വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാകിത്വം സന്തോഷഭരിതമായിരിക്കട്ടെ!

ഏകാകിത്വം സന്തോഷഭരിതമായിരിക്കട്ടെ!

ഏകാകിത്വം സന്തോഷഭരിതമായിരിക്കട്ടെ!

“അങ്ങനെ അവർ വിവാഹംകഴിച്ച്‌ സന്തോഷമായി ജീവിച്ചു.” പല കുട്ടിക്കഥകളുടെയും ശുഭാന്ത്യം ഇങ്ങനെയാണ്‌. വിവാഹമാണ്‌ സന്തുഷ്ടിയുടെ താക്കോൽ എന്നാണ്‌ ആ കഥകൾ നൽകുന്ന സന്ദേശം. സിനിമകളിലും നോവലുകളിലും നിറഞ്ഞുനിൽക്കുന്ന ആശയവും മറ്റൊന്നല്ല. പൊതുവെ നോക്കിയാൽ, പല സമൂഹങ്ങളിലും വിവാഹം കഴിക്കാനുള്ള ശക്തമായ സമ്മർദം യുവതീയുവാക്കളുടെമേലുണ്ട്‌. “പെണ്ണായി ജനിക്കുന്നതുതന്നെ വിവാഹം കഴിക്കാനാണ്‌. ആ ധാരണയാണ്‌ ആളുകൾ നിങ്ങളുടെ മനസ്സിൽ കുത്തിവെക്കുന്നത്‌,” 25-നടുത്തു പ്രായമുള്ള ഡെബി പറയുന്നു. “ജീവിതം തുടങ്ങുന്നത്‌ വിവാഹശേഷമാണ്‌ എന്നാണ്‌ അവരുടെയൊക്കെ ചിന്ത,” ഡെബി തുടർന്നു.

എന്നാൽ ആത്മീയമനസ്‌കനായ ഒരു വ്യക്തി ഇത്തരം വഴക്കമില്ലാത്ത ചിന്താഗതി വെച്ചുപുലർത്തുന്നില്ല. വിവാഹം ഇസ്രായേല്യരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നെങ്കിലും ധന്യമായ ജീവിതം നയിച്ച അവിവാഹിതരായ നിരവധി സ്‌ത്രീപുരുഷന്മാരെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. ഇന്ന്‌ ക്രിസ്‌ത്യാനികളിൽ ചിലർ ഏകാകിത്വം തിരഞ്ഞെടുക്കുന്നു; എന്നാൽ മറ്റുചിലർ സാഹചര്യങ്ങൾ നിമിത്തം ഏകാകികളായി തുടരുന്നു. അതിന്റെ കാരണം എന്തുതന്നെ ആയിരുന്നാലും ചിന്താർഹമായ ചോദ്യമിതാണ്‌: ഏകാകിത്വം പ്രതിഫലദായകമാക്കാൻ ഒരു ക്രിസ്‌ത്യാനിക്ക്‌ എങ്ങനെ കഴിയും?

യേശുവിന്റെ കാര്യമെടുത്താൽ അവൻ വിവാഹംകഴിച്ചില്ല. അവനു ലഭിച്ച നിയോഗത്തോടുള്ള ബന്ധത്തിൽ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ അനുഗാമികളിൽ ചിലരും ഏകാകിത്വത്തിന്‌ ‘ഇടമൊരുക്കുമെന്ന്‌’ അവൻ തന്റെ ശിഷ്യന്മാരോട്‌ പറഞ്ഞു. (മത്താ. 19:10-12) യേശു സൂചിപ്പിച്ചപ്രകാരം, അവിവാഹിത ജീവിതം ഒരു വിജയമായിത്തീരണമെങ്കിൽ നാം അതിനെ മനസ്സാവരിക്കണം; അതായത്‌ നമ്മുടെ മനസ്സിലും ഹൃദയത്തിലും അതിന്‌ ഇടമൊരുക്കണം.

