകും. അതുകൊണ്ട്‌ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ട്‌: ‘ഞാൻ ഇപ്പോഴും അടിസ്ഥാന കാര്യങ്ങൾ മാത്രമാണോ പഠിച്ചുകൊണ്ടിരിക്കുന്നത്‌? ബൈബിൾ സത്യങ്ങൾ ഉള്ളിൽത്തട്ടാതെ, വെറുമൊരു ചടങ്ങുപോലെയാണോ ഞാൻ ആത്മീയ കാര്യങ്ങൾ ചെയ്യുന്നത്‌? യഥാർഥ ആത്മീയ അഭിവൃദ്ധി എനിക്കെങ്ങനെ കൈവരിക്കാനാകും?’ പക്വതയിലേക്കു വളരാൻ ചുരുങ്ങിയപക്ഷം രണ്ടു രംഗങ്ങളിലെങ്കിലും നാം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌: ദൈവവചനത്തിന്റെ നല്ലൊരു ഗ്രാഹ്യം സമ്പാദിക്കുക, അനുസരണം പഠിക്കുക.

ദൈവവചനത്തിന്റെ നല്ലൊരു ഗ്രാഹ്യം സമ്പാദിക്കുക

7. ദൈവവചനത്തെ അടുത്തറിയുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനംചെയ്യും?

7 “പാൽ കുടിക്കുന്നവനു നീതിയുടെ വചനത്തെക്കുറിച്ച്‌ അറിയില്ല. കാരണം അവൻ ഒരു കൊച്ചുകുട്ടിയാണ്‌,” എന്ന്‌ പൗലൊസ്‌ പറഞ്ഞു. (എബ്രാ. 5:13) പക്വതയിലേക്കു വളരാൻ ദിവ്യസന്ദേശം അടങ്ങിയിരിക്കുന്ന ദൈവവചനവുമായി നാം നല്ല പരിചയത്തിലാകേണ്ടതുണ്ട്‌. അതുകൊണ്ട്‌ തിരുവെഴുത്തുകളുടെയും “വിശ്വസ്‌തനും വിവേകിയും ആയ അടിമ” നൽകുന്ന പ്രസിദ്ധീകരണങ്ങളുടെയും ഒരു നല്ല പഠിതാവായിരിക്കണം നാം ഓരോരുത്തരും. (മത്താ. 24:45-47) ഈ വിധത്തിൽ ദൈവത്തിന്റെ ചിന്തകൾ നമ്മുടേതാക്കുന്നത്‌ ഗ്രഹണപ്രാപ്‌തികളെ അഭ്യസിപ്പിക്കാൻ നമ്മെ സഹായിക്കും. ഉദാഹരണത്തിന്‌, ഓർക്കിഡ്‌ എന്ന ഒരു സഹോദരിയുടെ കാര്യമെടുക്കാം. * അവർ പറയുന്നു: “ക്രമമായി ബൈബിൾ വായിക്കുക എന്ന ഓർമപ്പെടുത്തലാണ്‌ എനിക്ക്‌ ഏറ്റവും പ്രയോജനം ചെയ്‌ത ഒരു സംഗതി. ഏതാണ്ട്‌ രണ്ടുവർഷമെടുത്തു ബൈബിൾ മുഴുവൻ വായിച്ചുതീർക്കാൻ; സ്രഷ്ടാവിനെ ആദ്യമായി അടുത്തറിയുന്നതുപോലെയാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌. അവന്റെ വഴികൾ, ഇഷ്ടാനിഷ്ടങ്ങൾ, അവന്റെ ശക്തിയുടെ ആധിക്യം, ജ്ഞാനത്തിന്റെ ആഴം ഇവയെക്കുറിച്ചെല്ലാം ഞാൻ മനസ്സിലാക്കി. ജീവിതത്തിലെ ഇരുൾമൂടിയ ചില സന്ദർഭങ്ങളിൽ എന്നെ വഴിനയിച്ചത്‌ ദിവസേനയുള്ള ബൈബിൾവായനയാണ്‌.”

