വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠ മാർഗത്തിലൂടെയാണോ നിങ്ങൾ നടക്കുന്നത്‌?

സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠ മാർഗത്തിലൂടെയാണോ നിങ്ങൾ നടക്കുന്നത്‌?

സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠ മാർഗത്തിലൂടെയാണോ നിങ്ങൾ നടക്കുന്നത്‌?

“ദൈവം സ്‌നേഹമാകുന്നു” എന്ന്‌ എഴുതിയപ്പോൾ ദൈവത്തിന്റെ സർവശ്രേഷ്‌ഠഗുണമായി സ്‌നേഹത്തെ എടുത്തുകാട്ടുകയായിരുന്നു അപ്പൊസ്‌തലനായ യോഹന്നാൻ. (1 യോഹ. 4:8) ദൈവത്തിനു നമ്മോടു സ്‌നേഹമുള്ളതുകൊണ്ടാണ്‌ നമുക്ക്‌ അവനോട്‌ അടുത്തുചെല്ലാനും അവനുമായി വ്യക്തിപരമായൊരു ബന്ധത്തിലേക്കുവരാനും കഴിയുന്നത്‌. വേറെ ഏതു വിധത്തിലാണ്‌ ദൈവത്തിന്റെ സ്‌നേഹം നമ്മെ സ്വാധീനിക്കുന്നത്‌? “നാം എന്തിനെ സ്‌നേഹിക്കുന്നുവോ അതു നമ്മെ രൂപപ്പെടുത്തുമെന്ന്‌” പറയപ്പെടുന്നു. അതു ശരിയാണുതാനും. അതുമാത്രമല്ല, നാം സ്‌നേഹിക്കുന്നവരും നമ്മെ സ്‌നേഹിക്കുന്നവരും നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ ഒരു പങ്കുവഹിക്കുന്നു. നാം ദൈവത്തിന്റെ പ്രതിഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ ദൈവസ്‌നേഹം പ്രതിഫലിപ്പിക്കുന്നതിനുള്ള കഴിവ്‌ നമുക്കുണ്ട്‌. (ഉല്‌പ. 1:27) ദൈവം ‘നമ്മെ ആദ്യം സ്‌നേഹിച്ചു’ എന്നു പറഞ്ഞുകൊണ്ട്‌ നാം ദൈവത്തെ സ്‌നേഹിക്കുന്നതിന്റെ കാരണം അപ്പൊസ്‌തലനായ യോഹന്നാൻ വെളിപ്പെടുത്തുന്നു.—1 യോഹ. 4:19.

സ്‌നേഹത്തെ കുറിക്കാൻ നാലുപദങ്ങൾ

“അതിശ്രേഷ്‌ഠമായൊരു മാർഗം” എന്നാണ്‌ അപ്പൊസ്‌തലനായ പൗലോസ്‌ സ്‌നേഹത്തെ വർണിച്ചത്‌. (1 കൊരി. 12:31) എന്തുകൊണ്ടാണ്‌ അവൻ ഈ വിധം സ്‌നേഹത്തെ വർണിച്ചത്‌? എങ്ങനെയുള്ള സ്‌നേഹത്തെയാണ്‌ അവൻ ഇവിടെ പരാമർശിക്കുന്നത്‌? ഉത്തരം കണ്ടെത്തുന്നതിനായി “സ്‌നേഹം” എന്ന പദത്തെ നമുക്കൊന്നു വിശകലനം ചെയ്യാം.