ദൈവസേവനത്തിൽ മനസ്സുപതിപ്പിക്കാനായി ആജീവനാന്ത ഏകാകിത്വം തിരഞ്ഞെടുത്തിരിക്കുന്നവർക്കുമാത്രമേ യേശുവിന്റെ വാക്കുകൾ ബാധകമാകുന്നുള്ളോ? (1 കൊരി. 7:34, 35) അങ്ങനെയാകണമെന്നില്ല. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിലും ഇപ്പോൾ പറ്റിയൊരു ഇണയെ കണ്ടെത്താൻ കഴിയാത്ത ക്രിസ്‌ത്യാനികളുണ്ട്‌. അവർക്കും യേശുവിന്റെ ആ നിർദേശത്തെക്കുറിച്ചു ചിന്തിക്കാനാകും. 30 വയസ്സു കഴിഞ്ഞ അന്ന എന്ന സഹോദരി പറയുന്നു: “അടുത്തിടെ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാൾ എന്നെ പ്രൊപ്പോസ്‌ ചെയ്‌തു. എന്റെ മനസ്സ്‌ ഒന്നിളകി. എന്നാൽ പെട്ടെന്നു തന്നെ എന്റെ മനസ്സിനു ഞാൻ കടിഞ്ഞാണിട്ടു; കാരണം, യഹോവയോട്‌ ഏറെ അടുക്കാൻ എന്നെ സഹായിക്കുന്ന ഒരാളെ മാത്രമേ വിവാഹംകഴിക്കൂ എന്നു ഞാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു.”

“കർത്താവിൽ മാത്രമേ” വിവാഹംകഴിക്കൂ എന്ന ദൃഢനിശ്ചയമാണ്‌ അന്നയെപ്പോലുള്ള മിക്ക സഹോദരിമാരെയും അവിശ്വാസികളെ വിവാഹം ചെയ്യാതിരിക്കാൻ സഹായിച്ചിരിക്കുന്നത്‌. * (1 കൊരി. 7:39; 2 കൊരി. 6:14) ദൈവവചനത്തിലെ ആ ബുദ്ധിയുപദേശത്തോടുള്ള ആദരവുനിമിത്തം അവർ ഏകാകിത്വത്തിന്‌ ഇടമൊരുക്കിയിരിക്കുന്നു, കുറച്ചുനാളത്തേക്കാണെങ്കിൽപ്പോലും. എന്നാൽ ആ കാലങ്ങൾ സഫലവും സന്തോഷകരവുമാക്കാൻ അവർക്ക്‌ എങ്ങനെ കഴിയും?

അതിന്റെ നന്മകളിൽ ശ്രദ്ധയൂന്നുക

നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കില്ല പലപ്പോഴും സാഹചര്യങ്ങൾ. എന്നാൽ നാം അവയെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നത്‌ നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. 40 വയസ്സുകഴിഞ്ഞ ഏകാകിയായ കാർമൻ സഹോദരി പറയുന്നു: “എനിക്ക്‌ ഉള്ള കാര്യങ്ങളെപ്രതി ഞാൻ സന്തോഷിക്കുന്നു; ഇല്ലാത്തതിനെക്കുറിച്ച്‌ ഞാൻ സ്വപ്‌നം കാണാറില്ല.” ഏകാന്തതയും ഇച്ഛാഭംഗവുമൊക്കെ ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ ലോകവ്യാപക സഹോദരകുടുംബത്തിലെ അനേകം സഹോദരങ്ങൾ നമ്മുടേതിനു സമാനമായ സാഹചര്യങ്ങളിൽക്കൂടി കടന്നുപോകുന്നുവെന്ന അറിവ്‌ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ നമുക്ക്‌ മനക്കരുത്തേകും. ഏകാകിത്വജീവിതം ധന്യമാക്കാനും അതിനോടനുബന്ധിച്ചുള്ള വെല്ലുവിളികളെ തരണം ചെയ്യാനും യഹോവ അനേകരെ സഹായിച്ചിട്ടുണ്ട്‌.—1 പത്രോ. 5:9, 10.

