വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയ്‌ക്ക്‌ ഞാൻ എന്തു പകരം നൽകും?

യഹോവയ്‌ക്ക്‌ ഞാൻ എന്തു പകരം നൽകും?

യഹോവയ്‌ക്ക്‌ ഞാൻ എന്തു പകരം നൽകും?

രൂത്ത്‌ ഡാനെ പറഞ്ഞപ്രകാരം

1933 ദുരന്തങ്ങളുടെ ഒരു വർഷമാണെന്ന്‌ തമാശയായി അമ്മ പറയാറുണ്ടായിരുന്നു. ഹിറ്റ്‌ലർ അധികാരത്തിൽവന്നതും ഞാൻ ജനിച്ചതും ആ വർഷമാണ്‌. വിശുദ്ധവർഷമായി പോപ്പ്‌ പ്രഖ്യാപിച്ചതും 1933-നെയാണ്‌.

ഫ്രാൻസിലെ ലൊറെയ്‌നിലുള്ള യുട്‌സ്‌ നഗരത്തിലായിരുന്നു എന്റെ മാതാപിതാക്കൾ താമസിച്ചിരുന്നത്‌. ചരിത്രമുറങ്ങുന്ന ആ പ്രദേശത്തുനിന്നു ജർമൻ അതിർത്തിയിലേക്ക്‌ ഏറെ ദൂരമില്ലായിരുന്നു. 1921-ൽ ആയിരുന്നു എന്റെ മാതാപിതാക്കളുടെ വിവാഹം. അമ്മ കത്തോലിക്കാവിശ്വാസിയും പപ്പ പ്രൊട്ടസ്റ്റന്റുകാരനുമായിരുന്നു. എന്റെ ചേച്ചി ഹെലൻ പിറന്നത്‌ 1922-ലാണ്‌, ചേച്ചിയെ കത്തോലിക്കാപള്ളിയിൽ മാമ്മോദീസാ മുക്കി.

ദൈവത്തിന്റെ കിന്നരം (മലയാളത്തിൽ ലഭ്യമല്ല) എന്ന പുസ്‌തകത്തിന്റെ ജർമൻ പതിപ്പ്‌ 1925-ൽ എന്റെ പപ്പയ്‌ക്കു ലഭിച്ചു. പുസ്‌തകം വായിച്ചപ്പോൾ താൻ സത്യം കണ്ടെത്തിയെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമായി. അതിന്റെ പ്രസാധകർക്ക്‌ അദ്ദേഹം എഴുതി, അവർ അദ്ദേഹത്തെ ബിബെൽഫോർഷറുകളുമായി (യഹോവയുടെ സാക്ഷികൾ ജർമനിയിൽ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ ഈ പേരിലാണ്‌) ബന്ധപ്പെടാൻ സഹായിച്ചു. താമസിയാതെ പഠിച്ചകാര്യങ്ങൾ അദ്ദേഹം മറ്റുള്ളവരുമായി പങ്കുവെയ്‌ക്കാൻ തുടങ്ങി. എന്നാൽ അമ്മയ്‌ക്ക്‌ അതൊട്ടും ഇഷ്ടമായില്ല. തന്റെ ഒരു പ്രത്യേകശൈലിയിൽ, ജർമൻ ഭാഷയിൽ അമ്മ പറയുമായിരുന്നു: “വേറെ എന്തും ചെയ്‌തോളൂ, പക്ഷേ ആ ബിബെൽഫോർഷറുകളുമായി യാതൊരു ഇടപാടും വേണ്ട!” എന്നാൽ ഇതൊന്നും കാര്യമാക്കാതെ 1927-ൽ പപ്പ സ്‌നാനമേറ്റു.

