വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വസ്‌ത ഗൃഹവിചാരകനും അതിന്റെ ഭരണസംഘവും

വിശ്വസ്‌ത ഗൃഹവിചാരകനും അതിന്റെ ഭരണസംഘവും

വിശ്വസ്‌ത ഗൃഹവിചാരകനും അതിന്റെ ഭരണസംഘവും

“തന്റെ പരിചാരകഗണത്തിന്‌ യഥാസമയം അവരുടെ ആഹാരവിഹിതം കൊടുത്തുകൊണ്ടിരിക്കേണ്ടതിന്‌ യജമാനൻ അവരുടെമേൽ ആക്കിവെക്കുന്ന വിശ്വസ്‌തനും വിവേകിയുമായ ഗൃഹവിചാരകൻ ആർ?”—ലൂക്കോ. 12:42.

1, 2. അന്ത്യകാലത്തോടു ബന്ധപ്പെട്ട്‌ ഏതു ചോദ്യം യേശു ചോദിച്ചു?

അന്ത്യനാളുകളെ തിരിച്ചറിയിക്കുന്ന സംയുക്ത അടയാളം നൽകവെ, യേശു പിൻവരുന്ന ചോദ്യം ചോദിച്ചു: “വീട്ടുകാർക്കു തക്കസമയത്ത്‌ ഭക്ഷണം കൊടുക്കേണ്ടതിന്‌ യജമാനൻ അവരുടെമേൽ നിയോഗിച്ച വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?” വിശ്വസ്‌തതയ്‌ക്കുള്ള പ്രതിഫലമെന്നോണം ഈ അടിമയെ യജമാനൻ തന്റെ സകലസ്വത്തുക്കളുടെമേലും നിയോഗിക്കുമെന്ന്‌ യേശു തുടർന്നു പറഞ്ഞു.—മത്താ. 24:45-47.

2 ഏതാനും മാസങ്ങൾക്കുമുമ്പ്‌ സമാനമായൊരു ചോദ്യം യേശു ചോദിക്കുകയുണ്ടായി. (ലൂക്കോസ്‌ 12:42-44 വായിക്കുക.) അപ്പോൾ ആ ‘അടിമയെ’ ‘ഗൃഹവിചാരകൻ’ എന്നും ‘വീട്ടുകാരെ’ ‘പരിചാരകഗണം’ എന്നുമാണ്‌ അവൻ വിളിച്ചത്‌. ദാസന്മാരുടെമേൽ ആക്കിവെച്ചിരിക്കുന്ന ഒരു കാര്യസ്ഥനെയാണ്‌ ഗൃഹവിചാരകൻ എന്നു വിളിക്കുന്നത്‌. എന്നിരുന്നാലും ഗൃഹവിചാരകനും ഒരു ദാസനാണ്‌. ഈ അടിമ അഥവാ ഗൃഹവിചാരകൻ ആരാണ്‌? അവൻ എങ്ങനെയാണ്‌ ‘തക്കസമയത്ത്‌ ഭക്ഷണം കൊടുക്കുന്നത്‌’? ആത്മീയ ഭക്ഷണം വിതരണം ചെയ്യുന്ന ഈ സരണിയെ നാമെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടത്‌ അതിപ്രധാനമാണ്‌.

3. (എ) ക്രൈസ്‌തവലോകത്തിലെ വ്യാഖ്യാതാക്കളുടെ വീക്ഷണത്തിൽ “അടിമ” ആരാണ്‌? (ബി) ആരാണ്‌ “ഗൃഹവിചാരകൻ” അഥവാ “അടിമ”? (സി) ആരാണ്‌ ‘പരിചാരകഗണം’ അഥവാ “വീട്ടുകാർ”?