പല സഹോദരീസഹോദരന്മാരും ഏകാകിത്വത്തിന്റെ ഒരു നല്ല വശം കണ്ടെത്തിയിരിക്കുന്നു. 35-നടുത്തു പ്രായമുള്ള എസ്ഥേർ എന്ന സഹോദരി പറയുന്നത്‌ ഇതാണ്‌: “ഏതൊരു സാഹചര്യത്തിന്റെയും നല്ല വശങ്ങൾ മനസ്സിലാക്കി അതിൽ സന്തോഷിക്കുന്നതിലാണ്‌ യഥാർഥ സന്തുഷ്ടി കുടികൊള്ളുന്നത്‌.” “ഞാൻ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ദൈവരാജ്യതാത്‌പര്യങ്ങൾ ഒന്നാമതുവെക്കുന്നിടത്തോളം യഹോവ എനിക്ക്‌ ഒരു നന്മയും നിഷേധിക്കുകയില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌. ഞാൻ ആഗ്രഹിച്ചിരുന്ന അതേ വിധത്തിലായിരിക്കില്ല ഇപ്പോഴത്തെ എന്റെ ജീവിതം. പക്ഷേ ഞാൻ സന്തോഷവതിയാണ്‌, അങ്ങനെ ആയിരിക്കുകയും ചെയ്യും,” കാർമന്റെ വാക്കുകൾ.—സങ്കീ. 84:11.

ബൈബിൾക്കാലങ്ങളിൽ ഏകാകിത്വം വരിച്ചവർ

അവിവാഹിതയായി കഴിയണമെന്ന്‌ യിഫ്‌താഹിന്റെ മകൾ വിചാരിച്ചിരുന്നില്ല. എന്നാൽ സ്വന്തം പിതാവിന്റെ ശപഥം യുവതിയായിരുന്ന അവളെ യഹോവയുടെ വിശുദ്ധമന്ദിരത്തിൽ സേവിക്കാനുള്ള കടപ്പാടിൻകീഴിലാക്കി. അവളുടെ നൈസർഗിക വികാരങ്ങൾക്കു വിപരീതമായിരുന്നു നിനച്ചിരിക്കാതെ വന്ന ഈ നിയോഗം, അത്‌ അവളുടെ പ്രതീക്ഷകളെ തകിടംമറിച്ചു. വിവാഹിതയാകില്ലെന്നും തന്റേതായ ഒരു കുടുംബമുണ്ടാകില്ലെന്നും തിരിച്ചറിഞ്ഞ ആ പെൺകുട്ടി രണ്ടുമാസം തന്റെ കന്യകാത്വത്തെക്കുറിച്ചു വിലപിച്ചു. പിന്നീട്‌ അവൾ ഈ പുതിയ സാഹചര്യത്തോട്‌ മനസ്സോടെ ഇണങ്ങിച്ചേരുകയും ശേഷിച്ച ജീവിതം പൂർണമായി ദൈവസേവനത്തിനു വിട്ടുകൊടുക്കുകയും ചെയ്‌തു. വർഷംതോറും, ത്യാഗപൂർണമായ ആ ജീവിതത്തെ പ്രകീർത്തിക്കാൻ പോകുന്നത്‌ ഇസ്രായേലിലെ സ്‌ത്രീകളുടെ ഒരു പതിവായിരുന്നു.—ന്യായാ. 11:36-40.