സ്‌നേഹത്തെ കുറിക്കുന്നതിന്‌ പുരാതന ഗ്രീക്കുകാർ രൂപഭേദങ്ങളോടെ അടിസ്ഥാനപരമായി നാലുപദങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌: സ്റ്റോർജ്‌, ഈറോസ്‌, ഫീലിയ, അഗാപെ. ‘സ്‌നേഹമാകുന്ന’ ദൈവത്തെക്കുറിച്ചു പ്രതിപാദിക്കാൻ അഗാപെ എന്ന പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. * ഈ സ്‌നേഹത്തെ സംബന്ധിച്ച്‌ പ്രൊഫസർ വില്യം ബാർക്ലേ പുതിയനിയമ പദങ്ങളിൽ (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “നമ്മുടെ മനോഭാവവുമായാണ്‌ അഗാപെ ബന്ധപ്പെട്ടിരിക്കുന്നത്‌. അതു നമ്മുടെ ഹൃദയങ്ങളിൽ പൊന്തിവരുന്ന ഒരു ക്ഷണികവികാരമല്ല. അതൊരു തത്ത്വമാണ്‌, നിത്യേന നാം ആ തത്ത്വത്തിന്‌ അനുസൃതമായി ജീവിക്കാൻ ശ്രമിക്കുന്നു. അഗാപെയ്‌ക്ക്‌ നിശ്ചയദാർഢ്യം അനുപേക്ഷണീയമാണ്‌.” തത്ത്വത്താൽ നയിക്കപ്പെടുന്ന അല്ലെങ്കിൽ നിയന്ത്രിക്കപ്പെടുന്ന സ്‌നേഹമാണ്‌ അഗാപെ. എന്നാൽ അത്‌ വികാരഹീനമല്ല മറിച്ച്‌ പലപ്പോഴും വികാരനിർഭരമാണ്‌. തത്ത്വങ്ങൾ നല്ലതും ചീത്തയുമുണ്ട്‌. ക്രിസ്‌ത്യാനികൾ യഹോവയാം ദൈവം ബൈബിളിലൂടെ നൽകിയിരിക്കുന്ന നല്ല തത്ത്വങ്ങളാൽ നയിക്കപ്പെടണം. അഗാപെയും സ്‌നേഹത്തെക്കുറിക്കുന്ന മറ്റു പദങ്ങളും ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെയെന്നു താരതമ്യംചെയ്‌താൽ, നാം ജീവിതത്തിൽ പ്രകടമാക്കേണ്ടത്‌ ഏതു സ്‌നേഹമാണെന്നു വ്യക്തമാകും.

സ്‌നേഹം കുടുംബവൃത്തങ്ങളിൽ

ഇഴയടുപ്പമുള്ള കുടുംബത്തിന്റെ ഭാഗമായിരിക്കാൻ കഴിയുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌! സ്റ്റോർജ്‌ എന്ന ഗ്രീക്ക്‌ പദമാണ്‌ കുടുംബാംഗങ്ങൾക്കിടയിലുള്ള സഹജസ്‌നേഹത്തെ അർഥമാക്കാൻ ഉപയോഗിച്ചിരുന്നത്‌. കുടുംബാംഗങ്ങളോടു സ്‌നേഹം കാണിക്കാൻ ക്രിസ്‌ത്യാനികൾ പ്രത്യേകാൽ ശ്രദ്ധാലുക്കളാണ്‌. അന്ത്യകാലത്ത്‌ ആളുകൾ പൊതുവെ ‘സഹജസ്‌നേഹമില്ലാത്തവർ’ ആയിരിക്കുമെന്ന്‌ പൗലോസ്‌ പറയുകയുണ്ടായി. *2 തിമൊ. 3:1, 3.

കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ആ സ്വാഭാവിക സ്‌നേഹം ഇന്ന്‌ ലോകത്തിൽ അസ്‌തമിച്ചുകൊണ്ടിരിക്കുകയാണെന്നത്‌ ഒരു ദുഃഖസത്യമാണ്‌. ഉള്ളിൽ വളരുന്ന കുരുന്നുജീവനെ നുള്ളിക്കളയുന്ന അമ്മമാരുടെ എണ്ണം ഇന്നു കൂടിവരുന്നത്‌ എന്തുകൊണ്ടാണ്‌? പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ മടിക്കുന്ന മക്കളുടെ എണ്ണം വർധിക്കുന്നതോ? വിവാഹമോചന നിരക്കുകൾ കുതിച്ചുയരുന്നതിനെക്കുറിച്ച്‌ എന്തു പറയാനാകും? സഹജസ്‌നേഹം ഇല്ല എന്നുള്ളതാണ്‌ നമുക്കു ലഭിക്കുന്ന ഉത്തരം.