3 യേശുവിന്റെ ഈ വാക്കുകൾ, ക്രൈസ്‌തവ മതങ്ങളുടെ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരെ സൂചിപ്പിക്കുന്നുവെന്നാണ്‌ പലപ്പോഴും അവർക്കിടയിലെ വ്യാഖ്യാതാക്കൾ പറയുന്നത്‌. എന്നാൽ പല ക്രൈസ്‌തവ വിഭാഗങ്ങളിലായി അനേകം അടിമകൾ ഉണ്ടായിരിക്കുമെന്ന്‌ ദൃഷ്ടാന്തത്തിലെ ‘യജമാനനായ’ യേശു പറഞ്ഞില്ല. പ്രത്യുത, ഒരു ‘ഗൃഹവിചാരകനെ’ അഥവാ ഒരു ‘അടിമയെ’ തന്റെ സകല സ്വത്തുക്കളുടെമേലും നിയോഗിക്കുമെന്നാണ്‌ അവൻ പറഞ്ഞത്‌. ഈ മാസിക പലപ്പോഴും വിശദീകരിച്ചിട്ടുള്ളതുപോലെ, ഈ ‘ഗൃഹവിചാരകൻ’ അഭിഷിക്ത അനുഗാമികളുടെ കൂട്ടത്തെ ഒന്നാകെ അഥവാ അവരുടെ സംഘത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നു. ലൂക്കോസിന്റെ സുവിശേഷഭാഗത്തിന്റെ സന്ദർഭം പരിശോധിച്ചാൽ യേശു ഇവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നു പരാമർശിച്ചിരിക്കുന്നത്‌ കാണാനാകും. (ലൂക്കോസ്‌ 12:32) ‘പരിചാരകഗണം’ അഥവാ ‘വീട്ടുകാർ’ എന്നു പറഞ്ഞിരിക്കുന്നതും ഈ കൂട്ടത്തെത്തന്നെയാണെങ്കിലും, വ്യക്തികളെന്ന നിലയിലുള്ള അവരുടെ പങ്കിനെ പ്രദീപ്‌തമാക്കുന്നവയാണ്‌ ഈ പ്രയോഗങ്ങൾ. ഇപ്പോൾ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു: തക്ക സമയത്തെ ആത്മീയ ഭക്ഷണം പ്രദാനം ചെയ്യുന്നതിൽ ഈ അടിമവർഗത്തിലെ ഓരോ വ്യക്തിയും പങ്കുവഹിക്കുന്നുണ്ടോ? തിരുവെഴുത്തുകൾ പറയുന്നതെന്താണെന്നു പരിശോധിച്ചുകൊണ്ട്‌ നമുക്ക്‌ ഉത്തരം കണ്ടെത്താം.

യഹോവയുടെ ദാസൻ–മുൻകാലങ്ങളിൽ

4. പുരാതന ഇസ്രായേൽ ജനതയെ യഹോവ സംബോധനചെയ്‌തത്‌ എങ്ങനെ, എന്നാൽ അവരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ആർക്കുമാത്രമായിരുന്നു?

4 തന്റെ ജനമായ പുരാതന ഇസ്രായേൽ ജനതയെ ഒന്നാകെ യഹോവ ദാസൻ എന്നു സംബോധന ചെയ്‌തിട്ടുണ്ട്‌. യഹോവ ഇപ്രകാരം അരുളിച്ചെയ്‌തു: “നിങ്ങൾ [ബഹുവചനം] എന്റെ സാക്ഷികളും [ബഹുവചനം] ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും [ഏകവചനം] ആകുന്നു.” (യെശ. 43:10) ആ ജനതയിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ്‌ ഇവിടെ ‘ദാസൻ’ എന്നു പറഞ്ഞിരിക്കുന്നത്‌. എന്നാൽ ആ ജനതയെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം പുരോഹിതന്മാരും അല്ലാത്തവരുമായ ലേവ്യർക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ.—2 ദിന. 35:3; മലാ. 2:7.

5. യേശു പറഞ്ഞപ്രകാരം ഏതു മാറ്റം അനിവാര്യമായിരുന്നു?

5 യേശു പരാമർശിച്ച ആ അടിമ ഇസ്രായേൽ ജനത ആയിരുന്നോ? അല്ല. തന്റെ നാളിലെ യഹൂദന്മാരോടുള്ള അവന്റെ വാക്കുകളിൽനിന്ന്‌ നമുക്കിതു മനസ്സിലാക്കാം. “ദൈവരാജ്യം നിങ്ങളിൽനിന്ന്‌ എടുത്ത്‌ അതിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്‌ക്കു” കൊടുക്കുമെന്ന്‌ അവൻ പറയുകയുണ്ടായി. (മത്താ. 21:43) അതെ, ഒരു മാറ്റം അനിവാര്യമായിരുന്നു; ഒരു പുതിയ ജനതയെ യഹോവ തിരഞ്ഞെടുക്കാൻ പോകുകയായിരുന്നു. എന്നിരുന്നാലും, ആത്മീയ പ്രബോധനം നൽകുന്ന കാര്യത്തിൽ യേശുവിന്റെ ദൃഷ്ടാന്തത്തിലെ അടിമ, പുരാതന ഇസ്രായേലിന്റെ നാളിലെ ദൈവത്തിന്റെ ‘ദാസന്റെ’ പ്രവർത്തനമാതൃകയാണ്‌ അനുകരിക്കുന്നത്‌.