8. ദൈവവചനത്തിന്‌ നമ്മുടെമേൽ എന്തു പ്രഭാവം ചെലുത്താനാകും?

8 ദൈവവചനം നാം ക്രമമായി വായിച്ചെങ്കിൽ മാത്രമേ അതിലെ സന്ദേശത്തിനു നമ്മിൽ ശക്തി ചെലുത്താനാകൂ. (എബ്രായർ 4:12 വായിക്കുക.) യഹോവയ്‌ക്കു പ്രസാദകരമായ വിധത്തിൽ നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന്‌ ഈ വായന സഹായിക്കും. ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിന്‌ കുറച്ചുകൂടെ സമയം നീക്കിവെക്കേണ്ടതുണ്ടെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ?

9, 10. ദൈവവചനവുമായി പരിചയത്തിലാകുന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു? ഉദാഹരിക്കുക.

9 ബൈബിളിൽനിന്ന്‌ അറിവ്‌ സമ്പാദിക്കുന്നതുകൊണ്ടുമാത്രം മതിയാകുന്നില്ല. പൗലൊസിന്റെ നാളിലെ ആത്മീയശിശുക്കളുടെ കാര്യം നോക്കുക. അവർ ദൈവവചനം സംബന്ധിച്ച്‌ തീർത്തും അജ്ഞരായിരുന്നു എന്നു പറയാനാവില്ല. പക്ഷേ, അവർ ആ അറിവ്‌ ജീവിതത്തിൽ ഉപയോഗിക്കുന്നതിനും അതിന്റെ പ്രായോഗികത്വം പരിശോധിക്കുന്നതിനും തയ്യാറായില്ലെന്നതാണു വസ്‌തുത. ബുദ്ധിപൂർവകമായ തീരുമാനങ്ങളെടുക്കാൻ തിരുവെഴുത്തിലെ അറിവു വിനിയോഗിച്ചുകൊണ്ട്‌ ദൈവവചനത്തെ അടുത്തറിയുന്നതിൽ അവർ പരാജയപ്പെട്ടു.

10 അതെ, ദൈവവചനവുമായി പരിചിതമാകുന്നതിൽ രണ്ട്‌ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഒന്ന്‌, അതിലെ അറിവ്‌ സമ്പാദിക്കുക. രണ്ട്‌, ആ അറിവ്‌ ജീവിതത്തിൽ പ്രയോഗിക്കുക. ഇതെങ്ങനെ സാധ്യമാകുമെന്ന്‌ കൈൽ എന്ന സഹോദരിയുടെ അനുഭവം കാണിക്കുന്നു. സഹോദരിയും സഹപ്രവർത്തകയും തമ്മിൽ ഒരിക്കൽ വാക്കേറ്റമുണ്ടായി. വഷളായ ആ ബന്ധം പുനഃസ്ഥാപിക്കാൻ സഹോദരി എന്താണ്‌ ചെയ്‌തത്‌? കൈൽ പറയുന്നു: “എന്റെ മനസ്സിൽ ആദ്യം വന്നത്‌ റോമർ 12:18-ലെ, ‘എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക’ എന്ന വാക്കുകളായിരുന്നു. അതുകൊണ്ട്‌ ജോലികഴിഞ്ഞ്‌ തമ്മിൽ കാണാൻ ഞാൻ ഏർപ്പാടു ചെയ്‌തു.” ആ കൂടിക്കാഴ്‌ച പ്രശ്‌നങ്ങൾ പരിഹരിച്ചു. കൈൽ ഇതിനു മുൻകൈയെടുത്തത്‌ സഹപ്രവർത്തക അതിയായി വിലമതിക്കുകയും ചെയ്‌തു. സഹോദരി പറയുന്നു: “ഞാൻ ഇതിൽനിന്നൊരു കാര്യം പഠിച്ചു: ബൈബിൾതത്ത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്നത്‌ എന്നും നമുക്ക്‌ നന്മയേ കൈവരുത്തൂ.”