യെശയ്യാവിന്റെ കാലത്ത്‌ ഇസ്രായേലിലുണ്ടായിരുന്ന ഷണ്ഡന്മാരുടെ സാഹചര്യം നോക്കുക. സ്വന്തം അവസ്ഥയെപ്രതി ഹതാശരായി കഴിയുകയായിരുന്നിരിക്കാം അവർ. എങ്ങനെയാണവർ ഷണ്ഡന്മാരായത്‌ എന്നു ബൈബിൾ പറയുന്നില്ല. ഇസ്രായേൽസഭയിൽ അവർക്ക്‌ പൂർണമായ അംഗത്വം ഉണ്ടായിരുന്നില്ല. അതുപോലെ വിവാഹിതരാകാനോ കുട്ടികളെ ജനിപ്പിക്കാനോ അവർക്കാവില്ലായിരുന്നു. (ആവ. 23:1) എങ്കിലും, യഹോവ അവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും തന്റെ ന്യായപ്രമാണത്തോട്‌ അവർ കാണിക്കുന്ന അചഞ്ചലമായ കൂറിനെപ്രതി അവരെ അനുമോദിക്കുകയും ചെയ്‌തു. അവർക്ക്‌ തന്റെ ആലയത്തിൽ ഒരു “ജ്ഞാപകവും” ‘ശാശ്വത നാമവും’ കൊടുക്കുമെന്ന്‌ യഹോവ പറയുകയുണ്ടായി. അതായത്‌, യേശുവിന്റെ മിശിഹൈക രാജ്യത്തിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശ വിശ്വസ്‌തരായ ആ ഷണ്ഡന്മാർക്കുണ്ടായിരുന്നു. അതെ, യഹോവ അവരെ ഒരിക്കലും മറന്നുകളയുകയില്ല.—യെശ. 56:3-5.

തികച്ചും വ്യത്യസ്‌തമായ ഒരു സാഹചര്യമായിരുന്നു യിരെമ്യാവിന്റേത്‌. പ്രവാചകനിയോഗം ലഭിച്ചുകഴിഞ്ഞ്‌, അന്നത്തെ ദുർഘടസാഹചര്യങ്ങളും അവന്റെ നിയോഗത്തിന്റെ പ്രകൃതവും കണക്കിലെടുത്ത്‌ ഏകാകിയായി തുടരാൻ ദൈവം അവനോട്‌ കൽപ്പിച്ചു. “നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുത്‌,” യഹോവ പറഞ്ഞു. (യിരെ. 16:1-4) ഈ കൽപ്പനയോടുള്ള അവന്റെ പ്രതികരണത്തെക്കുറിച്ചൊന്നും പറയുന്നില്ലെങ്കിലും അവൻ യഹോവയുടെ വചനത്തിൽ സന്തോഷിച്ചിരുന്ന ഒരു വ്യക്തിയായിരുന്നുവെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (യിരെ. 15:16) പിന്നീട്‌ 18 മാസത്തെ ഉപരോധകാലത്ത്‌ യെരുശലേമിൽ കഴിയേണ്ടിവന്ന യിരെമ്യാവ്‌ അവിടത്തെ ദുരിതങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്‌തു. യഹോവയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട്‌ ഏകാകിയായി തുടർന്നത്‌ എത്ര നന്നായി എന്ന്‌ അപ്പോൾ അവനു തോന്നിയിട്ടുണ്ടായിരിക്കണം.—വിലാ. 4:4, 10.

ജീവിതം ധന്യമാക്കാനുള്ള മാർഗങ്ങൾ

നാം കണ്ട ബൈബിൾ കഥാപാത്രങ്ങളെല്ലാം ഏകാകികളായിരുന്നു. എങ്കിലും അവർക്ക്‌ യഹോവയുടെ പിന്തുണയുണ്ടായിരുന്നു. അവർ യഹോവയുടെ സേവനത്തിൽ വ്യാപൃതരുമായിരുന്നു. അതുപോലെ, അർഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകവഴി നമുക്കും ജീവിതം ധന്യമാക്കാനാകും. സുവാർത്താദൂതികൾ വലിയൊരു ഗണമായിരിക്കുമെന്ന്‌ ബൈബിൾ പറയുന്നു. (സങ്കീ. 68:11) ആയിരക്കണക്കിന്‌ ഏകാകികളായ സഹോദരിമാർ ഇക്കൂട്ടത്തിലുണ്ട്‌. ഈ ശുശ്രൂഷയുടെ ഫലമായി അവരിൽ പലർക്കും ആത്മീയ പുത്രന്മാരെയും പുത്രിമാരെയും ലഭിച്ചിരിക്കുന്നു.—മർക്കോ. 10:29, 30; 1 തെസ്സ. 2:7, 8.

