വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

സുവാർത്തയുമായി യേശു ദേശമെമ്പാടും സഞ്ചരിച്ചിരുന്നു. പിന്നെ ‘അജ്ഞതനിമിത്തമാണ്‌’ യഹൂദന്മാരും അവരുടെ പ്രമാണികളും യേശുവിനെ വധിച്ചതെന്ന്‌ അപ്പൊസ്‌തലനായ പത്രോസ്‌ പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?—പ്രവൃ. 3:17.

മിശിഹായുടെ മരണത്തിൽ യഹൂദന്മാർക്കുള്ള പങ്കിനെക്കുറിച്ച്‌ സംസാരിക്കവെ അപ്പൊസ്‌തലനായ പത്രോസ്‌ പറഞ്ഞു: “നിങ്ങളുടെ പ്രമാണിമാരെപ്പോലെ നിങ്ങളും അജ്ഞതനിമിത്തമാണു പ്രവർത്തിച്ചതെന്നു ഞാൻ അറിയുന്നു.” (പ്രവൃ. 3:14-17) യേശുവിന്റെ കാലത്തെ യഹൂദന്മാരിൽ ചിലർക്ക്‌ അവൻ ആരാണെന്നോ അവൻ പഠിപ്പിച്ചത്‌ എന്താണെന്നോ ചിലപ്പോൾ മനസ്സിലായിട്ടുണ്ടാകില്ല. എന്നാൽ മറ്റു യഹൂദർ യേശുവിനെ മിശിഹായായി അംഗീകരിക്കാതിരുന്നതിന്‌ പല കാരണങ്ങളുണ്ടായിരുന്നു—ദൈവേഷ്ടം ചെയ്യാനുള്ള വൈമുഖ്യം, മുൻവിധി, അസൂയ, യേശുവിനോടുള്ള വിദ്വേഷം എന്നിവ.

ദൈവേഷ്ടം ചെയ്യുന്നതിനുള്ള വിമുഖത, യേശുവിന്റെ പഠിപ്പിക്കലുകളോടുള്ള അവരുടെ മനോഭാവത്തിൽ പ്രതിഫലിച്ചു. യേശു പലപ്പോഴും ദൃഷ്ടാന്തങ്ങളാലും ഉപമകളാലുമൊക്കെയാണ്‌ അവരെ പഠിപ്പിച്ചിരുന്നത്‌; കൂടുതൽ അറിയാൻ താത്‌പര്യമുണ്ടായിരുന്നവർക്ക്‌ അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ ചിലർ അധികമൊന്നും പഠിക്കാൻനിൽക്കാതെ അവനെ വിട്ടുപോയി. ഒരിക്കൽ യേശു ഉപയോഗിച്ച ഒരു ആലങ്കാരികപ്രസ്‌താവന ഉൾക്കൊള്ളാനാകാതെ അവന്റെ ചില ശിഷ്യന്മാർപോലും ഇടറിപ്പോകുകയുണ്ടായി. (യോഹ. 6:52-66) അത്തരം ദൃഷ്ടാന്തങ്ങൾ ചിന്തയിലും പ്രവൃത്തിയിലും മാറ്റംവരുത്താനുള്ള അവരുടെ മനസ്സൊരുക്കത്തെ പരിശോധിക്കുകയായിരുന്നു എന്ന്‌ അവർ തിരിച്ചറിഞ്ഞില്ല. (യെശ. 6:9, 10; 44:18; മത്താ. 13:10-15) മിശിഹാ ഉപമകൾ ഉപയോഗിച്ചു പഠിപ്പിക്കും എന്നുള്ള പ്രവചനത്തെയും അവർ കണക്കിലെടുത്തില്ല.—സങ്കീ. 78:2.

മുൻവിധിമൂലമാണ്‌ മറ്റു ചിലർ യേശുവിന്റെ പഠിപ്പിക്കലുകൾ തിരസ്‌കരിച്ചത്‌. സ്വന്തപട്ടണമായ നസറെത്തിലെ സിനഗോഗിൽ യേശു പഠിപ്പിക്കുമ്പോൾ ആളുകൾ കേട്ട്‌ ‘ആശ്ചര്യപ്പെട്ടെങ്കിലും,’ അവനെ മിശിഹായായി സ്വീകരിക്കുന്നതിനുപകരം അവർ അവന്റെ യോഗ്യതയെ ചോദ്യംചെയ്യുകയാണ്‌ ചെയ്‌തത്‌. അവർ ചോദിച്ചു: “ഈ മനുഷ്യന്‌ ഇതെല്ലാം എവിടെനിന്നു കിട്ടി? . . . ഇവൻ മറിയയുടെ മകനും യാക്കോബ്‌, യോസേഫ്‌, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെയില്ലയോ?” (മർക്കോ. 6:1-3) നസറെത്തുകാർക്ക്‌ അവനൊരു സാധാരണ മനുഷ്യനായിരുന്നു. അതുകൊണ്ടുതന്നെ അവൻ പഠിപ്പിച്ചതിനൊന്നും വിലകൽപ്പിക്കണമെന്ന്‌ അവർക്കു തോന്നിയില്ല.