വിശ്വസ്‌ത അടിമ രംഗപ്രവേശം ചെയ്യുന്നു

6. എ.ഡി. 33-ൽ പിറവിയെടുത്ത പുതിയ ജനത ഏതാണ്‌, ആര്‌ അതിന്റെ ഭാഗമായിത്തീർന്നു?

6 ആത്മീയ ഇസ്രായേല്യർ ചേർന്ന്‌ രൂപംകൊണ്ടതാണ്‌ ആ പുതിയ ജനത, അതായത്‌ ‘ദൈവത്തിന്റെ ഇസ്രായേൽ.’ (ഗലാ. 6:16; റോമ. 2:28, 29; 9:6) ക്രിസ്‌തുശിഷ്യരുടെമേൽ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ ദൈവാത്മാവ്‌ പകരപ്പെട്ടതോടെയാണ്‌ ആ ജനത പിറവിയെടുത്തത്‌. ആ ജനത യജമാനനായ യേശുക്രിസ്‌തു നിയോഗിച്ച അടിമവർഗമായിത്തീർന്നു. പിൽക്കാലത്തുവന്ന എല്ലാ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളും ആ ജനതയുടെ ഭാഗമായി. സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള നിയോഗം ആ ജനതയിലെ ഓരോ അംഗത്തിനും ലഭിച്ചു. (മത്താ. 28:19, 20) എന്നാൽ തക്കസമയത്തെ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നതിൽ ഇതിലെ ഓരോ അംഗവും ഉൾപ്പെട്ടിരുന്നോ? തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്നു നോക്കാം.

7. തുടക്കത്തിൽ അപ്പൊസ്‌തലന്മാരുടെ മുഖ്യവേല എന്തായിരുന്നു, പിന്നീട്‌ മറ്റ്‌ എന്ത്‌ ഉത്തരവാദിത്വംകൂടി അവർക്കു കൈവന്നു?

7 യേശു പന്ത്രണ്ട്‌ അപ്പൊസ്‌തലന്മാരെ നിയമിച്ചപ്പോൾ അവരുടെ മുഖ്യ ഉത്തരവാദിത്വങ്ങളിലൊന്നായി അവൻ ഉദ്ദേശിച്ചത്‌ അവരെ സുവാർത്ത പ്രസംഗിക്കാൻ അയയ്‌ക്കുക എന്നതായിരുന്നു. (മർക്കോസ്‌ 3:13-15 വായിക്കുക.) അപ്പൊസ്റ്റൊലൊസ്‌ എന്ന ഗ്രീക്ക്‌ പദത്തിന്റെ അടിസ്ഥാന അർഥം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ നിയമനം. “അയയ്‌ക്കപ്പെടുക” എന്ന്‌ അർഥം വരുന്ന ഒരു ക്രിയാപദത്തിൽനിന്നാണ്‌ അപ്പൊസ്റ്റൊലൊസ്‌ എന്ന പദത്തിന്റെ നിഷ്‌പത്തി. എന്നാൽ ക്രിസ്‌തീയസഭ സ്ഥാപിതമാകാനുള്ള സമയം വന്നെത്തിയതോടെ അപ്പൊസ്‌തലന്മാർ “മേൽവിചാരക”സ്ഥാനത്തേക്കുവന്നു.—പ്രവൃ. 1:20-26.

8, 9. (എ) 12 അപ്പൊസ്‌തലന്മാരുടെ മുഖ്യശ്രദ്ധ എന്തിലായിരുന്നു? (ബി) ഭരണസംഘത്തിന്റെ അംഗീകാരത്തോടെ മറ്റാർക്കുകൂടി ഉത്തരവാദിത്വങ്ങൾ നൽകപ്പെട്ടു?