അതോടെ വല്യമ്മ (അമ്മയുടെ അമ്മ) എന്റെ അമ്മയെ വിവാഹമോചനത്തിന്‌ നിർബന്ധിച്ചുതുടങ്ങി. ഒരു കുർബാനയ്‌ക്കിടയിൽ പാതിരി ഇടവകക്കാരോടു പറഞ്ഞു: “ആ കള്ളപ്രവാചകൻ ഡാനെയെ സൂക്ഷിക്കണം.” കുർബാന കഴിഞ്ഞ്‌ വീട്ടിലെത്തിയ വല്യമ്മ മുകളിലത്തെ നിലയിൽനിന്ന്‌ വലിയൊരു പൂച്ചട്ടി എടുത്ത്‌ എന്റെ പപ്പയുടെ നേരെ എറിഞ്ഞു, അത്‌ പപ്പയുടെ തോളത്തുചെന്നുവീണു, ഭാഗ്യത്തിന്‌ തലയിൽകൊണ്ടില്ല. ഈ സംഭവം പക്ഷേ എന്റെ അമ്മയെ ചിന്തിപ്പിച്ചു: “ആളുകളെ കൊലപാതകികളാക്കുന്ന ഒരു മതം ഒരിക്കലും നല്ലതല്ല.” യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ അമ്മ വായിക്കാൻ തുടങ്ങി. സത്യം കണ്ടെത്തിയെന്ന്‌ തിരിച്ചറിഞ്ഞ അമ്മ, 1929-ൽ സ്‌നാനപ്പെടുകയും ചെയ്‌തു.

ഞാനും ചേച്ചിയും യഹോവയുമായി ഒരടുത്ത ബന്ധത്തിലേക്കുവരാൻ മാതാപിതാക്കൾ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്‌. ബൈബിൾ കഥകൾ വായിച്ചുകേൾപ്പിച്ചതിനുശേഷം, അതിലെ ഓരോ കഥാപാത്രങ്ങളും എന്തുചെയ്‌തുവെന്നും എന്തുകൊണ്ട്‌ അങ്ങനെ ചെയ്‌തുവെന്നും അവർ ഞങ്ങളോടു ചോദിക്കുമായിരുന്നു. അക്കാലങ്ങളിൽ എന്റെ പപ്പ രാത്രിയിലെയും വൈകുന്നേരങ്ങളിലെയും ഷിഫ്‌റ്റുകളിൽ ജോലിചെയ്യാൻ വിസമ്മതിച്ചു. ഇത്‌ കുടുംബവരുമാനത്തെ കാര്യമായി ബാധിച്ചെങ്കിലും ക്രിസ്‌തീയ യോഗങ്ങൾക്കും ശുശ്രൂഷയ്‌ക്കും ഞങ്ങളെ പഠിപ്പിക്കുന്നതിനുമൊക്കെ സമയം കണ്ടെത്താൻ ഇതുമൂലം അദ്ദേഹത്തിനായി.

കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു

സ്വിറ്റ്‌സർലൻഡിലും ഫ്രാൻസിലുംനിന്നുള്ള സഞ്ചാരമേൽവിചാരകന്മാർക്കും ബെഥേൽ അംഗങ്ങൾക്കും ആതിഥ്യമരുളാൻ ഞങ്ങളുടെ മാതാപിതാക്കൾ താത്‌പര്യം കാണിച്ചിരുന്നു. വീട്ടിൽനിന്ന്‌ ഏതാനും കിലോമീറ്റർമാത്രം ദൂരെയുള്ള ജർമനിയിൽ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച്‌ അവർ ഞങ്ങളോടു പറയുമായിരുന്നു. അന്നത്തെ നാസി ഭരണകൂടം യഹോവയുടെ സാക്ഷികളെ തടങ്കൽപാളയങ്ങളിലേക്ക്‌ അയച്ചുകൊണ്ടിരുന്നു; അവരുടെ കുട്ടികളെ മാതാപിതാക്കളിൽനിന്നും വേർപെടുത്തുകയും ചെയ്‌തു.

വരാൻപോകുന്ന അഗ്നിപരീക്ഷകൾ നേരിടാൻ എന്നെയും ഹെലനെയും മാതാപിതാക്കൾ ഒരുക്കിയിരുന്നു. മാർഗദർശനങ്ങൾ നൽകുന്ന ബൈബിൾ വാക്യങ്ങൾ ഓർത്തുവെക്കാൻ അവർ ഞങ്ങളെ പഠിപ്പിച്ചു. അവർ പറയാറുണ്ടായിരുന്നു: “എന്തു ചെയ്യണമെന്ന്‌ അറിയാൻപറ്റാതെ വരുമ്പോൾ, സദൃശവാക്യങ്ങൾ 3:5, 6 ഓർക്കുക. സ്‌കൂളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ 1 കൊരിന്ത്യർ 10:13-നെക്കുറിച്ചു ചിന്തിക്കുക. ഞങ്ങളിൽനിന്ന്‌ എപ്പോഴെങ്കിലും വേർപെട്ടുപോയാൽ സദൃശവാക്യങ്ങൾ 18:10 മറക്കാതിരിക്കുക.” സങ്കീർത്തനം 23-ഉം 91-ഉം ഞാൻ മനഃപാഠമാക്കി, യഹോവ എപ്പോഴും എന്നെ തുണയ്‌ക്കുമെന്ന വിശ്വാസം എന്നിൽ രൂഢമൂലമായിത്തുടങ്ങി.

