വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൗമ്യതയുള്ളവരെ യഹോവ ആദരിക്കുന്നു

സൗമ്യതയുള്ളവരെ യഹോവ ആദരിക്കുന്നു

ദൈവത്തോട്‌ അടുത്തുചെല്ലുക

സൗമ്യതയുള്ളവരെ യഹോവ ആദരിക്കുന്നു

സംഖ്യാപുസ്‌തകം 12:1-15

അഹങ്കാരം, അസൂയ, സ്ഥാനമോഹം. വിജയത്തിന്റെ പടവുകൾ ഓടിക്കയറുന്ന പലരെയും പിടികൂടിയിട്ടുള്ള സ്വഭാവവിശേഷതകളാണിവ. എന്നാൽ ഇത്തരം പ്രവണതകൾ നമ്മെ യഹോവയാം ദൈവവുമായി അടുപ്പിക്കുമോ? ഒരിക്കലുമില്ല! കാരണം തന്റെ ആരാധകർ സൗമ്യതയുള്ളവരായിരിക്കാനാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. സംഖ്യാപുസ്‌തകം 12-ാം അധ്യായത്തിലെ വിവരണം അതു വ്യക്തമാക്കുന്നു.

ഈജിപ്‌റ്റിൽനിന്നു വിടുവിക്കപ്പെട്ട ഇസ്രായേല്യർ സീനായ്‌ മരുഭൂമിയിൽ പാളയമടിച്ചിരിക്കുകയാണ്‌. മോശയുടെ കൂടപ്പിറപ്പുകളായ മിര്യാമും അഹരോനും “അവന്നു വിരോധമായി സംസാരി”ക്കാൻതുടങ്ങി. (1-ാം വാക്യം) തങ്ങൾക്കുള്ള പരാതി മോശയോടു നേരിട്ടു പറയുന്നതിനുപകരം ഒരുപക്ഷേ അവർ പാളയത്തിലുള്ള മറ്റുള്ളവരോട്‌ അതു പറഞ്ഞിരിക്കാം. അതിനു നേതൃത്വമെടുത്തത്‌ മിര്യാമായതുകൊണ്ടായിരിക്കാം അവളുടെ പേര്‌ ആദ്യം പരാമർശിച്ചിരിക്കുന്നത്‌. മോശ ഒരു കൂശ്യസ്‌ത്രീയെ ആയിരുന്നു വിവാഹംകഴിച്ചത്‌. അതായിരുന്നു മുറുമുറുപ്പിനുള്ള ഒന്നാമത്തെ കാരണം. പാളയത്തിൽ തന്നെക്കാൾ അംഗീകാരം മോശയുടെ ഭാര്യയ്‌ക്ക്‌, അതും ഒരു വിജാതീയ സ്‌ത്രീക്ക്‌, ലഭിക്കുമോ എന്ന ചിന്ത മിര്യാമിനെ അസൂയാലുവാക്കിയോ?

എന്നാൽ ഇതു മാത്രമായിരുന്നില്ല അവരുടെ അസ്വസ്ഥതയ്‌ക്കു കാരണം. “യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്‌തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്‌തിട്ടില്ലയോ?” എന്ന്‌ മിര്യാമും അഹരോനും ചോദിച്ചുകൊണ്ടിരുന്നു. (2-ാം വാക്യം) കൂടുതൽ അധികാരത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള വാഞ്‌ഛയായിരുന്നോ മോശയ്‌ക്കെതിരെ മുറുമുറുക്കാൻ യഥാർഥത്തിൽ അവരെ പ്രേരിപ്പിച്ചത്‌?

മോശ ഇതിനോടു പ്രതികരിച്ചതായി വിവരണം പറയുന്നില്ല. അതെല്ലാം മോശ നിശ്ശബ്ദം സഹിച്ചതായി കാണപ്പെടുന്നു. “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായ” * വ്യക്തി എന്ന്‌ ബൈബിൾ നൽകിയിരിക്കുന്ന വിശേഷണത്തെ ശരിവെക്കുന്നതായിരുന്നു ആ പ്രതികരണം. (3-ാം വാക്യം) മോശയ്‌ക്ക്‌ സ്വയം പ്രതിവാദിക്കേണ്ട ആവശ്യവുമില്ലായിരുന്നു. യഹോവ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മോശയെ പിന്തുണയ്‌ക്കാൻ അവൻ രംഗത്തെത്തി.