8 പന്ത്രണ്ട്‌ അപ്പൊസ്‌തലന്മാർ മുഖ്യമായും ശ്രദ്ധചെലുത്തിയത്‌ എന്തിലായിരുന്നു? പെന്തെക്കൊസ്‌ത്‌ നാളിനെ തുടർന്നുണ്ടായ സംഭവങ്ങൾ പരിശോധിച്ചാൽ നമുക്ക്‌ ഉത്തരം ലഭിക്കും. വിധവമാർക്ക്‌ ദിനന്തോറുമുള്ള ഭക്ഷ്യവിതരണത്തെച്ചൊല്ലി ഒരു തർക്കം ഉടലെടുത്തു. അപ്പോൾ പന്ത്രണ്ട്‌ അപ്പൊസ്‌തലന്മാർ ശിഷ്യന്മാരെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു: “ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നതു നിറുത്തിയിട്ട്‌ ഭക്ഷണമേശയ്‌ക്കൽ ഉപചരിക്കുന്നതു ശരിയല്ല.” (പ്രവൃത്തികൾ 6:1-6 വായിക്കുക.) അതുകൊണ്ട്‌ ആത്മീയ യോഗ്യതയുള്ള മറ്റു സഹോദരന്മാരെ അപ്പൊസ്‌തലന്മാർ “ഈ അവശ്യകാര്യത്തിനായി” നിയമിച്ചു. ഇതുവഴി അപ്പൊസ്‌തലന്മാർക്ക്‌ ‘വചനോപദേശത്തിൽ’ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുമായിരുന്നു. ഈ ക്രമീകരണത്തെ യഹോവ അനുഗ്രഹിച്ചു. ഫലമോ? “ദൈവവചനം അധികമധികം പ്രചരിക്കുകയും ശിഷ്യന്മാരുടെ എണ്ണം യെരുശലേമിൽ വളരെ വർധിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.” (പ്രവൃ. 6:7) അതെ, ആത്മീയ പോഷണം നൽകേണ്ട മുഖ്യചുമതല അപ്പൊസ്‌തലന്മാരിൽ നിക്ഷിപ്‌തമായിരുന്നു.—പ്രവൃ. 2:42.

9 പിന്നീട്‌ മറ്റുള്ളവർക്കും ഭാരിച്ച ഉത്തരവാദിത്വങ്ങൾ നൽകപ്പെട്ടു. അന്ത്യൊക്യസഭ പൗലോസിനെയും ബർന്നബാസിനെയും മിഷനറിമാരായി അയച്ചത്‌ പരിശുദ്ധാത്മാവിന്റെ നിർദേശാനുസരണമാണ്‌. ആദ്യത്തെ പന്ത്രണ്ടുപേരിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നെങ്കിലും ഇവരും അപ്പൊസ്‌തലന്മാർ എന്ന്‌ അറിയപ്പെട്ടു. (പ്രവൃ. 13:1-3; 14:14; ഗലാ. 1:19) അവരുടെ നിയമനത്തിന്‌ യെരുശലേമിലെ ഭരണസംഘത്തിന്റെ അംഗീകാരവും ലഭിക്കുകയുണ്ടായി. (ഗലാ. 2:7-10) വൈകാതെ, തന്റെ ആദ്യത്തെ നിശ്വസ്‌ത ലേഖനം എഴുതിക്കൊണ്ട്‌ പൗലോസും ആത്മീയ ഭക്ഷണം പ്രദാനം ചെയ്യുന്നതിൽ പങ്കാളിയായി.

10. ഒന്നാം നൂറ്റാണ്ടിൽ, ആത്മീയ ഭക്ഷണം തയ്യാറാക്കുന്നതിൽ എല്ലാ അഭിഷിക്ത ക്രിസ്‌ത്യാനികളും ഉൾപ്പെട്ടിരുന്നോ? വിശദമാക്കുക.

10 എന്നാൽ, പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നതിലും ആത്മീയ ഭക്ഷണം തയ്യാറാക്കുന്നതിലും ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ എല്ലാവരും ഉൾപ്പെട്ടിരുന്നോ? ഇല്ല. അപ്പൊസ്‌തലനായ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “എല്ലാവരും അപ്പൊസ്‌തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ?” (1 കൊരി. 12:29) ആത്മജനനം പ്രാപിച്ച എല്ലാ ക്രിസ്‌ത്യാനികളും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും ഏതാനുംപേർ—വെറും എട്ടുപുരുഷന്മാർ—മാത്രമാണ്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ 27 പുസ്‌തകങ്ങൾ എഴുതാൻ നിയുക്തരായത്‌.

വിശ്വസ്‌ത അടിമ—ആധുനിക കാലത്ത്‌

11. അടിമയെ അധികാരപ്പെടുത്തിയിരിക്കുന്ന ‘സ്വത്തുക്കൾ’ എന്തെല്ലാം?