“പയനിയറിങ്‌ എന്റെ ജീവിതത്തിന്‌ ലക്ഷ്യബോധം ഉണ്ടാക്കിയിരിക്കുന്നു,” 14 വർഷം പയനിയറിങ്‌ ചെയ്‌ത ലോലി പറയുന്നതാണിത്‌. “അവിവാഹിതയെങ്കിലും എന്റെ ജീവിതം തിരക്കുള്ളതും സജീവവുമാണ്‌; അത്‌ ഏകാന്തതയിൽനിന്ന്‌ എനിക്കു മോചനം നൽകുന്നു. എന്റെ ശുശ്രൂഷ ആളുകളെ സഹായിക്കുന്നുവെന്നു കാണുമ്പോൾ ഓരോ ദിവസവും എനിക്കു ചാരിതാർഥ്യം തോന്നുന്നു. അതെന്റെ സന്തോഷം നിസ്സീമമാക്കുന്നു,” ലോലിയുടെ വാക്കുകൾ.

പല സഹോദരിമാരും പുതിയൊരു ഭാഷ പഠിച്ചുകൊണ്ട്‌ മറ്റുഭാഷക്കാരോട്‌ സുവാർത്ത അറിയിക്കുന്നു. അങ്ങനെ അവർ ശുശ്രൂഷ വിപുലമാക്കിയിരിക്കുന്നു. മുകളിൽ പരിചയപ്പെട്ട അന്ന പറയുന്നു: “ഞാൻ താമസിക്കുന്ന നഗരത്തിൽ ആയിരക്കണക്കിനു വിദേശികളുണ്ട്‌.” ഫ്രഞ്ച്‌ ഭാഷക്കാരോട്‌ പ്രസംഗിക്കുന്നത്‌ അവൾക്ക്‌ ഒരു ഹരമാണ്‌. “ഒരു വിദേശഭാഷ പഠിക്കാനായത്‌ എനിക്ക്‌ പുതിയൊരു വാതിൽ തുറന്നുതന്നു. പ്രസംഗപ്രവർത്തനം ഞാൻ ശരിക്കും ആസ്വദിക്കുന്നു,” അന്ന പറഞ്ഞു.

അവിവാഹിതർക്ക്‌ കുടുംബ ഉത്തരവാദിത്വങ്ങൾ താരതമ്യേന കുറവായിരിക്കും. അതുകൊണ്ട്‌ ചിലർ ആവശ്യം ഏറെയുള്ള സ്ഥലങ്ങളിൽ പോയി പ്രവർത്തിക്കുന്നതിന്‌ ഈ സാഹചര്യം വിനിയോഗിക്കുന്നു. ആവശ്യമേറെയുള്ള ദേശങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള 30 കഴിഞ്ഞ സഹോദരിയാണ്‌ ലിഡിയാന. അവൾ പറയുന്നു: “യഹോവയുടെ സേവനത്തിൽ നിങ്ങൾ മുഴുകുന്നെങ്കിൽ നിങ്ങൾക്ക്‌ ഉറ്റമിത്രങ്ങളെ ലഭിക്കും, ആളുകൾ നിങ്ങളെ സ്‌നേഹിക്കുകയും ചെയ്യും, എനിക്ക്‌ ഉറപ്പുണ്ട്‌. പല ദേശങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നുമുള്ള അനേകർ ഉറ്റസുഹൃത്തുക്കളായി എനിക്കുണ്ട്‌. ഈ സൗഹൃദങ്ങൾ എന്റെ ജീവിതം സഫലമാക്കി.”

