വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്‌പ്രവൃത്തികൾക്കായി ശുഷ്‌കാന്തി കാണിക്കുക!

സത്‌പ്രവൃത്തികൾക്കായി ശുഷ്‌കാന്തി കാണിക്കുക!

സത്‌പ്രവൃത്തികൾക്കായി ശുഷ്‌കാന്തി കാണിക്കുക!

“സകല അധർമത്തിൽനിന്നും നമ്മെ വീണ്ടെടുത്ത്‌ സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ള സ്വന്തജനമായി ശുദ്ധീകരിച്ചെടുക്കേണ്ടതിന്‌ ക്രിസ്‌തു നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചുവല്ലോ.”—തീത്തൊ. 2:14.

1. എ.ഡി. 33 നീസാൻ 10-ന്‌ യേശു ആലയത്തിലെത്തുമ്പോൾ എന്തു സംഭവിക്കുന്നു?

നീസാൻ 10, എ.ഡി. 33. പെസഹാ ആഘോഷത്തിന്‌ ഇനി ഏതാനും ദിവസങ്ങൾ മാത്രം. യെരുശലേമിലെ ആലയപരിസരം ആരാധകരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എവിടെയും ആഘോഷലഹരി. പെസഹാ ആഘോഷത്തിനായി വൈകാതെ യേശുവും ഇവിടെയെത്തും. അവൻ വരുമ്പോൾ എന്തായിരിക്കും സംഭവിക്കുക? മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷവിവരണങ്ങൾ പരിശോധിച്ചാൽ ആലയത്തിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവരെ അവൻ പുറത്താക്കിയതായി കാണാനാകും. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ പീഠങ്ങളും അവൻ മറിച്ചിടുന്നു. ഇത്‌ രണ്ടാംപ്രാവശ്യമാണ്‌ അവൻ ഇങ്ങനെ ചെയ്യുന്നത്‌. (മത്താ. 21:12; മർക്കോ. 11:15; ലൂക്കോ. 19:45) മൂന്നുവർഷംമുമ്പ്‌ അവൻ ഇങ്ങനെയൊരു നടപടി കൈക്കൊണ്ടിരുന്നു; അതെ, അവന്റെ ആ തീക്ഷ്‌ണതയ്‌ക്ക്‌ ഇപ്പോഴും തെല്ലും മങ്ങലേറ്റിട്ടില്ല.—യോഹ. 2:13-17.

2, 3. യേശുവിന്റെ ശുഷ്‌കാന്തി ആലയശുദ്ധീകരണത്തിൽമാത്രം ഒതുങ്ങിനിന്നില്ലെന്ന്‌ നാം എങ്ങനെ അറിയുന്നു?

2 ആലയം ശുദ്ധീകരിക്കുന്നതിനുവേണ്ടിമാത്രമല്ല അന്ന്‌ അവൻ ആ ശുഷ്‌കാന്തി കാണിച്ചതെന്ന്‌ മത്തായിയുടെ സുവിശേഷം പറയുന്നു. അവന്റെ അടുക്കൽവന്ന അന്ധരെയും മുടന്തരെയും അവൻ സൗഖ്യമാക്കി. (മത്താ. 21:14) ഇനി, ലൂക്കോസിന്റെ വിവരണത്തിൽനിന്ന്‌ “അവൻ ദിവസേന ആലയത്തിൽ പഠിപ്പിച്ചുപോന്നു” എന്നും നാം വായിക്കുന്നു. (ലൂക്കോ. 19:47; 20:1) അതെ, ശുശ്രൂഷയിലുടനീളം അവന്റെ തീക്ഷ്‌ണത ജ്വലിച്ചുനിന്നിരുന്നു.

3 യേശു, “സകല അധർമത്തിൽനിന്നും നമ്മെ വീണ്ടെടുത്ത്‌ സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ള സ്വന്തജനമായി ശുദ്ധീകരിച്ചെടുക്കേണ്ടതിന്‌ . . . നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചു” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ തീത്തൊസിന്‌ എഴുതുകയുണ്ടായി. (തീത്തൊ. 2:14) ഇന്ന്‌ നമുക്ക്‌ ഏതൊക്കെ വിധങ്ങളിൽ “സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തി” കാണിക്കാനാകും? യെഹൂദയിലെ ആ നല്ല രാജാക്കന്മാരുടെ തീക്ഷ്‌ണത നമുക്കെങ്ങനെ പ്രചോദനമേകും?