നാസികൾ 1940-ൽ അൽസേസ്‌-ലോറേയ്‌ൻ പിടിച്ചെടുക്കുകയും എല്ലാ മുതിർന്ന പൗരന്മാരും നാസി പാർട്ടിയിൽ ചേരണമെന്ന്‌ അനുശാസിക്കുകയും ചെയ്‌തു. പപ്പ വിസമ്മതിച്ചു, അറസ്റ്റുചെയ്യുമെന്ന്‌ ഗസ്റ്റപ്പോ ഭീഷണിപ്പെടുത്തി. പട്ടാള യൂണിഫോമുകൾ ഉണ്ടാക്കാൻ തയ്യാറാകുന്നില്ലെന്നു കണ്ടപ്പോൾ ഗസ്റ്റപ്പോ അമ്മയെയും ഭീഷണിപ്പെടുത്തി.

സ്‌കൂൾ എനിക്കൊരു പേടിസ്വപ്‌നമായിരുന്നു. ഹിറ്റ്‌ലറിനുവേണ്ടിയുള്ള പ്രാർഥന, “ഹെയ്‌ൽ ഹിറ്റ്‌ലർ” സല്യൂട്ട്‌, വലതുകരം നീട്ടിപ്പിടിച്ചുകൊണ്ടുള്ള ദേശീയഗാനാലാപം എന്നിവയോടെയാണ്‌ ഓരോ ദിവസവും ക്ലാസ്സ്‌ തുടങ്ങിയിരുന്നത്‌. ഹിറ്റ്‌ലറെ സല്യൂട്ട്‌ ചെയ്യരുത്‌ എന്ന്‌ എന്നോടു പറയുന്നതിനുപകരം എന്റെ മനസ്സാക്ഷിയെ പരിശീലിപ്പിക്കാനാണ്‌ മാതാപിതാക്കൾ ശ്രമിച്ചത്‌. അതുകൊണ്ട്‌ സല്യൂട്ട്‌ ചെയ്യില്ല എന്ന തീരുമാനം എന്റേതുതന്നെയായിരുന്നു. ടീച്ചർമാർ എന്റെ കരണത്തടിക്കുകയും സ്‌കൂളിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എനിക്ക്‌ ഏഴുവയസ്സ്‌ ഉണ്ടായിരുന്നപ്പോൾ സ്‌കൂളിലെ 12 ടീച്ചർമാരുടെയും മുമ്പിലേക്ക്‌ എന്നെ വിളിച്ചുവരുത്തി. ‘ഹിറ്റ്‌ലർ സല്യൂട്ട്‌’ ചെയ്യാൻ അവർ എന്നെ നിർബന്ധിച്ചു. പക്ഷേ യഹോവയുടെ സഹായത്താൽ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

ഒരു ടീച്ചർ സ്‌നേഹം നടിച്ച്‌, ഞാൻ പഠിക്കാൻ മിടുക്കിയാണെന്നും എന്നെ ടീച്ചർക്കു വളരെ ഇഷ്ടമാണെന്നും സ്‌കൂളിൽനിന്നു പുറത്തായാൽ അത്‌ ടീച്ചറിനു സങ്കടമാകുമെന്നുമെല്ലാം എന്നോടു പറഞ്ഞു. “നീ കൈ നീട്ടിപ്പിടിക്കുകയൊന്നും വേണ്ടാ, ചെറുതായൊന്ന്‌ ഉയർത്തിയാൽമതി. ‘ഹെയ്‌ൽ ഹിറ്റ്‌ലർ!’ എന്നൊന്നും നീ പറയേണ്ട, വെറുതെ ചുണ്ടൊന്ന്‌ അനക്കിയാൽ മതി,” ടീച്ചർ പറഞ്ഞു.