അനുസരണം പഠിക്കുക

11. പ്രതികൂല സാഹചര്യങ്ങളിലെ അനുസരണം എളുപ്പമായിരിക്കില്ലെന്ന്‌ ഇസ്രായേല്യരുടെ ദൃഷ്ടാന്തം കാണിക്കുന്നത്‌ എങ്ങനെ?

11 തിരുവെഴുത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുക എല്ലായ്‌പോഴും അത്ര എളുപ്പമല്ലായിരിക്കാം; വിശേഷിച്ചും സാഹചര്യങ്ങൾ അനുകൂലമല്ലാത്തപ്പോൾ. ഇസ്രായേല്യരുടെ കാര്യമെടുക്കുക. ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ യഹോവ അവരെ വിടുവിച്ച്‌ അധികം കഴിയുംമുമ്പ്‌ അവർ ‘മോശയോടു കലഹിക്കുകയും യഹോവയെ പരീക്ഷിക്കുകയും’ ചെയ്‌തു. കുടിക്കാൻ വെള്ളമില്ല എന്നതായിരുന്നു കാരണം. (പുറ. 17:1-4) മറ്റൊരിക്കൽ, യഹോവ ആവശ്യപ്പെട്ടതനുസരിച്ച്‌ മോശെ പർവതത്തിൽ കയറിപ്പോയ സമയത്ത്‌ വിഗ്രഹാരാധനയെക്കുറിച്ചുള്ള ദൈവകൽപ്പന അവർ ലംഘിച്ചു; യഹോവ “കല്‌പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്‌” എന്നു സമ്മതിച്ച്‌ അവർ ദൈവവുമായി ഒരു ഉടമ്പടിയിലേർപ്പെട്ടിട്ട്‌ അപ്പോൾ രണ്ടുമാസംപോലും തികഞ്ഞിട്ടില്ലായിരുന്നു. (പുറ. 24:3, 12-18; 32:1, 2, 7-9) യഹോവയിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കാനായി മോശെ ഹോരേബ്‌ പർവതത്തിൽ ആയിരുന്ന സമയത്ത്‌, അമാലേക്യർ വീണ്ടും ആക്രമിക്കുമെന്നും മോശെയുടെ അഭാവത്തിൽ തങ്ങൾ പരാജിതരാകുമെന്നും (മോശെ കൈ ഉയർത്തിപ്പിടിച്ചതുകൊണ്ടാണല്ലോ മുമ്പ്‌ ഇസ്രായേല്യർ ജയിച്ചത്‌) കരുതിയാണോ അവർ ഇതു ചെയ്‌തത്‌? (പുറ. 17:8-16) പരാജയഭീതിയായിരിക്കാം അവരെക്കൊണ്ട്‌ അതു ചെയ്യിപ്പിച്ചത്‌. പക്ഷേ, എന്തായാലും അവർക്ക്‌ “അനുസരിക്കാൻ” മനസ്സില്ലായിരുന്നു. (പ്രവൃ. 7:39-41) വാഗ്‌ദത്തഭൂമിയിൽ പ്രവേശിക്കാൻകൂടി ഭയം കാണിച്ച ഇസ്രായേല്യർ ‘അനുസരണക്കേടിന്റെ ദൃഷ്ടാന്തമായിരുന്നു.’ അവരെപ്പോലെ ആകാതിരിക്കുന്നതിന്‌ ‘പരമാവധി ശ്രമിക്കാൻ’ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു.—എബ്രാ. 4:3, 11.

12. യേശു അനുസരണം പഠിച്ചത്‌ എങ്ങനെ, അതുകൊണ്ട്‌ എന്തു പ്രയോജനമുണ്ടായി?