പ്രസംഗ-പഠിപ്പിക്കൽ വേലയ്‌ക്കായുള്ള തീക്ഷ്‌ണത

4, 5. യെഹൂദയിലെ നാലുരാജാക്കന്മാർ സത്‌പ്രവൃത്തികൾക്ക്‌ ശുഷ്‌കാന്തി കാണിച്ചതെങ്ങനെ?

4 ആസാ, യെഹോശാഫാത്ത്‌, ഹിസ്‌കീയാവ്‌, യോശീയാവ്‌ എന്നീ രാജാക്കന്മാർ വിഗ്രഹാരാധന ഉന്മൂലനം ചെയ്യാനായി വ്യാപകമായ പദ്ധതികൾ നടപ്പിലാക്കി. ആസാ “അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്‌തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്‌ഠകളെ വെട്ടിക്കളഞ്ഞു.” (2 ദിന. 14:3) സത്യാരാധനയെക്കുറിച്ചുള്ള തീക്ഷ്‌ണതയാൽ ജ്വലിച്ച യെഹോശാഫാത്ത്‌, “പൂജാഗിരികളെയും അശേരാപ്രതിഷ്‌ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു.”—2 ദിന. 17:6; 19:3. *

5 ഹിസ്‌കീയാവ്‌ സംഘടിപ്പിച്ച ഏഴുദിവസത്തെ പെസഹാപ്പെരുന്നാളിനുശേഷം, “വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്‌തംഭവിഗ്രഹങ്ങളെ തകർത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്‌ഠകളെ വെട്ടി പൂജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു.” (2 ദിന. 31:1) വെറും എട്ടുവയസ്സുള്ളപ്പോഴാണ്‌ യോശീയാവ്‌ രാജാവാകുന്നത്‌. ചരിത്രരേഖ പറയുന്നു: “അവന്റെ വാഴ്‌ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൌവനത്തിൽ തന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്‌ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി.” (2 ദിന. 34:3) സത്‌പ്രവൃത്തികൾക്ക്‌ ശുഷ്‌കാന്തിയുള്ളവരായിരുന്നു ഈ നാലുരാജാക്കന്മാരും.

6. യെഹൂദയിലെ വിശ്വസ്‌തരായ രാജാക്കന്മാർ ആവിഷ്‌കരിച്ച പദ്ധതികളോട്‌ നമ്മുടെ ശുശ്രൂഷയെ താരതമ്യം ചെയ്യാവുന്നത്‌ എന്തുകൊണ്ട്‌?

6 ഈ നാലുരാജാക്കന്മാരെപ്പോലെ ഇന്ന്‌ യഹോവയുടെ ജനവും സജീവമായ ഒരു പ്രവർത്തനത്തിൽ, വിഗ്രഹാരാധനയും മറ്റ്‌ വ്യാജോപദേശങ്ങളുംവിട്ട്‌ പുറത്തുവരാൻ ആളുകളെ സഹായിക്കുന്ന പ്രവർത്തനത്തിൽ, ഏർപ്പെട്ടിരിക്കുകയാണ്‌. എല്ലാത്തരം മനുഷ്യരെയും കണ്ടുമുട്ടാൻ നമുക്ക്‌ അവസരം നൽകുന്നതാണ്‌ വീടുതോറുമുള്ള പ്രവർത്തനം. (1 തിമൊ. 2:4) ഏഷ്യയിലുള്ള ഒരു പെൺകുട്ടിയുടെ കാര്യം ചിന്തിക്കാം. അവളുടെ അമ്മ പൂജാമുറിയിലെ അസംഖ്യം വിഗ്രഹങ്ങൾക്കുമുമ്പിൽ പൂജാകർമങ്ങൾ നടത്തുന്നത്‌ അവൾ കണ്ടിട്ടുണ്ട്‌. ആ പ്രതിമകൾക്കെല്ലാംകൂടി ഏതായാലും സത്യദൈവത്തെ പ്രതിനിധീകരിക്കാൻ സാധ്യമല്ല എന്ന്‌ അവൾ ചിന്തിക്കുമായിരുന്നു. അതുകൊണ്ട്‌ സത്യദൈവം ആരാണെന്ന്‌ അറിയിക്കണമേയെന്ന്‌ അവൾ പലപ്പോഴും പ്രാർഥിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ്‌ രണ്ടുസാക്ഷികൾ അവളുടെ വീട്ടിൽ വരുന്നത്‌. യഹോവ എന്നാണ്‌ സത്യദൈവത്തിന്റെ പേര്‌ എന്ന്‌ അവർ അവൾക്കു കാണിച്ചുകൊടുത്തു. വിഗ്രഹങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞതിൽ അവൾക്കെത്ര നന്ദി തോന്നിയെന്നോ! യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട്‌ അവൾ ഇപ്പോൾ വയൽശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നു.—സങ്കീ. 83:18; 115:4-8; 1 യോഹ. 5:21.