ടീച്ചർ പറഞ്ഞ ഈ കാര്യങ്ങളൊക്കെ ഞാൻ അമ്മയോടു പറഞ്ഞു. ബാബിലോൺ രാജാവു നാട്ടിയ പ്രതിമയ്‌ക്കു മുമ്പിൽനിന്ന മൂന്ന്‌ എബ്രായ യുവാക്കളുടെ കഥയാണ്‌ അമ്മ അപ്പോൾ എന്നോടു പറഞ്ഞത്‌. “അവരോട്‌ എന്തു ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌?” അമ്മ ചോദിച്ചു. “കുമ്പിടാൻ,” ഞാൻ പറഞ്ഞു. അപ്പോൾ അമ്മ, “ആകട്ടെ ആ സമയത്ത്‌ കുമ്പിടുന്നതായി കാണിക്കണമായിരുന്നെങ്കിൽ ചെരുപ്പിന്റെ വള്ളികെട്ടാനായി അവർ കുനിഞ്ഞാൽ മതിയായിരുന്നല്ലോ. അത്‌ ശരിയാകുമായിരുന്നോ? നീയൊന്ന്‌ ചിന്തിച്ചു നോക്ക്‌, എന്നിട്ട്‌ ശരിയെന്നു തോന്നുന്നത്‌ ചെയ്യുക.” ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെഗൊ എന്നിവരെപ്പോലെ ഞാനും യഹോവയ്‌ക്കുമാത്രം എന്റെ ഭക്തികൊടുക്കാൻ തീരുമാനിച്ചു.—ദാനീ. 3:1, 13-18.

ടീച്ചർമാർ പലപ്രാവശ്യം എന്നെ സ്‌കൂളിൽനിന്നു പുറത്താക്കി, മാതാപിതാക്കളുടെ അടുക്കൽനിന്നും എന്നെ കൊണ്ടുപോകുമെന്നും അവർ പേടിപ്പിച്ചു. ഞാൻ ശരിക്കും പേടിച്ചുപോയി, പക്ഷേ, മാതാപിതാക്കൾ എന്നെ ആശ്വസിപ്പിച്ചു. ഞാൻ സ്‌കൂളിലേക്കു പോകുമ്പോൾ അമ്മ എന്നെ ചേർത്തുപിടിച്ച്‌ യഹോവയുടെ സംരക്ഷണത്തിനുവേണ്ടി പ്രാർഥിക്കുമായിരുന്നു. സത്യത്തിന്റെ പക്ഷത്ത്‌ ഉറച്ചുനിൽക്കാൻ യഹോവ എന്നെ സഹായിക്കുമെന്ന്‌ എനിക്കറിയാമായിരുന്നു. (2 കൊരി. 4:7) സ്‌കൂളിൽ പ്രശ്‌നങ്ങൾ കൂടുകയാണെങ്കിൽ വീട്ടിൽ പോരാൻ മടിക്കേണ്ടെന്ന്‌ പപ്പ പറഞ്ഞിട്ടുണ്ടായിരുന്നു. “ഒന്നുകൊണ്ടും പേടിക്കേണ്ട, നീ എന്നും ഞങ്ങളുടെ പൊന്നുമോളായിരിക്കും,” പപ്പ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. “ഇതു നീയും യഹോവയും തമ്മിലുള്ള കാര്യമാണ്‌,” എന്ന പപ്പയുടെ വാക്കുകൾ വിശ്വസ്‌തത കൈവിടാതിരിക്കാൻ എന്നെ സഹായിച്ചു.—ഇയ്യോ. 27:5.

സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ തേടിയും എന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാനുംവേണ്ടി ഗസ്റ്റപ്പോ ഇടയ്‌ക്കിടെ വീട്ടിൽ വരും. അവർ അമ്മയെ പിടിച്ചുകൊണ്ടുപോയി മണിക്കൂറുകളോളം ചോദ്യം ചെയ്യും, പപ്പയെയും ചേച്ചിയെയും അവരുടെ ജോലി സ്ഥലത്തുനിന്നും കൊണ്ടുപോകുമായിരുന്നു. സ്‌കൂളിൽനിന്നു വരുമ്പോൾ അമ്മയെ വീട്ടിൽ കാണാൻപറ്റുമോ എന്ന ചിന്തയായിരുന്നു എനിക്കെപ്പോഴും. ചിലപ്പോൾ ഒരു അയൽക്കാരി എന്നോടു പറയും “നിന്റെ അമ്മയെ അവർ കൊണ്ടുപോയി എന്ന്‌.” അപ്പോൾ, ഞാൻ വീട്ടിനുള്ളിൽകയറി മിണ്ടാതിരിക്കും. “അവർ അമ്മയെ ഉപദ്രവിക്കുകയാണോ? എനിക്കിനി അമ്മയെ കാണാൻ കഴിയുമോ?” എന്നെല്ലാമായിരിക്കും എന്റെ ചിന്ത.