12 യഹോവയെ അനുസരിക്കാൻ പരമാവധി യത്‌നിക്കുന്നെങ്കിലേ നമുക്ക്‌ പക്വതയിലേക്കു വളരാനാകൂ. യേശുവിന്റെ ജീവിതത്തിൽനിന്നു കാണാൻ സാധിക്കുന്നതുപോലെ പലപ്പോഴും നാം അനുസരണം പഠിക്കുന്നത്‌ കഷ്ടങ്ങളിൽനിന്നാണ്‌. (എബ്രായർ 5:8, 9 വായിക്കുക.) പിതാവിനോട്‌ അനുസരണമുള്ളവനായിരുന്നു യേശു; ഭൂമിയിൽ വരുന്നതിനുമുമ്പും ഭൂമിയിലായിരുന്നപ്പോഴും. എന്നാൽ ഭൂമിയിലായിരിക്കെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിന്‌ ശാരീരികപീഡനങ്ങളിലൂടെയും മാനസികവ്യഥകളിലൂടെയും കടന്നുപോകേണ്ടിവന്നു അവന്‌. കഠിനയാതനകളിലൂടെ അനുസരണം പഠിച്ച യേശു, അങ്ങനെ രാജാവും മഹാപുരോഹിതനുമെന്ന ദൈവദത്തനിയോഗം കയ്യേൽക്കാൻതക്കവിധം “പൂർണനായിത്തീർന്നു.”

13. നാം അനുസരണം പഠിച്ചോയെന്ന്‌ എങ്ങനെ അറിയാം?

13 നമ്മെ സംബന്ധിച്ചോ? തീക്ഷ്‌ണമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നാം യഹോവയെ അനുസരിക്കാൻ സന്നദ്ധരാകുമോ? (1 പത്രൊസ്‌ 1:6, 7 വായിക്കുക.) ധാർമിക നിലവാരങ്ങൾ, സത്യസന്ധത, ഉചിതമായ സംസാരം, വ്യക്തിപരമായ ബൈബിൾ വായനയും പഠനവും, യോഗങ്ങൾക്കു ഹാജരാകൽ, ശുശ്രൂഷയിൽ പങ്കെടുക്കൽ എന്നിവ സംബന്ധിച്ച്‌ വ്യക്തമായ നിർദേശങ്ങളാണ്‌ നമുക്കുള്ളത്‌. (യോശു. 1:8; മത്താ. 28:19, 20; എഫെ. 4:25, 28, 29; 5:3-5; എബ്രാ. 10:24, 25) പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും ഇക്കാര്യങ്ങളിൽ നാം യഹോവയോട്‌ അനുസരണം കാണിക്കുമോ? അപ്പോഴും അനുസരിക്കുന്നെങ്കിൽ, നാം പക്വതയിലേക്കു വളരുന്നു എന്നതിന്റെ തെളിവായിരിക്കും അത്‌.

പക്വതയിലേക്കു വളരുന്നതിന്റെ പ്രയോജനങ്ങൾ

14. പക്വതയിലേക്കു വളരുന്നത്‌ ഒരു സംരക്ഷണമായിരിക്കുന്നത്‌ എങ്ങനെ?