7. യെഹോശാഫാത്ത്‌ അയച്ച ഉപദേഷ്ടാക്കളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 വീടുതോറുമുള്ള ശുശ്രൂഷയിൽ നാം എത്ര സമഗ്രമായി നമ്മുടെ നിയമിത പ്രദേശം പ്രവർത്തിച്ചു തീർക്കുന്നുണ്ട്‌? തന്റെ വാഴ്‌ചയുടെ മൂന്നാം ആണ്ടിൽ യഹോവയുടെ നിയമങ്ങൾ ജനത്തെ പഠിപ്പിക്കുന്നതിനായി യെഹോശാഫാത്ത്‌ രാജാവ്‌ അഞ്ചുപ്രഭുക്കന്മാരെയും ഒമ്പതുലേവ്യരെയും രണ്ടുപുരോഹിതന്മാരെയും പട്ടണന്തോറും അയച്ചു. ചുറ്റുമുള്ള ജനതകൾപോലും യഹോവയെ ഭയപ്പെടാൻ അത്‌ ഇടയാക്കി, അത്ര ഫലപ്രദമായിരുന്നു അവരുടെ പ്രവർത്തനം. (2 ദിനവൃത്താന്തം 17:9, 10 വായിക്കുക.) വ്യത്യസ്‌ത ദിവസങ്ങളിൽ വ്യത്യസ്‌ത സമയത്ത്‌ വീടുകൾ സന്ദർശിക്കുന്നെങ്കിൽ വീട്ടിലെ പല അംഗങ്ങളെ കണ്ടുമുട്ടാനും സംസാരിക്കാനും അവസരം ലഭിച്ചേക്കും.

8. സാക്ഷ്യവേല നമുക്കെങ്ങനെ വിപുലീകരിക്കാനാകും?

8 ഇന്ന്‌ അനേകം ദൈവദാസർ സ്വന്തവീടുവിട്ട്‌ തീക്ഷ്‌ണരായ സാക്ഷികളുടെ ആവശ്യം ഏറെയുള്ള സ്ഥലങ്ങളിൽ പോയി പ്രവർത്തിക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്‌. നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാനാകുമോ? ഇനി അങ്ങനെ മറ്റൊരു സ്ഥലത്തുപോയി പ്രവർത്തിക്കാൻ സാധിക്കാത്തവർക്ക്‌ തങ്ങളുടെ പ്രദേശത്തുതന്നെയുള്ള ഭിന്നഭാഷക്കാരായ ആളുകളോട്‌ സുവാർത്ത അറിയിക്കാൻ ശ്രമിക്കാവുന്നതാണ്‌. 81 വയസ്സുള്ള റോൺ തന്റെ പ്രദേശത്ത്‌ പല ദേശക്കാരായ ആളുകളെ കണ്ടുമുട്ടാറുണ്ട്‌. അവരെ മനസ്സിൽക്കണ്ട്‌ അദ്ദേഹം 32 ഭാഷയിൽ അഭിവാദനം ചെയ്യാൻ പഠിക്കുകയുണ്ടായി! ഒരിക്കൽ തെരുവിൽവെച്ച്‌ കണ്ടുമുട്ടിയ ഒരു ആഫ്രിക്കൻ ദമ്പതികളെ അദ്ദേഹം അവരുടെ മാതൃഭാഷയായ യോറുബയിൽ അഭിവാദനം ചെയ്‌തു. എപ്പോഴെങ്കിലും ആഫ്രിക്കയിൽ പോയിട്ടുണ്ടോയെന്ന്‌ അവർ റോണിനോടു ചോദിച്ചു. “ഇല്ല” എന്നു പറഞ്ഞപ്പോൾ പിന്നെങ്ങനെ അവരുടെ ഭാഷ പഠിച്ചു എന്ന്‌ അവർക്ക്‌ അതിശയമായി. ഒരു നല്ല സാക്ഷ്യം നൽകാൻ റോണിന്‌ അവസരംകിട്ടി. അവർ സന്തോഷത്തോടെ ചില മാസികകൾ സ്വീകരിക്കുകയും റോണിന്‌ അവരുടെ അഡ്രസ്സ്‌ കൊടുക്കുകയും ചെയ്‌തു. ഒരു ബൈബിളധ്യയനം ക്രമീകരിക്കുന്നതിനായി റോൺ അത്‌ പ്രാദേശികസഭയ്‌ക്ക്‌ കൈമാറി.