തടങ്കൽപ്പാളയങ്ങളിലേക്ക്‌

1943 ജനുവരി 28 വെളുപ്പിന്‌ മൂന്നരയ്‌ക്ക്‌ ഗസ്റ്റപ്പോ ഞങ്ങളെ വിളിച്ചുണർത്തി. ഞങ്ങൾ നാലുപേരും നാസി പാർട്ടിയിൽ ചേരുകയാണെങ്കിൽ ഞങ്ങളെ നാടുകടത്തുകയില്ലെന്ന്‌ അവർ പറഞ്ഞു. മൂന്നുമണിക്കൂർ സമയം അനുവദിച്ചു. എന്നാൽ ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടിക്കണ്ടുകൊണ്ട്‌ അമ്മ നേരത്തെതന്നെ ഒരു ബൈബിളും കുറച്ചു വസ്‌ത്രങ്ങളുമൊക്കെ എടുത്ത്‌ ബാഗുകൾ തയ്യാറാക്കി വെച്ചിരുന്നു. അതുകൊണ്ട്‌ പ്രാർഥിക്കാനും പരസ്‌പരം ആശ്വസിപ്പിക്കാനും ആ സമയം ഞങ്ങൾ വിനിയോഗിച്ചു. ‘ദൈവസ്‌നേഹത്തിൽനിന്ന്‌ യാതൊന്നിനും ഞങ്ങളെ പിരിക്കാനാവില്ലെന്ന്‌’ പപ്പ ഞങ്ങളെ ഓർമിപ്പിച്ചു.—റോമ. 8:35-39.

പറഞ്ഞതുപോലെ ഗസ്റ്റപ്പോ തിരിച്ചുവന്നു. അൻഗ്ലെഡ്‌ എന്ന പ്രായംചെന്ന ഒരു സഹോദരി കണ്ണുനീരോടെ ഞങ്ങളെ യാത്രയാക്കി. ആ രംഗം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. ഗസ്റ്റപ്പോ ഞങ്ങളെ മെറ്റ്‌സ്‌ എന്ന സ്ഥലത്തെ റെയിൽവേസ്റ്റേഷനിലേക്കു കൊണ്ടുപോയി. മൂന്നു ദിവസത്തെ ട്രെയിൻയാത്രയ്‌ക്കൊടുവിൽ ഞങ്ങൾ കൊച്ച്‌ളൊവിസിൽ എത്തി. പോളണ്ടിലെ ഓഷ്‌വിറ്റ്‌സ്‌ ക്യാമ്പിന്റെ ഒരു ഉപക്യാമ്പ്‌ ആയിരുന്നു ഇത്‌. രണ്ടു മാസത്തിനുശേഷം ഞങ്ങളെ ഗ്ലിവിസ്‌ തൊഴിൽപ്പാളയത്തിലേക്കു മാറ്റി. മുമ്പ്‌ അതൊരു കോൺവെന്റായിരുന്നു. വിശ്വാസം തള്ളിപ്പറയുന്ന ഒരു രേഖയിൽ ഒപ്പുവെച്ചാൽ ഞങ്ങളെ വിട്ടയയ്‌ക്കാമെന്നും സ്വത്തുക്കൾ തിരികെത്തരാമെന്നും നാസികൾ പറഞ്ഞു. മാതാപിതാക്കൾ അതു നിരസിച്ചു. “വീട്ടിലേക്കുപോകാമെന്ന്‌ ഇനി വിചാരിക്കേണ്ട,” നാസികൾ പറഞ്ഞു.

ജൂണിൽ ഞങ്ങളെ സ്വിച്ച്‌ളൊവിസിലേക്ക്‌ മാറ്റി. അവിടെവെച്ച്‌ തുടങ്ങിയ തലവേദന ഇന്നും എന്നെ അലട്ടുന്നുണ്ട്‌. എന്റെ വിരലുകളിൽ അണുബാധയുണ്ടായി. ഡോക്‌ടർ എന്റെ പല നഖങ്ങളും നീക്കംചെയ്‌തു; അതും മരവിപ്പിക്കാതെ. കാവൽക്കാർക്ക്‌ ഓരോ സാധനങ്ങൾ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു അവിടത്തെ എന്റെ ജോലി. അതുകൊണ്ട്‌ ചില ഗുണങ്ങളൊക്കെ ഉണ്ടായി. ഇടയ്‌ക്കിടെ ബേക്കറിയിൽ പോകേണ്ടിയിരുന്നതിനാൽ അവിടെ ജോലി ചെയ്‌തിരുന്ന സ്‌ത്രീ എന്തെങ്കിലുമൊക്കെ എനിക്ക്‌ കഴിക്കാൻ തരുമായിരുന്നു.