കൂടാതെ ബൈബിൾ ഇങ്ങനെയും പറയുന്നു: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്‌.” (യിരെ. 17:9) കുടുംബാംഗങ്ങളോടുള്ള സ്‌നേഹം ഹൃദയംഗമവും വികാരനിർഭരവുമാണ്‌. ഒരു ഭർത്താവ്‌ ഭാര്യയോടു കാണിക്കേണ്ട സ്‌നേഹത്തെ കുറിക്കാൻ പൗലോസ്‌ അഗാപെയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആ സ്‌നേഹത്തെ ക്രിസ്‌തുവിന്‌ സഭയോടുള്ള സ്‌നേഹവുമായി അവൻ തുലനം ചെയ്യുന്നു. (എഫെ. 5:28, 29) ഈ സ്‌നേഹം കുടുംബത്തിന്റെ കാരണഭൂതനായ യഹോവ വെച്ചിരിക്കുന്ന തത്ത്വങ്ങളാൽ ഭരിക്കപ്പെടുന്ന സ്‌നേഹമാണ്‌.

കുടുംബാംഗങ്ങളോടുള്ള സ്‌നേഹം, വൃദ്ധമാതാപിതാക്കളെ പരിചരിക്കാനും കുട്ടികളുടെ ചുമതല ഏറ്റെടുക്കാനും നമ്മെ പ്രേരിപ്പിക്കും. സ്‌നേഹബുദ്ധ്യാ കുട്ടികൾക്കു ശിക്ഷണം നൽകാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതും ഇത്തരം സ്‌നേഹമാണ്‌. അതിവാത്സല്യംകൊണ്ട്‌ കുട്ടികളുടെ തെറ്റുകുറ്റങ്ങൾക്കുനേരെ കണ്ണടയ്‌ക്കാതിരിക്കാനും ഇത്തരം സ്‌നേഹം മാതാപിതാക്കളെ സഹായിക്കും.—എഫെ. 6:1-4.

അനുരാഗവും ബൈബിൾതത്ത്വങ്ങളും

വിവാഹിത ദമ്പതികൾക്കിടയിലെ ശാരീരിക ആകർഷണവും സ്‌നേഹവും ദൈവത്തിൽനിന്നുള്ള വരദാനമാണ്‌. (സദൃ. 5:15-17) എന്നാൽ അനുരാഗത്തെ കുറിക്കുന്ന ഈറോസ്‌ എന്ന പദം നിശ്വസ്‌ത ബൈബിളെഴുത്തുകാർ ഉപയോഗിച്ചിട്ടില്ല. എന്തുകൊണ്ടാണത്‌? കുറെവർഷംമുമ്പ്‌ വീക്ഷാഗോപുരം മാസിക ഇങ്ങനെ പറഞ്ഞു: “പുരാതന ഗ്രീക്കുകാർ ചെയ്‌ത അതേ തെറ്റ്‌ ഇന്നത്തെ ലോകവും ആവർത്തിക്കുന്നതായി തോന്നുന്നു. അവർ ഈറോസ്‌ ദേവനെ ആരാധിച്ചിരുന്നു, അവന്റെ ബലിപീഠത്തിന്മുമ്പാകെ കുമ്പിടുകയും ബലി അർപ്പിക്കുകയും ചെയ്‌തു. . . . എന്നാൽ ഇത്തരത്തിൽ ലൈംഗികപ്രേമത്തെ ഉപാസിച്ചത്‌ മൂല്യച്യുതി, കാമക്കൂത്ത്‌, ഭോഗാസക്തി, എന്നിവയ്‌ക്കേ ഇടയാക്കിയിട്ടുള്ളുവെന്ന്‌ ചരിത്രം പറയുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ബൈബിളെഴുത്തുകാർ ആ പദം ഒഴിവാക്കിയത്‌.” ശാരീരിക ആകർഷണംകൊണ്ടുമാത്രം ഉളവാകുന്ന ബന്ധങ്ങളിൽ വീഴാതിരിക്കണമെങ്കിൽ അനുരാഗത്തെ ബൈബിൾതത്ത്വങ്ങളാൽ പരുവപ്പെടുത്തുകയും വരുതിയിൽനിറുത്തുകയും ചെയ്യേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഇങ്ങനെ ചോദിക്കുന്നത്‌ നന്നായിരിക്കും: ‘ഇണയോടുള്ള എന്റെ അനുരാഗം യഥാർഥ സ്‌നേഹത്തിൽ അധിഷ്‌ഠിതമാണോ?’