9. ശുശ്രൂഷയിൽ ബൈബിളിൽനിന്നു വായിച്ചുകേൾപ്പിക്കുന്നത്‌ എത്ര പ്രധാനമാണ്‌? ഉദാഹരണം പറയുക.

9 യെഹോശാഫാത്ത്‌ അയച്ച ആ ഉപദേഷ്ടാക്കൾ “യഹോവയുടെ ന്യായപ്രമാണപുസ്‌തകവും” കൂടെക്കൊണ്ടുപോയിരുന്നു. ലോകത്തെവിടെ ആയിരുന്നാലും നാം ബൈബിൾ ഉപയോഗിച്ചാണ്‌ ആളുകളെ പഠിപ്പിക്കുന്നത്‌, കാരണം അത്‌ ദൈവത്തിന്റെ വചനമാണ്‌. ശുശ്രൂഷയിലായിരിക്കെ ബൈബിളിൽനിന്നു നേരിട്ടു വായിച്ചുകേൾപ്പിക്കാൻ നാമൊരു പ്രത്യേക ശ്രമം നടത്തുന്നു. അങ്ങനെ ചെയ്‌തതിന്റെ ഫലമായി നമ്മുടെ ഒരു സഹോദരിയായ ലിൻഡയ്‌ക്ക്‌ നല്ലൊരു അനുഭവം ഉണ്ടായി. അവൾ സന്ദർശിച്ച ഒരു വീട്ടിലെ വീട്ടമ്മ, ഭർത്താവ്‌ തളർന്നുകിടക്കുകയാണെന്നും അദ്ദേഹത്തിന്‌ തന്റെ പരിചരണം ആവശ്യമാണെന്നും സഹോദരിയോടു പറഞ്ഞു. എന്നിട്ട്‌ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്തുചെയ്‌തിട്ടാണോ ദൈവം എനിക്കിതു വരുത്തിയത്‌?” ഉടനെ ലിൻഡ ആ സ്‌ത്രീയോട്‌, “ആശ്വാസംതരുന്ന ഒരു കാര്യം കാണിച്ചുതരട്ടെ” എന്നു ചോദിച്ചിട്ട്‌ യാക്കോബ്‌ 1:13 വായിച്ചുകേൾപ്പിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: “നമ്മളും നമ്മുടെ വേണ്ടപ്പെട്ടവരുമൊക്കെ അനുഭവിക്കുന്ന ഈ ദുരിതങ്ങളൊന്നും ദൈവത്തിൽനിന്നുള്ള ശിക്ഷയല്ല.” ഇതു കേട്ടമാത്രയിൽ ആ വീട്ടുകാരി ലിൻഡയെ കെട്ടിപ്പിടിച്ചു. “ബൈബിളിൽനിന്ന്‌ സാന്ത്വനം പകരാൻ എനിക്കായി. ചിലപ്പോൾ നാം ബൈബിളിൽനിന്നു വായിച്ചുകേൾപ്പിക്കുന്ന വാക്യങ്ങൾ അവർ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്‌,” ലിൻഡ പറഞ്ഞു. അവരുടെ ആ സംഭാഷണം ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു.

തീക്ഷ്‌ണതയോടെ സേവിക്കുന്ന യുവജനങ്ങൾ

10. ക്രിസ്‌തീയ യുവജനങ്ങൾക്ക്‌ യോശീയാവ്‌ ഒരു നല്ല മാതൃകയായിരിക്കുന്നത്‌ എങ്ങനെ?

10 ബാലനായിരുന്നപ്പോൾമുതൽ യോശീയാവ്‌ സത്യാരാധനയ്‌ക്കുവേണ്ടി നിലകൊണ്ടു; വിഗ്രഹാരാധനയ്‌ക്കെതിരെ തീവ്രനടപടികൾ കൈക്കൊണ്ടപ്പോൾ അവന്‌ ഏതാണ്ട്‌ 20 വയസ്സേ ഉണ്ടായിരുന്നുള്ളൂ. (2 ദിനവൃത്താന്തം 34:1-3 വായിക്കുക.) ശുശ്രൂഷയിൽ ഇതേ ശുഷ്‌കാന്തി കാണിക്കുന്ന അസംഖ്യം യുവജനങ്ങൾ ഇന്ന്‌ യഹോവയുടെ സംഘടനയിലുണ്ട്‌.