മോശയ്‌ക്കെതിരെയുള്ള പിറുപിറുപ്പിനെ തനിക്കെതിരായുള്ള പരാതികളായിട്ടാണ്‌ യഹോവ കണ്ടത്‌. കാരണം മോശയെ ആ സ്ഥാനത്തു നിയോഗിച്ചത്‌ യഹോവയായിരുന്നു. ആ പിറുപിറുപ്പുകാരെ ശാസിക്കവെ, മോശയുമായി തനിക്ക്‌ അതുല്യമായ ഒരു ബന്ധമാണുള്ളതെന്ന വസ്‌തുത യഹോവ അവരെ ഓർമിപ്പിച്ചു. ‘അവനോടു ഞാൻ അരുളിച്ചെയ്യുന്നത്‌ അഭിമുഖമായിട്ടത്രേ’ എന്ന്‌ യഹോവ പറഞ്ഞു. എന്നിട്ട്‌ അവൻ മിര്യാമിനോടും അഹരോനോടുമായി ഇങ്ങനെ ചോദിച്ചു: “നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്ത്‌?” (8-ാം വാക്യം) മോശയ്‌ക്കു വിരോധമായി സംസാരിക്കുകവഴി അവർ വാസ്‌തവത്തിൽ ദൈവത്തിനെതിരെ സംസാരിക്കുകയായിരുന്നു. ആ കടുത്ത അനാദരവുനിമിത്തം യഹോവയുടെ ക്രോധം അവർക്കുനേരെ ജ്വലിച്ചു.

മിര്യാമിനെ കുഷ്‌ഠം ബാധിച്ചു. ഉടനെ അവൾക്കുവേണ്ടി യഹോവയോട്‌ യാചിക്കാൻ അഹരോൻ മോശയോട്‌ അപേക്ഷിച്ചു. ചിന്തിക്കുക! മിര്യാം സുഖംപ്രാപിക്കണമെങ്കിൽ അവളും അവളുടെ സഹോദരനും ചേർന്ന്‌ കുറ്റപ്പെടുത്തിയ വ്യക്തിതന്നെ യഹോവയോട്‌ അപേക്ഷിക്കണമായിരുന്നു! സൗമ്യനായ മോശ അവരുടെ അപേക്ഷ ചെവികൊണ്ടു. മോശ തന്റെ സഹോദരിക്കുവേണ്ടി യഹോവയോട്‌ അപേക്ഷിച്ചു. ഈ വിവരണത്തിൽ മോശ സംസാരിക്കുന്ന ആദ്യ സന്ദർഭമാണിത്‌. മിര്യാം സുഖംപ്രാപിച്ചു. എന്നിരുന്നാലും ഏഴുദിവസം പാളയത്തിനു വെളിയിൽ മറ്റുള്ളവരിൽനിന്ന്‌ ഒറ്റപ്പെട്ട അവസ്ഥയിൽ അവൾക്കു കഴിയേണ്ടിവന്നു. എത്ര ലജ്ജാകരം!

യഹോവ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ സ്വഭാവവിശേഷതകൾ എന്തൊക്കെയാണെന്ന്‌ ഈ വിവരണം കാണിച്ചുതരുന്നു. ദൈവത്തോട്‌ അടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം അഹങ്കാരം, അസൂയ, സ്ഥാനമോഹം എന്നീ പ്രവണതകളുടെ എല്ലാ കണികകളും നമ്മിൽനിന്ന്‌ തുടച്ചുനീക്കേണ്ടതാണ്‌. സൗമ്യതയുള്ളവരെയാണ്‌ യഹോവ സ്‌നേഹിക്കുന്നത്‌. അവൻ ഇങ്ങനെ വാഗ്‌ദാനംചെയ്‌തിരിക്കുന്നു: “സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11; യാക്കോബ്‌ 4:6.

[അടിക്കുറിപ്പ്‌]

^ ഖ. 7 പ്രതികരിക്കാതെ ക്ഷമാപൂർവം അന്യായം സഹിക്കാൻ ഒരു വ്യക്തിയെ പ്രാപ്‌തനാക്കുന്ന കരുത്തുറ്റ ഒരു ഗുണമാണ്‌ സൗമ്യത.