അതുവരെ ഞങ്ങൾ മറ്റു തടവുകാരിൽനിന്നും മാറി ഒരു കുടുംബമായിട്ടാണ്‌ താമസിച്ചിരുന്നത്‌. 1943 ഒക്‌ടോബറിൽ ഞങ്ങളെ സോബ്‌കോവിസ്‌ ക്യാമ്പിലേക്ക്‌ അയച്ചു. ഒരു തട്ടിൻപുറത്ത്‌ മറ്റ്‌ 60-ഓളം സ്‌ത്രീപുരുഷന്മാരോടും കുട്ടികളോടുമൊപ്പമായിരുന്നു ഞങ്ങളുടെ താമസം. കേടായതും കഴിക്കാൻ പറ്റാത്തതുമായ ആഹാരമാണ്‌ നാസിപട്ടാളക്കാർ ഞങ്ങൾക്കു തന്നത്‌.

ഈ കഷ്ടപ്പാടുകളൊക്കെ ഉണ്ടായിട്ടും ഞങ്ങൾ പ്രത്യാശ കൈവിട്ടില്ല. ഈ യുദ്ധത്തിനുശേഷം നടക്കേണ്ടിയിരുന്ന ബൃഹത്തായ പ്രസംഗവേലയെക്കുറിച്ച്‌ ഞങ്ങൾ വീക്ഷാഗോപുരത്തിൽനിന്നു വായിച്ചിരുന്നു. എന്തുകൊണ്ടാണ്‌ ഈ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുന്നതെന്നും ഇതെല്ലാം പെട്ടെന്ന്‌ അവസാനിക്കുമെന്നും ഞങ്ങൾക്കറിയാമായിരുന്നു.

നാസികൾ യുദ്ധത്തിൽ തോൽക്കുകയാണെന്നും സഖ്യകക്ഷികൾ മുന്നേറുകയാണെന്നും ഞങ്ങളറിഞ്ഞു. 1945-കളുടെ തുടക്കത്തിൽ ഞങ്ങളുടെ ക്യാമ്പ്‌ ഉപേക്ഷിക്കാൻ നാസികൾ തീരുമാനിച്ചു. ഞങ്ങളെയെല്ലാവരെയും 240 കിലോമീറ്റർ ദൂരെ, ജർമനിയിലുള്ള സ്റ്റീൻഫെൽസിലേക്ക്‌ നടത്തിക്കൊണ്ടുപോകാൻ തീരുമാനമായി; ഫെബ്രുവരി 19-ാം തീയതി ഞങ്ങളുടെ യാത്ര ആരംഭിച്ചു. നാല്‌ ആഴ്‌ചകൾക്കുശേഷം അവിടെയെത്തിയ ഞങ്ങളെയെല്ലാം ഗാർഡുകൾ ഒരു ഖനിയിലേക്കു കൊണ്ടുപോയി. പലരും വിചാരിച്ചത്‌ കൊല്ലാൻ കൊണ്ടുപോകുകയാണെന്നാണ്‌. എന്നാൽ ആ ദിവസംതന്നെ സഖ്യകക്ഷികൾ അവിടെയെത്തി, നാസി പട്ടാളം ജീവനുംകൊണ്ടോടി, അങ്ങനെ ഞങ്ങളുടെ യാതനകൾക്കൊരു വിരാമമായി.

എന്റെ ലക്ഷ്യങ്ങളിലേക്ക്‌...