11-13. യഹോവയെ തീക്ഷ്‌ണതയോടെ സേവിക്കുന്ന ഇന്നത്തെ യുവജനങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരു സാധാരണ പയനിയറാണ്‌ 18 വയസ്സുള്ള ഹന്ന. ഏതാണ്ട്‌ അഞ്ചുവർഷംമുമ്പ്‌, സ്‌കൂളിൽ അവൾ ഫ്രഞ്ചുഭാഷയും പഠിക്കുന്നുണ്ടായിരുന്നു. ആയിടയ്‌ക്കാണ്‌ അടുത്തുള്ള പട്ടണത്തിൽ ഒരു ഫ്രഞ്ചുഭാഷാക്കൂട്ടം രൂപീകൃതമായി എന്ന്‌ അവൾ അറിഞ്ഞത്‌. അവൾ പപ്പയുടെകൂടെ അവിടെ യോഗങ്ങൾക്കു പോയിത്തുടങ്ങി. ഇന്നവൾ ഫ്രഞ്ചുഭാഷാപ്രദേശത്ത്‌ ശുഷ്‌കാന്തിയോടെ പയനിയറിങ്‌ നടത്തുന്നു. നിങ്ങൾക്കും മറ്റൊരു ഭാഷ പഠിച്ചുകൊണ്ട്‌ യഹോവയെക്കുറിച്ച്‌ അറിയാൻ ആളുകളെ സഹായിക്കാനാകുമോ?

12 ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക (ഇംഗ്ലീഷ്‌) എന്ന വീഡിയോ കണ്ടത്‌ റേച്ചലിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. 1995-ലാണ്‌ അവൾ യഹോവയെ സേവിക്കാൻ തുടങ്ങിയത്‌. ആ കാലഘട്ടത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട്‌ അവൾ പറയുന്നു: “സത്യം എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ ഞാൻ വിചാരിച്ചത്‌.” അവൾ തുടരുന്നു: “എന്നാൽ, കാതലായിട്ടൊന്നും ഞാൻ ചെയ്യുന്നില്ലായിരുന്നുവെന്ന്‌ ആ വീഡിയോ കണ്ടപ്പോഴാണ്‌ എനിക്കു ബോധ്യമായത്‌. സത്യത്തിനുവേണ്ടി ഉണർന്നു പ്രവർത്തിക്കാനും ശുശ്രൂഷയും പഠനശീലങ്ങളും അഭിവൃദ്ധിപ്പെടുത്താനും ഞാൻ തീരുമാനിച്ചു.” റേച്ചൽ വരുത്തിയ ഈ മാറ്റത്തിന്റെ ഫലമെന്തായിരുന്നു? ശുഷ്‌കാന്തിയോടെ യഹോവയെ സേവിക്കുന്നുവെന്ന ചാരിതാർഥ്യം ഇപ്പോൾ അവൾക്കുണ്ട്‌. അവൾ പറയുന്നു: “യഹോവയുമായുള്ള എന്റെ ബന്ധം ദൃഢമായി, എന്റെ പ്രാർഥനകൾ അർഥപൂർണവും. എന്റെ പഠനത്തിന്‌ ആഴവും പരപ്പുമേറി. ബൈബിൾവിവരണങ്ങൾ എനിക്ക്‌ ജീവസുറ്റതായി. അങ്ങനെ ശുശ്രൂഷ ഞാനിപ്പോൾ നന്നായി ആസ്വദിക്കുന്നു. യഹോവയുടെ വചനം മറ്റുള്ളവരെ സമാശ്വസിപ്പിക്കുന്നതു കാണുമ്പോൾ എനിക്കുണ്ടാകുന്ന സംതൃപ്‌തി എത്രയെന്നോ!”