11 വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം അന്ത്യകാലത്തും ഭൂമിയിൽ ഉണ്ടായിരിക്കുമെന്ന്‌ മത്തായി 24:45-ലെ യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. വെളിപാട്‌ 12:17-ൽ ഇവരെ സ്‌ത്രീയുടെ സന്തതിയിൽ ‘ശേഷിക്കുന്നവർ’ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഈ കൂട്ടത്തെ അഥവാ ശേഷിപ്പിനെ ക്രിസ്‌തു ഭൂമിയിലുള്ള തന്റെ സകല സ്വത്തുക്കളും ഭരമേൽപ്പിച്ചിരിക്കുന്നു. വിശ്വസ്‌ത ഗൃഹവിചാരകനെ ഏൽപ്പിച്ചിരിക്കുന്ന ഈ ‘സ്വത്തുക്കൾ’ എന്താണ്‌? ദൈവരാജ്യവുമായി ബന്ധപ്പെട്ട്‌ യജമാനന്‌ ഭൂമിയിലുള്ള സകലതും അതിൽ ഉൾപ്പെടുന്നുണ്ട്‌. ദൈവരാജ്യത്തിന്റെ ഭൗമിക പ്രജകളും സുവാർത്താഘോഷണത്തിന്‌ ഉപയോഗിക്കുന്ന എല്ലാ ഭൗതിക സൗകര്യങ്ങളും അതിന്റെ ഭാഗമാണ്‌.

12, 13. തനിക്ക്‌ സ്വർഗീയവിളിയുണ്ടെന്ന്‌ ഒരു ക്രിസ്‌ത്യാനിക്ക്‌ എങ്ങനെ അറിയാനാകും?

12 ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിൽപ്പെട്ട സ്വർഗീയ പ്രത്യാശയുള്ള ഒരാളാണോ താനെന്ന്‌ ഒരു ക്രിസ്‌ത്യാനിക്ക്‌ എങ്ങനെ അറിയാൻ കഴിയും? അപ്പൊസ്‌തലനായ പൗലോസിന്റെ വാക്കുകളിൽനിന്ന്‌ ഇതിനുള്ള ഉത്തരം ലഭിക്കും. തന്നോടൊപ്പം സ്വർഗീയവിളിയിൽ പങ്കുകാരായവർക്ക്‌ അവൻ എഴുതി: “ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഏവരും ദൈവത്തിന്റെ പുത്രന്മാർ ആകുന്നു. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, ‘അബ്ബാ, പിതാവേ’ എന്നു നാം വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ നിങ്ങൾ പ്രാപിച്ചത്‌. നാം ദൈവത്തിന്റെ മക്കളാകുന്നു എന്ന്‌ ആത്മാവുതന്നെ നമ്മുടെ ആത്മാവിനോടു സാക്ഷ്യം പറയുന്നു. അങ്ങനെ, നാം മക്കളെങ്കിൽ അവകാശികളുമാകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശികളുംതന്നെ. ഇപ്രകാരം നാം അവനോടൊപ്പം മഹത്ത്വീകരിക്കപ്പെടണമെങ്കിൽ അവനോടുകൂടെ കഷ്ടം അനുഭവിക്കേണ്ടതാകുന്നു.”—റോമ. 8:14-17.

13 ലളിതമായി പറഞ്ഞാൽ, ഈ വ്യക്തികൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരും സ്വർഗത്തിലേക്കുള്ള “വിളി” അഥവാ ക്ഷണം ലഭിച്ചവരുമാണ്‌. (എബ്രാ. 3:1) ഇവർക്കു വ്യക്തിപരമായി ലഭിക്കുന്ന ഈ ക്ഷണം ദൈവത്തിൽനിന്നുള്ളതാണ്‌. ദൈവമക്കളാകാനുള്ള ഈ ക്ഷണം യാതൊരു ഭയമോ സന്ദേഹമോ കൂടാതെ അവർ തത്‌ക്ഷണം സ്വീകരിക്കുന്നു. (1 യോഹന്നാൻ 2:20, 21 വായിക്കുക.) ഈ പ്രത്യാശ അവരാരും സ്വയം തിരഞ്ഞെടുക്കുന്നതല്ല; യഹോവ അവരെ തിരഞ്ഞെടുക്കുകയാണ്‌, തന്റെ പരിശുദ്ധാത്മാവിനെ അവരുടെമേൽ പകർന്നുകൊണ്ട്‌ അവൻ അവരെ മുദ്രയിടുന്നു.—2 കൊരി. 1:21, 22; 1 പത്രോ. 1:3, 4.