ലൈംഗികവികാരങ്ങൾ തീക്ഷ്‌ണമായിരിക്കുന്ന ‘നവയൗവനത്തിന്റെ’ നാളുകളിൽ, ബൈബിൾതത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നെങ്കിൽ യുവജനങ്ങൾക്കു ധാർമികശുദ്ധി പാലിക്കാനാകും. (1 കൊരി. 7:36; കൊലോ. 3:5) യഹോവയിൽനിന്നുള്ള ഒരു പവിത്രസമ്മാനമായി നാം ദാമ്പത്യത്തെ കാണുന്നു. വിവാഹിത ദമ്പതികളോട്‌ യേശു പറഞ്ഞു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” (മത്താ. 19:6) പരസ്‌പരം ആകർഷണം തോന്നുന്നിടത്തോളംകാലം ഒന്നിച്ചു താമസിക്കുകയെന്നതല്ല വിവാഹംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ പ്രതിബദ്ധതയിൽ അധിഷ്‌ഠിതമായ ഒരു ആജീവനാന്ത ബന്ധമാണത്‌. ദാമ്പത്യത്തിൽ അപസ്വരങ്ങൾ ഉയരുമ്പോൾ ആ ബന്ധം പൊട്ടിച്ചെറിയാനുള്ള എളുപ്പവഴി തേടാതെ, ദൈവികഗുണങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ട്‌ കുടുംബസന്തുഷ്ടിക്കായി നാം പരമാവധി ശ്രമിക്കും. നമ്മുടെ ആ ശ്രമങ്ങൾ വിജയം കാണാതെപോകില്ല.—എഫെ. 5:33; എബ്രാ. 13:4.