13 യുവജനങ്ങൾ ചോദിക്കുന്നു — ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കും? (ഇംഗ്ലീഷ്‌) എന്ന വീഡിയോയാണ്‌ ലൂക്കിന്‌ പ്രചോദനമായത്‌. ലൂക്ക്‌ എഴുതുന്നു: “അതുകണ്ടപ്പോൾ, എന്റെ ജീവിതം ഒന്നവലോകനം ചെയ്യണമെന്ന്‌ എനിക്കു തോന്നി. ഉന്നതവിദ്യാഭ്യാസമൊക്കെ നേടി സാമ്പത്തികഭദ്രത കൈവരിച്ചശേഷം ആത്മീയകാര്യങ്ങൾ ശ്രദ്ധിക്കാം എന്ന ഉപദേശമാണ്‌ പലയിടത്തുനിന്നും എനിക്കു കിട്ടിക്കൊണ്ടിരുന്നത്‌, അത്‌ എന്നെ കുറച്ചൊന്നുമല്ല ഭാരപ്പെടുത്തിയത്‌. അത്തരം ഉപദേശങ്ങൾ ആത്മീയപുരോഗതിക്ക്‌ ഒട്ടും നല്ലതല്ല, അത്‌ നമ്മെ പിന്നോട്ട്‌ വലിക്കുകയേയുള്ളൂ.” യുവജനങ്ങളേ, ഹന്നയെപ്പോലെ നിങ്ങളുടെ വിദ്യാഭ്യാസം ശുശ്രൂഷ വിപുലപ്പെടുത്തുന്നതിനായി ഉപയോഗിക്കാനാകുമോ? റേച്ചലിനെ അനുകരിച്ചുകൊണ്ട്‌ ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കരുതോ? പല യുവജനങ്ങളെയും കെണിയിലാഴ്‌ത്തുന്ന സ്വാധീനങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറാൻ ലൂക്കിനു സാധിച്ചു, നിങ്ങൾക്കതിനു കഴിയുമോ?

മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നതിലും ശുഷ്‌കാന്തി കാണിക്കുക

14. ഏതുതരത്തിലുള്ള ആരാധനയാണ്‌ യഹോവയ്‌ക്ക്‌ സ്വീകാര്യം, ഇന്ന്‌ അതത്ര എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

14 നാം ധാർമികശുദ്ധി പാലിച്ചെങ്കിൽമാത്രമേ യഹോവ നമ്മുടെ ആരാധന സ്വീകരിക്കൂ. “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ [ബാബിലോണിന്റെ] നടുവിൽനിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ” എന്ന്‌ യെശയ്യാവ്‌ മുന്നറിയിപ്പുനൽകി. (യെശ. 52:11) യെശയ്യാവ്‌ ഈ വാക്കുകൾ രേഖപ്പെടുത്തുന്നതിനു വളരെ മുമ്പുതന്നെ ആസാരാജാവ്‌ യെഹൂദയിൽനിന്ന്‌ അധാർമികതയുടെ വേരറുക്കാനുള്ള കർമപരിപാടികൾ സജീവമായി നടപ്പിലാക്കിയിരുന്നു. (1 രാജാക്കന്മാർ 15:11-13 വായിക്കുക.) “സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ള സ്വന്തജനമായി” തന്റെ അനുഗാമികളെ ശുദ്ധീകരിക്കുന്നതിനുവേണ്ടി യേശു തന്നെത്തന്നെ അർപ്പിച്ചുവെന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ തീത്തൊസിനോടു പറയുകയുണ്ടായി. (തീത്തൊ. 2:14) ഇന്നത്തെ ദുഷിച്ച സമൂഹത്തിൽ ധാർമികശുദ്ധി കാത്തുസൂക്ഷിക്കുക അത്ര എളുപ്പമല്ല, വിശേഷിച്ചും യുവജനങ്ങൾക്ക്‌. പരസ്യബോർഡുകൾ, ടെലിവിഷൻ, സിനിമ എന്നിങ്ങനെ ഇന്നെവിടെയും അശ്ലീലത്തിന്റെ അതിപ്രസരമാണ്‌; ഇന്റർനെറ്റിന്റെ കാര്യമൊട്ടു പറയുകയുംവേണ്ട. അശ്ലീലത്തിന്റെ മാലിന്യം പുരളാതിരിക്കാൻ പ്രായഭേദമെന്യേ സത്യാരാധകർ ഒരു പോരാട്ടംതന്നെ നടത്തേണ്ടതുണ്ട്‌.

15. അശ്ലീലം വെറുക്കാൻ നമ്മെ എന്തു സഹായിക്കും?

