വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ നമ്മുടെ പരിമിതികൾ മനസ്സിലാക്കുന്നു

അവൻ നമ്മുടെ പരിമിതികൾ മനസ്സിലാക്കുന്നു

ദൈവത്തോട്‌ അടുത്തുചെല്ലുക

അവൻ നമ്മുടെ പരിമിതികൾ മനസ്സിലാക്കുന്നു

ലേവ്യപുസ്‌തകം 5:2-11

“ഞാൻ കഠിനശ്രമം ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും ഞാൻ വേണ്ടത്ര ചെയ്യുന്നില്ലെന്ന തോന്നലായിരുന്നു എനിക്ക്‌.” ദൈവത്തെ പ്രസാദിപ്പിക്കാനുള്ള തന്റെ ശ്രമത്തെക്കുറിച്ച്‌ ഒരു സ്‌ത്രീ പറഞ്ഞതാണത്‌. തന്നെ പ്രസാദിപ്പിക്കാനായി തന്റെ ആരാധകർ ചെയ്യുന്ന കാര്യങ്ങളെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്‌? അവരുടെ സാഹചര്യങ്ങളും പരിമിതികളും അവൻ കണക്കിലെടുക്കുന്നുണ്ടോ? ഇതിന്‌ ഉത്തരം കണ്ടെത്താൻ മോശൈക ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന ചില യാഗങ്ങളെക്കുറിച്ച്‌ നമുക്ക്‌ അൽപ്പമായി ചിന്തിക്കാം. ലേവ്യപുസ്‌തകം 5:2-11-ലാണ്‌ അതേക്കുറിച്ചു പറഞ്ഞിരിക്കുന്നത്‌.

പാപപരിഹാരത്തിനായി ചില യാഗങ്ങൾ അർപ്പിക്കാൻ ദൈവം ന്യായപ്രമാണത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അറിയാതെ ചെയ്‌തുപോയ പാപങ്ങൾക്കുള്ള പരിഹാരമായിരുന്നു അവ. (2-4 വാക്യങ്ങൾ) പാപം ചെയ്‌ത വ്യക്തി തന്റെ തെറ്റു മനസ്സിലാക്കുമ്പോൾ അയാൾ അത്‌ ഏറ്റുപറഞ്ഞ്‌, “ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻ കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ” പാപയാഗമായി അർപ്പിക്കണമായിരുന്നു. (5, 6 വാക്യങ്ങൾ) എന്നാൽ ചെമ്മരിയാടിനെയോ കോലാടിനെയോ അർപ്പിക്കാനുള്ള സാമ്പത്തികശേഷി അയാൾക്ക്‌ ഇല്ലെങ്കിലോ? അയാൾ കടം വാങ്ങി അത്‌ അർപ്പിക്കണമായിരുന്നോ? അല്ലെങ്കിൽ, ആടിനെ വാങ്ങാനുള്ള പണം സ്വരൂപിക്കുന്നതുവരെ യാഗാർപ്പണം നീട്ടിവെക്കണമായിരുന്നോ?

ന്യായപ്രമാണത്തിലെ ഈ വാക്കുകളിൽ യഹോവയുടെ കരുണ പ്രതിഫലിക്കുന്നു: “ആട്ടിൻകുട്ടിക്കു അവന്നു വകയില്ലെങ്കിൽ താൻ ചെയ്‌ത പാപം നിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവെക്കു കൊണ്ടുവരേണം.” (7-ാം വാക്യം) “അവന്നു വകയില്ലെങ്കിൽ” എന്നത്‌ “അവന്‌ എത്തിപ്പിടിക്കാൻ കഴിയില്ലെങ്കിൽ” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്‌. ഒരു ഇസ്രായേല്യന്‌ ഒരു ആടിനെ അർപ്പിക്കാൻ വകയില്ലെങ്കിൽ അയാളുടെ ശേഷിക്കനുസരിച്ചുള്ളത്‌, അതായത്‌ രണ്ട്‌ കുറുപ്രാവിനെയോ രണ്ട്‌ പ്രാവിൻകുഞ്ഞിനെയോ, അർപ്പിച്ചാൽ മതിയായിരുന്നു.

ഇനി, രണ്ടുപക്ഷികളെ അർപ്പിക്കാൻ അയാൾക്കു വകയില്ലെങ്കിലോ? അപ്പോൾ അയാൾ, “പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി” കൊണ്ടുചെന്നാൽ മതിയായിരുന്നു. (11-ാം വാക്യം) തീരെ ദരിദ്രരായവരുടെ കാര്യത്തിൽ രക്തം കൂടാതെയുള്ള ഒരു പാപയാഗം സ്വീകരിക്കാൻപോലും യഹോവ മനസ്സുകാട്ടി. * ഇസ്രായേലിൽ ദാരിദ്ര്യംനിമിത്തം ആർക്കും, പാപങ്ങൾ പരിഹരിക്കപ്പെടാനോ ദൈവവുമായി അനുരഞ്‌ജനപ്പെടാനോ ഉള്ള അവസരം നഷ്ടപ്പെട്ടില്ല.

പാപയാഗങ്ങളെക്കുറിച്ച്‌ യഹോവ നൽകിയ നിയമങ്ങൾ അവനെക്കുറിച്ച്‌ എന്താണു വെളിപ്പെടുത്തുന്നത്‌? അവൻ സഹാനുഭൂതിയും പരിഗണനയും കാണിക്കുന്ന ദൈവമാണ്‌. തന്റെ ആരാധകരുടെ പരിമിതികൾ അവൻ കണക്കിലെടുക്കുന്നു. (സങ്കീർത്തനം 103:14) പ്രായാധിക്യമോ മോശമായ ആരോഗ്യമോ കുടുംബപ്രാരബ്ധങ്ങളോ ഒക്കെ ഉണ്ടെങ്കിലും യഹോവയോട്‌ അടുത്തുചെല്ലാനും അവനുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കാനും നമുക്കു സാധിക്കും. നാം അങ്ങനെ ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു. അതിനായി നാം നമ്മാലാവുന്നതു ചെയ്യുമ്പോൾ യഹോവ അതിൽ സംപ്രീതനാണെന്ന്‌ ഉറപ്പുണ്ടായിരിക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 7 ബലിയർപ്പിക്കപ്പെടുന്ന മൃഗത്തിന്റെ രക്തത്തിനായിരുന്നു പാപപരിഹാര മൂല്യം ഉണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ രക്തത്തെ ദൈവം പവിത്രമായി കരുതി. (ലേവ്യപുസ്‌തകം 17:11) ദരിദ്രർ അർപ്പിച്ചിരുന്ന ധാന്യമാവുകൊണ്ടുള്ള യാഗത്തിന്‌ ദൈവം മൂല്യംകൽപ്പിച്ചിരുന്നില്ല എന്ന്‌ അതിനർഥമുണ്ടോ? ഒരിക്കലുമില്ല. ആ യാഗങ്ങൾ അർപ്പിച്ചിരുന്നവരുടെ താഴ്‌മയും മനസ്സൊരുക്കവും യഹോവ തീർച്ചയായും വിലമതിച്ചിരുന്നു. കൂടാതെ, ദരിദ്രർ ഉൾപ്പെടെ മുഴുജനതയുടെയും പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായി, വർഷംതോറും പാപപരിഹാര ദിവസത്തിൽ മൃഗത്തിന്റെ രക്തം അർപ്പിക്കാൻ ദൈവം അനുശാസിച്ചിരുന്നു.—ലേവ്യപുസ്‌തകം 16:29, 30.