14 ധാർമികമൂല്യങ്ങൾക്ക്‌ വിലയില്ലാത്ത ഈ ലോകത്ത്‌, തെറ്റും ശരിയും തിരിച്ചറിയാനാകുംവിധം ഒരു ക്രിസ്‌ത്യാനി തന്റെ ഗ്രഹണപ്രാപ്‌തിയെ പരിശീലിപ്പിക്കുന്നെങ്കിൽ, അത്‌ അയാൾക്ക്‌ ഒരു സംരക്ഷണമായിരിക്കും. (എഫെ. 4:19) പതിവായി ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുകയും അവയെ അതിയായി വിലമതിക്കുകയും ചെയ്യുന്ന ഒരു സഹോദരനാണ്‌ ജയിംസ്‌. അദ്ദേഹത്തിന്‌ ജോലിസ്ഥലത്തുണ്ടായ ഒരു അനുഭവം നോക്കാം. അദ്ദേഹത്തിന്റെ സഹജോലിക്കാരെല്ലാം സ്‌ത്രീകളായിരുന്നു. ജയിംസ്‌ പറയുന്നു: “ധാർമികമൂല്യങ്ങൾക്കു തെല്ലും വിലകൽപ്പിക്കാത്തവരായിരുന്നു അവരിൽ പലരും; എന്നാൽ അവരിലൊരാൾ സത്‌സ്വഭാവിയാണെന്ന്‌ എനിക്കു തോന്നി, അവൾ ബൈബിൾക്കാര്യങ്ങളിൽ താത്‌പര്യംകാണിക്കുകപോലും ചെയ്‌തു. എന്നാൽ, ഒരു ദിവസം ജോലിസ്ഥലത്ത്‌ ഞങ്ങളിരുവരും മാത്രമായി. അപ്പോൾ അവളുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയെങ്കിലും തമാശയാണെന്നാണു ഞാൻ ആദ്യം കരുതിയത്‌. പക്ഷേ, അവൾ വിടാൻ ഭാവമില്ലായിരുന്നു. പെട്ടെന്ന്‌ ഒരു വീക്ഷാഗോപുര ലേഖനം എന്റെ ഓർമയിലെത്തി. എന്റെ ഇതേ സാഹചര്യം നേരിട്ട ഒരു സഹോദരന്റെ അനുഭവം അതിലുണ്ടായിരുന്നു. യോസേഫും പോത്തീഫറിന്റെ ഭാര്യയും ഉൾപ്പെട്ട സംഭവവും ആ ലേഖനത്തിൽ വിവരിച്ചിരുന്നു. * ഒട്ടും അമാന്തിക്കാതെ ഞാൻ അവളെ തള്ളിമാറ്റി; അവൾ അവിടെനിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു.” (ഉല്‌പ. 39:7-12) കാര്യങ്ങൾ കൈവിട്ടുപോകാതിരുന്നതിലും ഒരു ശുദ്ധമായ മനസ്സാക്ഷി സൂക്ഷിക്കാനായതിലും ജയിംസ്‌ അതീവ സന്തുഷ്ടനാണ്‌.—1 തിമൊ. 1:5.

15. പക്വതയിലേക്കു വളരുന്നത്‌ നമ്മുടെ ആലങ്കാരിക ഹൃദയത്തെ ശക്തിപ്പെടുത്തുന്നത്‌ എങ്ങനെ?

15 പക്വതയിലേക്കു വളരുന്നത്‌ നമ്മുടെ ഹൃദയത്തിന്‌ കരുത്തേകും. “വിചിത്രമായ പലപല ഉപദേശങ്ങളാൽ” ആരും നമ്മെ വലിച്ചുകൊണ്ടുപോകാതിരിക്കാനും അത്‌ സഹായകമാണ്‌. (എബ്രായർ 13:9 വായിക്കുക.) ആത്മീയ പുരോഗതി ലക്ഷ്യമിട്ടു പ്രവർത്തിച്ചാൽ, പ്രാധാന്യമേറിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നാൻ നമുക്കു കഴിയും. (ഫിലി. 1:9, 10) അങ്ങനെ, ദൈവത്തോടും നമ്മുടെ നന്മയെപ്രതി അവൻ ചെയ്‌തിരിക്കുന്ന സകല കരുതലുകളോടും നമുക്കുള്ള നന്ദി ഒന്നിനൊന്ന്‌ വർധിച്ചുവരും. (റോമ. 3:24) “കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ മുതിർന്ന” ഒരു ക്രിസ്‌ത്യാനിക്കേ ഇതുപോലെ കൃതജ്ഞതാനിർഭരമായ ഒരു ഹൃദയം ഉണ്ടായിരിക്കാനും യഹോവയുമായി ഒരു അടുത്തബന്ധം ആസ്വദിക്കാനും കഴിയൂ.—1 കൊരി. 14:20.

16. ‘ഹൃദയം സ്ഥിരമാക്കാൻ’ ഒരു സഹോദരിയെ സഹായിച്ചത്‌ എന്ത്‌?