15 ശുഷ്‌കാന്തിയോടെ ദിവ്യമുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നെങ്കിൽ നമുക്ക്‌ അശ്ലീലത്തെ വെറുക്കാനാകും. (സങ്കീ. 97:10; റോമ. 12:9) ഒരു സഹോദരൻ പറഞ്ഞതുപോലെ, അശ്ലീലത്തിന്റെ “ശക്തമായ കാന്തികവലയത്തിൽനിന്ന്‌ പുറത്തുകടക്കണമെങ്കിൽ” അതിനെ അങ്ങേയറ്റം വെറുക്കണം. കാന്തികബലത്താൽ ഒട്ടിയിരിക്കുന്ന രണ്ടുലോഹക്കഷണങ്ങളെ വേർപെടുത്തണമെങ്കിൽ ആ ആകർഷണബലത്തെക്കാൾ ശക്തമായ ബലം പ്രയോഗിക്കേണ്ടിവരും. അശ്ലീലത്തിന്റെ കാന്തികവലയത്തിൽ അകപ്പെടാതിരിക്കാൻ നാം നടത്തേണ്ടിവരുന്ന ശ്രമവും സമാനമാണ്‌. അശ്ലീലത്തിന്‌ എത്ര ഹാനിവരുത്താനാകുമെന്ന്‌ തിരിച്ചറിയുന്നത്‌ അതിനെ അറപ്പോടെ വീക്ഷിക്കാൻ നമ്മെ സഹായിക്കും. ഇന്റർനെറ്റിലെ അശ്ലീലസൈറ്റുകൾ സന്ദർശിക്കുക പതിവാക്കിയിരുന്ന ഒരു സഹോദരന്‌ ആ ശീലത്തിൽനിന്ന്‌ പുറത്തുകടക്കാൻ കഠിനമായി ശ്രമിക്കേണ്ടിവന്നു. കുടുംബത്തിലെല്ലാവർക്കും കാണാവുന്ന ഒരു സ്ഥലത്തേക്ക്‌ തന്റെ കമ്പ്യൂട്ടർ മാറ്റിവെക്കുകയാണ്‌ അദ്ദേഹം ആദ്യം ചെയ്‌തത്‌. ഇതോടൊപ്പം മേലാൽ അശ്ലീലം വീക്ഷിക്കില്ലെന്നും സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തി കാണിക്കുമെന്നും അദ്ദേഹം നിശ്ചയിച്ചുറച്ചു. മറ്റൊരു കാര്യംകൂടി അദ്ദേഹം ചെയ്‌തു. ബിസിനസ്സ്‌ ആവശ്യങ്ങൾക്ക്‌ അദ്ദേഹത്തിന്‌ ഇന്റർനെറ്റ്‌ ഉപയോഗിക്കേണ്ടിയിരുന്നു, എന്നാൽ ഭാര്യയുടെ സാന്നിധ്യത്തിൽമാത്രമേ അത്‌ ഉപയോഗിക്കൂ എന്നും അദ്ദേഹം തീരുമാനിച്ചു.

സത്‌പെരുമാറ്റത്തിന്റെ മൂല്യം

16, 17. നമ്മുടെ സത്‌പെരുമാറ്റത്തിന്‌ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കാനാകും? ഉദാഹരണം പറയുക.

16 യഹോവയെ സേവിക്കുന്ന യുവതീയുവാക്കളുടെ സദ്‌ഭാവം അഭിനന്ദനീയമാണ്‌. നിരീക്ഷകരിൽ അതു ചെലുത്തുന്ന പ്രഭാവം വളരെ വലുതാണ്‌. (1 പത്രോസ്‌ 2:12 വായിക്കുക.) ലണ്ടൻ ബെഥേലിൽ ഒരു പ്രിന്റിങ്‌ മെഷീൻ സർവീസ്‌ ചെയ്യാനെത്തിയ ഒരാളുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്‌. അവിടെ ഒരു ദിവസം ജോലിചെയ്‌തുകഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളോടുള്ള അയാളുടെ വീക്ഷണം അപ്പാടെ മാറി. സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ മനോഭാവത്തിലുണ്ടായ ഈ മാറ്റം ശ്രദ്ധിച്ചു. സാക്ഷികൾ വീട്ടിൽവരുന്നത്‌ മുമ്പ്‌ അദ്ദേഹത്തിന്‌ താത്‌പര്യമില്ലായിരുന്നു. എന്നാൽ ബെഥേലിലെ ജോലിക്കുശേഷം വീട്ടിലെത്തിയ അദ്ദേഹത്തിന്‌ സാക്ഷികളെക്കുറിച്ച്‌ നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അത്രയ്‌ക്കു നല്ലരീതിയിലാണ്‌ അവിടെ സഹോദരങ്ങൾ അദ്ദേഹത്തോടു പെരുമാറിയത്‌. ഒരാൾപോലും സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നത്‌ അദ്ദേഹം കേട്ടില്ല, ക്ഷമയോടെയാണ്‌ എല്ലാവരും അദ്ദേഹത്തോട്‌ ഇടപെട്ടത്‌. എല്ലാവരും സമാധാനത്തോടെ ജോലിചെയ്യുന്ന ഹൃദ്യമായ ഒരു അന്തരീക്ഷം അദ്ദേഹത്തിന്‌ അവിടെ കാണാനായി. എന്നാൽ, യാതൊരു ശമ്പളവും കൈപ്പറ്റാതെ ചെറുപ്പക്കാരായ സഹോദരീസഹോദരന്മാർ തങ്ങളുടെ സമയവും ഊർജവുമെല്ലാം സുവാർത്ത പ്രസിദ്ധമാക്കാൻ സർവാത്മനാ വിനിയോഗിക്കുന്നതു കണ്ടതാണ്‌ അദ്ദേഹത്തിൽ ഏറെ മതിപ്പുളവാക്കിയത്‌.