സുവിശേഷകനായ ഫിലിപ്പോസിന്‌ കന്യകമാരും പ്രവചിക്കുന്നവരുമായ നാലുപുത്രിമാർ ഉണ്ടായിരുന്നുവെന്നു ബൈബിൾ പറയുന്നു. (പ്രവൃ. 21:8, 9) പിതാവിനെപ്പോലെതന്നെ തീക്ഷ്‌ണത ആ പെൺകുട്ടികൾക്കും ഉണ്ടായിരുന്നുവെന്നതിൽ സംശയമില്ല. കൈസര്യയിലെ ക്രിസ്‌ത്യാനികളുടെ ആത്മീയോത്‌കർഷത്തിനായി തങ്ങളുടെ പ്രവചനവരം അവർ ഉപയോഗിച്ചിട്ടുണ്ടാകണം. (1 കൊരി. 14:1, 3) ഇന്നും അതുപോലെ അവിവാഹിതരായ സഹോദരിമാർ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ പതിവായി കൂടിവന്നുകൊണ്ടും സജീവമായി പങ്കുപറ്റിക്കൊണ്ടും മറ്റുള്ളവർക്ക്‌ പ്രോത്സാഹനം പകരുന്നു.

ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിൽ താമസിച്ചിരുന്ന ലുദിയയെ അതിഥിപ്രിയത്തിനു പേരുകേട്ട ഒരു ക്രിസ്‌ത്യാനിയായിട്ടാണ്‌ ബൈബിൾ പരിചയപ്പെടുത്തുന്നത്‌. (പ്രവൃ. 16:14, 15, 40) അവൾ അവിവാഹിതയോ വിധവയോ ആയിരുന്നിരിക്കാം. അവളുടെ ഔദാര്യശീലം പൗലോസ്‌, ശീലാസ്‌, ലൂക്കോസ്‌ എന്നിവരെപ്പോലുള്ള സഞ്ചാരമേൽവിചാരകന്മാർക്ക്‌ ആതിഥ്യമരുളാനും അവരുടെ സഹവാസം ആസ്വദിക്കാനും അവൾക്ക്‌ അവസരമേകി. ഇന്നും ഔദാര്യശീലത്തിന്‌ അതേ അനുഗ്രഹങ്ങൾ കൈവരുത്താനാകും.

സ്‌നേഹിക്കപ്പെടാൻ. . .

അർഥവത്തായ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നതുകൊണ്ടുമാത്രം ജീവിതം സന്തോഷഭരിതമാകുന്നില്ല. പിന്നെയോ മറ്റുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളും നമുക്ക്‌ ആവശ്യമാണ്‌. അവിവാഹിതരായ സഹോദരങ്ങൾക്ക്‌ എങ്ങനെയാണ്‌ ഈ ആവശ്യം നിറവേറ്റാൻ കഴിയുക? നമ്മെ സ്‌നേഹിക്കാനും ശക്തിപ്പെടുത്താനും നാം പറയുന്നതു കേൾക്കാനും യഹോവ എല്ലായ്‌പോഴും മനസ്സൊരുക്കമുള്ളവനാണെന്നോർക്കുക. താൻ “ഏകാകിയും അരിഷ്ടനും” ആണെന്ന്‌ ചിലപ്പോഴെങ്കിലും ദാവീദിനു തോന്നിയിരുന്നു. എന്നാൽ ആശ്വാസത്തിനായി എല്ലായ്‌പോഴും യഹോവയിലേക്ക്‌ തിരിയാൻ കഴിയുമെന്ന്‌ അവന്‌ അറിയാമായിരുന്നു. (സങ്കീ. 25:16; 55:22) “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും” എന്ന്‌ അവൻ എഴുതി. (സങ്കീ. 27:10) തന്നോട്‌ അടുത്തുവന്ന്‌ ഉറ്റസ്‌നേഹിതരായിത്തീരാൻ യഹോവ തന്റെ ദാസന്മാരെയെല്ലാം ക്ഷണിക്കുന്നു.—സങ്കീ. 25:14; യാക്കോ. 2:23; 4:8.