ശരിയായ വീക്ഷണം

14. തങ്ങൾക്കു ലഭിച്ച വിളിയെ അഭിഷിക്തർ എങ്ങനെ വീക്ഷിക്കുന്നു?

14 സ്വർഗീയ പ്രതിഫലത്തിനായി കാത്തിരിക്കവെ ഈ അഭിഷിക്തർ സ്വയം എങ്ങനെ വീക്ഷിക്കണം? മഹത്തായൊരു ക്ഷണം അവർക്കു ലഭിച്ചിട്ടുണ്ടെങ്കിലും അത്‌ ഒരു ക്ഷണം മാത്രമാണെന്ന്‌ അവർ തിരിച്ചറിയുന്നു. മരണത്തോളം വിശ്വസ്‌തരായിരുന്നാൽമാത്രമേ ആ സ്വർഗീയ സമ്മാനം അവർക്കു കൈപ്പറ്റാനാകൂ. താഴ്‌മയോടെ അവർ പൗലോസിന്റെ ഈ വാക്കുകളോടു യോജിക്കുന്നു: “സഹോദരന്മാരേ, അതു സ്വന്തമാക്കിക്കഴിഞ്ഞെന്നു ഞാൻ കരുതുന്നില്ല; എന്നാൽ ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത്‌ മറന്നും മുമ്പിലുള്ളതിനായി ആഞ്ഞുംകൊണ്ട്‌ ക്രിസ്‌തുയേശുവിലൂടെ ദൈവം നൽകുന്ന സ്വർഗീയവിളിയാകുന്ന സമ്മാനത്തിനായി ഞാൻ ലക്ഷ്യത്തിലേക്കു കുതിക്കുന്നു.” (ഫിലി. 3:13, 14) ‘അവർക്കു ലഭിച്ച വിളിക്കു യോഗ്യമാംവിധം നടക്കുന്നതിന്‌’ അഭിഷിക്തശേഷിപ്പ്‌ ‘തികഞ്ഞ വിനയത്തോടെയും,’ ‘ഭയത്തോടെയും വിറയലോടെയും’ പരമാവധി ശ്രമിക്കേണ്ടതുണ്ട്‌.—എഫെ. 4:1, 2; ഫിലി. 2:12; 1 തെസ്സ. 2:11.

15. സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരെ മറ്റു ക്രിസ്‌ത്യാനികൾ എങ്ങനെ വീക്ഷിക്കണം, അഭിഷിക്തർക്ക്‌ സ്വയം എങ്ങനെയുള്ള വീക്ഷണമാണ്‌ ഉണ്ടായിരിക്കേണ്ടത്‌?

15 എന്നാൽ തനിക്ക്‌ ആത്മാഭിഷേകം ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്ന ഒരാളെ മറ്റു ക്രിസ്‌ത്യാനികൾ എങ്ങനെ വീക്ഷിക്കണം? ആ വ്യക്തിയെ ആരും വിധിക്കാൻ പാടില്ല. അത്‌ ആ വ്യക്തിയും യഹോവയും തമ്മിലുള്ള കാര്യമാണ്‌. (റോമ. 14:12) എന്നിരുന്നാലും, യഥാർഥത്തിൽ ഈ അഭിഷേകം ലഭിച്ചിട്ടുള്ള ക്രിസ്‌ത്യാനികൾ പ്രത്യേക പരിഗണനകൾ ലഭിക്കണമെന്ന്‌ ആവശ്യപ്പെടുകയില്ല. അഭിഷിക്തരായതുകൊണ്ട്‌ തങ്ങൾക്ക്‌, ‘മഹാപുരുഷാരത്തിൽപ്പെട്ട’ പരിചയസമ്പന്നരായ ചില സഹോദരങ്ങൾക്ക്‌ ഉണ്ടായിരുന്നേക്കാവുന്നതിലും ആത്മീയഗ്രാഹ്യമുണ്ടെന്ന്‌ അവർ അവകാശപ്പെടുന്നില്ല. (വെളി. 7:9) ‘വേറെ ആടുകളിൽപ്പെട്ടവർക്ക്‌’ ഉള്ളതിനെക്കാൾ പരിശുദ്ധാത്മാവ്‌ തങ്ങൾക്കുണ്ടെന്നും അവർ വിചാരിക്കുന്നില്ല. (യോഹ. 10:16) പ്രത്യേക പരിചരണം അവർ പ്രതീക്ഷിക്കുന്നില്ല. ചിഹ്നങ്ങളിൽ പങ്കുപറ്റുന്നു എന്നതിനാൽ തങ്ങൾ സഭയിലെ മൂപ്പന്മാരെക്കാൾ ഉയർന്ന സ്ഥാനത്താണെന്ന്‌ അവർ അവകാശപ്പെടുന്നുമില്ല.