17 ഇതുപോലെതന്നെയാണ്‌ കുടുംബംപുലർത്താൻ ലൗകികതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങളും. അവരും ആത്മാർഥമായി ജോലി ചെയ്യുന്നു. (കൊലോ. 3:23, 24) ഇങ്ങനെ ചെയ്യുന്നത്‌ പലപ്പോഴും തൊഴിൽഭദ്രത ഉറപ്പാക്കും. ആത്മാർഥമായി ജോലിചെയ്യുന്നവരെ തൊഴിലുടമകൾ എല്ലായ്‌പോഴും വിലമതിക്കുന്നു. അങ്ങനെയുള്ളവരെ നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിക്കില്ല.

18. “സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തി” കാണിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

18 യഹോവയിലുള്ള ആശ്രയത്വം, അവന്റെ മാർഗനിർദേശങ്ങളോടുള്ള അനുസരണം, യോഗസ്ഥലങ്ങളുടെ പരിപാലനം ഇവയൊക്കെ യഹോവയുടെ ഭവനത്തോടുള്ള നമ്മുടെ തീക്ഷ്‌ണത കാണിക്കാൻ കഴിയുന്ന മണ്ഡലങ്ങളാണ്‌. ഇതിനുപുറമേ, രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നമ്മാലാവോളം ചെയ്യണമെന്നാണ്‌ നമ്മുടെ ആഗ്രഹം. ഏതു പ്രായക്കാരായാലും യഹോവ വെച്ചിരിക്കുന്ന സംശുദ്ധമായ നിലവാരങ്ങൾക്കുവേണ്ടി നിലകൊള്ളുന്നെങ്കിൽ നമുക്ക്‌ ഏറെ സത്‌ഫലങ്ങൾ കൊയ്യാനാകും. അങ്ങനെ “സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ള” ഒരു ജനം എന്ന്‌ നമ്മെക്കുറിച്ച്‌ എക്കാലവും പറയാൻ ഇടവരട്ടെ!—തീത്തൊ. 2:14.

[അടിക്കുറിപ്പ്‌]

^ ഖ. 4 യഹോവയുടെ ആരാധന നടന്നിരുന്ന പൂജാഗിരികളൊഴിവാക്കി വ്യാജാരാധനയോടു ബന്ധപ്പെട്ടവയായിരുന്നിരിക്കാം ആസാ നീക്കിക്കളഞ്ഞത്‌. ഇനി, ആസായുടെ ഭരണത്തിനൊടുവിൽ പൂജാഗിരികൾ വീണ്ടും പണിയപ്പെട്ടിരിക്കാം എന്നതാണ്‌ മറ്റൊരു സാധ്യത. യെഹോശാഫാത്ത്‌ നശിപ്പിച്ചുകളഞ്ഞത്‌ ഈ പൂജാഗിരികളായിരിക്കാം.—1 രാജാ. 15:14; 2 ദിന. 15:17.

ബൈബിളിൽനിന്നും ആധുനികകാല ദൃഷ്ടാന്തങ്ങളിൽനിന്നും നിങ്ങൾ എന്തു പഠിച്ചു?

• പ്രസംഗ-പഠിപ്പിക്കൽ വേലയിൽ തീക്ഷ്‌ണത കാണിക്കുന്നതിനെക്കുറിച്ച്‌,

• ക്രിസ്‌തീയ യുവജനങ്ങൾക്ക്‌ സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തികാണിക്കാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച്‌,

• ഹാനികരമായ ശീലങ്ങളിൽനിന്നു പുറത്തുവരുന്നതിനെക്കുറിച്ച്‌.

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്ന പതിവു നിങ്ങൾക്കുണ്ടോ?

[15-ാം പേജിലെ ചിത്രം]

വിദ്യാർഥികൾ മറ്റൊരുഭാഷ സംസാരിക്കാൻ പഠിക്കുക; ശുശ്രൂഷ വിപുലപ്പെടുത്താൻ അതു സഹായിച്ചേക്കും