ഇതുകൂടാതെ, നമ്മുടെ ലോകവ്യാപക സഹോദരകുടുംബത്തിൽനിന്നും നമുക്ക്‌ ആത്മീയ മാതാപിതാക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും കണ്ടെത്താനാകും. അവരുടെ സ്‌നേഹം നമ്മുടെ ജീവിതം ധന്യമാക്കുകയും ചെയ്യും. (മത്താ. 19:29; 1 പത്രോ. 2:17) “വളരെ സത്‌പ്രവൃത്തികളും ദാനധർമങ്ങളും” ചെയ്‌തുപോന്ന ഡോർക്കസിന്റെ ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട്‌ ഏകാകികളായ പല ക്രിസ്‌ത്യാനികളും ജീവിതത്തിൽ സംതൃപ്‌തി കണ്ടെത്തുന്നു. (പ്രവൃ. 9:36, 39, അടിക്കുറിപ്പ്‌) ലോലി പറഞ്ഞു: “ഏതു സഭയിൽച്ചെന്നാലും, എന്നെ സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഉറ്റസുഹൃത്തുക്കളെ കണ്ടെത്താൻ ഞാൻ ശ്രമിക്കുന്നു, ഞാൻ വിഷമിച്ചിരിക്കുമ്പോൾ അവർ എനിക്കൊരു തുണയാണ്‌. ആ സ്‌നേഹം ബലപ്പെടുത്തുന്നതിന്‌ ഞാൻ അവരെ സ്‌നേഹിക്കുകയും അവരുടെ കാര്യങ്ങളിൽ താത്‌പര്യമെടുക്കുകയും ചെയ്യുന്നു. എട്ടുസഭകളോടൊപ്പം ഞാൻ സേവിച്ചിട്ടുണ്ട്‌. അവിടെയെല്ലാം എനിക്ക്‌ ഉറ്റ സുഹൃത്തുക്കളുമുണ്ട്‌. അവരിൽ പലരും എന്റെ പ്രായക്കാരൊന്നുമല്ല. ചിലർ മുത്തശ്ശിമാരാണ്‌, മറ്റുചിലർ കൗമാരക്കാരും.” സ്‌നേഹവും സൗഹൃദവും ആവശ്യമുള്ളവർ എല്ലാ സഭകളിലുമുണ്ട്‌. അങ്ങനെയുള്ളവരുടെ കാര്യത്തിൽ ആത്മാർഥ താത്‌പര്യമെടുക്കുന്നെങ്കിൽ അത്‌ അവർക്കൊരു സഹായമായിരിക്കും. ഒപ്പം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള നമ്മുടെ ആഗ്രഹം നിറവേറുകയും ചെയ്യും.—ലൂക്കോ. 6:38.

ദൈവം മറന്നുകളയുകയില്ല

നാം ജീവിക്കുന്ന ഈ കാലത്തോടുള്ള ബന്ധത്തിൽ എല്ലാ ക്രിസ്‌ത്യാനികളും ഏതെങ്കിലും തരത്തിലുള്ള ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ടെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. (1 കൊരി. 7:29-31) കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ദിവ്യകൽപ്പന അനുസരിക്കാനുള്ള തീരുമാനത്തെപ്രതി അവിവാഹിതരായി തുടരുന്ന എല്ലാവരോടും നാം പ്രത്യേകാൽ ആദരവും പരിഗണനയും കാണിക്കേണ്ടതുണ്ട്‌. (മത്താ. 19:12) സ്‌തുത്യർഹമായ ത്യാഗമാണ്‌ അവരുടേത്‌. എന്നാൽ അവരുടെ ഈ ത്യാഗം അവരുടെ സന്തോഷത്തിന്‌ ഏതെങ്കിലും തരത്തിൽ മങ്ങലേൽപ്പിക്കുന്നു എന്ന്‌ ചിന്തിക്കേണ്ടതില്ല.