സുഹൃത്തുക്കൾക്കിടയിലെ സ്‌നേഹം

സുഹൃത്തുക്കൾ ഇല്ലാത്ത ജീവിതം എത്ര വിരസമായിരിക്കും! “സഹോദരനെക്കാളും പറ്റുള്ള സ്‌നേഹിതന്മാരും ഉണ്ട്‌” എന്നൊരു ബൈബിൾ പഴമൊഴി പറയുന്നു. (സദൃ. 18:24) നമുക്ക്‌ ഉറ്റസുഹൃത്തുക്കൾ ഉണ്ടായിരിക്കണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നു. ദാവീദും യോനാഥാനും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധം വിശ്രുതമാണ്‌. (1 ശമൂ. 18:1) യേശുവിന്‌ അപ്പൊസ്‌തലനായ യോഹന്നാൻ ‘പ്രിയപ്പെട്ടവനായിരുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (യോഹ. 20:2) സുഹൃദ്‌ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്രീക്ക്‌ പദമാണ്‌ ഫീലിയ. സഭയിൽ നമുക്ക്‌ ഉറ്റസുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ 2 പത്രോസ്‌ 1:7-ൽ, “സഹോദരപ്രീതിയോടു” (ഫിലദെൽഫ്യ-“സുഹൃത്ത്‌” എന്നുള്ളതിന്റെ ഗ്രീക്ക്‌ പദമായ ഫൈലോസും, “സഹോദരൻ” എന്നുള്ളതിന്റെ ഗ്രീക്ക്‌ പദമായ അഡൽഫോസും ചേർന്നുള്ള സംയുക്തപദം) സ്‌നേഹം (അഗാപെ) ചേർത്തുകൊള്ളാൻ നമ്മോടു പറഞ്ഞിരിക്കുന്നു. ഈ ഉദ്‌ബോധനത്തിനു ശ്രദ്ധകൊടുക്കുന്നെങ്കിൽ സുഹൃദ്‌ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ നമുക്കാകും. ‘സുഹൃത്തുക്കളോടുള്ള എന്റെ സ്‌നേഹത്തെ ബൈബിൾതത്ത്വങ്ങളുമായി ഞാൻ സന്തുലനപ്പെടുത്തിയിട്ടുണ്ടോ’ എന്ന്‌ സ്വയം ചോദിക്കുന്നത്‌ നന്നായിരിക്കും.

സുഹൃത്തുക്കളോടു പക്ഷപാതം കാണിക്കാതിരിക്കാൻ ദൈവവചനം നമ്മെ സഹായിക്കും. അവരോട്‌ പരിഗണനയും വിട്ടുവീഴ്‌ചയുമൊക്കെ കാണിക്കുകയും അതേസമയം സുഹൃത്തുക്കൾ അല്ലാത്തവരോടു കർക്കശമായും ദാക്ഷിണ്യമില്ലാതെയും പെരുമാറുകയും ചെയ്യുന്ന രണ്ടുമുഖങ്ങൾ നമുക്കുണ്ടായിരിക്കരുത്‌. മാത്രമല്ല സ്‌നേഹിതരെ നേടാൻവേണ്ടി വെറുതെ മുഖസ്‌തുതി പറയുകയുമരുത്‌. ഏറ്റവും പ്രധാനമായി, ബൈബിൾതത്ത്വങ്ങൾ പിൻപറ്റുന്നതിലൂടെ ‘സദ്‌ശീലങ്ങളെ കെടുത്തിക്കളയുന്ന ദുഷിച്ച സംസർഗം’ ഒഴിവാക്കിക്കൊണ്ട്‌ ഉത്തമമിത്രങ്ങളെ തിരഞ്ഞെടുക്കാനാവശ്യമായ വിവേകബുദ്ധി നമുക്കു ലഭിക്കും.—1 കൊരി. 15:33.

സ്‌നേഹമെന്ന അതുല്യബന്ധം

ക്രിസ്‌ത്യാനികളെ ഒന്നിപ്പിക്കുന്ന അനന്യബന്ധമാണ്‌ സ്‌നേഹം. അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ. . . . സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ.” (റോമ. 12:9, 10) ക്രിസ്‌ത്യാനികളുടേത്‌ ‘കാപട്യമില്ലാത്ത സ്‌നേഹമാണ്‌ (അഗാപെ).’ ഒരു വികാരത്തള്ളലിൽ ഒതുങ്ങുന്നതല്ല ഈ സ്‌നേഹം, പ്രത്യുത അത്‌ ബൈബിൾതത്ത്വങ്ങളിൽ വേരൂന്നിയതാണ്‌. എന്നാൽ പൗലോസ്‌ ‘സഹോദരസ്‌നേഹത്തെക്കുറിച്ചും’ (ഫിലദെൽഫ്യ) ‘ആർദ്രതയെക്കുറിച്ചും’ (ഫിലോസ്റ്റോർജോസ്‌-ഫൈലോസ്‌, സ്റ്റോർജ്‌ എന്നിവയുടെ സംയുക്തരൂപം) പറയുന്നുണ്ട്‌. ‘സഹോദരസ്‌നേഹം’, “കനിവും സഹാനുഭൂതിയുമുള്ളതാണ്‌, കൈത്താങ്ങേകുന്നതുമാണ്‌” എന്ന്‌ പണ്ഡിതമതം. ഈ സ്‌നേഹത്തോട്‌ അഗാപെയും ചേരുമ്പോൾ യഹോവയുടെ ജനത്തിനിടയിലെ സ്‌നേഹബന്ധം സുദൃഢമായിത്തീരുന്നു. (1 തെസ്സ. 4:9, 10) “ആർദ്രത” എന്നു തർജമ ചെയ്‌തിരിക്കുന്ന ഗ്രീക്ക്‌ പദം (ഫിലോസ്റ്റോർജോസ്‌) ബൈബിളിന്റെ മൂലപാഠത്തിൽ ഒരിടത്തേ കാണുന്നുള്ളൂ. കുടുംബത്തിലേതുപോലുള്ള ഗാഢബന്ധത്തെ പരാമർശിക്കാനാണ്‌ ആ പദം ഉപയോഗിക്കുന്നത്‌.