16 മറ്റുള്ളവർ തന്നെക്കുറിച്ച്‌ എന്തു വിചാരിക്കുമെന്നു കരുതിയാണ്‌ സ്‌നാനമേറ്റ്‌ കുറെക്കഴിഞ്ഞുപോലും ലോവിസ്‌ എന്ന സഹോദരി ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്‌. അവൾ പറഞ്ഞു: “തെറ്റായ കാര്യങ്ങളൊന്നും ഞാൻ ചെയ്യുന്നില്ലായിരുന്നു. . . . പക്ഷേ യഹോവയെ സേവിക്കണമെന്ന അത്രവലിയ ആഗ്രഹമൊന്നും എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നില്ല. സർവാത്മനാ ഞാൻ യഹോവയെ സേവിക്കുന്നില്ലെന്ന്‌ എനിക്കുതന്നെ അറിയാമായിരുന്നു. ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. യഹോവയുടെ സേവനത്തിൽ മുഴുഹൃദയവും അർപ്പിക്കുക എന്നതായിരുന്നു ഞാൻ വരുത്തേണ്ടിയിരുന്ന വലിയ മാറ്റം.” ആ ലക്ഷ്യത്തിൽ പ്രവർത്തിച്ചതുകൊണ്ട്‌ ലോവിസിനു തന്റെ ‘ഹൃദയം സ്ഥിരമാക്കാനായി.’ ഒരു ആരോഗ്യപ്രശ്‌നം ഉണ്ടായപ്പോൾ ഇതു വളരെ സഹായകവുമായി. (യാക്കോ. 5:8) ലോവിസ്‌ പറയുന്നു: “മോശമായ ആരോഗ്യം എന്നെ വലച്ചിരുന്നപ്പോൾപോലും ഞാൻ യഹോവയുമായി കൂടുതൽ അടുത്തുകൊണ്ടിരുന്നു.”

‘ഹൃദയപൂർവം അനുസരിക്കുക’

17. ഒന്നാം നൂറ്റാണ്ടിൽ അനുസരണം അതിപ്രധാനമായിരുന്നത്‌ എന്തുകൊണ്ട്‌?

17 ‘പക്വതയിലേക്കു വളരുക’ എന്ന പൗലൊസിന്റെ ഉപദേശം ഒന്നാം നൂറ്റാണ്ടിൽ യെഹൂദ്യയിലും യെരൂശലേമിലുമുണ്ടായിരുന്ന ക്രിസ്‌ത്യാനികളുടെ ജീവൻ രക്ഷിക്കുന്നതിന്‌ കാരണമായി. ആ ഉപദേശം സ്വീകരിച്ചുകൊണ്ടു സൂക്ഷ്‌മഗ്രാഹ്യം സമ്പാദിച്ചവർക്കാണ്‌, ‘മലകളിലേക്കു ഓടിപ്പോകേണ്ടത്‌’ എപ്പോഴെന്ന്‌ മനസ്സിലാക്കാൻ സാധിച്ചത്‌. ഇതു തിരിച്ചറിയുന്നതിനായി ഒരു അസാധാരണ സംഭവത്തെക്കുറിച്ച്‌ യേശു പറഞ്ഞിരുന്നു. “നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തു വിശുദ്ധസ്ഥലത്ത്‌ നിൽക്കുന്നതു കാണുമ്പോൾ” എന്നാണ്‌ അവൻ പറഞ്ഞത്‌. അതായത്‌ റോമൻ സൈന്യം യെരൂശലേമിനെ ഉപരോധിച്ച്‌ അതിനുള്ളിൽ കടന്നിരിക്കുന്നതായി കാണുമ്പോൾ ഓടിപ്പോകാനുള്ള സമയമായെന്ന്‌ അവർ മനസ്സിലാക്കേണ്ടിയിരുന്നു. (മത്താ. 24:15, 16) യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുത്ത ക്രിസ്‌ത്യാനികൾ യെരൂശലേമിന്റെ നാശത്തിനുമുമ്പ്‌ ആ നഗരത്തിൽനിന്നു പലായനം ചെയ്‌തു. അവർ മലമ്പ്രദേശമായ ഗിലെയാദിലെ പെല്ല എന്ന പട്ടണത്തിൽ ചെന്നു പാർത്തു എന്ന്‌ സഭാചരിത്രകാരനായ യൂസേബിയസ്‌ രേഖപ്പെടുത്തുന്നു. അങ്ങനെ യെരൂശലേമിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തം അവരെ ഒഴിഞ്ഞുപോയി.