1945 മേയ്‌ അഞ്ച്‌. ഏകദേശം രണ്ടരവർഷത്തെ പ്രവാസത്തിനുശേഷം ഞങ്ങൾ യുട്ട്‌സിലുള്ള വീട്ടിൽ തിരിച്ചെത്തി. ദേഹം മുഴുവൻ അഴുക്കും ചെള്ളും ആയിരുന്നു. ധരിച്ചിരുന്ന വസ്‌ത്രം മാറാൻ പോലും ഫെബ്രുവരിമുതൽ ഞങ്ങൾക്ക്‌ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട്‌ അവ കത്തിച്ചുകളയാൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോൾ അമ്മ പറഞ്ഞത്‌ ഞാൻ ഇന്നും ഓർക്കുന്നു: “ഇതാണ്‌ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ ദിവസം. ഇപ്പോൾ നമുക്ക്‌ ഒന്നുമില്ല; ഈ വസ്‌ത്രംപോലും നമ്മുടേതല്ല. എങ്കിലും നമ്മൾ നാലുപേരും വിശ്വസ്‌തരായിത്തന്നെ മടങ്ങിയെത്തി, ഒട്ടും വിട്ടുവീഴ്‌ച ചെയ്യാതെ.”

ആരോഗ്യമൊക്കെ വീണ്ടെടുക്കാൻ സ്വിറ്റ്‌സർലൻഡിൽ മൂന്നുമാസം ചെലവഴിച്ചതിനുശേഷം ഞാൻ സ്‌കൂളിൽ വീണ്ടും ചേർന്നു; പുറത്താക്കപ്പെടുമെന്ന പേടിയില്ലാതെ. ആത്മീയ സഹോദരങ്ങളെ കാണാനും സുവാർത്ത പ്രസംഗിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു. 1947 ആഗസ്റ്റ്‌ 28-ന്‌ 13-ാമത്തെ വയസ്സിൽ ഞാൻ സ്‌നാനമേറ്റു, അങ്ങനെ വർഷങ്ങൾക്കു മുമ്പ്‌ യഹോവയ്‌ക്കുകൊടുത്ത വാക്ക്‌ ഞാൻ നിറവേറ്റി. മോസെല്ലീ നദിയിൽ പപ്പയാണ്‌ എന്നെ സ്‌നാനപ്പെടുത്തിയത്‌. എത്രയുംവേഗം പയനിയറിങ്‌ തുടങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഒരു തൊഴിൽ പഠിച്ചിട്ടാകാം എന്നു പപ്പ ഉപദേശിച്ചു. അങ്ങനെ ഞാൻ തയ്യൽ പഠിച്ചു. 1951-ൽ 17-ാമത്തെ വയസ്സിൽ പയനിയറായി എനിക്കു നിയമനം ലഭിച്ചു; അവിടെ അടുത്തുതന്നെയുള്ള തിയോൺവില്ലിലായിരുന്നു നിയമനം.

ആ വർഷം പാരീസിൽ നടന്ന ഒരു സമ്മേളനത്തിൽ ഞാൻ സംബന്ധിച്ചു; മിഷനറി സേവനത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. പക്ഷേ എനിക്കപ്പോൾ അതിനുള്ള പ്രായം തികഞ്ഞിരുന്നില്ല. അതുകൊണ്ട്‌ എന്റെ അപേക്ഷ പിന്നീടു പരിഗണിക്കാമെന്ന്‌ നേഥൻ നോർ സഹോദരൻ പറഞ്ഞു. 1952 ജൂണിൽ, എനിക്ക്‌ ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിൽവെച്ചു നടക്കാനിരുന്ന ഗിലെയാദ്‌ സ്‌കൂളിന്റെ 21-ാമത്തെ ക്ലാസിൽ സംബന്ധിക്കാനുള്ള ക്ഷണം ലഭിച്ചു.

ഗിലെയാദും അതിനുശേഷവും

ഗിലെയാദ്‌! അതിന്റെ ഓർമകൾ ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. ആളുകളുടെയൊക്കെ മുമ്പിൽ എന്റെ മാതൃഭാഷയിൽപ്പോലും സംസാരിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു. ഇപ്പോഴിതാ എനിക്ക്‌ ഇംഗ്ലീഷിൽ സംസാരിച്ചേ മതിയാകൂ. എന്നാൽ എന്റെ അധ്യാപകർ എന്നെ സ്‌നേഹപുരസ്സരം പിന്തുണച്ചു. എനിക്കു നാണംവരുമ്പോൾ എന്റെ മുഖത്തൊരു ചിരി വിടരും, അതുകൊണ്ട്‌ ഒരു സഹോദരൻ എനിക്കൊരു പേരിട്ടു, ‘രാജ്യപുഞ്ചിരി.’

ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽവെച്ച്‌ 1953 ജൂലൈ 19-ന്‌ ആയിരുന്നു ബിരുദദാനച്ചടങ്ങ്‌. ഐഡാ കാൻഡൂസോയോടൊപ്പം എന്നെ പാരീസിലേക്ക്‌ നിയമിച്ചു. പാരീസിലെ ധനികരോട്‌ പ്രസംഗിക്കാൻ എനിക്കു ഭയമായിരുന്നു. എന്നാൽ എളിയവരായ ഒട്ടനവധിയാളുകളോടൊപ്പം ബൈബിളധ്യയനം നടത്താൻ എനിക്കവസരമുണ്ടായി. 1956-ൽ ഐഡ വിവാഹിതയായി ആഫ്രിക്കയിലേക്കു പോയി; ഞാൻ പാരീസിൽത്തന്നെ തുടർന്നു.

1960-ൽ ബെഥേലിലുള്ള ഒരു സഹോദരനെ ഞാൻ വിവാഹം കഴിച്ചു. ഷോമോങ്ങിലും വിച്ചിയിലും ഞങ്ങൾ പ്രത്യേക പയനിയർമാരായി സേവിച്ചു. അഞ്ചുവർഷം കഴിഞ്ഞ്‌ ക്ഷയരോഗം ബാധിച്ചതിനാൽ എനിക്ക്‌ പയനിയറിങ്‌ നിറുത്തേണ്ടിവന്നു. എനിക്കതു സഹിക്കാൻ കഴിഞ്ഞില്ല, കാരണം ചെറുപ്പംമുതൽക്കേയുള്ള എന്റെ ആഗ്രഹമായിരുന്നു മുഴുസമയശുശ്രൂഷ ചെയ്യണമെന്നുള്ളത്‌. കുറച്ചുനാൾ കഴിഞ്ഞ്‌ ഭർത്താവ്‌ മറ്റൊരു സ്‌ത്രീയുടെ കൂടെപ്പോയി. ജീവിതത്തിലെ ഇരുളടഞ്ഞ ആ സമയങ്ങളിൽ സഹോദരങ്ങൾ എനിക്കു സാന്ത്വനമേകി. എല്ലായ്‌പോഴും യഹോവ എന്റെ ഭാരങ്ങൾ ചുമന്നു.—സങ്കീ. 68:19.

ഞാൻ ഇപ്പോൾ നോർമണ്ടിയിലെ ലൂവ്യയിലാണ്‌ താമസം; ഫ്രാൻസിലെ ബ്രാഞ്ച്‌ ഓഫീസിനടുത്ത്‌. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും എനിക്ക്‌ ജീവിതത്തിലുടനീളം യഹോവയുടെ കൈത്താങ്ങൽ അനുഭവിച്ചറിയാനാകുന്നു. കുട്ടിക്കാലത്തു ലഭിച്ച ആ നല്ല പരിശീലനമാണ്‌ ഇപ്പോഴും നല്ല ഒരു മനോഭാവം കാത്തുസൂക്ഷിക്കാൻ എന്നെ സഹായിക്കുന്നത്‌. എനിക്കു സ്‌നേഹിക്കാനും മനസ്സുതുറക്കാനും കഴിയുന്ന, എന്റെ പ്രാർഥനകൾ കേൾക്കുന്ന ഒരു യഥാർഥ വ്യക്തിയാണ്‌ യഹോവ എന്ന്‌ എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരുന്നു. അതെ, “യഹോവ എനിക്കു ചെയ്‌ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?”—സങ്കീ. 116:12.

[6-ാം പേജിലെ ആകർഷക വാക്യം]

“ജീവിതത്തിലുടനീളം യഹോവയുടെ കൈത്താങ്ങൽ എനിക്ക്‌ അനുഭവിച്ചറിയാനായി”

[5-ാം പേജിലെ ചിത്രം]

ഗ്യാസ്‌ മാസ്‌കുമായി ഞാൻ, ആറുവയസ്സുള്ളപ്പോൾ

[5-ാം പേജിലെ ചിത്രം]

ലക്‌സംബർഗിൽ മിഷനറിമാരോടും പയനിയർമാരോടുമൊപ്പം പ്രസംഗ പ്രവർത്തനത്തിൽ, അന്ന്‌ എനിക്ക്‌ 16 വയസ്സ്‌

[5-ാം പേജിലെ ചിത്രം]

മാതാപിതാക്കളോടൊപ്പം, 1953-ലെ ഒരു കൺവെൻഷനിൽ