ബൈബിൾ തത്ത്വങ്ങളിൽ വേരൂന്നിയ, കുടുംബാംഗങ്ങളോടും ഉറ്റമിത്രങ്ങളോടുള്ള സ്‌നേഹത്തിന്റെ ഒരു സമന്വയമാണ്‌ സത്യക്രിസ്‌ത്യാനികളെ ഒന്നിപ്പിക്കുന്ന സ്‌നേഹബന്ധം. ക്രിസ്‌തീയസഭ ഒരു ക്ലബ്ബോ സാമൂഹിക സംഘടനയോ അല്ല; യഹോവയെ ആരാധിക്കുന്നവർ ചേർന്ന ഇഴയടുപ്പമുള്ള ഒരു കുടുംബമാണത്‌. സഹവിശ്വാസികളെ നാം സഹോദരന്മാരെന്നും സഹോദരിമാരെന്നുമാണ്‌ വിളിക്കുന്നത്‌. അവർ നമുക്ക്‌ അങ്ങനെയാണുതാനും. ഒരേ ആത്മീയ കുടുംബത്തിന്റെ ഭാഗമായ അവരെ നാം സ്‌നേഹിതരായി കരുതുന്നു. അവരോടുള്ള നമ്മുടെ പെരുമാറ്റം ബൈബിൾതത്ത്വങ്ങൾ മുൻനിറുത്തിയുള്ളതാണ്‌. സത്യക്രിസ്‌തീയ സഭയെ ഏകീകരിക്കുകയും എടുത്തുകാട്ടുകയും ചെയ്യുന്ന ആ സ്‌നേഹം കരുത്തുറ്റതാക്കുന്നതിന്‌ നമ്മാലാവുന്നതെല്ലാം നമുക്ക്‌ മേലിലും ചെയ്യാം.—യോഹ. 13:35.

[അടിക്കുറിപ്പുകൾ]

^ ഖ. 5 എന്നാൽ നിഷേധാർഥത്തിലും അഗാപെ ഉപയോഗിച്ചിട്ടുണ്ട്‌.—യോഹ. 3:19; 2 തിമൊ. 4:10; 1 യോഹ. 2:15-17.

^ ഖ. 7 ഇല്ല എന്ന അർഥംവരുന്ന ‘a’ എന്ന നിഷേധ ഉപസർഗം ചേർത്തുള്ള സ്റ്റോർജിന്റെ ഒരു രൂപത്തെയാണ്‌ (aʹstor·goi) “സഹജപ്രിയമില്ലാത്ത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. റോമർ 1:31-ഉം കാണുക.

[12-ാം പേജിലെ ആകർഷക വാക്യം]

നമ്മെ ഒന്നിപ്പിക്കുന്ന സ്‌നേഹം കരുത്തുറ്റതാക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?