മതനേതാക്കന്മാരുടെ വീക്ഷണം എന്തായിരുന്നു? മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ടൊക്കെത്തന്നെ അവരിൽ പലരും അവനു കാര്യമായ ശ്രദ്ധകൊടുത്തില്ല. (യോഹ. 7:47-52) അവനു ജനശ്രദ്ധ ലഭിച്ചത്‌ അവരെ അസൂയാലുക്കളാക്കി. അവന്റെ ഉപദേശങ്ങൾ തിരസ്‌കരിക്കാൻ അതും ഒരു കാരണമായി. (മർക്കോ. 15:10) യഹൂദപ്രമാണികളുടെ കാപട്യവും വഞ്ചനയും തുറന്നുകാട്ടിയത്‌ അവരുടെ ശത്രുത വിളിച്ചുവരുത്തുന്നതിന്‌ ഇടയാക്കി. (മത്താ. 23:13-36) കണ്ണടച്ച്‌ ഇരുട്ടാക്കിയ ആ യഹൂദമതനേതാക്കന്മാരോട്‌ യേശു ഇങ്ങനെ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല: “ന്യായപ്രമാണപണ്ഡിതന്മാരായ നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞുവല്ലോ. നിങ്ങളോ [രാജ്യത്തിന്‌] അകത്തുകടന്നില്ല; അകത്തുകടക്കാൻ ശ്രമിച്ചവരെ നിങ്ങൾ തടയുകയും ചെയ്‌തു!”—ലൂക്കോ. 11:37-52.

യേശു മൂന്നരവർഷം ദേശത്തുടനീളം സുവാർത്ത പ്രസംഗിച്ചു. മറ്റു പലരെയും അവൻ അതിനായി പരിശീലിപ്പിക്കുകയും ചെയ്‌തു. (ലൂക്കോ. 9:1, 2; 10:1, 16, 17) “ലോകം മുഴുവൻ അവന്റെ പിന്നാലെയാണ്‌” എന്നു പരീശന്മാർ പരാതിപ്പെടുന്ന അളവോളം യേശുവും ശിഷ്യന്മാരും ആ വേലയിൽ അത്ര പ്രഗത്ഭരായിരുന്നു. (യോഹ. 12:19) അതുകൊണ്ട്‌, മിക്ക യഹൂദർക്കും യേശുവിനെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നുവെന്ന്‌ പറയാനാവില്ല. എന്നാൽ യേശുവാണ്‌ മിശിഹാ എന്ന വസ്‌തുത ശരിക്കും തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു അഥവാ ആ വിധത്തിൽ അവർ ‘അജ്ഞരായിരുന്നു.’ അവർക്കു വേണമെങ്കിൽ മിശിഹായെക്കുറിച്ച്‌ കൂടുതൽ അറിയാനും അവനെ സ്‌നേഹിക്കാനും ഉള്ള അവസരം ഉണ്ടായിരുന്നു, എങ്കിലും അവരതു ചെയ്‌തില്ല. ചിലരാകട്ടെ അവനെ വധിക്കാൻ കൂട്ടുനിൽക്കുകപോലും ചെയ്‌തു. അതുകൊണ്ടാണ്‌ അപ്പൊസ്‌തലനായ പത്രോസ്‌ ആ കൂട്ടത്തോട്‌ ഇങ്ങനെ പറഞ്ഞത്‌: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മായ്‌ക്കപ്പെടേണ്ടതിന്‌ മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്ളുവിൻ; അപ്പോൾ യഹോവയിൽനിന്ന്‌ ഉന്മേഷകാലങ്ങൾ വന്നെത്തുകയും നിങ്ങൾക്കായി നിയമിക്കപ്പെട്ട ക്രിസ്‌തുവാകുന്ന യേശുവിനെ അവൻ അയയ്‌ക്കുകയും ചെയ്യും.” (പ്രവൃ. 3:19, 20) ആയിരക്കണക്കിന്‌ യഹൂദർ ആ പറഞ്ഞതിന്‌ ശ്രദ്ധകൊടുത്തു. “പുരോഹിതന്മാരിലും വളരെപ്പേർ” വിശ്വാസികളായി. പിന്നെ ഒരിക്കലും അവർ അജ്ഞതയിൽ നടന്നില്ല. അവർ മാനസാന്തരപ്പെടുകയും യഹോവയുടെ പ്രീതിക്ക്‌ പാത്രമാകുകയും ചെയ്‌തു.—പ്രവൃ. 2:41; 4:4; 5:14; 6:7.