16-18. (എ) പുതിയ ആത്മീയസത്യങ്ങൾ വെളിപ്പെടുത്തുന്നതിൽ എല്ലാ അഭിഷിക്തരും ഉൾപ്പെടുന്നുണ്ടോ? ഉദാഹരിക്കുക. (ബി) അഭിഷിക്തരെന്ന്‌ അവകാശപ്പെടുന്ന ഓരോരുത്തരോടും ഭരണസംഘം അഭിപ്രായം ആരായേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

16 ഭൂമിയിലെമ്പാടുമുള്ള സകല അഭിഷിക്തരും പരസ്‌പരം ആശയവിനിമയം നടത്തിക്കൊണ്ട്‌ പുതിയ ആത്മീയസത്യങ്ങൾ വെളിപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നുണ്ടോ? ഇല്ല. വീട്ടിലുള്ളവർക്കെല്ലാം ആത്മീയ ഭക്ഷണം നൽകാനുള്ള ഉത്തരവാദിത്വം മൊത്തത്തിൽ അടിമവർഗത്തിനാണെങ്കിലും അതിലെ അംഗങ്ങൾക്കെല്ലാം ഒരേ ചുമതലകളും നിയോഗങ്ങളുമല്ല ഉള്ളത്‌. (1 കൊരിന്ത്യർ 12:14-18 വായിക്കുക.) ഒന്നാം നൂറ്റാണ്ടിൽ എല്ലാവരും അതിപ്രധാനമായ പ്രസംഗവേല ചെയ്യുന്നുണ്ടായിരുന്നുവെന്ന്‌ നാം മുമ്പു കണ്ടുവല്ലോ. എന്നാൽ, വളരെക്കുറച്ചുപേർ മാത്രമേ ബൈബിൾ പുസ്‌തകങ്ങൾ എഴുതുന്നതിനും ക്രിസ്‌തീയസഭയ്‌ക്ക്‌ മേൽനോട്ടം വഹിക്കുന്നതിനും നിയുക്തരാക്കപ്പെട്ടുള്ളൂ.

17 അതിനെ ഇങ്ങനെ ഉദാഹരിക്കാം: നീതിന്യായപരമായ കാര്യങ്ങൾ “സഭ” കൈകാര്യം ചെയ്യുന്നുവെന്ന്‌ പറയുന്ന സന്ദർഭങ്ങൾ നാം തിരുവെഴുത്തുകളിൽ കാണുന്നു. (മത്താ. 18:17) എന്നാൽ വാസ്‌തവത്തിൽ ഈ നടപടികൾ സ്വീകരിക്കുന്നത്‌ സഭയുടെ പ്രതിനിധികളെന്ന നിലയിൽ മൂപ്പന്മാർ മാത്രമാണ്‌. സഭയിലെ എല്ലാ അംഗങ്ങളോടും അവരുടെ അഭിപ്രായങ്ങൾ ചോദിച്ചതിനു ശേഷമല്ല മൂപ്പന്മാർ ഒരു തീരുമാനത്തിലെത്തുന്നത്‌. ദിവ്യാധിപത്യ ക്രമീകരണത്തിനു കീഴിൽ അവർക്കു ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വം മുഴുസഭയ്‌ക്കുംവേണ്ടി അവർ നിറവേറ്റുന്നു.