ലിഡിയാന പറയുന്നതു ശ്രദ്ധിക്കുക: “സംതൃപ്‌തമായ ഒരു ജീവിതമാണ്‌ എന്റേത്‌. യഹോവയുമായുള്ള ബന്ധത്തിലും അവനു ഞാൻ ചെയ്യുന്ന സേവനത്തിലുമാണ്‌ അത്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌. വിവാഹിതരായ പല ദമ്പതികളെയും എനിക്കറിയാം. അവരിൽ ചിലർ സന്തുഷ്ടരാണ്‌, ചിലർ അസന്തുഷ്ടരും. ഈ വസ്‌തുതയിൽനിന്ന്‌ എനിക്ക്‌ ഒരു കാര്യം ബോധ്യമായി: ഭാവിയിൽ ഞാൻ വിവാഹിതയാകുമോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല എന്റെ ജീവിതസന്തോഷം എന്ന കാര്യം.” യേശു പറഞ്ഞതുപോലെ, മറ്റുള്ളവർക്കു കൊടുക്കുന്നതിലും അവർക്ക്‌ ശുശ്രൂഷ ചെയ്യുന്നതിലുമാണ്‌ സന്തോഷം മുഖ്യമായും ആശ്രയിച്ചിരിക്കുന്നത്‌. അതാകട്ടെ, എല്ലാ ക്രിസ്‌ത്യാനികൾക്കും ചെയ്യാനാകുന്ന ഒന്നും.—യോഹ. 13:14-17; പ്രവൃ. 20:35.

ദൈവേഷ്ടം ചെയ്യാൻ നാം അനുഷ്‌ഠിക്കുന്ന ത്യാഗങ്ങൾക്കെല്ലാം യഹോവ പ്രതിഫലം തരുമെന്ന അറിവാണ്‌ ഏറ്റവും അധികം നമ്മെ സന്തോഷിപ്പിക്കുന്നത്‌. “തന്റെ നാമത്തോടു നിങ്ങൾ കാണിച്ചിരിക്കുന്ന സ്‌നേഹവും നിങ്ങൾ ചെയ്‌തിരിക്കുന്ന സേവനവും മറന്നുകളയാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല,” ഇതാണ്‌ ബൈബിൾ നൽകുന്ന ഉറപ്പ്‌.—എബ്രാ. 6:10.

[അടിക്കുറിപ്പ്‌]

^ ഖ. 6 ഇവിടെ സഹോദരിമാരുടെ കാര്യമാണ്‌ പറയുന്നതെങ്കിലും തത്ത്വങ്ങൾ സഹോദരന്മാർക്കും ബാധകമാണ്‌.

[25-ാം പേജിലെ ആകർഷക വാക്യം]

“എനിക്ക്‌ ഉള്ള കാര്യങ്ങളെപ്രതി ഞാൻ സന്തോഷിക്കുന്നു; ഇല്ലാത്തതിനെക്കുറിച്ച്‌ ഞാൻ സ്വപ്‌നം കാണാറില്ല.”—കാർമൻ

[26-ാം പേജിലെ ചിത്രങ്ങൾ]

ആവശ്യം അധികമുള്ളിടത്തു സേവനം ആസ്വദിക്കുന്ന ലോലിയും ലിഡിയാനയും

[27-ാം പേജിലെ ചിത്രങ്ങൾ]

തന്നോട്‌ അടുത്തുവരാൻ ദൈവം എല്ലാ ദാസന്മാരെയും ക്ഷണിക്കുന്നു