18, 19. (എ) നമ്മുടെ കാലത്ത്‌ അനുസരണം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?(ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

18 യേശുവിന്റെ പ്രവചനത്തിന്റെ വലിയ നിവൃത്തി വരാനിരിക്കുന്നതേയുള്ളൂ. ‘ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത മഹാകഷ്ടത അന്ന്‌ ഉണ്ടാകും.’ പക്വതയിലേക്കു വളരുന്നതിൽനിന്ന്‌ ഉളവാകുന്ന അനുസരണം ആയിരിക്കും അന്നാളിൽ നമുക്ക്‌ രക്ഷ കൈവരുത്തുന്നത്‌, ഒന്നാം നൂറ്റാണ്ടിലേതുപോലെ. (മത്താ. 24:21) അങ്ങനെയെങ്കിൽ ചോദ്യം ഇതാണ്‌: ‘വിശ്വസ്‌തനും വിവേകിയും ആയ കാര്യസ്ഥനിൽനിന്ന്‌’ നമുക്കു ലഭിച്ചേക്കാവുന്ന അടിയന്തിര നിർദേശങ്ങളേതും മനസ്സോടെ അനുസരിക്കാൻ നാം സന്നദ്ധരായിരിക്കുമോ? (ലൂക്കൊ. 12:42) ‘ഹൃദയപൂർവം അനുസരിക്കാൻ’ പഠിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!—റോമ. 6:17.

19 പക്വതയിലേക്കു വളരുന്നതിന്‌ നമ്മുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കേണ്ടതുണ്ട്‌. ദൈവവചനത്തിൽ നല്ല ഗ്രാഹ്യം നേടുകയും അനുസരണം പഠിക്കുകയും ചെയ്‌തുകൊണ്ടാണ്‌ നാം ഇതു സാധിക്കുന്നത്‌. പക്വതയിലേക്കു വളരുന്നത്‌ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം വിശേഷാൽ വെല്ലുവിളിയാണ്‌. അവയെ എങ്ങനെ തരണം ചെയ്യാനാകുമെന്ന്‌ അടുത്ത ലേഖനം വിവരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 7 ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

^ ഖ. 14 1999 ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “ദുഷ്‌പ്രവൃത്തി വർജിക്കാൻ ദൃഢചിത്തർ” എന്ന ലേഖനം കാണുക.

നിങ്ങൾ എന്തു പഠിച്ചു?

• പക്വതയിലേക്കു വളരുക എന്നാൽ എന്ത്‌, അത്‌ എങ്ങനെ സാധിക്കും?

• പക്വതയിലേക്കു വളരുന്നതും ദൈവവചനവുമായി പരിചിതരാകുന്നതും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

• നാം എങ്ങനെയാണ്‌ അനുസരണം പഠിക്കുന്നത്‌?

• പക്വതയിലേക്കു വളരുന്നത്‌ ഏതൊക്കെ വിധങ്ങളിൽ നമുക്കു ഗുണം ചെയ്യും?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

ബൈബിളിന്റെ മാർഗദർശനം അനുസരിക്കുന്നത്‌ പ്രശ്‌നങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കും

[12, 13 പേജുകളിലെ ചിത്രം]

യേശുവിന്റെ നിർദേശത്തിനു ചെവികൊടുത്തത്‌ ആദിമ ക്രിസ്‌ത്യാനികളുടെ ജീവൻ രക്ഷിച്ചു