18 സമാനമായി, ഇന്ന്‌ വളരെ ചുരുക്കം അഭിഷിക്ത പുരുഷന്മാർക്കു മാത്രമാണ്‌ അടിമവർഗത്തെ പ്രതിനിധീകരിച്ച്‌ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വമുള്ളത്‌. അവരാണ്‌ യഹോവയുടെ സാക്ഷികളുടെ ഭരണസംഘമായി പ്രവർത്തിക്കുന്നത്‌. ആത്മാഭിഷിക്തരായ ഈ പുരുഷന്മാർ ദൈവരാജ്യത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ആത്മീയ പോഷണം നൽകുന്നതിലും മേൽനോട്ടം വഹിക്കുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിലേതുപോലെ, ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ്‌ ഭരണസംഘം അടിമവർഗത്തിലെ ഓരോ അംഗങ്ങളോടും അഭിപ്രായം ആരായുന്നില്ല. (പ്രവൃത്തികൾ 16:4, 5 വായിക്കുക.) എന്നിരുന്നാലും, അഭിഷിക്തരായ എല്ലാ സാക്ഷികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സുപ്രധാനമായ കൊയ്‌ത്തുവേലയിൽ വ്യാപൃതരാണ്‌. ഒരു കൂട്ടമെന്ന നിലയിൽ “വിശ്വസ്‌തനും വിവേകിയുമായ അടിമ” ഒരൊറ്റ ശരീരമാണ്‌. എന്നാൽ വ്യക്തികളെന്ന നിലയിൽ അവർക്കോരോരുത്തർക്കും നിർവഹിക്കാനുള്ളത്‌ വ്യത്യസ്‌ത കർത്തവ്യങ്ങളാണ്‌.—1 കൊരി. 12:19-26.

19, 20. വിശ്വസ്‌തനും വിവേകിയുമായ അടിമയോടും അതിന്റെ ഭരണസംഘത്തോടും മഹാപുരുഷാരത്തിൽപ്പെട്ടവർക്ക്‌ എന്തു മനോഭാവമാണ്‌ ഉണ്ടായിരിക്കേണ്ടത്‌?

19 ഇതുവരെ പരിചിന്തിച്ച കാര്യങ്ങളിൽനിന്ന്‌ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന, എണ്ണത്തിൽ പെരുകിവരുന്ന മഹാപുരുഷാരം എന്ത്‌ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌? രാജാവിന്റെ സ്വത്തായ അവർ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ പ്രതിനിധാനം ചെയ്യുന്ന ഭരണസംഘത്തിന്റെ എല്ലാ ക്രമീകരണങ്ങളോടും പൂർണമായി സഹകരിക്കാൻ സന്തോഷമുള്ളവരാണ്‌. ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന ആത്മീയ ഭക്ഷണത്തെ അവർ അതിയായി വിലമതിക്കുന്നു. എന്നാൽ, അടിമവർഗത്തെ ആദരിക്കുമ്പോഴും അതിന്റെ അംഗങ്ങൾ എന്ന്‌ അവകാശപ്പെടുന്ന ഏതെങ്കിലും വ്യക്തികൾക്ക്‌ ശ്രേഷ്‌ഠത കൽപ്പിക്കാതിരിക്കാൻ മഹാപുരുഷാരത്തിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്‌. യഥാർഥത്തിൽ ദൈവാത്മാവിനാൽ അഭിഷിക്തരായ ആരും ഇത്തരം പരിചരണങ്ങൾ ആവശ്യപ്പെടുകയോ പ്രതീക്ഷിക്കുകയോ ഇല്ല.—പ്രവൃ. 10:25, 26; 14:14, 15.

20 നാം, അഭിഷിക്തശേഷിപ്പിന്റെ ഭാഗമായ ‘വീട്ടുകാരായാലും’ മഹാപുരുഷാരത്തിൽപ്പെട്ടവരായാലും വിശ്വസ്‌ത ഗൃഹവിചാരകനോടും അതിന്റെ ഭരണസംഘത്തോടും പൂർണമായി സഹകരിക്കാം. നമുക്ക്‌ ഓരോരുത്തർക്കും ‘ജാഗരൂകരായിരുന്നുകൊണ്ട്‌’ അന്ത്യത്തോളം വിശ്വസ്‌തരെന്ന്‌ തെളിയിക്കാൻ ശ്രദ്ധിക്കാം!—മത്താ. 24:13, 42.

നിങ്ങൾ ഓർക്കുന്നുണ്ടോ?

• ആരാണ്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ”, ആരാണ്‌ “വീട്ടുകാർ”?

• തനിക്ക്‌ സ്വർഗീയവിളി ലഭിച്ചിട്ടുണ്ടെന്ന്‌ ഒരു വ്യക്തി അറിയുന്നതെങ്ങനെ?

• പുതിയ ആത്മീയസത്യങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം ആർക്കാണ്‌?

• അഭിഷിക്തനായ ഒരു വ്യക്തി സ്വയം എങ്ങനെ വീക്ഷിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

ഇന്ന്‌ ഭരണസംഘം വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തെ പ്രതിനിധാനം ചെയ്യുന്നു, ഒന്നാം നൂറ്റാണ്ടിലേതുപോലെ